Saturday, July 13, 2013

വാതക വിലവര്‍ധന: തെരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി ജനതാല്‍പര്യം അടിയറവെയ്ക്കുന്നു

പ്രകൃതിവാതക വില ഇരട്ടിയായി ഉയര്‍ത്തിയ കേന്ദ്ര മന്ത്രിസഭാ തീരുമാനം പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നു. വാതക വിലവര്‍ധന സംബന്ധിച്ച് ധനമന്ത്രാലയം എണ്ണ മന്ത്രാലയത്തിന് അയച്ച 'ഓഫീസ് മെമ്മോറാണ്ട' മാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. വില ഉയര്‍ത്തിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തെ വിവിധ ദിനപത്രങ്ങള്‍ തങ്ങളുടെ മുഖപ്രസംഗങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാധ്യമ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നം പുനഃപരിശോധിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടം. ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 യു എസ് ഡോളറില്‍ നിന്ന് 8.4 ആയാണ് രണ്ടാഴ്ചയ്ക്കുമുമ്പ് വില ഉയര്‍ത്തിയത്. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയാണ് വില പുതുക്കി നിശ്ചയിച്ചത്. കൃഷ്ണാ-ഗോദാവരി തടത്തിലെ ഡി ആറ് വാതകപ്പാടം കയ്യടക്കിവച്ചിരിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രിക്ക് അനേകായിരം കോടിരൂപയുടെ കൊള്ളലാഭം നേടിക്കൊടുക്കുന്നതാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. പ്രകൃതി വാതകത്തെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്കും അതുവഴി സാമാന്യ ജനങ്ങള്‍ക്കും ദുര്‍വഹമായ സാമ്പത്തിക ഭാരം വരുത്തി വെയ്ക്കുന്നതാണ് ഈ തീരുമാനം. രാസവള വിലയില്‍ 16,000 കോടിരൂപയുടെയും വൈദ്യുതി വിലയില്‍ 43,000 കോടിരൂപയുടെയും അധിക ഭാരമായിരിക്കും ഇതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാവുക. ജനങ്ങള്‍ക്കുമേല്‍ താങ്ങാനാവാത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന വിലവര്‍ധന പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ധനമന്ത്രാലയം ആവശ്യപ്പെടുന്നത്. കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള ഉല്‍പ്പാദന ലക്ഷ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉടനീളം റിലയന്‍സ് വന്‍വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ഇത് പൊതുഖജനാവിന് വന്‍ നഷ്ടമാണ് വരുത്തി വച്ചത്. ഇതിന്റെ പേരില്‍ റിലയന്‍സ് വന്‍പിഴ ഒടുക്കേണ്ടതുമുണ്ട്. ഇവയൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര മന്ത്രിസഭ സമ്മര്‍ദ്ദത്തിനു വഴങ്ങി വില ഇരട്ടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

റിലയന്‍സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കാത്ത വാതക ഉല്‍പ്പാദനത്തിലെ കുറവ് കണക്കിലെടുത്ത് അത്രയും വാതകത്തിന് തുടര്‍ന്നും പഴയ നിരക്കില്‍ വില ഈടാക്കണമെന്ന നിര്‍ദേശമാണ് ധനമന്ത്രാലയം നല്‍കുന്നത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെയും മന്ത്രിസഭയുടെയും തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്ന കര്‍ക്കശ നിലപാടാണ് കേന്ദ്ര എണ്ണ പ്രകൃതിവാതക മന്ത്രി വീരപ്പമൊയ്‌ലിയുടേത്. റിലയന്‍സിനെതിരെ കടുത്ത നടപടികള്‍ക്കു മുതിര്‍ന്ന ജയ്പാല്‍ റെഡ്ഢിയെ നീക്കിയാണ് കോര്‍പ്പറേറ്റ് അനുകൂലിയായ മൊയ്‌ലിയെ തല്‍സ്ഥാനത്ത് അവരോധിച്ചത്. വിശാല ജനതാല്‍പര്യങ്ങളെക്കാള്‍ മുകേഷ് അംബാനിയുടെ ലാഭതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് മൊയ്‌ലി ഇതിനകം അസന്നിഗ്ധമായി തെളിയിച്ചു കഴിഞ്ഞു. വാതക വിലവര്‍ധനയിലൂടെ അംബാനിക്ക് വന്‍ലാഭം ഉണ്ടാകുമ്പോള്‍ ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പണമൊഴുക്കാന്‍ അംബാനി പ്രതിജ്ഞാബദ്ധനുമാണ്. വിലവര്‍ധന സംബന്ധിച്ച തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ സമിതിയിലും മന്ത്രിസഭാ യോഗത്തിലും ധനമന്ത്രി ചിദംബരം സന്നിഹിതനായിരുന്നു. യാതൊരു എതിര്‍പ്പുംകൂടാതെ വാതകവില ഇരട്ടിയായി ഉയര്‍ത്താന്‍ കൂട്ടുനിന്ന ചിദംബരത്തിന്റെ ധനമന്ത്രാലയം തീരുമാനം കൈക്കൊണ്ടശേഷം ഓഫീസ് മെമ്മോറാണ്ടവുമായി രംഗത്തുവന്നത് വിചിത്രമാണ്.
ഇവിടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, മുകേഷ് അംബാനി വിലവര്‍ധനവില്‍ സംതൃപ്തനാണ്. തെരഞ്ഞെടുപ്പില്‍ അയാളുടെ ധനപിന്തുണ ഉറപ്പായി കഴിഞ്ഞു. രണ്ട്, പ്രകൃതി വാതകത്തിന് കൂടുതല്‍ വില നല്‍കേണ്ടിവരുന്ന വൈദ്യുതി, രാസവള ഉല്‍പ്പാദകരെ പ്രീണിപ്പിക്കുക എന്നതാണ്. ഇവരില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് പവറും ഉള്‍പ്പെടുന്നുവെന്നത് യാദൃശ്ചികമല്ല. ഇരട്ടിയായി ഉയര്‍ത്തിയ വിലയില്‍ നേരിയ ഇളവു വരുത്തുന്നതും മറ്റൊരു പറ്റം കോര്‍പ്പറേറ്റുകളുടെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പുനല്‍കും. മൂന്നാമത്, വിലവര്‍ധനവിന്റെ ഭാരംപേറുന്ന ജനസാമാന്യത്തെ കബളിപ്പിക്കുക എന്നതാണ്. ഇരട്ടിയായി ഉയര്‍ത്തിയ വിലയില്‍ നേരിയ കുറവുപോലും ജനങ്ങള്‍ക്കായി യു പി എ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഔദാര്യമായി വ്യാഖ്യാനിക്കാനാവും.

വാതക വിലവര്‍ധന ജനങ്ങള്‍ക്കുണ്ടാക്കാവുന്ന സാമ്പത്തിക ഭാരത്തിന് ഏറെവിശദീകരണം ആവശ്യമില്ല. വൈദ്യുതി, രാസവളം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ തുടങ്ങി മനുഷ്യ ജീവിതത്തിന് ആവശ്യമായ എല്ലാറ്റിനും വിലകുതിച്ചുയരാന്‍ അത് വഴിതെളിക്കും. ജനങ്ങളുടെ ജീവിത ക്ലേശങ്ങളെക്കാള്‍ പ്രധാനമാണ് കോണ്‍ഗ്രസിന് വരാന്‍പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും തുടര്‍ന്നുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പും. അതിനുള്ള ഉറവ് വറ്റാത്ത സ്രോതസുകളാണ് അംബാനിമാരടക്കം കോര്‍പ്പറേറ്റുകള്‍. അവരുടെ ഔദാര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ബലികൊടുക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്നാണ് കോണ്‍ഗ്രസ് തെളിയിക്കുന്നത്. പ്രകൃതിവാതക വിലവര്‍ധനവിനെതിരെയുള്ള മുഖ്യപ്രതിപക്ഷ പാര്‍ട്ടി ബി ജെ പിയുടെ നിശബ്ദതയും അര്‍ഥഗര്‍ഭമാണ്. മുകേഷ് അംബാനിയുടെ വിശ്വസ്ത വിധേയനായ നരേന്ദ്രമോഡിക്കും അയാളുടെ പാര്‍ട്ടിക്കും ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മറ്റെന്ത് നിലപാടാണ് സ്വീകരിക്കാനാവുക? വാതക വിലവര്‍ധനവിനെതിരെ ഇടതുപക്ഷ പാര്‍ട്ടികളും എ ഐ എ ഡി എം കെയും ആം ആദ്മി പാര്‍ട്ടിയും ഒഴികെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ശബ്ദമുയര്‍ത്താന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ബി ജെ പിയും മറ്റ് മുതലാളിത്ത പാര്‍ട്ടികളും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ ജനതാല്‍പര്യം അടിയറവ് വെയ്ക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വാതകവിലവര്‍ധന.

*
ജനയുഗം മുഖപ്രസംഗം

No comments: