Thursday, July 18, 2013

സമര്‍ദാ

1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയും മച്ചുനന്‍ ബരിന്‍ മുഖര്‍ജിയെയും ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഹൗറ ജില്ലയിലെ പിതാംബര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഇവരെ ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റുചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഷ്ട്രീയ തടവുകാരോടൊപ്പം 17 തികയാത്ത സമരേന്ദ്രലാലും ബരിനും ഒരു വര്‍ഷത്തെ തടവ്. ജയിലില്‍ സമരേന്ദ്രയുടെ ആദ്യനാളുകള്‍. മൂന്നാം ഡിവിഷന്‍ തടവുകാരെ ദ്രോഹിക്കാന്‍ നിയോഗിക്കപ്പെട്ട ക്രൂരനായ ഹവില്‍ദാര്‍ ഫത്തേ ബഹാദൂര്‍സിങ്ങിന്റെ നോട്ടപ്പുള്ളികളായി ഈ കൗമാരക്കാര്‍. ഇയാള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തടവുകാര്‍ "സലാം സര്‍ക്കാര്‍" എന്ന് ഭവ്യതയോടെ പറയണമെന്നാണ് ചട്ടം. രാഷ്ട്രീയ തടവുകാര്‍ ഈ നിയമം പാലിക്കേണ്ടതില്ലെന്ന് സമരേന്ദ്രയും ബരിനും ശഠിച്ചു. മറ്റു തടവുകാര്‍ക്കും വാശിയായി. ജയില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഔത്സുക്യം കാട്ടിയ ഒരു രാഷ്ട്രീയ തടവുകാരന്‍ അതിനിടെ ഫത്തേ ബഹാദൂര്‍സിങ്ങിനെ തല്ലിവീഴ്ത്തി താടിയും മുടിയും വെട്ടി. എന്നാല്‍, മറ്റൊരു വട്ടം മര്‍ദനത്തിന് അതിടയാക്കി. പക്ഷേ, "സലാം സര്‍ക്കാര്‍" എന്ന് റാന്‍ മൂളാന്‍ പിന്നീട് ഒരു തടവുകാരനെയും ആരും നിര്‍ബന്ധിച്ചിട്ടില്ല.

കൊല്‍ക്കത്തയില്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ ഒമ്പതാം നമ്പര്‍ വീട്ടില്‍ പരസഹായത്തോടെ അവസാന നാളുകള്‍ പിന്നിട്ട അന്നത്തെ സമരേന്ദ്രലാല്‍ നൂറാം വയസ് കടന്നും നമുക്കൊപ്പമുണ്ടായി. പേര് പഴയ സമരേന്ദ്രലാല്‍ എന്നായിരുന്നില്ല. കോണ്‍ഗ്രസ് കുപ്പായം എന്നേ ഉപേക്ഷിച്ചു. വെളുത്ത സായിപ്പിനു പകരം കറുത്ത സായിപ്പ് ഇന്ത്യ ഭരിച്ചപ്പോള്‍ സമരം തുടര്‍ന്നു, സമരേന്ദ്രലാല്‍. കമ്യൂണിസ്റ്റുകാരനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏറ്റവും പരമോന്നതസമതിയിലെത്തി. ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാരും ഒരു കാരണവരെപ്പോലെ ആദരിക്കുന്ന സമര്‍ മുഖര്‍ജിയായി.

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീണ്ട സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്.

ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. 1931ലെ ഗാന്ധിഇര്‍വിന്‍ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളില്‍ പ്രവേശനം കിട്ടിയില്ല. കൊല്‍ക്കത്ത ബൗ ബസാര്‍ സ്കൂളിലായി പിന്നെ പത്താംക്ലാസ് പഠനം. ജന്മനാടായ ആംതയിലെ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് മെട്രിക്കുലേഷന്‍ പാസായത്. പിന്നീട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബി എ പാസായി.

മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന ബിനയ്റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. 1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി.

ചണമില്‍തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദുമുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.

1948ല്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായി. കൊല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവില്‍ പ്രവര്‍ത്തിച്ചു. 1957ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 1962ലെ ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ വീണ്ടും ഒളിവില്‍. 1964ല്‍;കൊല്‍ക്കത്തയില്‍ നടന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതനായിരിക്കെ അറസ്റ്റുചെയ്ത്് മിഡ്നാപുര്‍ ജയിലില്‍ അടച്ചു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നെങ്കിലും പങ്കെടുക്കാനായില്ല.

1964ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 1966ല്‍ കേന്ദ്ര കമ്മിറ്റിഅംഗമായി. "78ല്‍ പി ബി അംഗമായി. 1992-2002 കാലത്ത് കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍. മരിക്കൂമ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്. 1957ല്‍ നിയമസഭാ അംഗമായി. 1971ല്‍ ഹൗറയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. "77ലും "80ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ കെ ജിയോടൊപ്പമുള്ള പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ആവേശത്തോടെയാണ് സമര്‍ദാ ഓര്‍ത്തിരുന്നത്.

*
എന്‍ എസ് സജിത് ദേശാഭിമാനി

No comments: