Wednesday, July 3, 2013

സംഗീതത്തിന് അനേകം തലങ്ങളുണ്ട്

രമേശ് ഗോപാലകൃഷ്ണന്‍
വാരികയില്‍ (2013 ജൂണ്‍ 16) പപ്പന്‍ കോഴിക്കോട് എന്ന സംഗീതപ്രതിഭയുടെ ജീവിതം അനാവരണം ചെയ്തത് ഇഷ്ടപ്പെട്ടു. റോഡുവക്കത്തുനിന്ന് റേഡിയോയിലൂടെ ഒഴുകിയെത്തുന്ന പാട്ട് കേള്‍ക്കുകയും ഹാര്‍മോണിയം, എക്കോഡിയന്‍, കീബോര്‍ഡ് എന്നീസംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് സിനിമാരംഗത്തെത്തി പിന്നീട് അവിടെനിന്ന് സ്വയംപടിയിറങ്ങുകയുംചെയ്ത ഈ കലാകാരന്‍ ഇന്നത്തെ സമൂഹത്തിന് ഒരു ക്ലാസിക് മാതൃക തന്നെയാണ്. സിനിമാരംഗത്തേക്ക് തള്ളിക്കയറുവാന്‍ വേണ്ടിമാത്രം "സപര്യ" നടത്തുന്ന കലാകാരന്മാരുടെ കാലത്താണ് പപ്പന്‍ കോഴിക്കോട് തന്റെ അതിശയിപ്പിക്കുന്ന ജീവിതദര്‍ശനം സമൂഹത്തിനു മുന്നില്‍ തുറന്നുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സംവിധായകന്റെ നേതൃത്വത്തില്‍ ഒരുപറ്റം കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍നിന്നാണ് സിനിമ പിറവികൊള്ളുന്നത് എന്നതുപോലെ തന്നെയാണ് സിനിമാസംഗീതവും. ഇവിടെ മുഖ്യന്‍ സംഗീതസംവിധായകനാണ് എന്നുമാത്രം. അദ്ദേഹത്തിന്റെ കീഴില്‍ അണിനിരക്കുന്ന ഒരുപാട് കലാകാരന്മാര്‍ സിനിമാഗാനത്തിന്റെ സൃഷ്ടിക്കു പിന്നിലുണ്ട്. പക്ഷേ, അവരാരുംതന്നെ തിരിച്ചറിയപ്പെടാതെ പോകുകയാണ്. കാരണം അവരെ നമ്മള്‍ കണക്കാക്കുന്നത് കലാകാരന്മാരായിട്ടല്ല പകരം സംഗീത തൊഴിലാളികള്‍ ആയിട്ടാണ് എന്നതുതന്നെ. യഥാര്‍ഥത്തില്‍ ഈ രംഗത്തെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കുപോലും കലാവാസന അത്യന്താപേക്ഷിതമാണ്. അങ്ങനെയുള്ളവര്‍ക്കുമാത്രമേ ഇതുപോലുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സമര്‍പ്പണം സാധ്യമാകുകയുള്ളൂ. ഉന്നതരായ ഗായകരും സംഗീത സംവിധായകരും തങ്ങളുടെ പരിപാടികള്‍ക്കുവേണ്ടി സാങ്കേതിക തലത്തിലും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സ്ഥിരമായി പലര്‍ക്കും മുന്‍ഗണനനല്‍കുന്നത് അവരുടെ കലാപരമായ കഴിവുകള്‍ക്കുള്ള അംഗീകാരംകൊണ്ടാണ്. യേശുദാസ് കോഴിക്കോട്ടെത്തിയാല്‍ പപ്പന്‍ കോഴിക്കോടിനെ അന്വേഷിക്കുന്നതും മറ്റൊന്നുംകൊണ്ടല്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ പപ്പേട്ടന് ലഭിക്കുന്ന ആദരം ആണത്. സിനിമാരംഗത്ത് പ്രശസ്തരായ അനേകം സംഗീതസംവിധായകര്‍ തങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഹരിശ്രീ കുറിച്ചിട്ടുള്ളത് ഗാനപശ്ചാത്തലത്തില്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടാണ്. മലയാള സിനിമയില്‍തന്നെ എം കെ അര്‍ജുനന്‍, ശ്യാം, കെ ജെ ജോയ്, ജോണ്‍സണ്‍ എന്നിങ്ങനെ എത്രയോ സംഗീതസംവിധായകരെ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ചൂണ്ടിക്കാണിക്കാം.

സിനിമാഗാനങ്ങള്‍ക്കുവേണ്ടി സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തൊഴിലാളികളല്ല കലാകാരന്മാര്‍ തന്നെയാണ് എന്നതിനുള്ള തെളിവാണിത്. സിനിമയില്‍ സംവിധായകനും അഭിനേതാക്കളും മേധാവിത്വം സ്ഥാപിക്കുന്നതുപോലെ സിനിമാ സംഗീതത്തില്‍ സംഗീത സംവിധായകനും ഗായകരും ആധിപത്യം നേടുന്നു. ഇങ്ങനെ ഒരു സ്ഥിതിവിശേഷമാണ് ഈ രംഗത്തെ ഇതര കലാകാരന്മാരെ ഇരുളിലാഴ്ത്തുന്നത്. ഏറ്റവും വേദനാജനകമായ അവസ്ഥയാണിത്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വം കുറിപ്പുകളിലൂടെ മാത്രമായിരിക്കും ഇതുപോലുള്ള കലാകാരന്മാരുടെ ജീവിതവും പ്രതിഭയും വെളിച്ചത്തുവരുന്നത്. ഒരുപക്ഷേ, അതിനോടകം തന്നെ അവരുടെ കലാജീവിതം മുഖ്യദശ താണ്ടിക്കഴിഞ്ഞിട്ടും ഉണ്ടാകും. പപ്പന്‍ കോഴിക്കോടിന്റെ സംഗീതജീവിതം വാരികയില്‍ പ്രത്യക്ഷപ്പെട്ടതുതന്നെ ഇതിനൊരു ഉദാഹരണമാണ്. ഇതുപോലെ എത്രയോ കലാകാരന്മാരുടെ ജീവിതം വെള്ളിത്തിരയ്ക്കു പിന്നില്‍ ഒതുങ്ങിക്കൂടുന്നുണ്ടാകുമല്ലോ. ഓരോ കലാകാരനും ഉണ്ടാകും അനേകം അനുഭവങ്ങള്‍ ഇതുപോലെ പങ്കുവയ്ക്കാന്‍. സത്യത്തില്‍ വെള്ളിത്തിരയ്ക്കുപിന്നില്‍ സംഭവിക്കുന്ന അത്തരം ആയിരമായിരം അനുഭവക്കുറിപ്പുകളുടെ നെയ്തെടുപ്പില്‍നിന്ന് തെളിയുന്ന ചിത്രമാണ് യഥാര്‍ഥ മനുഷ്യജീവിതത്തെ അടയാളപ്പെടുത്തുന്നത്. കണ്ട സിനിമകളെക്കാള്‍ മഹത്തരമാണ് കാണാത്ത സിനിമകള്‍ എന്ന തിരിച്ചറിവായിരിക്കും അപ്പോള്‍ നമ്മുടെ വികാരങ്ങളെ തൊട്ടുണര്‍ത്തുക. ഇങ്ങനെ ഒരു വിചാരത്തിന്റെ തിരക്കഥ മനസ്സില്‍ രചിക്കാന്‍ സഹായിച്ച ലേഖകന് അഭിനന്ദനങ്ങള്‍.

പപ്പന്‍ കോഴിക്കോട് എന്ന സംഗീതകാരന്റെ ജീവിതം നമുക്ക് മറ്റൊരു സന്ദേശംകൂടി തരുന്നുണ്ട്. സിനിമയുടെ സോപാനം കയറുകയാണ് സംഗീതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് കരുതുന്നവര്‍ക്ക് പപ്പനെപോലുള്ളവരുടെ സംഗീത ചരിത്രമറിയണമെന്നില്ല എന്ന് ലേഖനത്തില്‍ സൂചിപ്പിക്കുന്നത് നമ്മള്‍ മലയാളികള്‍ക്കുനേരെ തന്നെ നീണ്ടുവരുന്ന ഒരു ചൂണ്ടുവിരലാണ്. സംഗീതം എന്നാല്‍ സിനിമാസംഗീതമെന്നും സംഗീതത്തെപ്പറ്റി എഴുതുകയെന്നാല്‍ സിനിമാസംഗീതത്തെപ്പറ്റി എഴുതുകയെന്നുമുള്ള ശോഷിച്ച ഒരു ബോധാവസ്ഥ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടമാടുന്നുണ്ട്. ഇങ്ങനെയൊരു ചിന്ത സമൂഹത്തില്‍ പടരുവാന്‍ ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളാണ് മുഖ്യപങ്ക് വഹിച്ചത്. റിയാലിറ്റി ഷോകള്‍ പോലുള്ള പരിപാടികളിലൂടെ പാട്ടുകള്‍ ആസ്വദിച്ചു ശീലിക്കുന്ന ഏറ്റവും പുതിയ തലമുറ കരുതുന്നത് ഗാനങ്ങള്‍ കേള്‍ക്കാന്‍ മാത്രമുള്ളതല്ലെന്നും കാണുവാന്‍കൂടിയുള്ളതാണെന്നുമാണ്. അടിസ്ഥാനപരമായി സംഗീതം ഒരു ശ്രവ്യകലയാണെങ്കില്‍ക്കൂടി ഇനിയുള്ള തലമുറ ആ കലാരൂപത്തെ ആ രീതിയില്‍ ദര്‍ശിക്കണമെന്നില്ല. സംഗീതകലയുടെ വികാസത്തെയല്ല സങ്കോചത്തെയാണ് ഇത് കുറിക്കുക. ദൃശ്യതലത്തിലൂടെയുള്ള പ്രകടനം സംഗീതത്തിന്റെ ഭാവനാത്മകമായ വ്യാഖ്യാനക്ഷമതയെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.

സംഗീതത്തിന്റെ ശ്രവ്യാത്മകതലത്തിലൂടെ സഞ്ചാരം ചെയ്യുമ്പോഴാണ് ആസ്വാദകന് ആത്മനിഷ്ഠമായ ഭാവത്തിന്റെയും ഭാവനയുടെയും അനന്തമായ ആസ്വാദനാനുഭൂതി കൈവരുന്നത്. സംഗീതത്തിന് അനേകം ഭാവങ്ങളും അര്‍ഥതലങ്ങളുമുണ്ടെന്ന് അപ്പോള്‍ നമുക്ക് തിരിച്ചറിയുവാന്‍ കഴിയുന്നു. സംഗീതത്തിന്റെയും സംഗീത നിരൂപണത്തിന്റെയും പല രൂപങ്ങളില്‍ ഒന്നു മാത്രമാണ് സിനിമാപാട്ടുകളുടേതും സിനിമാ പാട്ടെഴുത്തിന്റേതും. അടച്ചിട്ട സ്റ്റുഡിയോകളുടെ ചുമരുകള്‍ക്കിടയില്‍നിന്ന് പുറത്ത് കാത്തുനില്‍ക്കുന്ന ആയിരമായിരം ആസ്വാദകഹൃദയങ്ങളുടെ അതിവിശാലമായ ലോകത്തെ തേടിപ്പോകാന്‍ പപ്പന്‍ കോഴിക്കോട് എന്ന കലാകാരന് പ്രേരണയായത് തന്റെ ഉള്ളിലുള്ള സംഗീതത്തിന്റെ അനന്തമായ ഊര്‍ജപ്രവാഹമാണ്. ഇതാണ് യഥാര്‍ഥകലാകാരനും കലയും എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

*
രമേശ് ഗോപാലകൃഷ്ണന്‍

No comments: