Wednesday, July 10, 2013

ജുഡീഷ്യല്‍ അന്വേഷണത്തിന് തടസ്സമെന്ത് ?

സോളാര്‍ തട്ടിപ്പുകേസില്‍ ക്രിമിനല്‍ കേസന്വേഷണം നടക്കുന്നതിനിടെ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കാലതാമസമുണ്ടാക്കി മുതലെടുക്കാനാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി രണ്ട് അന്വേഷണങ്ങളും ഒരുപോലെ നടക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് വിശദീകരിക്കേണ്ടതുണ്ട്. ക്രിമിനല്‍ കേസ് അന്വേഷണം പൊലീസ് നടത്തുന്നുവെന്നത് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിന് തടസ്സമല്ല. രണ്ട് അന്വേഷണങ്ങളും ഒരേപോലെ നടന്ന എത്രയോ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കല്ലുവാതുക്കല്‍ മദ്യദുരന്തം, മാറാട് സംഭവം തുടങ്ങി എത്രയോ കാര്യങ്ങളില്‍ ഒരുവശത്ത് ക്രിമിനല്‍ കേസ് അന്വേഷണവും മറുവശത്ത് ജുഡീഷ്യല്‍ അന്വേഷണവും ഒരുപോലെ നടന്നിരിക്കുന്നു. രണ്ട് അന്വേഷണങ്ങളുടെയും പരിഗണനാവിഷയങ്ങള്‍ രണ്ടാണ് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരേസമയം രണ്ടും നടത്തിയിട്ടുള്ളത്.

ക്രിമിനല്‍ കേസന്വേഷണം തട്ടിപ്പ്-വഞ്ചനാവശങ്ങള്‍ മാത്രമേ പുറത്തുകൊണ്ടുവരൂ. ജുഡീഷ്യല്‍ അന്വേഷണമാകട്ടെ, ഇതിന്റെ രാഷ്ട്രീയമാനങ്ങള്‍കൂടി പുറത്തുകൊണ്ടുവരും; ഒപ്പം ഇതുപോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ജുഡീഷ്യല്‍ അന്വേഷണം പാടില്ലെന്ന് ശഠിക്കുന്നത് കേസന്വേഷണം തട്ടിപ്പുവശത്തില്‍മാത്രം ഒതുക്കിനിര്‍ത്താനും അതിന്റെ രാഷ്ട്രീയമാനങ്ങള്‍ അന്വേഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കാനുമാണ്. ഇവിടെ തട്ടിപ്പിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പ്രതികളുടെ സംരക്ഷകരായത് മന്ത്രിസഭാംഗങ്ങള്‍തന്നെയാണ്. ആരോപണത്തിനിരയായി നില്‍ക്കുന്നത് മുഖ്യമന്ത്രിതന്നെയാണ്. ഇതിന്റെയൊക്കെ സത്യാവസ്ഥ പൊലീസിന്റെ ക്രിമിനല്‍ കേസന്വേഷണത്തിലല്ല, മറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തില്‍മാത്രമാണ് പുറത്തുവരിക. ക്രിമിനല്‍ കേസ് അന്വേഷണം ജുഡീഷ്യല്‍ അന്വേഷണത്തിന് പകരമല്ല. ബുധനാഴ്ചത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിന്റെ അതിരില്‍വരെ എത്തി. ശ്രീധരന്‍നായരുടെ പരാതിയിലെ "മുഖ്യമന്ത്രിയോട്" എന്ന പരാമര്‍ശം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒറിജിനല്‍ പരാതിയില്‍ത്തന്നെ ആ പരാമര്‍ശമുണ്ടെന്ന് കോടതിതന്നെ സ്ഥിരീകരിച്ചതിനുശേഷമാണിതെന്നോര്‍ക്കണം. ക്രിമിനല്‍ പ്രൊസീജര്‍ കോഡിന്റെ 164-ാം വകുപ്പുപ്രകാരമുള്ള മൊഴി രഹസ്യമായി കോടതി രേഖപ്പെടുത്തുന്നതാണെന്നും കോടതിയുടെ പക്കലുള്ള ആ മൊഴി എങ്ങനെ ചോര്‍ന്നുവെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കോടതി ചോര്‍ത്തിക്കൊടുത്തുവെന്ന സൂചനയല്ലേ മുഖ്യമന്ത്രി നല്‍കുന്നത്? മുഖ്യമന്ത്രിക്ക് കോടതിയും വിലയില്ലാത്തതായോ? കൂട്ടുത്തരവാദിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിസഭയാണ് തന്റേതെന്ന് മുഖ്യമന്ത്രി പറയുന്നു. ഫോണ്‍ രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതില്‍ തെളിയുന്നുണ്ട് ഈ "കൂട്ടുത്തരവാദിത്വം". പൊലീസില്‍ കൊടുത്ത മൊഴിയില്‍നിന്ന് ഒരാള്‍ക്ക് കോടതിയില്‍ കൊടുക്കുന്ന മൊഴിയുടെ ഘട്ടമാകുമ്പോള്‍ എത്രമാത്രം വ്യതിചലിക്കാന്‍ പറ്റുമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.

എത്രവേണമെങ്കിലും വ്യതിചലിക്കാം. പൊലീസിനെ അവിശ്വസിക്കുന്നതുകൊണ്ടും ഭയക്കുന്നതുകൊണ്ടും പൊലീസില്‍ എല്ലാ കാര്യങ്ങളും പറയണമെന്നില്ല. എന്നാല്‍, ആ അവിശ്വാസവും ഭയവും കോടതിയില്‍ മൊഴികൊടുക്കുമ്പോള്‍ ഇല്ല. അതുകൊണ്ടുതന്നെ നിര്‍ഭയമായി സത്യം സമഗ്രതയില്‍ ബോധിപ്പിക്കാന്‍ കോടതിയിലേ കഴിയൂ. അതുകൊണ്ടാണല്ലോ ക്രിമിനല്‍ പ്രൊസീജര്‍ കോഡില്‍ 164 എന്ന വകുപ്പുള്ളതുതന്നെ. ഇവിടെയാകട്ടെ, വ്യതിചലനമൊന്നുമുണ്ടായിട്ടില്ല. പൊലീസിനുകൊടുത്ത മൊഴിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പരാമര്‍ശമുണ്ട്. കോടതിയില്‍ കൊടുത്ത മൊഴിയില്‍ "മുഖ്യമന്ത്രിയോട്" എന്ന് വ്യക്തത വരുത്തി എന്നേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസ് എന്നുപറയുമ്പോള്‍ത്തന്നെ അതിന്റെ അധികാരിയായ മുഖ്യമന്ത്രി ഉള്‍പ്പെടുന്നുണ്ട്. കോടതിക്കുനല്‍കിയ മൊഴിയില്‍ അത് കൂടുതല്‍ വ്യക്തമാക്കി എന്നുമാത്രം. ആദ്യത്തേതിന്റെ നിഷേധമല്ല, സ്വാഭാവികമായ തുടര്‍ച്ചയും വ്യക്തത വരുത്തലുമാണ് രണ്ടാമത്തേതിലുള്ളത്.

*
പ്രഭാവര്‍മ ദേശാഭിമാനി

No comments: