Tuesday, July 16, 2013

ഈ ഒളിച്ചുകളി എത്രനാള്‍?

സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. തട്ടിപ്പുകളെ സംബന്ധിച്ച് ലഭിച്ച പരാതികളൊന്നും അന്വേഷിക്കാന്‍ ആദ്യഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തയ്യാറായില്ല. 2012 സെപ്തംബറില്‍ തലശേരിയിലും ഡിസംബറില്‍ കണ്ണൂരിലും 2013 മാര്‍ച്ചില്‍ പെരുമ്പാവൂരിലും പൊലീസില്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായവര്‍ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം കേസെടുക്കേണ്ടിവന്ന പൊലീസ് അറസ്റ്റുചെയ്യുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സരിത 2013 മെയ് 23ന് ആഭ്യന്തരമന്ത്രിയെ വിളിക്കുന്നത്. ആഭ്യന്തരമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സരിതയെ തിരികെവിളിക്കുകയും അറസ്റ്റ് മരവിപ്പിക്കുകയുംചെയ്തു. എന്നാല്‍, ജൂണ്‍ രണ്ടിന് തലശേരി എസ്ഐ തട്ടിപ്പുസംഘത്തെ പിടികൂടാന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തലശേരി പൊലീസിന്റെ കൈയില്‍ അകപ്പെടുംമുമ്പ് പെരുമ്പാവൂര്‍ ഡിവൈഎസ്പിയെക്കൊണ്ട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഇടപെട്ടാണ് സരിതയെ അറസ്റ്റുചെയ്യിപ്പിച്ചത്. ചോദ്യംചെയ്യാന്‍ സരിതയെ തലശേരി പൊലീസിന് വിട്ടുകൊടുത്തില്ലെന്നുമാത്രമല്ല, തലശേരി എസ്ഐയെ എന്‍ഐഎയിലേക്ക്് മാറ്റുകയും അന്വേഷണസംഘത്തിലെ മറ്റ് പൊലീസുകാരെ റേഞ്ചുവിട്ട് സ്ഥലംമാറ്റുകയുംചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരികളുമായ ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് മറ്റ് രണ്ട് ഗണ്‍മാന്മാര്‍ എന്നിവരുടെ ഫോണിലേക്ക് സരിത നിരവധി തവണ ബന്ധപ്പെട്ടു. ഇവര്‍ തിരികെയും വിളിച്ചു. പുറത്തുവന്ന വസ്തുതകള്‍ വച്ചു നോക്കുമ്പോള്‍ ഈ കോളുകള്‍ പലതും മുഖ്യമന്ത്രിക്കുള്ളതും തിരിച്ച് മുഖ്യമന്ത്രി അങ്ങോട്ട് ബന്ധപ്പെട്ടതുമാണെന്ന് അനുമാനിക്കാന്‍ കഴിയും. ഡല്‍ഹിയില്‍വച്ച് മുഖ്യമന്ത്രി രണ്ടുപ്രാവശ്യം സരിതയെ കണ്ടതിന്റെയും ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരുമണിക്കൂറിലേറെ അടച്ചിട്ടമുറിയില്‍ സംസാരിച്ചതിന്റെയും തെളിവുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ വീട്ടിലെ നമ്പരില്‍നിന്ന് സരിതയെ പലപ്രാവശ്യം അങ്ങോട്ടുവിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷന്‍ തോമസ് കുരുവിളയെ സരിത വിളിച്ചതിനും അദ്ദേഹം തിരികെ ബന്ധപ്പെട്ടതിനും തെളിവുണ്ട്. ഡല്‍ഹിയില്‍ കൂടിക്കാഴ്ച ശരിപ്പെടുത്തിയത് കുരുവിളയാണെന്നും തെളിഞ്ഞു. എന്നിട്ടും സരിത, ബിജു, ശാലുമേനോന്‍, ജോപ്പന്‍ എന്നിവരെമാത്രമാണ് ഇതുവരെ അറസ്റ്റുചെയ്തത്. ജിക്കുമോന്‍, സലിംരാജ്, തോമസ് കുരുവിള എന്നിവരെ പ്രതിചേര്‍ക്കാന്‍പോലും തയ്യാറായിട്ടില്ല. മറ്റൊരു പ്രതിയായ പിആര്‍ഡി ഡയറക്ടര്‍ക്ക് ഒളിവില്‍ പോവാന്‍ സൗകര്യവും ചെയ്തുകൊടുത്തു. കേസുകള്‍ ചാര്‍ജ് ചെയ്തതോ ഐപിസി 420 വകുപ്പ് മാത്രം ചേര്‍ത്താണ്. കബളിക്കപ്പെട്ടവരെ സ്വാധീനിച്ച് പരാതികള്‍ പിന്‍വലിപ്പിച്ചാല്‍ രാജിയാവാന്‍ കഴിയുന്ന വിധത്തിലുള്ള വകുപ്പുകള്‍മാത്രമാണ് ചേര്‍ത്തതെന്നര്‍ഥം. ക്രിമിനല്‍ നടപടിനിയമത്തിലെ 102-ാം വകുപ്പുപ്രകാരം പ്രതികളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടില്ല. സര്‍ക്കാര്‍ ശമ്പളംപറ്റുന്ന ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍ക്കൊള്ളിച്ചിട്ടില്ല. മുപ്പതില്‍പ്പരം കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതെല്ലാം വിവിധ കോടതികളിലാണ്. ഈ കേസുകളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒരു പ്രത്യേക കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേകസംഘം അന്വേഷിക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

മുഖ്യമന്ത്രിയോടും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരോടും അന്വേഷിച്ച് വിശ്വാസംവന്നശേഷമാണ് നാല്‍പ്പതുലക്ഷംരൂപ നല്‍കിയതെന്ന് ശ്രീധരന്‍നായര്‍ കോടതിയില്‍ സ്വകാര്യ അന്യായത്തില്‍ വ്യക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കേണ്ട കേസായി ഇതുമാറിയത്. സ്വകാര്യ അന്യായത്തില്‍ ജോപ്പന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പൊലീസ് അന്വേഷണത്തില്‍ ഓഫീസില്‍ ബന്ധപ്പെട്ടത് ജോപ്പനെയാണെന്ന് തെളിഞ്ഞു. അങ്ങനെയാണ് ജോപ്പനെ പ്രതിചേര്‍ത്തത്. ഇത് സംബന്ധിച്ച് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ "മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2012 ജൂലൈ 9ന് സരിത വന്നതായും ജോപ്പനെയും മറ്റുള്ളവരെയും ബന്ധപ്പെട്ടതായും തെളിഞ്ഞിട്ടുണ്ട്" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീധരന്‍നായര്‍ സരിതനായരോടൊപ്പം ജൂലൈ 9ന് തന്നെ കണ്ടു എന്നത് മുഖ്യമന്ത്രി നിഷേധിച്ചിരിക്കയാണ്. എന്നാല്‍, സരിത ജോപ്പനെ കണ്ടു എന്നത് പൊലീസുതന്നെ തെളിയിച്ചിട്ടുണ്ട്. സരിത ആ സമയത്ത് ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷത്തിന്റെ ചെക്ക് നല്‍കിയെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് നിയമസഭയില്‍ എ കെ ബാലന്റെ ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലൂടെ മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. ശ്രീധരന്‍നായരും സരിത നായരും ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന് എല്ലാ തെളിവുകളും വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രിയുടെ ഒരു നിഷേധത്തിന്റെ പുറത്താണ് പൊലീസ് അദ്ദേഹത്തെ പ്രതിചേര്‍ക്കാതിരിക്കുന്നത്. ഈ സമയത്ത് സരിത വന്നോ എന്ന് മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ടവരുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷനും പരിശോധിച്ചാല്‍ മതി. ഇത് പൊലീസിന് കഴിയുന്ന കാര്യവുമാണ്. അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ സാധിക്കാത്തത് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ അന്വേഷണം വഴിമുട്ടിയതും. മുഖ്യമന്ത്രി എപ്പോഴും പറയുന്നത്, ശരി ചെയ്താല്‍ മാത്രം പോരാ, അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നാണ്. സുതാര്യത, സത്യസന്ധത, ആദര്‍ശം, ധാര്‍മികത ഇതൊക്കെ ആവര്‍ത്തിച്ചുപറയുന്ന ഉമ്മന്‍ചാണ്ടി സ്വന്തംകാര്യം വന്നപ്പോള്‍ ഇതെല്ലാം കാറ്റില്‍ പറത്തുന്നു.

തന്റെ ഓഫീസിലുള്ളവര്‍ വഞ്ചിച്ചുവെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി, തന്നെ വഞ്ചിച്ചവര്‍ക്കെതിരെ പരാതിനല്‍കി ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. എല്‍ഡിഎഫ് ഭരണകാലത്തെക്കുറിച്ച് പ്രത്യാരോപണമുന്നയിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഈ ലേഖകന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ അസിസ്റ്റന്റിനെതിരെ അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പരാതി ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് പിഎയെ സ്റ്റാഫില്‍നിന്നും പാര്‍ടിയില്‍നിന്നും മാറ്റിയെന്നും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. അഞ്ചുവര്‍ഷവും എന്റെ പിഎ എം രാഘവന്‍തന്നെയായിരുന്നു. അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി പറയുംപോലുള്ള ഒരു പരാതി ഒരിക്കലും ഉയര്‍ന്നിട്ടില്ല. പേഴ്സണല്‍ സ്റ്റാഫിലെ മറ്റാര്‍ക്കെങ്കിലുമെതിരെ കൈക്കൂലിവാങ്ങി എന്നത് സംബന്ധിച്ച് പൊലീസ്സ്റ്റേഷനിലോ, സര്‍ക്കാരിലോ ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ രണ്ടുപേര്‍ കൈക്കൂലി വാങ്ങുന്നത് വെബ്ക്യാമറയില്‍ കണ്ടപ്പോള്‍ അവരെ ഓഫീസില്‍നിന്ന് ഒഴിവാക്കുക മാത്രമാണുണ്ടായത്. ഒരു കേസുപോലും ചാര്‍ജ് ചെയ്യാതെ ഡെപ്യൂട്ടേഷനില്‍ പേഴ്സണല്‍ സ്റ്റാഫില്‍വന്ന ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉമ്മന്‍ചാണ്ടി രക്ഷപ്പെടുത്തി. ആ സന്ദര്‍ഭത്തിലാണ് ക്യാമറയില്‍ ഇതുവരെയുള്ള ദൃശ്യങ്ങളും ഇനിയുള്ള ദൃശ്യങ്ങളും ആവശ്യമുള്ളവര്‍ക്കെല്ലാം പരിശോധിക്കാമെന്ന് 2012 നവംബര്‍ 5ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്. അതേ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു രണ്ടാഴ്ച കഴിഞ്ഞാല്‍ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാവുമെന്ന്! തന്റെ ഓഫീസിലെ ജീവനക്കാരന്‍ ഒരധ്യാപികയോട് ലൈംഗിക ഇച്ഛയ്ക്ക് വിധേയയാകണം എന്നാവശ്യപ്പെട്ടത് പരാതിയായിവന്നപ്പോള്‍ സ്ത്രീസംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹമാണ് എല്‍ഡിഎഫ് ഭരണകാലത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

എല്‍ഡിഎഫ് ഭരണകാലത്ത് ഈ തട്ടിപ്പുസംഘത്തിനെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പതിനാല് ആക്ഷേപങ്ങളിലും പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. അവരെ അറസ്റ്റുചെയ്ത് ഏഴുമാസത്തോളം ജയിലിലടച്ചു. ഒരുവിധ സഹായവും അവര്‍ക്ക് ലഭ്യമായില്ല എന്നുമാത്രമല്ല, പ്രസവിച്ച സന്ദര്‍ഭത്തില്‍പോലും സരിതയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മി മരിച്ചത് 2006 ഫെബ്രുവരി നാലിനാണ്; ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സന്ദര്‍ഭത്തില്‍. ആ കേസില്‍ സ്ത്രീധനപീഡനം സംബന്ധിച്ച 498 എ വകുപ്പാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ചേര്‍ത്തത്. കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് പറഞ്ഞ് എല്‍ഡിഎഫ് ഭരണകാലത്ത് പരാതി ലഭിച്ചപ്പോഴാണ് 2008 ജനുവരി 28ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച രാസപരിശോധനാ റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വൈകിപ്പിച്ചുവെന്നാണ് ഉമ്മന്‍ചാണ്ടി ആരോപിച്ചത്. എന്നാല്‍, 2006 സെപ്തംബറില്‍തന്നെ രാസപരിശോധനാ റിപ്പോര്‍ട്ട് പുനലൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ചിരുന്നു. 2010 ജനുവരി 14 മുതല്‍ ജൂലൈ അഞ്ചുവരെ റിമാന്‍ഡിലായിരുന്ന ബിജുവിനെ ഈ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്യുകയും നാലുദിവസം കസ്റ്റഡിയില്‍ വാങ്ങുകയും ആ സമയത്ത് നുണപരിശോധനയ്ക്ക് വിധേയനാക്കുകയുംചെയ്തു. 2010 സെപ്തംബറോടെ ലഭിച്ച നുണപരിശോധനാ റിപ്പോര്‍ട്ട് ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കുശേഷം 2011 മാര്‍ച്ചിലാണ് 302-ാം വകുപ്പ് ചേര്‍ക്കേണ്ടുന്ന കേസെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലുള്ള പരിശോധനയും നിര്‍ദേശങ്ങളും ഉണ്ടായില്ല. 2011 മേയില്‍ യുഡിഎഫ് അധികാരത്തില്‍ വരികയുംചെയ്തു. അതിനുശേഷം രണ്ടുവര്‍ഷം ഈ കേസിനുമേല്‍ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എന്തുകൊണ്ട് തയ്യാറായില്ല? ഈ കൊലക്കേസിലെ പ്രതിയുമായാണ് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ്ഹൗസില്‍വച്ചും ആഭ്യന്തരമന്ത്രി ശാലുമേനോന്റെ വീട്ടില്‍വച്ചും ചര്‍ച്ചകള്‍ നടത്തിയത്! രശ്മി കേസിന്റെ പൊലീസ് നടപടികളുടെ നാള്‍വഴി വിശദീകരിക്കാന്‍ നിയമസഭയില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് ഒളിച്ചുകളിയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം കേസുകളെ സംബന്ധിച്ച് ആരെങ്കിലും ഒരാക്ഷേപംപോലും നിയമസഭയ്ക്കകത്തോ, പുറത്തോ ഉന്നയിച്ചിട്ടില്ല. അന്നില്ലാത്ത ആക്ഷേപങ്ങള്‍ ഇപ്പോഴുന്നയിച്ച് പ്രത്യാരോപണങ്ങളില്‍കൂടി പുകമറസൃഷ്ടിച്ച് രക്ഷപ്പെടാന്‍ കഴിയുമോ എന്നാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിലെ "ഉ" ഗ്രൂപ്പും നോക്കുന്നത്.

കേരളത്തില്‍ മുന്‍പൊരിക്കലും മുഖ്യമന്ത്രിമാര്‍ക്കെതിരെ ഇത്രവലിയ ആക്ഷേപം ഉയര്‍ന്നിട്ടില്ല. കെ കരുണാകരനും എ കെ ആന്റണിയും വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ച പാരമ്പര്യമുള്ള കേരളത്തില്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ കടിച്ചുതൂങ്ങി സത്യം മൂടിവയ്ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. എന്തെല്ലാം ശ്രമം നടത്തിയാലും സത്യം പുറത്തുവരികതന്നെ ചെയ്യും.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി

1 comment:

മുക്കുവന്‍ said...

how solar panel scam is affected a common man? bunch of good looking ladies looted some rich people's black money.

I guess you guys are not forgot about the ISRO spy case yet!

it is going to be a ditto:)