“....pension is not only compensation for loyal service rendered in the past, but pension also has a broader significance, in that it is a measure of socio-economic justice which inheres economic security in the fall of life....”
"പെന്ഷന് എന്നത് കഴിഞ്ഞ കാലത്ത് വിശ്വസ്ത സേവനം നടത്തിയതിന് തിരിച്ചുനല്‍കുന്ന നഷ്ടപരിഹാരം മാത്രമല്ല, മറിച്ച് പെന്‍ഷന് അതിലും ഉയര്‍ന്ന ഒരു പ്രാധാന്യം ഉണ്ട്. അത് സാമൂഹിക - സാമ്പത്തിക നീതിയുടേതായ ഒരു നടപടിയും കൂടിയാണ്. വാര്‍ദ്ധക്യ പ്രക്രിയയുടെ ഭാഗമായി ശാരീരികവും മാനസികവുമായ ശക്തിക്ഷയം മൂലം സമ്പാദ്യത്തെ മാത്രം ആശ്രയിച്ചു കഴിയാന്‍ നിര്‍ബന്ധിതമാകുന്ന ജീവിതാന്ത്യത്തില്‍ സ്വാഭാവികമായി ലഭിക്കേണ്ട സാമ്പത്തിക സുരക്ഷയാണ് പെന്‍ഷന്‍''.
ബഹറുള്‍ ഇസ്ളാം, ഡി.എ. ദേശായ്, ഒ. ചിന്നപ്പറെഡ്ഢി, വി.ഡി. തുള്‍സാപുര്‍ക്കാര്‍, വൈ.വി. ചന്ദ്രചൂഡ് എന്നീ അഞ്ചു ജഡ്ജിമാര്‍ ചേര്‍ന്നു D S Nakkare Vs Union of India എന്ന കേസില്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി - 1982 ഡിസംബര്‍ 17
“...... pension is a right and the payment of it does not depend upon the decision of the Government but is governed by the rules...”. “.... Thus, pension payable to a government employee is earned by rendering long and efficient service and therefore can be said to be a deferred portion of the compensation..”. “... Pension is neither a bounty nor a grace depending upon the sweet will of the employer..” “.. Pension is not an ex-gratia payment but it is a payment for the service rendered...”
അതേ വിധി ന്യായത്തില്‍ നിന്ന്
“ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല, കാരണം അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അതിനായി ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചുവെക്കുന്നു എന്ന തത്വം ഞങ്ങള്‍ അംഗീകരിക്കുന്നു.. ജീവനക്കാരുടെ വേതനം പരിഷ്കരിക്കുമ്പോഴൊക്കെ പെന്‍ഷനും പരിഷ്ക്കരിക്കണം.... പെന്‍ഷന്‍ മൌലികമായ, വേര്‍പെടുത്താനാവാത്ത, നിയമപരമായി നല്‍കേണ്ട അവകാശമാണ്....”
റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി രത്നവേല്‍ പാണ്ഡ്യന്‍ ചെയര്‍മാനായിരുന്ന അഞ്ചാം ശമ്പളക്കമ്മീഷന്‍
എന്നാല്‍ നീതിപീഠങ്ങളില്‍ നിന്നുണ്ടാവുന്ന വിധികളല്ലല്ലോ, ഫിക്കിയും ടാറ്റയും മറ്റും നടത്തുന്ന ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദന്മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണല്ലോ സര്‍ക്കാരിന് പ്രിയം!
സിവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി
ഭാരതത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ സിവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ നിലവില്‍ വന്നതാണ്. നിലവിലുണ്ടായിരുന്ന കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ടിന് പകരമായി 1920ല്‍ നടപ്പാക്കിയതാണ് നിലവിലുള്ള പെന്‍ഷന്‍ പദ്ധതി . 1957ല്‍ ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമപരമായി ബാധകമാക്കി.
നാളിതു വരേയും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ മരണമണി മുഴങ്ങുകയാണ്.
പുതിയ പദ്ധതി
2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി കൊണ്ടു വന്നിട്ടുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ വേതനത്തില്‍ നിന്ന് പത്ത് ശതമാനം ഓരോ മാസവും കൃത്യമായി പിടിച്ചെടുത്ത് ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പക്ഷെ, സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ ആ ജീവനക്കാര്‍ക്ക് എന്താണ് നല്‍കുക എന്ന് ഒരു ഉറപ്പും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. കാരണം പെന്‍ഷന്‍ ഫണ്ട് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ചൂതാട്ടം നടത്താന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് എന്നതിനാല്‍ ഭാവിയെക്കുറിച്ച് ഒരുറപ്പും നല്‍കുവാന്‍ സര്‍ക്കാരിനാവില്ല എന്നതു തന്നെ. ഓഹരിക്കമ്പോളത്തിന്റെ ജയ-പരാജയങ്ങളുടെ അടിസ്ഥാനത്തിലാവും പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്.
മുതലാളിത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിറുത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിനുപിന്നില്‍. ഐഎംഎഫ് തയ്യാറാക്കിയ രേഖ നടപ്പിലാക്കാനാവശ്യമായ ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ പലതരം കമ്മിറ്റികളെ നിയമിച്ച് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ എഴുതി വാങ്ങി. ഗീതാകൃഷ്ണന്‍ കമ്മിറ്റി, വാസുദേവന്‍ കമ്മിറ്റി, ഒയാസീസ് (Old Age Social and Income Security) പ്രോജക്റ്റ്, ഐ.ആര്‍.ഡി.എ.കമ്മറ്റി എന്നിവ ഉദാഹരണങ്ങളാണ്. ഇത് നടപ്പാക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിയോഗിക്കപ്പെട്ട ഭട്ടാചാര്യ കമ്മിറ്റി, സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും അവരുടെ ശുപാര്‍ശ അനുസരിച്ച് 2004 ജനുവരി ഒന്നാം തീയതിക്കു ശേഷം സര്‍വീസില്‍ കയറുന്ന കേന്ദ്ര ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ബാധകമായ ഒരു പുതിയ പെന്‍ഷന്‍ പദ്ധതി വാജ് പേയ് ഗവണ്‍മെന്റ് 2003 ഡിസംബറില്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ഉത്തരവിന് പകരമായി എന്‍ഡിഎ ഗവണ്‍മെന്റ് തന്നെ രൂപം നല്‍കിയ ഓര്‍ഡിനന്‍സ് ഒരു മാറ്റവും കൂടാതെ പുറപ്പെടുവിച്ചത് മന്‍മോഹന്‍സിങ്ങിന്റെ യുപിഎ ഗവണ്‍മെന്റ് ആണ്. ഓര്‍ഡിനന്‍സിനു പകരമായി പെന്‍ഷന്‍ റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ബില്ല് യുപിഎ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭത്തിന്റെയും ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി, ബില്ല് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പുമൂലം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
പാര്‍ലിമെന്റിന്റെ മുമ്പിലുള്ള പി.എഫ്.ആര്‍.ഡി.എ. ബില്‍ പാസ്സാകാത്തതിനാല്‍ ഈ പദ്ധതിക്ക് നിയമപ്രാബല്യമില്ല. അതുകൊണ്ട് ബില്ല് അവതരണത്തിന് സമവായം ഉണ്ടാക്കുവാന്‍ 2007 ജനുവരി 22ന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന മുഖ്യമന്ത്രിമാരെയും ധനമന്ത്രിമാരെയും വിളിച്ചുകൂട്ടി. ഇരുപതിലേറെ സംസ്ഥാന സര്‍ക്കാരുകള്‍ ഇതേ പദ്ധതി അവരുടെ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി അംഗീകരിച്ചു. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ഏതാനും ചില സര്‍ക്കാരുകള്‍ മാത്രമാണ് വേറിട്ട ശബ്ദമുയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിത നിലപാടൊന്നുകൊണ്ടു മാത്രമാണ് പാര്‍ലിമെന്റ് പെന്‍ഷന്‍ ബില്‍ പരിഗണനക്കെടുക്കാത്തത്. എത്ര കാലം ഈ നില തുടരും? ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം എക്കാലത്തും തുടരുമെന്ന് കരുതാനാവില്ല.
ആഗോളതലത്തില്‍ പരാജയപ്പെട്ടത്
ആഗോളതലത്തില്‍ പെന്‍ഷന്‍ പരിഷ്കരണം നടക്കുന്നു; ഇന്ത്യക്ക് മാറിനില്‍ക്കാനാവില്ല എന്നാണ് പുതിയ പദ്ധതിയുടെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ആവര്‍ത്തിച്ച് പറഞ്ഞ് ഇതൊക്കെ ശരിയാണെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ പറ്റിയ പ്രചരണായുധങ്ങളും അവരുടെ പക്കലുണ്ട്. പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ വിശദീകരിക്കുന്ന എത്രയെത്ര വെബ് സൈറ്റുകളാണുള്ളത് ! അവയില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം ഈ പരിഷ്കാരങ്ങളൊക്കെ വന്‍പരാജയമായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതാരും പറയുന്നില്ല. ചിലി ഒരു ഉദാഹരണം മാത്രം. പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും ഇരമ്പം വെബ് സൈറ്റുകളില്‍ നിന്ന് കേള്‍ക്കാം. ചില രാജ്യങ്ങളില്‍ പെന്‍ഷന്‍കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍വരെ രൂപീകരിച്ചിരിക്കുന്നു. അവിടെ പരാജയപ്പെട്ട പദ്ധതികള്‍ ഇവിടെ നടപ്പാക്കണമെന്നാണ് ആഗോളവല്‍ക്കരണത്തിന്റെ പ്രചാരകര്‍ ആവശ്യപ്പെടുന്നത്. ഇതു തിരിച്ചറിയപ്പെടണം.
നേട്ടം ആര്‍ക്ക് ? സര്‍ക്കാരിനോ പെന്‍ഷന്‍ ഫണ്ടുകള്‍ക്കോ?
ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന തുകക്ക് തുല്യമായ തുക മാച്ചിംഗ് ഫണ്ടായി ബന്ധപ്പെട്ട സര്‍ക്കാരുകളും വിഹിതം അടക്കണമെന്നാണ് വ്യവസ്ഥ. മാച്ചിംഗ് ഫണ്ട് കൃത്യമായി നല്‍കുന്ന സര്‍ക്കാരിന് എന്തുനേട്ടമാണ് പുതിയ പദ്ധതി കൊണ്ട് ഉണ്ടാവുക? 1.25 കോടിയോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% പ്രതിമാസവിഹിതം വലിയ തുകയായിരിക്കും എന്നതിന് സംശയമില്ല. സര്‍ക്കാരിന് പ്രത്യേകിച്ച് ഒരു ആദായവും തിരികെ കിട്ടാതെ, ഈ തുക ഫണ്ട് മാനേജര്‍മാര്‍ക്കും ഓഹരിക്കമ്പോളത്തിലേക്കും നല്‍കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ക്കും വലിയ ബാധ്യതയാണ് ഉണ്ടാകുന്നത്. മാത്രമല്ല ഈ പദ്ധതിയോടൊപ്പം ജനറല്‍ പ്രോവിഡന്റ് ഫണ്ട് നിറുത്തലാക്കുകയാണ്. ജനറല്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാര്‍ നല്‍കുന്ന തുക സര്‍ക്കാരുകള്‍ക്ക് പൊതുധനമായി ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ഇല്ലാതാകുന്നതോടെ, ജീവനക്കാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാന്‍ ലഭ്യമാകുന്ന വായ്പാ സൌകര്യങ്ങളും ഇല്ലാതാകുകയാണ്.
ആറാം കേന്ദ്രശമ്പളകമ്മീഷനും പരിഗണനാ വിഷയങ്ങളും
പിഎഫ്ആര്‍ഡിഎ ബില്ല് പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറാം കേന്ദ്ര ശമ്പളക്കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ സൂചിപ്പിക്കുന്നത് നിലവിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഭാവിയില്‍ പെന്‍ഷന്‍ എന്തായിരിക്കണമെന്ന് ശുപാര്‍ശ നല്‍കാനാണ്.
>"(ഇ) 2004 ജനുവരി 1ന് മുമ്പ് നിയമിക്കപ്പെട്ട ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍ ജീധനക്കാര്‍ക്കും പെന്‍ഷന്‍, ഡിസിആര്‍ജി, കുടുംബ പെന്‍ഷന്‍, മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ഘടന നിര്‍ണ്ണയിക്കാനുള്ള തത്വങ്ങള്‍ പരിശോധിക്കുകയും അതിന്റെ ധനപരമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയും ചെയ്യുക.“
എന്നു വച്ചാല്‍ എല്ലാ ജീവനക്കാരേയും ക്രമേണ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരിക തന്നെയാണ് ഇതിന്റെ പിന്നില്‍ ചരടു വലിക്കുന്നവര്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നത് വ്യക്തം.
നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം തന്നെ ശരണം
ചുരുക്കത്തില്‍ കാര്‍ഷിക വ്യവസായിക, സര്‍വീസ് മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍, ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലും കൈവയ്ക്കുമെന്ന യാഥാര്‍ത്ഥ്യം ആദ്യമൊക്കെ നല്ലൊരു പങ്ക് ജീവനക്കാര്‍ക്ക് അവിശ്വസനീയമായിരുന്നു. സിവില്‍ സര്‍വീസിന്റെ വലിപ്പം കുറയ്ക്കല്‍, തസ്തിക വെട്ടികുറയ്ക്കല്‍, നിയമന നിരോധനം, വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടച്ചുപൂട്ടല്‍, കമ്പോളശക്തികളെ സഹായിക്കുന്ന ഹയര്‍ & ഫയര്‍ നയം, തൊഴില്‍ സംരക്ഷണം ഇല്ലാതാക്കുന്ന തൊഴില്‍ നിയമങ്ങളുടെ ഭേദഗതി, പ്രോവിഡന്റ് ഫണ്ട് പലിശയുടെ തുടര്‍ച്ചയായ വെട്ടിക്കുറവ്, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കല്‍ തുടങ്ങിയ നവലിബറല്‍ നയങ്ങളുടെ കടന്നാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ നിഷേധമായ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.
പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ മാത്രമല്ല ബാധിക്കുക. സോണിയാഗാന്ധി ചെയര്‍പേഴ് സണായിട്ടുള്ള നാഷണല്‍ ഡെവലപ് മെന്റ് കൌണ്‍സില്‍ അംഗീകരിച്ച ഒരു ബില്‍, അസംഘടിത വിഭാഗം തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ നല്‍കാനെന്നപേരില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കപ്പെട്ടിരിക്കുകയാണ്. ഈ ബില്‍ അംഗീകരിക്കപ്പെട്ടാല്‍ നമ്മുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍പോലും ഇല്ലാതാകും. ഇരുപതിലേറെ ക്ഷേമനിധികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കയര്‍, കൈത്തറി, ചെത്ത്, ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കുവേണ്ടി. നീണ്ട കാലത്തെ പോരാട്ടങ്ങളിലൂടെയാണവ നേടിയെടുത്തത്. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം ക്ഷേമനിധികളില്ല. നമ്മുടെ നാട്ടില്‍ സ്വകാര്യ സ്കൂള്‍ - കോളേജ് അധ്യാപകരും മറ്റും പെന്‍ഷന്‍ നേടിയെടുത്തത് ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെയാണ്. അങ്ങിനെ നേടിയെടുത്ത ആനൂകൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള ശ്രമം ഭരണവര്‍ഗം നടത്തുമ്പോള്‍ നിശബ്ദരായിരിക്കാന്‍, നിസ്സംഗരായിരിക്കാന്‍ സാധ്യമല്ല. ഈ ആക്രമണത്തെ നേരിടാന്‍, പരാജയപ്പെടുത്താന്‍ വലിയൊരു സമരനിര പടുത്തുയര്‍ത്തിയേ തീരു.
അതുകൊണ്ട് തന്നെ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, പണിമുടക്കവകാശം ഉള്‍പ്പെടെ എല്ലാ ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങളും സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ 2007 ഒക്ടോബര്‍ 30ന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിക്കേണ്ടതുണ്ട്.
ആക്രമണം ആശയരംഗത്തും
പുതിയ പദ്ധതി തങ്ങളെ ബാധിക്കില്ലെന്നു ധരിച്ച് പെന്‍ഷന്‍കാര്‍ പ്രതിഷേധിച്ചില്ല. പുതിയ ജീവനക്കാരെ മാത്രമേ ബാധിക്കൂ എന്ന ധാരണയില്‍ ജീവനക്കാരും അവരുടെ സംഘടനകളും ആദ്യം പുതിയ പദ്ധതിയെ എതിര്‍ത്തില്ല. ഇതു സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം പ്രശ്നമാണെന്ന് ധരിച്ച് തൊഴിലാളി പ്രസ്ഥാനങ്ങളും ആദ്യമാദ്യം ഈ നീക്കത്തെ അവഗണിച്ചു. പൊതുജനങ്ങള്‍ക്കാവട്ടെ പെന്‍ഷന്‍ നിഷേധം വേവലാതി ഉണ്ടാക്കുന്ന ഒരു പ്രശ്നവുമല്ല. ഒരു കാര്യം വ്യക്തമാണ്. ആക്രമണം ഒരു ബില്ലിന്റെയോ, പദ്ധതിയുടേയോ നിയമത്തിന്റെയോ രൂപത്തില്‍ മാത്രമല്ല. ആശയരംഗത്തും രൂക്ഷമായ ആക്രമണമുണ്ട്.
നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതെന്ന ചിന്ത വളര്‍ത്തിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. അതുകൊണ്ട് പെന്‍ഷന്‍ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഒരുതരം നിസ്സംഗത പ്രകടമാണ്. സര്‍ക്കാരും ഭരണവര്‍ഗവും അതിസമര്‍ത്ഥമായി ഓരോ വിഭാഗത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ പലരും പരാജയപ്പെട്ടപ്പോള്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നെയ് മൊള്ളര്‍ എഴുതിയ ആ കവിതഇവിടെ ഓര്‍ക്കാവുന്നതാണ്.
“അവര്‍ ആദ്യം വന്നത് ജൂതന്മാരെ തേടിയാണ്. ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ജൂതനല്ലായിരുന്നു.
പിന്നെയവര്‍ വന്നത് കമ്മ്യൂണിസ്റ്റുകളെ തേടിയാണ്. ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റ്റല്ലായിരുന്നു.
പിന്നീടവര്‍ വന്നത് ട്രേഡ് യൂണിയനിസ്റ്റുകളെ തേടിയായിരുന്നു, ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റുമല്ലായിരുന്നു.
അവസാനം അവര്‍ വന്നത് എന്നെ തേടിയായിരുന്നു. അപ്പോള്‍ എനിക്കുവേണ്ടി മിണ്ടാന്‍ ആരും അവശേഷിച്ചിരുന്നില്ല.”
(അവലംബം: ശ്രീ.പി.എസ്.രാമന്‍കുട്ടി, ശ്രീ.കെ.രാജേന്ദ്രന്‍ എന്നിവരുടെ ലേഖനങ്ങള്‍. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം,ചിന്ത വാരിക)
2 comments:
പെന്ഷന് സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, പണിമുടക്കവകാശം ഉള്‍പ്പെടെ എല്ലാ ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങളും സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ 2007 ഒക്ടോബര്‍ 30ന് ദേശവ്യാപകമായി പണിമുടക്കുകയാണ്.
ഈ പണിമുടക്കിന് ആസ് പദമായ വിഷയങ്ങളെക്കുറിച്ചൊരു അന്വേഷണം.
ഈ പെന്‍ഷനും നിറുത്തുമോ ? തൊഴിലില്ലായ്മ വേതനം കൂടി ഒന്നു് നിറുത്തണേ.
അതേ സമയം പെന്‍ഷന്‍ ഫണ്ടെടുത്തു് സ്റ്റോക്കു്മാര്‍ക്കറ്റില്‍ "കളിക്കാന്‍" കൊടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നു. സമരത്തിനു് അഭിവാദ്യങ്ങള്‍ !
Post a Comment