Monday, October 22, 2007

ഓര്‍മ്മകളുണ്ടായിരിക്കണം...

ചരിത്രത്തിലെ സംഭവങ്ങള്‍, തീയതികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഒറ്റക്കൊറ്റക്കെടുത്താല്‍ ലഭിക്കുന്ന അര്‍ത്ഥമായിരിക്കില്ല ചില പ്രത്യേക സാഹചര്യങ്ങളില്‍ അവ ചേരും‌പടി ചേര്‍ത്ത് വെച്ച് വായിച്ചാല്‍ നമുക്ക് കിട്ടുക...അഥവാ നാം ഒരിക്കലും ചിന്തിക്കാനിടയില്ലാത്ത ചില തലങ്ങളിലേക്ക് അവ പലപ്പോഴുംനമ്മെ കൊണ്ടെത്തിക്കും.

അങ്ങ് കൊളംബിയയില്‍ ജനിച്ചു ജീവിച്ച ഒരു കത്തോലിക്കാ പാതിരിയുടെ കഥ ഓര്‍ത്തുകൊണ്ട് തുടങ്ങിയാല്‍ ആര്‍ക്കും വലിയ വിഷമമില്ലാതെ പറഞ്ഞുതീര്‍ക്കാമെന്നുതോന്നുന്നു. ഫാദര്‍ കാമിലോ തോറെയെന്നാണ് ആ പുരോഹിതന്റെ പേര്.

'ഐക്യമുന്നണി' എന്ന പത്രത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫാദര്‍ കാമിലോ പറയുന്നു.

"ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ....ഒരു പുരോഹിതന്‍ എന്നനിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ഒരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി അവരോടുചേര്‍ന്ന് പടവെട്ടാന്‍ ഞാന്‍ തയ്യാറാണ്.''

തന്റെ വിശ്വാസങ്ങള്‍ക്കുവേണ്ടി വെടിയുണ്ടകളേറ്റ് അന്ത്യശ്വാസം വലിക്കുംവരെ ക്രിസ്തുവിലും ക്രൈസ്തവ ദര്‍ശനത്തിലും മുറുകെപ്പിടിച്ച ആ പുരോഹിതന്‍, "ദൈവത്തെയും മാമോനെയും ഒരേസമയം സേവിക്കാനാവില്ല'' എന്നുദ്ഘോഷിച്ച് വിപ്ലവാവേശത്തോടെ പാവപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ ധീരനായിരുന്നു.

അബ്രഹാം ലിങ്കണ്‍ പ്രസിഡന്റാകുംമുമ്പ് പ്രൊട്ടസ്റ്റന്റു വൈദികനായ പീറ്റര്‍ കാര്‍ട്റൈറ്റുമായി അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് മത്സരിച്ചിരുന്നു.

"നിരീശ്വരവാദി,യേശുവിനെ ജാരസന്തതിയെന്നു വിളിച്ചവന്‍'' എന്നൊക്കെയാണ് അന്ന് എതിരാളികള്‍ ലിങ്കനെ വിശേഷിപ്പിച്ചത്. "എബി ഒരിക്കലും ക്രൈസ്തവ സഭയില്‍ ചേര്‍ന്നിട്ടില്ല'' എന്ന് ലിങ്കന്റെ ഭാര്യ മേരി എഴുതിയിട്ടുണ്ട്. എന്നാല്‍, മരണശേഷം അബ്രഹാം ലിങ്കന്‍ നല്ല ക്രിസ്ത്യാനിയായിരുന്നു എന്നു സ്ഥാപിക്കാനാണ് അമേരിക്കയിലെ പിതാക്കന്മാര്‍ ശ്രമിച്ചത്. ലിങ്കന്‍ ഒരു ഫോട്ടോ ആല്‍ബം നോക്കിയിരിക്കുന്ന ചിത്രത്തിന് "മകന് ബൈബിള്‍ വായിച്ചുകൊടുക്കുന്ന പ്രസിഡന്റ്''എന്ന വ്യാജ അടിക്കുറിപ്പ് കൊടുത്ത് അദ്ദേഹത്തെ 'വിശ്വാസി'യാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ജീവിച്ചിരിക്കുമ്പോള്‍ ലിങ്കനെതിരെ കലി തുള്ളിയ പുരോഹിത വര്‍ഗം, മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ സഭാപുത്രനാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു-'ബിക്സ്ബി കത്തി'ന്റെ രൂപത്തിലും മറ്റും.

ബ്രിട്ടനില്‍ നാലുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവനായിരുന്നു ബ്രാഡ്‌ലോ. അഞ്ചാം തവണ ജയിച്ചപ്പോള്‍, അദ്ദേഹത്തെ ദൃഢപ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ആ ബ്രാഡ്‌ലോ മരണമടഞ്ഞപ്പോള്‍ ക്ഷണിക്കാതെ തന്നെ പുരോഹിതര്‍ എത്തി. ബ്രാഡ്‌ലോ ഒരു ദൈവമനുഷ്യനായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്ന്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയ പുരോഹിതര്‍ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു.

വിശ്വവിഖ്യാതനായ ലിയോ ടോള്‍സ്റ്റോയ് മരണമടഞ്ഞപ്പോള്‍ സഭാപരമായ ശവസംസ്കാരം നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ് മൃതദേഹം മറവുചെയ്തത്. ആ കൃഷിയിടം സര്‍ക്കാര്‍ ഏറ്റെടുത്ത് ടോള്‍സ്റ്റോയി കുടുംബത്തെ കടഭാരത്തില്‍ ‍നിന്ന് രക്ഷിക്കാനുള്ള ശ്രമം തടഞ്ഞത് ഏതാനും പുരോഹിതരാണ്.

ക്രിസ്റ്റ്യാനിറ്റി ചര്‍ച്ച്യാനിറ്റിയായും ക്രിസ്ത്യാനികള്‍ കുരിശുകാരാ(ക്രോസ്റ്റ്യന്‍സ്)യും അധഃപതിച്ചുവെന്നു നിര്‍ഭയം പറഞ്ഞയാളാണ് ബര്‍ണാഡ് ഷാ. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരണക്കിടക്കയിലായിരുന്ന ഷായ്ക്കരികെ അനുവാദമില്ലാതെ പള്ളിവികാരി കടന്നുചെന്നു. അന്ത്യകൂദാശ നല്‍കിയതായി പ്രഖ്യാപിച്ചു. എന്നാല്‍, ഷാ നേരത്തെ എഴുതിവച്ചിരുന്നു, തന്റെ ജഡം ദഹിപ്പിച്ച് അതിന്റെ ചാരം തോട്ടത്തിലെ ചെടികള്‍ക്ക് വളമാക്കണമെന്ന്. കൂദാശാപ്രഹസനം ആ വില്‍പ്പത്രത്തിനുമുന്നില്‍ പരിഹാസ്യമായി.

ക്രിസ്തുവിന്റെ മനുഷ്യസ്നേഹം സഭ പിന്തുടരുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും തീര്‍ഥാടനം നടത്താനും വിശ്വാസികളെ ഉപദേശിക്കുന്ന അച്ചന്മാരും മെത്രാന്മാരും തങ്ങള്‍ക്കു രോഗംവരുമ്പോള്‍ ഡോക്ടര്‍മാരെ കാണുന്നതെന്തിനെന്ന് ഡോ. പി പി ആന്റണി ചോദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മനസ്സില്‍ ദൈവത്തെയും സൃഷ്ടിയെയും കുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന 'ചെകുത്താന്‍മന്ത്ര'മായിരുന്നു ലണ്ടനിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ്‌സണിന്റെ ദൃഷ്ടിയില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം.

കൃത്രിമ കാരണമുണ്ടാക്കി തന്നെ കോളേജില്‍നിന്ന് പിരിച്ചുവിടാന്‍ ശ്രമിച്ച മെത്രാനെതിരെ എം പി പോള്‍ കേസുകൊടുത്തു. അതിന്റെ പേരില്‍ പോളിനെ മഹറോന്‍ ചൊല്ലണമെന്ന് (സഭാ ഭ്രഷ്ടനാക്കണമെന്ന്) സഭാനേതൃത്വം ശഠിച്ചപ്പോള്‍ 'മഹറോന്‍ ഇത്ര തരംതാണതാണെങ്കില്‍-ചീപ്പാണെങ്കില്‍- ഒന്നല്ല, ഒരുഡസന്‍ തവണ അത് വാങ്ങിച്ചോളാ'മെന്നാണ് പോള്‍ അന്ന് മറുപടി നല്‍കിയത്. മരണക്കിടക്കയില്‍ പോളിന് രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ ശ്രമമുണ്ടായി. മരണം മുന്നില്‍ വന്നുനിന്നപ്പോഴും പോള്‍ ഉറച്ചുതന്നെ നിന്നു. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളി സെമിത്തേരിക്കടുത്ത തെമ്മാടിക്കുഴിയാണ് പോളിന് സഭ നല്‍കിയ ശിക്ഷ.

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നു പറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്. ആ വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ "തെളിവെന്ത്'' എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാനാവില്ലെന്നായി പുരോഹിതര്‍.

വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷം പേരുണ്ടായിരുന്നു. അതു കാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ 'സ്വന്തം' ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട് പ്രതികാരം ചെയ്തു.

എല്ലാം ഒന്നു ചേര്‍ത്ത് വായിച്ചപ്പോള്‍ ഒരു ഇത് തോന്നുന്നില്ലേ? നാം ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമൊന്നും ചരിത്രത്തില്‍ ആദ്യത്തേതായിരിക്കണമെന്നില്ല എന്ന തോന്നല്‍? അത് ഒരു ഇളനീര്‍ കുഴമ്പിന്റെ സുഖം നല്‍കുന്നില്ലേ.....

(അവലംബം: ശതമന്യു, ദേശാഭിമാനി)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രത്തിലെ സംഭവങ്ങള്‍,
തീയതികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഒറ്റക്കൊറ്റക്കെടുത്താല്‍ ലഭിക്കുന്ന അര്‍ത്ഥമായിരിക്കില്ല ചില പ്രത്യേക സാഹചര്യങ്ങളില്‍ അവ
ചേരും‌പടി ചേര്‍ത്ത് വെച്ച്
വായിച്ചാല്‍ നമുക്ക് കിട്ടുക...
നാം ഒരിക്കലും
ചിന്തിക്കാനിടയില്ലാത്ത
ചില തലങ്ങളിലേക്ക്
പലപ്പോഴും
അവ നമ്മെ കൊണ്ടെത്തിക്കാറുണ്ട്.

ചരിത്രത്തില്‍ നിന്നും കുറേ ഏടുകള്‍
ഇവിടെ നിരത്തിവെക്കുന്നു.
ഒപ്പം ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...

Ralminov റാല്‍മിനോവ് said...

അത്രയും പഴയ ഓര്‍മ്മയൊന്നുമുണ്ടായില്ലെങ്കിലും തെരഞ്ഞെടുപ്പു്കാലത്തു് സഖാക്കന്മാര്‍ നല്‍കിയ വാഗ്ദാനങ്ങളെങ്കിലും ഓര്‍മ്മിച്ചാല്‍ നന്നു്.

നിങ്ങള്‍ക്കതു് പറയാനുള്ള അവകാശമില്ല എന്നു് മാത്രം പറയരുതേ !

ഗുപ്തന്‍ said...

ഇത്രേം പറഞ്ഞുകഴിഞ്ഞപ്പോള്‍ മത്തായിച്ചാക്കോ എബ്രഹാം ലിങ്കന്റേയും റ്റോല്‍‌സ്റ്റോയ്‌യുടെയും റേഞ്ചിലായി. നല്ല പാഠം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍‌മിനോവ്,

സഖാക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു തന്നെയാണ് ഞങ്ങളുടേയും അഭിപ്രായം.

പ്രിയ മനു,

ലിങ്കന്റേയും ടോള്‍സ്റ്റോയിയുടേയും നിലവാരത്തിലുള്ളവര്‍ക്ക് പോലും മത്തായി ചാക്കോക്ക് സംഭവിച്ചതുപോലെ സംഭവിച്ചിട്ടുണ്ട് എന്നു വായിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.

Unknown said...

എല്ലാവരും വായിച്ചിരിക്കേണ്ട പോസ്റ്റ്..കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു. കണ്ണു തുറന്നിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത് ധാരാളം.

Rajeeve Chelanat said...

ഇത് ഇവിടെ ചേര്‍ത്തത് നന്നായി. ശതമന്യുവിനും,Workers Forum പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.

എല്ലാ മതങ്ങളും പുരോഹിതവര്‍ഗ്ഗങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുകയും, അവരുടെയും, അവരെ തീറ്റിപ്പോറ്റിയ ഭരണവര്‍ഗ്ഗത്തിന്റെയും വര്‍ഗ്ഗതാത്‌പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഈ മതങ്ങളിലും, പുരോഹിതന്മാരിലും, ചിലരെങ്കിലും ജനപക്ഷത്തുനിന്നു പോരാടുകയും ചെയ്തിട്ടുണ്ടെന്നു ചരിത്രം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. അവരെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക, കമ്മ്യൂണിസമല്ലെങ്കില്‍, കമ്മ്യൂണിസത്തിന്റെ അടിസ്ഥാന മനുഷ്യപക്ഷ നിലപാടെങ്കിലുമായിരിക്കാനാണ് സാധ്യത.

ക്ര്‌ത്യമായ മനുഷ്യപക്ഷം നിലനിര്‍ത്തിയ രണ്ടേ രണ്ടുപേരെ മാത്രമേ മതങ്ങളുടെ ചരിത്രത്തില്‍ കാണാന്‍ കഴിയുകയുള്ളു. ഒന്നു ബുദ്ധനും, മറ്റയാള്‍ ക്രിസ്തുവും ആയിരുന്നു. ഒരാള്‍ ചിന്തയുടെയും മറ്റയാള്‍ പ്രവ്ര്‌ത്തിയുടെയും മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യനെ സമീപിച്ചു. അവന്റെ പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിച്ചു.

ഈ ചിന്തയുടെയും പ്രവ്ര്‌ത്തിയുടേയും മണ്ഡലത്തെ ഒരുമിപ്പിക്കാനും, അങ്ങിനെ, ചരിത്രത്തെ (വ്യാഖ്യാനിക്കുന്നതിനുപകരം) മാറ്റിമറിക്കാനും ചരിത്രത്തിലാദ്യമായി ശ്രമിച്ചത്, കമ്മ്യൂണിസം എന്ന തത്ത്വസംഹിത തന്നെയായിരുന്നു. അതിന്റെ രാഷ്ട്രീയപ്രയോഗങ്ങളില്‍ പല അപചയങ്ങളും കണ്ടേക്കാം. എങ്കിലും, അത് മുന്നോട്ട് വെക്കുന്ന ആശയത്തെ, ഒരു പുരോഹിതവര്‍ഗ്ഗത്തിനും, ഭരണവര്‍ഗ്ഗത്തിനും ഇനിയുള്ള കാലം കണ്ടില്ലെന്നു നടിക്കാനാവില്ല. നിഷേധിക്കാനുമാവില്ല.

പണ്ടത്തേക്കാളുപരി, നാള്‍ക്കുനാള്‍ അതിന്റെ പ്രസക്തി വര്‍ദ്ധിക്കുകതന്നെയാണ്.

അഭിവാദ്യങ്ങളോടെ

Unknown said...

എല്ലാ കാലത്തും ഒരേ സ്വഭാവമുള്ള കളിയില്‍ ആളുകള്‍ മാറി മാറി ഗോളടിക്കുന്നു എന്ന് മാത്രം. സ്റ്റാലിന്‍ പള്ളിമണി ഉരുക്കി കൃഷിക്കാര്‍ക്ക് കലപ്പ പണിതതും പള്ളി അസ്ഥി മാന്തി നഗരത്തിന് പുറത്ത് കുഴിച്ചിടുന്നതും ഒരേ ഗെയിം. സ്വന്തം വിശ്വാസങ്ങളോട് കൂടെ നില്‍ക്കാത്തവരോടുള്ള അസഹിഷ്ണുത.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ദില്‍ബന്‍
താങ്കള്‍ പറഞ്ഞു.
“എല്ലാ കാലത്തും ഒരേ സ്വഭാവമുള്ള കളിയില്‍ ആളുകള്‍ മാറി മാറി ഗോളടിക്കുന്നു എന്ന് മാത്രം. സ്റ്റാലിന്‍ പള്ളിമണി ഉരുക്കി കൃഷിക്കാര്‍ക്ക് കലപ്പ പണിതതും പള്ളി അസ്ഥി മാന്തി നഗരത്തിന് പുറത്ത് കുഴിച്ചിടുന്നതും ഒരേ ഗെയിം. സ്വന്തം വിശ്വാസങ്ങളോട് കൂടെ നില്‍ക്കാത്തവരോടുള്ള അസഹിഷ്ണുത“.

സ്റ്റാലിന്‍ പള്ളിമണി ഉരുക്കി കൃഷിക്കാര്‍ക്ക് കലപ്പ പണിതതു കാരണം പള്ളിക്ക് അസ്ഥി മാന്തി നഗരത്തിന് പുറത്ത് കുഴിച്ചിടാന്‍ അവകാശം ഉണ്ട് എന്ന് വാദിക്കുന്നത് ശരിയാണോ?പിന്നെ താങ്കള്‍ പറയുന്ന പള്ളി മണിയുടെ കാര്യം. അത്തരം പ്രവര്‍ത്തികള്‍ നടന്നിട്ടില്ല എന്നല്ല. വാസ്തവത്തില്‍ സ്റ്റാലിന്‍ അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ് തവരെ പരസ്യമായി ശാസിച്ചതിന് തെളിവുകളുണ്ട്.

ഒറ്റപ്പെട്ട പ്രവര്‍ത്തകരുടെ ആവേശവും ഒരു സംഘടിത പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടും താരതമ്യപ്പെടുത്തുന്നത് ശരിയാണോ? ശരിയല്ല എന്നു ഞങ്ങള്‍ കരുതുന്നു.

Unknown said...

സ്റ്റാലിന്‍ പള്ളിമണി ഉരുക്കി കൃഷിക്കാര്‍ക്ക് കലപ്പ പണിതതു കാരണം പള്ളിക്ക് അസ്ഥി മാന്തി നഗരത്തിന് പുറത്ത് കുഴിച്ചിടാന്‍ അവകാശം ഉണ്ട് എന്ന് വാദിക്കുന്നത് ശരിയാണോ?

ഞാന്‍ പള്ളിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചതായാണോ താങ്കള്‍ക്ക് ആ കമന്റില്‍ നിന്ന് തോന്നിയത് പ്രിയ വര്‍ക്കേഴ്സ് ഫോറം? ഞാന്‍ രണ്ട് കൂട്ടരുടെ പ്രവര്‍ത്തികളേയും ഒരേ പോലെ അപലപിക്കുകയാണ് ചെയ്തത്.