Saturday, October 13, 2007

കാര്‍ഷിക പ്രശ്നവും പരിഹാരവും

ഇന്ത്യയും ചൈനയും ഇന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ രേഖപ്പെടുത്തുന്ന സമ്പദ്ഘടനകളാണ്. വളര്‍ച്ചാനിരക്കുകളുടെ കാര്യത്തില്‍ നമ്മുടെ കൊച്ചുകേരളവും ഒട്ടും പുറകിലല്ല. ദേശീയ ശരാശരിയെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ ശ്രദ്ധേയമാണെങ്കിലും അവയുടെ തിളക്കം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളും സമ്പദ്ഘടനയില്‍ സംഭവിക്കുന്നുണ്ട്. അസമത്വം വര്‍ധിക്കുന്നതിനെക്കുറിച്ചും കൃഷി - അനുബന്ധ മേഖലകള്‍ തകരുന്നതിനെക്കുറിച്ചും ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടയ്ക്കു ഒരു ലക്ഷത്തിലധികം കൃഷിക്കാര്‍ക്ക് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നത് വളര്‍ച്ചയുടെ പുറംപൂച്ചിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. കൃഷിയും കൃഷിക്കാരും കൂട്ടത്തോടെ നാശത്തിന്റെ വക്കിലേക്കു തള്ളിവിടപ്പെടുന്നത് സമ്പദ്ഘടനയെ ബാധിച്ചിരിക്കുന്ന ആഴത്തിലുള്ള ദോഷത്തിന്റെയും രോഗത്തിന്റെയും പ്രതിഫലനമാണ്. കൃഷി അനുബന്ധ മേഖലകളുടെയും, പരമ്പരാഗത വ്യവസായങ്ങളുടെയും തകര്‍ച്ചയുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അഖിലേന്ത്യാ ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമല്ല. നെല്‍കൃഷിയും, നാളികേരകൃഷിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ പ്രതിസന്ധിയെ നേരിടുകയാണ്.

കേരളത്തിന്റെ കാര്‍ഷിക പ്രശ്നത്തിന്റെ ചില പ്രധാനപ്പെട്ട വശങ്ങളെ വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു വിധേയമാക്കാനും ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍

ആഗോളവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും തമ്മിലുള്ള കാര്യ-കാരണങ്ങള്‍ ഇപ്പോള്‍ തര്‍ക്കവിഷയമേ അല്ലാതായിരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന കാര്യം ഈ നയങ്ങളെ പൊതുവെ അനുകൂലിക്കുന്നവര്‍പോലും സമ്മതിക്കുന്ന കാര്യമാണ്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സംഭവിച്ച ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന് ഇറക്കുമതി ഉദാരവല്‍ക്കരണം ആയിരുന്നല്ലൊ. ലോകവ്യാപാര സംഘടന ആവശ്യപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ ഇറക്കുമതിച്ചുങ്കങ്ങളും, ചുങ്കേതര തടസ്സങ്ങളും (non-tariff barriers) നീക്കം ചെയ്ത് ഇറക്കുമതി ഉദാരവല്‍ക്കരിക്കുകയാണ് ഇന്ത്യ ചെയ്തത്. ഇതിനു പുറമെ സാര്‍ക്ക് രാജ്യങ്ങള്‍, ശ്രീലങ്ക, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറുകളും ഇറക്കുമതിയുടെ തള്ളിക്കയറ്റത്തിന് ഇടയാക്കി. ഇറക്കുമതി ഉദാരവത്ക്കരണം സ്വാഭാവികമായും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവില്‍ കലാശിച്ചു.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിനു മറ്റൊരു കാരണം കൂടിയുണ്ടായി. വിളവെടുപ്പു കാലത്ത് കമ്പോളത്തില്‍ ഇടപെട്ടു സംഭരണം നടത്തി കരുതല്‍ശേഖരം ഉണ്ടാക്കുകയും താങ്ങുവില പ്രഖ്യാപിക്കുകയും ഒക്കെ ചെയ്യുന്ന ഏര്‍പ്പാടുകളെ മൊത്തത്തില്‍ ഉദാരവല്‍ക്കരണവാദികള്‍ ദുര്‍ബലമാക്കി. കമ്പോളത്തില്‍ ഗുണത്തിനായാലും ദോഷത്തിനായാലും സര്‍ക്കാര്‍ ഇടപെടരുത് എന്ന നവലിബറല്‍ ആശയത്തിനു കിട്ടിയ മേല്‍ക്കോയ്മയാണു ഇതിനു കാരണം. ചുരുക്കത്തില്‍ കാര്‍ഷിക വിലകള്‍ മറ്റു വിലകളെ അപേക്ഷിച്ചു ഇടിഞ്ഞു. കൃഷിക്കാര്‍ വില്‍ക്കുന്ന ഉല്പന്നങ്ങള്‍ക്ക് വിലയില്ല, വാങ്ങുന്ന ഉല്പന്നങ്ങള്‍ക്കാകട്ടെ തീവില എന്ന ദുസ്ഥിതിയാണു ഉണ്ടായത്.

സര്‍വ്വവും കമ്പോളത്തിനു വിട്ടുകൊടുത്തു ഭരണകൂടം സമ്പദ്ഘടനയില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്ന ഈ നവലിബറല്‍ സമീപനം ഭാവിയിലും കാര്‍ഷികമേഖലയ്ക്കു സഹായകരമാവില്ല. യഥാര്‍ത്ഥത്തില്‍ ഇക്കാര്യം മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞര്‍പോലും സമ്മതിക്കുന്ന കാര്യമാണ്.

കര്‍ഷകര്‍ അസംഘടിതരാണ്. അതുകൊണ്ടുതന്നെ വിലപേശാനുളള കഴിവും അവര്‍ക്കില്ല. വിളവെടുപ്പുകാലത്ത് ഉത്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്കു വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണു അവരില്‍ ഭൂരിപക്ഷവും. എന്നാല്‍ കൃഷിക്കാരില്‍ നിന്നും ഉത്പന്നങ്ങള്‍ സമാഹരിക്കുന്ന വന്‍കിട കച്ചവടക്കാരുടെയും, കമ്പനികളുടെയും സ്ഥിതിയതല്ല. അവര്‍ക്കു കമ്പോളത്തിനു മേല്‍ കുത്തകാധികാരവും ശക്തിയുമുണ്ട്. അവര്‍ക്കു വിലകളെ സ്വാധീനിക്കാന്‍ കഴിയും. വിളവെടുപ്പുകാലത്ത് വില കൃത്യമായി ഇടിയ്ക്കാനും അതിനുശേഷം സന്ദര്‍ഭത്തിനനുസരിച്ച് വില ഉയര്‍ത്താനും അവര്‍ക്കു കഴിയും.

കമ്പോള ബലാബലത്തിലെ ഈ അസമത്വം കാരണമാണ് കൃഷിക്കാരുടെ കൂട്ടായ്മയും ഭരണകൂടത്തിന്റെ ഇടപെടലും ഉണ്ടാവണം എന്നു പറയുന്നത്. നെല്ലിന്റെ കാര്യത്തില്‍ ശക്തമായിത്തന്നെ കമ്പോളത്തില്‍ ഇടപെടാന്‍ കേരളത്തിലെ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. കേരളത്തില്‍ നെല്‍കൃഷി മേഖലയില്‍ ഉണ്ടായിരിക്കുന്ന ഉല്‍ക്കര്‍ഷം ഭരണകൂട ഇടപെടലിന്റെ ആവശ്യകത അടിവരയിടുന്നുണ്ട്. മറ്റു വിളകളിലേക്കും ഈ പരീക്ഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.

ഉത്പാദനബന്ധങ്ങളും പ്രതിസന്ധികളും

കേരളത്തിലെ കൃഷിയെ ബാധിക്കുന്ന രണ്ടാമത്തെ മുഖ്യപ്രശ്നം ഉത്പാദനബന്ധങ്ങളുമായി, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഭൂബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭൂമിയില്ലാതെ കൃഷിയെക്കുറിച്ച് ആലോചിക്കുക അസാധ്യമാണ്. ഉത്പാദനോപാധി എന്ന നിലയില്‍ ഭൂമിയ്ക്ക് കൃഷിയില്‍ കേന്ദ്രസ്ഥാനമാണുള്ളത്. പക്ഷെ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ യഥാര്‍ത്ഥ കൃഷിക്കാര്‍ക്കു ഭൂമി അന്യമായിക്കൊണ്ടിരിക്കുകയാണ്. കൃഷിചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കു കൃഷിഭൂമി ലഭ്യമല്ല എന്നതാണ് സ്ഥിതി.

ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തുണ്ടായ കാര്‍ഷിക തകര്‍ച്ചയുടെ ഫലമായി ഒട്ടേറെ കൃഷിക്കാര്‍ക്കു അവരുടെ ജീവനോപാധിയായ ഭൂമിയേയും, കന്നുകാലികളേയും വിറ്റൊഴിയേണ്ടതായി വന്നു. കുറേപ്പേര്‍ ഭൂരഹിതരായി. മറ്റു കുറേപ്പേര്‍ക്കു കൈവശഭൂമിയുടെ അളവു ഗണ്യമായി കുറഞ്ഞു. ജനസംഖ്യാ വര്‍ദ്ധനവും, കുടുംബങ്ങളുടെ വിഭജനവും, ഭാഗംവെയ്ക്കലും കൃഷിക്കാരുടെ ശരാശരി ഭൂലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുന്നതിന്റെ പ്രശ്നം.

പുറംവരുമാനത്തിന്റെ പ്രഭാവം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു സമ്പദ്ഘടനയാണ് കേരളത്തിന്റേത്. വിദേശത്തുനിന്നും ഒഴുകിയെത്തുന്ന പണം കേരളത്തിലെ ഭൂവിലകള്‍ ക്രമമായി ഉയരാന്‍ കാരണമായിട്ടുണ്ട്. ഭൂമിയുടെ വില ഇപ്രകാരം ഉയരുന്നത് ഭൂമിയെ ഒരു ആസ്തിയായി മാറ്റിയിരിക്കുന്നു. സ്വര്‍ണം, ബാങ്കുനിക്ഷേപം, ഓഹരികള്‍ തുടങ്ങിയവയെപ്പോലെ സമ്പാദ്യം സൂക്ഷിക്കാന്‍ പറ്റിയ ഒരു ആസ്തിയായി ഭൂമി മാറിയിരിക്കുകയാണ്. ഭൂമിയുടെ ഈ വിലക്കയറ്റം കൃഷിക്കാരല്ലാത്തവരെ കൃഷിഭൂമി വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ, ഇക്കൂട്ടര്‍ക്കു അവര്‍ സ്വന്തമാക്കുന്ന ഭൂമിയില്‍ കൃഷിചെയ്യാന്‍ വലിയ താല്പര്യമൊന്നുമില്ല. ഭൂമി തരിശിടുന്ന പ്രവണത കേരളത്തില്‍ വ്യാപകമാകാനുള്ള കാരണം ഇതാണ്.

കൃഷിഭൂമി തരിശിടുന്നതിനും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും എതിരായ നിയമനിര്‍മ്മാണം ആവശ്യമാണ്. നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. തരിശിടുന്ന ഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നതിനുള്ള നീക്കവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നു എന്നും ഇവിടെ പ്രസക്തമാണ്. ഭൂമിയുടെ തുണ്ടുവല്‍ക്കരണവും, കൈവശമുള്ള കൃഷിഭൂമിയുടെ അളവിന്റെ പരിമിതിയും കൃഷിയെ അനാകര്‍ഷകവും, അസാധ്യവും ആക്കിത്തീര്‍ക്കുന്നുണ്ട്. തങ്ങളുടെ കൈവശമുള്ള പരിമിതമായ ഭൂമിയിലെ കൃഷികൊണ്ടു കൃഷിക്കാര്‍ക്ക് കുടുംബം പുലര്‍ത്താന്‍ കഴിയാത്ത സ്ഥിതിയും വരുന്നു. ഇതിനു പരിഹാരം എന്ന നിലയില്‍ കൃഷിക്കാരുടെ വിവിധ തരത്തിലുള്ള കൂട്ടായ്മകളേയും അതിന്റെ അടിസ്ഥാനത്തിലുള്ള കൃഷിയേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അനുബന്ധ വരുമാനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രേത്സാഹിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിനു നെല്‍കൃഷിയോടൊപ്പം കന്നുകാലിവളര്‍ത്തലും, കോഴിവളര്‍ത്തലും, മത്സ്യകൃഷിയും മറ്റും പ്രോത്സാഹിപ്പിക്കണം. ഇത്തരത്തിലുള്ള സംയോജിത കൃഷിത്തോട്ടങ്ങളേയും, കൃഷിരീതികളേയും സഹായിക്കുന്ന സമീപനമാണ് കേരളസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കാര്‍ഷിക വായ്പയും കടക്കെണിയും

ഉദാരവല്‍ക്കരണത്തിന്റെ കൊടുംചൂടില്‍ കൃഷി വാടിക്കരിയാനിടയായ മറ്റൊരു കാരണം വായ്പാ നയത്തിലുണ്ടായ മാറ്റമാണ്.

കൃഷി - അനുബന്ധ മേഖലകളെ മുന്‍ഗണനാ മേഖലകളായി കണക്കാക്കി കുറഞ്ഞ പലിശയ്ക്കും, ഉദാരമായ തിരിച്ചടവു വ്യവസ്ഥകളോടു കൂടിയും വായ്പ നല്‍കുന്ന സമീപനമാണ് ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിനുശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ബാങ്ക് ദേശസാല്‍ക്കരണത്തിനുശേഷം ഉണ്ടായ ശാഖകളുടെ വ്യാപനവും ഗ്രാമീണ മേഖലയ്ക്കും, കൃഷിയ്ക്കും വായ്പാ ലഭ്യത ഉറപ്പാക്കിയിരുന്നു.

എന്നാല്‍ ഉദാരവല്‍ക്കരണം ഇന്ത്യയിലെ വായ്പാനയത്തില്‍ വലിയ മാറ്റം വരുത്തി. ബാങ്കിംഗ് വ്യവസ്ഥ ഗ്രാമങ്ങളേയും കൃഷിയേയും മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിവന്നു. ലാഭ പരിഗണന മാത്രം മുന്‍നിര്‍ത്തി ബിസിനസ് നടത്തിയാല്‍ മതിയെന്ന ഉപദേശമാണ് ഭരണാധികാരികള്‍ ബാങ്കുകള്‍ക്ക് നല്‍കിയത്. സ്വാഭാവികമായും കൃഷിക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ക്കു ബ്ലേഡു പലിശക്കാരേയും അനൌപചാരിക ഏജന്‍സികളേയും ആശ്രയിക്കേണ്ടി വന്നു. കഴുത്തറപ്പന്‍ പലിശയ്ക്കും, വ്യവസ്ഥകള്‍ക്കും കുപ്രസിദ്ധി നേടിയ ഇക്കൂട്ടരോടുള്ള വിധേയത്വവും, ആശ്രിതത്വവും ഗ്രാമീണമേഖലയെ ഒരു വലിയ കടക്കെണിയിലേക്കു അകപ്പെടുത്തി എന്നു പറഞ്ഞാല്‍ മതിയല്ലൊ.

ഇന്ത്യയിലെ കൃഷിക്കാരെ പൊതുവില്‍ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ നിന്നും കൃഷിയേയും, കൃഷിക്കാരനേയും രക്ഷിക്കാന്‍ കേരളത്തിലെ പുതിയ ഗവണ്‍മെന്റ് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ രൂപീകരണവും, പ്രവര്‍ത്തനവും കടക്കെണിയില്‍പ്പെട്ട കൃഷിക്കാര്‍ക്കു ആശ്വാസമേകും. അതോടൊപ്പം കുറഞ്ഞ പലിശയ്ക്കു നെല്‍കൃഷിയ്ക്കും മറ്റും വായ്പ ലഭ്യമാക്കുന്നതിനുള്ള സാമഗ്ര പരിപാടികളും കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നുണ്ട്.

കൃഷി വിജ്ഞാനീയവും സാങ്കേതികവിദ്യയും

കൃഷിയും, കൃഷിശാസ്ത്രവും തമ്മിലുള്ള വിടവും നമ്മുടെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന തകര്‍ച്ചയ്ക്കു കാരണമാണ്. അറിവിന്റെ ഉപയോഗം എല്ലാ ഉത്പാദന തുറകളേയും പോലെ കൃഷിക്കും ഉത്തേജകമാവേണ്ടതാണ്. പരമ്പരാഗത അറിവുകളും ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയായ പുതിയ അറിവുകളും കൃഷിയെ സമ്പന്നമാക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതു സംഭവിക്കുന്നില്ല.

കൃഷിയടക്കമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന നിയോലിബറല്‍ ഉപദേശം സര്‍ക്കാരും സര്‍വ്വകലാശാലകളും നടത്തിക്കൊണ്ടിരുന്ന എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തികളെ ഇന്ത്യയില്‍ ഉടനീളം ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഈ ദുരവസ്ഥ ഒഴിവാക്കാനും കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷിവകുപ്പും കൃഷിയിടങ്ങളും തമ്മില്‍ ഉണ്ടായിപ്പോയ അകലം ഇല്ലാതാക്കാനും പുതിയ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

കൃഷിവകുപ്പിന്റെ പ്രവര്‍ത്തനം കേവലം ധനസഹായ വിതരണമല്ല, മറിച്ച് കാര്‍ഷിക പ്രശ്നത്തിനു സമഗ്ര പരിഹാരം കാണുകയാണ്. കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും സ്ഥാനം കൃഷിയിടങ്ങളിലും കൃഷിക്കാര്‍ക്കിടയിലുമാണ് എന്നു മനസ്സിലാക്കിക്കൊണ്ടുള്ള പരിപാടികളാണ് പുതിയ കേരള സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

കൃഷി വിളവെടുപ്പോടെ അവസാനിക്കുന്ന ഒന്നല്ല എന്ന പുതിയ അവബോധവും പ്രചരിപ്പിക്കേണ്ടതുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ മൂല്യവര്‍ധന വരുത്താതെ വിറ്റൊഴിയുന്നതാണ് കൃഷിക്കാരെ ദുര്‍ബലരാക്കുന്ന ഒരു കാര്യം. കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്കരിക്കുന്നതിനും മൂല്യം വര്‍ധിപ്പിക്കുന്നതിനും, വിപണികളെ നിയന്ത്രിക്കുന്നതിനും ശ്രമം ഉണ്ടാവണം. ഈ രംഗത്ത് കൃഷിക്കാരുടെ കൂട്ടായ്മയുടെ വിവിധ രൂപങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഈ ലേഖനത്തില്‍ ഇതുവരെ സൂചിപ്പിച്ച കാര്യങ്ങള്‍ ഓരോന്നും ഭരണകൂടത്തിന്റെ ഇടപെടലും സഹായവും അനിവാര്യമാക്കുന്നതാണ്. തീര്‍ച്ചയായും നിയോലിബറല്‍ ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ ഭരണകൂടത്തിന്റെ ഇടപെടലുകളും മുന്‍കൈയ്യും അസാധ്യമാകും. പകരം കാര്‍ഷികവൃത്തിയെ കോര്‍പ്പറേറ്റുകള്‍ക്കും ഇതര കുത്തകകള്‍ക്കും അടിയറ വയ്ക്കുന്ന സാഹചര്യമാവും ഉരുത്തിരിയുക.

കോര്‍പ്പറേറ്റുകളുടെയും കുത്തക മൂലധനത്തിന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന കാര്‍ഷിക വികസനത്തില്‍ കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സ്ഥാനമുണ്ടാവില്ല. കൃഷി വളര്‍ന്നാലും കൃഷിക്കാരും തൊഴിലാളികളും വളരാത്ത സ്ഥിതിയാണു ഉണ്ടാവുക. കാര്‍ഷിക വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന നിയോലിബറല്‍ സമീപനവും തീര്‍ച്ചയായും പരസ്പര വിരുദ്ധമാണ്.

കേരളത്തിന്റെ പതിനൊന്നാം പദ്ധതിയില്‍ കൃഷിക്കാരനേയും, കാര്‍ഷികത്തൊഴിലാളികളേയും കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ ഊര്‍ജ്ജവും സമാഹരിച്ചുകൊണ്ടുള്ള കോര്‍പ്പറേറ്റു-കുത്തക വിരുദ്ധ മാതൃകയെ വിജയിപ്പിക്കുവാന്‍ കേരള സര്‍ക്കാരും, ഇടതുപക്ഷ ജനാധിപത്യമുന്നണിയും പ്രതിജ്ഞാബദ്ധമാണ്. കൃഷിയില്‍ അരങ്ങേറുന്ന ഈ സമരത്തില്‍ ജനപക്ഷത്തെ വിജയിപ്പിക്കാന്‍ ജനാധിപത്യവിശ്വാസികളുടെ കൂട്ടായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.

(ലേഖകന്‍: ഡോ.കെ.എന്‍.ഹരിലാല്‍, കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഹിന്ദു ദിനപ്പത്രം)

(ഈ പരമ്പരയിലെ ആദ്യലേഖനം “കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി ചരിത്രപരമായ ഒരു വിശകലനം“ - പ്രൊ.കോശി പി.മാത്യു)

ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം - കേരള വികസനവും കാര്‍ഷിക മേഖലയും - ശ്രീ.സി.കെ.പി.പത്മനാഭന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന്റെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍, അതിന്റെ ചരിത്രം, പരിഹാരനിര്‍ദ്ദേശങ്ങള്‍ എന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനം
ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

Rajeeve Chelanat said...

കേരളത്തിന്റെ കാര്‍ഷികപ്രതിസന്ധിയെക്കുറിച്ചുള്ള വിലാ‍പം തുടങ്ങിയിട്ട് കാലം ഏറെയായി. സര്‍ക്കാരിന്റെ കയ്യൊഴിയല്‍, തുണ്ടുവല്‍ക്കരണം, ഭൂമിയുടെ അലഭ്യത, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ വന്‍‌തോതിലുള്ള ഊഹക്കച്ചവടതന്ത്രങ്ങള്‍,കര്‍ഷികവിജ്ഞാനീയത്തിനുണ്ടായ മുരടിപ്പ്, വിദേശധനത്തിന്റെ തെറ്റായ ഉപയോഗക്രമം, ഇവയൊക്കെ ഈ പ്രതിസന്ധിക്ക് കാരണമായി വരുന്നുണ്ട്. കാര്‍ഷിക‌വ്ര്‌ത്തിയെ പ്രാഥമികമേഖലായായി കാണാന്‍ സര്‍ക്കാരും, ജനങ്ങളും തയ്യാറാവാത്ത കാലത്തോളം ഈ പ്രതിസന്ധി തുടരുക തന്നെ ചെയ്യും.

എത്ര വികസിതരാജ്യമായാലും, കര്‍ഷികമേഖലയുടെ വളര്‍ച്ചയെ ആശ്രയിച്ചാണ് ഒരു രാജ്യത്തിന്റെ ദീര്‍ഘകാല സ്ഥിരതയെ ആത്യന്തികമായി വിലയിരുത്തേണ്ടിവരുക എന്നത് മറക്കരുതാത്ത ഒരു വസ്തുതയാണ്. ഇല്ലെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാ‍യിരിക്കും. ആ സത്യം അടിവരയിടുന്നു ഈ ലേഖനം.

കേരളത്തിലെ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിനുപോലും ഈ കാര്യത്തില്‍ വ്യക്തമായ ഒരു നയത്തില്‍ എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, ഭൂമിയെക്കുറിച്ചുള്ള നവ-ലിബറല്‍ വിപണന സങ്കല്‍പ്പങ്ങള്‍ക്ക് അടിവരയിടുന്ന വികലമായ കേന്ദ്ര-കാര്‍ഷിക നയങ്ങള്‍ക്ക് പലപ്പൊഴും അടിമപ്പെടുകയും ചെയ്യേണ്ടിവരുന്നുണ്ടെന്നത് ഖേദകരമായ വസ്തുതയാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും,ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ നേര്‍ഫലങ്ങളായിരുന്നു കേരളത്തിലെ ഭൂപരിഷ്ക്കരണവും അതിനെ അടിസ്ഥാനമാക്കി വളര്‍ന്ന കര്‍ഷക-തൊഴിലാളി പ്രവര്‍ത്തങ്ങളും എന്നു കൂടി ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം.

കാലികപ്രാധാന്യമുള്ള ഒരു കാര്യം ചൂണ്ടിക്കാട്ടിയ വര്‍ക്കേഴ്സ് ഫോറം പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.