ആഗോള സമ്പദ് വ്യവസ്ഥ വീണ്ടുമൊരു പുതിയ പ്രതിസന്ധിയെ നേരിടുകയാണ്. മുമ്പുണ്ടായ പ്രതിസന്ധികളും അവ പരിഹരിക്കാനായി എടുത്ത നടപടികളുടെയും തുടര്‍ച്ചയായാണ് ഈ പ്രതിസന്ധി ഉളവായിട്ടുള്ളത്. ഇത് ഐ.എം.എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും അധികാരികള്‍ തന്നെ ഇപ്പോള്‍ തുറന്നുപറയുന്നുമുണ്ട്. ഐ.എം.എഫിന്റെ ഒന്നാം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോണ്‍ ലിപ്സ്കി(John Lipsky) ജൂലൈ 31-ന് ആസ്ട്രേലിയയില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ നിന്നും ഉദ്ധരിക്കട്ടെ.
"ഉത്കണ്ഠകളും ആശങ്കകളും മുറ്റിനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ധനകാര്യ വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ച. ലളിതമായി പറഞ്ഞാല്‍ കടപത്ര പ്രമാണങ്ങളുടെ വിലകളെ ഒരു പുനര്‍നിര്‍ണ്ണയത്തിന് വിധേയമാക്കുകയാണ് ആഗോളവിപണികളെന്ന് പ്രത്യക്ഷത്തില്‍ കാണാം. ധനകാര്യമേഖലയിലെ ആഗോളവല്‍ക്കരണം വിവിധ ദേശീയ വിപണികളുടെ ഉദ്ഗ്രഥനത്തിന് ആക്കം കൂട്ടി. ധനകാര്യമേഖലയില്‍ ഉണ്ടായ തകര്‍ച്ച ഈ സാഹചര്യങ്ങളില്‍ ആഗോളാടിസ്ഥാനത്തില്‍ അനുഭവപ്പെടുന്നുണ്ട്. വ്യത്യസ്ത ഡിഗ്രികളില്‍ ആണെങ്കിലും വിദൂരത്തില്‍ നടക്കുന്ന സംഭവങ്ങളുടെ പ്രതികരണങ്ങള്‍ ഉടനുടന്‍ പ്രാദേശിക തലത്തിലുള്ള സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്.“
ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദനും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഫ്രങ്കോയിസ് (Francois Bourguignon) സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഡല്‍ഹി സന്ദര്‍ശിച്ചു. ഹിന്ദു ലേഖകനുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ സെപ്റ്റംബര്‍ 2-ലെ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലദ്ദേഹം പറയുന്നത് നോക്കുക.
"ഘടനാപരമായ പരിഷ്കാരങ്ങള്‍ നടത്തുകയെന്ന പണ്ടുകാലത്തെ നയം ഇപ്പോഴില്ല. ഇതില്‍ നിന്ന് ഒരു കാര്യം ഞങ്ങള്‍ പഠിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ നല്കുന്ന നയപരമായ ഉപദേശങ്ങളില്‍ കടുംപിടിത്തം പാടില്ല. പ്രസ്തുത നയങ്ങള്‍ ഓരോ രാജ്യവും അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സാഹചര്യങ്ങളാകട്ടെ അതതു കാലവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ തിരിച്ചറിവ്, ലോകബാങ്ക് അതിന്റെ നയങ്ങള്‍ ഇതര രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൂടായെന്നതാണ്. അതായത് ലോകബാങ്കുമായി സഹകരിക്കുന്ന രാജ്യങ്ങളാണ് നയങ്ങള്‍ തീരുമാനിക്കേണ്ടത് .''
ആഗോള സമ്പദ് വ്യവസ്ഥയിലെ പുതിയ പ്രതിസന്ധികള്‍ ലോകബാങ്കിനെയും അവരുടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്ന നയങ്ങളെയും ബാധിച്ചിരിക്കുന്നു. ബാങ്കിന്റെ സീനിയര്‍ വൈസ്പ്രസിഡന്റും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും പുതിയൊരു തന്ത്രത്തിന് രൂപം നല്‍കിയിട്ടുണ്ട്. അത് വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി അവസാന രൂപം നല്‍കാനുള്ള ഒരു പ്രക്രിയയിലാണ് അദ്ദേഹമിപ്പോള്‍. ഡല്‍ഹി പര്യടനം അതിന്റെ ഭാഗമായിട്ടുള്ളതാണ്.
ഐ.എം.എഫ് എന്ന സ്ഥാപനം തന്നെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ആറേഴ് ദശാബ്ദങ്ങള്‍ക്കുമുമ്പ് ഇപ്രകാരമൊരു സ്ഥാപനത്തിന് രൂപം കൊടുക്കുമ്പോള്‍ അതുകൊണ്ട് മുഖ്യമായി ഉദ്ദേശിച്ചത് വിദേശവ്യാപാരത്തിന്റെ കമ്മി വരുന്ന രാജ്യങ്ങള്‍ക്ക് ഡോളര്‍ വായ്പ നല്‍കുക എന്നതാണ്. രാജ്യങ്ങള്‍ വായ്പ ലഭിക്കാന്‍ ഐ.എം.എഫ് മുന്നോട്ടു വയ്ക്കുന്ന നിബന്ധകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. വായ്പയെടുത്തിട്ടുള്ള എല്ലാ രാജ്യങ്ങളും അനേകം പ്രതിസന്ധികളെ നേരിടുന്നു. അവയുടെ ചരിത്രത്തിലേക്ക് ഇപ്പോള്‍ നാം കടക്കുന്നില്ല. ആ പ്രതിസന്ധികളോരോന്നും അതത് രാജ്യങ്ങളിലെ ജനജീവിതത്തെ പലപ്രകാരത്തില്‍ തകര്‍ത്തിട്ടുണ്ട്.
എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ഐ.എം.എഫ് തന്നെ കുഴപ്പത്തെ നേരിടുകയാണ്. കുഴപ്പത്തിന്റെ ഏകദേശചിത്രം സംക്ഷിപ്തമായി പറയാം.
ഐ.എം.എഫില്‍ നിന്ന് വായ്പ എടുക്കേണ്ടതില്ലായെന്ന് തീരുമാനിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു. വായ്പ എടുത്ത രാജ്യങ്ങള്‍ക്കുണ്ടായ തിക്തമായ അനുഭവങ്ങളാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. അര്‍ജന്റീന, ബ്രസീല്‍, വെനിസ്വേല തുടങ്ങി ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളും ഈ ഗണത്തില്‍ വരും. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും അക്കൂട്ടത്തിലുണ്ട്. റഷ്യ അവരുടെ കടങ്ങള്‍ മുഴുവന്‍ വീട്ടി ഇപ്പോള്‍ വായ്പ എടുക്കുന്നില്ല. തെക്കന്‍കൊറിയ, തായ് ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിപ്പോള്‍ ഐ.എം.എഫിനെ സമീപിക്കുന്നില്ല. ഇതിന്റെ ഫലമായി ആഗോള ധനാഢ്യന്മാര്ക്ക് അവരുടെ പണം ഐ.എം.എഫ് വഴി വായ്പ നല്കാന് കഴിയാത്ത സ്ഥിതി വരുന്നു. ഈ സാഹചര്യങ്ങളില്‍ ആഗോളധനമൂലധനം കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവട വിപണയിലേക്ക് ഒഴുകുകയാണ്. ഈ ഒഴുക്കിന്റെ ഗതിവേഗം കൂടി കൂടി വരുന്നു. അതിനെ നിയന്ത്രിക്കാന്‍ ആവശ്യമായ ഭരണ നടപടികളെടുക്കാന്‍ വിവിധ ദേശീയ ഗവണ്മെന്റുകള് കൂട്ടാക്കുന്നില്ല. അഥവാ അവ വിചാരിച്ചാലും കഴിയുന്നില്ല. ഇത് ആഗോള പ്രതിസന്ധിക്ക് പുതിയ പുതിയ മാനങ്ങള്‍ നല്‍കുന്നതിന് ഇടയാക്കുകയാണ്.
ഉദാഹരണത്തിന് അമേരിക്കയിലെ ബ്രൂക്കിംഗ് ഇന്സ്റ്റിറ്റ്യൂഷന് എന്ന സ്ഥാപനം ധനവിപണിയിലെ കുഴപ്പങ്ങളെക്കുറിച്ച് അവരുടെ പഠനത്തില്‍ പറയുന്നത് നോക്കുക.
"ഭാവിയില്‍ ധനകാര്യ കുഴപ്പങ്ങള്‍ മിക്കവാറുമൊരു അനിവാര്യതയായിത്തീരുകയാണ്. എന്നു മാത്രമല്ല, അതു കൂടുതല്‍ കൂടുതല്‍ തീഷ്ണമായി തീരുകയും ചെയ്യും. വിപണികള്‍ കൂടുതല്‍ കൂടുതല്‍ വലുതായി വരികയാണ്. വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ വിവരങ്ങള്‍ അതിശീഘ്രഗതിയില്‍ ലോകമെമ്പാടും വ്യാപിക്കുന്നു. ധനപരമായ ഒഴുക്കുകള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാപാരത്തിന്റേയും മൂലധനത്തിന്റെയും വിപണികള്‍ വീണ്ടും കൂടുതല്‍ ഉദ്ഗ്രഥനത്തിന് വിധേയമാകുന്നു. ഈ സാഹചര്യങ്ങളില്‍ അടുത്ത പ്രതിസന്ധികള്‍ എപ്പോള്‍ എവിടെ ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമാകുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തോ, വികസ്വര വിപണികളിലോ അഥവാ മറ്റേത് മേഖലയിലുമോ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടാം.''
ഈ വര്‍ത്തമാനകാല സാഹചര്യങ്ങളിലാണ് ആഗോള മൂലധനം കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവട രംഗത്തേക്ക് ഒഴുകുന്നത്. മക്കിന്‍സി ഗ്ലോബല്‍ എന്ന സ്ഥാപനം 2005 വര്‍ഷത്തില്‍ കണക്കാക്കിയിട്ടുള്ളത് "അടിസ്ഥാന ധനകാര്യ ആസ്തികളുടെ ''ആഗോള സ്റ്റോക്ക് 140 ട്രില്ല്യന്‍ ഡോളര്‍ വരുമെന്നാണ് (1 ട്രില്ല്യന്‍ സമം 1 ലക്ഷം കോടി) ഊഹക്കച്ചവടത്തിലേക്ക് പണം വാരിയെറിഞ്ഞ് ഭീമമായ ലാഭം എടുക്കുന്നതിലേയ്ക്കാണ് ഈ ധനമൂലധനം ഒഴുകുന്നത്. ലോകവിപണിയില്‍ വിദേശനാണ്യ ഇടപാടുകളിലൂടെ പ്രതിദിനം കൈകാര്യം ചെയ്യുന്ന സംഖ്യ ഇന്ന് 1.9 ട്രില്ല്യന്‍ ഡോളറാണ് എന്ന് ചില പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരാണ്ടില്‍ ചരക്കുകളുടെയും സേവനങ്ങളുടേയും ആഗോളവ്യാപാരം 9.1 ട്രില്ല്യന്‍ ഡോളര്‍ മാത്രമാണെന്നു കാണാം. അതായത് ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള വ്യാപാരം മൊത്തം അന്തര്‍ദേശീയ ഇടപാടുകളുടെ 20% പോലും വരുന്നില്ല. 98% ശതമാനത്തിലധികവും വിദേശ നാണയങ്ങളുടെ ഇടപാടുകളാണ്.
മുതലാളിത്ത സമ്പദ്വ്യവസ്ഥയില് പ്രവര്‍ത്തിക്കുന്ന ആഗോളശക്തികളുടെ പരസ്പര ബന്ധങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളും ശ്രദ്ധേയങ്ങളാണ്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദകര്‍ക്ക് വിപണിയിലും വ്യാപാരത്തിലും ദീര്‍ഘകാലങ്ങളായി ഉണ്ടായിരുന്ന മേധാവിത്വം ശ്രീഘ്രഗതിയില്‍ കുറഞ്ഞുവരികയാണ്. തല്‍സ്ഥാനത്ത് ആസ്തികളില്‍ ക്രയവിക്രയം നടത്തുന്ന ധനമൂലധനം അതിവേഗത്തില്‍ വളരുകയാണ്. ഈ പുതിയ സാഹചര്യങ്ങള്‍ സമൂഹത്തില്‍ സമസ്ത ജനവിഭാഗങ്ങളിലും പുതിയ പുതിയ ഉത്കണ്ഠകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കുകയാണ്. എല്ലാറ്റിനും സ്ഥാനചലനങ്ങള്‍ എപ്പോഴുമെവിടെയും സംഭവിക്കാമെന്ന അവസ്ഥ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്.
(ലേഖകന്‍: ശ്രീ.കെ.എന്‍.രവീന്ദ്രനാഥ്)
1 comment:
"ഘടനാപരമായ പരിഷ്കാരങ്ങള്‍ നടത്തുകയെന്ന പണ്ടുകാലത്തെ നയം ഇപ്പോഴില്ല. ഇതില്‍ നിന്ന് ഒരു കാര്യം ഞങ്ങള്‍ പഠിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ നല്കുന്ന നയപരമായ ഉപദേശങ്ങളില്‍ കടുംപിടിത്തം പാടില്ല. പ്രസ്തുത നയങ്ങള്‍ ഓരോ രാജ്യവും അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സാഹചര്യങ്ങളാകട്ടെ അതതു കാലവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ തിരിച്ചറിവ്, ലോകബാങ്ക് അതിന്റെ നയങ്ങള്‍ ഇതര രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൂടായെന്നതാണ്. അതായത് ലോകബാങ്കുമായി സഹകരിക്കുന്ന രാജ്യങ്ങളാണ് നയങ്ങള്‍ തീരുമാനിക്കേണ്ടത് .''-ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദനും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഫ്രങ്കോയിസ് (Francois Bourguignon)
ആഗോള സമ്പദ് വ്യവസ്ഥയിലെ പുത്തന്‍ പ്രവണതകള്‍ എന്ന ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.
Post a Comment