Monday, October 29, 2007

അമേരിക്കന്‍ ജനതക്കഭിവാദ്യങ്ങള്‍

ഇറാഖില്‍ ബുഷ് നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2007 ഒക്ടോബര്‍ 27ന് പതിനായിരങ്ങള്‍ അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലാളുകള്‍ റാലിയില്‍ പങ്കെടുത്തത്. ലോസ് ആഞ്ജലിസ്, ബോസ്റ്റണ്‍, ന്യൂഒര്‍ലിയന്‍സ്, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലും റാലികള്‍ നടന്നു. 'ദേശീയ കര്‍മ ദിനം' എന്നു പേരിട്ട പ്രതിഷേധങ്ങളില്‍ തൊഴിലാളികള്‍, പുരോഹിതര്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിലെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ഇറാഖില്‍ വിന്യസിച്ചിട്ടുള്ള സൈനികരുടെ ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു.

അധിനിവേശം ആരംഭിച്ചശേഷം ഇതുവരെ നാലായിരത്തോളം അമേരിക്കന്‍ സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ ഓര്‍മയ്ക്കായി പ്രകടനക്കാര്‍ തെരുവില്‍ കിടന്നു.ഇറാഖില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രതിഷേധക്കാര്‍ രണ്ടു മിനിറ്റ് മൌനം ആചരിച്ചു.


സാന്‍ ഫ്രാന്‍സിസ്കോയിലെ പ്രകടനത്തില്‍ മാത്രം 30,000 പേര്‍ പങ്കെടുത്തു. തടവുകാരുടെയും സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിന്റെയുമൊക്കെ വേഷം ധരിച്ചായിരുന്നു പ്രകടനം. യുദ്ധം അവസാനിപ്പിക്കണമെന്നും ബുഷ് രാജ്യത്തെ മോശം പ്രസിഡന്റാണെന്നുമുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിച്ച പ്രകടനക്കാര്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവുകളിലൂടെ ഒഴുകി.

ഇറാക്ക് യുദ്ധത്തിന് അനുമതി നല്‍കിയ സെനറ്റ് വോട്ടിംഗിന്റെ അഞ്ചാംവാര്‍ഷികം കൂടിയായിരുന്നു ഒക്ടോബര്‍ 27.

യുണൈറ്റഡ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന പേരില്‍ പല രാഷ്ട്രീയ, സാമൂഹിക, മത സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ചതായിരുന്നു പ്രകടനങ്ങള്‍. ഇറാഖിലെ സൈനിക നടപടിക്ക് പണം അനുവദിക്കുന്നത് നിര്‍ത്തലാക്കണമെന്നും സൈനികരെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

റാലി നിയന്ത്രിക്കാന്‍ പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ റാലികളില്‍ ഏറ്റവും വലുതാണ് ശനിയാഴ്ച നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഓഹിയോയില്‍ ഈ പ്രകടനത്തിനു നേതൃത്വം കൊടുത്ത മൈക്ക് കരാനോ(Mike Carano) പറഞ്ഞത് ഈ പ്രകടങ്ങള്‍ രാജ്യത്തുടനീളം അധിനിവേശത്തിനെതിരായും, രാജ്യത്തിനാവശ്യമുള്ള ഫണ്ടുകള്‍ വഴി തിരിച്ചു വിടുന്നതിനെതിരെയുമുള്ള ജനവികാരമാണ് വെളിവാക്കുന്നത് എന്നാണ്. കോണ്‍ഗ്രസ് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കണമെന്നും യുദ്ധാവശ്യങ്ങള്‍ക്കായുള്ള ഫണ്ടിങ് വെട്ടിച്ചുരുക്കാനുള്ള അതിന്റെ അധികാരങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രകടനങ്ങളുടെ ദേശീയ സംഘാടകരില്‍ ഒരാളായ ലെസ്ലി കീല്‍‌സെന്‍(Leslie Kielsen) പറഞ്ഞത് ഈ ‘യുദ്ധ’ത്തിനു വേണ്ടി ഇതിനകം ചിലവഴിച്ച അര ട്രില്യണ്‍ ഡോളര്‍ ( 50000 കോടി ഡോളര്‍) വിദ്യാഭ്യാസത്തിനും, ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിശക്കുന്നവനു ഭക്ഷണം നല്‍കാനും ഉപയോഗിക്കേണ്ടിയിരുന്ന പണമാണെന്നാണ്.

(കടപ്പാട്: മാതൃഭൂമി, ദേശാഭിമാനി, ദീപിക, മലയാള മനോരമ)

5 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ ലോകമാസകലം അധിനിവേശത്തിന്റെയും നവ കോളനിവല്‍ക്കരണത്തിന്റെയും ഭീതിയുടേതുമായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കെ, അതിനു തികച്ചും വിരുദ്ധമായ, പ്രോത്സാഹിക്കപ്പെടേണ്ട ഒരു ജന മുന്നേറ്റത്തിനായിരുന്നു 2007 ഒക്ടോബര്‍ 27 സാക്ഷ്യം വഹിച്ചത്. സാമ്രാജ്യത്വ നയങ്ങള്‍ എന്തായാലും ഏത് രാജ്യത്തെയും ജനത ആക്രമിക്കപ്പെടുന്നവരുടേയും, അടിമയാക്കപ്പെടുന്നവരുടേയും, ചൂഷണം ചെയ്യപ്പെടുന്നവരുടേയും, ഗതിയില്ലാതാക്കപ്പെടുന്നവരുടേയുമൊക്കെ കൂടെയായിരിക്കും എന്നതിന് ഒരുജ്ജ്വല സാക്ഷ്യം.

Unknown said...

അമേരിക്കന്‍ ജനതക്ക് അഭിവാദ്യങ്ങള്‍...

വിന്‍സ് said...

hihihihi..... angu dufaayil shake pidichu akathittekkunna indian janathakku abhivadyangal illey sakhavey??

Rajeeve Chelanat said...

ഉചിതമായ പോസ്റ്റിംഗ്. Christian Science Monitor-ല്‍, ഇതുസംബന്ധിച്ച്, ജെറി ലാന്‍സണിന്റെ ഒരു ലേഖനം വന്നിരുന്നു. എന്തുകൊണ്ട് മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ തമസ്ക്കരിക്കുന്നു എന്നതിനെക്കുറിച്ച്. ലിങ്ക് ഇവിടെ.

http://www.csmonitor.com/2007/1030/p09s02-coop.html

വിംസ്, എതിരൊഴുക്കുകളിലും, വര്‍ക്കേഴ്സ് ഫോറത്തിന്റെ ഈ ബ്ലോഗ്ഗിലടക്കം വേറെ ചിലതിലും താങ്കള്‍ എഴുതുന്ന അസ്ഥാനത്തുള്ള കമന്റുകള്‍ കാണാറുണ്ട്. സാമാന്യ ബുദ്ധിയും, ശരാശരി പക്വതയും എന്നെങ്കിലും ഒരിക്കല്‍ താങ്കള്‍ക്ക് കൈവരുമെന്നു വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം.സാദ്ധ്യത വളരെ കുറവാണെങ്കിലും.

ഓഫ് ടോപ്പിക്കിനു വര്‍ക്കേഴ്സ് ഫോറത്തോട് ക്ഷമ ചോദിക്കുന്നു.

Anonymous said...

അമേ...രിക്ക, അമേ...രിക്ക,... :)