Tuesday, October 30, 2007

ഭാരതം-പ്രമേഹരോഗത്തിന്റെ തലസ്ഥാനം

അനുദിനം വര്‍ധിച്ചുവരുന്ന പ്രമേഹരോഗികളുടെ എണ്ണം ലോകത്തിലെ, പ്രത്യേകിച്ചും ഭാരതത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 2010 ഓടുകൂടി ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ള രാജ്യം ഇന്ത്യയായിരിക്കും. ഇന്ത്യയെ ലോകത്തിന്റെ പ്രമേഹരോഗത്തിന്റെ തലസ്ഥാനം (diabetical capital) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രമേഹരോഗത്തിന്റെ കാരണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമമായി നിയന്ത്രിച്ചു നിര്‍ത്തുന്നത്, പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന രാസവസ്തുവാണ്. ഭക്ഷണത്തില്‍ നിന്നുമുള്ള പഞ്ചസാര രക്തത്തില്‍ പ്രവേശിക്കുമ്പോള്‍ പാന്‍ക്രിയാസ് ഇന്‍സുലിനെ പുറപ്പെടുവിക്കുന്നു. ഇന്‍സുലിന്‍ കരള്‍, മാംസങ്ങള്‍, ശരീരത്തിലെ കൊഴുപ്പുകള്‍ എന്നീ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് പഞ്ചസാരയെ കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കുവാന്‍ സഹായിക്കുന്നു. ഇന്‍സുലിന്റെ അളവ് രക്തത്തില്‍ വളരെ കുറയുകയോ അല്ലെങ്കില്‍ ഇവ കോശങ്ങളില്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ രക്തത്തില്‍ പഞ്ചസാര കുമിഞ്ഞു കൂടുകയും പ്രമേഹം എന്ന രോഗാവസ്ഥയ്ക്ക് ഹേതുവാകുകയും ചെയ്യുന്നു.

പ്രമേഹ രോഗങ്ങള്‍ പലതരം

പ്രമേഹത്തെ പ്രധാനമായും നാലായി തരംതിരിക്കാം

1. Type 1 Dm: ഏകദേശം 3 മുതല്‍ 5 ശതമാനം രോഗികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. രക്തത്തിലെ ഇന്‍സുലിന്റെ അളവ് കുറയുന്നതാണ് ഇതിന്റെ കാരണം. കുട്ടികളില്‍ കാണപ്പെടുന്ന പ്രമേഹം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

2. Type 2 Dm: ഏകദേശം 95 ശതമാനം പ്രമേഹ രോഗികളും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇന്‍സുലിന്‍ കോശങ്ങളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന പ്രമേഹം ഈ വിഭാഗത്തില്‍പ്പെടുന്നതാണ്.

3. Gestational Dm: ഗര്‍ഭിണികളില്‍ കാണപ്പെടുന്ന പ്രമേഹ രോഗമാണിത്. ഏകദേശം 7 ശതമാനം ഗര്‍ഭിണികളില്‍ പ്രമേഹം കാണപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം സ്ത്രീകളിലും പ്രസവത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് താഴുന്നു. പക്ഷെ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളും ഭാവിയില്‍ പ്രമേഹ രോഗത്തിന് അടിപ്പെടുന്നു. അതിനാല്‍ ഗര്‍ഭിണികളായിരിക്കുമ്പോള്‍ പ്രമേഹ രോഗത്തിനടിപ്പെട്ടവര്‍ വര്‍ഷം തോറും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്.

4. മറ്റു കാരണങ്ങള്‍ കൊണ്ടുള്ള പ്രമേഹം: ചിലതരം മരുന്നുകള്‍, പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന രോഗാണുബാധ, നീര്‍ക്കെട്ട് എന്നിവ മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാറുണ്ട്. ഇക്കൂട്ടരില്‍ താത്ക്കാലികമായ ചികിത്സയിലൂടെ പഞ്ചസാര സാധാരണ നിലയിലേക്കു വരികയും പിന്നീട് ചികിത്സ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന പ്രമേഹം മാത്രമാണ് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നത്.

സാധാരണയായി കാണപ്പെടുന്ന പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു സുഖപ്പെടുത്താവുന്ന ഒന്നല്ല. ആഹാര ക്രമങ്ങളും ചിട്ടയായ വ്യായാമവും മരുന്നുകളും ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി പിടിച്ചു നിറുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഇവ ശരീരത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു.

പ്രമേഹം മൂലമുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍

പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. സമീപ ഭാവിയില്‍ ഉണ്ടാകുന്നതും വിദൂര ഭാവിയില്‍ ഉണ്ടാകുന്നവയും.

പ്രമേഹ രോഗബാധിതന് ആരംഭം മുതല്‍ക്കെ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ പ്രധാനമായും അകാരണമായ തൂക്കക്കുറവ്, അമിതമായ മൂത്രം പോക്ക്, അമിതമായ ദാഹം, രോഗാണുബാധകള്‍, ബോധം നഷ്ടപ്പെടുക എന്നിവയാണ്. ഉദ്ദേശ്യം 50 ശതമാനം പ്രമേഹരോഗികള്‍ക്ക് മാത്രമെ മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ കാണപ്പെടാറുള്ളൂ. ബാക്കിയുള്ളവര്‍ രക്തത്തില്‍ ഉയര്‍ന്ന തലത്തിലുള്ള പഞ്ചസാര ഉണ്ടായിട്ടും രോഗലക്ഷണങ്ങള്‍ ബാഹ്യമായി പ്രകടമാകാത്തതിനാല്‍ ചികിത്സ തേടാന്‍ കൂട്ടാക്കുകയില്ല. ഇക്കൂട്ടരാണ് വിദൂരഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് അടിപ്പെടാറുള്ളത്.

പ്രമേഹം വൃക്കകളെ ബാധിക്കുന്ന അവസ്ഥയെയാണ് ഡയബെറ്റിക് നെഫ്രോപതി (Diabetic Nephropathy) എന്നു പറയുന്നത്. പഞ്ചസാരയുടെ അളവ് ക്രമീകരിച്ചില്ലെങ്കില്‍ ഏകദേശം 5 മുതല്‍ 8 വര്‍ഷം കൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവുപോലെതന്നെ പ്രധാനമാണ് രക്തസമ്മര്‍ദത്തിന്റെ തോത് നിയന്ത്രിക്കുക എന്നത്. അല്ലാത്തപക്ഷം ഇക്കൂട്ടര്‍ വളരെ മുമ്പുതന്നെ വൃക്കരോഗത്തിനടിപ്പെടുന്നു. സാധാരണയായി രക്തസമ്മര്‍ദം 140/90 mmHg യ്ക്ക് താഴെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്. എന്നാല്‍ പ്രമേഹരോഗികള്‍ ഇവരുടെ രക്തസമ്മര്‍ദം 130/80 ന് താഴെയായി നിയന്ത്രിക്കേണ്ടതാണ്.

വൃക്കകളുടെ പ്രവര്‍ത്തനം ഏതാണ്ട് 75 ശതമാനത്തോളം പ്രവര്‍ത്തനരഹിതമായാല്‍ മാത്രമെ ഇതുമൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളായ ഛര്‍ദി, വിളര്‍ച്ച, ശ്വാസംമുട്ട്, നീര്‍ക്കെട്ട്, മൂത്രത്തിന്റെ അളവിലുള്ള കുറവ് എന്നീ ബാഹ്യലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ. ഇവ മുന്‍കൂട്ടി മനസിലാക്കുന്നതിനായി വര്‍ഷംതോറും രക്തത്തിലെ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവ പരിശോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം വൃക്കസ്തംഭനം സംഭവിക്കുകയും വൃക്കമാറ്റിവയ്ക്കല്‍, ഡയാലിസിസ് എന്നീ ചെലവേറിയ ചികിത്സാ രീതികള്‍ അശ്രയിക്കേണ്ടതായും വന്നേക്കും. വൃക്കസ്തംഭനം സംഭവിക്കുന്നവരിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരുന്നതായി കാണാം. ചിലപ്പോള്‍ മരുന്നുകളുടെ ഉപയോഗം കൂടാതെതന്നെ പഞ്ചസാരയുടെ തോത് സാധാരണനിലയിലായി പ്രമേഹരോഗം പൂര്‍ണമായും സുഖപ്പെട്ടതായി കാണുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ മാന്ദ്യമാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്റെ ഏതാണ്ട് 25 ശതമാനത്തോളം അപചയം നടക്കുന്നത് വൃക്കകളിലാണ്. വൃക്കസ്തംഭനം ഉണ്ടാകുമ്പോള്‍ ഈ പ്രക്രിയയ്ക്ക് തടസം വരികയും ഇന്‍സുലിന്‍ രക്തത്തില്‍ കൂടുതല്‍ സമയം കാണപ്പെടുകയും ഇവ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നതിനാലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്, അല്ലാതെ പ്രമേഹം സുഖപ്പെടുത്തുന്നതുകൊണ്ടല്ല. അതിനാല്‍ മരുന്നുകളുടെ ഉപയോഗമില്ലാതെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാകുക, മുമ്പ് ഉപയോഗിച്ചിരുന്ന തോതില്‍ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ പഞ്ചസാര നിയന്ത്രണ വിധേയമാകുക എന്നീ സാഹചര്യങ്ങള്‍ വരുമ്പോള്‍ വൃക്കരോഗങ്ങള്‍ സംശയിക്കേണ്ടതാണ്.

പ്രമേഹം മസ്തിഷ്കത്തെയും നാഡികളെയും ബാധിക്കുന്ന അവസ്ഥയെയാണ് ഡയബെറ്റിക് ന്യൂറോപ്പതി എന്ന് പറയുന്നത്. പ്രമേഹരോഗികള്‍ക്ക് പക്ഷാഘാതം (Stroke) ഉണ്ടാകാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൈകളിലും കാലുകളിലുമുള്ള നാഡികളെ ബാധിക്കുമ്പോഴാണ് പെരുപ്പ്, സൂചി കൊണ്ട് കുത്തുന്നതുപോലുള്ള തോന്നല്‍, സ്പര്‍ശനം അറിയാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സ്പര്‍ശനം, വേദന എന്നിവ അറിയാതിരിക്കുന്ന അവസ്ഥയില്‍ ചെറിയ മുറിവുകള്‍ അറിയാതെ പോകുകയും ഇവയ്ക്ക് രോഗാണുബാധയുണ്ടായി വലിയ വ്രണങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. കൈകാലുകളിലെ രക്തക്കുഴലുകളില്‍ കൊഴുപ്പുകള്‍ അടിഞ്ഞുകൂടി രക്ത ഓട്ടം കുറയുന്നതും ഈ വ്രണങ്ങള്‍ വലുതാകുന്നതിന് കാരണമാകുന്നു. കൈകാലുകള്‍ മുറിച്ചുമാറ്റപ്പെടേണ്ടി വരുന്നതിന്റെ ഒരു പ്രധാന കാരണം പ്രമേഹം തന്നെയാണ്. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി പ്രമേഹരോഗികള്‍ ദിനംപ്രതി ശരീരത്തിന്റെ, പ്രത്യേകിച്ചും കാലുകളുടെ, ശുചിത്വം ഉറപ്പാക്കേണ്ടതാണ്.

പ്രമേഹം കണ്ണുകളെ ബാധിക്കുന്ന അവസ്ഥയെ ഡയബെറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നു. അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണം പ്രമേഹമാണ്. നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണപ്പെടുന്ന റെറ്റിന എന്ന ഭാഗത്തില്‍ രോഗം വരുത്തുന്ന മാറ്റങ്ങള്‍ സ്ഥിരമായ അന്ധതയിലേക്ക് നയിക്കാം. തിമിരത്തിനുള്ള സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ്.

ഹൃദ്രോഗ നിരക്ക് പ്രമേഹരോഗികളില്‍ ഗണ്യമായി കൂടുതലാണ്. പ്രമേഹരോഗമില്ലാത്ത ഒരു ഹൃദ്രോഗിയ്ക്ക് പിന്നീട് ഒരു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കൂട്ടരുടെ അത്രതന്നെ സാധ്യത ഹൃദ്രോഗമുണ്ടാകാന്‍ ഒരു പ്രമേഹരോഗിയ്ക്ക് ഉണ്ടെന്നാണ് വസ്തുത. അതായത്, പ്രമേഹരോഗി, ഹൃദയാഘാതത്തെ സംബന്ധിച്ചിടത്തോളം ഇതിനോടകം തന്നെ ഹൃദയാഘാതമുണ്ടായിട്ടുള്ള വ്യക്തിക്ക് സമാനനെന്ന് സാരം. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദന പലപ്പോഴും അനുഭവപ്പെടാത്തതുകൊണ്ട് രോഗം കണ്ടുപിടിക്കുവാന്‍ താമസം വരാറുണ്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം ഹൃദയാഘാതമുണ്ടാക്കാവുന്ന മറ്റു കാരണങ്ങളായ രക്തസമ്മര്‍ദവും കൊഴുപ്പിന്റെ അളവും ക്രമീകരിക്കേണ്ടതാണ്.

ഇതിനൊക്കെ എന്താണ് പ്രതിവിധി

പ്രമേഹത്തിന്റെ ചികിത്സയ്ക്ക് പ്രധാനമായും നാല് മാര്‍ഗങ്ങളാണുള്ളത് ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകള്‍, ക്രമമായ പരിശോധന എന്നിവ.

ഊര്‍ജം (Calorie) അധികം അടങ്ങിയ ഭക്ഷണങ്ങളായ മധുരം, കൊഴുപ്പ് എന്നിവയാണ് ഒഴിവാക്കേണ്ടത്. അന്നജം (അരി, കിഴങ്ങുവര്‍ഗങ്ങള്‍) അമിതമാകുവാനും പാടില്ല. എല്ലാത്തരം പച്ചക്കറികളും യഥേഷ്ടം കഴിക്കാവുന്നതാണ്. വളരെ കുറഞ്ഞ തോതില്‍ പഴവര്‍ഗങ്ങള്‍ ഭക്ഷിക്കാവുന്നതാണ്. പഴുത്ത മാങ്ങയും ചക്കയും വര്‍ജിക്കേണ്ടതാണ്. ഇവയില്‍ നിന്നുമുള്ള പഞ്ചസാര വളരെ ഉയര്‍ന്നതോതില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാലാണിത്.

ചിട്ടയായ വ്യായാമം വളരെ പ്രധാനമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനോടൊപ്പം രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുവാനും വ്യായാമം സഹായിക്കുന്നു. ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെ ശരീരം വിയര്‍ത്തുകൊണ്ട് നടക്കുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അതുമൂലം പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു.

പ്രമേഹ ചികിത്സക്കായി പലതരം മരുന്നുകള്‍ ലഭ്യമാണ്. ഇവയെ രണ്ടായി തരംതിരിക്കാം ഗുളികകളും ഇന്‍സുലിനും. ഗുളികകളെ പ്രധാനമായും മൂന്നായി തിരിക്കാം.

കുടലില്‍ നിന്നുമുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നവയാണ് ആദ്യ വിഭാഗത്തിലുള്ളവ. ഇന്‍സുലിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്ന ഗുളികകളാണ് രണ്ടാമത്തെ വിഭാഗം. പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിനെ പുറപ്പെടുവിക്കുന്ന തരം ഗുളികകളാണ് മറ്റൊരു വിഭാഗം.

ഭൂരിപക്ഷം പ്രമേഹരോഗികളും കഴിക്കുന്ന ഇത്തരം ഗുളികകള്‍ ഇന്‍സുലിനെ ഉത്പാദിപ്പിക്കുകയല്ല, മറിച്ച് ഇന്‍സുലിനെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും പുറത്തെടുക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ ഈ വിഭാഗം ഗുളികകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുവാനുള്ള ശേഷി ഉണ്ടായിരിക്കണം. ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഈ ശേഷി പ്രമേഹരോഗികളില്‍ കാലക്രമേണ കുറഞ്ഞുവരുന്നതിനാലാണ് കുറെ വര്‍ഷങ്ങള്‍ക്കുശേഷം ചിലപ്പോള്‍ ഗുളികകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത്. ഏതു വിഭാഗത്തിലുള്ള ഗുളികകളാണ് ഒരു രോഗിക്ക് ഉത്തമമെന്നത് രോഗിയുടെ ശരീരപ്രകൃതവും പഞ്ചസാരയുടെ അളവും മറ്റ് രോഗങ്ങളുടെ സാന്നിധ്യവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.

പ്രമേഹരോഗചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഔഷധം ഇന്‍സുലിന്‍ തന്നെയാണ്. പല സാഹചര്യങ്ങളിലും ഇന്‍സുലിന്‍ അത്യന്താപേക്ഷിതമായി വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗുളികകള്‍ കൊണ്ട് മാത്രം നിയന്ത്രിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരക്കാര്‍ക്ക് തുടര്‍ച്ചയായ ഇന്‍സുലിന്‍ ചികിത്സ തന്നെ വേണ്ടിവരുന്നു. ഗര്‍ഭിണികള്‍ക്കും ശസ്ത്രക്രിയാ വേളകളിലും ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്ന അവസരങ്ങളിലും ഇന്‍സുലിന്‍ താത്കാലികമായി നല്‍കേണ്ടതായി വരുന്നു. ഈ അവസ്ഥകള്‍ തരണം ചെയ്യുമ്പോള്‍ വീണ്ടും ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. പ്രധാനമായും കുട്ടികളില്‍ കാണുന്ന Type 1 ഡയബറ്റിസിലും ഇന്‍സുലിന്‍ മാത്രമാണ് ചികിത്സാവിധി.

ചിട്ടയായ പരിശോധന പ്രമേഹരോഗ ചികിത്സയുടെ മറ്റൊരു സുപ്രധാന ഘടകമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി പരിശോധിക്കണം. ഗ്ളൂക്കോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് സ്വന്തമായി ഇത് പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ മൂന്നുമാസത്തിലെ പഞ്ചസാരയുടെ അളവ് വ്യക്തമാക്കുന്ന HbA,c എന്ന പരിശോധനയും വളരെ പ്രയോജനകരമാണ്.

പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ തിരിച്ചറിയുവാനായി നേത്രപരിശോധന, മൂത്രത്തിലെ ആല്‍ബുമിന്റെ അളവ് നിര്‍ണയം, രക്തത്തിലെ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ നിര്‍ണയം, പാദപരിശോധന, ഹൃദയത്തിന്റെ തകരാറുകള്‍ മനസിലാക്കുവാന്‍ ഇ സി ജി (ECG) എന്നിവ വര്‍ഷത്തിലൊരിക്കലെങ്കിലും ചെയ്യേണ്ടതാണ്.

രക്തത്തിലെ കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിച്ചു നിറുത്തേണ്ടതാണ്. രക്തസമ്മര്‍ദ്ദം 130/80 ല്‍ താഴെ നിറുത്തേണ്ടതാണ്.

അമിതവണ്ണം ഉണ്ടെങ്കില്‍ അതും നിയന്ത്രിക്കേണ്ടതാണ്.

വളരെക്കാലത്തെ പഠനങ്ങളിലൂടെ ആര്‍ജിച്ച ചികിത്സാവിധികളിലൂടെ പ്രമേഹരോഗത്തെ നിയന്ത്രിക്കുവാനും അതു മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സാധ്യമാണ്. അമിതവണ്ണവും വ്യായാമമില്ലായ്മയും ഒഴിവാക്കുന്നതുമൂലം രോഗത്തിന്റെ നിരക്ക് സമൂഹത്തില്‍ കുറയ്ക്കുവാന്‍ സാധിക്കും. ചിട്ടയായ ഭക്ഷണ ക്രമീകരണങ്ങളും ക്രമമായ വ്യായാമവും പാലിക്കുന്നതിനോടൊപ്പം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സാ വിധികള്‍ പിന്തുടരുകയും ചെയ്താല്‍ പ്രമേഹം നിയന്ത്രണവിധേയമാകുകയും അതുമൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ബാധിക്കാതിരിക്കുകയും കൂടുതല്‍ വര്‍ഷം സുഖകരവും ഫലപ്രദവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും സാധിക്കും.

(ലേഖകന്‍: ഡോ.ഷിബു. കടപ്പാട്: യുവധാര 2007 ഒക്ടോബര്‍ ലക്കം)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അനുദിനം വര്‍ധിച്ചുവരുന്ന പ്രമേഹരോഗികളുടെ എണ്ണം ലോകത്തിലെ, പ്രത്യേകിച്ചും ഭാരതത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 2010 ഓടുകൂടി ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ള രാജ്യം ഇന്ത്യയായിരിക്കും. ഇന്ത്യയെ ലോകത്തിന്റെ പ്രമേഹരോഗത്തിന്റെ തലസ്ഥാനം (diabetical capital) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രമേഹരോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോ.ഷിബു എഴുതിയ ലേഖനം.

Inji Pennu said...

നല്ല ലേഖനം. ഇതൊരു ഗൌരവമേറിയ സംഗതിയാണ്. പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. ഇന്ത്യക്കാരുടെ ജീ‍ന്‍ മോഡിഫിക്കേഷന്‍സ് കാരണം പ്രമേഹം ഉണ്ടാവാനുള്ള സാധ്യത പാശ്ചാത്യരേക്കാളും കൂടുതലാണ്, എങ്കിലും നമ്മളിപ്പോള്‍ പാശ്ചാത്യ ലൈഫ് സ്റ്റൈലിനു അടിമപ്പെടുകയാണ്. പ്രമേഹം വരുന്നത് പഞ്ചസാര മാത്രം കഴിച്ചുകൊണ്ടല്ല. ചോറ് കപ്പ പോലുള്ള സ്റ്റാര്‍ച്ച് കൂടുതല്‍ കഴിക്കുന്നതുകൊണ്ടാണ്. അതുമല്ല പ്രോസസ്ഡ് ഫൂഡ്സ് ഒക്കെ കഴുച്ച് വെയിസ്റ്റ് ലൈന്‍ ഇപ്പോള്‍ പൊട്ടും എന്ന രീതിയിലായിട്ടുണ്ട് ചെറുപ്പക്കാരുടെ വരെ. ഇന്ത്യയില്‍ നല്ലൊരു അവേര്‍നെസ്സ് പ്രമേഹത്തിനെതിരെ കൊണ്ട് വരേണ്ടിയിരിക്കുന്നു.

Anonymous said...

വളരെ നല്ല , ഉപയോഗപ്രദമായ പോസ്റ്റ്
വര്‍ക്കേഴ്സ് ഫോറത്തിനു
അഭിനന്ദനങ്ങള്‍

Anonymous said...

പണ്ടെങ്ങും ഇല്ലാത്ത രീതിയില്‍ പ്രമേഹ രോഗികളുടെ വര്‍ധനവിന് കാരണം കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. മണ്ണില്‍ അവശ്യം അടങ്ങിയിരിക്കേണ്ട സന്തുലിതമായ മൂലകങ്ങള്‍ പാരിസ്ഥിതികമലിനീകരണം കാരണം (രാസ, കള, കുമിള്‍, കീടനാശിനികള്‍) താളംതെറ്റി എന്നതല്ലെ വാസ്തവം. അതിന് ഉദാഹരണം ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെഡിക്കല്‍ ജര്‍ണലില്‍ പ്രസിദ്ധീകരിച്ച മഗ്നീഷ്യത്തിന്റെ കുറവ് പ്രമേഹത്തിന് കാരണമാകുന്നു എന്നത്. രാസവളത്തിലെ നൈട്രജന്‍ മണ്ണിലെ മഗ്നീഷ്യം കുറയുവാന്‍ കാരണമാകുന്നു. അതേപോലെ ഓരോ പെസ്റ്റിസൈഡും മാരകമായ പല രോഗങ്ങളും ക്ഷണിച്ചു വരുത്തുന്നു.