Thursday, November 1, 2007

ക്യൂബ - സ്വയം നിര്‍മ്മിക്കുന്ന ഒരു ജനത

ഒരു മൂന്നാം ലോകരാജ്യമായ ക്യൂബയുടെ സാമൂഹ്യപുരോഗതി വിസ്മയകരവും പല കാര്യങ്ങളിലും അയല്‍പക്കക്കാരായ അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്നതുമാണ്. യു എന്‍ ഡി പി യുടെ മനുഷ്യ വികസന റിപ്പോര്‍ട്ട് (2006)ലെ കണക്കുകള്‍ ഇതിനുദാഹരണമാണ്. ക്യൂബയുടെ ഏറ്റവും ഉജ്ജ്വലമായ നേട്ടം ആരോഗ്യമേഖലയിലാണ്. ഒരുലക്ഷം പേര്‍ക്ക് 591 ഡോക്ടര്‍മാരാണ് ക്യൂബയിലുള്ളത്. അമേരിക്കയില്‍ ഇതിന്റെ പകുതിയേയുള്ളൂ. ഒരു ലക്ഷത്തിന് 256 മാത്രം.

ജനനസമയത്ത് ഭാരക്കുറവുള്ള കുട്ടികള്‍ ക്യൂബയില്‍ 100-ന് 6 ആണെങ്കില്‍ അമേരിക്കയില്‍ ഇത് 8 ആണ്. ക്യൂബയിലെ ആയൂര്‍ദൈര്‍ഘ്യം അമേരിക്കയ്ക്കൊപ്പമാണ് , 77.3. ശിശുമരണനിരക്ക് ക്യൂബയില്‍ ആയിരത്തിന് 5.3 ആണെങ്കില്‍ അമേരിക്കയില്‍ 7 ആണ്. ഈ നേട്ടങ്ങളൊന്നും യാദൃശ്ചികമല്ല. സാമൂഹ്യമേഖലകള്‍ക്ക് ക്യൂബ നല്‍കുന്ന ഊന്നലും പരിഗണനയുമാണ് ഈ പുരോഗതിക്ക് നിദാനം. ആഗോളവല്‍കരണ കാലത്ത് ഈ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന പ്രവണതയാണ് ഇന്ത്യയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെല്ലാം കാണുന്നത്. എന്നാല്‍ ക്യൂബയില്‍ സ്ഥിതി അതല്ല. വിദ്യാഭ്യാസരംഗത്ത് ദേശീയ വരുമാനത്തിന്റെ 9.7%വും ആരോഗ്യമേഖലയില്‍ 6.3%വും ക്യൂബ ചെലവഴിക്കുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് ദേശീയ വരുമാനത്തിന്റെ 6% നീക്കിവെക്കണമെന്ന കോത്താരി കമ്മീഷന്‍ ശുപാര്‍ശ നാലുപതിറ്റാണ്ടിനുശേഷവും നടപ്പായിട്ടില്ല എന്നോര്‍ക്കണം.

പോളിക്ലിനിക്

ഹവാനയ്ക്കടുത്തുള്ള കെയ്‌മിറ്റോ മുനിസിപ്പിലാറ്റിയിലെ ഒരു പോളിക്ലിനിക് ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സാമൂഹ്യ പുരോഗതിയില്‍, വിശേഷിച്ച് ജനകീയാരോഗ്യരംഗത്ത് ലോകശ്രദ്ധ നേടിയ മുന്നേറ്റം കൈവരിച്ച കേരളത്തില്‍ നിന്നെത്തിയ ഞങ്ങള്‍ക്ക് അതൊരു അപൂര്‍വ അനുഭവമായി മാറി. നമ്മുടെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമാനമായ ഈ പോളിക്ലിനിക് പക്ഷേ സൌകര്യങ്ങളുടെ കാര്യത്തില്‍ സങ്കല്പിക്കാനാവാത്തത്ര മുന്നിലാണ്. 13 ഡോക്ടര്‍മാരും 67 നഴ് സുമാരുമുള്ള ഇവിടെ കാര്‍ഡിയോളജി, ദന്തല്‍, പീഡിയാട്രിക് , സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളും അത്യാധുനിക ലാബറട്ടറി, അള്‍ട്രാസൌണ്ട് സ് കാന്‍, എക്സ് റേ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏറെ ആകര്‍ഷകമായി തോന്നിയത് ആശുപത്രിയുടേയും മരുന്നിന്റേയും മടുപ്പിക്കുന്ന ഗന്ധമോ അന്തരീക്ഷമോ അവിടെ തീരെയില്ല എന്നതാണ്. വിശാലമായ കോമ്പൌണ്ടിനകത്ത് മനോഹരമായ ഉദ്യാനങ്ങളും പുല്‍ത്തകിടികളും ഒരുക്കിയിരിക്കുന്നു. ധാരാളം ശുദ്ധവായുവും വെളിച്ചവുമുള്ള വളരെ സ്വച്ഛവും ഹൃദ്യവുമായ അന്തരീക്ഷം.

30,000 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ 600 പോളിക്ലിനിക്കുകള്‍ രാജ്യത്താകെയുണ്ട്. ഓരോ പോളിക്ളിനിക്കില്‍ നിന്നും 10 മിനിറ്റിനകം എത്താവുന്ന ദൂരത്തില്‍ ആശുപത്രികളുമുണ്ട്. പ്രതിദിനം 55-65 പേര്‍ പോളിക്ലിനിക്കുകള്‍ സന്ദര്‍ശിക്കാറുണ്ട്. കൂടുതല്‍ വിദഗ്ദ്ധചികിത്സ ആവശ്യമായവരെ ആശുപത്രികളിലേക്ക് മാറ്റും. പോളിക്ലിനിക്കുകളില്‍ സാധാരണഗതിയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ആരെയും കിടത്തി ചികിത്സിക്കാറില്ല. ഓരോ പോളിക്ലിനിക്കിനോടും അനുബന്ധിച്ച് ലഹരിവിമുക്ത ചികിത്സാര്‍ഥം പുനരധിവാസകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. പോളിക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ പൂര്‍ണമായും സൌജന്യമാണ്. ഇതിനുപുറമെ ഓരോ 50 വീടുകളടങ്ങുന്ന അയല്‍ക്കൂട്ടത്തിനും ഓരോ ഡോക്ടറുടെ സേവനം ലഭ്യമാണ്. ഓരോ വീട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍ നേരിട്ടെത്തി പരിശോധിക്കുന്നു ! ആരോഗ്യരംഗത്തെ മികവില്‍ കൊച്ചുക്യൂബ അമേരിക്കയെപ്പോലും പിന്നിലാക്കുന്നതിന്റെ രഹസ്യം അങ്ങേയറ്റം കാര്യക്ഷമവും പരിപൂര്‍ണമായും സൌജന്യവുമായ ഈ ത്രിതല സംവിധാനമാണ്.

ഫിദലിന്റെ കൈ

ആരോഗ്യരംഗത്തെ തങ്ങളുടെ വമ്പിച്ച നേട്ടങ്ങള്‍ മറ്റ് മൂന്നാം ലോകരാജ്യങ്ങളുമായി പങ്കുവെയ്ക്കുകയും അതിന്റെ പ്രയോജനം അവിടത്തെ പാവപ്പെട്ടവര്‍ക്കുകൂടി ലഭ്യമാക്കുകയും ചെയ്യുന്ന ക്യൂബയുടെ മാതൃക അനുപമമാണ്. മൂന്നാം ലോകത്തോടുള്ള ക്യൂബയുടെ ഐക്യദാര്‍ഢ്യത്തിന്റെ ഉജ്ജ്വല പ്രതീകമാണ് ഹവാന നഗരത്തില്‍നിന്ന് അല്പമകലെ കരീബിയന്‍ കടല്‍തീരത്തായി സ്ഥിതിചെയ്യുന്ന ലാറ്റിനമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന മഹത് സ്ഥാപനം. ലോകത്തെ ഏതൊരു പ്രമുഖ മെഡിക്കല്‍ യൂണിവേഴ്സിറ്റിയോടും കിടപിടിക്കുന്ന അത്യുന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണിത്. 2000ത്തില്‍ ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 15,000ത്തോളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ 3000ത്തോളം വിദേശ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും ഞങ്ങളുടെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിരുന്നു. എന്നാല്‍, യാത്ര വൈകിയതുമൂലം ഈ പരിപാടിയും ഞങ്ങള്‍ക്ക് നഷ്ടമായി.

ഈ സ്ഥാപനത്തില്‍ പഠിക്കുന്നവരില്‍ ഏതാണ്ടെല്ലാ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുണ്ട്. അവികസിതമായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്കും ഈ സ്ഥാപനം ആശ്രയമാകുന്നു. ഇവിടെയും പഠനം പരിപൂര്‍ണമായി സൌജന്യമാണ്. ഇതിനു പുറമെ ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതാത് രാജ്യങ്ങളുടെ അഭ്യര്‍ഥനപ്രകാരം സേവനം നടത്തുന്ന ആയിരക്കണക്കിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യത്തിന്റെ അംബാസഡര്‍മാരാണ്.

ഭൂകമ്പമുണ്ടായ പാക്കിസ്ഥാനിലും സുനാമി കൊടിയ ദുരന്തം വിതച്ച ശ്രീലങ്കയിലും വരെ നൂറുകണക്കിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ക്യൂബന്‍ മെഡിക്കല്‍ സംഘം പറന്നെത്തി എന്നത് ദുരിതമനുഭവിക്കുന്ന മനുഷ്യരോടുള്ള അനുകമ്പയ്ക്കും ഐക്യപ്പെടലിനും ഭൂമിശാസ്ത്രപരമായ അകലം പ്രശ്നമല്ല എന്നു തെളിയിച്ചു. അമേരിക്കന്‍ തീരങ്ങളില്‍ കത്രീന ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയും ന്യൂ ഓര്‍ലിയന്‍സിലെ പാവപ്പെട്ടവരും കറുത്തവരും കൂട്ടത്തോടെ മരിക്കുകയും ഒറ്റപ്പെടുകയും ചെയ്തപ്പോള്‍ അവരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കാനുള്ള സന്നദ്ധത ഫിദല്‍ അമേരിക്കയെ അറിയിക്കുകയുണ്ടായി.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ദ്രോഹനടപടികള്‍ക്ക് നിരന്തരം ഇരയാകുമ്പോഴും അവിടുത്തെ മനുഷ്യരെ സഹായിക്കാനുള്ള വാഗ്ദാനത്തിലൂടെ വിപ്ലവത്തിന്റെ മാനവികമായ മുഖവും ധാര്‍മികമായ കരുത്തുമാണ് ഫിദല്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ദുരഭിമാനികളായ ബുഷ് ഭരണകൂടം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടായിട്ടും ന്യൂ ഓര്‍ലിയന്‍സില്‍ വന്‍നാശം സംഭവിച്ചതിനു കാരണമായത് അമേരിക്കന്‍ ഭരണകൂടത്തിന്റെ പരാജയവും പാവപ്പെട്ടവരോടുള്ള കുറ്റകരമായ ഉദാസീനതയുമാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നുവരികയുണ്ടായി. അമേരിക്കയ്ക്ക് വലിയ നാണക്കേട് വരുത്തിവെച്ച സംഭവമായിരുന്നു അത്. അതേസമയം ക്യൂബന്‍ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചെങ്കിലും കാര്യക്ഷമമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിലൂടെ ഒരു മനുഷ്യജീവന്‍പോലും നഷ്ടപ്പെടാന്‍ ഇടയായില്ല എന്നത് രണ്ടു രാജ്യങ്ങളും വ്യവസ്ഥകളും തമ്മിലുള്ള അന്തരത്തിന്റെ തെളിവായി. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പൊളിവചനങ്ങള്‍ക്കുള്ള മുഖമടച്ച പ്രഹരം കൂടിയായി ഈ സംഭവങ്ങള്‍.

ലഹരി വിമുക്തിക്കുവേണ്ടിയുള്ള ചികിത്സയ്ക്ക് ഏറെ പ്രശസ്തമാണ് ക്യൂബ. അതിനുള്ള നിരവധി ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങള്‍ പോളിക്ലിനിക്കുകള്‍ക്ക് അനുബന്ധമായും പ്രത്യേകമായും പ്രവര്‍ത്തിക്കുന്നു. വളരെ ഫലപ്രദവും കാര്യക്ഷമവുമായ ഇവിടുത്തെ ചികിത്സ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മയക്കുമരുന്നിന്റെയും മരണത്തിന്റെയും അഗാധഗര്‍ത്തങ്ങളില്‍നിന്ന് ജീവിതത്തിന്റെ കോര്‍ട്ടിലേക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത് ക്യൂബയിലെ ചികിത്സയിലൂടെയായിരുന്നു. മരണക്കയത്തില്‍ നിന്ന് മയക്കുമരുന്നിന്റെയും കടുത്ത ഹൃദ്രോഗത്തിന്റെയും കെണികളൊന്നൊന്നായി മറികടന്ന് മുന്നേറാന്‍ മറഡോണക്ക് തുണയായത് ദൈവത്തിന്റെ കൈ ആയിരുന്നില്ല. മഹാനായ ഫിദലിന്റെ കൈ ആയിരുന്നു. ഫിദല്‍ നേരിട്ട് താല്പര്യമെടുത്താണ് മരണാസന്നനായിരുന്ന മറഡോണയെ ഹവാനയിലെത്തിച്ച് ചികിത്സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നത്. ആദ്യമായി ഫിദലിനെ നേരിട്ട് കാണുകയും ഹസ്തദാനം നടത്തുകയും ചെയ്ത നിമിഷത്തിലെ അനിര്‍വചനീയമായ അനുഭൂതിയെക്കുറിച്ചുള്ള മാറഡോണയുടെ മനോഹരമായ ഒറ്റവാചകം ഇങ്ങനെ.

എനിക്ക് അദ്ദേഹത്തെ തൊട്ടപ്പോള്‍ ആകാശത്തെ കൈനീട്ടിതൊടുന്നതുപോലെ തോന്നി.

മാറഡോണക്കു മാത്രമല്ല ലോകത്തെമ്പാടുമുള്ള നിന്ദിതരും പീഡിതരുമായ ജനകോടികള്‍ക്കാകെ ഫിദല്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന വിപ്ലവകാരിയാണ്. മറഡോണയെപ്പോലെ ലാറ്റിനമേരിക്കയിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഇടനെഞ്ചില്‍ അനശ്വരനായ ചെയോടൊപ്പം ഫിദലിന്റെ രൂപവും പച്ചകുത്തിയിരിക്കുന്നത് വെറുതെയല്ല.

അറിവിന്റെ ഉദ്യാനത്തില്‍

കെയ് മിറ്റോയിലെ തന്നെ ഒരു സീനിയര്‍ സെക്കന്‍ഡറി സ്കൂളും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രമുഖ വിപ്ലവകാരി റാമോണ്‍ ലോപെസ് പിനായുടെ പേരിലുള്ള സ്കൂള്‍ ഒരു പൂങ്കാവനം പോലെ തോന്നിച്ചു. ജൂലായ്, ആഗസ്റ്റ് മാസം ക്യൂബയിലെ അവധിക്കാലമായതിനാല്‍ സ്കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും അവിടുത്തെ സൌകര്യങ്ങളും കണ്ടുമനസ്സിലാക്കാനായി. ക്ലാസ് മുറികളും പഠനസംവിധാനങ്ങളും അത്യാധുനികമാണ്. കമ്പ്യൂട്ടറും ടിവി.യും എല്ലാ ക്ലാസ് മുറികളിലുമുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെയാണ് അധ്യയനം. അധ്യാപക-വിദ്യാര്‍ഥി അനുപാതമാകട്ടെ 1:15 മാത്രമാണ്.

രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സ്കൂള്‍ പ്രവൃത്തിസമയം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം സര്‍ക്കാര്‍ ലഭ്യമാക്കും. അതിനാവശ്യമായ അടുക്കളയും ജോലിക്കാരും സ്കൂളുകളില്‍ തയ്യാര്‍. ഞങ്ങള്‍ സന്ദര്‍ശനം നടത്തിയ സ്കൂളില്‍ 575 വിദ്യാര്‍ഥികളാണുള്ളത്. മികച്ച ലാബറട്ടറിയും വര്‍ക്കുഷോപ്പും അവിടെയുണ്ട്. ധാരാളം ചെടികളും പൂക്കളുമെല്ലാമായി സ്കൂളിന്റെ മുറ്റത്ത് മനോഹരമായ ഒരു ഉദ്യാനം ഒരുക്കിയിരിക്കുന്നു. വൃത്തിയുള്ള വരാന്തകളില്‍ നിറയെ പൂച്ചെടികള്‍ വേറെയും. മനോഹരമായ ചുമര്‍ചിത്രങ്ങളില്‍ നാടിന്റെ ചരിത്രവും വിപ്ലവകാരികളുടെ ജീവിതവും ചിത്രീകരിച്ചിരിക്കുന്നു. ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ടുകളും മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്നു. സിലബസില്‍ പ്രഥമ ശുശ്രൂഷ മുതല്‍ രാജ്യരക്ഷവരെ ഉള്‍പ്പെടും എന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ദ്വിഭാഷി ഒഡാലിസ് വിശദീകരിച്ചുതന്നു. വിദ്യാഭ്യാസം ഏതുതലം വരെയും തീര്‍ത്തും സൌജന്യമാണ്. ഫീസില്ലെന്നു മാത്രമല്ല, എല്ലാ പഠനോപകരണങ്ങളും സര്‍ക്കാര്‍ സൌജന്യമായി നല്‍കുകയും ചെയ്യുന്നു.

ക്യൂബയില്‍ 122 സ്കൂളുകളില്‍ ഓരോ വിദ്യാര്‍ഥി മാത്രമാണുള്ളത്. 1068 സ്കൂളുകളില്‍ 6-8 വിദ്യാര്‍ഥികളും 1032 സ്കൂളുകള്‍ 8-10 വിദ്യാര്‍ഥികളും പഠിക്കുന്നവയായുണ്ട്. ഇവിടങ്ങളിലെല്ലാം മേല്‍പ്പറഞ്ഞ സൌകര്യങ്ങളുമുണ്ട്. ഒരു വിദ്യാര്‍ഥി മാത്രമേയുള്ളുവെങ്കിലും വിദ്യാലയം തുറന്നിരിക്കും. ലാഭനഷ്ടക്കണക്കു നോക്കി സ്കൂള്‍ പൂട്ടുന്ന ഏര്‍പ്പാട് അവിടെയില്ല എന്നര്‍ഥം.

ക്യൂബയിലെ 169 മുനിസിപ്പാലിറ്റികളിലും സര്‍വകലാശാലകളുണ്ട്. വിദ്യാര്‍ഥികളെ യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുക എന്നതല്ല യൂണിവേഴ്സിറ്റിയെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ആര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശവും അവസരവും നിഷേധിക്കപ്പെടില്ല എന്ന് ക്യൂബ ഉറപ്പുവരുത്തുന്നു. വിദ്യാഭ്യാസം ഭരണകൂടത്തിന്റെ പരമപ്രധാന ഉത്തരവാദിത്തമായി തുടരുന്നു. വിദേശനിക്ഷേപം വിദ്യാഭ്യാസരംഗത്ത് തീര്‍ത്തും അസ്വീകാര്യമാണ് എന്നറിയുക. . ഒരു വികസിത രാജ്യത്ത് ചുരുങ്ങിയത് 20% പേരെങ്കിലും ഉന്നതവിദ്യാഭ്യാസം നേടണമെന്നാണ് വിദഗ്ദാഭിപ്രായം. ഇതിന്റെ ഇരട്ടിയിലേറെപ്പേര്‍ക്ക് മൂന്നാം ലോകരാജ്യമായ ക്യൂബയില്‍ ഉന്നത വിദ്യാഭ്യാസം പ്രാപ്യമായിരിക്കുന്നു. ഇന്ത്യയില്‍ ഇത് കേവലം 6-7% മാത്രമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ മറ്റൊന്നു കൂടി ക്യൂബ സാക്ഷാത്കരിച്ചിരിക്കുന്നു എന്നര്‍ഥം.

ജനാധിപത്യം കേവലമായ വോട്ടവകാശത്തിലും ഭൂരിപക്ഷത്തിലും അധിഷ്ഠിതമായ ഔപചാരിക ജനാധിപത്യത്തിന്റെ പരിമിതികളെ മറികടക്കുന്ന അഗാധമായ സോഷ്യലിസ്റ് ജനാധിപത്യത്തിന്റെ പ്രവര്‍ത്തനം ക്യൂബയില്‍ കാണാം. ജനകീയ അധികാരമാണ് ക്യൂബന്‍ ജനാധിപത്യത്തിന്റെ കാതല്‍.

ദേശീയ അസംബ്ലിയിലേയ്ക്കുള്ള തങ്ങളുടെ പ്രതിനിധികളെ നാലുവര്‍ഷത്തിലൊരിക്കല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. ഏറ്റവും ശ്രദ്ധേയമായ കാര്യം സ്ഥാനാര്‍ഥികളെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദേശിക്കാറില്ല എന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലേബലില്‍ ആര്‍ക്കും മത്സരിക്കാനാവില്ല. പാര്‍ട്ടിയംഗമല്ലാത്തവര്‍ക്കും മത്സരിക്കാം. പാര്‍ട്ടിയും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല എന്നര്‍ത്ഥം. 16 വയസ്സ് പൂര്‍ത്തിയായവര്‍ക്കെല്ലാം തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനും അര്‍ഹതയുണ്ടായിരിക്കും. ഇപ്പോഴത്തെ ദേശീയ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ വയസ്സ് 18 ആണ് ! മാനസികനില തെറ്റിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും മത്സരിക്കാന്‍ അവകാശമില്ല.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുകയുമില്ല. അവര്‍ ജോലി ചെയ്യുന്നിടത്തുനിന്നു മാത്രമേ ശമ്പളം ലഭിക്കൂ. ജനപ്രതിനിധി എന്ന നിലയില്‍ പ്രത്യേകം ശമ്പളമില്ല. ദേശീയ അസംബ്ലിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുണ്ടായിരിക്കും. 50% വോട്ട് ലഭിക്കുന്നവര്‍ മാത്രമേ വിജയിക്കുകയുള്ളൂ. ഫിദല്‍ കാസ്ട്രോയും ഈ വിധത്തില്‍ വേണം ദേശീയ അസംബ്ലിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാന്‍. തെരഞ്ഞെടുപ്പു നിയന്ത്രിക്കാന്‍ പോലീസോ പട്ടാളമോരംഗത്തുണ്ടാവില്ല. വിദേശ നയതന്ത്രജ്ഞരുള്‍പ്പെടെയുള്ള നിരീക്ഷകരെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ അനുവദിക്കുകയും ചെയ്യും.

ദേശീയ അസംബ്ലി അംഗങ്ങളില്‍ 37% വനിതകളാണ്. രണ്ടരവര്‍ഷം കൂടുമ്പോള്‍ മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുപ്പു നടക്കും. ഇതിനു താഴെ ഓരോ അയല്‍ക്കൂട്ട അടിസ്ഥാനത്തിലും വിപ്ലവസംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നു. 14 വയസ്സു തികഞ്ഞ ആര്‍ക്കും ഇതില്‍ അംഗമാകാം. ഈ സമിതികള്‍ തദ്ദേശസ്ഥാപനങ്ങളെന്ന പോലെ പ്രവര്‍ത്തിക്കുന്നു. അതാത് അയല്‍ക്കൂട്ടങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഗതാഗതം തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ടവും മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിയമവിരുദ്ധ-വിപ്ലവ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയലും ഈ സമിതികളുടെ ചുമതലയാണ്.

ഒമ്പത് ലക്ഷം അംഗങ്ങളുള്ള ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഇടപെടുന്നില്ല എന്ന് നാം കണ്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ പാര്‍ലിമെന്റിന്റെ അംഗീകാരത്തിന് വിധേയമായാണ് നടപ്പിലാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളും നയങ്ങളും ജനങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നില്ല. പാര്‍ട്ടി അംഗങ്ങളും അല്ലാത്തവരുമടങ്ങിയ പാര്‍ലിമെന്റിനാണ് പരമാധികാരം. അതായത് ജനങ്ങളാണ് പരമാധികാരികള്‍. മതവിശ്വാസികള്‍ പാര്‍ട്ടി അംഗമാകാന്‍ പാടില്ല എന്ന മുന്‍വ്യവസ്ഥ ഉപേക്ഷിച്ചത് ശ്രദ്ധേയമായ ഒരു മാറ്റമാണ്. ഇപ്പോള്‍ മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാം. മതത്തെയും വിശ്വാസത്തേയും സംബന്ധിച്ച വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടാണിത് എന്നുകാണാം.

ചൂഷണവിമുക്തമായ സമൂഹസൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ വിശ്വാസികളെക്കൂടി അണിനിരത്താന്‍ സഹായിക്കുന്ന സമീപനം കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നതിന് ഉദാഹരണമാണിത്. ക്യൂബയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയും വിപ്ലവനേതൃത്വമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയും എത്രമാത്രം ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാനാവും. ക്യൂബയിലെ ജനാധിപത്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലാകെയുമുള്ള സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തവും പദവിയും. വാഹനങ്ങളിലെ ഡ്രൈവര്‍ ജോലി മുതല്‍ പാര്‍ട്ടി നേതൃത്വത്തിലും ശാസ്ത്രസമൂഹത്തിലും വരെ സ്ത്രീകള്‍ക്ക് ഗണ്യമായ പങ്കാളിത്തമാണുള്ളത്. സ്ത്രീപുരുഷ തുല്യത യാഥാര്‍ഥ്യമായിത്തീര്‍ന്ന ഒരു സമൂഹമായി ക്യൂബ മാറിയിരിക്കുന്നു.

സോഷ്യലിസ്റ്റ് നിര്‍മിതിയുടെ പ്രശ്നങ്ങള്‍

ക്യൂബയിലെ വിപ്ലവ പ്രക്രിയയും സോഷ്യലിസ്റ്റ് നിര്‍മാണവും തീര്‍ത്തും കുറ്റമറ്റതാണെന്ന് അവര്‍ അവകാശപ്പെടുന്നില്ല. സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ചുള്ള അഗാധമായ ജ്ഞാനത്തിന്റെ കുറവ് തങ്ങള്‍ക്കുണ്ടെന്ന് ക്യൂബ വിനയപൂര്‍വം സമ്മതിക്കുന്നു. മറ്റേതെങ്കിലുമൊരു സോഷ്യലിസ്റ്റ് മാതൃക അതേപടി പകര്‍ത്തുകയല്ല ആവശ്യമെന്നും അവര്‍ തിരിച്ചറിയുന്നു. സാമ്രാജ്യത്വത്തിന്റെ പിളര്‍ന്ന വായയ്ക്കു മുമ്പില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഏറെക്കുറെ ലഭ്യമാക്കാന്‍ അവര്‍ക്കായിരിക്കുന്നു. തൊഴിലില്ലായ്മാ നിരക്ക് 1.9% മാത്രമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എത്രയോ നിസ്സാരം.

കാര്‍ഷിക-വ്യാവസായിക വളര്‍ച്ച ഇനിയും കൈവരിക്കേണ്ട പ്രധാന ലക്ഷ്യമാണ്. വിശേഷിച്ച് ഭക്ഷ്യധാന്യ ഇറക്കുമതിയോടുള്ള ആശ്രിതത്വം കുറയ്ക്കുക എന്നത്. ടൂറിസം വന്‍തോതില്‍ വിദേശനാണ്യം കൊണ്ടുവരുന്നതോടൊപ്പം വ്യഭിചാരം പോലുള്ള അനഭിലഷണീയ പ്രവണതകളെക്കൂടി കൊണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കാനും പടിപടിയായി തീര്‍ത്തും ഇല്ലാതാക്കാനുമുള്ള ശ്രമം ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. ഗതാഗത പ്രശ്നം വളരെ രൂക്ഷമാണ്. അടിയന്തിര നടപടികള്‍ ഇത് നേരിടാന്‍ ആവശ്യമാണ്. പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ സ്റ്റേറ്റ് മുന്‍ഗണന നല്‍കുന്നു. 2007 ല്‍ മാത്രം ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. ഊര്‍ജരംഗത്തെ മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിപ്പെടുത്താനും കഴിഞ്ഞാല്‍ മാത്രമേ കാര്‍ഷിക-വ്യാവസായിക വളര്‍ച്ച എന്ന ലക്ഷ്യം കൈവരിക്കാനാകൂ.

അമേരിക്കന്‍ ഉപരോധത്തെ അതിജീവിച്ചുകൊണ്ടുവേണം ഈ വെല്ലുവിളികള്‍ നേരിടാന്‍. സോവിയറ്റ് യൂണിയനെ അമിതമായി ആശ്രയിച്ചതിന്റെ ദൌര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന വിധത്തില്‍ സ്വാശ്രിതമായ ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള അതീവ ശ്രമകരമായ ദൌത്യത്തിലാണ് ഇന്ന് ക്യൂബ ഏര്‍പ്പെട്ടിട്ടുള്ളത്.

ജനങ്ങളുടെ പ്രത്യയശാസ്ത്ര ജാഗ്രതയും രാഷ്ട്രീയനിലവാരവും ഉയര്‍ത്തുക എന്നതും സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ മുഖ്യകടമയാണ്. അപൂര്‍വമെങ്കിലും അസാധാരണമല്ലാത്ത സാന്നിധ്യമുള്ള കരിഞ്ചന്തയും അഴിമതിയും കാര്യക്ഷമതാ രാഹിത്യവും ചെറുക്കുന്നതിന് അടിയന്തിര പരിഗണനയാണ് നല്‍കുന്നത്. ഇത് ചെറുക്കാന്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലവാരം ഉയര്‍ത്തുന്നതിലൂടെ മാത്രമേ സാധ്യമാകൂ. വിപ്ലവത്തിന്റെ അനുഭവങ്ങളില്ലാത്ത പുതിയ തലമുറയില്‍ വര്‍ധിക്കുന്ന ഉപഭോഗതൃഷ്ണയുടെ സ്വാധീനം ചെറുക്കാനും ഇതാവശ്യമാണ്. ഉന്നതവിദ്യാഭ്യാസം നേടിയ യുവതലമുറ കാര്‍ഷികവൃത്തിയോട് വിമുഖത പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങളെ ശരിയായി തിരിച്ചറിയാന്‍ ക്യൂബയിലെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ് പാര്‍ട്ടിയും യങ്ങ് കമ്യൂണിസ്റ് ലീഗും ഈ പ്രശ്നങ്ങളെ ശരിയായിത്തന്നെ അഭിസംബോധന ചെയ്യുന്നുണ്ട്.

Nobody can kill me

ചെയുടെ രണസ്മൃതികളുടെയും ഫിദലിന്റെ അനുപമമായ ദീര്‍ഘവീക്ഷണത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തിന്റെയും പിന്‍ബലത്തില്‍ ചൂഷണരഹിതമായ ജീവിതവ്യവസ്ഥ സ്വയം നിര്‍മ്മിക്കുന്ന ഒരു ജനതയുടെ ഇതിഹാസമാണ് ക്യൂബയില്‍ കാണാനായത്. ക്യൂബ ഒരു കൊച്ചുദ്വീപാണ്. ഭൂമിശാസ്ത്രപരമായി മാത്രമല്ല; തിരയടങ്ങാത്ത കടലിനും ചോരക്കൊതിപൂണ്ട സാമ്രാജ്യത്വ ദുരയുടെ കലിയടങ്ങാത്ത ക്രൂരതകള്‍ക്കും നടുവില്‍ പൊരുതിനില്‍ക്കുന്ന മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയുടെ ദ്വീപ്. അസാധാരണമായ ഈ നാടിന്റെയും ജനതയുടെയും താരതമ്യങ്ങളില്ലാത്ത നേതാവാണ് ഫിദല്‍.

സ്വന്തം ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെപ്പോലെ മരണക്കിടക്കയില്‍ നിന്നും സിംഹഗര്‍ജനവുമായി പോര്‍മുഖങ്ങളിലേക്ക് തിരിച്ചെത്തിയ ആരേയും അത്ഭുതപ്പെടുത്തുന്ന പോരാളി. വര്‍ഷങ്ങള്‍ക്കുശേഷം തന്നെത്തേടിവന്ന മുന്‍ കാമുകി സി ഐ. എ യുടെ വാടകക്കൊലയാളിയാണെന്ന് മനസ്സിലാക്കി സ്വന്തം പിസ്റള്‍ നീട്ടി വെടിവെയ്ക്കാന്‍ പറഞ്ഞുവത്രേ ഫിദല്‍. ഡിസ്കവറി ചാനല്‍ അടുത്ത ദിവസം സംപ്രേഷണം ചെയ്ത ഒരു പരിപാടിയില്‍ കാസ്ട്രോയുടെ മുന്‍കാമുകിയായ മൌറീഷ്യാ ലോറന്‍സ് ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. പിസ്റ്റള്‍ കയ്യില്‍പിടിച്ച് അമ്പരന്നു നിന്ന തന്നോട് ഫിദല്‍ ശാന്തനായി, ഉറച്ച സ്വരത്തില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നുവെന്ന് മൌറീഷ്യ - Nobody can kill me. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു ജനതയുടെ, അതിന്റെ ഇച്ഛാശക്തിയുടെ, അതുണര്‍ത്തിയ വിപ്ലവത്തിന്റെ പ്രതീകമാണ് താനെന്നായിരിക്കും ആ വാക്കുകളിലൂടെ ഫിദല്‍ ഉദ്ദേശിച്ചിരിക്കുക. ഹവാനയിലെ ജോസെമാര്‍ട്ടി വിമാനത്താവളത്തില്‍നിന്ന് യാത്രയാക്കാനെത്തിയ ഒഡാലിസിനോട് കൈവീശി യാത്രപറയുമ്പോള്‍ ഫിദല്‍ പ്രകടിപ്പിച്ച അതിജീവനത്തിന്റെ ദൃഢവിശ്വാസം ഞങ്ങളുടെ ഹൃദയത്തില്‍ പകരാന്‍ ക്യൂബയില്‍ ജീവിച്ച ദിനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

(ലേഖകന്‍: ശ്രീ.എം.ബി.രാജേഷ്. കടപ്പാട്: യുവധാര 2007 ഒക്ടോബര്‍ ലക്കം)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

ഈ യാത്രാവിവരണത്തിന്റെ ഒന്നാം ഭാഗം - ക്യൂബ കെട്ടുകഥകള്‍ക്കപ്പുറം ഒരു നേര്‍സാക്ഷ്യം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ക്യൂബ ഒരു കൊച്ചുദ്വീപാണ്. ഭൂമിശാസ്ത്രപരമായി മാത്രമല്ല; തിരയടങ്ങാത്ത കടലിനും ചോരക്കൊതിപൂണ്ട സാമ്രാജ്യത്വ ദുരയുടെ കലിയടങ്ങാത്ത ക്രൂരതകള്‍ക്കും നടുവില്‍ പൊരുതിനില്‍ക്കുന്ന മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയുടെ ദ്വീപ്. അസാധാരണമായ ഈ നാടിന്റെയും ജനതയുടെയും താരതമ്യങ്ങളില്ലാത്ത നേതാവാണ് ഫിദല്‍.

സ്വന്തം ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെപ്പോലെ മരണക്കിടക്കയില്‍ നിന്നും സിംഹഗര്‍ജനവുമായി പോര്‍മുഖങ്ങളിലേക്ക് തിരിച്ചെത്തിയ ആരേയും അത്ഭുതപ്പെടുത്തുന്ന പോരാളി.
ശ്രീ.ഏം.ബി.രാജേഷിന്റെ ക്യൂബന്‍ യാത്രാക്കുറിപ്പിന്റെ രണ്ടാം ഭാഗം.

K.P.Sukumaran said...

പാവം ക്യൂബ .... ക്യൂബയ്ക് വിശന്നാല്‍ നമ്മള്‍ക്കും വിശക്കും,ക്യൂബ കരഞ്ഞ്‍ാല്‍ നമ്മളും കരയും .. ക്യൂട്ട് ക്യൂബ ....

chithrakaran ചിത്രകാരന്‍ said...

നല്ല പൊസ്റ്റ്.

ഹാരിസ് said...

തുടരൂ...നിശ്ശ്ബ്ടമായി നിങ്ങളെ വായിക്കുന്ന ഒരു പാട് പേരുണ്ട് ഇവിടെ..