പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പറാണ് പിന്‍(PIN). ഇത് ഇന്ത്യയിലെ തപാല്‍ വിതരണമുള്ള എല്ലാ പോസ്റ്റോഫീസുകള്‍ക്കും നല്‍കിയിട്ടുള്ള ആറക്ക നമ്പറാണ്. പിന്‍കോഡിന്റെ ആദ്യ മൂന്നക്കങ്ങള്‍ കണ്ടാല്‍ പോസ്റ്റോഫീസ് ഏത് സംസ്ഥാനത്ത് ഏത് ജില്ലയില്‍ ആണെന്ന് പറയാന്‍ കഴിയുന്ന രീതിയില്‍ വളരെ ശാസ്ത്രീയമായാണ് നമ്പറിങ്ങ് നടത്തിയിട്ടുള്ളത്.
പിന്‍കോഡിന്റെ ആദ്യത്തെ അക്കം ഇത്യയെ എട്ട് ഭൂവിഭാഗങ്ങളായി തിരിച്ചിട്ടുള്ളതില്‍ ഒന്നിനെ കാണിക്കുന്നു. ‘6’ എന്ന അക്കം കേരളത്തിനും തമിഴ്‌നാടിനുമാണ്. ആദ്യ രണ്ടക്കങ്ങള്‍ കണ്ടാല്‍ സംസ്ഥാനം ഏതാണെന്ന് പറയാം. ‘60’ മുതല്‍ ‘64’ വരെ തമിഴ്‌നാടിനാണ്. ‘67’ മുതല്‍ ‘69’ വരെ കേരളത്തിനും. മൂന്നാമത്തെ അക്കം കൂടി ചേര്‍ത്താല്‍ സോര്‍ട്ടിങ്ങ് ജില്ലയായി. അതായത് കാസര്‍ഗോഡിന് ‘671’, തൃശ്ശൂരിന് ‘680’, തിരുവനന്തപുരത്തിന് ‘695’ എന്നിങ്ങനെ. ഇതിനോട് തുടര്‍ന്നുള്ള മൂന്ന് അക്കങ്ങള്‍ കൂടി ചേര്‍ത്താല്‍ അതാത് ജില്ലയിലെ പോസ്റ്റോഫീസ് നമ്പറുകളായി. ഉദാഹരണമായി ‘680 020’ എന്നത് തൃശ്ശൂര്‍ സിറ്റി പോസ്റ്റോഫീസിന്റെ നമ്പറാണ്.
നഗരപ്രദേശങ്ങളിലേക്ക് കത്തെഴുതുമ്പോള്‍ ടൌണ്‍ ഡെലിവറി നമ്പര്‍ കൃത്യമായി എഴുതാന്‍ ശ്രദ്ധിക്കണം. നാലാമത്തെ അക്കം ‘0’ വരുന്നത് ടൌണ്‍ ഡെലിവറി പോസ്റ്റോഫീസിനെ സൂചിപ്പിക്കുന്നു. തൃശ്ശൂര്‍ ഹെഡ് പോസ്റ്റോഫീസിന്റെ പിന്‍ ‘680 001’ ഉം, പൂങ്കുന്നം പോസ്റ്റോഫീസിന്റെ പിന്‍ ‘680 002’ ഉം ആണ്. ടൌണ്‍ ഡെലിവറി നമ്പറിങ്ങ് അടിസ്ഥാനത്തില്‍ ഇവ തൃശ്ശൂര്‍-1, തൃശ്ശൂര്‍ -2 എന്നീ ക്രമത്തിലാണെങ്കിലും പൂര്‍ണ്ണമായ ആറക്ക നമ്പര്‍ എഴുതാന്‍ ശ്രദ്ധിക്കണം.
കത്തുകള്‍ തരം തിരിക്കുന്നതിനും വിതരണത്തിനുമായി കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നുണ്ട്. പിന്‍കോഡില്ലാത്ത കത്തുകള്‍ തരം തിരിക്കാന്‍ കമ്പ്യൂട്ടറിന് കഴിയില്ല. വ്യക്തികളും ബാങ്കിങ്ങ് സ്ഥാപനങ്ങളും സ്വന്തം വിലാസം നല്‍കുമ്പോള്‍ മാത്രമല്ല മറ്റുള്ളവരുടെ വിവരം ശേഖരിക്കുമ്പോഴും പിന്‍കോഡ് കൃത്യമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. അപേക്ഷാ ഫോറങ്ങളിലും കമ്പ്യൂട്ടറില്‍ കസ്റ്റമേഴ്സിന്റെ വിലാസം സ്റ്റോര്‍ ചെയ്യുന്നിടത്തും പിന്‍കോഡ് എന്നൊരു ഫീല്‍ഡ് കൂടി നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വിസിറ്റിങ്ങ് കാര്‍ഡുകള്‍, ലെറ്റര്‍ പാഡുകള്‍ തുടങ്ങി എല്ലാ സ്റ്റേഷനറികളിലും പിന്‍കോഡ് കൂടി ഉള്‍പ്പെടുത്തുക. റബ്ബര്‍ സ്റ്റാമ്പുകള്‍, രശീതുകള്‍, വൌച്ചറുകള്‍, ചെക്കുകള്‍, ഡ്രാഫ്ടുകള്‍ തുടങ്ങി ഒന്നിനേയും ഇതില്‍ നിന്ന് ഒഴിവാക്കണ്ട. കോര്‍പ്പറേറ്റ് ഇ-മെയിലുകള്‍ക്കൊപ്പമുള്ള സിഗ്നേച്ചര്‍ സെറ്റ് ചെയ്യുമ്പോള്‍ അവിടേയും പിന്‍കോഡ് ഉള്‍പ്പെടുത്തുക. ഇവയെല്ലാം ബിസിനസ്സ് കമ്മ്യൂണിക്കേഷനില്‍ വരുത്തുന്ന മാറ്റങ്ങള്‍ വലുതായിരിക്കും.
ഒന്നര ലക്ഷത്തിലേറെ പോസ്റ്റോഫീസുകളുള്ള ഭാരതത്തില്‍ ഒരേ പേരില്‍ ഒന്നിലേറെ പോസ്റ്റോഫീസുകള്‍ ഉണ്ടാവുമെന്നതും പല പ്രാദേശിക ഭാഷകളിലും മേല്‍വിലാസം എഴുതുന്നതും കാരണം കൃത്യമായ പോസ്റ്റോഫീസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് 1972 ആഗസ്റ്റ് 15ന് പിന്‍കോഡ് സമ്പ്രദായം നടപ്പില്‍ വരുത്തിയത്. പിന്‍കോഡ് തപാല്‍ വിതരണത്തില്‍ വേഗതയും കൃത്യതയും ഉറപ്പ് വരുത്തുന്നു. ഇനി മുതല്‍ അയക്കുന്ന കത്തുകളിലും നിങ്ങള്‍ വിലാസം നല്‍കുമ്പോഴുമൊക്കെ പിന്‍കോഡ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ മറ്റുള്ളവരോടും എല്ലാ കത്തിടപാടുകളിലും പിന്‍കോഡ് ഉള്‍പ്പെടുത്തുവാന്‍ ആവശ്യപ്പെടുക.
(തയ്യാറാക്കിയത് : ശ്രീ. കെ.കെ.ഡേവിസ്. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം നവംബര്‍ ലക്കം)
ഉപകാരപ്രദമായ ലിങ്കുകള്‍
Pin Code Map
Pin Code Search
3 comments:
ഒന്നര ലക്ഷത്തിലേറെ പോസ്റ്റോഫീസുകളുള്ള ഭാരതത്തില്‍ ഒരേ പേരില്‍ ഒന്നിലേറെ പോസ്റ്റോഫീസുകള്‍ ഉണ്ടാവുമെന്നതും പല പ്രാദേശിക ഭാഷകളിലും മേല്‍വിലാസം എഴുതുന്നതും കാരണം കൃത്യമായ പോസ്റ്റോഫീസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് 1972 ആഗസ്റ്റ് 15ന് പിന്‍കോഡ് സമ്പ്രദായം നടപ്പില്‍ വരുത്തിയത്. പിന്‍കോഡ് തപാല്‍ വിതരണത്തില്‍ വേഗതയും കൃത്യതയും ഉറപ്പ് വരുത്തുന്നു. ഇനി മുതല്‍ അയക്കുന്ന കത്തുകളിലും നിങ്ങള്‍ വിലാസം നല്‍കുമ്പോഴുമൊക്കെ പിന്‍കോഡ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ മറ്റുള്ളവരോടും എല്ലാ കത്തിടപാടുകളിലും പിന്‍കോഡ് ഉള്‍പ്പെടുത്തുവാന്‍ ആവശ്യപ്പെടുക
അഭിനന്ദനങ്ങള്‍....
ഇതുപോലെയുള്ള വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
രാജ്യത്തെ പിന്‍കോഡുകള്‍ എട്ട് അക്കമാക്കുന്നു. ആറക്കമാണ് നിലവിലുള്ളത്. കത്തുകളുടെ കൈമാറ്റം വേഗത്തിലാക്കാന്‍ പിന്‍കോഡ്മാറ്റം സഹായകമാകുമെന്നാണ് പോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. അവസാനത്തെ രണ്ട് അക്കങ്ങള്‍ പ്രദേശങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തിലാണ് പിന്‍കോഡ് പരിഷ്കരണമെന്ന് പോസ്റ്റല്‍ ഡയറക്ടര്‍ അശോക് കുമാര്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ എട്ട് അക്കമാക്കിയിട്ടുണ്ട്. ഇത് പോസ്റ്റല്‍ സര്‍വീസിന്റെ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിച്ചതായാണ് അനുഭവം. 01 മുതല്‍ 99 എന്ന ക്രമത്തിലായിരിക്കും അവസാനത്തെ രണ്ട് അക്കങ്ങള്‍. ഇത് അഡ്രസ് പെട്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ കത്തുകള്‍ പോസ്റ്റോഫീസ് മാറി അയക്കുന്നത് ഒഴിവാക്കാനും മേല്‍വിലാസക്കാരന് വേഗം കിട്ടാനും സഹായിക്കും.
(ദേശാഭിമാനി 13/04/2008)
Post a Comment