കഴിഞ്ഞ മാസമാണ് അമ്പതോടടുക്കുന്ന എന്റെ ഒരു സുഹൃത്തിന് കാന്‍സറാണെന്നറിഞ്ഞത്. കോളന്‍ കാന്‍സര്‍. അനിശ്ചിതമായ ഒരു ഭാവി ജീവിതം നേരിടുകയാണദ്ദേഹം. എങ്കിലും പരിശോധനകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിതി അത്ര മോശമല്ല എന്നാണ് . തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയാണ് അയാള്‍ എന്നതുകൊണ്ടു തന്നെ എനിക്കുറപ്പുണ്ട് കാന്‍സറില്‍ നിന്നും മുക്തി നേടിയവരുടെ ക്ലബ്ബില്‍ എന്നോടൊപ്പം എന്റെ സുഹൃത്തും ചേരുമെന്ന്. അത് 1992ലായിരുന്നു, എനിക്ക് മെലനോമ ആണെന്ന് ഞാനറിഞ്ഞത് .
ഇന്നിപ്പോള്‍, കാന്‍സറിനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഓടിയെത്തുക മറ്റൊരു കാന്‍സറിനെ ധീരതയോടെ അഭിമുഖീകരിച്ച ഒരു പോരാളിയുടെ, സാംസ്കാരിക യോദ്ധാവിന്റെ ചിത്രമാണ് . ഡേവ്‌ര ഡേവിസ്. അവരുടെ പുതിയ പുസ്തകമായ "The Secret History of the War on Cancer " പ്രസിഡന്റ് നിക്സന്റെ 1971ലെ 'കാന്‍സറിനെതിരായ യുദ്ധം' എന്ന ആശയത്തെ കോര്‍പ്പറേറ്റുകളുടെ തമസ്കരണവും, സര്‍ക്കാരിന്റെ അനാസ്ഥയും, സമൂഹത്തിന്റെ മറവിയും ഒക്കെച്ചേര്‍ന്ന് എങ്ങനെ പരിഹാസ്യമാക്കി എന്ന് വിശദമായി പ്രതിപാദിക്കുന്ന, നമ്മെ ഒട്ടൊന്നു അലോസരപ്പെടുത്തുന്ന, അതിസുന്ദരമായ ഒരു രചനയാണ്.
“കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാന്‍സര്‍ കേസുകളില്‍ കുറഞ്ഞത് ഒരു കോടി കാന്‍സര്‍ ബാധകള്‍ നമുക്ക് ഒഴിവാക്കാമായിരുന്നു“, ഡേവിസ് വാദിക്കുന്നു.
ഇരുപതുകൊല്ലമായി “സീക്രട്ട് ഹിസ്റ്ററി” പണിപ്പുരയിലാണ്. കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ച് അറിയാവുന്നതെല്ലാം പ്രതിപാദിക്കുന്ന ഒരു പുസ്തകം രചിക്കുവാന്‍ 1986ല്‍ തന്നെ ഡേവിസിനു വലിയ ഒരു തുക മുന്‍കൂര്‍ ആയി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഫെഡറല്‍ ഗവര്‍മ്മെണ്ടിന്റെ ഒരു സഹ സ്ഥാപനമായ National Academy of Sciences ലെ തന്റെ മേലധികാരിയെ അവര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഈ പുസ്തകം രചിക്കുകയാണെങ്കില്‍ ഡേവിസിനു തന്റെ ജോലി നഷ്ടപ്പെടും എന്നാണ്. പിറ്റ്സ്‌ബര്‍ഗ് യൂണിവേര്‍സിറ്റിയിലെ പാരിസ്ഥിതിക കാന്‍സര്‍ പഠന കേന്ദ്രത്തിന്റെ (Environmental Oncology) ഡയറക്ടറാണ് 61 കാരിയായ ഡേവിസിപ്പോള്‍. When Smoke Ran Like Water എന്ന കൃതിക്ക 2002ലെ ദേശീയ പുസ്തക സമ്മാനം നേടിയിട്ടുള്ള , സൂക്ഷമായി വിലയിരുത്തപ്പെട്ടിട്ടുള്ള നൂറ്റി എഴുപതോളം പ്രൌഢരചനകളുടെ പിന്‍ബലമുള്ള, വിപുലമായ അനുഭവജ്ഞാനമുള്ള, പ്രസിഡന്റിനാല്‍ നിയമിക്കപ്പെട്ട സര്‍ക്കാര്‍ ഗവേഷകയായ, ഡേവിസ് കാന്‍സറിനെക്കുറിച്ചെഴുതുന്നതെന്തും വലിയ ശ്രദ്ധ നേടാറുണ്ട്.
aspartameനെക്കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍ ശ്രദ്ധിച്ചാലും. മിഠായികളിലും കേക്കുകളിലുമൊക്കെ ഉപയോഗിക്കുന്ന കൃതിമ പഞ്ചസാര(artificial sweetener)യായ aspartame സുരക്ഷിതമല്ലെന്ന് 1970കളില്‍ തന്നെ യു.എസ്. ഫുഡ് & ഡ്രഗ് അഡ്‌മിനിസ്ട്രേഷന്(FDA) വിശദമായ പരിശോധനകള്‍ക്കു ശേഷം വിധിയെഴുതുകയുണ്ടായി. കാന്‍സര്‍ ഉണ്ടാക്കുവാന്‍ സാധ്യതയുള്ള വസ്തുവായി ഇതിനെ സംശയിച്ചിരുന്നു. aspartameന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ ബോധപൂര്‍വം പുറപ്പെടുവിച്ചതിന് aspartame ന്റെ മുഖ്യ നിര്‍മ്മാതാവായ Searle കോര്‍പ്പറേഷനെതിരെ നിയമനടപടികളെടുക്കുവാന്‍ 1977ല്‍ FDA അന്നത്തെ അറ്റോര്‍ണി ജനറലിനോട് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെടുകയുണ്ടായി. ഇതിനെ മറികടക്കുവാന്‍ Searle കോര്‍പ്പറേഷന്‍ ചെയ്തത് വാഷിംഗ്‌ടനില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ തങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുക എന്നതാണ് . 1980ല്‍ FDAയുടെ റിവ്യൂ ബോര്‍ഡ് ഏകകണ്ഠമായി, aspartameനു നല്‍കിയ അംഗീകാരത്തിനെതിരെ തീരുമാനമെടുത്തപ്പോള്‍ aspartame പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 1981ല്‍ റോണാള്‍ഡ് റീഗന്‍ പ്രസിഡന്റായതിനുശേഷം Searle അംഗീകാരത്തിനായി വീണ്ടും അപേക്ഷനല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റാമിനുകളിലും ദ്രാവകങ്ങളിലുമൊക്കെ aspartame ഉപയോഗിക്കാന്‍ അനുമതി ലഭിച്ചു. ആരായിരുന്നു ആ സി.ഇ.ഒ എന്നറിയണമെന്നുണ്ടോ?
മറ്റാരുമല്ല ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ്.
കാന്‍സര്‍ പ്രതിരോധത്തിനുള്ള എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തുവാന്‍ ബുഷും കൂട്ടരും തങ്ങളുടെ സര്‍വ്വകഴിവും ഉപയോഗിക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്. എനിക്കു വന്ന കാന്‍സറിനെ സംബന്ധിച്ച് ഇത് തികച്ചും ശരിയാണ്. സണ്‍സ്‌ക്രീന്‍ മെലനോമക്ക് കാരണമാകുന്നു എന്നത് പൊതുജനങ്ങള്‍ക്ക് അത്ര അറിയാവുന്ന കാര്യമല്ല. അത് UVA (അള്‍ട്രാവയലറ്റ് A) രശ്മികളില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നില്ല. ഇത്തരം സണ്‍സ്‌ക്രീനുകള്‍ പുരട്ടിയോ സ്പ്രേ ചെയ്തോ സൂര്യരശ്മികളേല്‍ക്കുന്നവര്‍ ഒരു വ്യാജ സുരക്ഷയിലാണ്. ഉപഭോക്താക്കളെ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കുന്നതിനോ ലേബല്‍ മാറ്റുന്നതിനോ FDA ശ്രദ്ധിച്ചിട്ടില്ല. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ആകട്ടെ സൂര്യ രശ്മികളില്‍ നിന്നുള്ള പൂര്‍ണ്ണ സുരക്ഷ എന്നത് സാധ്യമല്ല എന്ന വാദത്തിന്റെ പിന്‍ബലത്തില്‍ 2006ല്‍ ഇതിനു തയ്യാറായിട്ടുണ്ട്‍. 1999ല്‍ ലേബലുകളില്‍ ശരിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനുള്ള ശ്രമം FDA തുടങ്ങിയപ്പോള്‍ ഇത്തരം സണ്‍സ്ക്രീന്‍ നിര്‍മ്മാണക്കമ്പനികള്‍ അവരുടെ സംഘടനയായ Cosmetics, Toiletries and Fragrance Association മുഖേന അതിശക്തമായ ലോബീയിങ്ങ് നടത്തുകയാണ് ചെയ്തത് . അതിന്റെ അനന്തരഫലമായി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ FDAക്ക് കഴിഞ്ഞില്ല. ഈ ലോബീയിങ്ങിനു നേതൃത്വം കൊടുത്തത് ഒരു വൈറ്റ് ഹൌസ് അഭിഭാഷകനായ ജോണ്‍ റോബര്‍ട്ട്സ് ആണ്.
ഇന്നദ്ദേഹം യു.എസ്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് ആണ്.
നോക്കൂ..ഡേവീസ് ഓരോ പ്രാവശ്യവും എന്തു മാത്രം ശക്തിയോടെയാണ് ആഞ്ഞടിച്ചതെന്ന് ? അവരുടെ ഓരോ വെളിപ്പെടുത്തലിനും അദമ്യമായ ശക്തിയാണ് . cervical കാന്‍സറിനുള്ള ജീവരക്ഷാപരിശോധനയായ Pap smears എന്ന ടെസ്റ്റ് ഒരു ദശകത്തോളം തടഞ്ഞുവെച്ചിരുന്നു എന്ന് ഡേവീസ് വെളിപ്പെടുത്തുന്നു...പ്രൈവറ്റ് പ്രാക്ടീസിനെ ബാധിക്കും എന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍.
ഒരു പക്ഷെ നിരവധി ദശകങ്ങളോളം ലോകത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ വിദഗ്ദരില്‍(cancer epidemiologist) ഒരാളായി കരുതപ്പെട്ടിരുന്ന സര്‍. റിച്ചാര്‍ഡ് ഡോള്‍( Oxford University) - കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പാരിസ്ഥിതിക കാരണങ്ങളുടെ പ്രസക്തിയെ അദ്ദേഹം എപ്പോഴും കുറച്ചുകണ്ടിരുന്നുവെങ്കിലും - മൊണ്‍സാന്റോ പോലുള്ള കെമിക്കല്‍ കമ്പനികളുടെ രഹസ്യ ശമ്പളം പറ്റുന്നയാളായിരുന്നു എന്ന് ഡേവീസ് വെളിപ്പെടുത്തുന്നു.
കാന്‍സറിനെതിരായ ഔദ്യോഗികപോരാട്ടത്തിനു നേതൃത്വം കൊടുക്കുന്ന Armand Hammerനെപ്പോലുള്ള പ്രമുഖരായ പലരും, കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും വന്നവരായിരുന്നു!! 1980കളില്‍ മുഴുവന്‍ National Cancer Institute ന്റെ ഉപദേശക സമിതിയില്‍ ഈ Armand Hammer ഉണ്ടായിരുന്നു. 100 ബില്യന്‍ ടണ്‍ വിഷ-രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന Occidental Petroleum എന്ന കമ്പനിയുടെ CEO ആയിരുന്നു അദ്ദേഹം.
“കാന്‍സറിനെതിരായ പോരാട്ടം” ശാസ്ത്രത്തിനെതിരായ പോരാട്ടമാണെന്ന് വിശാലമായി നിര്‍വചിക്കപ്പെടുന്നു, പലപ്പോഴും. ശാസ്ത്രജ്ഞര്‍ കാന്‍സറിനെക്കുറിച്ചും അതുണ്ടാക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള അസുഖകരമായ സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പലപ്പോഴും അവര്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കപ്പെടുകയും പലതരത്തിലുള്ള അപഖ്യാതിക്ക് ഇരയാവുകയും ചെയ്യുന്നു. അതിലൂടെ മറ്റുള്ളവര്‍ക്കുള്ള സന്ദേശം ലഭിക്കുകയും ചെയ്യുന്നു. Dow Chemical പോലുള്ള കമ്പനികള്‍ ഇത്തരത്തിലാണ് കാന്‍സര്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത്. Marvin Legator എന്ന ഗവേഷകന്‍ Dow Chemicalന്റെ ഫണ്ടോടുകൂടി, തൊഴിലാളികളില്‍, ബെന്‍സീന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി University of Texas( Medical Branch) ല്‍ പഠനം നടത്തിയപ്പോള്‍ കണ്ടെത്തിയത് തൊഴിലാളികളുടെ ക്രോമോസോമിന് ഈ രാസവസ്തു മൂലം ദോഷം സംഭവിക്കുന്നു എന്നാണ്. അദ്ദേഹത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കപ്പെട്ടു എന്നതാണ് അതിന്റെ അനന്തര ഫലം.
തങ്ങളുടെ പബ്ലിക് റിലേഷന്‍ ശൃംഖല ഉപയോഗിച്ച് ഏതൊരു ശാസ്ത്രജ്ഞന്റെയും വിമര്‍ശനക്കുറിപ്പുകളെയും സംശത്തോടെ വീക്ഷിക്കാന്‍ പൊതുജനങ്ങളെക്കൊണ്ട് പ്രേരിപ്പിക്കുന്ന തരത്തില്‍, കോര്‍പ്പറേറ്റുകള്‍ സംശയത്തിന്റെ പുകമറ സൃഷിക്കുന്ന കലയില്‍ എങ്ങിനെയൊക്കെ വൈദഗ്ദ്യം നേടിയിട്ടുണ്ട് എന്നതിനെപ്പറ്റി ഡേവിസ് കൃത്യമായി വിശദീകരിക്കുന്നുണ്ട്. പുകയിലക്കുവേണ്ടി ദശകങ്ങളോളം ഇത് നടന്നുവന്നു; ഇപ്പോഴും തുടരുന്നു. സത്യം എന്നു കരുതപ്പെടുന്നത് എന്ത് എന്നതിന്റെ (നാം എങ്ങനെ അറിയുന്നു; നാം എന്തറിയുന്നു എന്ന രീതിയിലുള്ള) അടിസ്ഥാനം തന്നെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി നല്ല ലാഭം ലഭിക്കുന്ന കീമോതെറാപ്പി മരുന്നുകളുടെ ഫലത്തെക്കുറിച്ച് മൃഗങ്ങളില്‍ നടത്തുന്ന പഠനം ശരി, എന്നാല്‍ കാന്‍സറിന്റെ അടിസ്ഥാന കാരണം കണ്ടു പിടിക്കുന്നതിനുള്ള ( ഭാവിയില്‍ ലാഭത്തെ ബാധിക്കാവുന്ന രീതിയിലുള്ള)പരീക്ഷണങ്ങള്‍ തെറ്റ് എന്ന് ഈ മേഖലയിലെ സംഘടനകളെക്കൊണ്ട് സമ്മതിപ്പിക്കുവാന്‍ കോര്‍പ്പറേഷനുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടത്രെ !
വ്യാപാര രഹസ്യങ്ങളുടെയും ആചാരസംഹിതകളുടെയും പരവതാനികള്‍ക്കടിയില്‍ തങ്ങളുടെ തൊഴിലാളികള്‍ രോഗഗ്രസ്തരാവുന്നതിന്റെയും മരണപ്പെടുന്നതിന്റെയും ഭീതി ഉണര്‍ത്തുന്ന അറിവുകള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ കോര്‍പ്പറേഷനുകള്‍ക്കാവുന്നുണ്ട്. ആരോഗ്യരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും അപ്രസക്തമാക്കുമാറ് Mossville, Louisiana തുടങ്ങിയ പട്ടണങ്ങളെ തന്നെ ഭാഗികമായോ മുഴുവനായോ വിലപേശി വാങ്ങുന്നതില്‍ കോര്‍പ്പറേഷനുകള്‍ വിജയിച്ചിരിക്കുന്നു.
കാന്‍സര്‍ രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ `കാന്‍സര്‍ രോഗചികിത്സക്ക് ‘നല്‍കിയതു മൂലം കാന്‍സറിനെതിരായ പോരാട്ടം പ്രയാസകരമായ ഒരു അവസ്ഥയിലോ തടസ്സപ്പെട്ട രീതിയിലോ ആണ് എന്ന് ഡേവീസ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ലാഭത്തില്‍ മാത്രം വിശ്വസിക്കുന്ന സൈനിക-വ്യാവസായിക-ചികിത്സാ- വിദ്യാഭ്യാസ സമുച്ചയവും കൂടുതല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്ന അതിന്റെ ദുരയും അതിനായി വ്യാപാരരഹസ്യങ്ങളുടെയും മറ്റും പേരില്‍ സര്‍വ്വവും തങ്ങളുടെ വരുതിയില്‍ നിയന്ത്രിച്ചു നിര്‍ത്താനുമുള്ള ശ്രമങ്ങളും ആണ് ഈ രോഗത്തിനു നിദാനം എന്ന് ചുരുക്കിപ്പറയാം, പൊതു ഫണ്ടുകള്‍ ശോഷിച്ചു വരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ യൂണിവേര്‍സിറ്റികള്‍ പലപ്പോഴും പൌരാവകാശങ്ങളുടെ സംരക്ഷകര്‍ എന്നതിനേക്കാള്‍ കോര്‍പ്പറേഷനുകളെ സേവിക്കുന്ന വിജ്ഞാന ഫാക്ടറികളായി( knowledge factories) മാറുകയാണ്. കോര്‍പ്പറേഷനുകളാകട്ടെ അപകടം വരുത്തുന്ന ഉല്പന്നങ്ങള്‍ക്കും അനുമതി നേടുവാനായി എന്തും ചെയ്യുവാന്‍ തയ്യാറാണ്.
ഈ കഥ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. തലച്ചോറിലെ കാന്‍സറിനു കാരണമായേക്കാം എന്നു ചില പഠനങ്ങളില്‍ കണ്ടിട്ടുള്ള സെല്‍ ഫോണുകളെക്കുറിച്ച് ബ്രിട്ടനിലും ജര്‍മ്മനിയിലുമൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും അമേരിക്കയില്‍ അതൊന്നുമില്ല. കുട്ടികളാണ് പ്രത്യേകിച്ചും അപകടത്തില്‍.
"1, 4-dioxane" എന്ന രാസവസ്തു അടങ്ങിയിട്ടുള്ള ഷാമ്പൂ മൃഗങ്ങളില്‍ കാന്‍സറിനു കാരണമായിട്ടുണ്ട് എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ FDA ഇക്കാര്യത്തിലും തീര്‍ത്തും നിശബ്ദരാണ്.
പല ഡോക്ടര്‍മാര്‍ക്കും സി.ടി സ്കാനിന്റെ അപകടത്തെക്കുറിച്ച് അറിയാം. ഒരു കുട്ടിയുടെ വയറിന്റെ ഒരു സി.ടി സ്കാന്‍ 600 ചെസ്റ്റ് എക്സ്.റേക്ക് തുല്യമാണത്രെ. സ്വാഭാവികമായും അതിനു വിധേയമാകുന്ന കുട്ടിക്ക് ഭാവിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.
Secret History of the War on Cancer എന്നത് ഹിപ്പോക്രാറ്റിസില്‍ തുടങ്ങി റമാസിന്നിയിലൂടെ നാസി ജര്‍മ്മനിയിലെത്തുന്ന ഇത്തരം കപടപോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ഒരു ബഹു-തല നിധിപേടകമാണ്. വൈരുദ്ധ്യമെന്നു പറയട്ടെ നാസി ജര്‍മ്മനിയാണ് ആദ്യമായി പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച രാജ്യം. കാന്‍സറിനു കാരണമാകുന്ന പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ച് 1936ല്‍ ബ്രസ്സല്‍സില്‍ വെച്ച് നടന്ന ഒരു കോണ്‍ഫറന്‍സിന്റെ കണ്ടെത്തലുകള്‍ നടപ്പിലാക്കുകയായിരുന്നു അവര്‍. വാസ്തവത്തില്‍, തൊഴിലിടങ്ങളും പരിസ്ഥിതിയും കാന്‍സറുണ്ടാക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുന്നു എന്ന അറിവ് 1936ല്‍ തന്നെ നമുക്കുണ്ടായിരുന്നുവെങ്കിലും വ്യാവസായിക ലോകം അതെല്ലാം അവഗണിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞര്‍ പങ്കെടുത്ത International Congress of Scientific and Social Campaign against Cancer എന്ന മുകളില്‍ പറഞ്ഞ ( 1936 ലെ) കോണ്‍ഫറന്‍സിനെക്കുറിച്ച് അറിഞ്ഞ ഡേവീസ് ഞെട്ടിപ്പോയത്രെ. അവര്‍ അതിനെ വിളിക്കുന്നത് "a veritable Manhattan Project on cancer." എന്നാണ്.
“കാന്‍സറിന്റെ കാരണങ്ങളെക്കുറിച്ച് 1936ല്‍ തന്നെ തികഞ്ഞ അവഗാധമുണ്ടായിരുന്ന ശാസ്ത്രലോകത്തെ ഈ സ്ത്രീ-പുരുഷന്മാരുടെ അറിവുകള്‍ മുഖ്യധാരാ വൈദ്യശാസ്ത്രത്തിലേക്ക് പകര്‍ത്തപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങളുടേയും എന്റെയും മരണമടഞ്ഞ പല ബന്ധുക്കളും ഇന്നും നമ്മോടൊപ്പമുണ്ടായിരുന്നേനേ” ഡേവിസ് പറയുന്നു.
കാന്‍സര്‍ അതിന്റെ ഇരകളില്‍ കഠിനമായ ഭീതി ജനിപ്പിക്കുകയും എന്ത് വില കൊടുത്തും ആശ്വാസം ലഭിക്കുന്നതിനായി അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. മരണത്തെ അഭിമുഖീകരിക്കുന്ന, നിലനില്‍പ്പ് തന്നെ അവതാളത്തിലായ അവസ്ഥയില്‍ നിങ്ങള്‍ നിങ്ങളില്‍ നിന്നും അന്യമായ ലോകത്തില്‍ ഒരു അര്‍ത്ഥം കണ്ടെത്തുന്നതിനായി ശ്രമിക്കുന്നു. ഡോക്ടര്‍മാരും നേഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരും നിങ്ങളെ ചിലരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ഏത് തരം കാന്‍സറോ ആകെട്ടെ, അത് തൊലിപ്പുറത്തോ, മാറിലോ, ഗര്‍ഭാശയത്തിലോ, ശ്വാസകോശത്തിലോ ആകട്ടെ...സി.ടി. സ്കാനറുകളുടേയും കീമോതെറാപ്പിയുടെയും ശസ്ത്രക്രിയയുടേതുമായ സഹസ്ര കോടി ബില്യണ്‍ ഡോളറിന്റെതായ ഒരു ശൃംഖല നിങ്ങളെ ആശ്വസിപ്പിക്കാനായി കാത്തിരിക്കുന്നു. എപ്പോഴെങ്കിലും നിങ്ങളുടെ രോഗത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളെ വൈദ്യസ്ഥാപനങ്ങള്‍ കണക്കിലെടുക്കാറുണ്ടോ?
ദക്ഷിണ ആഫ്രിക്കയിലുള്ള പോലെ അമേരിക്കയിലും Truth and Reconciliation Commission movement ഉണ്ടാവണമെന്ന് ഡേവിസ് ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കില്‍ തൊഴിലാളികളുടെ ആരോഗ്യത്തെയും കാന്‍സര്‍ റിസ്ക്കുകളെയും കുറിച്ച് കാലങ്ങളായി കോര്‍പ്പറേഷനുകള്‍ മറച്ചുവച്ചിരിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ വെളിച്ചം കാണുമെന്ന് അവര്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു. ഇന്ന് കോര്‍പ്പറേഷനുകള്‍ക്ക് “വ്യാപാര രഹസ്യങ്ങള്‍” എന്ന മറയ്ക്കുള്ളില്‍ അവയെ ഒളിപ്പിച്ചുവയ്ക്കാന്‍ നിയമപരമായ പരിരക്ഷയുണ്ട്.
ഡേവിസിന്റെ പുസ്തകം നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ, പൊതു-ആരോഗ്യ രംഗങ്ങളിലും സാമൂഹ്യജീവിതത്തിലൊട്ടാകെയും അവശ്യം വരേണ്ട മാറ്റങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അത് സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ചണിനിരക്കാനുള്ള ഒരു ആഹ്വാനമാണ്. നമ്മുടെ സംസ്ക്കാരത്തിന്റെ ഇടനെഞ്ചുകളില്‍ ആഘാതങ്ങളേല്‍പ്പിക്കാന്‍ ക്ഷമതയുള്ളതാണ് ഈ പുസ്തകം. പൊതു ഇടപെടലുകളുടെ സഹായത്തോടെ ഈ അവസ്ഥ തീര്‍ച്ചയായും മറികടക്കാന്‍ കഴിയും .. കഴിയണം എന്നു തന്നെ ഡേവിസ് കരുതുന്നു.
(Brian McKenna കൌണ്ടര്‍ പഞ്ചില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ബ്രയന്‍ മക് കെന്ന, ഡേവിസിന്റെ പുസ്തക രചനയുടെ ഓരോ ഘട്ടത്തിലും അവരുമായി സഹകരിച്ചിരുന്നു.)
അധിക വായനക്ക്
Off Target in the War on Cancer - Devra Davis
Where do you bury the survivors? - Thomas C Greene
സന്ദര്‍ശിക്കാവുന്ന വെബ് സൈറ്റുകള്‍
6 comments:
ഡേവ്‌ര ഡേവിസിന്റെ പുതിയ പുസ്തകമായ "The Secret History of the War on Cancer " പ്രസിഡന്റ് നിക്സന്റെ 1971ലെ 'കാന്‍സറിനെതിരായ യുദ്ധം' എന്ന ആശയത്തെ കോര്‍പ്പറേറ്റുകളുടെ തമസ്കരണവും, സര്‍ക്കാരിന്റെ അനാസ്ഥയും, സമൂഹത്തിന്റെ മറവിയും ഒക്കെച്ചേര്‍ന്ന് എങ്ങനെ പരിഹാസ്യമാക്കി എന്ന് വിശദമായി പ്രതിപാദിക്കുന്ന, നമ്മെ ഒട്ടൊന്നു അലോസരപ്പെടുത്തുന്ന, അതിസുന്ദരമായ ഒരു രചനയാണ്.
ഈ പുസ്തകം നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ, പൊതു-ആരോഗ്യ രംഗങ്ങളിലും സാമൂഹ്യജീവിതത്തിലൊട്ടാകെയും അവശ്യം വരേണ്ട മാറ്റങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അത് സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ചണിനിരക്കാനുള്ള ഒരു ആഹ്വാനമാണ്. നമ്മുടെ സംസ്ക്കാരത്തിന്റെ ഇടനെഞ്ചുകളില്‍ ആഘാതങ്ങളേല്‍പ്പിക്കാന്‍ ക്ഷമതയുള്ളതാണ് ഈ പുസ്തകം. പൊതു ഇടപെടലുകളുടെ സഹായത്തോടെ ഈ അവസ്ഥ തീര്‍ച്ചയായും മറികടക്കാന്‍ കഴിയും .. കഴിയണം എന്നു തന്നെ ഡേവിസ് കരുതുന്നു.
ഗൌരവ വായനക്ക് ഉതകുന്ന ലേഖനം..കൊള്ളാം...
Hi ,
My family use sunscreen lotions a lot in summer thinking that that will prevent skin cancer. Should we not do this ? Please advise.
Thanks in advance,
Sree
പ്രിയ ശ്രീ,
ഇത് കൌണ്ടര്‍ പഞ്ചില്‍ ബ്രയാന്‍ മക്കെന്ന എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ആണ്.
Thank you . Also thanks a lot for the information regarding aspartame.
Sree
വിജ്ഞാനപ്രദമായ ഈ അറിവുകള്‍ക്ക് വളരെ വളരെ നന്ദി.
Post a Comment