തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു..........
തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന്‍ നെഞ്ചുവേദന വന്ന് ആശുപത്രിയിലാണെന്ന വാര്‍ത്ത വന്ന നിമിഷം മുതല്‍ തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു. നാടിന്റെ ആത്മാവിന്റെ ഭാഗമായ കാളേട്ടന്റെ ജീവനു വേണ്ടി. എങ്കിലും എല്ലാ പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ടുകൊണ്ട് 2007 നവംബര്‍11 ഞായറാഴ്ച രാത്രി വൈകി ആ വാര്‍ത്ത എത്തി.
ഗോത്ര കലാരൂപമായ ഗദ്ദികയുടെ കുലപതിയും കേരള നാടന്‍ കലാഅക്കാദമി ചെയര്‍മാനുമായ പി.കെ. കാളന്‍ അന്തരിച്ചു....
അടിയോരുടെ ഉടയോന്‍ വര്‍ഗീസിന്റെ കൂടെ വിമോചന പോരാട്ടത്തില്‍ അണിചേര്‍ന്ന കാളന്‍, അടിച്ചമര്‍ത്തപ്പെട്ട അടിയാന്‍മാരെ സാമൂഹിക തലത്തില്‍ ഉയര്‍ത്തുന്നതിനും അവരുടെ ആചാരങ്ങള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടം നേടിക്കൊടുക്കുന്നതിനും മുഖ്യ പങ്കുവഹിച്ച കാളേട്ടന്‍, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാനാവാത്ത വിധം മാതൃകപരമായ ജീവിതത്തിനുടമയായിരുന്ന പി.കെ.കാളന്‍...
അങ്ങിനെ പലതുമായിരുന്നു അദ്ദേഹം...
കണ്ണുനീരിന്റെ ഉപ്പായിരുന്നു പി.കെ. കാളന്‍ ജീവിതവഴികളെല്ലാം രുചിച്ചത്. ഒരു മണി വറ്റിന് ജന്മിയുടെ കാരുണ്യം തേടി കാവലുനിന്ന കുട്ടിക്കാലം. പഠിക്കാനുള്ള മോഹം ഉണ്ടായിട്ടും ഉള്ളിലടക്കി വയലിലെ ചെളിയില്‍ രാപ്പകല്‍ വിയര്‍പ്പു ചിന്തിയത്. അടിയാന് കൂലിയായ നെല്ലളന്നു കൊടുക്കുന്ന കൊളഗത്തില്‍ കള്ളത്തരം കാണിക്കുന്ന ജന്മിമാര്‍. അടിയ സമുദായത്തിനു നേരെ കൊടുംക്രൂരതകള്‍ അഴിച്ചുവിട്ടിരുന്ന നാടുവാഴിത്തവും ജന്മിത്വവും....
തന്നോട് നേരു പുലര്‍ത്തുന്ന ഒരാള്‍ക്ക് പ്രതികരിക്കാതിരിക്കാനാവുമായിരുന്നില്ല...
ചുറ്റും നടക്കുന്ന അനീതികളോട് മുഖം തിരിച്ചു നില്‍ക്കാനോ, അതിനോട് സമരസപ്പെടാനോ തയ്യാറായില്ല എന്നതാണ് കാളനെ കാളനാക്കിയത്. ശ്മശാന സമരവും വല്ലിസമ്പ്രദായത്തിനെതിരെയുള്ള സമരവുമടക്കമുള്ള പോരാട്ടങ്ങളിലൂടെ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള നിശിതവിമര്‍ശനങ്ങളിലൂടെ, ആദിവാസി ജീവിതത്തിന്റെ പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും അവരെ സമരസജ്ജരാക്കാനുമുള്ള സന്നദ്ധതയിലൂടെ, ജനിച്ചുവളര്‍ന്ന ഭൌതികസാഹചര്യങ്ങളെ സാഹസികമായി മുറിച്ചുകടക്കാനും പുരോഗമന രാഷ്ട്രീയപ്രവര്‍ത്തകന്റെയും ആദിവാസി സമൂഹത്തിന്റെ സമുദ്ധാരകന്റെയും കടമകള്‍ സ്വയം ഏറ്റെടുക്കാനും തയ്യാറായതിലൂടെ, ഒരുതുണ്ട് ഭൂമിക്കുവേണ്ടി ആദിവാസി സമൂഹം ഇപ്പോഴും തുടരുന്ന ഭൂസമരത്തിന്റെ മുന്നണിപ്പോരാളിയായതിലൂടെ കാളന്‍ കാളനാവുകയായിരുന്നു. ഈ സമരങ്ങള്‍ക്കെല്ലാം അദ്ദേഹം വിശ്വസിച്ച് പ്രസ്ഥാനം അകമഴിഞ്ഞ പിന്‍തുണയും നല്‍കി. മരണം വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. നേതാക്കള്‍ക്കാണ് തെറ്റുപറ്റുക. പാര്‍ട്ടിക്ക് ഒരിക്കലും തകരാറുണ്ടാകില്ലെന്ന പ്രത്യയശാസ്ത്ര പാഠമായിരുന്നു പി.കെ. കാളനു പറയാനുണ്ടായിരുന്നത്.
തൃശ്ശിലേരി കൈതവള്ളി കോളനിയിലെ കൊളുമ്പന്റെയും കറുത്തയുടെയും മകനായിട്ടായിരുന്നു ജനനം. പിറന്നുവീണയുടനെ മരണമടഞ്ഞുപോയ കൂടപ്പിറപ്പുകളെക്കുറിച്ച് അമ്മ മകനു പറഞ്ഞുകൊടുത്തിരുന്നു. സഹോദരങ്ങളെപ്പോലെ പിറന്നു വീണയുടനെ മരണത്തിനു കീഴടങ്ങാത്ത കാളനെ അവര്‍ അതിരറ്റ് സ്നേഹിച്ചു. കാളനു വേണ്ടി ജീവിച്ചു. ഊരിലെ മറ്റു മൂപ്പന്മാരും ഇതേ സ്നേഹം കാളനു നല്‍കി...ജന്മിയുടെ വീട്ടുമുറ്റത്ത് കുട്ടികള്‍ പൂക്കളമൊരുക്കാന്‍ തിരക്കുകൂട്ടുന്ന ഓണക്കാലം കണ്ടുകണ്ട് കാളന്‍ വളര്‍ന്നു..
യുവാവായതോടെ സ്വസമുദായത്തിലെ അനീതികള്‍ക്കെതിരെ കാളന്‍ ശബ്ദമുയര്‍ത്തിത്തുടങ്ങി. ഭ്രഷ്ടും വിലക്കുകളുമടക്കമുള്ള ശിക്ഷാമുറകളുമായി മൂപ്പന്മാര്‍ രംഗത്തെത്തി. എതിര്‍പ്പുകളെ വക വെയ്ക്കാതെ 'ഗദ്ദിക'യുടെ ചിട്ടവട്ടങ്ങളെല്ലാം കാളന്‍ പഠിച്ചെടുത്തു. ഒടുവില്‍ മൂപ്പന്മാര്‍ സന്ധിചെയ്താണ് പി.കെ. കാളന്‍ അരങ്ങില്‍ ഗദ്ദികയെത്തിക്കുന്നത്. ഇതോടെ ഗോത്രത്തിനു പുറത്തേക്കും ഗദ്ദികയെത്തി. ഗദ്ദികയിലൂടെ അടിയരെ ലോകമറിഞ്ഞു. അടിയസമുദായത്തില്‍ മാറ്റത്തിന്റെ വെളിച്ചവുമെത്തി.
ഗദ്ദിക, കൂളിയാട്ട് തുടങ്ങിയ മാന്ത്രികമായ അനുഷ്ഠാനങ്ങള്‍ കാലഹരണപ്പെട്ടുവെന്ന തിരിച്ചറിവ് വയനാട്ടിലെ ആദിവാസി സമൂഹത്തിന് പി കെ കാളന്‍ പകര്‍ന്നുകൊടുത്തു. അടിയാന്റെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഗദ്ദിക എന്ന മാന്ത്രിക കര്‍മത്തിലൂടെ അവരുടെ ജീവിതപ്രശ്നങ്ങളെ വ്യാഖ്യാനിക്കുവാനാണദ്ദേഹം ശ്രമിച്ചത്. ഗദ്ദിക നടത്തിയതുകൊണ്ടുമാത്രം ഗര്‍ഭിണികള്‍ പ്രസവിക്കുകയില്ലെന്നും മരുന്നാണതിനാവശ്യമെന്നും സ്വാനുഭവത്തിലൂടെ അദ്ദേഹം ഗ്രഹിക്കുകയും അത് ജനങ്ങളുടെ മുമ്പില്‍ വിളിച്ചുപറയുകയും ചെയ്തു.
കേവലമൊരു നാടന്‍ അനുഷ്ഠാനമെന്നതിലുപരി അടിയാന്‍സമൂഹത്തിന്റെ സ്വത്വം പ്രകടമാക്കുന്ന ഗദ്ദിക പുതിയ രൂപത്തിലും ഭാവത്തിലും അദ്ദേഹം അവതരിപ്പിക്കുവാന്‍ തുടങ്ങി. അടിയാളരെ അടിച്ചമര്‍ത്തി ചൂഷണം ചെയ്തുവരുന്ന മേലാളന്മാരെ വിറപ്പിക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റെ തുടിയിലൂടെ മുഴങ്ങിയത്. 'ഗദ്ദിക അഥവാ പട്ടിണിമരണം' എന്ന് സ്വന്തം കലാവതരണത്തിന് പേര്‍ നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ പിന്നിലും ഈ വികാരം കാണാം. ഗോത്രസംസ്‌കൃതിയുടെ ഹൃദയതാളം പ്രകടിപ്പിക്കുന്ന തുടിയുടെ പശ്ചാത്തലത്തിലുള്ള മാധുര്യവും പാരുഷ്യവും കലര്‍ന്ന കാളന്റെ ഗദ്ദികപ്പാട്ട് നമ്മെ വിസ്മയിപ്പിക്കും. അതിന്റെ പാരമ്യത്തില്‍ അദ്ദേഹം ഉറഞ്ഞുതുള്ളുകതന്നെ ചെയ്യും.
സ്കൂളില്‍ പോകാനാവാതിരുന്ന പി.കെ. കാളനെ അക്ഷരങ്ങളുടെ ലോകത്തെത്തിച്ചത് സൌഹൃദങ്ങളായിരുന്നു. തൃശ്ശിലേരി സ്കൂളില്‍ പ്രൈമറി അധ്യാപകനായി എത്തിയ നാണുമാസ്റ്ററാണ് അക്ഷരത്തിന്റെ ലോകത്തേക്ക് പി.കെ. കാളനെ കൈപിടിച്ചാനയിക്കുന്നത്. നാടകവും പ്രത്യയശാസ്ത്രവും ചരിത്രവും ശാസ്ത്രവുമെല്ലാം സുഹൃത്തുക്കളില്‍നിന്നുതന്നെ പഠിച്ചെടുത്തു.
ഒട്ടേറെ പടവുകള്‍ ചവിട്ടിക്കയറിയാണ് കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ എന്ന പദവിയിലേക്ക് പി കെ കാളന്‍ ഉയര്‍ന്നത് . ആ പദവിയിലിരിക്കുമ്പോഴും ആത്മനിന്ദ കലര്‍ന്ന സ്വരത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവത്തെക്കുറിച്ച് പൊതുവേദികളില്‍ അദ്ദേഹം പറയാറുണ്ട്. തന്റെ ആത്മകഥയുടെ ചുരുളുകള്‍ അഴിച്ചുകൊണ്ട് ക്രമാനുഗതമായി വികസിക്കുന്ന ആ പ്രഭാഷണം പെട്ടെന്ന് ഉയര്‍ന്ന നിലവാരത്തിലേക്കുയരുന്നത് കണ്ട് പ്രേക്ഷകര്‍ അത്ഭുതംകൂറും. ബാഹ്യമോടികളോ, ജാടകളോ ഇല്ലാത്ത ജീവിതവും പ്രവര്‍ത്തനശൈലിയുമായിരുന്നു കാളന്റേത്. വ്യവസ്ഥാപിത സംഘടനാരീതികള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും അലിഞ്ഞുചേരലുമാണ് താനുമായി ഇടപഴകുന്നവരെ അദ്ദേഹവുമായി അടുപ്പിക്കുന്നത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ഗോകുല്‍ദേവും ഡോക്ടര്‍ രവീന്ദ്രനും വരെ സങ്കടം പൂണ്ടുനില്‍ക്കുന്നത് ഈയൊരു ആത്മസൌഹൃദത്തിന്റെ ഇഴയടുപ്പം ഒന്നുകൊണ്ടു മാത്രമാണ്.
കമ്മ്യൂണിസ്റ്റ്കാരന്റെ മതവിശ്വാസത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് എങ്ങനെ തികച്ചും യാഥാസ്ഥിതികമായ ഒരു സമുദായത്തെ നയിക്കുകയും പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യാം എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു കാളന്‍...
മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ കാളന്റെ കൈതവള്ളി കോളനിയിലേക്ക് ജനപ്രവാഹം തുടങ്ങി. തൃശ്ശിലേരിയിലെ എല്ലാ വഴികളും പ്രിയ നേതാവിന് സ്നേഹാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവരെക്കൊണ്ട് നിറഞ്ഞു. പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാനുള്ള പൂക്കള്‍ മാനന്തവാടിയില്‍ നേരത്തെത്തന്നെ തീര്‍ന്നുപോയിരുന്നു. സംസ്കാരച്ചടങ്ങില്‍ പങ്കുകൊള്ളാനായി എത്തിയവര്‍ വന്ന വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു റോഡില്‍. കൈതവള്ളി കോളനിയില്‍ ഇടമുറിയാത്ത വിലാപങ്ങളുടെ പെരുമഴയാണ് ഉയര്‍ന്നത്. പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്റെ വേര്‍പാടില്‍ അടിയന്മാര്‍ വിങ്ങിപ്പൊട്ടി. കൂടെ തൃശ്ശിലേരിയിലേക്ക് ഒഴുകിയെത്തിയ ജനാവലിയും.
അദ്ദേഹം സമരം ചെയ്ത് നേടിയെടുത്ത ശ്മശാനഭൂമിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും വരെ ജനപ്രവാഹത്തില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഗോത്രാചാരമുള്ള കര്‍മങ്ങള്‍ നടക്കുമ്പോഴും വിലാപങ്ങളുടെ നീണ്ട തുടര്‍ച്ചകളാണ് ഉയര്‍ന്നത്. ഗോത്രാചാരങ്ങള്‍ പൂര്‍ത്തിയാക്കി ശ്മശാനത്തിലേക്ക് കൊണ്ടുപോകും മുമ്പ് പ്രിയ സഖാവിന് ആദിവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും അന്ത്യയാത്രാമൊഴിയേകി. അടിയ ശ്മശാനവും നിറഞ്ഞു കവിഞ്ഞിരുന്നു. പലര്‍ക്കും ശ്മശാനത്തിന് അകത്തേക്ക് കടക്കാന്‍ പോലുമായില്ല. മരക്കൊമ്പിലും മറ്റും കയറിനിന്നാണ് പലരും ശവസംസ്കാരച്ചടങ്ങുകള്‍ കണ്ടത്. മൂന്നുവട്ടം ആചാരവെടി ഉതിര്‍ത്തപ്പോള്‍ ശ്മശാനം ശ്വാസമടക്കിനിന്നു.
ഇനി ആ ശബ്ദവും സഹജമായ ചിരിയും ഓര്‍മയില്‍ മാത്രം.
(അവലംബം: മലയാളത്തിലെ വിവിധ ദിനപ്പത്രങ്ങളില്‍ വന്ന വാര്‍ത്തകളും, എഡിറ്റോറിയലുകളും. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, ജനയുഗം, മലബാര്‍ഫോട്ടോ.കോം)
നാടന്‍ കലകളെപ്പറ്റിയുള്ള അധിക വായനക്ക് : Surviving Folk Arts and the social Analysis of their Origin and Development എന്ന ലേഖനം.
5 comments:
തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു. തങ്ങളുടെ എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളനുവേണ്ടി.
അടിയോരുടെ ഉടയോന്‍ വര്‍ഗീസിന്റെ കൂടെ വിമോചന പോരാട്ടത്തില്‍ അണിചേര്‍ന്ന കാളന്‍, അടിച്ചമര്‍ത്തപ്പെട്ട അടിയാന്‍മാരെ സാമൂഹിക തലത്തില്‍ ഉയര്‍ത്തുന്നതിനും അവരുടെ ആചാരങ്ങള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടം നേടിക്കൊടുക്കുന്നതിനും മുഖ്യ പങ്കുവഹിച്ച കാളേട്ടന്‍, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാനാവാത്ത വിധം മാതൃകപരമായ ജീവിതത്തിനുടമയായിരുന്ന പി.കെ.കാളന്‍
കഴിഞ്ഞയാഴ്ച്ച അന്തരിച്ച, ഗോത്ര കലാരൂപമായ ഗദ്ദികയുടെ കുലപതിയും കേരള നാടന്‍ കലാഅക്കാദമി ചെയര്‍മാനുമായ ശ്രീ. പി.കെ.കാളനെക്കുറിച്ചുള്ള ഒരു അനുസ്മരണക്കുറിപ്പ്.
ഉചിതമായ അനുസ്മരണം.
ഒരു നാടന്‍ കലാരൂപത്തെ എങ്ങിനെ ഒരു സാംസ്കാരിക പ്രതിരോധമാക്കിത്തീര്‍ക്കാം എന്ന് നമ്മെ പഠിപ്പിച്ചു അദ്ദേഹം. നമ്മള്‍ പഠിച്ചുവോ എന്നൊന്നും ചോദിക്കരുത്.
ആഘോഷിക്കപ്പെടാത്ത ഇത്തരത്തിലുള്ള അടിയാന്‍മാര്‍ എത്രയെത്ര!!
അഭിവാദ്യങ്ങളോടെ
പി കെ കാളനുളള ഈ അക്ഷരാഞ്ജലി ഉചിതമായി. ഇത്തരം ജീവിതങ്ങളെ അടുത്തറിയിക്കുന്ന കുറിപ്പുകള്‍ ഇനിയുമുണ്ടാകട്ടെ. അക്ഷരങ്ങളിലൂടെ അവര്‍ കാലങ്ങളെ അതിജീവിക്കട്ടെ.
മാരീചന്‍
വായനയ്ക്ക് നന്ദി
സംസ്ഥാനസര്‍ക്കാരിന്റെ ആദ്യ പികെ കാളന്‍ പുരസ്കാരം പ്രശസ്ത തെയ്യം കലാകാരന്‍ അതിയടം പി പി കണ്ണപ്പെരുവണ്ണാന്. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് സാംസ്കാരിക മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസി കലാകാരാനും ഫോക്ക്ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനുമായ പി കെ കാളന്റെ സ്മരണക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ആദിവാസി കലാകാരന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്.
Post a Comment