അഞ്ചുലക്ഷത്തോളം വരുന്ന ഫ്രാന്‍സിലെ പൊതുമേഖലാ ജീവനക്കാര്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ഒരു പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. 2007 നവംബര്‍ 13ന് പാരീസ് മെട്രോയിലെ തൊഴിലാളി സമരത്തോടെ ആരംഭിച്ച ഈ പോരാട്ടത്തില്‍ മറ്റു മേഖലകളിലെ തൊഴിലാളികളും, അദ്ധ്യാപകരും, സര്‍ക്കാര്‍ ജീവനക്കാരും, കോടതി ജീവനക്കാരും എല്ലാം അണിചേര്‍ന്നുകൊണ്ടിരിക്കുന്നു.
ഫ്രാന്‍സിലെ തൊഴിലാളികളുടെ സാമൂഹിക ജനാധിപത്യ അവകാശങ്ങളെയും തൊഴില്‍ ജീവിത സാഹചര്യങ്ങളേയും ഏറെ പ്രതികൂലമായി ബാധിക്കുന്ന നയപരിപാടികള്‍ നടപ്പിലാക്കാനുള്ള പ്രസിഡന്റ് നിക്ലോസ് സര്‍ക്കോസി (Nicolas Sarkozy ) യുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ മുന്നേറ്റം. 2007 സെപ്തംബര്‍ 18, 19 തീയതികളില്‍ നടത്തിയ പ്രസംഗങ്ങളിലൂടെയാണ് സര്‍ക്കോസി തന്റെ തന്റെ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഈ പുത്തന്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടാല്‍ അവ പല ദശകങ്ങളിലെ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയും അവരെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായിരുന്ന ദുരവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യും. സെപ്തംബര്‍ 18-ന്റെ പ്രസംഗത്തില്‍ സര്‍ക്കോസി താഴെ പറയുന്ന തൊഴിലാളിദ്രോഹ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.
നഗരഗതാഗതം, റയില്‍വേസ്, ഗ്യാസ്, വിദ്യുച്ഛക്തി എന്നീ മേഖലകളില്‍ പണിയെടുക്കുന്ന 1.6 ദശലക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചുവരുന്ന മെച്ചപ്പെട്ട പെന്‍ഷന്‍ (Special Regime Pension) ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടും. ഇവര്‍ക്കും പൊതുമേഖലയിലെ ഇതര മേഖലയില്‍ പണിയെടുക്കുന്ന 5 ദശലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്നതും 2003-മാണ്ടില്‍ ഗണ്യമായി വെട്ടിക്കുറച്ചതുമായ പെന്‍ഷനേ ഇനിമുതല്‍ ലഭിക്കുകയുള്ളൂ. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യാനുള്ള വയസ്സ് ചില തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 50-ഉം മറ്റുചിലര്‍ക്ക് 55-ഉം ആണ്. ഇത് എല്ലാ തൊഴിലാളികള്‍ക്കും 60 വര്‍ഷമായി ഉയര്‍ത്തപ്പെടും. കുറഞ്ഞത് 40 വര്‍ഷം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കേ ഇനിമേല്‍ മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. അവസാനത്തെ ആറുമാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കപ്പെടുന്ന നിലവിലുള്ള രീതിക്കുപകരം അവസാനത്തെ 25 വര്‍ഷത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിമേല്‍ പെന്‍ഷന്‍ കണക്കാക്കപ്പെടുന്നത്. ഇത് പെന്‍ഷന്‍ ഇനത്തില്‍ തൊഴിലാളികള്‍ക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കും.
പെന്‍ഷന് അര്‍ഹരാകാന്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ ഇപ്പോള്‍ 37.5 വര്‍ഷം പണിയെടുക്കണം. ഇത് 41 വര്‍ഷമായി ഉയര്‍ത്തപ്പെടും. 16 വയസ്സിലോ അതിനുമുമ്പോ തൊഴിലെടുക്കുവാന്‍ തുടങ്ങുന്ന തൊഴിലാളികള്‍ക്ക് (ഇവര്‍ Long career workers എന്നാണറിയപ്പെടുന്നത്) പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അവര്‍ കുറഞ്ഞത് 42 വര്‍ഷമെങ്കിലും പണിയെടുത്തിരിക്കണം. ഇപ്പോള്‍ ഇത് 40 വര്‍ഷം മാത്രമാണ്. ഇത് 4,30,000 ത്തോളം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ഇതിലൂടെ സര്‍ക്കാരിന് 2 ബില്യന്‍ ഡോളറിന്റെ നേട്ടം ഉണ്ടാകും എന്നാണ് സര്‍കോസിയുടെ വാദം.
തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കുന്നതുവരെ തൊഴിലില്ലായ്മ വേതനം നല്‍കുവാന്‍ തൊഴിലുടമകളും തൊഴിലാളി സംഘടനകളും സംയുക്തമായ സഹായനിധികള്‍ ഫ്രാന്‍സില്‍ നടത്തിവരുന്നുണ്ട്. ഈ സഹായനിധികളില്‍ നിന്നും തൊഴിലില്ലായ്മാ വേതനം ലഭിക്കുവാനുള്ള വ്യവസ്ഥകള്‍ വളരെ കര്‍ക്കശമാക്കപ്പെടും.
തൊഴിലാളികളെ 65 വയസ്സുവരെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിപ്പിക്കുന്നതിനായി ഈ പ്രായത്തിനുമുമ്പേ വിരമിക്കുന്ന തൊഴിലാളികളുടെ മേല്‍ പിഴയായി അധികനികുതി ചുമത്തുവാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ജീവിത ചെലവുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കുകയില്ല, മറിച്ച് "സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങളെ'' ആശ്രയിച്ച് “, അതായത് ഉടമകള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍, ആയിരിക്കും ഇനിമേല്‍ മിനിമംകൂലി നിശ്ചയിക്കപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനായും തൊഴിലാളികള്‍ ഭാവിയില്‍ സ്വന്തം കീശയില്‍ നിന്ന് കൂടുതല്‍ തുക മുടക്കേണ്ടിവരും.
സെപ്തംബര്‍ 19-ലെ പ്രസംഗത്തില്‍ താന്‍ എങ്ങനെയാണ് പൊതുമേഖലയിലെ തൊഴിലാളികളുടെ ജോലിസുരക്ഷ ഇല്ലാതാക്കാനും, യോഗ്യത സീനിയോരിറ്റി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളേയും സ്ഥാനങ്ങളേയും തകര്‍ത്തെറിയുവാനുമുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍കോസി വിശദീകരിച്ചു. ഒരു ട്രില്യന്‍ യുറോയോളം വരുന്ന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച് പഠിക്കുവാനും, ഇക്കാര്യത്തില്‍ ആവശ്യമായ പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനുമായി 200- ഓഡിറ്റര്‍മാര്‍ പ്രവര്‍ത്തനം തുടങ്ങിയതായും സര്‍കോസി പറഞ്ഞു. പ്രസംഗത്തില്‍ അദ്ദേഹം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ച മറ്റുചില നടപടികള്‍ താഴെ വിവരിക്കുന്നു.
പൊതുമേഖലയില്‍ നിന്നും രണ്ടു തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ പുതുതായി ഒരു നിയമനം മാത്രമേ നടത്തുകയുള്ളൂ. പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയിലേയ്ക്ക ചേക്കേറുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രോത്സാഹനം നല്‍കും. സ്വകാര്യമേഖലയില്‍ ഉള്ളതുപോലെ പൊതുമേഖലയിലും കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കും. ഇവര്‍ക്ക് ജോലി സുരക്ഷയോ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്ന മറ്റവകാശങ്ങളോ ലഭിക്കുകയില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം ഉടച്ചുവാര്‍ക്കും. ഉല്പാദനക്ഷമതയും കഴിവും മാനദണ്ഡങ്ങളാക്കിയായിരിക്കും ഇനി തൊഴിലാളികളുടെ വേതനം നിശ്ചയിക്കപ്പെടുന്നത്. വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് സഹായകമായ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയവും സിലബസ്സുകളും ഉടച്ചുവാര്‍ക്കും.
പൊതുമേഖല, പെന്‍ഷന്‍, വിദ്യാഭ്യാസരംഗം എന്നിവയ്ക്കുനേരെ ഫ്രാന്‍സിലെ പല മുന്‍കാല സര്‍ക്കാരുകളും ഇപ്പോള്‍ സര്‍കോസി പ്രഖ്യാപിച്ചിട്ടുള്ളതുപോലെയുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ ഫലമായി അധികാരികള്‍ക്ക് അവര്‍ ഉദ്ദേശിച്ച രീതിയില്‍ തൊഴിലാളി വിരുദ്ധനയങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ വെട്ടിക്കുറവു വരുത്തുവാന്‍ 1995-ല്‍ ശ്രമം നടത്തിയ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന Alain Juppe യ്ക്ക് തൊഴിലാളികളുടെ അതിശക്തമായ പ്രതിഷേധത്തിന്റെ ഫലമായി സ്ഥാനമൊഴിയേണ്ടിവന്നു. ക്ഷേമപദ്ധതികള്‍ക്കായി വരുന്ന ചിലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും 2003-ലും 2006-ലും ഉണ്ടായ നീക്കങ്ങളും തൊഴിലാളികളുടേയും യുവജനങ്ങളുടേയും യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്.
ജനകീയ ചെറുത്തുനില്‍പ്പുകാരണം ക്ഷേമപദ്ധതികള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുവാന്‍ നിര്‍ബന്ധിതമായിട്ടുള്ള ഫ്രാന്‍സിന് ഇത്തരം പദ്ധതികള്‍ പൂര്‍ണ്ണമായും നിറുത്തലാക്കിയ ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി മത്സരിക്കുവാന്‍ കഴിയുന്നില്ല എന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സിന്റെ വ്യാപാരകമ്മി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. എല്ലാവിധത്തിലുമുള്ള ക്ഷേമപദ്ധതികളും അവസാനിപ്പിക്കാനുള്ള നടപടികള്‍ ഇനിയും വൈകിക്കൂടാ എന്ന നിലപാടാണ് ഇപ്പോള്‍ ഫ്രാന്‍സ് ഭരിക്കുന്ന സമ്പന്നവര്‍ഗ്ഗഭരണകൂടത്തിനുള്ളത്. അനേകവര്‍ഷങ്ങള്‍കൊണ്ട് ജര്‍മ്മനിയില്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ കേവലം ആറുമാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കുമെന്നാണ് സര്‍കോസി അവകാശപ്പെടുന്നത്.
ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത ന്യായമായ അവകാശങ്ങള്‍ തൊഴിലാളികള്‍ ബലികഴിക്കണമെന്നാണ് സര്‍കോസി ആവശ്യപ്പെടുന്നത്. ഇതിന് പിന്‍ബലമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത് തൊഴിലാളികള്‍ക്കിടയില്‍തന്നെ വളരെ നാമമാത്രമായ അവകാശങ്ങള്‍ മാത്രം ലഭിച്ചുവരുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന വിചിത്രവും തീരെ വിലകുറഞ്ഞതുമായ ഒരു വാദഗതിയാണ്. ഫ്രാന്‍സിലെ പൊതുമേഖലയില്‍ പണിയെടുക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്ക് 'Special Regime' പദ്ധതിപ്രകാരം ഇതരവിഭാഗം തൊഴിലാളികളെ അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട പെന്‍ഷനാണ് ലഭിച്ചുവരുന്നത് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിശദീകരിച്ചുവല്ലോ. ഇത് അസമത്വത്തിന് വഴിയൊരുക്കുന്നുവെന്നും അതുകൊണ്ട് 'Special Regime' പദ്ധതിയുടെ കീഴില്‍ നല്‍കുന്ന മെച്ചപ്പെട്ട പെന്‍ഷന്‍ വെട്ടിക്കുറച്ച് മറ്റു തൊഴിലാളികള്‍ക്കു ലഭിക്കുന്ന കുറഞ്ഞ പെന്‍ഷനു തുല്യമാക്കുവാനുള്ള നടപടികള്‍ എടുക്കുമെന്ന് സര്‍കോസി ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. 'Special Regime' പദ്ധതി നിറുത്തലാക്കുന്നത് മറ്റു പെന്‍ഷന്‍ പദ്ധതികളേയും, ക്രമേണ തൊഴിലാളികളെയും, പ്രതികൂലമായി ബാധിക്കുന്ന പരിഷ്ക്കാരങ്ങള്‍ക്ക് വിധേയമാക്കുവാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം തുടര്‍ന്ന് പ്രഖ്യാപിക്കുകയുണ്ടായി.
തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ പദ്ധതികളുടെ കാര്യത്തില്‍ സര്‍കോസി യുറോപ്പിലെ വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികളെയാണ് താരതമ്യംചെയ്യുന്നത്. ഹോളണ്ടില്‍ നിലവിലുള്ള വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളുള്ള ഒരു ആരോഗ്യസംരക്ഷണ പദ്ധതിയാണ് ഫ്രാന്‍സിലെ തൊഴിലാളികള്‍ക്ക് ഇന്ന് ലഭിച്ചുവരുന്ന മികച്ച സൌകര്യങ്ങളുള്ള പദ്ധതികള്‍ക്ക് പകരം കൊണ്ടുവരുവാന്‍ സര്‍കോസി ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ പദ്ധതികള്‍ക്കായി അവരില്‍ നിന്നും ഒരു വിഹിതം ഈടാക്കുവാനുള്ള പുതിയ നയത്തെയും അദ്ദേഹം ന്യായീകരിക്കുയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന അധികവരുമാനം Alzheimer, Cancer തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരെ ശുശ്രൂഷിക്കാന്‍ ഉപയോഗിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങള്‍ ഗണ്യമായി വെട്ടിക്കുറക്കുവാനാണ് സര്‍കോസി ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ മെച്ചപ്പെടുത്തുവാനാണെന്ന വ്യാജേന മറ്റൊരു വിഭാഗത്തിന്റെ പെന്‍ഷനില്‍ കുറവുവരുത്തുന്നു. ആരോഗ്യസംരക്ഷണ പദ്ധതി വിപുരലീകരിക്കുന്നത് മറയാക്കി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു.
തന്റെ മുന്‍ഗാമികളായ ഭരണാധികാരികള്‍ വിഭാവന ചെയ്ത രീതിയിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവര്‍ക്ക് നപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്ന ചരിത്രസത്യം പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സര്‍കോസി തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വീണ്ടുമൊരു ശ്രമം ഇപ്പോള്‍ നടത്തുന്നത്. ഇതിനായി ഫ്രാന്‍സിലെ അതിരുകടന്ന ദേശീയബോധമുള്ള തൊഴിലാളി സംഘടനകളെ വറുതിയാക്കാനുള്ള പ്രയത്നത്തിലാണ് സര്‍കോസി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഫ്രാന്‍സിലെ കമ്പനികള്‍ വിജയിച്ചുകാണുന്നതില്‍ അതീവ തത്പരരാണ് അവിടത്തെ തൊഴിലാളി സംഘടനകള്‍. മുന്‍കാലങ്ങളില്‍ ഫ്രാന്‍സില്‍ നടന്ന വന്‍ പ്രക്ഷോഭങ്ങളെ അവിടത്തെ കുത്തകകളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് ചേര്‍ന്നുനിന്ന് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് അവിടത്തെ തൊഴിലാളി സംഘടനകള്‍ക്കുള്ളത്. ഇപ്പോള്‍ ഫ്രാന്‍സിലെ തൊഴിലാളികളുടെ അവകാശങ്ങളുടേയം ക്ഷേമപദ്ധതികളുടേയും നേരേ നടക്കുന്ന ആക്രമണങ്ങളില്‍ അവിടത്തെ തൊഴിലാളി സംഘടനകള്‍ തങ്ങളുടെ പങ്കാളികളെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് ഫ്രഞ്ച് മുതലാളിത്തം ആഗ്രഹിക്കുന്നത്.
(കടപ്പാട്: സി.ഐ.ടി.യു സന്ദേശം 2007 ഒക്ടോബര്‍ ലക്കം. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, ബി.ബി.സി., വിക്കിപീഡിയ)
അധികവായനക്ക്: Right turn - ജോണ്‍ ചെറിയാന്‍ ഫ്രണ്ട്‌ലൈനില്‍ എഴുതിയ ലേഖനം
2 comments:
തന്റെ മുന്‍ഗാമികളായ ഭരണാധികാരികള്‍ വിഭാവന ചെയ്ത രീതിയിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവര്‍ക്ക് നപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്ന ചരിത്രസത്യം പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സര്‍കോസി തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വീണ്ടുമൊരു ശ്രമം ഇപ്പോള്‍ നടത്തുന്നത്.
കൂടുതല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങള്‍ ഗണ്യമായി വെട്ടിക്കുറക്കുവാനാണ് സര്‍കോസി ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ മെച്ചപ്പെടുത്തുവാനാണെന്ന വ്യാജേന മറ്റൊരു വിഭാഗത്തിന്റെ പെന്‍ഷനില്‍ കുറവുവരുത്തുന്നു. ആരോഗ്യസംരക്ഷണ പദ്ധതി വിപുരലീകരിക്കുന്നത് മറയാക്കി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു.
നിക്കോളാസ് സര്‍ക്കോസി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ത്യാഗോജ്ജ്വലമായ സമരങ്ങളുടെ പാരമ്പര്യമുള്ള ഫ്രാന്‍സിലെ തൊഴിലാളികള്‍ക്ക് കഴിയേണ്ടതാണ്.
സര്‍ക്കസിനെക്കുറിച്ചുള്ള പോസ്റ്റാണെന്നു കരുതി വന്നതാണേയ്...ഷമി..
Post a Comment