Thursday, November 8, 2007

ചെറുകിടമേഖലയും ആഗോളവല്‍ക്കരണ സുനാമിയും

ആഗോളവല്‍ക്കരണം ഒരു സുനാമിയോ?

അന്ധമായ, നമുക്ക് നിയന്ത്രിക്കാനാവാത്ത, വഴിയിലുള്ള സര്‍വ്വവിധ ചരാചരങ്ങളെയും ഒഴുക്കികളയുന്ന ഒരു പ്രകൃതിശക്തിയാണ് നമുക്ക് അടുത്ത കാലത്ത് മാത്രം പരിചിതമായ സുനാമി. ഫലത്തില്‍ നമുക്ക് നിയന്ത്രിക്കാനാവാത്ത, അതിന്റെ വഴിയിലുള്ള സര്‍വ്വവിധ സാമൂഹ്യചരാചരങ്ങളെയും ഒഴുക്കികളയുന്ന ഒരു സാമൂഹികശക്തിയായിട്ടാണ് ആഗോളവല്‍ക്കരണം നമുക്ക് അനുഭവപ്പെടുന്നത് എന്നതിനാല്‍ ആഗോളവല്‍ക്കരണവും ഒരു സുനാമി തന്നെ.

അന്ധമായ പ്രകൃതിശക്തികളെ പ്രാകൃതമനുഷ്യന്‍ ഭയപ്പെട്ടിരുന്നു. അവയുടെ ബാധയകറ്റാന്‍ അവന്‍ മന്ത്രവാദവും പ്രീണനവും എല്ലാം നടത്തിനോക്കി. എന്നിട്ടും അവ വഴങ്ങിയിട്ടില്ല. എന്നാല്‍ ആധുനിക മനുഷ്യന്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രകൃതിശക്തികളെ തോല്പിക്കാനല്ലെങ്കിലും മെരുക്കാന്‍ ശ്രമിക്കുകയാണ്. സുനാമിയുടെ കാര്യത്തില്‍ ഈ ശ്രമങ്ങള്‍ എത്രത്തോളം വിജയിച്ചുവെന്ന് നമുക്ക് കാത്തിരുന്ന് കാണാം. എന്നാലും ശ്രമിക്കേണ്ടത് ആധുനിക മനുഷ്യന്റെ കര്‍ത്തവ്യം തന്നെ . ആഗോളവല്‍ക്കരണത്തിന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്തല്ല. സുനാമിയില്‍നിന്ന് ഒളിച്ചോടാന്‍ കഴിയാത്തതുപോലെ ആഗോളവല്‍ക്കരണത്തെ നമുക്ക് അവഗണിക്കാനും കഴിയില്ല. പിന്നെയുള്ളത് അതിന്റെ അകത്തുനിന്നുകൊണ്ടുതന്നെ ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്കരിച്ച് അതിന്റെ രാക്ഷസീയതയെ മറികടക്കുകയെന്നതാണ്. കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നേരിടുന്ന വിവിധ വിഷയങ്ങളെ മറികടക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാനാവുക എന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ആഗോളവല്‍ക്കരണമെന്ന അന്ധമായ, ആസുരമായ സാമൂഹ്യശക്തി എങ്ങിനെ നമ്മുടെ കേരള സമൂഹത്തെ മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരള സമൂഹത്തിന്റെ എല്ലാ മേഖലകളിലും അതിവേഗം കടന്നുകയറുന്ന വിവരസാങ്കേതിക വിദ്യ . മൊബൈല്‍ ഫോണ്‍, മൊബൈല്‍ ക്യാമറ, കമ്പ്യൂട്ടര്‍, ബ്രൌസിംഗ്, ഇ.മെയില്‍, ഓര്‍ക്കൂട്ട്, യു-ട്യൂബ്, എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അത് പടരുകയാണ്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞപോലെ ഇതൊന്നും ഉപയോഗിക്കാത്തവര്‍ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടയില്‍ പേരിന് പോലുമില്ല എന്നതായിരിക്കുന്നു സ്ഥിതി. മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തൊട്ട് താരതമ്യേന കടുംപിടുത്തക്കാരായി അറിയപ്പെടുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളും തൊട്ട് ജമാഅത്തെ ഇസ്ലാമിയും, ആര്‍.എസ്.എസും വരെയുള്ള സംഘടനകളുടെ സ്ഥിതിപോലും വ്യത്യസ്തമല്ല.

ഇത്രയും ചൂണ്ടികാണിച്ചതിന്റെ ഉദ്ദേശം ഐ.ടി.യുടെ വ്യാപനത്തെ എതിര്‍ക്കുക എന്നതല്ല. വൈദ്യുതിയും, മോട്ടോര്‍കാറും, ടെലഫോണും, മൊബൈലും ഉല്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ അപ്പാടെ ഒഴിവാക്കിയ ചില ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ അമേരിക്ക പോലുള്ളചില രാജ്യങ്ങളില്‍ പ്രത്യേക പരിരക്ഷയോടെ ജീവിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് മുഖ്യധാരാ സമൂഹവുമായി ബന്ധമേതുമില്ല എന്നുമാത്രം.

അതുപോലെയാവാന്‍ നമുക്ക് ആവില്ലല്ലോ.

എങ്കിലും വണ്ടി വന്നു വഞ്ചി വേണ്ട എന്ന പാഠം പോലെ ഐ.ടി.വന്നു ഇനി കൃഷിയും വ്യവസായവും ഒന്നും വേണ്ട എന്ന സമൂഹത്തിന്റെ, വിശേഷിച്ച് യുവസമൂഹത്തിന്റെ മനോഭാവം അപകടകരമാണ്. ചെറുകിട വ്യവസായത്തില്‍ അനുഭവപ്പെടുന്ന സാങ്കേതിക വൈദഗ്ദ്യമുള്ള തൊഴിലാളികളുടെയും എഞ്ചിനീയര്‍മാരുടെയും കടുത്ത ദൌര്‍ലഭ്യം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കമ്പ്യൂട്ടര്‍, ഐ.ടി.വിഷയക്കാര്‍ മാത്രമല്ല സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നവര്‍ വരെ അവസാനം ഉയര്‍ന്ന ശമ്പളത്തിന്റെ പ്രലോഭനത്തില്‍ ഐ.ടി.യിലേക്ക് തിരിയുന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ വൈഷമ്യം നേരിടുന്നത് ചെറുകിട ഇടത്തരം വ്യവസായങ്ങളണ്. എന്തിന്, നല്ല ശമ്പളമുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വരെ ശമ്പളം കൂട്ടിയില്ലെങ്കില്‍ തങ്ങള്‍ ജോലി ഉപേക്ഷിച്ചുപോകും എന്ന് ഭീഷണിപ്പെടുത്തുന്നതും ഐ.ടി.യുടേയും ആഗോളവല്‍ക്കരണത്തിന്റെയും പ്രഭാവം തന്നെ.

ആഗോളവല്‍ക്കരണത്തിന്റെയും ഐ.ടി.വല്‍ക്കരണത്തിന്റെയും പ്രഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ ഇനിയുമുണ്ട്. ബാംഗ്ലൂരില്‍ നിന്നുമുള്ള പല അനുഭവകഥകളും പറയുന്നത് ഐ.ടി. വ്യാപകമായതോടെ സര്‍ക്കാര്‍ ആഫീസുകളിലെ കൈക്കൂലി നിരക്കുകള്‍ പലമടങ്ങ് കൂടിയെന്നാണ്. ഇപ്പോള്‍ തന്നെ താരതമ്യേന ഉയര്‍ന്ന കേരളത്തിലെ കൈക്കൂലി നിലവാര പട്ടിക സ്മാര്‍ട്ട് സിറ്റിയും മറ്റും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇനിയും ഉയരും. വാടക, മറ്റ് ജീവിതചിലവുകള്‍ എന്നിവയുടെ വര്‍ദ്ധന നിമിത്തം തൊഴിലാളികളുടെ കൂലിയിലും കാര്യമായ വര്‍ദ്ധന നല്‍കേണ്ടിവരുന്നതുമൂലവും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ചെറുകിടക്കാരാണ്. ഇതിനെല്ലാം പുറമെയാണ് ഐ.ടി. മുതലായ മേഖലകളില്‍ പണിയെടുക്കുന്ന എക്സിക്യുട്ടീവുകള്‍ക്ക് കാറിനും വീടിനുമായി ദശലക്ഷകണക്കിന് രൂപ താരതമ്യേന കുറഞ്ഞ പലിശയില്‍ കടം കൊടുക്കുന്ന ബാങ്കുകള്‍ ചെറുകിടക്കാരന്റെ മൂലധന ആവശ്യങ്ങളോട് സ്വീകരിക്കുന്ന ചിറ്റമ്മ നയം.

വിപണനത്തിന്റെയും ഗുണമേന്മയുടേയും കാര്യത്തിലും ഐ.ടി.യും, ആഗോളവല്‍ക്കരണവും ചെറുകിടക്കാര്‍ക്ക് പല പുതിയ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇന്റര്‍നെറ്റും, വിദേശബന്ധങ്ങളും വ്യാപകമായതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. വില ഏറ്റവും കുറവ്, ഗുണം ഏറ്റവും മെച്ചം, നല്ല ഭംഗിയുള്ള നിറങ്ങള്‍ വേണം, പക്ഷേ നിറങ്ങളില്‍ ഉപയോഗിക്കുന്ന പെയിന്റും മറ്റും ഒരുവിധത്തിലും ആരോഗ്യത്തിന് ഹാനികരമാവരുത്, ഭാരം ഏറ്റവും കുറവാകണം, എന്നാല്‍ ബലം ഏറ്റവും കൂടുതല്‍ വേണം, രുചി ഏറ്റവും നന്നായിരിക്കണം, പക്ഷേ ആരോഗ്യത്തെ ബാധിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ അംഗീകൃതമായി മാറിയിരിക്കുന്നു. ഇവയൊന്നും ഒഴിവാക്കാനാവില്ല.. വിലകുറയ്ക്കണം, സാങ്കേതിക മികവുണ്ടാവണം, ഗുണം മെച്ചമായിരിക്കണം, പരിസ്ഥിതി പ്രശ്നങ്ങള്‍ പാടില്ല, കാണാന്‍ ചന്തമുണ്ടാവണം- ഇതിന്റെയെല്ലാം ആത്യന്തികമായ അര്‍ത്ഥം ചെറുകിട വ്യവസായങ്ങളില്‍ വന്‍തോതിലുള്ള ആധുനികവല്‍ക്കരണം അനിവാര്യമാണ് എന്നാണ്. ഇതിന് അനുബന്ധമായി പൊതുസമൂഹത്തിലും മാറ്റങ്ങള്‍ ഉണ്ടാവണം. പക്ഷേ ഈ മാറ്റം സ്വാഭാവികമായി ഉണ്ടാവില്ല. അതിന് സംഘടിത യത്നം ആവശ്യമാണ്. ഈ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ചെറുകിട വ്യവസായികള്‍ മാത്രമല്ല, ഐ.ടി.യോടൊപ്പം കൃഷിയും വ്യവസായവും മറ്റ് മേഖലകളും ഈ നാട്ടില്‍ നിലനില്‍ക്കണം, വളരണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഉണ്ടാകണം. അപ്രകാരം ഈ ആവശ്യങ്ങള്‍ പൊതുജന പിന്തുണ നേടിയാല്‍മാത്രമേ ഇത് അവഗണിക്കാന്‍ ആവില്ല എന്ന് അധികാരികള്‍ക്ക് ബോധ്യമാവുകയുള്ളു.

ചെറുകിടക്കാരെ തകത്തുകൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തെയും അതിന്റെ ഭൌതികരൂപമായ കുത്തകകളെയും വീറോടെ ചെറുക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഫലപ്രദമായ ബദലുകള്‍ കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റൊരു ബദലില്ലാ വാദം ( There is no alternative) വീണ്ടും പിടി മുറുക്കും. അതു കൊണ്ട് അത്തരം ബദലുകളെ ശക്തിപ്പെടുത്താനുള്ള ഏതാനും ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ പൊതു ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നത്.

1) പരിസരദൂഷണം ഇന്നൊരു വലിയ സാമൂഹ്യപ്രശ്നമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ കര്‍ക്കശമായ നിയമങ്ങളുണ്ടാക്കിയിട്ട് മറ്റെല്ലാം കമ്പോളശക്തികള്‍ക്ക് വിടുന്ന പതിവ് സമീപനം ചെറുകിടക്കാരെ ഇല്ലാതാക്കാനും വന്‍കിടക്കാരെ വളര്‍ത്താനും മാത്രമേ സഹായിക്കൂ. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആഗോളമാര്‍ക്കറ്റില്‍ ഇന്നു ലഭ്യമായ സാങ്കേതികവിദ്യകളും, ഇനി വരാന്‍ പോകുന്ന സാങ്കേതികവിദ്യകളും പൊതുവില്‍ കുത്തക ഉല്പന്നങ്ങളാണ്. വളരെയേറെ ചിലവേറിയതായതുകൊണ്ട് ഇന്നാട്ടിലെ വന്‍കിടക്കാര്‍ പോലും ബുദ്ധിമുട്ടായി കാണുന്ന ഇത്തരം പരിഹാരങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പ്പിച്ചാല്‍ ചെറുകിടക്കാര്‍ പലരും അടച്ചുപൂട്ടി പോവും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും കമ്പോളശക്തികള്‍ക്ക് വിടാതെ സാമൂഹ്യ മുന്‍കൈയോടെയുള്ള പരിഹാരമാണ് വേണ്ടത് . മൂന്ന് ഘടകങ്ങള്‍ ഈ മുന്‍കൈയിലുണ്ടാവണം.

എ) പൊതുജന ബോധവല്‍ക്കരണത്തിനായി ഒരു ബൃഹത്പദ്ധതി

ചെറുകിടക്കാരുടെയും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും, വിദ്യാഭ്യാസ്ഥാപനങ്ങളുടെയും, വിവിധ പരിസ്ഥിതി-സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെയും സഹായത്തോടെ നടപ്പിലാക്കണം.

ബി) പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കുറഞ്ഞ ചെലവിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഒരു ബൃഹത്പദ്ധതി

നമ്മുടെ വന്‍ ഗവേഷണശാലകള്‍ മാത്രല്ല, സ്കൂള്‍, കോളേജ് ലാബുകളും വിദ്യാര്‍ത്ഥി, യുവ ശാസ്ത്രജ്ഞന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരും വരെ പങ്കെടുക്കുന്ന പൊതുഫണ്ടോടെയുള്ള ഒരു ബൃഹത് പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. വിശദാംശങ്ങള്‍ ആലോചിക്കണം. ഓരോ പ്രദേശത്തെയും എല്ലാവ്യവസായസ്ഥാപനങ്ങള്‍ക്കുമായുള്ള കേന്ദ്രീകൃത പരിസ്ഥിതി ശുചീകരണ സംവിധാനങ്ങള്‍ നിലവില്‍വരണം.

2) പരിസരദൂഷണവും അതിന്റെ സാങ്കേതികപരിഹാര സാധ്യതകളും സ്കൂള്‍, കോളേജ് പാഠ്യ പദ്ധതികളുടെ ഭാഗമാവണം. ഇതിന്റെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

3) ഇന്ന് ഐ.ടി. പ്രൈമറി സ്കൂള്‍ സിലബസില്‍പോലും സ്ഥാനം പിടിച്ചപോലെ, ആധുനിക നിത്യജീവിതത്തില്‍ ആവശ്യമായ ഫര്‍ണീച്ചര്‍ പണി, മെയ്‌സന്‍ വര്‍ക്ക്, ഇലക്ട്രിക്കല്‍ ഉപകരണ റിപ്പയറിംഗ്, ഇലക്ട്രോണിക് റിപ്പയറിംഗ്, പ്ലംബിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, മോട്ടോര്‍ മെക്കാനിസം, ലഘുയന്ത്രങ്ങളുടെ സര്‍വീസിംഗ്, ലഘു കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങി എല്ലാം സിലബസില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കണം.

4) തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വിദഗ്ദപരിശീലനം നല്‍കാനുള്ള പുതിയ ദേശീയ പരിപാടിയെ (നാഷണള്‍ സ്കില്‍ഡ് ഡെവലപ് മെന്റ് മിഷന്‍) ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ യുവജനങ്ങളുടെ കര്‍മ്മശേഷിയെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ആരംഭിക്കണം.

5) ചെറുകിടക്കാര്‍ക്ക് ലളിതമായ ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. തീര്‍ച്ചയായും പല മേഖലകളിലും വന്‍ മാറ്റങ്ങള്‍ ഇതിന് ആവശ്യമാണ്. ഇത് ചര്‍ച്ച ചെയ്യണം.

6) സര്‍ക്കാര്‍ സംവിധാനത്തിലെ ചുവപ്പുനാട കുരുക്കുകള്‍ മാറ്റി കാര്യക്ഷമത കൂട്ടാന്‍ ഇ.ഗവേണന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കണം.

7) ഗവേഷണസ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ വിഭാഗങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കണം.

8) വന്‍കിട പൊതുമേഖലാ, സ്വകാര്യമേഖല സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ ചെറുകിട വ്യവസായി സംഘടനാ പ്രതിനിധികള്‍ക്കും പ്രാതിനിധ്യം നല്‍കണം.

9) ബ്രാന്‍ഡിംഗ് സാദ്ധ്യതകള്‍ വിപുലമായി അന്വേഷിക്കണം.

10) ചെറുകിട വ്യവസായ ക്ലസ്റ്ററുകള്‍ വ്യാപകമാക്കണം.

11) ആപേക്ഷികമായി കുറവ് തൊഴില്‍ സാദ്ധ്യതകള്‍ മാത്രമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ തടസ്സങ്ങള്‍ ഇല്ലാതെ വൈദ്യുതി നല്‍കുന്ന വൈദ്യുതി ബോര്‍ഡ് കൂടുതല്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്ന ചെറുകിട സ്ഥാപനങ്ങളോട് ചിറ്റമ്മ നയമാണ് ഇന്ന് അനുവര്‍ത്തിക്കുന്നത്. നിരന്തരം തടസ്സങ്ങളുള്ള, വോള്‍ട്ടേജ് കുറഞ്ഞ വൈദ്യുതിക്ക് പോലും വളരെ ഉയര്‍ന്ന കോമേര്‍സിയല്‍ റേറ്റ് നല്‍കേണ്ടി വരുന്ന ചെറുകിടക്കാര്‍ക്ക് ആശ്വാസമെത്തിക്കേണ്ടതുണ്ട്. ഇതിനു തക്കവണ്ണം വൈദ്യുതി ബോര്‍ഡ് ചെറുകിടക്കാരോടുള്ള നയം തിരുത്തണം.

അവസാനമായി ചൂണ്ടിക്കാണിക്കാനുള്ളത് ഇതിനെല്ലാം ഉപയുക്തമായ സംഘടനാ സംവിധാനങ്ങള്‍ എന്തെന്നുള്ള കാര്യങ്ങളും ആലോചിക്കണമെന്നാണ്. ഉല്‍പ്പന്നാധിഷ്ഠിത അടിസ്ഥാനത്തില്‍ ചെറുകിട വ്യവസായങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി സഘടിക്കുന്ന താഴെ നിന്നുള്ള കോര്‍പ്പറേറ്റൈസേഷന്‍ പോലുള്ള സംവിധാനങ്ങളും പരിഗണിക്കണം.

മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പൊതു ചര്‍ച്ചയിലൂടെ ഉരുത്തിരിയും എന്നു പ്രതീക്ഷിക്കുന്നു.

(ലേഖകന്‍: ശ്രീ. അശോകന്‍ ഞാറക്കല്‍)

കൊച്ചിന്‍ സെന്റര്‍ ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ചെറുകിട വ്യവസായങ്ങളുടെ ഭാവി എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളവല്‍ക്കരണം അതിന്റെ വഴിയിലുള്ള സര്‍വ്വവിധ സാമൂഹ്യബന്ധങ്ങളേയും ഒഴുക്കികളയുന്ന ഒരു സുനാമിയായിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത് . ചെറുകിടക്കാരെ തകത്തുകൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തെയും അതിന്റെ ഭൌതികരൂപമായ കുത്തകകളെയും വീറോടെ ചെറുക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഫലപ്രദമായ ബദലുകള്‍ കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ There is no alternative എന്ന വാദം വീണ്ടും പിടി മുറുക്കും. അത്തരം ബദലുകളെ ശക്തിപ്പെടുത്താനുള്ള ഏതാനും ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

N.J Joju said...

വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങളെ പ്രയോജനപ്പെടുത്തേണ്ടതില്ല എന്ന് ലേഖകന്‍ കരുതുമെന്നു തോന്നുന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി മാത്രം ഉണ്ടായ തോഴില്‍ സാധ്യതകളെ കണ്ടില്ലെന്നു നടിയ്ക്കും എന്നു തോന്നുന്നുമില്ല.നേരിട്ടുള്ള ഇത്തരം പ്രയോജനങ്ങളെ ഞാന്‍ പരാമര്‍ശിക്കുന്നില്ല, അത് എല്ലാവര്‍ക്കും അറിവുള്ളതായിരിയ്ക്കും. പക്ഷേ ചെടുകിടക്കാരനും സാധാരണക്കാരനും പ്രയോജനം നല്‍കിയ ആഗോളവത്കരണത്തിന്റെ ബൈപ്രോഡക്ടുകളെപറ്റി പറയാം.

എത്രയോ ബ്രൌസിംഗ് സെന്ററുകള്‍ ഇന്ത്യയിലാകമാനമുണ്ട്. ഇതെല്ലാം വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മയോ ആരംഭിച്ച ചെറുകിട സംരംഭങ്ങളാണ്. എത്രയോ മൊബൈല്‍ ഷോപ്പുകള്‍ റിപ്പയറിംഗ് കടകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ചെറുകിടയാണ്. അഥവാ വന്‍‌കിടസ്ഥാപനങ്ങളുടെ Franchisee യാണ്. പലയിടത്തും പറഞ്ഞതാണെങ്കിലും ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുന്നു. ഞാന്‍ താമസിയ്ക്കുന്ന(ബാംഗളൂര്‍, ഇന്ദിരാനഗര്‍) സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചോ ആറോ മലയാളീ ഹോട്ടലുകളുണ്ട്. രണ്ടു മൂന്നു മലയാളീ മെസ്സുകളുണ്ട്. ഇവയൊന്നും തന്നെ വന്‍‌കിടയല്ല. ഇതേപോലെ തന്നെ കന്നട-ആന്ധ്രാ-തമിഴ് റെസ്റ്റോറന്റൂകളും മെസ്സുകളുമുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തുന്നത് ഐ.ടി മേഖലയെ തന്നെയാണ്.
കൂടാതെ വഴിയോരത്ത് തുണി ഇസ്തിരിയിട്ട് കൊടുക്കുന്നവരുണ്ട്. ഇവരും ആഗോള വത്കരണത്തിന്റെ പ്രയോജനം അനുഭവിയ്ക്കുകയാണ് എന്നു പറഞ്ഞാല്‍ അത് 100% സത്യമാണ്. ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

N.J Joju said...

ഐ.ടി മേഖലയിലെ തൊഴില്‍ സാധ്യതകളും മറ്റു മേഖലകളിലെ തൊഴിലാളീ ദാരിദ്ര്യവും

ഒരു മേഖലയില്‍ തൊഴില്‍‌സധ്യതകൂടുകയും കൂടുതല്‍ വേതനം ലഭിയ്ക്കുകയും ചെയ്യുമ്പോള്‍ അവിടേയ്ക്ക് കൂടുതല്‍ പേര്‍ തിരിയുന്നത് സ്വാഭാവികമാണ്. ഇപ്പോഴും അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതര്‍ സൃഷ്ടിയ്ക്കപ്പെടുന്ന ഭാരതത്തില്‍ അത് തൊഴിലാളീ ദാരിദ്യം സൃഷ്ടിയ്ക്കുന്നു എന്നത് അത്രകണ്ട് ശരിയല്ല. അതേ സമയം അതില്‍ കുറച്ചു ശരിയുണ്ടു താനും .

തൊഴിലാ‍ളികള്‍ക്ക് എത്രകുറവു വേതനം കൊടുക്കാമോ അത്രയും കുറച്ച് കൊടുക്കുക എന്നതായിരുന്നു മുതലാളിമാരുടെയും തൊഴില്‍ദാദാക്കളുടെയും തന്ത്രം. അതിനേറ്റ തിരിച്ചടിയായി വേണമെങ്കില്‍ ഇതിനെ കാണാം. അതേ സമയം എത്രയോ പുതിയ കണ്‍സ്ട്രക്ഷന്‍ കമ്പനികല്‍ ഇന്ത്യയില്‍ പുതുതായി രൂപപ്പെട്ടു എന്നുകൂടി നോക്കേണ്ടതുണ്ട്. ഇവരൊന്നും സിവില്‍ എഞ്ചിനീയര്‍മാരെ കൂടാതെ ജോലി ചെയ്യുന്നവരാണ് എന്നു തോന്നുന്നില്ല. അതേ സമയം ചില സിവില്‍ എഞ്ചിനീയര്‍മാരാകട്ടെ PWD കോണ്ട്രാക്ടര്‍ മാരായി ജോലി കണ്ടെത്തിയിട്ടൂമുണ്ട്. ഇത് തീര്‍ച്ചയായും ആ മേഖലയില ഗുണനിലമാരം ഉയര്‍ത്താന്‍ സാഹായകമാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ശമ്പളം ചോദിയ്ക്കുന്നു എന്നതും അവര്‍ കൂടുതല്‍ ശമ്പളം അര്‍ഹിക്കുന്നു എന്നതും യാഥാത്ഥ്യമാണ്. അപ്രകാരം ശമ്പളം കൂടുതല്‍ ചോദിയ്ക്കേണ്ടി വന്നതും ശമ്പളം കൊടുക്കാനാവാത്ത സാമ്പത്തിക നിലവന്നെങ്കില്‍ അതും സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ ഫലമാണ്.

N.J Joju said...

ആഗോളവത്കരണവും കൈക്കൂലിയും

അതേതാലായും വളരെ രസകരമായ കണ്ടെത്തലായിപ്പോയി. കൈക്കൂലി തീര്‍ച്ചയായും അത് കൊടുക്കാന്‍ ആള്‍ക്കാരുണ്ടാവുമ്പോഴാണ് വളരുന്നത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

താങ്കള്‍ പറഞ്ഞ പ്രതിഭാസത്തെ രണ്ടുമൂന്നു രീതിയില്‍ മനസിലാക്കാം.
1. ശരാശരി കൈക്കൂലി നിരക്ക് ഉയര്‍ന്നു. അഥവാ കൈക്കൂലി കൊടുക്കുന്നവന്റെ സാമ്പത്തിക നിലവാരം ഉയര്‍ന്നു. അത് ആഗോള വത്കരണത്തിന്റെ ഫലമാണെങ്കില്‍ കൂടി സാമ്പത്തിക നിലവാരം ഉയരുന്നത് നല്ലതല്ലേ.

2. കൈക്കൂലി കൊടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. അതായത് സംവിധാനങ്ങള്‍ കാലാനുസൃതമായി പരിഷ്കരിയ്ക്കപ്പെടുന്നില്ല. സംവിധാനങ്ങള്‍ സുതാര്യമാവുന്നില്ല. കാലതാമസം നേരിടുന്നു.

3. കൈക്കൂലി വാങ്ങിക്കാവുന്ന സാഹചര്യങ്ങള്‍ നിലനിയ്ക്കുന്നു. ഇത് നിയമസംവിധാനങ്ങളുടെ കഴിവുകേടാണ്. നിയമസംവിധാനങ്ങള്‍ പരിഷ്കരിയ്ക്കപ്പെടണം. നിയമനിര്‍വ്വഹണത്തിന് പുതിയ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തണം.

ഞാനൊരു സ്വപ്നം പങ്കുവയ്ക്കാം. ഇത് പുതിയതൊന്നുമല്ല, പല സ്വകാര്യസ്ഥാപനങ്ങളിലും നിലനിയ്ക്കുന്നതാണ്.
ഞാന്‍ ഇന്റര്‍നെറ്റുവഴിയോ തപാല്‍ വഴിയോ എന്റെ ആവശ്യം/പരാതി/അപേക്ഷ അയയ്ക്കുന്നു. അത് കൈപ്പറ്റിക്കൊണ്ടും അതിനെടുക്കുന്ന കാലതാമസം രേഖപ്പെടുത്തിക്കൊണ്ടും എനിയ്ക്ക് മറുപടി ലഭിയ്ക്കുന്നു. ഈ കാലയളവുകൊണ്ട് പ്രശ്നം പരിഹരിയ്ക്കപ്പെടുന്നില്ലെങ്കില്‍ അതിനു മുകളിലുള്ള ലെവലിലേയ്ക്ക് പ്രശ്നം ഉയര്‍ത്തപ്പെടുന്നു. പ്രശ്നം Escalate ചെയ്യല്ലെട്ടതായി എനിയ്ക്ക് അറിയീപ്പു ലഭിയ്ക്കുന്നു. എന്തുകൊണ്ട് എസ്കലേറ്റു ചെയ്യപ്പെട്ടു എന്നതിന് കീഴുദ്യേഗസ്ഥന്‍ മേലുദ്യോഗസ്ഥനെ കാരണം ബോധിപ്പിയ്ക്കാന്‍ ബാധ്യസ്ഥനാണ്. അത് കൃത്യവിലോപമാണെങ്കില്‍ കീഴുദ്യോഗസ്ഥനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിയ്ക്കുന്നു. രണ്ടാമത്തെ ലെവലിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അത് മൂന്നാമത്തെ ലവലിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു. അവസാന ലെവലിലും പരിഹരിച്ചില്ലെങ്കില്‍ പരാതി ഉന്നയിച്ചയാള്‍ക്ക് അനുകൂലമായ നടപടികള്‍ എടുക്കുന്നു. നമ്മുടെ സിസ്റ്റം ഇപ്രകാരം മാറിയിരുന്നെങ്കില്‍ എവിടെയാണ് കൈക്കൂലിയുടെ സാധ്യത.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ജോജു,
ജോജുവിന്റെ അഭിപ്രായങ്ങള്‍ ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.