ചൈനീസ് ജനകീയ റിപ്പബ്ലിക്കിലെ അഞ്ചാം തലമുറ ചലച്ചിത്രകാരന്മാരില് പെട്ടത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാങ് യിമോവിന്റെ ആദ്യ ഫീച്ചറാണ് റെഡ് സോര്‍ഗം(1988/വര്‍ണം/91 മിനുറ്റ്).
ചിത്രത്തില്‍ പ്രത്യക്ഷപ്പെടാത്ത ഒരു ആഖ്യാതാവാണ് കഥ വിവരിക്കുന്നത്. അയാളുടെ മുത്തശ്ശി പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയായിരുന്നു. 1930കളില്‍ കിഴക്കന്‍ ചൈനയില്‍പ്പെട്ട ഷാന്ദോംഗ് പ്രവിശ്യയിലാണ് കഥ നടക്കുന്നത്. അവളുടെ അച്ഛന്, വയസ്സനായ ഒരു ധനികന് അവളെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിച്ചു കൊടുക്കുന്നു. വരന് സ്വന്തമായി ഒരു വീഞ്ഞു നിര്‍മാണശാല ഉണ്ട് എന്നതാണ് ശുഭകരമായ കാര്യമെങ്കില്‍ അയാള്‍ കുഷ്ഠരോഗബാധിതനാണ് എന്നതാണ് ഭീതിജനകമായ വസ്തുത.

ഇതിനകം മുഴുക്കുടിയനായി മാറിയിരുന്ന, അവളുമായി ബന്ധപ്പെട്ടിരുന്ന ല്യോഹന്‍ എന്ന തൊഴിലാളി ജിയൂവര്‍ തന്റെ ഭാര്യയാണെന്നും താനവളോടൊപ്പം രാജകീയമായി ശയിക്കാന്‍ പോകുകയാണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ പെരുമാറ്റത്തില്‍ സഹികെട്ട അവള് അയാളെ തൊഴിച്ചു പുറത്താക്കുന്നു. തല്ലുകൊണ്ടു തകര്‍ന്ന അയാള്‍ മൂന്നു ദിവസം ഒരു വീഞ്ഞുതൊട്ടിയില്‍ കുടുങ്ങിക്കിടക്കുന്നു. വീണ്ടും എഴുന്നേറ്റു വരുന്ന അയാള്‍ അവിടെക്കണ്ട ഒരു വീഞ്ഞുതൊട്ടിയിലേക്ക് നിര്‍ഭയം മൂത്രമൊഴിക്കുന്നു. അത്ഭുതകരമെന്നു പറയട്ടെ അതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത പ്രത്യേകതരം സ്വാദും ലഹരിയും ആ വീഞ്ഞ് പ്രദാനം ചെയ്തു. അതില്‍ പിന്നീട് അതേ പ്രകാരം തയ്യാര്‍ ചെയ്യപ്പെട്ട വീഞ്ഞ് ചുകന്ന ഷിബാലി എന്ന ബ്രാന്റഡ് പേരോടു കൂടി പ്രശസ്തമായിത്തീരുകയും ചെയ്തു! പുതിയതരം വീഞ്ഞിന്റെ കണ്ടുപിടുത്തത്തില്‍ ആഹ്ലാദിക്കുന്നതിനിടെ ല്യോഹന്‍ ജിയൂവറിനെ എടുത്തുകൊണ്ടുപോയി കരിമ്പിന് തോട്ടത്തില്‍ വെച്ച് വീണ്ടും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. അതില്‍ ആഖ്യാതാവിന്റെ അഛനായ 'തന്തയില്ലാത്തവന്' ജനിച്ചു എന്നും വിവരിക്കപ്പെടുന്നു.
ഇത്തരത്തില്‍ തലമുറ തലമുറ കൈമാറുന്ന ഒരു കുടുംബാഭിമാന കഥയായിരുന്ന ഇതിവൃത്തത്തിലേക്ക് ഈ ഘട്ടത്തില്‍ ചരിത്രവസ്തുതകളും കൂടി കൂട്ടിയിണക്കപ്പെടുന്നു. അന്ന് ചൈനയെ കീഴ്പ്പെടുത്തിയ ജാപ്പനീസ് സൈന്യം ആ ഗ്രാമത്തെയും ആക്രമിക്കുന്നു. അവരുടെ നിഷ്ഠൂരമായ അക്രമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി രണ്ടു ചൈനീസ് ഗ്രാമീണരെ ജീവനോടെ തൊലിയുരിക്കുന്നതുപോലുള്ള ദൃശ്യങ്ങളും സിനിമയിലുണ്ട്. ല്യോഹന്റെ നേതൃത്വത്തില്‍ തന്ത്രപരമായി ജാപ്പനീസ് സൈന്യത്തെ ഗ്രാമീണര്‍ പരാജയപ്പെടുത്തുന്നു. യുദ്ധത്തില്‍ മരണപ്പെടുന്ന ല്യോഹന്‍ പീഡനങ്ങള്‍ക്കെതിരെ ചെറുത്തുനിന്ന ഒരു കമ്യൂണിസ്റ്റ് രക്തസാക്ഷിയാണെന്നാണ് ആഖ്യാതാവ് വിവരിക്കുന്നത്. ല്യോഹന്‍ മരണപ്പെട്ടതിനു ശേഷം ജിയൂവറിന്റെ മകനാണ് വീഞ്ഞില്‍ സ്വാദു കൂട്ടാനുള്ള മൂത്രമൊഴിക്കല്‍ നടത്തുന്നത്. ഇതിനകം തിരിച്ചു വന്നിരുന്ന ജാപ്പനീസ് സൈന്യം ജിയൂവറിനെയും വെടിവെച്ചു വീഴ്ത്തുന്നു. ആ മരണയാത്രയെ ഒമ്പതു വയസ്സുകാരനായ മകന് വിവരിക്കുന്നതിപ്രകാരമാണ്.
അമ്മ തെക്കുപടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, വീതി കൂടിയ ഒരു പാതയില്‍ നീണ്ട മനോഹരമായ ഒരു തോണിയില്‍. അമ്മ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, ഒരു വലിയ കുതിരപ്പുറത്ത് വേണ്ടത്ര പണവും കൈയില്‍ കരുതി. അമ്മ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, നല്ല ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാനും മോശപ്പെട്ട സമയങ്ങളില്‍ കൈകള്‍ നീട്ടി ഇരക്കാനുമായി.
ചൈനീസ് കാര്‍ഷിക സംസ്ക്കാരത്തിന്റെ ദേശാഭിമാനം വ്യവസ്ഥാപനം ചെയ്യാനുള്ള ഒരു ഗുണപാഠ കഥയായും സിനിമാ ചരിത്രത്തിന്റെ ആദ്യനാളുകളില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള ഒരു ബാല്യകാല രചനയായും പാശ്ചാത്യലോകത്തെ ആസ്ഥാന പണ്ഡിതര്‍ റെഡ് സോര്ഗത്തെ ചുരുക്കിക്കാണുമ്പോഴും ചിത്രം ബെര്‍ലിനിലെ ഗോള്‍ഡന്‍ ബെയറടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ശരീര ശുദ്ധിയെ സംബന്ധിച്ച ആധുനിക സിദ്ധാന്ത പ്രകാരം പുറന്തള്ളപ്പെടുന്ന മാലിന്യമായ മൂത്രത്തിലൂടെ പ്രതീകവത്ക്കരിക്കപ്പെടുന്നത് തൊഴിലാളിയുടെ വിയര്‍പ്പ് അഥവാ അധ്വാനം എന്ന ഘടകം തന്നെയാണ്.
ആ നിര്‍ണായക ഘടകമാണല്ലോ ഏത് ഉത്പന്നത്തിന്റെയും മേന്മ കൂട്ടുന്ന രാസത്വരകം.
(ലേഖകന്‍: ശ്രീ. ജി.പി.രാമചന്ദ്രന്. കടപ്പാട്: ദേശാഭിമാനി വാരിക, ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)
1 comment:
ചൈനീസ് ജനകീയ റിപ്പബ്ലിക്കിലെ അഞ്ചാം തലമുറ ചലച്ചിത്രകാരന്മാരില് പ്രമുഖനായ ഷാങ് യിമോവിന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ റെഡ് സോര്ഗത്തെ പരിചയപ്പെടുത്തുന്നു.
Post a Comment