ആണവകരാര്‍ ആര്‍ക്കുവേണ്ടിയായിരുന്നു എന്ന കാര്യം നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു.
കരാറിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിഷമമാണെന്ന് 'ഹിന്ദുസ്ഥാന്‍ ടൈംസ്' ദിനപത്രത്തിന്റെ നേതൃത്വ ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ അമേരിക്ക ആരംഭിച്ച സമ്മര്‍ദതന്ത്രത്തിന്റെ ആഴം അളന്നാല്‍ മാത്രം ഇക്കാര്യം വ്യക്തമാകും.
ഒക്ടോബര്‍ 12 നാണ് കരാര്‍ നടപ്പായില്ലെങ്കിലും നിരാശയോടെ ജീവിക്കേണ്ടിവരുമെന്ന പ്രസ്താവന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തുന്നത്.
അതിനുശേഷം ഇന്ത്യയിലേക്ക് അമേരിക്കന്‍ നയതന്ത്രജ്ഞരുടെയും മുന്‍ നയതന്ത്രജ്ഞരുടെയും രാഷ്ട്രീയക്കാരുടെയും ഒഴുക്കാണ്. ലോകം 'ഭരിക്കുന്ന' അമേരിക്ക വച്ചുനീട്ടിയ കരാറിനെ തള്ളിക്കളയാന്‍ മാത്രം ഇന്ത്യക്ക് അഹങ്കാരമോ എന്ന മട്ടിലുള്ള പെരുമാറ്റമാണ് ഇവരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഒപ്പം കരാറുകൊണ്ട് ഇന്ത്യക്ക് ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും അവര്‍ വാചാലരായി. കരാര്‍ ഇന്ത്യന്‍ താല്‍പ്പര്യത്തിനാണെന്നുപറഞ്ഞ് അമേരിക്കക്കാര്‍ ഇന്ത്യയിലേക്ക് വരുന്ന വിരോധാഭാസത്തിനും നാം സാക്ഷിയായി. ലോബീയിങ്ങിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെയും വിലയ്ക്കെടുക്കാന്‍ കഴിയുമെന്ന ഹുങ്കാണ് അമേരിക്കന്‍ നേതൃത്വം പ്രദര്‍ശിപ്പിക്കുന്നത്..
എന്നാല്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഒഴിച്ച് ആരും അഭിപ്രായം മാറ്റാന്‍ തയ്യാറായില്ലെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്. കരാറിന് അനുകൂലമായിനില്‍ക്കുന്ന കോണ്‍ഗ്രസിനെയും അമേരിക്കയുമായുള്ള നല്ല ബന്ധം ആഗ്രഹിക്കുന്ന ബിജെപിയെയും ആണവക്കരാര്‍ പ്രശ്നത്തില്‍ ഒരേതട്ടില്‍ നിര്‍ത്തി അത് പാസാക്കിയെടുക്കുകയെന്ന ശ്രമമാണ് അമേരിക്ക നടത്തിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനുമുമ്പായി ഇത്തരമൊരു രാഷ്ട്രീയ സമവാക്യം രൂപപ്പെടുത്തി ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ യുപിഎ സര്‍ക്കാരിനെ നിര്‍ബന്ധിക്കുക എന്ന അജന്‍ഡയാണ് അമേരിക്ക ഇന്ത്യയിലും പയറ്റിയത്. വാഴപ്പഴ റിപ്പബ്ളിക്കുകളില്‍ സ്വന്തം താല്‍പ്പര്യത്തിന് നില്‍ക്കാത്ത ഭരണാധികാരികളെ അട്ടിമറി കലാപങ്ങളിലൂടെ മാറ്റുന്ന അതേ തന്ത്രമാണ് ഇവിടെയും പയറ്റിയത്.
അമേരിക്കയുമായി കൂട്ടുകൂടിയാല്‍ എന്ത് തെറ്റ് എന്ന് ചോദിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദതന്ത്രം. ആ സമ്മര്‍ദതന്ത്രത്തിന്റെ നാള്‍വഴികുറിപ്പുകള്‍ ഇങ്ങനെയാണ്.
ഒക്ടോബര്‍ 12:
കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കിലും നിരാശയോടെ ജീവിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന
ഒക്ടോ. 15:
പ്രധാനമന്ത്രി നൈജീരിയന്‍സന്ദര്‍ശനം നടത്തവെ നയതന്ത്രമര്യാദകള്‍ക്ക് സുപരിചിതമല്ലാത്ത തിടുക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കുന്നു. ചില ആഭ്യന്തരപ്രശ്്നങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ബുഷിനെ ധരിപ്പിക്കുന്നു. കരാറുമായി മുന്നോട്ടുപോകാന്‍ ബുഷിന്റെ അഭ്യര്‍ഥന.
ഡല്‍ഹിയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഊര്‍ജ ഗുണസമിതിയുടെ ചെയര്‍മാന്‍ ജെയിംസ് കൊണാട്ടണ്‍ ഇന്ത്യക്ക് ആണവോര്‍ജമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഓര്‍മിപ്പിക്കുന്നു.
ഒക്ടോ. 16:
കരാറിനെതിരെയുള്ള 'ന്യൂനപക്ഷാഭിപ്രായത്തെ' വിജയിക്കാന്‍ അനുവദിക്കരുതെന്നും 'തീവ്രമായ നിലപാടുകള്‍ കരാറിനെ ഒരുതരത്തിലും ബാധിക്കാന്‍ 'അനുവദിക്കരുതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഗാരി അക്കര്‍മാന്റെ ഉപദേശം.
ഒക്ടോ. 18:
കരാര്‍ കാര്യത്തില്‍ സമവായത്തിന് ശ്രമിക്കുയാണെന്ന് ഇബ്സ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രിട്ടോറയയിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു. കരാര്‍ സംബന്ധിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (ചുവടുമാറ്റം ബുഷ് ഇഫെഷ്ടെന്ന് മാധ്യമങ്ങള്‍.)
ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുല്‍ഫോര്‍ഡ് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനെ കണ്ട് ചര്‍ച്ച നടത്തുന്നു.
ഒക്ടോ. 21:
കരാറിന്റെ ശില്‍പ്പികളിലൊരാളായ അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് നിക്കോളസ് ബേണ്‍സ് കരാര്‍ നിയമലംഘകരായ ഇറാന് ശക്തമായ സന്ദേശം നല്‍കാനാണെന്ന് അഭിപ്രായപ്പെട്ടു.
ഒക്ടോ. 22:
തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ കാര്യ സമിതിയില്‍ വച്ച് ഉറപ്പു നല്‍കി.
ഒക്ടോ. 23:
ശിഥിലമായ ജനവിധി സുഗമമായ ഭരണത്തിന് തടസ്സമാകുന്നെന്ന് പ്രധാനമന്ത്രി.
കരാര്‍ നടപ്പാക്കാന്‍ സമയം ഏറെയില്ലെന്ന് ബേണ്‍സ് ഇന്ത്യയെ വീണ്ടും ഓര്‍മപ്പെടുത്തുന്നു. 'ഞങ്ങള്‍ക്ക്(യുഎസിന്) അനന്തമായി കാത്തിരിക്കാന്‍ സമയമില്ല. വര്‍ഷാവസാനം കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വയ്ക്കണം' അമേരിക്കന്‍ കലണ്ടര്‍ മുന്നോട്ടുവച്ച് ബേണ്‍സ് പറഞ്ഞു.
ഒക്ടോ. 25:
മുല്‍ഫോഡ് ലോകസഭയിലെ പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയെ കണ്ട് കരാറിന് പിന്തുണ അഭ്യര്‍ഥിക്കുന്നു. ആണവായുധം ഉണ്ടാക്കുന്നതിന് കരാര്‍ തടസ്സമായതിനാല്‍ അംഗീകരിക്കാനാകില്ലെന്ന് അദ്വാനി പറയുന്നു. മുല്‍ഫോഡ് വിദേശമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട് ചര്‍ച്ച നടത്തി.
ആണവകരാര്‍ ഇന്ത്യക്കും അമേരിക്കയ്ക്കും ഗുണകരമാണെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് വാഷിങ്ടണില്‍വച്ച് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്റി പോള്‍സണ്‍ പറഞ്ഞു.
ഒക്ടോ. 26:
എന്‍ഡിഎ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയെ മുല്‍ഫോഡ് കണ്ട് ബിജെപിയെ അനുനയിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
ഒക്ടോ. 28:
കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്ന് പോള്‍സണ്‍ കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങിയ ഉടനെ പറഞ്ഞു. ഇന്ത്യ ശരവേഗത്തില്‍ കരാറുമായി മുന്നോട്ടുപോകണമെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെയും അദ്ദേഹം കാണുകയുണ്ടായി.
അമേരിക്കന്‍ നയതന്ത്രഗുരുവും പാക്കിസ്ഥാനെ അമേരിക്കയുടെ തന്ത്രപ്രധാന രാഷ്ട്രമാക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചയാളുമായ ഹെന്റി കിസിഞ്ചര്‍ അദ്വാനിയെ കണ്ട് കരാറിന് പിന്തുണ അഭ്യര്‍ഥിക്കുന്നു.
ഒക്ടോ. 29:
പോള്‍സണ്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നു. മുല്‍ഫോഡ് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനെ കാണുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പ്രണബ് മുഖര്‍ജിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തുന്നു. കരാര്‍ പുനരാലോചനയ്ക്ക് വിധേയമാക്കാനാകില്ലെന്നും 123 കരാര്‍ അപ്പടി ഇന്ത്യ അംഗീകരിക്കണമെന്നും ഭീഷണി കലര്‍ന്ന സ്വരത്തില്‍ ആവശ്യപ്പെടുന്നു.
ഒക്ടോ. 30:
കരാര്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കരാറിലേക്കുള്ള വഴി അടഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറയുന്നു. ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
ഇന്ത്യയുടെയും അമേരിക്കയുടെയും താല്‍പ്പര്യങ്ങള്‍ സമാനമാണെന്നും വിധി പരസ്പരബന്ധിതമാണെന്നും ആസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ നിക്സന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന കിസിഞ്ചര്‍ അഭിപ്രായപ്പെടുന്നു.
ഒക്ടോ 31:
ഇറാനുമായുള്ള വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കിസിഞ്ചര്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റയെ കണ്ട് അഭ്യര്‍ഥിക്കുന്നു.
(ലേഖകന്‍:ശ്രീ.വി.ബി.പരമേശ്വരന്‍. കടപ്പാട്: ദേശാഭിമാനി)
1 comment:
ആണവ കരാര്‍ നടപ്പിലായില്ലെങ്കിലും നിരാശയോടെ ജീവിക്കേണി വരും ചിലപ്പോള്‍ എന്ന പ്രസ്താവന ഒരു ദിവസം. This is not the end of road എന്ന പ്രസ്താവന പിന്നീടൊരു ദിവസം. ഇന്ത്യക്ക് ഗുണകരമായ കരാര്‍ നടപ്പിലാക്കുവാന്‍ വേണ്ടി അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക്...ലോബീയിങ്ങ്...അങ്ങനെ അങ്ങനെ കഥ നീളുകയാണ്.
അമേരിക്കയുമായി കൂട്ടുകൂടിയാല്‍ എന്ത് തെറ്റ് എന്ന് ചോദിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദതന്ത്രം. ആ സമ്മര്‍ദതന്ത്രത്തിന്റെ നാള്‍വഴികുറിപ്പുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
Post a Comment