''വരീന്‍, എല്ലാരും വരീന്‍. അവ്ടെ ചന്തേല് പൊരിഞ്ഞ അടി നടക്ക്ണ്...''
ഏതോ ഒരു സിനിമയില്‍ ആവേശത്തോടെ ഫിലോമിന ആളെക്കൂട്ടുന്നത് ഇങ്ങിനെയാണ്. ഇപ്പോള്‍ ഫിലോമിനയുടെ റോള്‍ ഏറ്റെടുത്തിരിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍! വിഷ്വല്‍ മീഡിയ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ മലയാളിയുടെ സംവേദനസംസ്കാരം മാറ്റിമറിച്ചിരിക്കുന്നു. അടിപിടിയാണെങ്കിലും ജനങ്ങള്‍ക്ക് ആസ്വദിക്കണം. അതിനുള്ള വിഭവം ഒരുക്കികൊടുക്കുന്നതിലാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. കൊലപാതകങ്ങള്‍, പെണ്‍വാണിഭം, അഴിമതി ആരോപണങ്ങള്‍, അസംബ്ലിയിലെ കസര്‍ത്തുകള്‍, മന്ത്രി_തന്ത്രിമാരുടെ കുതന്ത്രങ്ങള്‍ ... വിഭവത്തിനൊരു ദാരിദ്ര്യവുമില്ല.
''സംശുദ്ധിക്ക് ഒരിക്കലും സ്വയം വാര്‍ത്തയാകാന്‍ കഴിയില്ല. ചാനലുകള്‍ ശവംതീനികളാണ്. മരണവും മാലിന്യവും തിന്ന് അവ കൊഴുക്കുകയാണ്''.
(ഇതെഴുതി പത്തു ദിവസത്തിനകം, ഒരു ധൈഷണിക കാലാവസ്ഥയുടെ അന്ത്യം പോലെ സംഭവിച്ച മാഷിന്റെ മരണം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത്ര വിഭവം ഒരുക്കുകയും ചെയ്തു!)
പിന്നെയും പിന്നെയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കിളിരൂരിലെ പെണ്‍കുട്ടിയുടെ കാര്യം തന്നെയെടുക്കുക.
ഇക്കാലത്തെ മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ അവളും സിനിമയിലോ സീരിയലിലോ അഭിനയിച്ച് പേരും പണവും കൊയ്യാന്‍ കൊതിച്ചുപോയി. പ്രായവും പക്വതയും ഇല്ലാത്തതിനാല്‍ തന്റെ വഴിയിലെ ചതിക്കുഴികളെക്കുറിച്ച് അവള്‍ ചിന്തിച്ചില്ല. അബദ്ധം പറ്റിയിട്ടും, ആപത്താണെന്നറിഞ്ഞിട്ടും അതെല്ലാം അവള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. പേരും പെരുമയും പണവും മായക്കാഴ്ചകളിലെ അത്ഭുതലോകവും മാത്രമായിരുന്നു അവളുടെ സ്വപ്നങ്ങളില്‍. അതൊക്കെ സഹിച്ചാലേ 'താരം' ആകാനാവൂ എന്ന് ഉപദേശിച്ചുകൊടുക്കാന്‍ ഒരു സ്ത്രീ അവളുടെ കൂടെ ഉണ്ടായിരുന്നു. അമ്മായിക്കും ചിറ്റമ്മക്കും ഉത്തരവാദിത്തം ഒന്നുമില്ല എന്നു കരുതുക. പക്ഷെ, ആ പെണ്‍കുട്ടിക്ക് ഒരമ്മയുണ്ടായിരുന്നല്ലോ? പത്തു നാല്‍പതു വര്‍ഷം എങ്കിലും ഈ സമൂഹത്തില്‍ ജീവിച്ച ഒരു സ്ത്രീ?യൌവനപ്രായത്തിലെത്തിയ മകളുടെ നോക്കും പോക്കും ശ്രദ്ധിക്കാന്‍ ബാധ്യതയുള്ള ഒരമ്മ? 'വളര്‍ത്തുദോഷം' അമ്മയുടെ പേരില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. അമ്മയേക്കാള്‍ കൂടുതല്‍ ലോകപരിചയം സിദ്ധിച്ച അച്ഛനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദി.
ഒരു സിനിമയിലോ, പോകട്ടെ ഒരു ടി വി സീരിയലിലെങ്കിലും ഇന്നേവരെ മുഖം കാണിക്കാത്ത മകള്‍ അപരിചിതരുമൊത്ത് അസമയങ്ങളില്‍ അടിക്കടി പോകുന്നത് എവിടേക്കാണെന്നും എന്തിനാണെന്നും അവര്‍ അന്വേഷി ക്കേണ്ടിയിരുന്നില്ലെ? ഒരു വരുമാനവുമില്ലാത്ത കുട്ടി ഒരുമാസം മുപ്പതിനായിരം രൂപക്ക് മൊബൈല്‍ കാളുകള്‍ വിളിച്ചു തള്ളുമ്പോള്‍ അതെന്തിനാണെന്ന് മാതാപിതാക്കള്‍ ചോദിച്ചുപോകില്ലെ? എത്ര വിളിച്ചാലും അതിന്റെ ചാര്‍ജ് മറ്റാരെങ്കിലുമാണ് കൊടുക്കുന്നതെന്ന് സമാധാനിച്ചത്രെ!
പക്ഷെ, അവിവാഹിതയായ, പ്രായപൂര്‍ത്തിയാകാത്ത തങ്ങളുടെ മകളുടെ ഉദരം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ ആ മാതാപിതാക്കള്‍ക്ക് ആധി ഉണ്ടായില്ല എന്ന് കരുതാനാവില്ലല്ലോ? അയലത്തെ പെണ്ണിന്റെ ഒട്ടിയ വയറ് കാണാന്‍ കണ്ണില്ലാത്ത നാട്ടാര്‍ക്ക് നിറഞ്ഞ വയറുമായി അവളെക്കണ്ടാല്‍ ആയിരം കഥകള്‍ പറയാനുണ്ടാവും. അതാണ് നമ്മുടെ സമൂഹം. നിറഞ്ഞ വയറുമായി കയറിവന്ന മകളെ കണ്ടാല്‍ ഏത് അമ്മയാണ് തളര്‍ന്നുപോകാത്തത്? ഏതോ ഒരു ചെറുപ്പക്കാരന്‍ അവളെ വിവാഹം കഴിച്ചുകൊള്ളാമെന്നും മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാമെന്നും കൊടുത്ത ഉറപ്പ് അവരെ ആശ്വസിപ്പിച്ചിട്ടുണ്ടാവുമായിരിക്കും. അങ്ങനെയെങ്കിലും അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവാം.
ഇതവരുടെ കുടുംബകാര്യം. പക്ഷെ, മകള്‍ അകാലത്തില്‍ മരണമടയുകയും ആ ദുരന്തം ഒരു രാഷ്ട്രീയപ്രശ്നമായി ഉരുത്തിരിയുകയും ചെയ്തപ്പോള്‍ മകളുടെ സന്താനത്തെ പോറ്റാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നായി അമ്മയും അച്ഛനും! ഒരു നല്ല തുക സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ സര്‍ക്കാരാശുപത്രികളില്‍ പ്രസവുമായി ബന്ധപ്പെട്ട് എത്രയെത്ര മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. അബദ്ധം നിറഞ്ഞ വഴികളിലൂടെയൊന്നും സഞ്ചരിക്കാതെ, വിവാഹ ജീവിതം നയിച്ച്, കൊതിച്ചിരുന്ന കുഞ്ഞിക്കാലു കാണാന്‍ കഴിയാതെ അകാലത്തില്‍ എത്രയെത്ര യുവതികള്‍ മരണമടയുന്നു! അവരുടെ സന്താനങ്ങളെ പോറ്റാനുള്ള ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെ? അവരുട്രെ കഥകളൊന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുന്നില്ല. അറിഞ്ഞുകൊണ്ട് അനര്‍ത്ഥത്തില്‍ ചാടുന്നവര്‍ക്കു മാത്രം പ്രസിദ്ധിയും 'നഷ്ടപരിഹാരവും'!
കിളിരൂരിലെ കുടുംബത്തെ എനിക്ക് പരിചയമോ അവരോട് പരിഭവമോ ഒന്നുമില്ല. വിഭ്രാന്ത സ്വപ്നങ്ങളുമായി നടന്ന ആ പെണ്‍കുട്ടിയോട് അനുതാപമുണ്ടുതാനും. പക്ഷെ, മകളുടെ ദുരന്തത്തിന് വില പേശുന്ന മനോഭാവത്തോട് തരിമ്പും സഹതാപമില്ല. പണം കിട്ടിയാല്‍ പരിഹരിക്കാവുന്ന നഷ്ടമല്ല ആ കുടുംബത്തിനുണ്ടായത്. ആ പെണ്‍കുട്ടിയുടെ നൈര്‍മല്ല്യം നശിപ്പിച്ച നീചന്‍മാരെ മാതൃകാപരമായി ശിക്ഷിക്കണം, മറ്റൊരു കുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാവാതിരിക്കാന്‍ ഉതകും വിധം. അതിനായി ആ പെണ്‍കുട്ടിയുടെ അച്ഛന്‍ നടത്തുന്ന പോരാട്ടത്തിനു പൂര്‍ണ പിന്തുണയും ലഭിക്കണം. നമ്മുടെ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തിലാണ്. പക്ഷെ, ചര്‍ച്ച മുഴുവന്‍ ആ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച 'വി ഐ പി'യെ പറ്റി മാത്രമാണ്. ആ പെണ്‍കുട്ടിയെ ഇഞ്ചിഞ്ചായി കൊലചെയ്ത കശ്മലന്മാരെ വെളിച്ചത്തേക്ക് തള്ളിനീക്കാന്‍ ചാനലുകള്‍ക്കൊ പത്രങ്ങള്‍ക്കൊ ഒരു താല്‍പര്യവും കാണുന്നില്ല. നിഗൂഢത അനാവരണം ചെയ്യലല്ല അവ നിലനിറുത്തുന്നതാണ് അവരുടെ ദൌത്യമെന്നു തോന്നുന്നു.
സമാനമായ സാഹചര്യത്തില്‍ മാനം നഷ്ടപ്പെട്ട അനഘ എന്ന ചെറിയൊരു പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടായി അത്മഹത്യ ചെയ്ത ദാരുണമായ സംഭവം നമ്മുടെ സമൂഹം പെട്ടെന്നങ്ങ് മറന്നുപോയി. അവരുടെ ശവശരീരങ്ങള്‍ പ്രദര്‍ശിപ്പിച്ചു നടന്ന് കാശുണ്ടാക്കാന്‍ ബന്ധുക്കളില്ലാത്തതു കൊണ്ടാവാം. അപമാനത്തിനും നമ്മുടെ നാട്ടില്‍ നല്ല വിലകിട്ടുമെന്ന് കവിയൂരിലെ നമ്പൂതിരിയും ഭാര്യയും മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കില്‍ അവരത് ആഗ്രഹിച്ചില്ല. അവരുടെ മരണത്തേപ്പറ്റി അന്വേഷിക്കണമെന്ന് പറഞ്ഞ് പ്രതിപക്ഷത്തോ ഭരണപക്ഷത്തോ ഉള്ള ഒരു രാഷ്ട്രീയ പാര്‍ടിയും ഇന്ന് ബഹളം വെക്കുന്നില്ല. ആഴത്തില്‍ അന്വേഷിച്ചാല്‍, അനഘയെ പിച്ചിച്ചീന്തിയതും ഒരു വി ഐ പിയോ വി ഐ പി പുത്രനോ ആണെന്നു തെളിഞ്ഞേക്കാം. ഒരു ചാനലുകാരനും ഇക്കാര്യത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ മേലങ്കി അണിയാന്‍ തയ്യാറല്ല.
കോഴിക്കോട്ടെ 'വാണിഭ'ത്തില്‍ മുഖ്യകഥാപാത്രമായിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ കര്‍ണാടകത്തില്‍ ആര്‍ഭാടപൂര്‍വം കഴിയുകയാണത്രെ. മകളുടെ അപഥസഞ്ചാരത്തിന് അരു നിന്ന അമ്മ തന്നെയാണ് അപമാനം വിറ്റ് കാശാക്കിയത് എന്ന് അവള്‍ തന്നെ പറഞ്ഞില്ലേ? ആവശ്യം വരുമ്പോള്‍ പത്രസമ്മേളനം നടത്തി പണം കൊയ്യാന്‍ അവരിനിയും കേരളത്തിലേക്കു വന്നേക്കാം. ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ രംഗത്തിറങ്ങിയവരൊക്കെ അവഹേളിതരായി എന്നതാണ് സംഭവത്തിന്റെ ബാക്കിപത്രം. കഥയിലെ വില്ലന്‍ ഒരു രാഷ്ട്രീയ നേതാവായിരുന്നതുകൊണ്ട് 'വാണിഭ'ത്തിന് നല്ല വിപണി കിട്ടി. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ അത് വിഭവമായി.
മദ്യദുരന്ത സീരിയല്‍ കഥയിലെ അവസാനത്തെ എപ്പിസോഡാവില്ല ആവണീശ്വരം. ആവണീശ്വരത്തെ 'ദൈവസഹായം'ഷാപ്പുടമ (പേരുകളെത്ര മനോഹരം!!) ഓണത്തിനു ബോണസായി കൊടുത്ത വിഷം കഴിച്ച് മരണമടഞ്ഞ കുടിയന്‍മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കണം എന്നായിരുന്നു പല രാഷ്ട്രീയ പാര്‍ടികളുടെയും ആവശ്യം! 'ആനമയങ്ങിയും' 'കൊട്ടുവടിയും' ഒന്നും കഴിക്കാതെ, വാട്ടര്‍ അതോറിറ്റിയുടെ 'ശുദ്ധജലം' കുടിച്ച് രോഗം പിടിപെട്ടു മരിക്കുന്നവരുടെ വീട്ടുകാര്‍ക്ക് ആരാണ് ധനസഹായം നല്‍കുക?
മദ്യനിരോധനം കൊണ്ട് പ്രയോജനമില്ല, നല്ല മദ്യം നല്‍കുകയാണ് വേണ്ടത് എന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വാദം. 'നല്ല മദ്യം' നല്‍കിയാല്‍ ആവണീശ്വരത്തെയൊ പുനലൂരിലെയൊ കല്ലുവാതിക്കലയൊ വൈപ്പിനിലെയൊ കുടിയന്മാര്‍ അതു വാങ്ങുമൊ? ആവണീശ്വരത്തും നല്ല കള്ള് കിട്ടാത്തതായിരുന്നില്ല പ്രശ്നം. പ്രതിദിന ക്വോട്ടായിലുള്ള കള്ളും ഓണത്തിനുള്ള 'ബോണസ് കള്ളും' മതിയാവാതെ വാറ്റ്ചാരായം തേടി കുടിയന്മാര്‍ തോട്ടത്തിലേക്ക് പോവുകയായിരുന്നു. അവര്‍ക്ക് വേണ്ടത് 'തന്ത കഴിച്ചാല്‍ തള്ളക്കു കിക്ക് കിട്ടുന്ന' സാധനമാണ്. അതൊക്കെ കഴിച്ച് കിറുങ്ങിപ്പോകുന്നവരുടെ വീട്ടുകാര്‍ അതോടെ കുറേയൊക്കെ രക്ഷപ്പെടുന്നു എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞത് തള്ളക്കു തല്ല് കിട്ടില്ലല്ലൊ. ആ വീട്ടുകാര്‍ക്ക് അല്‍പം സാമ്പത്തികാശ്വാസം കിട്ടുന്നതില്‍ നാം എതിര്‍ക്കേണ്ടതില്ല. പക്ഷെ, മര്യാദക്കു ജീവിക്കുന്നവര്‍ക്കൊന്നും ആശ്വാസം നല്‍കാത്ത സംവിധാനത്തോടും 'ശബ്ദമില്ലാത്ത' മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ തയ്യാറല്ലാത്ത മനോഭാവത്തോടും സമരസപ്പെടാന്‍ കഴിയില്ല.
അന്യരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിച്ച് ഒരുപാടുപേര്‍ നമ്മുടെ രാജ്യത്ത് അകാലമൃത്യു അടയുന്നുണ്ട്. അവരുടെ ദുരന്തം നമ്മുടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല. ആ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാര്‍ സമൂഹത്തിലെ മാന്യന്മാര്‍ തന്നെ. ചിക്കുന്‍ ഗുനിയ പോലുള്ള രോഗങ്ങള്‍ സമ്മാനിക്കുന്നത് സമൂഹവും പരത:സ്ഥിതികളുമാണ്. അതുമൂലം മരിക്കുന്നവരെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഒരുദിവസത്തെ ആയുസ്സേയുള്ളു. വഴിയാധാരമാകുന്ന അവരുടെ കുട്ടികളുടെ കദനകഥ ചാനലുകളിലേക്ക് ഒഴുകിയെത്തുന്നില്ല. കുറേപ്പേര്‍ ഒരുമിച്ച് വിഷമദ്യം കഴിച്ച് ഒന്നിച്ച് സിദ്ധികൂടിയാല്‍ മാധ്യമങ്ങള്‍ക്ക് ചാകരയായി. ധനസഹായത്തിന് മുറവിളിയായി. ഈ 'ധനം' നമ്മുടേതാണെന്നുകൂടി ഓര്‍ക്കുക.
വാറ്റ്ചാരായം അടിച്ച് ഫിറ്റായി, നാലുകാലില്‍ കയറിവന്ന്, അണ്ടര്‍വെയര്‍ കാണുംവിധം കൈലി മടക്കിക്കുത്തി നിന്ന്, സ്വന്തം ചെകിട്ടത്ത് അടിക്കുന്ന കുടിയന്‍ നമ്മുടെ 'കോമഡി ഷോ'കളിലെ ഹരം പിടിപ്പിക്കുന്ന കഥാപാത്രമാണല്ലൊ. അയാളെ കണ്ട് ടി വിയുടെ മുന്നിലിരുന്ന് മലയാളി മതിമറന്ന് ചിരിക്കുന്നു!
2007 സെപ്തംബര്‍ 30_ന് തിരുവനന്തപുരം നഗരത്തില്‍ നടന്ന ഒരു കൊലപാതകത്തിന് പത്രങ്ങളും ചാനലുകളും എത്ര പ്രാധാന്യമാണ് നല്‍കിയത്! കൊലചെയ്യപ്പെട്ടവന്റെ ഫോട്ടോയും ആറുകോളം വാര്‍ത്തയും നല്‍കിയത് വലിയ പാരമ്പര്യം പറയുന്ന മലയാളത്തിലെ 'ദേശീയ പത്രം'!! അതും ഒന്നാം പേജില്‍ തന്നെ. കാരണം അയാള്‍ കുപ്രസിദ്ധനായ ഒരു ഗൂണ്ടാത്തലവനായിരുന്നു. അഭിവന്ദ്യനായ ഒരു അദ്ധ്യാപകനായിരുന്നു കൊലക്കത്തിക്ക് ഇരയായതെങ്കില്‍ ആ കൊലപാതകം ഒരു വാര്‍ത്തയേ ആകുമായിരുന്നില്ല.
ചരസ്സും കഞ്ചാവും ഹൈടെക്ക് വാണിഭവുമൊക്കെ സുലഭമായ പുതിയ കമ്പ്യൂട്ടര്‍ യുഗത്തിലാണ് നാമിപ്പോള്‍. 'സദാചാരത്തിനും' 'ദുരാചാരത്തിനും' പുതിയ പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാവുന്നു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന കടുത്ത ദ്രോഹങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും സമരം നടത്തുകയും ചെയ്യേണ്ട പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഏതു തെറ്റിനെയും 'ദുരന്തം' ആക്കി ചിത്രീകരിച്ച് തെമ്മാടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. നാട്ടാരെ അറിയിക്കാന്‍ വാര്‍ത്ത കിട്ടിയില്ലെങ്കില്‍ നിത്യേന അത് നിര്‍മിക്കാന്‍ നിര്‍ബന്ധിതരായ മാധ്യമങ്ങള്‍ക്ക് _ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് _ നന്മയും തിന്മയും പ്രശ്ശ്നമല്ല. വാര്‍ത്തക്ക് കോപ്പ് വേണം എന്നേയുള്ളു.
അല്‍പം 'മാംസളത'യുണ്ടെങ്കില്‍ ആ വാര്‍ത്ത നീണ്ട ആഘോഷത്തിന് വകയായി. 'പിഴച്ചു പോകുന്ന പെണ്ണി'നേയും കൂട്ടക്കൊല നടത്തുന്ന കൊലപാതകിയേയും കൊലക്കത്തിക്ക് ഇരയാവുന്ന ഗൂണ്ടാത്തലവനേയും കൂട്ടമായി കുടിച്ച് കിറുങ്ങിപ്പോകുന്ന കുടിയന്മാരെയും 'ഹീറോ'കളാക്കും. അവരുടെ ജീവിതവീക്ഷണം, പ്രണയകഥകള്‍, ദൈവഭക്തി, പകല്‍ പുറത്തിറങ്ങിയാലുള്ള പ്രയാസങ്ങള്‍ ... എല്ലാമെല്ലാം 'റിപീറ്റ്' ചെയ്യും. മറ്റുള്ളവരൊക്കെ മാതൃകയാക്കേണ്ടവയാണെന്ന മട്ടിലാണ് അവ അവതരിപ്പിക്കപ്പെടുന്നത്. പഴയ 'മാ'പ്രസിദ്ധീകരണങ്ങളുടെ പുതിയ വിഷ്വല്‍ വേര്‍ഷന്‍!!
ഇതിലെല്ലാം അല്‍പം വിവേചനം വേണ്ടേ? ഭരിക്കുന്നവര്‍ക്കും, എതിര്‍ക്കുന്നവര്‍ക്കും, പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കും ... പിന്നെ, വായനക്കാരും പ്രേക്ഷകരും ഒക്കെയായ ജനങ്ങള്‍ക്കും? ആര് എന്ത് അസംബന്ധം വിളമ്പിയാലും അതെല്ലാം വാരിവെട്ടി വിഴുങ്ങുന്നവരായി നാം അധ:പതിക്കരുത്.
(ലേഖകന്‍: ശ്രീ.പി.എസ്.രാമന്‍കുട്ടി)
2 comments:
സമൂഹത്തെ കാര്‍ന്നു തിന്നുന്ന കടുത്ത ദ്രോഹങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും സമരം നടത്തുകയും ചെയ്യേണ്ട പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഏതു തെറ്റിനെയും 'ദുരന്തം' ആക്കി ചിത്രീകരിച്ച് തെമ്മാടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. നാട്ടാരെ അറിയിക്കാന്‍ വാര്‍ത്ത കിട്ടിയില്ലെങ്കില്‍ നിത്യേന അത് നിര്‍മിക്കാന്‍ നിര്‍ബന്ധിതരായ മാധ്യമങ്ങള്‍ക്ക് _ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് _ നന്മയും തിന്മയും പ്രശ്നമല്ല. വാര്‍ത്തക്ക് കോപ്പ് വേണം എന്നേയുള്ളു. അല്‍പം 'മാംസളത'യുണ്ടെങ്കില്‍ ആ വാര്‍ത്ത നീണ്ട ആഘോഷത്തിന് വകയായി. 'പിഴച്ചു പോകുന്ന പെണ്ണി'നേയും കൂട്ടക്കൊല നടത്തുന്ന കൊലപാതകിയേയും കൊലക്കത്തിക്ക് ഇരയാവുന്ന ഗൂണ്ടാത്തലവനേയും കൂട്ടമായി കുടിച്ച് കിറുങ്ങിപ്പോകുന്ന കുടിയന്മാരെയും 'ഹീറോ'കളാക്കും. അവരുടെ ജീവിതവീക്ഷണം, പ്രണയകഥകള്‍, ദൈവഭക്തി, പകല്‍ പുറത്തിറങ്ങിയാലുള്ള പ്രയാസങ്ങള്‍ ... എല്ലാമെല്ലാം 'റിപീറ്റ്' ചെയ്യും. മറ്റുള്ളവരൊക്കെ അവരെ മാതൃകയാക്കേണ്ടവയാണെന്ന മട്ടിലാണ് അവതരിപ്പിക്കപ്പെടുന്നത്. പഴയ 'മാ'പ്രസിദ്ധീകരണങ്ങളുടെ പുതിയ വിഷ്വല്‍ വേര്‍ഷന്‍!!
മറക്കാനരുതാത്ത ചോദ്യങ്ങളാണിവ.
Post a Comment