പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് അംഗീകരിക്കുന്നതിനായി ചേര്‍ന്ന ആസൂത്രണകമ്മീഷന്റെ സമ്പൂര്‍ണ്ണയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന പെട്രോളിയം, ഭക്ഷ്യ, വള സബ്സിഡികളെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ ഇനത്തില്‍ നടപ്പു വര്‍ഷം ചെലവഴിക്കേണ്ട 1,00,000 കോടി രൂപയിലേറെ വരുന്ന തുക രാജ്യത്തിന്റെ വികസനലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നദ്ദേഹം പറഞ്ഞു. ഉയര്‍ന്ന സബ്സിഡി എന്നാല്‍ ` സ്കൂളുകള്‍ ‘, ആശുപത്രികള്‍‘, ` സ്കോളര്‍ഷിപ്പുകള്‍‘ തുടങ്ങിയവയുടെ എണ്ണം കുറയ്ക്കേണ്ടി വരിക, കൃഷിയ്ക്കും അടിസ്ഥാന സൌകര്യങ്ങളുടെ വികാസത്തിനുമായി `കുറഞ്ഞ നിക്ഷേപം” മാത്രം നടത്താന്‍ കഴിയുക എന്നൊക്കെയാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ ഭക്ഷ്യ സബ്സിഡി പോലെ ചിലതിന്റെയെങ്കിലും കാര്യത്തില്‍ അവ കുറയ്ക്കുന്നത് വളരെയധികം വിവാദപൂര്ണ്ണമായേക്കാം.എന്നാല്‍, പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്ന ആവശ്യങ്ങള്‍ക്കായി വിഭവസമാഹരണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്നത് മറച്ചുവയ്ക്കാനുമാകില്ല. നമുക്ക് ചെയ്യാനാവുക വിഭവസമാഹരണത്തിനായി വിവാദപരമല്ലാത്തതും കൂടുതല്‍ സ്വീകാര്യവുമായ മാര്‍ഗങ്ങള്‍ തേടുക എന്നതാണ്. ഈയടുത്തകാലത്തായി നമ്മുടെ രാജ്യത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന മൂലധനത്തിന്റെ, വിശേഷിച്ചും ഫൈനാന്‍സ് മൂലധനത്തിന്റെ, അനല്പവും അനാവശ്യവുമായ പ്രവാഹത്തെ നിയന്ത്രിക്കുക എന്നതാണ് അതിലൊരു മാര്‍ഗം. ഇത്തരം വന്‍ മൂലധന പ്രവാഹത്തെ മാനേജ് ചെയ്യുന്നതിനായി രാജ്യത്തിന്റെ അമൂല്യമായ വിഭവങ്ങള്‍ മുന്‍ഗണനാ മേഖലകളില്‍ നിന്നും വഴിതിരിച്ചുവിടേണ്ടി വരുന്നു എന്നതു മാത്രമല്ല സര്‍ക്കാരിന്റെ ധന മാനേജ്മെന്റിനുള്ള കഴിവിനെ തന്നെ അത് ദോഷകരമായി ബാധിക്കുന്നു എന്നതാണതിനു കാരണം.
മൂലധനപ്രവാഹത്തിലെ കുതിച്ചുചാട്ടം
ഇന്ത്യയിലേക്കുള്ള മൂലധനപ്രവാഹത്തില്‍ അഭൂതപൂര്‍വമയ വര്‍ദ്ധനവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് നിഷേധിക്കാനാവില്ല. 2005-06 , 2006-07 എന്നീ വര്‍ഷങ്ങളിലെ ഇന്ത്യയുടെ balance of payments ലെ കറന്റ് അക്കൌണ്ട് കമ്മി പരിശോധിച്ചാല്‍ അത് ഏറെക്കുറെ സ്ഥിരമാണ്, 9.2 ബില്യണ്‍ ഡോളറും 9.6 ബില്യണ്‍ ഡോളറും . എന്നാല്‍ ഈ കാലയളവില്‍ രാജ്യത്തിലേക്കുള്ള അസ്സല് മൂലധനപ്രവാഹം (net capital flows ) 2005-06 ലെ 23.4 ബില്യണ്‍ ഡോളറില്‍ നിന്നും 2006-07ല്‍ 44.9 ബില്യണ്‍ ഡോളര്‍ ആയി കുതിച്ചുയരുകയാണുണ്ടായത്. ഈ അടുത്തകാലത്തായി ഇത്തരം പ്രവാഹത്തിന്റെ തീവ്രത വര്‍ദ്ധിച്ചുവരുന്നു എന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്. ഇന്ത്യയുടെ ഓഹരി വിപണിയിലും പൊതുകട വിപണിയിലും (stock and debt markets) വിദേശ ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന അസ്സല് നിക്ഷേപം (Net inflows of foreign institutional investments) 2003 മുതല്‍ വന്‍തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2003 മുതല്‍ 2006 വരെ ഇത് പ്രതിവര്‍ഷം ശരാശരി 8.8 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ 2007 ലെ ആദ്യ 10 മാസങ്ങളില്‍ മാത്രം 18.6 ബില്യണ്‍ ഡോളര്‍ ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്.
ഇക്കാലയളവില്‍ തന്നെയാണ് ഉദാരവല്‍കൃത ECB റൂട്ടിലൂടെ ( liberalised external commercial borrowing policy ) ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ വന്‍തുകകള്‍ സമാഹരിച്ചത്. 2005, 2006, 2007 വര്‍ഷങ്ങളിലെ ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസങ്ങളില്‍ സമാഹരിച്ച തുക യഥാക്രമം 3.4 ബില്യണ്‍ ഡോളറും 10.8 ബില്യണ്‍ ഡോളറും 15.3 ബില്യണ്‍ ഡോളറും ആണ്.
ദേശീയ കമ്പനികള്‍ക്കും ദേശവാസികള്‍ക്കും ക്യാപിറ്റല്‍ അക്കൌണ്ടില്‍ കൂടുതല്‍ കൂടുതല്‍ ചെലവുകള്‍ ചെയ്യുന്നതിനെ സഹായിക്കുമാറ് റിസര്‍വ് ബാങ്ക് ഏതാണ്ട് ദിനംപ്രതി നിയന്ത്രണങ്ങള്‍ ഉദാരമാക്കി വരികയാണെങ്കിലും വിദേശമൂലധനത്തിന്റെ ഈ വന്പിച്ച പ്രവാഹം അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ദ്ധന ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നവരെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. കമ്പോളത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു വിനിമയ നിരക്ക് ( market determined exchange rate) മാനേജ് ചെയ്യാന്‍ ആവശ്യപ്പെട്ടതനുസരിച്ച് റിസര്‍വ് ബാങ്ക് ഇക്കാലമത്രയും വിദേശനാണ്യം വാങ്ങിച്ചു കൂട്ടുകയും രാജ്യത്തിന്റെ വിദേശനാണ്യ ആസ്തികളുടെ ശേഖരം ശക്തിപ്പെടുത്തുകയുമായിരുന്നു.വിദേശനാണ്യത്തിനു വേണ്ടിയുള്ള ദേശീയ ഡിമന്‍ഡും നിയന്ത്രണമില്ലാത്ത വിദേശമൂലധനപ്രവാഹവും ബാലന്‍സ് ചെയ്യാന്‍ ഇത് ആവശ്യവുമായിരുന്നു.
2002-03 വര്‍ഷം അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 76 ബില്യണ്‍ ഡോളര്‍ ആയിരുന്നത് മാര്‍ച്ച് 2006 ആയപ്പോഴേക്കും 151.6 ബില്യണ്‍ ഡോളറും മാര്‍ച്ച് 2007 ല്‍ 199.2 ബില്യണ്‍ ഡോളറും നവംബര്‍ 2007 ല്‍ 266.5 ബില്യണ്‍ ഡോളറും ആയി വര്‍ദ്ധിക്കുകയുണ്ടായി.
ഇപ്രകാരം വിദേശനാണ്യശേഖരം കുമിഞ്ഞു കൂടുന്നത് കേന്ദ്രബാങ്കിനെ സംബന്ധിച്ചിടത്തോളം ധന ലഭ്യത (money supply) മാനേജ് ചെയ്യുക, ( തങ്ങള്‍ തുടരുന്ന തത്വങ്ങള്‍ അനുസരിച്ച് ) നാണ്യനയം ( monetary policy) നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് അത്യന്തം കഠിനമാക്കുന്നു. കേന്ദ്രബാങ്കിന്റെ വിദേശനാണ്യ ആസ്തികള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം അതിന്റെ ബാദ്ധ്യതകളും വര്‍ദ്ധിക്കുന്നു. എന്നു വച്ചാല്‍ സമ്പദ് വ്യവസ്ഥയില്‍ ലിക്വിഡിറ്റി (ധനലഭ്യത) വര്‍ദ്ധിക്കുന്നു. ഇപ്രകാരം തന്നത്താനെ (ആട്ടോമാറ്റിക്ക് ആയി) ധനലഭ്യത വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന് തങ്ങളുടെ കൈവശം വച്ചിരിക്കുന്ന മറ്റേതെങ്കിലും ആസ്തികള്‍ കൈയൊഴിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിനായി കേന്ദ്രബാങ്ക് സാധാരണ ഉപയോഗിക്കുന്നത് തങ്ങളുടെ കൈവശമുള്ള ഗവണ്മെന്റ് സെക്യുരിറ്റികളെയാണ്. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ ഗവണ്മെന്റ് സെക്യുരിറ്റികള്‍ വിറ്റൊഴിക്കുക വഴി വിദേശനാണ്യ ആസ്തികളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനെ ഭാഗികമായെങ്കിലും നിര്‍വീര്യമാക്കാന്‍ കഴിയുന്നു. അങ്ങനെ സമ്പദ് വ്യവസ്ഥയിലെ റിസര്‍വ് മണിയുടെ അളവു കുറയുകയും ധന ലഭ്യത വര്‍ദ്ധിക്കുന്നത് തടയപ്പെടുകയും ചെയ്യുന്നു.
റിസര്‍വ് ബാങ്കിന്റെ നിസ്സഹായാവസ്ഥ
റിസര്‍വ് ബാങ്ക് കഴിഞ്ഞ കുറച്ചു കാലമായി ഇത്തരം മൂലധനപ്രവാഹത്തെ നിര്‍വീര്യമാക്കാനുള്ള (sterilisation) കഠിന ശ്രമത്തിലായിരുന്നു. എന്നാല്‍ മുഖ്യമായും രണ്ടു കാരണങ്ങള്‍ മൂലം റിസര്‍വ് ബാങ്കിന് ഈ ദിശയിലുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി തുടരാന്‍ സാധിക്കാതെ വന്നിരിക്കുന്നു.ഏതു കേന്ദ്ര ബാങ്കിന്റെയും കാര്യത്തിലെന്നപോലെ റിസര്‍വ് ബാങ്കിന്റെയും കൈവശം ഉള്ള ഗവണ്മെന്റ് സെക്യുരിറ്റികള്‍ പരിമിതമായതിനാല്‍ ഇപ്പോഴുള്ളതു പോലെയുള്ള വന്‍ മൂലധനപ്രവാഹം അനുസ്യൂതമായി തുടരുകയാണെങ്കില്‍ മൂലധനപ്രവാഹത്തെ നിര്‍വീര്യമാക്കാന്‍ അവ അപര്യാപ്തമായിരിക്കും എന്നതാണ് ഒന്നാമത്തെ കാരണം.
ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന നവ ലിബറല്‍ മോണിറ്ററി പരിഷ്ക്കാരങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കുന്നതിന് (fiscal expenditures) കേന്ദ്ര ബാങ്കില്‍ നിന്നും കുറഞ്ഞപലിശക്ക് കടമെടുക്കുന്നതില്‍ ധാരളം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് രണ്ടാമത്തെ കാരണം. കമ്മി ബഡ്ജറ്റിലൂടെ പൊതുചെലവ് നടത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തുക, ധനലഭ്യത തീരുമാനിക്കുന്നതില്‍ (regulate liquidity) സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള പങ്ക് കുറച്ച് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് മുകളില്‍ സൂചിപ്പിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതിന്റെ ഒക്കെ ഫലമായി കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം (independence) കൂടുമെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തമായി അതിന് മോണിറ്ററി പോളിസി നടപ്പാക്കാനാകുമെന്നുമായിരുന്നു വാദം.
എന്നാല്‍ വസ്തുതയെന്താണ് ?
മോണിറ്ററി പോളിസി സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് സ്വതന്ത്രമാണ് ( monetary policy is independent of fiscal policy) എന്ന് അവകാശപ്പെടുമ്പോഴും വിദേശമൂലധനപ്രവാഹത്തെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ വരുത്തിയ പരിഷ്ക്കാരവും അതിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയിലെ മൂലധനനേട്ട(capital gains)ങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതികളില്‍ വരുത്തിയ കുറവും മൂലം ഇന്ന് ഫലത്തില്‍ മോണിറ്ററി പോളിസിയെ നയിക്കുന്നത് വിദേശമൂലധനത്തിന്റെ ഈ വന്‍ പ്രവാഹമാണ് എന്ന് കാണാന്‍ കഴിയും. സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് സ്വതന്ത്രമായി മോണിറ്ററി പോളിസി നടപ്പാക്കാനുള്ള ശ്രമം, വിദേശമൂലധനത്തിന്റെ കടിഞ്ഞാണില്ലാത്ത പ്രവാഹത്തിടയില് മോണിറ്ററി പോളിസി നടപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കഴിവിനെത്തന്നെ വാസ്തവത്തില്‍ ക്ഷയിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്, കാരണം കേന്ദ്ര ബാങ്കില്‍ നിന്നും കടം വാങ്ങുന്നതിന് സര്‍ക്കാരിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തിന്റെ ഫലമായി കേന്ദ്രബാങ്കിന്റെ കൈവശം ഉള്ള ഗവണ്മെന്റ് സെക്യുരിറ്റി വളരെയധികം പരിമിതപ്പെടുകയും അത് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്ന സെക്യുരിറ്റികള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. അനുദിനം വര്‍ദ്ധിച്ചുവരുന്ന വിദേശ ആസ്തികളുടെ ആഘാതം കുറയ്ക്കാനായി കേന്ദ്ര ബാങ്കിന്റെ കൈവശം ഉള്ള ഗവണ്മെന്റ് സെക്യുരിറ്റികള്‍ ഇപ്രകാരം വിറ്റഴിക്കപ്പെടുക വഴി സെക്യുരിറ്റികളുടെ സ്റ്റോക്ക് പരിമിതപ്പെടുമ്പോള്‍ ഊഹക്കച്ചവടക്കാരായ മൂലധനസ്രാവുകളുടെ ദയാദാക്ഷിണ്യങ്ങള്‍ ആയിരിക്കും ധനലഭ്യതയുടെ വളര്‍ച്ചയെ (increase in money supply) നിര്‍ണ്ണയിക്കുക.
ഒരേ സമയം വിദേശ വിനിമയ നിരക്കുകളേയും മോണിറ്ററി പോളിസി നടപ്പിലാക്കുന്നതിനേയും മാനേജ് ചെയ്യേണ്ടി വരുമ്പോള്‍ മേല്‍ വിവരിച്ച സാഹചര്യം റിസര്‍വ് ബാ ങ്കിനു മുന്നില്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 2004 ഏപ്രിലില്‍ മാര്‍ക്കറ്റ് സ്റ്റബിലൈസേഷന്‍ സ്കീം (Market Stabilisation Scheme) കൊണ്ടുവന്നത്. ഈ പദ്ധതി അനുസരിച്ച് വിദേശമൂലധനത്തിന്റെ ദുഷ്പ്രഭാവങ്ങളെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ( to conduct sterilisation operations) റിസര്‍വ് ബാങ്കിന് യുക്തമെന്നു തോന്നുന്ന അത്രയും ഗവണ്മെന്റ് സെക്യുരിറ്റികള്‍ യുക്തമായ സമയത്ത് പുറപ്പെടുവിക്കാന്‍ കഴിയും. എന്നു വച്ചാല്‍, റിസര്‍വ് ബാങ്കിന്റെ കൈവശം ഇത്തരം ആവശ്യങ്ങള്‍ക്കായി ആവശ്യത്തിന് ഗവണ്മെന്റ് സെക്യുരിറ്റികള്‍ ഇല്ല എങ്കില്‍ ബാങ്കിന് ഗവണ്മെന്റില് നിന്നും സെക്യുരിറ്റികള്‍ വായ്പയായി വാങ്ങാനും അവയെ കമ്പോളത്തില്‍ വില്‍ക്കാനും കഴിയും. ഒരു നിശ്ചിത സമയത്ത് ഇപ്രകാരം പുറപ്പെടുവിക്കാവുന്ന സെക്യുരിറ്റികളുടെ പരമാവധി തുക എത്ര ആയിരിക്കണമെന്ന് സര്‍ക്കാരും റിസര്‍വ് ബാങ്കും സമയാസമയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ തീരുമാനിക്കുന്നു.
ഇപ്രകാരം പുറപ്പെടുവിക്കുന്ന സെക്യുരിറ്റികളെ സര്‍ക്കാര്‍ കേന്ദ്രബാങ്കില്‍ നടത്തിയിരിക്കുന്ന നിക്ഷേപമായി കണക്കാക്കുന്നതുമൂലം അവയെ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ബാദ്ധ്യത ആയാണ് കാണിച്ചിരിക്കുന്നത് . എന്നു മാത്രമല്ല അവയെ കേന്ദ്ര ബാങ്കില്‍ നിന്നും സര്‍ക്കാരിനു നല്കുന്ന വായ്പയില്‍ നിന്നും കുറവു ചെയ്യുകയും ചെയ്യുന്നു ( ലഭ്യമായ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ എടുക്കുകയല്ല, ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്). മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധി വരെ, തങ്ങളുടെ ബാദ്ധ്യതയുടെ തുക വര്‍ദ്ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന് വിദേശ ആസ്തികളിലുണ്ടാകുന്ന വര്‍ദ്ധനവിനെ ബാലന്‍സ് ചെയ്യാന്‍ കഴിയും. ഇപ്രകാരം സെക്യുരിറ്റികള്‍ വിറ്റ് ആഗീകരണം ചെയ്യപ്പെടുന്ന പണം സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവാക്കാന്‍ അനുവാദമില്ല. അവയെ സര്‍ക്കാരിന്റെ നിക്ഷേപമായി ഒരു പ്രത്യേക അക്കൌണ്ടില്‍ സൂക്ഷിക്കേണ്ടതും മേല്‍ വിവരിച്ച പ്രകാരം വിറ്റഴിച്ച സെക്യുരിറ്റികളെ തിരിച്ച് വാങ്ങുന്നതിനു(redemption or the buy-back) മാത്രം ഉപയോഗിക്കേണ്ടതുമാണ്.
കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം സെക്യുരിറ്റികള്‍ മൂലധന അക്കൌണ്ടിലെ ബാദ്ധ്യത( a capital liability) ആണെങ്കിലും കേന്ദ്ര ബാങ്കിലുള്ള തത്തുല്യ നിക്ഷേപത്തെ ആസ്തി ആയി കണക്കാക്കുന്നതിനാല്‍, ഇങ്ങനെ സെക്യുരിറ്റികള്‍ പുറപ്പെടുവിക്കുക വഴി ബാലന്‍സ് ഷീറ്റില്‍ കേവലമായ യതൊരു വ്യത്യാസവും (net difference ) ഉണ്ടാകുന്നില്ല . എന്നുമാത്രമല്ല, ഇതു മൂലം സര്‍ക്കാരിന്റെ കമ്മിയും(fiscal deficit) വര്‍ദ്ധിക്കുന്നില്ല.പക്ഷെ ഇത്തരം സെക്യുരിറ്റികള്‍ക്ക് പലിശ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. അത് കേന്ദ്ര ബഡ്ജറ്റില്‍ “പലിശ ഇനത്തിലുള്ള ചെലവുകള്‍” എന്ന ശീര്‍ഷകത്തില്‍ ഉള്‍ക്കൊള്ളിക്കാറുമുണ്ട്. ചുരുക്കത്തില്‍ മൂലധനപ്രവാഹത്തെ നിര്‍വീര്യമാക്കാന്‍ റിസര്‍വ് ബാങ്ക് കമ്പോളത്തില്‍ കൂടുതല്‍ കൂടുതല്‍ ഇടപെടുകയാണെങ്കില്‍ സര്‍ക്കാരിന് അതിനായി കൂടുതല്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. രാജ്യത്തിന്റെ അമൂല്യവും ദുര്‍ലഭവുമായ വിഭവങ്ങള്‍ പല മുന്‍ഗണനാ മേഖലകളില്‍ നിന്നും വഴിതിരിച്ചുവിടേണ്ടിയും വരും.
2004 ല്‍ MSS ആരഭിച്ചപ്പോള്‍, സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് പരമാവധി ബാദ്ധ്യത 60000 കോടി രൂപ എന്ന് പരിമിതപ്പെടുത്തിയിരുന്നു. വര്‍ദ്ധിച്ചുവന്ന മൂലധനപ്രവാഹത്തിനനുസരിച്ച് , കാലകാലം ഈ പരിധി വര്‍ദ്ധിപ്പിച്ചു വരുന്നു. 2007 നവംബര്‍ 7 ന് ( കൊടുത്ത് തീര്‍ക്കാനുള്ളത് 1,85,100 കോടി രൂപ ആണ് ) നടന്ന ചര്‍ച്ചയില്‍ 2007-08 വര്‍ഷത്തെ പരിധി ആയി നിശ്ചയിച്ചിരിക്കുന്നത് 2,50,000 കോടി രൂപയാണ്. ഈ സ്കീമിലെ കൊടുത്ത് തീര്‍ക്കാനുള്ള തുക 2,35, 000 കോടി രൂപ എന്ന പരിധി കടക്കുമ്പോള്‍ പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് വീണ്ടും പരിശോധിക്കുന്നതാണ്. 2007 ആഗസ്റ്റ് 8 ന് സര്‍ക്കാരും റിസര്‍വ് ബാങ്കും പരസ്പരധാരണപ്രകാരം 2007-08 വര്‍ഷത്തേക്കുള്ള പരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത് 1,50,000 കോടി രൂപയായിരുന്നു എന്നത് പരിഗണിക്കുമ്പോഴാണ് വളരെ കുറഞ്ഞ കാലയളവില്‍ രാജ്യത്തിലേക്ക് ഒഴുകിയ മൂലധനത്തിന്റെ വ്യാപ്തി( റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയതിലും എതയോ അധികമാണ് എന്ന് ) വ്യക്തമാകുന്നത്.
MSS സ്കീമിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ പ്രാരംഭ കാലങ്ങളില്‍ തിരിച്ചടക്കാനുള്ള തുകയുടെ വ്യാപ്തി കൂടിയും കുറഞ്ഞും ഇരുന്നെങ്കിലും 2005 ജൂണിനു ശേഷം അതില്‍ സ്ഥിരമായ വര്‍ദ്ധനവാണ് കാണാന്‍ കഴിയുക. 2007 മാര്‍ച്ച് 31 മുതല്‍ 2007 നവംബര്‍ 8 വരെ യുള്ള കാലഘട്ടത്തിലാവട്ടെ 1,17, 181 കോടിയുടെ നാടകീയമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. MSS സ്കീം അനുസരിച്ച് പുറപ്പെടുവിക്കുന്ന സെക്യുരിറ്റികള്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മൂലധന അക്കൌണ്ടിലെ ഒരു ബാദ്ധ്യതയല്ലെങ്കിലും, ഓരോ വര്‍ഷവും പലിശ ഇനത്തില്‍ നല്‍കേണ്ട തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് പ്രസ്താവ്യമാണ്.
പലിശ ഭാരം
ഇന്ത്യയിലേക്ക് വരുന്ന മൂലധനപ്രവാഹത്തില്‍ അധികപങ്കും നമുക്ക് ആവശ്യമില്ലാത്തതാണ് എന്നതാണ് വാസ്തവം.ഭാരതത്തിന്റെ നാമമാത്രമായ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ അവയുടെ ആവശ്യമില്ല. മാത്രവുമല്ല മൂലധനത്തിന്റെ ഒഴുക്ക് ഊഹക്കച്ചവടത്തിലേക്കും, സെക്കന്‍ഡറി മാര്‍ക്കറ്റിലേക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും ആണെന്നും ഭാരതത്തിന്റെ സമ്പദ്മേഖലക്ക് ഉല്‍പ്പാദനപരമായ യാതൊരു നേട്ടവും അവ സമ്മാനിക്കുന്നില്ല എന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട് താനും. വിദേശ മൂലധനപ്രവാഹം നിരുത്സാഹപ്പെടുത്താന്‍ കൂട്ടാക്കുന്നില്ല എന്നു മാത്രമല്ല അവ നിലനിര്‍ത്താനായി അധികഭാരം ചുമക്കുന്നതിന് സര്‍ക്കാരിന് മടിയേതുമില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഇത്തരം മൂലധനം വിനാശകാരിയാണെന്നതു മാത്രമല്ല അവ രാഷ്ട്രത്തിന്റെ ദുര്‍ലഭമായ വിഭവങ്ങള്‍ വലിച്ചുകുടിച്ച് ലാഭം കുന്നുകൂട്ടുകയാണ് എന്നത് കൂടി കണക്കിലെടുത്ത് അനാവശ്യ മൂലധനപ്രവാഹത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ് പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കായി വിഭവ സമാഹരണം നടത്തുമ്പോള്‍ ആലോചിക്കേണ്ടത്. സബ്സിഡി വെട്ടിച്ചുരുക്കുന്നതിനെപ്പറ്റിയും മറ്റും വിവാദ പരാമര്‍ശങ്ങള്‍ നടത്തും മുമ്പേ പ്രധാനമന്ത്രി ആസൂത്രണ കമ്മീഷനെ നയിക്കേണ്ടത് ഈ ദിശയിലൂടെയാണ്.
(ശ്രീ. സി.പി.ചന്ദ്രശേഖരന് എഴുതിയ ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി)
1 comment:
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് അംഗീകരിക്കുന്നതിനായി ചേര്‍ന്ന ആസൂത്രണകമ്മീഷന്റെ സമ്പൂര്‍ണ്ണയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന പെട്രോളിയം, ഭക്ഷ്യ, വള സബ്സിഡികളെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ ഇനത്തില്‍ നടപ്പു വര്‍ഷം ചെലവഴിക്കേണ്ട 1,00,000 കോടി രൂപയിലേറെ വരുന്ന തുക രാജ്യത്തിന്റെ വികസനലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നദ്ദേഹം പറഞ്ഞു. ഉയര്‍ന്ന സബ്സിഡി എന്നാല്‍ ` സ്കൂളുകള്‍ ‘, ആശുപത്രികള്‍‘, ` സ്കോളര്‍ഷിപ്പുകള്‍‘ തുടങ്ങിയവയുടെ എണ്ണം കുറയ്ക്കേണ്ടി വരിക, കൃഷിയ്ക്കും അടിസ്ഥാന സൌകര്യങ്ങളുടെ വികാസത്തിനുമായി `കുറഞ്ഞ നിക്ഷേപം” മാത്രം നടത്താന്‍ കഴിയുക എന്നൊക്കെയാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കായി വിഭവ സമാഹരണം നടത്തുമ്പോള്‍ ആലോചിക്കേണ്ടത് എന്ത് എന്നും സബ്സിഡി വെട്ടിച്ചുരുക്കുന്നതിനെപ്പറ്റിയും മറ്റും വിവാദ പരാമര്‍ശങ്ങള്‍ നടത്തും മുമ്പേ പ്രധാനമന്ത്രി ആസൂത്രണ കമ്മീഷനെ നയിക്കേണ്ടത് ഏത് ദിശയിലൂടെയാണ് എന്നും ശ്രീ.സി.പി.ചന്ദ്രശേഖരന് വിശദീകരിക്കുന്നു.
Post a Comment