Friday, December 21, 2007

ഓഹരിച്ചന്തയുടെ കാണാപ്പുറങ്ങള്‍

2004ല്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന സമയം. ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും പിന്നോക്കം പൊയ്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുള്ള ഒറ്റകക്ഷിയാകുമെന്നുറപ്പായി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ. ഇടതുപക്ഷം ഇതുവരെയില്ലാത്ത വിധം 62 സീറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാദ്ധ്യത നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. കോമണ്‍ മിനിമം പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടുക്കുന്നു. ഓഹരി വിപണിയില്‍ പെട്ടന്ന് ഇടിവുണ്ടായി. 2004 മെയ് 17ന് സൂചികയില്‍ 565 പോയിന്റിന്റെ ഇടിവാണുണ്ടായത്. മാധ്യമങ്ങളും, വ്യവസായ, വാണിജ്യരംഗത്തെ സംഘടനകളും അത്തരം സര്‍ക്കാറില്‍ ഇടതുപക്ഷത്തിനുണ്ടായേക്കാവുന്ന സ്വാധീനത്തെപ്പറ്റി, അതിന്റെ അപകടത്തെപ്പറ്റി ആശങ്കപ്രകടിപ്പിക്കാന്‍ തുടങ്ങി.

ഈ ചര്‍ച്ച കൊടുമ്പിരികൊള്ളുന്നതിനിടയില്‍ ഒരു ടി.വി. കമന്റേറ്റര്‍ സിപിഐ നേതാവ് എ.ബി. ബര്‍ദ്ദാനോട് ഇങ്ങനെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വിപണി തകര്‍ച്ച ഇനിയും രൂക്ഷമാകില്ലേയെന്ന് ചോദിച്ചു.

"Let the Stock Market go to hell."

എന്നായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഉത്തരം. ഒരു കൂട്ടം മുതലാളിമാരുടേയും മധ്യവര്‍ത്തിവിഭാഗത്തിന്റേയും ആശങ്കക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമാക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞ് ശ്രമിക്കുകയും ചെയ്തു.

ഓഹരിചന്ത ഇന്ന് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാണ്. യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴുണ്ടായിരുന്നതില്‍ നിന്ന് ഓഹരിവില സൂചിക വര്‍ദ്ധിച്ച് 2007 ജൂലൈയില്‍ 15000ത്തിലെത്തി. പിന്നീടുള്ള 3 മാസത്തിനിടയില്‍ അത് 20000ത്തിലെത്തി. മുന്‍പ് വര്‍ഷത്തില്‍ ഏകദേശം 1000 പോയിന്റ് വര്‍ദ്ധനവുണ്ടായിരുന്നിടത്തു നിന്നാണ് ഈ കുതിച്ചുച്ചാട്ടം. ഒക്ടോബര്‍ 9നും 29നുമിടയിലുള്ള 20 ദിവസംകൊണ്ട് 2000 പോയിന്റിന്റെ വര്‍ദ്ധനവാണ് സൂചികയിലുണ്ടായത്. ആണവകരാര്‍ സംബന്ധിച്ച് ഇടതുപക്ഷം സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് രാഷ്ട്രീയരംഗം ചൂടുപിടിച്ച സന്ദര്‍ഭത്തില്‍ വിപണി കുതിച്ചുയരുകയായിരുന്നു.

വിപണിയിലെ ഈ കുതിപ്പ് സാമ്പത്തിക മേഖലയുടെ താളം തെറ്റിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ധനമന്ത്രി ചിദംബരം മുതല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വരെയുള്ളവര്‍ ഇത് അംഗീകരിക്കുന്നുമുണ്ട്. അനിതരസാധാരണമായ ഉയര്‍ച്ചയുടെ കാരണങ്ങളും വ്യക്തമാണ്. വിദേശമൂലധനശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാര്‍ പക്ഷെ അതുനിയന്ത്രിക്കാന്‍ തയ്യാറല്ല. അതിനാല്‍ റിസര്‍വ് ബാങ്കും, സ്റ്റോക്ക് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യയും (എസ് ഇ ബി ഐ) ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടുമായി ആടി കളിക്കുന്നു. 1991നു ശേഷം ഓഹരി വിപണിയുടെ സാധ്യതകള്‍ വിപുലമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഇവിടേക്ക് ഇരച്ചുകയറി. വികസിച്ചുവരുന്ന വിപുലമായ മാര്‍ക്കറ്റ്, ഇന്‍ഡ്യന്‍ കോര്‍പ്പറേറ്റുകള്‍ വിദേശത്ത് നടത്തുന്ന നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം, അവരുടെ കച്ചവട ഇടപാടില്‍ വിദേശത്ത് സൂക്ഷിക്കുന്ന കണക്കില്‍പ്പെടാത്തപണം, വിദേശമാഫിയകളുടെ പണം നിക്ഷേപിക്കാനുള്ള സാദ്ധ്യത ഇവയെല്ലാം ആകര്‍ഷണത്തിനുള്ള കാരണങ്ങളായിരുന്നു. വിദേശമുതലാളിത്ത രാജ്യങ്ങളില്‍ പലിശ നിരക്കില്‍ വന്ന കുറവും ഇന്‍ഡ്യന്‍ വിപണിയുടെ ചലനാത്മകതയും നിക്ഷേപകരെ ഇവിടേക്കാകര്‍ഷിച്ചു. വിദേശമാര്‍ക്കറ്റില്‍ നിന്ന് എഫ്ഐഐ വിഹിതമായി ഒഴുകിയെത്തിയത് 3 ലക്ഷം കോടി രൂപയാണ്. അതില്‍ പകുതിയോളം പാര്‍ട്ടിസിപ്പേറ്ററി നോട്ട് (പി.എന്‍.) വഴിയായിരുന്നു എത്തിയിരുന്നത്.

എന്താണീ പാര്‍ട്ടിസിപ്പേറ്ററി നോട്ട്?

ഊഹക്കച്ചവടം ലക്ഷ്യമിട്ട് വിദേശസാമ്പത്തിക സ്ഥാപനങ്ങള്‍വഴി എത്തിച്ച് വിപണിയില്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുന്ന ഒരു സാമ്പത്തിക ഉപകരണമാണിത്. ഇന്‍ഡ്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്റ്റോക്ക് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ (എസ് ഇ ബി ഐ)യുടെ വ്യവസ്ഥ പ്രകാരം അനുവദനീയമല്ലാത്ത രീതിയില്‍ വിദേശഫണ്ട് അഥവാ അതിന്റെ ആധികാരിക രേഖയായ പാര്‍ട്ടിസിപ്പേറ്ററി നോട്ട് (ഒരു സെക്യൂരിറ്റി പേപ്പര്‍ എന്ന് ഇതിനെ സൌകര്യത്തിന് വിശേഷിപ്പിക്കാം) ഇന്‍ഡ്യന്‍ ഓഹരി വിപണിയില്‍ രജിസ്റര്‍ ചെയ്യപ്പെട്ട വിദേശസാമ്പത്തിക സ്ഥാപനങ്ങള്‍വഴി നിക്ഷേപിച്ച് തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ ഓഹരി വാങ്ങികൂട്ടുന്നു. വിപണിനിരക്ക് ഉയരുന്നതിനനുസൃതമായി ഓഹരിവിലയില്‍ വരുന്ന കുതിച്ചുകയറ്റം വന്‍ ലാഭമുണ്ടാക്കാന്‍ പ്രയോജനപ്പെടുത്തുന്നു.

ഓഹരി വിപണിയിലെ സാധാരണ ഇടപാടുകളില്‍ നിന്ന് വിഭിന്നമായി കമ്പനികളുടെ ഭാവി ഓഹരിമൂല്യം, ഉല്പന്നങ്ങളുടെ ഭാവിയിലെ വില എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ഒരുതരം സാട്ടാകച്ചവടമുണ്ട്. മാര്‍ക്കറ്റിലെ ചലനങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി നടത്തുന്ന ഈ ഇടപാടില്‍ വന്‍ലാഭം പോലെ നഷ്ടസാധ്യതയുമുണ്ട്. ഫ്യൂച്ചേഴ്സ്, ഓപ്‌ഷന്‍സ് എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന ഇടപാടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെ ഹെഡ്ജ് ഫണ്ടുകളെന്നാണ് വിളിക്കുക. ഈ ഹെഡ്ജ് ഫണ്ടുകളാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെ രൂപത്തില്‍ ഓഹരി വിപണിയില്‍ കടന്നുവരുന്നത്. ഇവ രജിസ്റര്‍ ചെയ്ത കമ്പനികളുടെ അക്കൌണ്ടില്‍ സബ് അക്കൌണ്ടുകളായി നിലനിര്‍ത്തി മാര്‍ക്കറ്റില്‍ ഇടപെടുന്നു. അതുകൊണ്ടു തന്നെ വന്‍ലാഭം ലക്ഷ്യമാക്കി മാര്‍ക്കറ്റില്‍ കൃത്രിമമായി ഇടപെട്ട് വിലവര്‍ദ്ധിപ്പിക്കാനും, വിലയിടിക്കാനും ഇവക്കു കഴിയും.

2000-ആം ആണ്ടില്‍ നടന്ന ഓഹരി കുംഭകോണം അന്വേഷിച്ച ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റി പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴി 14,000 കോടി രൂപയോളം നിക്ഷേപിച്ച് ഓഹരിവിലയില്‍ ഇടിവുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതിനെതുടര്‍ന്ന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് നീക്കങ്ങളാരംഭിച്ചു. സര്‍ക്കാര്‍ നിലപാട് അതിന് സഹായകമായില്ല. 2005ല്‍ വിദേശ സാമ്പത്തികസ്ഥാപനങ്ങളെ ഇന്‍ഡ്യയിലേക്കാകര്‍ഷിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അശോക് ലാഹരി കമ്മിറ്റി പാര്‍ട്ടിസിപ്പേറ്ററി നോട്ട് സിസ്റ്റം തുടരാനാണ് നിര്‍ദ്ദേശിച്ചത്. അതിലംഗമായിരുന്ന റിസര്‍വ്വ് ബാങ്ക് പ്രതിനിധി ഇതിനെതിരെ വിയോജനക്കുറിപ്പ് നല്‍കി. ആരാണ് യഥാര്‍ത്ഥ നിക്ഷേപകനെന്നോ ആര്‍ക്കാണ് ആദായം കൈമാറ്റം ചെയ്യപ്പെടുന്നതെന്നോ പോലും അറിയാന്‍ കഴിയാത്ത ഈ സംവിധാനത്തിന്റെ അപകടം അതില്‍ എടുത്തുപറഞ്ഞിരുന്നു. സര്‍ക്കാര്‍ പക്ഷെ ഈ മുന്നറിയിപ്പ് അവഗണിച്ചു. അതിനുശേഷം കാപിറ്റല്‍ അക്കൌണ്ട് കണ്‍വര്‍ട്ടബിലിറ്റിയെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ച രണ്ടാം താരാപ്പൂര്‍ കമ്മിറ്റി ഇതര സംഗതികള്‍ക്കൊപ്പം പാര്‍ട്ടിസിപ്പേറ്ററിനോട്ടിലൂടെ വിദേശത്തുനിന്നുള്ള നിക്ഷേപം നിയന്ത്രിക്കാനും ക്രമേണ നിര്‍ത്തലാക്കാനും ആവശ്യപ്പെടുകയുണ്ടായി വിദേശമൂലധനം ഈ സ്രോതസ്സ് ഉപയോഗിച്ച് നടത്തുന്ന അപകടകരമായ കളികള്‍ ശ്രദ്ധയില്‍ പെട്ടാണ് കമ്മിറ്റി ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. റിസര്‍വ് ബാങ്ക് തലത്തില്‍ അതിന് നടത്തിയ നീക്കം ചിദംബരം കണ്ണുരുട്ടിയപ്പോള്‍ കോള്‍ഡ് സ്റ്റോറേജിലായി. കേന്ദ്രസര്‍ക്കാരിന്റെ മൌനാനുവാദത്തോടെ വിദഗ്ദധനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അനധികൃതമായ ഈ ഇടപാടിന് എല്ലാ പ്രോത്സാഹനവും നല്‍കപ്പെട്ടിരുന്നു എന്നാണ് വസ്തുത.

2003 ഒക്ടോബറിലുണ്ടായ ഓഹരി വിപണി തകര്‍ച്ചയെപ്പറ്റി അന്വേഷണം നടത്തിയ സെബി അന്ന് 12 വിദേശകമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. പാര്‍ട്ടിസിപ്പേറ്ററി നോട്ട് ഉപയോഗിച്ച് നടത്തിയ ഇടപാടിലൂടെയാണ് ഈ തകര്‍ച്ച സൃഷ്ടിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷെ പാര്‍ട്ടിസിപ്പേറ്ററി നോട്ട് നിരോധിക്കുന്ന പ്രശ്നമില്ലെന്ന നിലപാടാണ് സെബി ചെയര്‍മാനെടുത്തത്. നോട്ടീസ് നല്‍കിയ കമ്പനികളുടെ പേര് വെളിപ്പെടുത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല. 1 വര്‍ഷം നീണ്ട അന്വേഷണത്തിനുശേഷം യുബിഎസ് സെക്യൂരിറ്റീസ് എന്ന എഫ്ഐഐ യെ ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രമെന്റ്സ് (പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെ മറ്റൊരു രൂപഭേദം) ഇറക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്കു നിരോധിച്ചുകൊണ്ട് അന്വേഷണത്തിന് തിരശ്ശീലയിട്ടു.

2005ന്റെ ആദ്യമാസങ്ങളില്‍ വിദേശ സാമ്പത്തിക സ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെ അളവ് 24% ആയിരുന്നത് ആ വര്‍ഷം സെപ്തംബര്‍ ആയപ്പോള്‍ 42% ആയി. അന്നത്തെ മൊത്തം നിക്ഷേപം 8.3 ബില്യണ്‍ ഡോളറായിരുന്നു. (33200 കോടി രൂപ) അതില്‍ 13950 കോടി രൂപ പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയാണ് വന്നത്. 2004ല്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ 632 ആയിരുന്നു. 2005ല്‍ അത് 782 ആയി. ഇപ്പോള്‍ ആയിരത്തോളം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ബാങ്കുകള്‍, പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് ഫണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, അസറ്റ് മാനേജ്‌മെന്റ് - ഇന്‍വെസ്റ്മെന്റ് കമ്പനികള്‍, പോര്‍ട്ട്ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ട്രസ്റ്റി കമ്പനികള്‍ തുടങ്ങിയവയാണ് എഫ്ഐഐ കമ്പനികളെന്ന നിലയില്‍ രജിസ്റര്‍ ചെയ്യുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വ്യക്തികളും സ്ഥാപനങ്ങളും ഇന്‍ഡ്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പണം എഫ്ഐഐക്ക് കൈമാറുന്നു. പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയുള്ള ഈ നിക്ഷേപമുപയോഗിച്ച് മാര്‍ക്കറ്റില്‍ വാങ്ങലും വില്‍ക്കലും നടത്തുന്നു. ലാഭം നിക്ഷേപകന് കൈമാറുന്നു. യഥാര്‍ത്ഥ നിക്ഷേപകനാരെന്ന് സെബിക്കോ ഇവിടെയുള്ള മറ്റാര്‍ക്കെങ്കിലുമോ അറിയാന്‍ ഒരുവഴിയുമില്ല.

വ്യവസ്ഥയനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാടുകളും നിക്ഷേപങ്ങളും സുതാര്യമായിരിക്കണം. പാര്‍ട്ടിസിപ്പേറ്ററി നോട്ട് അടക്കമുള്ളവയുടെ വാങ്ങല്‍, വില്‍ക്കല്‍, റിഡംപ്‌ഷന്‍ എന്നിവയെല്ലാം 3 മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവയൊന്നും ഫലത്തില്‍ നടപ്പിലാക്കപ്പെടുന്നില്ല.

ഇന്‍ഡ്യന്‍ പൌരന്മാര്‍ക്കും ഇന്‍ഡ്യന്‍ വംശജര്‍ക്കും പാര്‍ട്ടിസിപ്പേറ്ററി നോട്ട് നല്‍കാന്‍ വ്യവസ്ഥയില്ല. വിദേശ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും നിരോധനമുണ്ട്. ദുരുപയോഗം തടയാനും അനധികൃതപണം ഇവിടെയെത്തുന്നത് ഒഴിവാക്കാനുമുള്ള ഇത്തരം വ്യവസ്ഥകളെല്ലാം അതിലംഘിച്ച് അനധികൃതപണം ഒരു പരിധിയുമില്ലാതെ കടന്നെത്തി സാമ്പത്തിക വ്യവസ്ഥയെത്തന്നെ പിടിച്ചു കുലുക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

2004 മെയില്‍ നിന്നും 2007 ജൂണിലെത്തിയപ്പോള്‍ ഓഹരിസൂചികയില്‍ ഏതാണ്ട് 300 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്ന് സാമ്പത്തികവിദഗ്ദനായ ശ്രീ ടി.ടി. റാം മോഹന്‍ ചൂണ്ടിക്കാട്ടുന്നു. 2007 ഒക്ടോബര്‍ 7നും 14നു മിടയില്‍ 41 എഫ്ഐഐ കമ്പനികള്‍ ഇവിടെ നിക്ഷേപിച്ചത് 8108 കോടി രൂപയാണ്. ഈ ഒരാഴ്ചയില്‍ ഓഹരി സൂചിക 17700ല്‍ നിന്നും 18814ലെത്തി. ഇത് ഇന്‍ഡ്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും കുറഞ്ഞ ഇടപാട് നടത്തിയ ദിവസങ്ങളായിരുന്നു. വിദേശഫണ്ടുകളാണ് ഇവിടെ ഇടപെട്ടതെന്ന് വ്യക്തം. ഈ തുകയുടെ സിംഹഭാഗവും മൌറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത വിദേശസ്ഥാപനങ്ങള്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടിലൂടെ നടത്തിയ നിക്ഷേപമായിരുന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ ഓഹരിയിടപാടില്‍ കിട്ടുന്ന ലാഭത്തിന് നികുതി കൊടുക്കണം . എന്നാല്‍ മൌറീഷ്യസ് വഴിയുള്ള നിക്ഷേപത്തിന് നികുതിയില്ല.

സാമ്പത്തിക വിദഗ്ദരും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഇടപെട്ടതോടെ എന്തെങ്കിലും ചെയ്തേ തീരുമെന്ന അവസ്ഥയിലെത്തി പാര്‍ട്ടിസിപ്പേറ്ററി നോട്ട് ഇറക്കുന്നത് നിരോധിച്ചും ഇപ്പോള്‍ നിലവിലുള്ളവ 18 മാസത്തിനുള്ളില്‍ പിന്‍വലിക്കാനും സെബി നിര്‍ദ്ദേശം വന്നു. ഒക്ടോബര്‍ 16 വൈകുന്നേരമാണ് ഈ പ്രഖ്യാപനം വന്നത്. 17-ആം തിയ്യതി രാവിലെ തന്നെ ഓഹരി സൂചിക 1744 പോയിന്റ് ഇടിഞ്ഞു. വിപണി പ്രവര്‍ത്തനം 1 മണിക്കൂര്‍ നിര്‍ത്തിവച്ചു. നിരോധനം ഏര്‍പ്പെടുത്തുന്നതിനോട് ഗവണ്‍മെന്റിന് യോജിപ്പില്ലെന്നും ചില നിയന്ത്രണങ്ങളേ ഉദ്ദേശിക്കുന്നുള്ളു എന്ന പ്രസ്താവനയുമായി ചിദംബരം രംഗത്തെത്തി. നിലവിലുള്ള പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ പുതുക്കിക്കൊടുക്കുമെന്ന സെബിചെയര്‍മാന്റെ പ്രഖ്യാപനവും വന്നതോടെ വിലസൂചിക 1000 പോയിന്റ് മുകളിലേക്ക് കയറി മാര്‍ക്കറ്റ് സാധാരണ നിലയിലെത്തി. ഒക്ടോബര്‍ 29തോടെ മൂലധനശക്തികളെ സന്തോഷിപ്പിച്ച് ഓഹരി സൂചിക 20,000 കടന്നു. എഫ്ഐഐ രജിസ്ട്രേഷന് വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുമെന്ന് സെബി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിവാദസംഭവങ്ങള്‍ ആരംഭിച്ച ഒക്ടോബര്‍ 17നും 22നും ഇടയില്‍ 6000 കോടിരൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. 23നും 30നും ഇടയില്‍ 3000കോടി നിക്ഷേപം തിരിച്ചെത്തുകയും ചെയ്തു. വിപണിയുടെ പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ പ്രതിപ്രവര്‍ത്തനത്തിലും ഇവിടെക്കണ്ട കാര്യക്ഷമതയുടെ ചെറിയ അംശംപോലും ജനങ്ങളുടെയോ തൊഴിലാളികളുടെയോ പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

തീര്‍ന്നില്ല.

ഇനി വരാന്‍ പോകുന്നത് നിയന്ത്രണം സൌജന്യമായി മാറുന്ന വിസ്മയ കാഴ്ചയാണ്. വ്യവസ്ഥകള്‍ ഉദാരമാകുന്നതോടെ പാര്‍ട്ടിസിപ്പേറ്ററി നോട്ടിനുപകരം രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ സ്ഥാപനങ്ങളുടേയും, വ്യക്തികളുടേയും നിക്ഷേപം ഇങ്ങോട്ടൊഴുകും. ഊഹക്കച്ചവട മേഖലയിലെത്തുന്ന പറന്നു നടക്കുന്ന ഈ മൂലധനം നമ്മുടെ സമ്പദ്സ്ഥിതിയെ വീണ്ടും കുഴപ്പത്തിലെത്തിക്കും.

2005 മാര്‍ച്ചില്‍ നമ്മുടെ വിദേശമൂലധന കരുതല്‍ ശേഖരം 150 ബില്യണ്‍ ഡോളറായിരുന്നു. 2006 മാര്‍ച്ചില്‍ അത് 200 ബില്യണായി. 2007 ഒക്ടോബറില്‍ ശേഖരം 261 ബില്യണ്‍ ഡോളറാണ്. ഡോളറുമായുള്ള വിനിമയനിരക്ക് ഇപ്പോള്‍ ഒരു ഡോളറിന് ഇതെഴുതുന്ന നവംബര്‍ 15ന് 39 രൂപ 7 പൈസയാണ്.

സോഫ്‌റ്റ്വെയര്‍ മേഖല മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ കയറ്റുമതിയുടെ സിംഹഭാഗവും തുണിത്തരങ്ങള്‍, കരകൌശല വസ്തുക്കള്‍, കയര്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, ചില കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങി തൊഴില്‍ജന്യ മേഖലകളില്‍ നിന്നാണ്. വിനിമയ നിരക്കിലെ ഇടിവ് ഈ വ്യവസായങ്ങളെയും തൊഴില്‍ മേഖലയെയും ഇതിനകം ബാധിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖലയടക്കം അന്യനാടുകളില്‍ പോയി പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനത്തില്‍ ശരാശരി 20 ശതമാനത്തോളം ചോര്‍ച്ച വന്നിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരളത്തിലാണ്.

രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ഇവിടെ വന്നു കുമിയുന്ന ഡോളര്‍ റിസര്‍വ് ബാങ്ക് നഷ്ടം സഹിച്ച് വാരിക്കൂട്ടുകയാണ്. കഴിഞ്ഞ സെപ്തംബര്‍ വരെ ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 70,000 കോടി രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. ഇത് ദീര്‍ഘനാള്‍ തുടരാന്‍ കഴിയില്ലെന്ന് റിസര്‍വ്ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ തന്നെ പറയുന്നു. പാവപ്പെട്ടവന്റെ റേഷന്‍ വിഹിതം വെട്ടിക്കുറക്കുന്നവര്‍, കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിയിടുന്നവര്‍, രാജ്യസുരക്ഷപോലും അവഗണിച്ച് നടത്തുന്ന ഈ വിദേശമൂലധന പ്രീണന നീക്കത്തിന് തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ലേഖകന്‍: ശ്രീ. എ. സിയാവുദീന്‍)

കൂട്ടത്തില്‍ വായിക്കാവുന്നത് - സെന്‍‌സെക്സിനു പിറകില്‍ എന്ത്? - പ്രൊഫ. കെ എന്‍ ഗംഗാധരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഓഹരി വിപണിയിലെ ഈ കുതിപ്പ് സാമ്പത്തിക മേഖലയുടെ താളം തെറ്റിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ധനമന്ത്രി ചിദംബരം മുതല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വരെയുള്ളവര്‍ ഇത് അംഗീകരിക്കുന്നുമുണ്ട്. അനിതരസാധാരണമായ ഉയര്‍ച്ചയുടെ കാരണങ്ങളും വ്യക്തമാണ്. വിദേശമൂലധനശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാര്‍ പക്ഷെ അതുനിയന്ത്രിക്കാന്‍ തയ്യാറല്ല

അതു പോലെ തന്നെ , രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ഇവിടെ വന്നു കുമിയുന്ന ഡോളര്‍ റിസര്‍വ് ബാങ്ക് നഷ്ടം സഹിച്ച് വാരിക്കൂട്ടുകയാണ്. കഴിഞ്ഞ സെപ്തംബര്‍ വരെ ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 70,000 കോടി രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. ഇത് ദീര്‍ഘനാള്‍ തുടരാന്‍ കഴിയില്ലെന്ന് റിസര്‍വ്ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ തന്നെ പറയുന്നു. പാവപ്പെട്ടവന്റെ റേഷന്‍ വിഹിതം വെട്ടിക്കുറക്കുന്നവര്‍, കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിയിടുന്നവര്‍, രാജ്യസുരക്ഷപോലും അവഗണിച്ച് നടത്തുന്ന ഈ വിദേശമൂലധന പ്രീണന നീക്കത്തിന് തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.