ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ ജന്മശതാബ്ദിവര്‍ഷമാണ് 2007. ഈ സന്ദര്‍ഭത്തില്‍ ജോഷിയുടെ ജീവിതത്തിലേക്കും സംഭാവനയിലേക്കും ഒരെത്തിനോട്ടം.
ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഉള്‍പ്പെടുന്ന പഴയ രേവാ നാട്ടുരാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പണ്ഡിറ്റ് ഹര്‍ നന്ദന്‍ ജോഷിയുടെയും മാലതിദേവിയുടെയും മകനായി 1907 ഏപ്രില്‍ 14ന് അല്‍മോറയിലാണ് പി സി ജോഷി ജനിച്ചത്. പിതാവ് ഹര്‍ നന്ദന്‍ ചെറുപ്പത്തില്‍ത്തന്നെ നദിയില്‍ മുങ്ങിമരിക്കുകയാണുണ്ടായത്. ക്ഷയരോഗം പിടിപെട്ട് മാതാവും അകാലത്തില്‍ മരിച്ചു. ഏക സഹോദരിയും മാതൃശുശ്രൂഷക്കിടയില്‍ ക്ഷയരോഗം പടര്‍ന്ന് മരണമടഞ്ഞതോടെ കുഞ്ഞുന്നാളിലേ അനാഥത്വത്തിന്റെ നിഴല്‍ ജോഷിയില്‍ പതിഞ്ഞു.
പുരണ്‍ചന്ദ്ര ജോഷിയെന്ന പി സി ജോഷി പിന്നീട് അമ്മാവന്മാരുടെയും ബന്ധുക്കളുടെയും കൂട്ടുകുടുംബസംവിധാനത്തിലാണ് വളര്‍ന്നത്. അല്‍മോറയില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും മീററ്റില്‍നിന്ന് മെട്രിക്കുലേഷനും പാസായ ജോഷി ഉന്നതവിദ്യാഭ്യാസത്തിനായി അലഹബാദിലെത്തി. അന്നത്തെ സ്വപ്നതുല്യമായ ഐസിഎസുകാരെ വാര്‍ത്തെടുക്കുന്ന അലഹബാദ് യൂണിവേഴ്സിറ്റിയില്‍നിന്ന് 1929ല്‍ എംഎ എല്‍എല്‍ബി ബിരുദം നേടി.
അധ്യാപനരംഗത്തെ അതിവിശിഷ്ട വ്യക്തികളായ താരാചന്ദ്, ബേനിപ്രസാദ്, ആര്‍ പി ത്രിപാഠി, ഈശ്വരിപ്രസാദ് എന്നിവരുടെ ശിക്ഷണം ജോഷിയിലെ ചരിത്രബോധത്തെ തട്ടിയുണര്‍ത്തി ദേശീയബോധത്തിലേക്ക് വഴിതിരിച്ചുവിട്ടു. 1857 റിബല്യന്‍ സംബന്ധിച്ച ജോഷിയുടെ വിഖ്യാത മാസ്റ്റര്‍പീസ് കൃതിക്ക് പ്രേരകമായ ബീജം ഇവിടെനിന്നാണ് മുളച്ചുപൊന്തിയത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു അലഹബാദ്. പാരമ്പര്യവാദികളായ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയെപ്പോലുള്ളവര്‍ ഒരുഭാഗത്തും ആധുനിക മതേതരവാദികളെന്നറിയപ്പെട്ട മോത്തിലാല്‍ നെഹ്റുവിഭാഗം മറുഭാഗത്തുമായി അലഹബാദിലെ ബുദ്ധിജീവികള്‍ വേര്‍തിരിഞ്ഞിരുന്നു. മോത്തിലാല്‍ ഗ്രൂപ്പിനോട് ചേര്‍ന്നുനിന്ന ജോഷി 1925ഓടെ ഖദര്‍ധാരിയായ ദേശീയവാദിയായി മാറി. ഒരുവര്‍ഷത്തിനകം ഭഗത്‌സിങ് സ്ഥാപിച്ച നൌ ജവാന്‍ ഭാരത് സഭയുടെ സജീവപ്രവര്‍ത്തകനായി മാറി.
തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു പ്രസിഡന്റായിരുന്ന അലഹബാദ് യൂത്ത് ലീഗില്‍ അംഗമായി. ആനന്ദഭവന്‍ മാതൃകയില്‍ പഠന വാദപ്രതിവാദങ്ങളില്‍ മുഴുകിയിരുന്ന ഉല്‍പ്പതിഷ്ണുക്കളുടെ സംഘമായിരുന്നു അത്. അന്തര്‍മുഖനും സദാ ചിന്തയില്‍ മുഴുകിയിരുന്നവനുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1927ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന കോളനിവിരുദ്ധ സമ്മേളനത്തിനും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തിനും ശേഷം ആവേശഭരിതനായ വിപ്ലവകാരിയായ ഉല്‍പ്പതിഷ്ണുവായി മാറിയെന്ന് ജോഷി പറയുന്നു. ഇന്ത്യന്‍ ജനതയ്ക്കായി സോവിയറ്റ് സന്ദര്‍ശനത്തിന്റെ ഒരു സന്ദേശം നെഹ്റുവിനുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ അവ്യക്തത നിറഞ്ഞ സ്വരാജില്‍നിന്നു വ്യത്യസ്തമായ പൂര്‍ണ സ്വാതന്ത്ര്യമെന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വികാരനിര്‍ഭരമായ മുദ്രാവാക്യം ജോഷിയുടെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഗാര്‍ഗി ചക്രവര്‍ത്തി പറയുന്നു. എന്നാല്‍ 1928ലെ കല്‍ക്കത്താ കോണ്‍ഗ്രസ് സമ്മേളനത്തിലെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാട് അദ്ദേഹത്തില്‍ നിരാശയുണര്‍ത്തി. മോത്തിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകൃതമായിരുന്ന സര്‍വകക്ഷിസമിതിയുടെ റിപ്പോര്‍ട്ട് സാമുദായികമായ ഒരു നീക്കുപോക്കായിരുന്നു. പൂര്‍ണസ്വാതന്ത്ര്യമെന്ന കാഴ്ചപ്പാട് ഉപേക്ഷിച്ച് ഡൊമിനിയന്‍പദവിക്കുവേണ്ടി ബ്രിട്ടീഷുകാരുമായി സന്ധിചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. ദേശീയ നേതൃത്വത്തിലെ മുസ്ലീങ്ങളുടെ ആവശ്യങ്ങളെ കര്‍ക്കശമായി നിരാകരിക്കുന്ന ഹിന്ദുമഹാസഭയുടെ നിലപാട് ദേശീയ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുകയും നിസ്സഹായരാക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു ഇതിനെ എതിര്‍ക്കുമെന്ന് പി സി ജോഷി പ്രതീക്ഷിച്ചെങ്കിലും സീനിയര്‍ നേതാക്കളുടെ സമ്മര്‍ദത്തിനു ജവഹര്‍ലാല്‍ വഴങ്ങുകയാണുണ്ടായത്. ഇത് ജോഷയില്‍ മാത്രമല്ല, അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് രൂപീകരണത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന യുവാക്കളിലാകെ വിശ്വാസത്തകര്‍ച്ച ഉണ്ടാക്കി.
ഈ സമയത്താണ് അല്‍മോറയില്‍നിന്നുതന്നെയുള്ള കൊല്‍ക്കത്തയിലെ തൊഴിലാളി യൂണിയന്‍ നേതാവ് അഫ്‌താബ് അലിയെ കണ്ടുമുട്ടുന്നതും ഒളിച്ചുകടത്തിയ രജനി പാം ദത്തിന്റെ 'മോഡേണ്‍ ഇന്ത്യ'യും എം എന്‍ റോയിയുടെ 'ഫ്യൂച്വര്‍ ഓഫ് ഇന്ത്യാ പൊളിറ്റിക്സും' ലഭിക്കുന്നതും. രജനി പാം ദത്ത് അദ്ദേഹത്തെ നന്നായി സ്വാധീനിക്കുകയും തുടര്‍ന്നുള്ള കാലത്ത് വഴികാട്ടിയായി മാറുകയും ചെയ്തു. അദ്ദേഹമെഴുതി:'ആര്‍ പി ഡി ഞങ്ങളുടെ അധ്യാപകനും വഴികാട്ടിയുമായി. അദ്ദേഹത്തിന്റെ 'മോഡേണ്‍ ഇന്ത്യ' പാഠപുസ്തകവും, 'ലേബര്‍ മന്ത്‌ലി' ദൈനംദിന പ്രവര്‍ത്തനത്തിന്റെ വഴികാട്ടിയുമായി. തുടര്‍ന്ന് വിദ്യാര്‍ഥികളെയും യുവ കമ്യൂണിസ്റ്റുകാരെയും പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടിയില്‍ (സിപിഐയുടെ നിയമവിധേയ സംഘടന) അണിനിരത്തുന്ന ജോലി ഏറ്റെടുത്തുകൊണ്ട് രാഷ്ട്രീയ പോരാട്ടത്തിന്റെ കമ്യൂണിസ്റ്റ്പഥം അദ്ദേഹം തുറന്നു. 1928 സെപ്തംബറില്‍ ചേര്‍ന്ന പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടിയുടെ മീററ്റ് സമ്മേളനത്തില്‍വച്ച് പി സി ജോഷി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ മാമ്മോദീസയായി കരുതപ്പെടുന്നു. ഇന്ത്യയില്‍ തൊഴിലാളിസമരങ്ങള്‍ വര്‍ധിച്ചുവരികയും ജംഷഡ്പുര്‍, ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ പണിമുടക്കുകള്‍ തുടര്‍ച്ചയാകുകയും ചെയ്തതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് പബ്ലിക് സേഫ്റ്റി നിയമം കൊണ്ടുവരികയും 1929ലെ ട്രേഡ് ഡിസ്‌പ്യൂട്ട് ആക്ട് പ്രകാരം തൊഴിലാളിസമരങ്ങള്‍ നിരോധിക്കുകയും ചെയ്തുതുടങ്ങി. തൊഴിലാളി നേതാക്കളെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചുതുടങ്ങുകയും ചെയ്തു.
1929 മാര്‍ച്ച് 20ന് അറസ്റ്റ്ചെയ്യപ്പെട്ട 31 പേരെ പ്രതിചേര്‍ത്ത് എടുത്ത കേസാണ് പിന്നീട് മീററ്റ് ഗൂഢാലോചന കേസ് എന്ന പേരില്‍ പ്രസിദ്ധമായത്. ഇതിലെ ഏറ്റവും പ്രായംകുറഞ്ഞ ആളായിരുന്നു ഇരുപത്തിരണ്ടുകാരനായ പി സി ജോഷി. മീററ്റ് ഗൂഢാലോചനകേസില്‍ പ്രതികള്‍ക്കുവേണ്ടി സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കിയിരുന്നതും, അപേക്ഷകള്‍ തയ്യാറാക്കിയിരുന്നതും ജോഷിയായിരുന്നു. നിയമബിരുദധാരികൂടിയായിരുന്ന ജോഷിയുടെ അക്കാദമിക് മികവും സുസംഘടിതവും കുറ്റമറ്റതും തെളിമയാര്‍ന്നതുമായ ഉള്‍ക്കാഴ്ചകൊണ്ട് ഗംഭീരമായതുമായ വാദമുഖങ്ങള്‍ കോടതിയുടെപോലും പ്രശംസ പിടിച്ചുപറ്റി. പ്രശസ്ത പാര്‍ലമെന്റേറിയനായ ഹിരണ്‍ മുഖര്‍ജി പറയുന്നു: 'മീററ്റ് ഗൂഢാലോചനകേസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായ ജോഷിയുടെ അപൂര്‍വമായ ശൈലിയും ഭാഷാശുദ്ധിയും നിറഞ്ഞ ഇംഗ്ളീഷ് ബ്രിട്ടീഷ് ജഡ്ജിയെപ്പോലും അത്ഭുതപ്പെടുത്തി'.
കൈവയ്ക്കുന്ന മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിക്കുന്ന അദ്ദേഹം ജയില്‍ജീവിതത്തിലും തന്റേതായ ഒരു സ്ഥാനമുണ്ടാക്കി. രേഖകള്‍ തയ്യാറാക്കുന്നതിലെ വൈദഗ്ദ്യം, ലളിതമായ ജീവിതം, പെരുമാറ്റം, അച്ചടക്കം എന്നീ കാര്യങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നു. 1930-34 കാലത്തെ നിയമലംഘന പ്രസ്ഥാനത്തോടുള്ള സമീപനത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതായി ജോഷി പറയുന്നു. കോണ്‍ഗ്രസിന്റെ നിയമലംഘനസമരത്തിലെ ജനസ്വാധീനം മനസ്സിലാക്കാതെ അതിനെ തള്ളിപ്പറഞ്ഞത് മുഖ്യധാരാ ദേശീയസമരത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിക്കളഞ്ഞതായി ജോഷി വിലയിരുത്തുന്നുണ്ട്. ദേശ്‌പാണ്ഡെയെയും ബി ടി രണദിവെയെയും കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറയുന്നു: 'കമ്യൂണിസ്റ്റ്പാര്‍ടിയുടെ 1930-34കളിലെ രാഷ്ട്രീയ ബാലാരിഷ്ടതകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടിവന്നത്. പാര്‍ടിയിലെ ആദ്യത്തെ ഭിന്നിപ്പാണ് 1934ലെ ഈ നിലപാട്'. പലപ്പോഴും കോണ്‍ഗ്രസിന്റെ നിയമലംഘനപ്രസ്ഥാനത്തോട് യോജിക്കാത്ത പാര്‍ട്ടിലൈനിനോട് ജോഷിക്ക് യോജിപ്പുണ്ടായിരുന്നില്ല. പൂര്‍ണസ്വാതന്ത്യമെന്ന കമ്യൂണിസ്റ്റ് നിലപാടിനോട് യോജിക്കാതെ ആടിക്കളിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് കമ്യൂണിസ്റ്റുകാര്‍ക്ക് ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്നതായിരുന്നു കൊമിന്റേണിന്റെ (കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ) ആറാം കോണ്‍ഗ്രസ് തീരുമാനം.
ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും വര്‍ധമാനമായ ഭീഷണിക്കെതിരെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഐക്യമുന്നണിയെന്ന കോമിന്റേണ്‍ ഏഴാംകോണ്‍ഗ്രസ് (1935) പ്രമേയം പാര്‍ടി സമീപനത്തില്‍ മാറ്റംവരുത്തി. ലോകമാകെ അതിസങ്കീര്‍ണമായൊരു രാഷ്ട്രീയപരിതഃസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഇരുപത്തെട്ടുകാരനായ പി സി ജോഷി നിശ്ചയിക്കപ്പെടുന്നത്. കല്‍ക്കത്തയില്‍ പാര്‍ട്ടികേന്ദ്രം സ്ഥാപിക്കുകയും ഇന്ത്യയാകെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വര്‍ധമാനമായ ശ്രമമാരംഭിക്കുകയും ചെയ്തു.
ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എഐവൈഎഫ്) പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ), ഓള്‍ ഇന്ത്യാ കിസാന്‍സഭ എന്നീ സംഘടനകള്‍ രൂപീകൃതമായി. ജോഷി പ്രതിഭാശാലിയായ സംഘാടകനെന്നു തെളിയിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇവ. പ്രത്യയശാസ്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതിരിക്കുകയും പ്രതിപക്ഷ ബഹുമാനം വച്ചുപുലര്‍ത്തുകയുംചെയ്ത നേതാവായിരുന്നു ജോഷി. സാമ്രാജ്യത്വവിരുദ്ധ വിശാലമുന്നണിയെന്ന നിലയില്‍ എഐടിയുസിയും കിസാന്‍സഭയും കോണ്‍ഗ്രസില്‍ അഫിലിയേറ്റ്ചെയ്യുന്ന കാര്യം 1936ല്‍ ലഖ്‌നൌ കോണ്‍ഗ്രസ് വേദിയില്‍വച്ച് ജോഷി നെഹ്റുവുമായി ചര്‍ച്ചചെയ്തു. ഇക്കാര്യം മഹാത്മജിയുമായി ചര്‍ച്ചചെയ്യാനായി നെഹ്റു ജോഷിയുമായി ഗാന്ധിജിയെ കണ്ടു. ഗാന്ധിജി സമ്മതിച്ചുവെങ്കിലും പട്ടേലിന്റെ സമ്മതം വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ പട്ടേലിനെ കണ്ട ജോഷിയോട് അദ്ദേഹം പറഞ്ഞുവത്രേ; കമ്യൂണിസ്റ്റുകാര്‍ ഒന്നുകില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അഫിലിയേഷനുവേണ്ടി പോരാടുക. ജോഷി ദൃഢമായിത്തന്നെ പറഞ്ഞു:
'കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കും. തൊഴിലാളി - കര്‍ഷക സംഘടനകളുടെ അഫിലിയേഷനുവേണ്ടി പോരാടുകയും ചെയ്യും'.
1936ല്‍ അമ്പത് മെമ്പര്‍മാരുണ്ടായിരുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടിയെ 1948-ല്‍ 80,000 അംഗങ്ങളുള്ള പാര്‍ട്ടിയാക്കി മാറ്റിയതിലെ കഠിനമായ യത്നം ജോഷിയുടേതുതന്നെ. രണ്ടാം ലോക മഹായുദ്ധം, ദേശാഭിമാനപോരാട്ടം, ക്വിറ്റ് ഇന്ത്യ സമരം, ഇന്ത്യാ വിഭജനകാലത്തെ പ്രത്യയശാസ്ത്രനിലപാടുകള്‍, കോണ്‍ഗ്രസിനോടുള്ള സമീപനം, തെലുങ്കാനസമരം, 1943ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി പ്രശ്നസങ്കീര്‍ണമായ ഒരു കാലത്തെ നേതൃത്വമായിരുന്നു ജോഷി. ഇരുപത്തെട്ടാംവയസ്സിലെ ജനറല്‍സെക്രട്ടറിസ്ഥാനം തനിക്കും പാര്‍ട്ടിക്കും ഭാരമായതായി വിനയപൂര്‍വം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയപരിതഃസ്ഥിതികളോടും കോണ്‍ഗ്രസിനോടുമുള്ള തര്‍ക്കത്തില്‍ 1948ല്‍ ജോഷി ജനറല്‍സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കപ്പെട്ടു. തൊട്ടടുത്തവര്‍ഷം സസ്പെന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹം 1949 ഡിസംബറില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടു. 1951ല്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ക്കപ്പെട്ട ജോഷി തുടര്‍ന്ന് പാര്‍ട്ടി കാണ്‍പുര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായി. ഇടയ്ക്ക് ന്യൂ ഏജിന്റെ പത്രാധിപരായി. 1964ല്‍ പാര്‍ട്ടി വിഭജിക്കപ്പെട്ടപ്പോള്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റില്‍നിന്ന് കമ്മിറ്റിയിലെ അഭ്യര്‍ഥനപ്രകാരം ഒഴിവായി. പിന്നീട് ഡല്‍ഹിയില്‍ താമസമാക്കിയ അദ്ദേഹം ഹിമാലയന്‍ താഴ്വരയില്‍ 'സോഷ്യലിസ്റ്റ് ആശ്രമം' എന്ന പദ്ധതിയിട്ടു. കേരളത്തില്‍നിന്നുള്ള കെ ദാമോദരനൊപ്പം കുറേക്കാലം ഇന്ത്യന്‍ ഇടതുപക്ഷത്തെക്കുറിച്ച് ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തി.
ചിറ്റ്ഗോങ് വിപ്ലവനായിക കല്‍പ്പനാദത്തിനെ 1943ല്‍ ബോംബെ പാര്‍ട്ടി കമ്യൂണില്‍വച്ച് ജോഷി വിവാഹംചെയ്തു. ജോഷിയോടൊപ്പം കല്‍പ്പന പിന്നീടും പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകി. തികഞ്ഞ അക്കാദമിക് പണ്ഡിതനായിരുന്ന ജോഷി വിവിധ ഘട്ടങ്ങളിലായി ദി കമ്യൂണിസ്റ്റ്, ന്യൂ ഏജ്, നാഷണല്‍ ഫ്രണ്ട്, പീപ്പിള്‍സ് വാര്‍, പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായിരുന്നു. സഖാക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനും അദ്ദേഹം അനവരതം യത്നിച്ചു. ജോഷിയിലെ കമ്യൂണിസ്റ്റ് ഉയിര്‍ത്തെഴുന്നേറ്റ് അവിശ്രമം പോരാടിയ സന്ദര്‍ഭമായിരുന്നു അനവധി ബംഗാളികള്‍ പിടഞ്ഞുവീണു മരിച്ച ബംഗാള്‍ ക്ഷാമകാലം. കല്‍ക്കത്ത തെരുവുകളില്‍ ആഴ്ചകളോളം താമസിച്ചു. രാജ്യമാകെ സഞ്ചരിച്ച് കലാകാരന്മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ബംഗാളിനുവേണ്ടി സഹായമെത്തിച്ചു.
1943 മാര്‍ച്ച് 23ന് നാല് കയ്യൂര്‍ സമരസേനാനികളെ തൂക്കിലേറ്റിയതിന്റെ തലേദിവസം അവരുടെ ആവശ്യപ്രകാരം സഖാവ് കൃഷ്ണപിള്ളയോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവരെ സന്ദര്‍ശിച്ച സംഭവം പി സി ജോഷി പീപ്പിള്‍സ് വാറില്‍ (1943 ഏപ്രില്‍ 11) എഴുതിയ അസാധാരണ അനുഭവക്കുറിപ്പ് ഹൃദയസ്പര്‍ശിയാണ്. വിപ്ലവകാരികളെ കണ്ട് പൊട്ടിക്കരഞ്ഞ ജോഷിയെ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബേക്കറുമാണ് ആശ്വസിപ്പിച്ചത്. ആ പി സി ജോഷിയായിരുന്നു തെലുങ്കാനസമരത്തിന്റെ പ്രധാന ആയുധ സപ്ലയറും.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ പാര്‍ടി കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന ജോഷി മഹാത്മഗാന്ധി കഴിഞ്ഞാല്‍ നെഹ്റുവിന് സമശീര്‍ഷനായിരുന്നുവെന്ന് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
കൈവച്ച മേഖലകളെല്ലാം കീഴടക്കിയ ആ വിപ്ലവകാരി 1980 നവംബര്‍ ഒമ്പതിന് മരണമടഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല എന്നത് ചരിത്രത്തിലെ മറ്റൊരു ദുരന്തം.
(ലേഖകന്‍: ശ്രീ.സി എന്‍ മോഹനന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്)
1 comment:
ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ ജന്മശതാബ്ദിവര്‍ഷമാണ് 2007. ഈ സന്ദര്‍ഭത്തില്‍ ജോഷിയുടെ ജീവിതത്തിലേക്കും സംഭാവനയിലേക്കും ഒരെത്തിനോട്ടം.
Post a Comment