എല്ലാ വര്‍ഷവും പോലെ ഈ ഒക്ടോബര്‍ 30-ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. വൈ. വേണുഗോപാലറെഡ്ഡി റിസര്‍വ് ബാങ്കിന്റെ 2007-08 നയങ്ങളുടെ അര്‍ദ്ധവാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി. ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് അവരുടെ അര്‍ദ്ധവാര്‍ഷിക നയ അവലോകനത്തോടൊപ്പം, അതാതുവര്‍ഷത്തെ നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം കരുതല്‍ നിക്ഷേപ ധനഅനുപാതം (CRR- Cash Reserve Ratio) 0.5% ഉയര്‍ത്തി 7.5 ശതമാനമാക്കിയതല്ലാതെ, ബാങ്ക്റേറ്റ്, റിപ്പോറേറ്റ്, റിവേഴ്സ് റിപ്പോറേറ്റ് ഇവയിലൊന്നും യാതൊരു മാറ്റവും വരുത്തുകയുണ്ടായില്ല. സാധാരണയായി CRR വര്‍ദ്ധിപ്പിക്കുന്നത് നാണ്യപ്പെരുപ്പനിരക്ക് (Inflation) നിയന്ത്രിക്കാനാണ്. എന്നാല്‍ ഒക്ടോബര്‍ 30ന് നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ (3.07) നില്ക്കുമ്പോഴാണ് CRR വര്‍ദ്ധിപ്പിച്ചത്. CRR ന്റെ വര്‍ദ്ധനവുവഴി ബാങ്കുകളുടെ പണ ലഭ്യതയില്‍ ഏകദേശം 16,000 കോടി രൂപയുടെ കുറവു വരും.
CRR ഉയര്‍ത്തിയതിനു പ്രധാന കാരണമായി റെഡ്ഡിയുടെ വായ്പാനയ പ്രഖ്യാപനത്തില്‍ത്തന്നെ പറയുന്ന പ്രധാന കാരണം വിദേശത്തുനിന്നും ഇന്ത്യന്‍ ധന കമ്പോളത്തിലേക്കു ഒഴുകിയെത്തുന്ന പണമാണ്. മാര്‍ച്ച് 2007 അവസാനം ഇന്ത്യന്‍ കമ്പോളത്തിലെ ധനലഭ്യത 85,770 കോടിയായിരുന്നത് ഒക്ടോബര്‍ 24 ആയപ്പോള്‍ 2,22,582 കോടി രൂപയായി ഉയര്‍ന്നു. ഈ സാമ്പത്തികവര്‍ഷം ഒക്ടോബര്‍ 19 ആയപ്പോള്‍ ഇന്ത്യയിലേക്കുവന്ന വിദേശപണം 6200 കോടി ഡോളറാണ്. വിദേശനാണ്യ കരുതല്‍ ശേഖരം ഒക്ടോബര്‍ 30ന് 26,100 കോടി ഡോളറിലെത്തിയിരിക്കുകയാണ്. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം 1700 കോടി ഡോളറിലധികമായിക്കഴിഞ്ഞു. ഇങ്ങനെ പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയും അര്‍ദ്ധവാര്‍ഷിക അവലോകനത്തൊടൊപ്പം CRR വര്‍ദ്ധിപ്പിക്കാന്‍ കാരണം ഇന്ത്യന്‍ ആഭ്യന്തര കമ്പോളത്തിലെ പ്രശ്നങ്ങളല്ല പിന്നെയോ അന്തര്‍ദേശീയ സാമ്പത്തിക രംഗത്ത് നടക്കുന്ന മാറ്റങ്ങളാണ്. ഇന്ത്യയില്‍ പണപ്പെരുപ്പനിരക്ക് മുന്‍ സൂചിപ്പിച്ചതുപോലെ ഏറ്റവും കുറഞ്ഞിരിക്കുന്ന അവസ്ഥ, സാമ്പത്തിക വളര്‍ച്ചാനിരക്ക് 8.5 ശതമാനത്തിനും മുകളില്‍.
ഈയൊരവസരത്തിലും റിസര്‍വ് ബാങ്ക് CRR വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നതിന്റെ കാരണം ഇന്ത്യയിലേക്കു കുത്തിയൊഴുകുന്ന വിദേശപണമാണ്. ഊഹക്കച്ചവടത്തിനും ചൂതാട്ടത്തിനുമായി ഇന്ത്യയിലേക്കു ഒഴുകിയെത്തുന്ന വിദേശപണത്തെ നേരിട്ടു നിയന്ത്രിക്കുന്നതിനുപകരം ആ ഭാരം ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളുടേയും, ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്നവരുടെ മേലും പരോക്ഷമായി അടിച്ചേല്‍പ്പിക്കുന്ന ഒരു നയസമീപനമാണിത്. CRR ഉയര്‍ത്തിയതുവഴി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പാ ലഭ്യതയെ അതു പ്രതികൂലമായി ബാധിക്കും. ആഗോള കുത്തകകളായി മാറിയ റിലയന്‍സ് പോലുള്ള വമ്പന്‍മാരെ ഇതു ബാധിക്കില്ല. അവര്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ നിന്നും, ഓഹരിക്കമ്പോളത്തില്‍ നിന്നുമാണ് ധനം ശേഖരിക്കുന്നത്.
ഇനിയും നമുക്ക് റിസര്‍വ് ബാങ്കിന്റെ അര്‍ദ്ധവാര്‍ഷിക അവലോകനത്തെ മറ്റൊരുതലത്തില്‍ നിന്നു പരിശോധിക്കാം.
2007 ഏപ്രില്‍ മുതല്‍ ഉള്ള കാലഘട്ടം പരിശോധിച്ചാല്‍ നമുക്കുകാണാന്‍ കഴിയും അന്തര്‍ദേശീയ-ദേശീയ സാമ്പത്തികരംഗത്ത് ഇക്കഴിഞ്ഞ കുറേ കാലയളവിനുള്ളില്‍ നടന്നതില്‍ ഏറ്റവും ഗുരുതരമായ സംഭവവികാസങ്ങള്‍ നടന്ന കാലമാണതെന്ന്. ഒന്നാമതായി അമേരിക്കന്‍ ഭവനവായ്പാമേഖലയുമായി ബന്ധപ്പെട്ട സബ്-പ്രൈം ലെന്‍ഡിങ്ങില്‍ നിന്നും ഉടലെടുത്ത പ്രശ്നങ്ങള്‍ മൂലം അമേരിക്കയിലേയും യൂറോപ്പിലേയും ലോകമാകെയുള്ള ബാങ്കുകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചു. ലോകത്തെ ഏറ്റവും വലിയ ഒരു ബാങ്കായ അമേരിക്കയിലെ സിറ്റി ബാങ്ക് 11 ബില്യന്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതുമൂലം ബാങ്കിന്റെ ചെയര്‍മാന്‍ ചക്ക്പ്രിന്‍സ് രാജിവച്ചു. മറ്റൊരു പ്രധാന അമേരിക്കന്‍ ബാങ്കായ മെറിള്‍ - ലിഞ്ചിന് 7.9 ബില്യന്‍ ഡോളര്‍ നഷ്ടമായി. ബാങ്കിന്റെ ചെയര്‍മാന്‍ സ്റാന്‍ ഒഹിന്‍ രാജിവച്ചൊഴിഞ്ഞു. സ്വിസ് ബാങ്കായ യു.ബി.എസ്സിന് 4.2 ബില്യന്‍ നഷ്ടപ്പെട്ടു. ഫ്രഞ്ച് ബാങ്ക് ബി.എന്‍.പി. പരിബാസിനും വന്‍നഷ്ടമുണ്ടായി. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 2 ബില്യന്‍ ഡോളറോളം നഷ്ടംവന്നു. നഷ്ടങ്ങളുടെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ആകെ നഷ്ടം 400 നും 500 നും ബില്യന്‍ ഡോറളിനിടയില്‍ വരും എന്നാണ് ചില കണക്കുകള്‍ കാണിക്കുന്നത്.
ഗുരുതരമായ സ്ഥിതിയാണ് ഇത് ആഗോള സാമ്പത്തികരംഗത്തു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്, ഇംഗ്ലണ്ടിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയ കേന്ദ്രബാങ്കുകള്‍ കണക്കില്ലാതെ പണമൊഴുക്കിയും പലിശനിരക്കുകള്‍ കുറച്ചും ഈ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുകയാണ്. കാര്യങ്ങള്‍ ഏതുവഴിക്ക് നീങ്ങും എന്ന് കണ്ടുതന്നെ അറിയണം. റിസര്‍വ് ബാങ്കിന്റെ അവലോകനത്തില്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗൌരവം കണ്ടറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല.
രണ്ടാമത്തെ പ്രശ്നം പെട്രോളിന്റെ വിലവര്‍ദ്ധനവാണ്. പെട്രോളിന്റെ വില അന്തര്‍ദശീയ വിപണിയില്‍ ഒരു ബാരലിന് 98 ഡോളറിനും മേലെയായിക്കഴിഞ്ഞു. ഒരുവശത്ത് പെട്രോളിന്റെ വില കുതിച്ചുയരുമ്പോള്‍ മറുവശത്ത് ഡോളറിന്റെ വില കുത്തനെയിടിയുകയാണ്. ഇവിടെ നാം കാണേണ്ട ഒരു പ്രധാനകാര്യം 1970കള്‍ മുതല്‍ 2002 വരെ ഡോളറിന്റെ വിലയും പെട്രോളിന്റെ വിലയും ഒരേ ദിശയിലാണ് നീങ്ങിയിരുന്നത്. പെട്രോള്‍ വില കൂടിയാല്‍ ഡോളര്‍വിലയും കൂടും. ഡോളര്‍ വില കുറഞ്ഞാല്‍ പെട്രോള്‍ വിലയും കുറയും. ഡോളറിലാണ് പെട്രോള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നത്. പെട്രോ വരുമാനം രാജ്യങ്ങള്‍ അമേരിക്കന്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ 2002 നുശേഷം ഡോളര്‍ പെട്രോ ബന്ധം തലകീഴായി. പെട്രോളിന്റെ വില കൂടിയാല്‍ ഡോളറിന്റെ വില കുറയുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറി. ജനുവരി 2002 ല്‍ ബാരലിന് 19 ഡോളറായിരുന്ന പെട്രോള്‍ വില സെപ്തംബര്‍ 18 ഓടെ 82.5 ഡോളറായി ഉയര്‍ന്നപ്പോള്‍, അതേകാലത്ത് ഡോളറിന്റെ വില യൂറോയുമായി 39 ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുമായും, പൌണ്ടുമായും എല്ലാം ഡോളറിനു വിലയിടിവുണ്ടായി. ഈ സാഹചര്യത്തില്‍ ലോകത്തെ പല പ്രധാന കേന്ദ്രബാങ്കുകളും, പ്രത്യേകിച്ച് ചൈന അവരുടെ നിക്ഷേപം അമേരിക്കന്‍ സെക്യൂരിറ്റികളില്‍ നിന്നും ഡോളറില്‍ നിന്നും യൂറോയിലേക്കും മറ്റും മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ റിസര്‍വ്ബാങ്ക് ഇത്തരത്തില്‍ ദീര്‍ഘവീഷണത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായി അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ നിന്നും കാണാന്‍ കഴിയില്ല.
മൂന്നാമത്തെ വിഷയം ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റാണ്. മാര്‍ച്ച് 2007 ന് 13,072 ലായിരുന്ന ബോംബെ സ്റോക്ക് എക്സ്ചേഞ്ച് സൂചിക ഒക്ടോബര്‍ 26ന് 19,243 ലെത്തി. ഇതിനിടയില്‍ പല പ്രാവശ്യം കുത്തനെ താഴേക്കും കുത്തനെ മുകളിലേക്കും സൂചിക ചലിക്കുകയുണ്ടായി. ഈ ചാഞ്ചാട്ടങ്ങള്‍ക്കു പ്രധാന കാരണം ഡോളറിന്റെ വിലയിടിവ്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കു കുറച്ചത്, അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങള്‍ ഇവമൂലം ഇന്ത്യന്‍ വിപണയിലേക്കെത്തിയ വിദേശപണം തുടങ്ങിയവയാണ് ഈ വിഷയം റിസര്‍വ് ബാങ്ക് അവലോകനത്തില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനെ നേരിടുന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും വച്ചിട്ടില്ല.
റിസര്‍വ് ബാങ്ക് യഥാര്‍ത്ഥത്തില്‍ ഒരു വിഷമവൃത്തത്തിലാണിപ്പോള്‍. ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തെ കൈകാര്യം ചെയ്യാന്‍ അതു വാങ്ങിക്കൂട്ടുമ്പോള്‍ കമ്പോളത്തിലെ പണലഭ്യത വര്‍ദ്ധിക്കുകയും വിലക്കയറ്റമുണ്ടാകുകയും ചെയ്യും. രൂപയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ഡോളറിന്റെ വില ഇടിയുകയും ചെയ്യും. ഈ സ്ഥിതിയില്‍ വീണ്ടും വിദേശപണം കറന്‍സി ചൂതാട്ടത്തിനായി ഇന്ത്യയിലേക്കുവരും. യഥാര്‍ത്ഥത്തില്‍ റിസര്‍വ് ബാങ്കും (കേന്ദ്ര ഗവണ്‍മെന്റും) ഇന്ത്യയിലേക്കു വരുന്ന വിദേശപണത്തെ വളഞ്ഞ വഴിയിലൂടെ കൈകാര്യം ചെയ്യാതെ നേരിട്ടു തടയണം. അതിന് കേന്ദ്ര ഗവണ്‍മെന്റും വിദേശ-ഇന്ത്യന്‍ കുത്തകകളും അനുവദിക്കില്ല. കാരണം ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റിനേയും, റിയല്‍ എസ്റേറ്റ് കമ്പോളത്തേയും ഊതിവീര്‍പ്പിച്ച ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയേയും അത് പ്രതികൂലമായി ബാധിക്കും.
ഡോളര്‍ വാങ്ങിക്കൂട്ടിയും സി.ആര്‍.ആര്‍ വര്‍ദ്ധിപ്പിച്ചും ഇന്ത്യന്‍ ധനക്കമ്പോളത്തെ നിയന്ത്രിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടിരിക്കുകയാണെന്ന് നയപ്രഖ്യാപനത്തിനുശേഷവും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിദേശ നാണയകരുതല്‍ നിക്ഷേപം കാണിക്കുന്നു.
റിപ്പോറേറ്റ് :- ഗവണ്‍മെന്റ്സെക്യൂരിറ്റികളുടെ ഈടിന്മേല്‍ റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള നിരക്ക്. ഇതുമുഖേന സമ്പദ്ഘടനയിലെ പണ ലഭ്യതാനിരക്ക് നിയന്ത്രിക്കാന്‍ കഴിയും.
റിവേഴ്സ് റിപ്പോ:- റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകളില്‍ നിന്നും എടുക്കുന്ന ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന നിരക്ക്. ഇതുമൂലം പണപ്പെരുപ്പം നിയന്ത്രിക്കുന്നു.
CRR(Cash Reserve Ratio) വാണിജ്യബാങ്കുകള്‍ അവയുടെ നിക്ഷേത്തില്‍ നിന്നും റിസര്‍വ്വ്ബാങ്കില്‍ നിക്ഷേപിക്കേണ്ട തുകയുടെ അനുപാതം.
Bank Rate: റിസര്‍വ്വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയിന്‍മേല്‍ ഈടാക്കുന്ന പലിശനിരക്ക്.
(ലേഖകന്‍: ശ്രീ. ജോസ് ടി. എബ്രഹാം)
1 comment:
എല്ലാ വര്‍ഷവും പോലെ ഈ ഒക്ടോബര്‍ 30-ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. വൈ. വേണുഗോപാലറെഡ്ഡി റിസര്‍വ് ബാങ്കിന്റെ 2007-08 നയങ്ങളുടെ അര്‍ദ്ധവാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി. ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് അവരുടെ അര്‍ദ്ധവാര്‍ഷിക നയ അവലോകനത്തോടൊപ്പം, അതാതുവര്‍ഷത്തെ നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം കരുതല്‍ നിക്ഷേപ ധനഅനുപാതം (CRR- Cash Reserve Ratio) 0.5% ഉയര്‍ത്തി 7.5 ശതമാനമാക്കിയതല്ലാതെ, ബാങ്ക്റേറ്റ്, റിപ്പോറേറ്റ്, റിവേഴ്സ് റിപ്പോറേറ്റ് ഇവയിലൊന്നും യാതൊരു മാറ്റവും വരുത്തുകയുണ്ടായില്ല. സാധാരണയായി CRR വര്‍ദ്ധിപ്പിക്കുന്നത് നാണ്യപ്പെരുപ്പനിരക്ക് (Inflation) നിയന്ത്രിക്കാനാണ്. എന്നാല്‍ ഒക്ടോബര്‍ 30ന് നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ (3.07) നില്ക്കുമ്പോഴാണ് CRR വര്‍ദ്ധിപ്പിച്ചത്. CRR ന്റെ വര്‍ദ്ധനവുവഴി ബാങ്കുകളുടെ പണ ലഭ്യതയില്‍ ഏകദേശം 16,000 കോടി രൂപയുടെ കുറവു വരും.
ശ്രീ. ജോസ് ടി എബ്രഹാം എഴുതിയ ലേഖനം.
Post a Comment