Monday, December 17, 2007

വിദ്യാഭ്യാസ പരിഷ്കരണവും എതിര്‍വാദങ്ങളും

കാലഹരണപ്പെട്ട കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) കാലോചിതമായും അര്‍ത്ഥവത്തായും പരിഷ്കരിക്കണമെന്ന മുറവിളി വര്‍ഷങ്ങളായി നടന്നുവരുന്നു. അതിനായി ഒരു കെ.ഇ.ആര്‍. പരിഷ്കരണ കമ്മിറ്റിയെ സര്‍ക്കാര്‍ ‍നിയോഗിച്ചു. അതിന്റെ കരടുരേഖ വിദഗ്ദരുമായി ചര്‍ച്ചയ്ക്കു വേണ്ടി തയ്യാറാക്കുക മാത്രമേ ചെയ്തിട്ടുള്ളു. കരടുരേഖയുടെ വിശദീകരണം വരുന്നതിനു മുമ്പു തന്നെ കെ.ഇ.ആര്‍. പരിഷ്കരണത്തിനെതിരെ എന്‍.എസ്.എസ്സും ക്രൈസ്തവസഭയും ഒന്നിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. ഇവര്‍ക്ക് എല്ലാ ഒത്താശകളും നല്കുന്നതോ യുഡിഎഫും അതിലെ പ്രബല ഘടകകക്ഷികളിലൊന്നായ കേരളാ കോണ്‍ഗ്രസ് (എം) ഉം.

ഇതിന്റെ ആദ്യപടിയായി ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തു ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാരും എന്‍.എസ്.എസ്. നേതാക്കളും ഒത്തുചേര്‍ന്നു. ഒപ്പം, കേരളാകോണ്‍ഗ്രസ് (എം) നേതാവ് ജോസഫ് എം. പുതുശ്ശേരി എം. എല്‍. എ. യും.

എയ്‌ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കെ.ഇ.ആര്‍. പരിഷ്കരണത്തില്‍ പ്രതിഫലിക്കുന്നതെന്നും അതിനെ എന്തുവിലകൊടുത്തും തടയുമെന്നും വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ പോരാടാന്‍ സമാനചിന്താഗതിയുള്ള സമുദായങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കിയിരുന്നു. (മലയാള മനോരമ 23/11/2007, പേജ് 15). ഇതിന്റെ വെളിച്ചത്തിലാണ് ഈ സംയുക്ത സമ്മേളനം. എസ്.എന്‍.ഡി.പി. ക്ക് മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ടു അവര്‍ സഹകരിക്കുകയില്ലെന്നും എന്നാല്‍ എം.ഇ.എസ്. നെ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടു ശരിയാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ലെങ്കിലും ഈ സാമുദായിക-വര്‍ഗ്ഗീയശക്തികളുടെ കൂട്ടായ്മക്ക് കളമൊരുക്കിയതിനു പ്രധാനമായും രണ്ടു കാര്യങ്ങളാണ് അവര്‍ തന്നെ എടുത്തുകാട്ടുന്നത്.

1) വിദ്യാഭ്യാസ വികേന്ദ്രീകരണം.

2) എയിഡഡ് സ്കൂള്‍ അദ്ധ്യാപക നിയമനം പി.എസ്.സി. ക്കു വിടല്‍.

വിദ്യാഭ്യാസ വികേന്ദ്രീകരണം

ഇതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം എന്റെ മനസ്സിലൂടെ കടന്നുപോകുന്നതു ക്രൈസ്തവസഭാധികാരികളുടെ ജനത്തോടുള്ള പൊതു സമീപനമാണ്. ഞാന്‍ വൈദികനായി ഇടവകയില്‍ ശുശ്രൂഷയ്ക്കെത്തിയപ്പോള്‍ മൂന്നുനാലു തലമുറയുടെ ക്രൈസ്തവപാരമ്പര്യമുള്ള ദലിത് ക്രൈസ്തവ ഇടവകകളില്‍ പള്ളിക്കമ്മിറ്റികളില്ല. അവര്‍ ഇടവകയുടെ കാര്യങ്ങള്‍ നോക്കാന്‍ വളര്‍ന്നിട്ടില്ല എന്നാണ് സഭാഭാഷ്യം. വികാരിയച്ചനാണ് എല്ലാ പള്ളിക്കാര്യങ്ങളിലും അവര്‍ക്കായി തീരുമാനങ്ങള്‍ എടുക്കുന്നത്. ഞാന്‍ ശുശ്രൂഷ ചെയ്തിരുന്ന സ്ഥലങ്ങളില്‍ മുഖ്യധാരാ സഭാനീക്കത്തിനെതിരായി ഇടവക കമ്മിറ്റിയെ തെരഞ്ഞെടുത്തു. അവര്‍ സ്തുത്യര്‍ഹമാംവിധം ഉത്തരവാദിത്വത്തോടെ ജോലി നോക്കി.

400 വര്‍ഷത്തിലേറെ ക്രൈസ്തവ പാരമ്പര്യമുള്ള ലത്തീന്‍കത്തോലിക്കാ ഇടവകകളില്‍ കമ്മിറ്റിയുണ്ടെങ്കിലും പൈസയുടെ കാര്യസ്ഥന്‍ വികാരിയച്ചന്‍ തന്നെയായിരുന്നു. അല്‍മായരുടെ വിശ്വസ്തത സംശയാസ്പദം എന്നാണ് സഭാഭാഷ്യം. ഞാന്‍ ജോലി ചെയ്തിടത്തു പൈസയുടെ കാര്യസ്ഥത കമ്മിറ്റിയെ ഏല്പിച്ചു; അവരതു കൃത്യമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിച്ചു. ക്രൈസ്തവ സഭാധികാരികള്‍ക്കു ജനങ്ങളില്‍ വിശ്വാസമില്ല; തങ്ങളില്‍ മാത്രമുള്ള അമിതവിശ്വാസമാണ് അവരെ നയിക്കുന്നത്. സ്വയം നീതീകരിച്ചുകൊണ്ട് ഇവര്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകള്‍ക്കോ കണക്കും കൈയുമില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഞാനിതു പറഞ്ഞത് ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ക്കു വികേന്ദ്രീകരണം - അതു വിദ്യാഭ്യാസത്തിലായാലും അധികാരത്തിലായാലും ഭരണത്തിലായാലും - മനസിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ട് എന്നു പറയാനാണ്. പക്ഷേ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ അടിസ്ഥാനം വികേന്ദ്രീകരണ പ്രക്രിയയാണ്. ജനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ജനം ശക്തിപ്പെടുന്നത്, അവര്‍ ഭരണത്തില്‍ പങ്കാളിയാകുമ്പോഴാണ്. അധികാരം പങ്കുവയ്ക്കലിന്റെ ഏറ്റവും അവസാനത്തെ പടിയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. ഇതിനെ അര്‍ഹിക്കുന്ന ബഹുമാനത്തോടും പ്രാധാന്യത്തോടും അംഗീകരിക്കേണ്ടത് ഇന്ത്യന്‍ ‍ഭരണഘടനയെ ആദരിക്കുന്ന ഏതൊരു വ്യക്തിയുടെയും ധര്‍മ്മമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ കഴിവില്ലാത്തവരും ഉത്തരവാദിത്വമില്ലാത്തവരും രാഷ്ട്രീയക്കളിയുടെ ഇരകളായ ഒരു കൂട്ടമാളുകളുമാണെന്നും മറ്റും പറയുക എന്നത് ജനാധിപത്യവ്യവസ്ഥയോടുള്ള കടുത്ത അവഹേളനമാണ്.

'ഇനി വിദ്യാഭ്യാസ' വികേന്ദ്രീകരണത്തെപ്പറ്റി പരിഷ്കരണകമ്മിറ്റിക്കു കൊടുത്തിരിക്കുന്ന കരടു പ്രമാണങ്ങള്‍ ദേശീയതലത്തിലുള്ള തീരുമാനത്തിന്റെ വെളിച്ചത്തിലായിരിക്കണം എന്നാണ്. കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്‌ലി ചെയര്‍മാനായ ഒരു കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സംസ്ഥാനതലത്തില്‍ വികേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ചവതരിപ്പിക്കുകയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. ആ കമ്മിറ്റി ശുപാര്‍ശ ചെയ്തത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിനു അവസരമുണ്ടാക്കണമെന്നാണ്. മാത്രമല്ല, വികേന്ദ്രീകൃത വികസനത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്കി ഭരണഘടനാ ഭേദഗതി നിലവില്‍ വന്നിട്ടു വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് കേരളത്തിലും മാറ്റം വരുന്നത്.

എന്തുകൊണ്ടു ക്രൈസ്തവസഭയും എന്‍.എസ്.എസ്സും സംയുക്തമായി ഇതിനെ എതിര്‍ക്കുന്നു? കാരണം അധികാരത്തിന്റെ മത്തുപിടിച്ച് അവര്‍ അന്ധരായിപ്പോയിരിക്കുന്നു. അല്ലെങ്കില്‍ ജനത്തിന്റെ അധികാര പങ്കാളിത്തത്തെ ഭയപ്പെടേണ്ടതില്ലല്ലോ? ഇവര്‍ ഒറ്റയ്ക്കു മുകളിലിരുന്നു 'സംശുദ്ധ'മായി ഭരിക്കുന്നതിനേക്കാള്‍ എത്രയോ ഗുണമേന്മയുള്ളതാണ് ജനകീയപ്രതിനിധികളുടെ കാര്യനിര്‍വ്വഹണം. അതിന് എത്ര പരിമിതികളുണ്ടെങ്കിലും ജനാധിപത്യത്തിന്റേതായ മൂല്യങ്ങളുണ്ട്. അങ്ങു റോമില്‍ മാര്‍പ്പാപ്പ ഒന്നുച്ചരിച്ചാല്‍, ഏറ്റു മൂളുന്ന പാരമ്പര്യം മാത്രം കൈമുതലുള്ള ക്രൈസ്തവസഭയ്ക്കു ജനത്തിന്റെ അധികാരം, അതിന്റെ പങ്കുവയ്ക്കല്‍ മനസ്സിലാകില്ല. എങ്കിലും ഓര്‍ക്കുക ജനങ്ങളും ജനശക്തിയുമാണ് വലുത്, ഉത്തമം.

എയിഡഡ് അദ്ധ്യാപക നിയമനം പി.എസ്.സി. വഴി

ഒരു രാജ്യത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയും വികാസവുമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. അങ്ങനെ രാഷ്ട്രത്തിന്റെ/ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപുരോഗതിയും രാഷ്ട്രത്തിന്റെ മുഖ്യ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. സമുദായ-മത-സാമൂഹ്യസ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കേണ്ടത് അവരുടെ ധാര്‍മ്മിക ചുമതലയാണ്. അങ്ങനെ വിദ്യാഭ്യാസ-ആതുരമേഖലകളില്‍ മത-സമുദായ സംഘടനകള്‍ നിസ്തുലമായ സേവനം ചെയ്തിട്ടുണ്ടെന്നതു വസ്തുതയാണ്. പക്ഷേ ഇത് അനര്‍ഹമായ അവകാശങ്ങള്‍ക്കു വഴിതെളിക്കാന്‍ പാടില്ല. ഭൂമി വാങ്ങി കെട്ടിടങ്ങളും മറ്റു സൌകര്യങ്ങളുമൊരുക്കി വിദ്യാലയങ്ങള്‍ ആരംഭിച്ചതിനെപ്പറ്റിയും സ്മരിക്കുന്നു. പക്ഷേ ഇതിനര്‍ത്ഥം സര്‍ക്കാരിന് ഇവരുടെ മേല്‍ ഒരു തരത്തിലുമുള്ള സാമൂഹിക നിയന്ത്രണവും പാടില്ല എന്നല്ല.

നിയമനം മാനേജ്‌മെന്റിനായതിന്റെ തിക്തഫലം അനുഭവിച്ച/അനുഭവിക്കുന്ന എത്രയെത്ര വ്യക്തികളുടെ കണ്ണീരിന്റെ കഥ എനിക്കു വ്യക്തിപരമായി അറിയാം. അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളം എത്ര ആയിരം പേര്‍ യാതന അനുഭവിക്കുന്നു. അവിടെ സ്വജനപക്ഷപാതം, മതിയായ യോഗ്യതാമാനദണ്ഡങ്ങളും മറ്റും നോക്കാതെയുള്ള അനര്‍ഹരുടെ നിയമനം, സുതാര്യതയില്ലായ്മ, സീനിയോറിറ്റി ലംഘിക്കല്‍, നിയമങ്ങളെ മറികടക്കാനുള്ള വിചിത്ര തന്ത്രങ്ങള്‍, ഇതിലൊക്കെ ഉപരിയായി നിയമനത്തിനു ഭീമമായ കോഴ വാങ്ങല്‍ - എന്നിങ്ങനെ എത്ര അഴിമതികളുടെ കറകള്‍. ഇതും ആരംഭത്തില്‍ സ്ഥാപനത്തിനു വേണ്ടി സ്വത്തും വിഭവങ്ങളും ഇറക്കിയതും തമ്മില്‍ യാതൊരു ബന്ധവുമില്ല. അധികാരം കയ്യാളാനും പണം കുന്നുകൂട്ടാനും സാമാന്യജനത്തിനെ കൂച്ചുവിലങ്ങിട്ടു നിര്‍ത്താനുമുള്ള ഫലപ്രദമായ നടപടിയാണ് സ്വകാര്യ അദ്ധ്യാപക നിയമനത്തിനാധാരം. മാത്രമല്ല, ഇവിടെ ഇവര്‍ക്കു ഭരണഘടന വിഭാവനം ചെയ്ത സംവരണനിയമത്തില്‍ നിന്നും ഇളവു കൊടുത്തിരിക്കുന്നു. എന്നുവച്ചാല്‍, സമൂഹത്തില്‍ തഴയപ്പെട്ട ജനവിഭാഗത്തിനു നിയമനം കിട്ടുകയില്ലെന്നര്‍ത്ഥം. ഒരുലക്ഷത്തിലധികം എയ്‌ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്കു സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും 2000 കോടി രൂപയില്‍ കൂടുതല്‍ തുക കൊടുക്കുന്നു. ഈ നിയമനങ്ങള്‍ അതാതു സമുദായത്തിലെ പിന്നോക്കം നില്ക്കുന്നവര്‍ക്കല്ല. കോഴ കൊടുക്കാന്‍ ശേഷിയുള്ളവര്‍ക്കും പാദസേവയ്ക്കു താല്പര്യമുള്ളവര്‍ക്കു മാത്രമാണ്. ഇവിടെ സാമൂഹികനീതിയോ യോഗ്യതയോ പരിഗണിക്കുന്നതേയില്ല.

ചെറിയൊരു കണക്കുകൊണ്ട് ഈ അനീതിയുടെ ഭീകരത വ്യക്തമാക്കാം. ജനങ്ങളുടെ നികുതിപ്പണത്തില്‍ 2000 കോടി രൂപയിലധികം എയ്‌ഡഡ് സ്കൂളുകള്‍ക്കായി ഉപയോഗിക്കുന്നു എന്നു പറയുമ്പോള്‍, എയ്‌ഡഡ് മേഖലയിലെ ഹയര്‍ സെക്കണ്ടറി - വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ചെലവിടുന്ന അനേകം കോടികള്‍ക്കു പുറമേയാണ് എന്നോര്‍ക്കണം.

എയ്‌ഡഡ് മേഖലയില്‍ പ്രൈമറി വിഭാഗത്തില്‍ 71,104 അദ്ധ്യാപകരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 35,943 അധ്യാപകരുമുള്‍പ്പെടെ ആകെ 1,07,047 പേര്‍ ജോലി ചെയ്യുമ്പോള്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ 56,059 (വെറും 52%) പേര്‍ക്കാണു ജോലിയുള്ളത്. ഇവരില്‍ 8.5% (അതായത് 4765 പേര്‍) പട്ടികജാതിക്കാരാണ്. ഒരു ശതമാനത്തോളം (560 പേര്‍) പട്ടികവര്‍ഗ്ഗക്കാരാണ്. അതേസമയം എയ്‌ഡഡ് മേഖലയിലെ 1,07,047 അദ്ധ്യാപകരില്‍ 9099 പേര്‍ക്കു (8.5%) പകരം വെറും 298 പേര്‍ (അതായത് 0.278%) മാത്രമാണ് പട്ടികജാതിക്കാരായുള്ളത്. അതുപോലെ 1070 പട്ടികവര്‍ഗ്ഗക്കാര്‍ക്കു പകരം വെറും 58 പേര്‍ (അതായത് 0.05%) മാത്രമാണ് പട്ടികവര്‍ഗ്ഗക്കാര്‍. ഈ അനീതിയുടെ മുമ്പില്‍ കണ്ണടയ്ക്കുക അക്ഷന്തവ്യമായ അപരാധമാണ്. ചുരുക്കത്തില്‍ ഇവിടെ യാതൊരുവിധമായ സേവനസാദ്ധ്യതയില്ല എന്നതാണ് ചരിത്രവസ്തുത. അതുകൊണ്ടുതന്നെ അദ്ധ്യാപകനിയമനത്തില്‍ നിഷ്കര്‍ഷമായ മറ്റൊരു മാനദണ്ഡം ആവശ്യമായിരിക്കുന്നു.

എന്താണത്? പി.എസ്.സി. വഴി എന്നതാണ് ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും കരണീയം. അവിടെ സുതാര്യതയുണ്ട്; അര്‍ഹതയുള്ളവര്‍ക്കേ ജോലി ലഭിക്കൂ; സീനിയോറിറ്റിയും ഭരണഘടന ഉറപ്പു നല്കുന്ന സംവരണനിയമവും പാലിക്കപ്പെടും. മാനേജ്‌മെന്റിന്റെ മുമ്പിലോ സര്‍ക്കാരിന്റെ മുമ്പിലോ ഓച്ഛാനിച്ചു നില്ക്കാതെ അവരവരുടെ കഴിവും മികവും തെളിയിച്ചു ജോലി കിട്ടുന്ന സമ്പ്രദായമാണത്. അങ്ങനെ നോക്കുമ്പോള്‍, മത-സമുദായനേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സേവനമാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നതെങ്കില്‍, ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ പി.എസ്.സി. വഴിയുള്ള നിയമനം ആയിരിക്കും എല്ലാംകൊണ്ടും ആദര്‍ശാത്മകം.

ചുരുക്കത്തില്‍, വിദ്യാഭ്യാസ വികേന്ദ്രീകരണവും എയ്‌ഡഡ് സ്കൂളിലേയ്ക്കുള്ള അദ്ധ്യാപകനിയമനം പി.എസ്.സി. വഴി ആകുന്നതും എല്ലാംകൊണ്ടും ജനാധിപത്യപരമാണ് - മതേതരസ്വഭാവത്തില്‍ നീങ്ങുന്നതിനു കൂടുതല്‍ ഉചിതമായ സമീപനമാണ്. ജനങ്ങളുടെ ശാക്തീകരണത്തിലാണ് ക്രൈസ്തവസഭയും സമുദായങ്ങളും ഊന്നല്‍ നല്കുന്നതെങ്കില്‍, മികവുറ്റ അദ്ധ്യാപകരെയാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനു ആവശ്യമെന്നു ബോദ്ധ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഈ രണ്ടു നിര്‍ദ്ദേശങ്ങളോടും സര്‍വ്വാത്മനാ സഹകരിക്കുകയാണു വേണ്ടത്. പക്ഷേ അവര്‍ സംഘടിതമായി പ്രത്യക്ഷ പ്രക്ഷോഭത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

അത് അവരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തുകൊണ്ടുവരുന്നു. അവര്‍ക്കു മറ്റു നിക്ഷിപ്തതാല്പര്യങ്ങള്‍ ഉണ്ടെന്നു വ്യക്തമാക്കുന്നു. എന്താണവ? വിദ്യാഭ്യാസത്തിലെ വികേന്ദ്രീകരണം വഴി അവരുടെ സ്വേച്ഛാധിപത്യത്തോടെയുള്ള അധികാരദുരുപയോഗത്തിനു കടിഞ്ഞാണ്‍ വീഴും. അതുപോലെ ഒരാള്‍ക്കു ഒരു നിയമനം നല്കിയതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവനും അവന്റെ കുടുംബവും അവരുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്ക്കുന്നതിനും അറുതിവരും. ഇതു രണ്ടും അവരുടെ അധികാരസീമയെ സ്പര്‍ശിക്കുന്നതാണ്.

മാത്രമല്ല, അവരുടെ ഈ സാമുദായിക-മത-വര്‍ഗ്ഗീയ കൂട്ടുകെട്ടിനു യാതൊരുവിധമായ യേശുദര്‍ശന അടിത്തറയുമില്ല. ജാതി-മതഭേദമെന്യേ യേശുദര്‍ശനത്തെപ്പറ്റി എല്ലാവരും എടുത്തുപറയുന്ന ഒന്ന് അതിന്റെ ജനകീയതയാണ്. സമൂഹത്തില്‍ അവശതയും ദാരിദ്ര്യവും വേദനയും വിവേചനവും അനുഭവിക്കുന്നവര്‍ക്കൊപ്പം ജീവിച്ച് അവര്‍ക്കു 'ജീവന്റെ സമൃദ്ധി' (യോഹ. 10.10) നല്കുന്നതായിരുന്നു യേശുവിന്റെ ദൌത്യം.

പക്ഷേ ഇന്നത്തെ ക്രൈസ്തവമേലദ്ധ്യക്ഷന്മാരുടെയും മറ്റു സമുദായനേതാക്കളുടെയും ഇവ്വിധമായ ഇടപെടല്‍ സാമാന്യജനത്തിനു ജീവന്‍ നല്കാനുള്ളതല്ല. മറിച്ച് അവരെ കൂച്ചുവിലങ്ങിടാനുള്ളതാണ്. അതുകൊണ്ടു തന്നെ ഇവരുടെ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടതുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ഇപ്പോഴത്തെ ക്രൈസ്തവ-എന്‍.എസ്.എസ്. മത-സമുദായങ്ങളുടെ സംയുക്തനീക്കത്തിനെതിരെ ഒറ്റയ്ക്കും സംഘമായും പോരാടേണ്ടതുണ്ട്. അതു ക്രൈസ്തവ ധര്‍മ്മമാണ്, മാനവധര്‍മ്മമാണ്.

(ലേഖകന്‍: ഫാ. അലോഷ്യസ് ഡി. ഫെര്‍ണാന്റസ്)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അദ്ധ്യാപകനിയമനത്തില്‍ നിഷ്കര്‍ഷമായ മാനദണ്ഡം ആവശ്യമായിരിക്കുന്നു.എന്താണത്? പി.എസ്.സി. വഴി എന്നതാണ് ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും കരണീയം. അവിടെ സുതാര്യതയുണ്ട്; അര്‍ഹതയുള്ളവര്‍ക്കേ ജോലി ലഭിക്കൂ; സീനിയോറിറ്റിയും ഭരണഘടന ഉറപ്പു നല്കുന്ന സംവരണനിയമവും പാലിക്കപ്പെടും. മാനേജ്‌മെന്റിന്റെ മുമ്പിലോ സര്‍ക്കാരിന്റെ മുമ്പിലോ ഓച്ഛാനിച്ചു നില്ക്കാതെ അവരവരുടെ കഴിവും മികവും തെളിയിച്ചു ജോലി കിട്ടുന്ന സമ്പ്രദായമാണത്. അങ്ങനെ നോക്കുമ്പോള്‍, മത-സമുദായനേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സേവനമാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നതെങ്കില്‍, ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ പി.എസ്.സി. വഴിയുള്ള നിയമനം ആയിരിക്കും എല്ലാംകൊണ്ടും ആദര്‍ശാത്മകം.

nalan::നളന്‍ said...

ഇവിടെ ഉള്ള ആരോപണങ്ങള്‍ കൂടി ശ്രദ്ധിക്കുമല്ലോ.
ഒരു മറുപടി പ്രതീക്ഷിക്കാമോ?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ നളന്‍,
കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഒരു ഡ്രാഫ്റ്റ് ഇവിടെ ലഭ്യമാണ്. 125 പേജുകള്‍ വരുന്ന തികച്ചും വിശദമായ ഒരു കരട്. വെള്ളെഴുത്തിന്റെ പോസ്റ്റ് കണ്ടു. നോക്കുന്നു.

nalan::നളന്‍ said...

പാഠ്യപദ്ധതി ഡ്രാഫ്റ്റിനു നന്ദി..