ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പിറവിയെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിലെ യോഗക്ഷേമപ്രസ്ഥാനത്തിനുള്ളത്. യോഗക്ഷേമം എന്ന സമുച്ചയ പദം കണ്ടെത്തിയത് ഐ സി പി നമ്പൂതിരിയുടെ അച്ഛന്റെ അനുജനായ ബ്രഹ്മദത്തന്‍ നമ്പൂതിരിയാണെന്ന് ചരിത്രം. ഉള്ളതു നിലനിര്‍ത്താനും നേടാനുള്ളതു നേടാനുമുള്ള കൂട്ടായ്മ എന്ന് യോഗക്ഷേമം എന്ന പദത്തിനര്‍ഥം.
ആലുവ ശിവരാത്രിനാളില്‍ 1907ല്‍ (1083 കുംഭം 18) പെരിയാറിന്റെ തീരത്തുചേര്‍ന്ന യോഗമാണ് നമ്പൂതിരി യോഗക്ഷേമസഭയ്ക്ക് രൂപം നല്‍കിയത്. വടക്കില്ലത്ത് ജാതവേദന്‍ നമ്പൂതിരി, കപ്ലിങ്ങാട് വൈദികന്‍ നീലകണ്ഠന്‍ നമ്പൂതിരി, കിരാങ്ങാട് കുഞ്ഞനുജന്‍ നമ്പൂതിരിപ്പാട് തുടങ്ങി ഒമ്പതുപേരാണ് യോഗം വിളിച്ചുകൂട്ടിയത്. പന്തല്‍ വൈദികന്‍ വലിയ കൃഷ്ണന്‍നമ്പൂതിരി അധ്യക്ഷനായി. കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സ്ഥാപകനേതാക്കള്‍. നമ്പൂതിരിമാര്‍ക്ക് വിദ്യാഭ്യാസസംബന്ധമായും ധര്‍മാചാരസംബന്ധമായും രാജനീതി സംബന്ധമായും ധനസംബന്ധമായും ഉള്ള അഭിവൃദ്ധിക്ക് പരിശ്രമിക്കുക എന്നതായിരുന്നു ലക്ഷ്യം.
പ്രാരംഭകാലത്ത് നിര്‍ജീവമായിരുന്നു യോഗക്ഷേമസഭ. ആരംഭകാലത്ത് ആഢ്യന്മാരായിരുന്നു നേതൃസ്ഥാനങ്ങളില്‍. 'ആഢ്യന്‍കൂലികളുടെ കഴുതകളി' എന്ന് വി ടി ഭട്ടതിരിപ്പാട് പറഞ്ഞിരുന്നു. യോഗക്ഷേമസഭ കര്‍മോന്മുഖമായത് കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് നേതൃസ്ഥാനത്തെത്തിയപ്പോഴാണ്. നമ്പൂതിരി യുവജനസംഘം മുഖപത്രം ആരംഭിച്ചപ്പോള്‍ 'ഉണ്ണിനമ്പൂതിരി' എന്നു പേരിട്ടത് യുവമനസ്സുകളുടെ ആരാധനാവിഗ്രഹമായിരുന്നു കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് എന്നതു കൊണ്ടായായിരുന്നു.
വി ടി ഭട്ടതിരിപ്പാടും മുന്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടും കെ എന്‍ കുട്ടന്‍ ഭട്ടതിരിപ്പാടും ഇ എം എസ് നമ്പൂതിരിപ്പാടും നേതൃസ്ഥാനത്തെത്തിയപ്പോഴാണ് യോഗക്ഷേമസഭ സമരസംഘടനയായത്. സമരം ഗാന്ധിയന്‍മുറയില്‍. അവിടെ കള്ളുഷാപ്പ് പിക്കറ്റിങ്, ഇവിടെ അധിവേദനത്തിനെതിരെ പിക്കറ്റിങ് (രണ്ടും മൂന്നും കളത്രത്തെ ഉണ്ടാക്കിവയ്ക്കുന്നതത്രെ അധിവേദനം). സ്വന്തം മകളുടെ പെണ്‍കൊടയ്ക്ക് ധനമുണ്ടാക്കാനായി അച്ഛന്‍ മൂന്നാമത്തെയോ നാലാമത്തെയോ വേളികഴിക്കുന്നത് സാധാരണ സംഭവമായിരുന്നു. 'മൂന്നു വേട്ടു; തരായാല്‍ ഇനീം വേള്‍ക്കും' എന്ന് യുവത്വത്തെ വെല്ലുവിളിക്കുന്ന ശുംഭന്മാരും ധാരാളം. നാലാംവേളിക്കു വരുന്ന വരനെ പിക്കറ്റ്ചെയ്തപ്പോള്‍ പിറകിലെ വേലിചാടിച്ചെന്ന് വേളി ഒപ്പിച്ച ഒരു വീരന്റെ കഥ കേട്ടിട്ടുണ്ട്. അപ്പോഴും ഉദ്ബോധനത്തിന്റെ വഴിയേ സഭ സ്വീകരിച്ചിരുന്നുള്ളു.
മഹാത്മജിയുടെ ദണ്ഡിയാത്രയുടെ മാതൃകയില്‍ യോഗക്ഷേമസഭ നടത്തിയ യാചനായാത്ര ചരിത്രപ്രധാനമായ സംഭവമാണ്. നമ്പൂതിരി ഇല്ലങ്ങളില്‍ വേദാധ്യയനത്തിനല്ലാതെ പൊതുവിദ്യാഭ്യാസത്തിന് സ്ഥാനമുണ്ടായിരുന്നില്ല. പിന്നീട് പതുക്കെ പതുക്കെ ഒരാള്‍ പഠിച്ചോട്ടേ എന്ന് ഉദാരത പ്രകടിപ്പിച്ചുതുടങ്ങി. ആധാരമടക്കം കോടതിരേഖകള്‍ വായിക്കാനും പാട്ടം - മിച്ചവാരം കണക്കുകളെഴുതാനും ഒരാള്‍ പഠിച്ചാല്‍ മതിയല്ലോ. നമ്പൂതിരി യുവജനസംഘം വിദ്യാവ്യസികളുടെ വികാരം ഉള്‍ക്കൊള്ളുകയും അവര്‍ക്ക് പഠിക്കാനായി തൃശൂരിനടുത്ത് എടക്കുന്നിയില്‍ വിദ്യാലയം സ്ഥാപിക്കയുംചെയ്തു.
നമ്പൂതിരിമാര്‍ മുഖ്യമായി രണ്ടു യോഗക്കാരാണ്- തൃശൂര്‍ യോഗം, തിരുനാവായയോഗം. തൃശൂര്‍ യോഗക്കാര്‍ക്ക് വേദാഭ്യാസനത്തിനുള്ള കേന്ദ്രം തൃശൂര്‍ ബ്രഹ്മസ്വം മഠം. തിരുനാവായ യോഗക്കാര്‍ക്ക് തിരുനാവായ ബ്രഹ്മസ്വം മഠം. പതുക്കെ പതുക്കെ തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ പൊതുവിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടായി. വേദം പഠിക്കാത്തവര്‍ക്കും ഉപരിപഠനത്തിനെത്തുന്നവര്‍ക്കും താമസ - ഭക്ഷണ സൌകര്യം നല്‍കാനും തുടങ്ങി. വേദം പഠിക്കുന്നവര്‍ക്ക് മാന്യസ്ഥാനം ഉണ്ടാകുമെന്നുമാത്രം. തിരുനാവായ മഠത്തിന് സാമ്പത്തികസാധ്യത അത്രയ്ക്കൊന്നുമില്ലായിരുന്നു.
സഭ സ്ഥാപിച്ച നമ്പൂതിരി വിദ്യാലയത്തില്‍ ആവശ്യമുള്ളവര്‍ക്കൊക്കെ താമസിക്കാനും പഠിക്കാനും അവസരം ഉണ്ടാകണം. അതിനുള്ള മൂലധനം സ്വരൂപിക്കാനായിരുന്നു വടക്കേഅറ്റംവരെ യാചനായാത്ര നടത്തിയത്. പാണ്ടം വാസുദേവന്‍ നമ്പൂതിരി നേതാവ്. ഐ സി പി നമ്പൂതിരി പ്രസ് സെക്രട്ടറി. വി ടി ഭട്ടതിരിപ്പാട് അടക്കം 30 - 40 വളണ്ടിയര്‍മാര്‍. കൈയില്‍ സഞ്ചി. ചുമലില്‍ ചാക്ക്, പണവും വസ്തുക്കളും എന്തും സംഭാവനയായി സ്വീകരിക്കും. പദയാത്രതന്നെ. നമ്പൂതിരിസമുദായത്തിന്റെ മനസ്സിനെ പിടിച്ചിളക്കിയ മഹായജ്ഞമായിരുന്നു യാചനായാത്ര. ദരിദ്രരും ഇടത്തരക്കാരും സമ്പന്നരുമായ നമ്പൂതിരിമാര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.
തൃശൂരില്‍മാത്രമല്ല വടക്കാഞ്ചേരിക്കടുത്ത് പാഞ്ഞാളും മഞ്ചേരിക്കടുത്ത് കരിക്കാട്ടും നമ്പൂതിരിവിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. കരിക്കാട്ടമ്പലത്തിന്റെ അഗ്രശാലയില്‍ പിറന്ന് വണ്ടൂരിലെ വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂളായി വളര്‍ന്ന വിദ്യാലയത്തിന്റെ ചരിത്രം ശാസ്തൃശര്‍മന്‍ കരിക്കാട് വിവരിച്ചിരുന്നു. വഴിയെ നമ്പൂതിരിക്കുമാത്രമായി എന്തിനു വേറെ സ്കൂള്‍ എന്ന ചിന്ത ഉയര്‍ന്നതോടെ ഈ സ്ഥാപനങ്ങളെല്ലാം പൊതുവിദ്യാലയങ്ങളായി മാറി. പല സമ്പന്നരായ നമ്പൂതിരിമാരും പൊതുവിദ്യാഭ്യാസത്തിനായി അങ്ങിങ്ങ് സ്കൂളുകള്‍ ആരംഭിച്ചുവെന്നതും ഇതിന്റെ പാര്‍ശ്വഫലമാണ്.
ആശയപ്രചാരണത്തിന് യുക്തവും ശക്തവുമായ മാര്‍ഗം ഉപയോഗിക്കുന്ന വിപ്ലവപ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവം യോഗക്ഷേമസഭയും സ്വീകരിച്ചിരുന്നു. അക്കൂട്ടത്തില്‍ നാലുകെട്ടിന്റെ അകത്തളങ്ങളിലേക്ക് എറിഞ്ഞ ബോംബാണ് വാരക്കത്ത് (ഇന്നത്തെ ലഘുലേഖ). പഴയകാലത്ത് നമ്പൂതിരിമാര്‍ പണവും പ്രൌഢിയും പ്രകടിപ്പിക്കാനുള്ള ഉപായമായി വാരം, ഓത്തൂട്ട് എന്നിവ നടത്തിയിരുന്നു. ക്ഷണിച്ചും ക്ഷണിക്കാതെയും വന്നെത്തുന്ന നമ്പൂതിരിമാര്‍ക്കും അന്തര്‍ജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിഭവസമൃദ്ധമായ സദ്യ ഊട്ടും.
സദ്യ ഉണ്ണാന്‍ നാനാദേശത്തുനിന്നും വരുന്ന അന്തര്‍ജനങ്ങള്‍ക്കിടയില്‍ രഹസ്യമായി (വാരക്കത്ത്) വിതരണം ചെയ്യുക എന്നതാണ് യുവജനസംഘം പ്രവര്‍ത്തകര്‍ കണ്ട സൂത്രം. ആരെങ്കിലും അറിഞ്ഞാല്‍ ബഹളമാകും, അപ്പോഴേക്ക് അന്തര്‍ജനങ്ങളതെല്ലാം വാരക്കത്ത് മടിക്കുത്തില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും. വി ടി ഭട്ടതിരിപ്പാടും മൂത്തിരിക്കോട് ഭവത്രാതന്‍ നമ്പൂതിരിയും അന്തര്‍ജനങ്ങളെയും പെണ്‍കിടാങ്ങളെയും അഭിസംബോധനചെയ്ത് എഴുതിയ വാരക്കത്തുകള്‍ ടൈംബോംബുകളായി പൊട്ടിപ്പടര്‍ന്നു. മറക്കുട തല്ലിപ്പൊളിക്കാനും അടുക്കളയില്‍നിന്ന് അരങ്ങത്തെത്താനും അന്തര്‍ജനങ്ങളെ ഇളക്കിവിട്ടപ്പോള്‍ പ്രതീക്ഷിച്ചതിലേറെ വേഗത്തിലാണ് പ്രതികരണമുണ്ടായത്.
വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലെത്തിയപ്പോള്‍ യോഗക്ഷേമസഭ സ്ത്രീവിമോചനപോരാട്ടത്തിന്റെ ജാതകംകുറിച്ചു. യോഗക്ഷേമത്തിലെ വെടിവട്ടം ഹൃദയഭേദകമായ നിരവധി കഥകള്‍ പുറത്തുവിട്ടു. സമുദായപരിഷ്കരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ ചിന്താധാരകള്‍ മൂര്‍ത്തരൂപം പ്രാപിച്ചത് ഈ വെടിവട്ടത്തില്‍നിന്നാണ്. (വട്ടമിരുന്ന് ബഹുമുഖമായ ആശയധാരകളെപ്പറ്റി സംവാദത്തിലേര്‍പ്പെടുക എന്നതാണ് വെടിവട്ടം) ഈ 'വെടിവട്ട'ത്തിന്റെ ഉല്‍പ്പന്നങ്ങളാണ് വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്', മുത്തിരിങ്ങോടിന്റെ 'അഫന്റെ മകള്‍', എം ആര്‍ ബിയുടെ 'മറക്കുടയ്ക്കുള്ളിലെ മഹാനരകം', എം പി ഭട്ടതിരിപ്പാടിന്റെ 'ഋതുമതി' തുടങ്ങി നമ്പൂതിരിസാഹിത്യത്തിലെ തീപ്പൊരികളൊക്കെ.
വി ടി ഭട്ടതിരിപ്പാട് 'കരിഞ്ചന്ത' എന്നൊരു നാടകവും എഴുതിയിട്ടുണ്ട്. രംഗത്ത് അവതരിപ്പിച്ചതാണ്. പക്ഷേ, കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടുപോയി. സ്ത്രീധനമുണ്ടാക്കി പെണ്‍കൊട നടത്താന്‍ വഴിയില്ലാത്ത ദരിദ്രഗൃഹങ്ങളില്‍ കന്യകമാര്‍ വൃദ്ധകന്യകമാരായി ഇരിക്കുന്നതുകണ്ട് സഹിക്കാനാവാതെ അവരെ മംഗലാപുരത്തുനിന്നും മറ്റു പരദേശങ്ങളില്‍നിന്നും വരുന്ന പൂണൂലിട്ടവര്‍ക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അതാണ് കരിഞ്ചന്തയിലെ പ്രതിപാദ്യം. പണക്കാരായ പെണ്‍കോന്തന്മാര്‍ ധാരാളം പണം വാരിക്കോരിക്കൊടുക്കും; പലപ്പോഴും അത് തട്ടിയെടുക്കുക ഇടത്തട്ടുകാരാവും. അതത്രേ പെണ്‍കരിഞ്ചന്ത.
അന്തര്‍ജനങ്ങളെ മോചിപ്പിക്കാനാണ് വിധവാവിവാഹം ഉടലെടുത്തത്. എം ആര്‍ ഭട്ടതിരിപ്പാടും എം പി ഭട്ടതിരിപ്പാടും വിധവകളെ പരിണയിക്കാന്‍ സന്നദ്ധരായി. പിന്നെ വിധവാവിവാഹം വ്യാപകമായി. സ്ത്രീവിമോചനം സാമൂഹ്യവിപ്ലവത്തിന്റെ നാന്ദീമുഖമാണെന്ന് യോഗക്ഷേമസഭാ നേതൃത്വം മനസ്സിലാക്കിയിരുന്നു. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സാഹിത്യം വി ടിയുടെയും മൂത്തിരിങ്ങാടിന്റെയും പ്രേംജിയുടെയും സൃഷ്ടികളാണ്. വിടിയുടെ വിഖ്യാതി കൃതി 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' സമര്‍പ്പിച്ചത് 'കന്യകമാരുടെ കരപല്ലവങ്ങളി'ലാണ്. പതുക്കെ പതുക്കെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പ്രസ്ഥാനം നിര്‍ബന്ധിതമായി.
1940കളില്‍ തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചു. പാലക്കാടിനടുത്ത് പറളിയിലേതും പാഞ്ഞാളിയിലേതും കരിക്കാട്ടേതും പ്രസിദ്ധം. അന്തര്‍ജനങ്ങളെ തൊഴിലെടുത്ത് ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന 'തൊഴില്‍കേന്ദ്രത്തിലേക്ക്' എന്ന നാടകവും തൊഴില്‍ശാലകള്‍ വ്യഭിചാരശാലകളാണെന്ന് അപഹസിക്കുന്ന 'സഖാവിന്റെ മനംമാറ്റം' എന്ന പ്രതിനാടകവും വിവാദങ്ങളുടെ മാലപ്പടക്കത്തിനു തീകൊളുത്തി. വിപ്ളവകരമായ ജീവിതചിന്തകള്‍ അസഹ്യമായി കരുതിയ ന്യൂനപക്ഷവും ഒപ്പമുണ്ടായിരുന്നുവെന്നര്‍ഥം.
പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍ സ്ഥാപിച്ച 'ഉദ്ബുദ്ധകേരളം' ഗാന്ധിയന്‍ മാതൃകയിലുള്ള കോളനിയായിരുന്നു. അതേപേരില്‍ ഒരു പത്രവും കുറച്ചുകാലം പ്രസിദ്ധീകരിക്കുകയുണ്ടായി. അതും ഗാന്ധിമുറതന്നെ. ജാതിമതഭേദമില്ലാതെ ഏവര്‍ക്കും താമസിക്കാവുന്ന ഈ സേവാഗ്രാംമോഡല്‍ കോളനി സാമ്പത്തികഞെരുക്കംമൂലം ഏറെക്കാലം നടത്താന്‍ സാധിച്ചില്ല. യോഗക്ഷേമപ്രസ്ഥാനത്തിന്റെ വേലിയിറക്കത്തിന്റെ കാലമായിരുന്നു അത്.
യോഗക്ഷേമപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഓങ്ങല്ലൂര്‍ സമ്മേളനം; നമ്പൂതിരിവിദ്യാലയം സ്ഥാപിക്കാന്‍ തീരുമാനിച്ച വെള്ളിനേഴി സമ്മേളനംപോലെ. വെള്ളിനേഴിയിലെ വെള്ളിമഴ എന്ന് ഖ്യാതി നേടുമാറ് വിദ്യാലയത്തിന് സംഭാവന പൊഴിയുകയായിരുന്നു.
അവര്‍ണര്‍ പങ്കെടുക്കുകയും മിശ്രഭോജനം മുഖ്യ ഇനമാവുകയും ചെയ്ത അങ്ങാടിപ്പുറം സമ്മേളനം, സര്‍ സി രാജഗോപാലാചാരി അടക്കമുള്ള ദേശീയനേതാക്കന്മാര്‍ പങ്കെടുത്ത കാറല്‍മണ്ണ സമ്മേളനം എന്നിവയും പ്രധാനംതന്നെ. പക്ഷേ, യോഗക്ഷേമപ്രസ്ഥാനത്തിന്റെ ഇതള്‍കൊഴിയുംകാലത്ത് സര്‍വസന്നാഹങ്ങളോടുംകൂടി പ്രൌഢമായി നടത്തിയ ഓങ്ങല്ലൂര്‍ സമ്മേളനം 'നമ്പൂതിരി മനുഷ്യനാകാന്‍' എന്നുള്ള ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പ്രഭാഷണംകൊണ്ട് ചരിത്രപ്രസിദ്ധമായി. 45 പേജുള്ള ഈ രേഖ സുപ്രധാനമാണ്. ആധുനികകാലത്ത് നമ്പൂതിരി രക്ഷപ്പെടണമെങ്കില്‍, മനുഷ്യനാകണമെങ്കില്‍ മാമൂലിന്റെ മാറാലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് അധ്വാനിച്ച് ജീവിക്കാനൊരുങ്ങണം; സമ്പന്നരായ നമ്പൂതിരിമാര്‍ വ്യാപാരത്തിലും വ്യവസായത്തിലും പണംമുടക്കണം, പാരമ്പര്യമായി ലഭിച്ച ഭൂസ്വത്തുക്കള്‍ വിറ്റ് പുതിയ കര്‍മമണ്ഡലം തേടണം. 'നിങ്ങള്‍ മുടിയാന്‍ ഒരുങ്ങുക' എന്ന് ഇ എം എസ് ഉപദേശിച്ചു. പാടത്തും ഫാക്ടറികളിലും സര്‍ക്കാര്‍ സര്‍വീസിലും പട്ടാളത്തിലും ജോലിക്കാരാകാന്‍ നമ്പൂതിരിമാരും അന്തര്‍ജനങ്ങളും ഒരുങ്ങണം. പില്‍ക്കാലത്ത് ഓങ്ങല്ലൂരിന്റെ ആഹ്വാനം ഫലപ്രദമായോ എന്ന് പരിശോധിച്ചുകൊണ്ട് 'ഓങ്ങല്ലൂരിനുശേഷം' എന്നൊരു പ്രബന്ധവും ഇ എം എസ് എഴുതുകയുണ്ടായി.
ഇ എം എസ് നിരാശനായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ചത്ര സര്‍വങ്കഷമായ പരിവര്‍ത്തനം ഉണ്ടായില്ല എന്നേയുള്ളൂ. വ്യവസായമാരംഭിച്ചവരുണ്ട്, വ്യാപാരത്തില്‍ ഏര്‍പ്പെട്ടവരുണ്ട്, വിദ്യാലയങ്ങളിലും ഓഫീസുകളിലും തൊഴില്‍നേടാനുള്ള വിദ്യാഭ്യാസം ശുഷ്കാന്തിയോടെ കരസ്ഥമാക്കിയവരുമുണ്ട്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐഎഎസുകാരും വക്കീലന്മാരും പ്രൊഫസര്‍മാരും ധാരാളമുണ്ട്. പക്ഷേ, നമ്പൂതിരിസമുദായം സമൂഹത്തിലെ നിര്‍ണായക സാമ്പത്തികശക്തിയാവണമെന്ന ഓങ്ങല്ലൂരിന്റെ സ്വപ്നം യാഥാര്‍ഥ്യമായി എന്നു പറയാന്‍ വയ്യ. പക്ഷേ, എത്ര പേരോ താഴത്ത് പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ നമ്പൂതിരിമാര്‍ക്ക് മാത്രമായി മോചനമില്ല എന്ന പരമതത്വം ഉള്‍ക്കൊണ്ടതോടെ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനം നിലയ്ക്കുകയായി.
യോഗക്ഷേമപ്രസ്ഥാനത്തിന് സമുദായത്തിനുള്ളില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പ് നേരിടുകയുണ്ടായി. ഇംഗ്ലീഷ് പഠിക്കുന്നതിനെതിരെ, പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കുന്നതിനെതിരെ, നമ്പൂരിവിദ്യാലയം സ്ഥാപിക്കുന്നതിനെതിരെ, കുടുമ മുറിക്കുന്നതിനെതിരെ പിന്തിരിപ്പന്മാര്‍ അട്ടഹസിച്ചുനടന്നു. ഇ എം എസ് നമ്പൂതിരിപ്പാടും ഐ സി പിയുമൊക്കെ കമ്യൂണിസം കുത്തിച്ചെലുത്തുന്നുവെന്ന് സംഭ്രമിച്ച് ഇ എം എസിന്റെ സഹോദരീഭര്‍ത്താവ് തെക്കേടത്ത് ഭട്ടതിരിപ്പാട് 'പതാക' എന്ന പ്രസിദ്ധീകരണം പ്രചരിപ്പിച്ചു. നവീനാഭിപ്രായങ്ങളെ എതിര്‍ക്കുക, പൂര്‍വികധര്‍മങ്ങളെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുക, നമ്പൂതിരിവൃത്തിക്കുള്ള തടസ്സം നീക്കുക ഇത്യാദി ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിച്ച 'സുദര്‍ശന' - 'പതാക'കാരന്മാരെയാണ് പുനഃരാരംഭിച്ച യോഗക്ഷേമസഭ ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്. ആധുനികകാലത്ത് മനുഷ്യനെ നമ്പൂതിരിയാക്കാന്‍ മിനക്കെടുന്നവര്‍ യോഗക്ഷേമസഭക്കാരല്ല; 'പശ്ചിമന്‍'സഭക്കാരാണ്. ഷോഡശക്രിയകള്‍ക്കും മറ്റ് ആചാരങ്ങള്‍ക്കും നഷ്ടപ്പെട്ട മാന്യസ്ഥാനം നേടിക്കൊടുക്കാന്‍ പ്രയത്നിക്കുന്നവരെക്കുറിച്ച് മറ്റെന്താണ് പറയുക?
വി ടിയും ഐ സി പിയും ഇ എം എസും ഒളപ്പമണ്ണയും ഉയര്‍ത്തിപ്പിടിച്ച വിപ്ളവത്തിന്റെ കൊടിക്കൂറ 'പതാക'യുടെ അവകാശികള്‍ മലിനമാക്കരുതെന്നേ പറയാനുള്ളു. നവോത്ഥാനത്തിന്റെ നാന്ദീമുഖം അനുഷ്ഠിച്ച യോഗക്ഷേമസഭയുടെ ബാനര്‍ പുനരുദ്ധാനവാദികള്‍ക്ക് ചുമലില്‍ അണിയാനുള്ളതല്ല. സന്ധ്യാവന്ദനവും പൂജയും കദകമാലകെട്ടലും ഒക്കുവച്ചടക്കലും കഴുത്തില്‍ ചരടുപിടിച്ച് ജപിക്കലും പരിശീലിപ്പിക്കാന്‍ മിനക്കെടുന്നവരെ ചൊല്ലി, 'പാഞ്ഞുപോം കാലത്തിനെ പിടിച്ചുകെട്ടാം തന്റെ ചീഞ്ഞ പൂണൂലാല്‍' എന്നു മോഹിക്കുന്നവരെ ചൊല്ലി നമുക്ക് സഹതപിക്കാം.
(ലേഖകന്‍: ശ്രീ. പാലക്കീഴ് നാരായണന്‍. കടപ്പാട്: ദേശാഭിമാനി)
2 comments:
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പിറവിയെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിലെ യോഗക്ഷേമപ്രസ്ഥാനത്തിനുള്ളത്. യോഗക്ഷേമം എന്ന സമുച്ചയ പദം കണ്ടെത്തിയത് ഐ സി പി നമ്പൂതിരിയുടെ അച്ഛന്റെ അനുജനായ ബ്രഹ്മദത്തന്‍ നമ്പൂതിരിയാണെന്ന് ചരിത്രം. ഉള്ളതു നിലനിര്‍ത്താനും നേടാനുള്ളതു നേടാനുമുള്ള കൂട്ടായ്മ എന്ന് യോഗക്ഷേമം എന്ന പദത്തിനര്‍ഥം.ആലുവ ശിവരാത്രിനാളില്‍ 1907ല്‍ (1083 കുംഭം 18) പെരിയാറിന്റെ തീരത്തുചേര്‍ന്ന യോഗമാണ് നമ്പൂതിരി യോഗക്ഷേമസഭയ്ക്ക് രൂപം നല്‍കിയത്.
ശ്രീ.ശ്രീ. പാലക്കീഴ് നാരായണന്‍ എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു..
യോഗക്ഷേമസഭയെ കുറിച്ചു കൂടുതല്‍ അറിയാനായതില്‍ സന്തോഷം. ലേഖകനോട് യോജിക്കുന്നു എങ്കിലും ഇന്നു മനുഷ്യനെ നമ്പൂതിരി ആക്കുകയാണ് അഭികാമ്യം.
അതിനര്‍ത്ഥം എല്ലാവരെയും നമ്പൂതിരി ആക്കുകയെന്നല്ല മറിച്ചു എല്ലാവരും നമ്പൂതിരിയുടെ സംസ്കാരം സ്വീകരിക്കുക എന്നതാണ്. കമ്മ്യൂണിസവും,Socialism, Equality യും കേരളത്തില്‍ കൊണ്ടു വന്നത് VT യും ഇ എം സും ഉള്‍പെട്ട സമൂഹമാണ്.
Post a Comment