Friday, December 28, 2007

റോഡപകടങ്ങളും പ്രഥമശുശ്രൂഷയും

നാല്‍‍പത് വയസ്സിനു താഴെയുള്ളവരിലുള്ള ഏറ്റവും പ്രധാനപ്പെട്ട മരണ കാരണം റോഡപകടങ്ങളാണ്. അതിനാല്‍ ഇതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മഹാ പകര്‍ച്ചവ്യാധി എന്നാണ് വിളിക്കുന്നത്. മറ്റ് രാജ്യങ്ങളേക്കാള്‍ അപകട നിരക്ക് ഭാരതത്തില്‍ കൂടുതലാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ രണ്ടിരട്ടിയാണ്. ഏകദേശം എട്ടു പേരോളം ഒരോ ദിവസവും അപകടങ്ങള്‍ മൂലം കേരളത്തില്‍ മരണപ്പെട്ടുകൊണ്ടിരിക്കയാണ്.

അപകടങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന മരണ നിരക്കുകളെ മൂന്നു പട്ടികകളില്‍ പെടുത്താം.

ആദ്യത്തേതു അപകടങ്ങള്‍ക്കുശേഷം ഉടനടി ഉണ്ടാകുന്നതാണ്. ഇതിന്റെ പ്രധാന കാരണം തലയ്ക്കുള്ള പരിക്കാണ്. രണ്ടാമത്തെ ഉയര്‍ന്ന മരണ നിരക്ക് ആദ്യത്തെ നാലു മണിക്കൂറി ('ഗോള്‍ഡന്‍ അവര്‍')നുള്ളില്‍ സംഭവിക്കുന്നതാണ്. ഇതിന്റെ പ്രധാന കാരണം രക്ത നഷ്ടമാണ്. മൂന്നാമത്തെ ഉയര്‍ന്ന നിരക്ക് ശരീരത്തിലെ വിവിധ അവയവവ്യൂഹങ്ങളുടെ പരാജയം നിമിത്തം മൂന്ന് വാരത്തിനുശേഷം ഉണ്ടാകുന്നതാണ്.

കൃത്യമായ പ്രഥമ ശുശ്രൂഷ നല്‍കി പരിക്കേറ്റയാളെ എത്രയും പെട്ടെന്ന് ഉചിതമായ ആശുപത്രിയില്‍ എത്തിച്ചാല്‍ 'ഗോള്‍ഡന്‍ അവറി'ല്‍ നടക്കുന്ന മരണങ്ങളില്‍ മുക്കാല്‍ പങ്കും നമുക്കു തടയാന്‍ കഴിയുമെന്നു മാത്രമല്ല അപകട ചികിത്സയ്ക്കു ശേഷമുള്ള കായിക പ്രവര്‍ത്തന നിലവാരവും മെച്ചപ്പെടുത്താന്‍ കഴിയും.

അപകട സ്ഥലത്ത് ശ്രദ്ധിക്കേണ്ടവ

റോഡപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യമായി വാഹനത്തിന്റെ 'ഇഗ്നീഷ്യന്‍' ഓഫാക്കണം. സിഗരറ്റോ തീപ്പിടുത്തം ഉണ്ടാക്കുന്ന മറ്റ് സാധനങ്ങളോ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ അത് വാഹനത്തില്‍നിന്നു വീണു കിടക്കുന്ന ഇന്ധനവുമായി പ്രവര്‍ത്തിച്ച് വലിയ തീപ്പിടുത്തം ഉണ്ടാക്കാം. അപകടത്തില്‍പ്പെട്ട ആളുകളെ വലിച്ചെടുക്കാതെ ശരീരത്തില്‍ വീണു കിടക്കുന്ന ഭാരമുള്ള സാധനങ്ങളെല്ലാം എടുത്തു മാറ്റിയതിനുശേഷം സാവകാശം പുറത്തെടുത്ത് സുരക്ഷിതമായ സ്ഥലത്ത് കിടത്തണം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ അപകട സ്ഥലത്തുണ്ടെങ്കില്‍ പ്രഥമ ശുശ്രൂഷകള്‍ ഒറ്റയ്ക്ക് ചെയ്യാതെ മറ്റുള്ളവരുടെയും സഹായം തേടേണ്ടതാണ്. കുറച്ചാളുകളെ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുജനങ്ങള്‍, പൊലീസ്, ആംബുലന്‍സ്, എത്തിക്കേണ്ട ആശുപത്രി എന്നിവയെ ഫോണ്‍ ചെയ്ത് അറിയിക്കാന്‍ അയക്കാവുന്നതാണ്.

ട്രയേജ്

ധാരാളം ആളുകള്‍ അപകടത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒരു വിദഗ്ദന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കേണ്ട മുന്‍ഗണനാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വിവിധ നിറ 'കോഡു'കള്‍ കൊടുക്കുന്നതിനെയാണ് 'ട്രയേജ്' എന്നു പറയുന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കേണ്ടവര്‍ക്ക് ചുവപ്പ്, പിന്നീട് എത്തിക്കേണ്ടവര്‍ക്ക് മഞ്ഞ, പെട്ടെന്ന് എത്തിക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക് പച്ച, മരിച്ചവര്‍ക്ക് വെള്ള, വളരെ ഗുരുതരമെങ്കിലും പെട്ടെന്ന് എത്തിച്ചാലും രക്ഷപ്പെടുവാന്‍ ഇടയില്ലാത്തവര്‍ക്ക് പിങ്ക് എന്നീ നിറ 'കോഡു'കള്‍ ആണ് കൊടുക്കുന്നത്. അപകടത്തില്‍പ്പെട്ട ആളുകള്‍ക്കുള്ള പ്രഥമശുശ്രൂഷ എ, ബി, സി അഥവാ 'എയര്‍വേ', 'ബ്രീത്തിങ്ങ്', 'സര്‍ക്കുലേഷന്‍', 'ബാന്‍ഡേജ്', 'സ്‌പ്ലിന്റേജ്', 'ട്രാന്‍സ്പോര്‍ട്ട്' എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.

ശ്വാസോച്ഛ്വാസ പ്രഥമശുശ്രൂഷ

ആദ്യമായി ശ്വാസമാര്‍ഗം അഥവാ 'എയര്‍വേ' പരിശോധിക്കണം. മൂക്കിലൂടെ ശ്വാസം വരുന്നുണ്ടോ എന്ന് കൈവിരല്‍ വെച്ച് നോക്കണം. വരുന്നില്ലെങ്കില്‍ വായും മൂക്കും പരിശോധിച്ചു നോക്കി തടസ്സമുണ്ടാക്കുന്ന ഇളകിയ വെപ്പു പല്ല്, അഴുക്ക് മുതലായവ മാറ്റണം. മുഖത്തെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ടെങ്കില്‍ വായു ശ്വാസനാളത്തില്‍ കടക്കാന്‍ സഹായിക്കുന്ന പ്ലാസ്റിക്ക്കൊണ്ടുള്ള 'എയര്‍വേ' വായില്‍ വെയ്ക്കാവുന്നതാണ്. എന്നിട്ടും വായു കടക്കുന്നില്ലെങ്കില്‍ കഴുത്തിലെ ശ്വാസനാളത്തില്‍ വലുപ്പമുള്ള അഞ്ചോ ആറോ 'ഇന്‍ജക്ഷന്‍' സൂചികള്‍ കയറ്റി വായുവിനെ കടത്തി വിടാവുന്നതാണ്.

അടുത്തതായി 'ബ്രീത്തിങ്ങ്' അഥവാ രോഗി ശ്വാസമെടുക്കുന്നുണ്ടോ എന്നു പരിശോധിക്കണം. നെഞ്ചിന്റെ ചലനം നോക്കിയോ, നെഞ്ചിലില്‍ വെച്ച കൈപ്പത്തി ഉയരുന്നുണ്ടോ എന്ന് നോക്കിയോ, 'സ്റെതസ്കോപ്പ്' ഉപയോഗിച്ചോ ആണ് ഇതു കണ്ടുപിടിക്കുന്നത്. ശ്വസിക്കുന്നില്ലെങ്കില്‍ വായോടുവായ് ചേര്‍ത്തുവച്ചുള്ള കൃത്രിമ ശ്വാസോച്ഛ്വാസ്വം നല്‍കണം. അതിനായി അപകടത്തില്‍പ്പെട്ടയാളെ കിടത്തി, തല പിന്നിലേയ്ക്കു ചരിച്ചുവെച്ച്, താടിയെല്ലു താഴ്ത്തി വായ്ക്കു മുന്‍പില്‍ ഒരു ടവ്വല്‍ വെച്ച് ശുശ്രൂഷിക്കുന്ന ആളുടെ ശ്വാസം ആഴത്തില്‍ അപകടത്തില്‍പ്പെട്ട ആളുടെ വായിലേക്ക് വായോട്‌വായ് ചേര്‍ത്തുവച്ച് ഊതുക. അതിനുശേഷം വായ് എടുക്കുക. ഇങ്ങനെ ഒരു മിനിറ്റില്‍ പന്ത്രണ്ടു പ്രാവശ്യം ചെയ്യണം.

രക്തചംക്രമണ പ്രഥമശ്രുശ്രൂഷ

അടുത്തതായി പരിശോധിക്കേണ്ടത് 'സര്‍ക്കുലേഷന്‍' അഥവാ ഹൃദയരക്തക്കുഴലുകളുടെ പ്രവര്‍ത്തനമുണ്ടോയെന്നാണ്. ഹൃദയമിടിപ്പ് ഉണ്ടോയെന്ന് അറിയുന്നത് സാധാരണ 'പള്‍സ്' നോക്കിയാണ് സാധാരണയായി 'റേഡിയല്‍ പള്‍സ്' ആണ് നോക്കുക. ഇതു കണ്ടുപിടിക്കുന്നത് കൈപ്പത്തിയുടെ താഴെയുള്ള തള്ളവിരലിന്റെ താഴെഭാഗത്തായുള്ള കുഴയുടെ താഴെയുള്ള ഉള്‍ഭാഗത്ത് മൂന്ന് വിരലുകള്‍ വെച്ച് തള്ളവിരല്‍ പിന്‍ഭാഗത്ത് വെച്ച് അമര്‍ത്തി വിരലുകള്‍ പൊങ്ങുന്നുണ്ടോ എന്നു നോക്കിയാണ്. 'റേഡിയല്‍ പള്‍സ്' ലഭിക്കുന്നില്ലെങ്കില്‍ 'കരോറ്റിഡ് പള്‍സ്' നോക്കണം. കഴുത്തിനുമുകളില്‍ താടിയെല്ലിന്റെ മൂലയ്ക്കു താഴെയായി അമര്‍ത്തിയാണ് ഇതു കണ്ടുപിടിക്കുന്നത്. ഇതും ലഭിക്കുന്നില്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെന്നു നിശ്ചയിക്കാം.

ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഹൃദയത്തെ അമര്‍ത്തി രക്തം ശരീര ഭാഗങ്ങളിലെത്തിക്കുന്ന കൃത്രിമ ഹൃദയ പ്രവര്‍ത്തനം അഥവാ 'കാര്‍ഡിയാക് മസേജ്' കൊടുക്കേണ്ടതാണ്. അതിനായി പരിക്കേറ്റയാളെ മാര്‍ദവമില്ലാത്ത തറയില്‍ മലര്‍ത്തി കിടത്തി, നെഞ്ചെല്ലിന്റെ താഴ് പകുതിയില്‍ കൈപ്പത്തിയുടെ മുഴച്ചു നില്‍ക്കുന്ന ഭാഗം മീതെക്കുമീതെ വച്ച്, കൈമുട്ട് നേര്‍ക്ക് പിടിച്ച്, തോളില്‍ നിന്ന് ബലം കൊടുത്ത് നെഞ്ചെല്ല് ഒന്നരയിഞ്ച് താഴുന്ന അളവില്‍ അമര്‍ത്തണം. ഇത് ഒരു മിനിറ്റില്‍ 72 പ്രാവശ്യം ചെയ്യണം. കുട്ടികള്‍ക്ക് ഒരു കൈപ്പത്തിയുപയോഗിച്ച് നെഞ്ചെല്ല് ഒരിഞ്ച് താഴുന്ന അളവിലും, ശിശുക്കള്‍ക്ക് രണ്ട് വിരലുകളുപയോഗിച്ച് നെഞ്ചെല്ല് അരയിഞ്ച് താഴുന്ന അളവിലുമാണ് ബലം കൊടുക്കേണ്ടത്. ഇത് ഏകദേശം അര മണിക്കൂറോളം ഹൃദയ പ്രവര്‍ത്തനം തിരിച്ച് വരുന്നത് വരെ തുടരാം. ഹൃദയം സ്വയം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ രോഗിയെ 'റികവറി' സ്ഥാനത്ത് അഥവാ ചരിച്ചു കിടത്തണം. ഹൃദയവും ശ്വാസോച്ഛ്വാസവും നടക്കുന്നില്ലെങ്കില്‍ 2:30 അതായത് രണ്ട് പ്രാവശ്യം വായോട്‌വായ് ചേര്‍ത്തുവെച്ചുള്ള ശ്വാസോച്ഛാസം, മുപ്പത് പ്രാവശ്യം ഹൃദയത്തെ അമര്‍ത്തല്‍ എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.

അടുത്തതായി ശ്രദ്ധിക്കേണ്ടത് ശരീരത്തില്‍നിന്നു രക്തം നഷ്ടപ്പെടുന്നുണ്ടോയെന്നതാണ്. കൈകാലുകളില്‍ നിന്നാണ ്രക്തം നഷ്ടപ്പെടുന്നതെങ്കില്‍ അവ ഉയര്‍ത്തി പിടിച്ചാല്‍ രക്ത പ്രവാഹം കുറയും. അതിനു ശേഷം 'പാഡുകള്‍' വെച്ച് 'ബാന്‍ഡേജുകള്‍' കൊണ്ടു അമര്‍ത്തി കെട്ടണം. ഇതിനെയാണ് 'പ്രഷര്‍ ബാന്‍ഡേജ്' എന്നു പറയുന്നത്. 'ടൂര്‍ണിക്കെറ്റ്' അഥവാ കയര്‍കൊണ്ട് മുറുക്കികെട്ടുന്നത് ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ കേടു വരുത്താമെന്നതിനാല്‍ ഒഴിവാക്കണം.

പരിശോധനയും 'ഷോക്കും'’

അതിനുശേഷം തല, കണ്ണ്, മൂക്ക്, ചെവി, നെഞ്ചെല്ലുകള്‍, വയര്‍, ഇടുപ്പ്, കൈകാലുകള്‍ എന്നിവയിലുള്ള മുറിവുകളും പരിക്കുകളും വളരെ വേഗത്തില്‍ പരിശോധിച്ചു നോക്കണം. പരിശോധനയ്ക്കായി ടോര്‍ച്ച് ഉപയോഗിക്കാവുന്നതാണ്. ആദ്യം നോക്കിയും, പിന്നീട് അമര്‍ത്തിയുമാണ് പരിശോധിക്കേണ്ടത്. നെഞ്ചെല്ല്, ഇടുപ്പെല്ല്, കൈകാലുകള്‍ എന്നിവയിലെ അസാധാരണമായ അനക്കം, വേദന എന്നിവ അസ്ഥികളുടെ ഒടിവിനെ കാണിക്കുന്നു. അപകടത്തില്‍പ്പെട്ടയാളോട് കൈകാലുകള്‍, വിരലുകള്‍ എന്നിവ അനക്കാന്‍ പറയുന്നത് അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കും. പിന്നീട് രണ്ടാളുകള്‍ ചേര്‍ന്ന് രോഗിയെ ചരിച്ചു കിടത്തി ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള നട്ടെല്ലിന്റെ നടു ഭാഗത്തും കഴുത്തിന്റെ നടു ഭാഗത്തും നോക്കിയും അമര്‍ത്തിയും പരിശോധിക്കണം. ഈ പരിശോധനകളെല്ലാം വെറും രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ വേഗത്തില്‍ ചെയ്യേണ്ടതാണ്.

ഇടുപ്പെല്ലില്‍ ഒടിവുണ്ടെങ്കില്‍ ആ ഭാഗത്ത് നിന്ന് വയറിനുള്ളിലേക്ക് രക്തം വാര്‍ന്ന് മരണമുണ്ടാകാമെന്നതിനാല്‍ അങ്ങനെയുള്ളവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. ഇടുപ്പെല്ലിലെ ഒടിവ്, ഒന്നില്‍ കൂടുതല്‍ എല്ലുകളുടെ ഒടിവ്, ആഴമായ മുറിവുകള്‍ എന്നിവ മൂലം ശരീരത്തിലെ നാല്‍പതു ശതമാനത്തില്‍ കൂടുതല്‍ രക്തം നഷ്ടപ്പെട്ടാല്‍ ഉണ്ടാകാവുന്ന അവസ്ഥയ്ക്കാണ് 'ഷോക്ക്' എന്നു പറയുന്നത്. 'പള്‍സ്' ദുര്‍ബലമാകുക, ശരീരം തണുത്തും വിളറിയുമിരിക്കുക, ശ്വാസോച്ഛ്വാസം ദ്രുതഗതിയിലും ആഴം കുറഞ്ഞതുമാകുക, ബോധക്കേടുണ്ടാവുക എന്നിവയാണ് 'ഷോക്കി'ന്റെ ലക്ഷണങ്ങള്‍. അങ്ങനെയുള്ള അവസ്ഥയില്‍ രക്തം അപ്രധാനമായ ഭാഗങ്ങളില്‍നിന്ന് പ്രധാനപ്പെട്ട തലച്ചോര്‍ മുതലായ ഭാഗങ്ങളിലേക്കു പോകുവാനായി കാലുകള്‍ പൊക്കി വെയ്ക്കണം. ശരീരത്തില്‍ തറഞ്ഞു കയറിയിരിക്കുന്ന വസ്തുക്കള്‍ അപകടസ്ഥലത്തു വെച്ച് ഊരിയാല്‍ മുറിവിലൂടെ ആന്തരാവയവങ്ങളിലേക്കു രക്തം വാര്‍ന്നു രോഗി മരണപ്പെടാം എന്നതിനാല്‍ അവ വലിച്ചൂരരുത്.

'ബാന്‍ഡേജ്', 'സ്‌പ്ലിന്റേജ്', 'ട്രാന്‍സ്പോര്‍ട്ട്'

മുറിവുകളെല്ലാം 'പാഡു'കളും, 'ബാന്‍ഡേജു'കളും ഉപയോഗിച്ച് മൂടി വെയ്ക്കണം. അനേകം വാരിയെല്ലുകള്‍ ഒടിഞ്ഞതു മൂലം നെഞ്ചെല്ലില്‍ ഉണ്ടാകുന്ന അസാധാരണ അനക്കത്താല്‍ ശ്വാസ തടസ്സം ഉണ്ടെങ്കില്‍ ഒടിഞ്ഞ ഭാഗങ്ങള്‍ അനങ്ങാതിരിക്കാനായി തുണി ഉപയോഗിച്ചു നെഞ്ചെല്ലിനെ ചുറ്റി വെയ്ക്കണം. വയറിലെ കുടലുകള്‍ പുറത്താണെങ്കില്‍ അവ വയറിനുള്ളില്‍ വെച്ച് വൃത്തിയുള്ള തുണികൊണ്ട് മൂടണം.

അസ്ഥികള്‍ക്ക് ഒടിവുണ്ടെങ്കില്‍ ഒടിഞ്ഞ ഭാഗത്തിന് ചുറ്റുമുള്ള ശരീര ഭാഗത്തിന് കൂടുതലായി കേടു പറ്റാതിരിക്കാനും, കൂടുതല്‍ രക്തം നഷ്ടപ്പെടാതിരിക്കാനും, നീരും വേദനയും കുറയ്ക്കാനും ആ ഭാഗത്തെ അനക്കാതെ വയ്ക്കാന്‍ 'സ്‌പ്ലിന്റു'കള്‍ ഉപയോഗിച്ച് കെട്ടി വെയ്ക്കണം. ലഭ്യമായ വടി, കുട, മാസിക മുതലായവ ഇതിനായി ഉപയോഗിക്കാം. ഒടിഞ്ഞ കൈ ഭാഗങ്ങള്‍ അനങ്ങാതെയിരിക്കാന്‍ തുണി മടക്കി ത്രികോണാകൃതിയില്‍ ആക്കി കൈയിനെ പൊതിഞ്ഞ് കഴുത്തിന് പിന്നിലൂടെ കെട്ടിവയ്ക്കാം. ഇതിനെ 'ട്രയാന്‍കുലര്‍ സ്ലിങ്ങ്' എന്നു പറയുന്നു. ഒടിഞ്ഞ കാല്‍ അനങ്ങാതിരിക്കാന്‍ നാലു തുണിക്കഷണങ്ങള്‍ ഉപയോഗിച്ച് ഒടിയാത്ത കാലിനോട് ചേര്‍ത്ത് കെട്ടി വയ്ക്കാവുന്നതാണ്.

കഴുത്തിനു പുറകില്‍ നടുവിലായി വേദനയുണ്ടെങ്കില്‍ നട്ടെല്ലില്‍ ഒടിവുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവരുടെ കഴുത്ത് അനങ്ങിയാല്‍ ഒടിഞ്ഞ ഭാഗങ്ങള്‍ സുഷ്‌മുന നാഡിയില്‍ അമര്‍ന്ന് കൈകാലുകള്‍ക്ക് തളര്‍ച്ച വരാമെന്നതുകൊണ്ട,് കഴുത്ത് അനങ്ങാതിരിക്കാന്‍ കട്ടിയുള്ള 'കോളര്‍' വെച്ച് ചുറ്റിവെയ്ക്കണം. പുറത്ത് നട്ടെല്ലിന്റെ ഭാഗത്ത് പരിക്കുണ്ടെങ്കില്‍ കാലുകള്‍ തളരാതെയിരിക്കാന്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്കുള്ള വാഹനത്തില്‍ കയറ്റുമ്പോള്‍ നട്ടെല്ലു വളയാതെ ഒരു വടിപോലെ നാലാള്‍ ചേര്‍ന്നു വേണം കൊണ്ടുപോകാന്‍.

ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

ഓപ്പറേഷന്‍ ചെയ്യാനായി ബോധം കെടുത്തുന്നതിനു മുമ്പായി ആറു മണിക്കൂര്‍ എങ്കിലും ഭക്ഷണപാനീയങ്ങള്‍ കഴിക്കാതെ ഇരിക്കണം. ഗുരുതരമായി പരിക്കേറ്റ ആളുകള്‍ക്ക് ഓപ്പറേഷന്‍ ആവശ്യമാകാം എന്നതിനാല്‍ അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണപാനീയങ്ങള്‍ കൊടുക്കരുത്. ആപകടത്തില്‍പ്പെട്ടവരുടെ സാമ്പത്തിക നിലവാരവും പരിക്കുകളുടെ തരവും ഗുരുതരാവസ്ഥയും കണക്കിലെടുത്ത് വേണം അവരെ ഏത് ആശുപത്രിയിലേക്ക് കൊണ്ടു പോകണം എന്നു തീരുമാനിക്കേണ്ടത്. കഴിവതും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണ് നല്ലത്. തലക്ക് പരിക്കേറ്റവരെ സി റ്റി സ്കാനും ന്യൂറോ സര്‍ജനുമുള്ള ആശുപത്രിയിലേക്കാണ് കൊണ്ടു പോകേണ്ടത്. അറ്റുപോയ കൈകാല്‍ ഭാഗങ്ങള്‍ വൃത്തിയുള്ള പ്ലാസ്റിക് ഉറയിലിട്ട്, ആ ഉറയെ ഐസ് കഷണങ്ങള്‍ ഇട്ട മറ്റൊരു പ്ലാസ്റ്റിക് ഉറയിലാക്കി ഭദ്രമായി കെട്ടി രോഗിയോടൊപ്പം മൈക്രോസ്കോപ്പിന്റെ സഹായത്തോടെ തുന്നി ചെര്‍ക്കുന്ന ഓപ്പറേഷന്‍ ചെയ്യാന്‍ സൌകര്യമുള്ള ആശുപത്രിയില്‍ ആറു മണിക്കൂറിനുള്ളില്‍ എത്തിക്കണം. കൈകാലുകളില്‍നിന്ന് മസിലുകള്‍ നഷ്ടപ്പെട്ടവരെ അവ വച്ച് പിടിപ്പിക്കാന്‍ സൌകര്യമുള്ളതും പ്ലാസ്റ്റിക് സര്‍ജന്‍ ഉള്ളതുമായ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടത്. കൈവിരലുകള്‍ക്ക് മുറിവുണ്ടെങ്കില്‍ ഞരമ്പുകള്‍ മുറിഞ്ഞിരിക്കാം എന്നതിനാല്‍ അസ്ഥിരോഗ വിദഗ്ദനോ, പ്ലാസ്റ്റിക് സര്‍ജനോ ഉള്ള ആശുപത്രിയിലേക്ക് വേണം കൊണ്ടുപോകാന്‍. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച് പോകാതെ ഡോക്ടര്‍ക്ക് പൊലീസിനെ അറിയിക്കാനുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുക്കണം, രോഗിയുടെ ബന്ധുക്കളെ അറിയിക്കണം; കഴിയുമെങ്കില്‍ രോഗിക്ക് ആവശ്യമുള്ള രക്തം മുതലായ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കണം.

കാരണങ്ങളും പരിഹാരവും

ചെറിയ അളവില്‍ മദ്യം കഴിച്ചാലും കാഴ്ചയിലും, കേള്‍വിയിലും, തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവിലും, മസിലുകളുടെ പ്രവര്‍ത്തനത്തിലും കുറവു വരും എന്നതിനാല്‍ മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗം, ഉറങ്ങി വാഹനമോടിക്കുക, ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അശ്രദ്ധ, ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതിരിക്കുക എന്നിവയെല്ലാം വാഹന അപകടങ്ങള്‍ ഉണ്ടാക്കാനോ പരിക്കുകള്‍ ഗുരുതരമാക്കാനോ കാരണമാകും എന്നതിനാല്‍ അവയെല്ലാം ഒഴിവാക്കേണ്ടതാണ്.

വാഹനമോടിക്കുന്നവര്‍ സമയാസമയങ്ങളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണ്. പനി മുതലായ ക്ഷീണം ഉണ്ടാക്കുന്ന രോഗാവസ്ഥയില്‍ ഇരിക്കുന്നവര്‍, ഹാര്‍ട്ട് അറ്റാക്ക്, അപസ്മാരം, തലചുറ്റല്‍ മുതലായ രോഗങ്ങള്‍ ഉള്ളവര്‍, അലര്‍ജി മുതലായവക്ക് ഉപയോഗിക്കുന്ന ക്ഷീണം വരുത്താവുന്ന മരുന്നുകള്‍ കഴിച്ചവര്‍ എന്നിവര്‍ വാഹനങ്ങളോടിക്കരുത്. വര്‍ധിച്ചു വരുന്ന ചികിത്സച്ചെലവുകളുടെയും റോഡപകട നിരക്കിന്റെയും സാഹചര്യത്തില്‍ എല്ലാവരും നിശ്ചയമായും റോഡപകട ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. വാഹനങ്ങളില്‍ സുസജ്ജമായ പ്രഥമശുശ്രൂഷ പെട്ടി വയ്ക്കുന്നതും വാഹനമോടിക്കുന്നവരും യാത്രക്കാരും പ്രഥമശുശ്രൂഷ പരിശീലനം നേടുന്നതും റോഡപകട മരണങ്ങളെ ഗണ്യമായി കുറയ്ക്കാനും റോഡപകട പരിക്കുകളുടെ ചികിത്സക്ക് ശേഷം ലഭിക്കുന്ന കായിക പ്രവര്‍ത്തന നിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും.

(ലേഖകന്‍:ഡോ.എം.എല്‍.ജിമ്മി. കടപ്പാട്: ദേശാഭിമാനി വാരിക)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാല്‍‍പത് വയസ്സിനു താഴെയുള്ളവരിലുള്ള ഏറ്റവും പ്രധാനപ്പെട്ട മരണ കാരണം റോഡപകടങ്ങളാണ്. അതിനാല്‍ ഇതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മഹാ പകര്‍ച്ചവ്യാധി എന്നാണ് വിളിക്കുന്നത്. മറ്റ് രാജ്യങ്ങളേക്കാള്‍ അപകട നിരക്ക് ഭാരതത്തില്‍ കൂടുതലാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ രണ്ടിരട്ടിയാണ്. ഏകദേശം എട്ടു പേരോളം ഒരോ ദിവസവും അപകടങ്ങള്‍ മൂലം കേരളത്തില്‍ മരണപ്പെട്ടുകൊണ്ടിരിക്കയാണ്.

റോഡ് അപകടം സംഭവിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെപ്പെറ്റിയും മറ്റു കാര്യങ്ങളെപ്പറ്റിയും ഡോ.എം.എല്‍.ജിമ്മി എഴുതിയ ലേഖനം