Thursday, December 20, 2007

വിവേകാനന്ദപൈതൃകം അവകാശപ്പെടുമ്പോള്‍

ആധുനിക ലോകത്തിനു മുമ്പാകെ ഭാരതീയചിന്തകളുടെയും ഹിന്ദുമതത്തിന്റെയും സവിശേഷതകള്‍ യുക്തിഭദ്രമായി അവതരിപ്പിച്ച സന്യാസിശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദന്‍. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് ഒട്ടും പൊരുത്തപ്പെടാത്ത ഒരു പ്രവര്‍ത്തനത്തെയും ഭാരതത്തിനുവേണ്ടിയുള്ളതെന്നോ ഹിന്ദുത്വത്തിന്റെ ശ്രേയസ്സിന് ഉതകുന്നതെന്നോ വിലയിരുത്തുവാനാവുകയില്ല. സംഘപരിവാര്‍ എപ്പോഴും അവകാശപ്പെടാറ് അവര്‍ വിവേകാനന്ദ വിചാരധാരയെ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. അവരുടെ നേതാവായ ഗുരുജി ഗോള്‍വാല്‍ക്കര്‍ തന്നെയും വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണമഠത്തില്‍ സന്യാസം സ്വീകരിക്കാനായി ചേര്‍ന്നിരുന്നു എന്നും ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചിട്ടാണ് ഗോള്‍വാല്‍ക്കര്‍ ആര്‍എസ്എസ് നേതൃത്വം ഏറ്റെടുത്തതെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ഇന്ത്യന്‍ സാഹചര്യത്തില്‍ കാറല്‍ മാര്‍ക്സിനുള്ളതിനേക്കാള്‍ പ്രസക്തി വിവേകാനന്ദ വിചാരധാരകള്‍ക്കുണ്ടെന്ന് തെളിയിക്കുന്നതിനായി ഒരു ശ്രമംതന്നെ ആര്‍എസ്എസിന്റെ കേരളത്തിലെ ഏക വിചാരകേന്ദ്രമായ പി പരമേശ്വരന്‍ നടത്തുകയുണ്ടായി- 'വിവേകാനന്ദനും കാറല്‍ മാര്‍ക്സും' എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകം ആ ശ്രമത്തിന്റെ ബാലിശസംഭവമാണല്ലോ.

സ്വാമി വിവേകാനന്ദന്‍ മുഹമ്മദ് സര്‍ഫറസ് ഹുസൈന്‍ എന്നൊരു ഇസ്ലാമിക പണ്ഡിതന് സാമാന്യം ദീര്‍ഘമായൊരു കത്ത് എഴുതിയിട്ടുണ്ട്. ആ കത്തില്‍ അദ്ദേഹം തന്റെ ഭാവി ഭാരതസങ്കല്‍പം ഇങ്ങനെ വ്യക്തമാക്കുന്നു.

"സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരുകാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ ഇത് ഇസ്ലാമാണ്; ഇസ്ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്ലാമിന്റെ സഹായമില്ലാതെ, വേദാന്ത സിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്മങ്ങളും അത്ഭുതകരങ്ങളുമായിക്കൊള്ളട്ടെ, ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. വേദങ്ങളോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരിടത്തേക്ക് മനുഷ്യരാശിയെ നയിക്കുകയാണ് നമ്മള്‍ക്കു വേണ്ടത്. എങ്കിലും ഇതു ചെയ്യേണ്ടത് വേദങ്ങളെയും ബൈബിളിനെയും ഖുറാനെയും രഞ്ജിപ്പിച്ചുകൊണ്ടാണ്. ഏകത്വം എന്ന മതത്തിന്റെ വ്യത്യസ്ത പ്രകാശങ്ങള്‍ മാത്രമാണ് മതങ്ങളെന്നു മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു; എന്നിട്ട് ഓരോരുത്തനും തനിക്കേറ്റവും പറ്റിയ മാര്‍ഗം തെരഞ്ഞെടുക്കാമല്ലോ. നമ്മുടെ മാതൃഭൂമിതന്നെ ആശിക്കുന്നത് ഹിന്ദുമതവും ഇസ്ലാമും എന്ന രണ്ടു മഹാസമ്പ്രദായങ്ങളുടെ, വേദാന്ത മസ്തിഷ്കത്തോടും ഇസ്ലാം ശരീരത്തിന്റെയും യോഗമാണ്. ഈ കുഴക്കിലും കലഹത്തിലുംനിന്ന് ഭാവിയിലെ പൂര്‍ണഭാരതം മഹവീയവും അജയ്യവുമായി വേദാന്ത മസ്തിഷ്കത്തോടും ഇസ്ലാം ശരീരത്തോടുംകൂടി ഉയര്‍ന്നുവരുന്നത് ഞാനെന്റെ മനക്കണ്‍ മുമ്പാകെ കാണുന്നു". (വി.സാ.സ. വോള്യം 5 പേജ് 566-577).

ഈ വാക്കുകളില്‍നിന്നുതന്നെ വിവേകാനന്ദന്റെ പൂര്‍ണ ഭാരതസങ്കല്‍പമെന്തെന്ന് വളരെ വ്യക്തമാണ്. വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തെ പ്രായോഗികാദ്വൈതം എന്നാണ് വിളിച്ചിരുന്നത്. പ്രായോഗികാദ്വൈതം യാഥാര്‍ഥ്യമായിത്തീരാന്‍ ഹിന്ദു മുസ്ലിം മൈത്രി അത്യാവശ്യമാണെന്നുമാണ് സ്വാമിജി കത്തില്‍ ഊന്നിപ്പറയുന്നതും. എന്നാല്‍, സ്വാമി വിവേകാനന്ദനെ മാതൃകയാക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സംഘപരിവറിന്റെ 'വിചാരധാര'യില്‍ നാം കാണുന്നത് മുസ്ലിങ്ങളെ ഒന്നടങ്കം ശത്രുക്കളായി കാണുന്ന 'ഹിന്ദുരാഷ്ട്ര' വാദമാണ്. അതാണ് നരേന്ദ്രമോഡി ഗുജറാത്തിലും മോഡിയെ മാതൃകയാക്കി കേരളത്തില്‍ മാറാടും ചെയ്ത 'ഹിന്ദുത്വ' പ്രവര്‍ത്തനം. എന്തായാലും വിവേകാനന്ദനെക്കാള്‍ മികച്ച ഹിന്ദുക്കളല്ല ഗുരുജി ഗോള്‍വാല്‍ക്കറും നരേന്ദ്രമോഡിയും പരമേശ്വരനും കുമ്മനം രാജശേഖരനും പ്രവീണ്‍ തൊഗാഡിയയും എന്നു തീര്‍ച്ചയാണല്ലോ. അതിനാല്‍ വിവേകാനന്ദന്റെ ഹിന്ദു മുസ്ലിം മൈത്രിയിലൂന്നിയ 'പൂര്‍ണഭാരത'ത്തിനാണോ അതോ വിവേകാനന്ദനെ അപമാനിക്കുന്ന 'ഹിന്ദുരാഷ്ട്ര' വാദത്തിനാണോ തങ്ങള്‍ വിലകല്‍പിക്കേണ്ടതെന്ന് ചിന്താശീലനായ ഓരോ ഹിന്ദുവും ആത്മപരിശോധന നടത്തണം. അത്തരം ആത്മപരിശോധന നടത്തുന്ന ഒരൊറ്റ ഹിന്ദുവിനും മുസ്ലിമിനെ ശത്രുവായി കാണുന്നതിലൂടെ സ്വാമി വിവേകാനന്ദന്റെ പ്രായോഗികാദ്വൈതത്തെ അപമാനിക്കുന്ന ആര്‍എസ്എസിനോടു കൂറുപുലര്‍ത്താനാവില്ല.

ഹിന്ദു മുസ്ലീം മൈത്രിയിലൂന്നിയ വിവേകാനന്ദ സങ്കല്‍പങ്ങളെ നടപ്പില്‍ വരുത്തുവാന്‍ തനതുശൈലിയില്‍ പ്രയത്നിച്ച മഹാത്മാഗാന്ധിയേയും ജനാധിപത്യമതേതര ഭാരതത്തിന്റെ നിലനില്‍പിനുവേണ്ടി പോരാടുന്ന ഇടതുപക്ഷപ്രവര്‍ത്തകരേയും പതിയിരുന്നു കൊല്ലാനുള്ള കാട്ടാളത്തം കാണിച്ചിട്ടുള്ള ആര്‍എസ്എസിലൂടെ ഒരു കാലത്തും വിവേകാനന്ദനെപ്പോലുള്ള ലോകാരാധ്യരായ ഹിന്ദുക്കളുടെ ആശയദര്‍ശനങ്ങള്‍ നടപ്പാവുകയില്ലെന്ന് പൊതുജനങ്ങള്‍ തിരിച്ചറിയണം. ഈ തിരിച്ചറിവോടെ പരിശോധിക്കുമ്പോള്‍ വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കാനുള്ള അര്‍ഹത ഹിന്ദു-മുസ്ലീം മൈത്രിക്കുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ഗാന്ധിജിയെ കൊന്നവര്‍ക്കല്ലെന്നും മറിച്ച് മതേതര മാനവികതയിലൂന്നി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാണെന്നും മനസ്സിലാവും. ഇതു മനസ്സിലാക്കുന്നവര്‍ക്ക് അവരുടെ ബാനറുകളില്‍ സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം കാണുമ്പോള്‍ പരിഭ്രമം ഉണ്ടാവുകയില്ല; മറിച്ച് ആര്‍എസ്എസ് ബോര്‍ഡുകളില്‍ വിവേകാനന്ദനെ കാണുമ്പോള്‍ പ്രതിഷേധം ഉണ്ടാവുകയും ചെയ്യും.

'വേദങ്ങളോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരിടത്തേക്ക് മനുഷ്യരാശിയെ നയിക്കുകയാണു വേണ്ട'തെന്നും ഓരോരുത്തരും തനിക്കേറ്റവും പറ്റിയ മതപരമായ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ കഴിയണ' മെന്നും ആഗ്രഹിച്ച സ്വാമി വിവേകാനന്ദന്റെ നിലപാടുകള്‍ക്ക് മനുഷ്യന്‍ ഇസ്ലാം ആവുന്നതിനേയോ ക്രിസ്ത്യാനിയാവുന്നതിനേയോ നിരീശ്വരവാദിയാവുന്നതിനേയോ അംഗീകരിക്കാനാവാത്ത ഗുരുജി ഗോള്‍വാക്കറുടെ 'ഹിന്ദുരാഷ്ട്ര' വാദത്തിനോടുള്ളതിനേക്കാള്‍‍ ചേര്‍ച്ച മഹാനായ ലെനിന്റെ കാഴ്ചപ്പാടുകളോടാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ലെനിന്‍ എഴുതുന്നു:

മതം ഒരു സ്വകാര്യ വിഷയമാണെന്നു പ്രഖ്യാപിക്കണം.... ഭരണകൂടത്തിനു മതത്തില്‍ കാര്യമൊന്നും പാടില്ല. മതസംഘടനകള്‍ക്ക് സര്‍ക്കാരുമായി യാതൊരു ബന്ധവും പാടില്ല. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വതന്ത്ര്യം വേണം. അതേപോലെ തന്നെ മത വിശ്വാസിയാവാതിരിക്കാനുള്ള അതായതു നാസ്തികനാകാനുള്ള, സ്വതന്ത്ര്യവും വേണം. സോഷ്യലിസ്റ്റുകള്‍ സാമാന്യേന അത്തരക്കാരാണല്ലോ” (ലെനിന്‍ സോഷ്യലിസവും മതവും പേജ് 5-6).

ലെനിന്റെ മതസമീപനവും വിവേകാനന്ദന്റെ മതസമീപനവും തമ്മിലുള്ള പൊരുത്തം വളരെ പ്രകടവും ചിന്തനീയവുമാണ്. അതിനാല്‍ സ്വാമി വിവേകാനന്ദന്‍ എന്ന ആധുനികലോകം കണ്ട ഏറ്റവും മഹാനായ ഹിന്ദുവിന്റെ മതമൈത്രിയും ജനാധിപത്യബോധവും നിറഞ്ഞ പൂര്‍ണ്ണ ഭാരത സങ്കല്പത്തെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരേക്കാള്‍ കൂടുതല്‍ കമ്യൂണിസ്റ്റുകള്‍ ആണെന്നു തീര്‍ത്തും പറയാം.

(കടപ്പാട്: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ദേശാഭിമാനി)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

"ആധുനിക ലോകത്തിനു മുമ്പാകെ ഭാരതീയചിന്തകളുടെയും ഹിന്ദുമതത്തിന്റെയും സവിശേഷതകള്‍ യുക്തിഭദ്രമായി അവതരിപ്പിച്ച സന്യാസിശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദന്‍. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് ഒട്ടും പൊരുത്തപ്പെടാത്ത ഒരു പ്രവര്‍ത്തനത്തെയും ഭാരതത്തിനുവേണ്ടിയുള്ളതെന്നോ ഹിന്ദുത്വത്തിന്റെ ശ്രേയസ്സിന് ഉതകുന്നതെന്നോ വിലയിരുത്തുവാനാവുകയില്ല" സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറയുന്നു.

ഒരു “ദേശാഭിമാനി” said...

തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും അറിയാം. പക്ഷെ അതു നടപ്പിലാവാത്തതു ദാ... ഇതുപോലുള്ള പ്രസ്റ്റീജ് പ്രസ്താവനകള്‍ കോണ്ടാണു...നോക്കൂ

“പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരേക്കാള്‍ കൂടുതല്‍ കമ്യൂണിസ്റ്റുകള്‍ ആണെന്നു തീര്‍ത്തും പറയാം.“