Thursday, May 22, 2008

ദൈവങ്ങള്‍ക്ക് തിരക്കേറുമ്പോള്‍

ഇന്ത്യന്‍ മദ്ധ്യവര്‍ഗങ്ങളുടെ മതചിന്തകള്‍ മേല്‍ക്കുമേല്‍ ശക്തിപ്പെട്ടുവരികയാണ്.

"ലോകത്തിന്റെ മതബോധം എക്കാലത്തുമെന്നപോലെ ഇന്നും തീവ്രമായിത്തുടരുന്നു. രാഷ്ട്രീയനിരപേക്ഷമായ മതത്തിനുവേണ്ടിയുള്ള അന്വേഷണം പരാജയപ്പെട്ടു കഴിഞ്ഞു. പ്രതിലോമകാരിയായ പ്രകൃത്യാതീതവാദത്തില്‍ കുളിച്ചുനില്‍ക്കുന്ന ആശയങ്ങളും ആചാരങ്ങളുമായി മതപ്രസ്ഥാനങ്ങള്‍ എങ്ങും വിജയം നേടിയിരിക്കുന്നു.''- പീറ്റര്‍ ബെര്‍ഗര്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോളമുതലാളിത്തത്തിന്റെ പതുങ്ങിക്കിടക്കുന്ന കടുവയെന്നാണ് ഇന്ത്യന്‍ മുതലാളിത്തം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ മതസാഹചര്യം അടുത്തറിയുന്ന ആര്‍ക്കും ബെര്‍ഗറുടെ നിഗമനത്തിന് തെളിവുകള്‍ തേടി അലയേണ്ടിവരില്ല.ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ശാസ്ത്രസാങ്കേതിക ശൃംഖലയില്‍ ആവേശപൂര്‍വ്വം കണ്ണിചേരുന്ന, വിദ്യാസമ്പന്നരും സാമ്പത്തികമായി ഭേദപ്പെട്ടവരുമായ, ദശലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. ജൈവസാങ്കേതികവിദ്യയും ഔഷധവ്യവസായവുമായി ബന്ധപ്പെട്ട അത്യാധുനിക ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയുന്നവിധത്തില്‍ ശാസ്ത്രീയവും വസ്തുതാപരവുമായ പ്രകൃത്യാവബോധം വളര്‍ന്നിട്ടുള്ള നാടാണിത്. എന്നിട്ടും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ ഗുണഭോക്താക്കളായ ഇന്ത്യന്‍ മദ്ധ്യവര്‍ഗങ്ങളില്‍നിന്നുവരുന്ന ബഹുഭൂരിപക്ഷം പേരും ആള്‍ദൈവങ്ങളിലും അമ്മദൈവങ്ങളിലും വിശ്വസിക്കുന്നവരും വിഗ്രഹങ്ങളെ പൂജിക്കുന്നവരുമായി തുടരുന്നു. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, നദികള്‍, വൃക്ഷങ്ങള്‍, വിശുദ്ധി കല്‍പ്പിക്കപ്പെടുന്ന മൃഗങ്ങള്‍ എന്നിവയുടെ പ്രകൃത്യാതീതശേഷിയിലുള്ള വിശ്വാസം അവരിന്നും മുറുകെപ്പിടിക്കുന്നു. പ്രകൃത്യാതീത ശക്തികളിലും സങ്കല്‍പ്പങ്ങളിലുമുള്ള വിശ്വാസത്തിലൂടെയും അവയോടുള്ള ആത്മാര്‍പ്പണത്തിലൂടെയും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാമെന്നു വിശ്വസിക്കുന്ന ഇത്തരക്കാര്‍ ഇവയെ അങ്ങേയറ്റത്തെ ഔത്സുക്യത്തോടെയാണ് ശരണപ്പെടുന്നത്.

'സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റീസ്' (CSDS) എന്ന സ്ഥാപനം 2007 ല്‍ നടത്തിയ ദേശീയസര്‍വ്വേ വ്യക്തമാക്കുന്നത് ഇന്ത്യക്കാരുടെ മതാഭിമുഖ്യം,കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗണ്യമായി വര്‍ദ്ധിച്ചതായാണ്. വെറും അഞ്ചുശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ മതവിശ്വാസം ദുര്‍ബലപ്പെട്ടതായി സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ മുപ്പതുശതമാനമാളുകള്‍ തങ്ങളുടെ മതാഭിമുഖ്യം വര്‍ദ്ധിച്ചതായി വ്യക്തമാക്കി. വിദ്യാഭ്യാസവും നാഗരികജീവിതശൈലിയുമായുള്ള സമ്പര്‍ക്കവും ഇന്ത്യക്കാരുടെ വിശ്വാസം ദുര്‍ബലമാക്കുകയല്ല, തീവ്രമാക്കുകയാണ് ചെയ്യുന്നതെന്നുകൂടി അതേ പഠനം തെളിയിച്ചു. വിദ്യാസമ്പന്നരായ നാഗരികര്‍ നിരക്ഷരരായ ഗ്രാമീണരെക്കാള്‍ മതാഭിമുഖ്യമുള്ളവരാണ്.

തീര്‍ഥാടനകേന്ദ്രങ്ങളിലെ ആള്‍ത്തിരക്കിലും വിശ്വാസവുമായി ബന്ധപ്പെട്ട യാത്രകളിലും ഉണ്ടാകുന്ന വര്‍ദ്ധനവാണ് ഇന്ത്യയില്‍ ശക്തിപ്പെടുന്ന മതാഭിമുഖ്യത്തിന്റെ മറ്റൊരു സൂചകം. 'നാഷണല്‍ കൌണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് ‘ (NCAER) സമീപകാലത്തുനടത്തിയ ഒരു പഠനം വ്യക്തമാക്കിയതനുസരിച്ച് 'പാക്കേജ് യാത്രക'ളില്‍ പകുതിയിലേറെയും മതപരമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ്. വിനോദത്തിനുവേണ്ടിയുള്ള ദീര്‍ഘയാത്രകള്‍ ആകെയുള്ളതിന്റെ 28 ശതമാനമേ വരൂ. അതിന്റെ ഇരട്ടിയോളം വരുമിത്. 23 ദശലക്ഷം ജനങ്ങളാണ് 2004 ല്‍ ബാലാജിക്ഷേത്രം സന്ദര്‍ശിച്ചത്. അതേ കാലയളവില്‍ 17 ദശലക്ഷത്തിലേറെ പേര്‍ വൈഷ്ണോദേവിയുടെ പര്‍വ്വതക്ഷേത്രം സന്ദര്‍ശിച്ചു. ഇന്ത്യന്‍ ജനസംഖ്യയുടെ 85 ശതമാനത്തോളം വരുന്ന ഹിന്ദുക്കളിലാണ് ഈ പഠനം ഊന്നുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമേ മതാഭിമുഖ്യം വളരുന്നുള്ളൂവെന്ന് അതിനര്‍ഥമില്ല. രാജ്യത്തെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിക്കുകാര്‍ക്കുമിടയിലും മതവിശ്വാസം മുറുകുന്നതായാണ് മതാഭിമുഖ്യത്തിന്റെ സൂചകങ്ങള്‍ വ്യക്തമാക്കുന്നത്.

ആചാരഹരിതവും ദാര്‍ശനികമാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും മതേതര മാനവികതയെ ആദരിക്കുന്നതുമായ ഹിന്ദുമതത്തിന്റെ വ്യാഖ്യാനങ്ങളില്‍ ഇന്ത്യയിലെ ഉപരിമധ്യവര്‍ഗങ്ങള്‍ തൃപ്തമല്ല. മറിച്ച് പ്രാര്‍ഥനകള്‍ക്കു മറുപടി നല്‍കുന്നതും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതുമായ ദൈവങ്ങളോടാണ് അവര്‍ക്കു പ്രിയം. 'ആക്‍ട്‌സ് ഓഫ് ഫെയിത്ത്' എന്ന കൃതിയുടെ രചയിതാക്കളായ റോഡ്‌നി സ്‌റ്റാര്‍ക്ക്, റോജര്‍ ഫിങ്ക് എന്നീ സാമൂഹ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചതുപോലെ വ്യക്തിപരമായ പരിഭവങ്ങള്‍ ശ്രദ്ധിക്കുന്ന (പ്രാര്‍ഥിക്കുന്നവരോട് കരുണയും അവരുടെ കാര്യങ്ങളില്‍ കരുതലും കാണിക്കുന്ന) ദയയും കരുണയും നിറഞ്ഞ ദൈവങ്ങളാണവര്‍ക്കു വേണ്ടത്. അഥവാ, "വിശ്വാസികളെ കാത്തു പരിപാലിക്കുന്ന'' ദൈവങ്ങളാണ് അവരുടെ സങ്കല്‍പ്പത്തില്‍.

ദാര്‍ശനികസ്വഭാവം കാണിക്കുന്ന സംസ്കൃതമതസാഹിത്യത്തിന്റെ സാംസ്കാരികമായ ആഡ്യപരിവേഷത്തിന് മങ്ങലേറ്റുവെന്ന് ഇതിനര്‍ഥമില്ല. ഹൈന്ദവ മതാത്മകതയുടെ വിപണനമൂല്യം തികഞ്ഞ ബ്രാന്‍ഡായി മാറിക്കഴിഞ്ഞ "വൈദിക ശാസ്ത്ര''ത്തിനു പിന്നില്‍ ഈ 'ദാര്‍ശനികമതം'തന്നെയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള അധ്യാത്മികാന്വേഷികളെ ആകര്‍ഷിക്കുന്നതില്‍ ഈ ദാര്‍ശനികമതത്തിന് ഇപ്പോഴും വലിയ പങ്കുണ്ട്. മതാത്മകരായിരുക്കുന്നതും അതിന്റെ അടയാളങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും ഇന്ന് കൂടുതല്‍ സുഖകരവും സൌകര്യപ്രദവുമായിരിക്കുന്നു. പരസ്യമായി മതാചാരങ്ങളുടെ ഭാഗമാകാനും അമ്പലങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും നടക്കുന്ന യജ്ഞങ്ങള്‍ പോലെയുള്ള ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാനും ഇന്ത്യയിലെ 'എലൈറ്റു'കള്‍ക്ക് (മുമ്പുണ്ടായിരുന്ന) ജാള്യത ഇന്നില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ മതാത്മകത കൂടുതല്‍ തുറന്നതും പ്രദര്‍ശനപരവും ആയിക്കൊണ്ടിരിക്കുന്നു.

ഇതിനെല്ലാം പുറമെ ഗ്രാമീണരുടേയും അധ്വാനവര്‍ഗസമൂഹങ്ങളുടേയും ദൈവങ്ങളേയും ദേവതമാരെയും ഇന്ത്യന്‍ മധ്യവര്‍ഗവും കച്ചവടപ്രമാണിമാരും പ്രവാസി ഇന്ത്യക്കാരും ആവേശപൂര്‍വം ദത്തെടുക്കുകയാണ്. ഉപരിവര്‍ഗങ്ങള്‍ക്ക് അസ്വീകാര്യരും അമാന്യരുമായിരുന്ന കീഴാളദൈവങ്ങളും ആരാധനാമൂര്‍ത്തികളും സംസ്കൃതവല്‍ക്കരണത്തിലൂടെ, മാന്യരാക്കപ്പെടുകയാണ്. ദരിദ്രരുടെയും നിരക്ഷരരുടെയും കീഴാളജാതിസമൂഹങ്ങളുടേയും ആചാരവിശ്വാസങ്ങളും ജീവിതരീതികളുമായി മാത്രം ബന്ധപ്പെട്ടിരുന്ന പ്രാദേശികദൈവങ്ങള്‍ മാളുകളും മള്‍ട്ടിപ്ലെക്സുകളും പ്രവര്‍ത്തിക്കുന്ന നഗരജീവിതത്തിന്റെ പൊങ്ങച്ചനാട്യങ്ങളില്‍ ഇടം പിടിക്കുകയാണ്. മാരിയമ്മന്‍ അമ്മ ദൈവങ്ങള്‍ക്ക് ദക്ഷിണേന്ത്യയിലും 'മാതാഗ എന്നു വിളിക്കപ്പെടുന്ന 'ദേവി'ക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലഭിക്കുന്ന വര്‍ദ്ധിച്ച അംഗീകാരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ പ്രണത എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമായും ഉയരണം.

നിരക്ഷര ജനസാമാന്യത്തിന്റേതായി കണക്കാക്കപ്പെട്ടുപോന്ന 'വിലകുറഞ്ഞ' ദൈവങ്ങളോടുള്ള ആഭിമുഖ്യം ഇന്ത്യന്‍ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ ഉരിത്തിരിയുന്നതെങ്ങനെയാണ്. വിശ്വാസികളില്‍നിന്നുതന്നെ ഇതിനു സാമാന്യം തൃപ്തികരമായ ഉത്തരം ലഭിക്കും. ലോകവ്യാപിയായ "മഹാദൈവങ്ങളെ''ക്കാള്‍ മനസ്സടുപ്പമുള്ളവരും എളുപ്പം പ്രസാദിക്കുന്നവരും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് ഇടം നല്‍കുന്നവരുമാണ്, ഇവരെ സംബന്ധിച്ചിടത്തോളം ഇത്തരം കൊച്ചുദൈവങ്ങള്‍. മധ്യവര്‍ഗങ്ങളുടെ വര്‍ദ്ധമാനമായ സാന്നിദ്ധ്യം ഇന്ത്യന്‍ സമൂഹത്തെ മതനിരപേക്ഷവല്‍ക്കരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനുപകരം അവര്‍ മതപരമായ ആചാരവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളുടെ കാവല്‍ ദേവതകളായും പോക്സ് പോലുള്ള മാരകവ്യാധികളില്‍ നിന്നുള്ള സംരക്ഷകരായും കരുതപ്പെട്ടുപോന്ന 'ചെറിയ' ദൈവങ്ങളിന്ന് മത്സരാധിഷ്ഠിതമായ നഗരജീവിതത്തില്‍ ഭക്തര്‍ക്ക് വിജയമാശംസിക്കുന്ന 'വലിയ' ദൈവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

ഈ പ്രതിഭാസത്തെ എങ്ങനെ വിശദീകരിക്കാനാവും?

വിദ്യാസമ്പന്നരും ഭേദപ്പെട്ട ജീവിതം നയിക്കുന്നവരുമായ ആളുകളെ അത്ഭുതകൃത്യങ്ങളിലും പ്രകൃത്യാതീതശക്തികളിലും വിശ്വസിക്കുന്നവരായി നിലനിര്‍ത്തുന്നതെന്താണ്. 'സാമൂഹ്യശാസ്ത്രം നാളിതുവരെ മുന്നോട്ടുവച്ച പ്രധാനപ്പെട്ട രണ്ടു വിശദീകരണങ്ങളില്‍ ഒന്നും ഇന്ത്യയ്ക്കു യോജിക്കുന്നില്ല എന്നതാണു വാസ്തവം. ആദ്യവിശദീകരണത്തില്‍ അടങ്ങിയിരിക്കുന്നത് സാമ്പത്തികസുരക്ഷിതത്വത്തിന്റെ പ്രശ്നമാണ്. ആധുനിക വ്യവസായവല്‍കൃത സമൂഹങ്ങളുടെ ആഭിമുഖ്യത്തിന് അവരുടെ 'അസ്തിത്വപരമായ അരക്ഷിതത്വവുമായുള്ള അടുത്തബന്ധം പിപ്പ നോറിസും റോണാള്‍ഡ് ഇംഗിള്‍ഹാര്‍ട്ടും അവരുടെ ‘സേക്രഡ് ആന്റ് സെക്യുലര്‍' എന്ന കൃതിയില്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ അമേരിക്കന്‍, യൂറോപ്യന്‍ സമൂഹങ്ങളുടേയും ജപ്പാന്റെയും പശ്ചാത്തലത്തിലായിരുന്നു നോറിസിന്റെയും ഇംഗിള്‍ഹാര്‍ട്ടിന്റെയും അന്വേഷണം. പ്രാര്‍ഥനയുടെ ആവൃത്തിയെ അടിസ്ഥാന സൂചനകമാക്കി അവര്‍ നടത്തിയ പഠനത്തില്‍, വരുമാനം വര്‍ധിക്കുന്നതനുസരിച്ച് മതാത്മകത കുറയുന്നുവെന്നു വ്യക്തമായി. മൊത്തത്തിലെടുക്കുമ്പോള്‍, പാവപ്പെട്ടവരിലെ മതാത്മകത പണക്കാരിലേതിന്റെ ഏകദേശം ഇരട്ടിയാണെന്ന് അവര്‍ കണ്ടെത്തി. അമേരിക്കയില്‍ നിന്നുള്ള കണക്കുകളനുസരിച്ച്, പാവപ്പെട്ട മൂന്നുപേരുടെ കാര്യമെടുത്താല്‍ അവരില്‍ രണ്ടുപേരും പ്രാര്‍ഥിക്കുന്നവരാണ്. എന്നാല്‍ വരുമാനം കൂടിയവരില്‍ 47 ശതമാനം മാത്രമേ പ്രാര്‍ഥിക്കുന്നവരായുള്ളു.

ഈ കാഴ്ചപ്പാട് ശരിയാണെങ്കില്‍ വ്യവസായവല്‍ക്കരണത്തിനു വിധേയമാകുന്നതോടെ ആധുനികസമൂഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ മതനിരപേക്ഷമാകണം. ഈ യുക്തിയനുസരിച്ച് 'സാമൂഹ്യക്ഷേമം ഉറപ്പുവരുത്താത്ത സമൂഹങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമേ മതാത്മകത ശക്തമായി നിലനില്‍ക്കുകയുള്ളൂ.

ഈ വിശദീകരണം ഇന്ത്യന്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല എന്നു പ്രത്യേകം പറയേണ്ടതില്ല. പശ്ചാത്യ മാനദണ്ഡങ്ങള്‍ വച്ചുപോലും ഉന്നതമായ ജീവിതനിലവാരം പുലര്‍ത്തുന്ന സമ്പന്നരും കൂടുതല്‍ സമ്പന്നരായിക്കൊണ്ടിരിക്കുന്നവരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ പിന്നെയും പിന്നെയും ശക്തിപ്പെടുന്ന മതാത്മകതയാണ് ഇന്ത്യയില്‍ കാണാനാവുന്നത്. മറ്റൊരു വിശദീകരണമനുസരിച്ച് ശക്തിപ്പെടുന്ന മതാത്മകത ആധുനികവല്‍ക്കരണത്തിനും പാശ്ചാത്യവല്‍ക്കരണത്തിനുമെതിരായ പ്രതിരോധത്തിന്റെ രൂപമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ദി ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ പവന്‍ വര്‍മ്മയുടെ അഭിപ്രായത്തില്‍, പഴയ ഗ്രാമീണ ജീവിതത്തിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വേരറുക്കപ്പെട്ടവരും ഒറ്റപ്പെടലിന്റെ അസ്വസ്ഥതപേറുന്നവരുമായ നാഗരിക വര്‍ഗങ്ങള്‍ക്ക് മതവിശ്വാസം ഒരഭയസ്ഥാനമാണ്. നാഗരിക ജീവിതസാഹചര്യങ്ങളിലേക്കുള്ള പരിവര്‍ത്തനം ജനങ്ങളെ നിരാലംബരാക്കുന്നുവെന്നും മറ്റു വിശ്വാസികള്‍ക്കൊപ്പം ദൈവികമായ സാന്ത്വനമന്വേഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുവെന്നും വര്‍മ്മ വെറുതേ സങ്കല്‍പ്പിക്കുകയാണ്.

എന്നാല്‍ അരക്ഷിതത്വവും ഒറ്റപ്പെടലുമല്ല ഇന്നത്തെ പ്രവണതയുടെ പിറകില്‍ കാണാനാവുന്നത്. തൊഴില്‍സുരക്ഷിതത്വമില്ലാത്ത മത്സരാധിഷ്ഠിത സാമ്പത്തിക പരിതസ്ഥിതി പുത്തന്‍ മദ്ധ്യവര്‍ഗത്തിനിടയില്‍ അരക്ഷിതത്വവും ഉല്‍ക്കണ്ഠയും വളര്‍ത്തുന്നുണ്ടെന്നത് യാഥാര്‍ഥ്യംതന്നെയാണ്, എന്നാലതോടൊപ്പം പെരുകുന്ന അവസരങ്ങളുടെ ചക്രവാളം അവര്‍ക്കുമുന്നില്‍ വികസിക്കുന്നുമുണ്ട്. ഗവേഷകയായ മായവാര്യരുടെ അഭിപ്രായത്തില്‍ "വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പുത്തനവസരങ്ങള്‍ എത്തിപ്പിടിക്കുന്നതില്‍ ഈ നാഗരിക മധ്യവര്‍ഗങ്ങള്‍ മുന്നില്‍ത്തന്നെയാണ്. മാറ്റത്തിന്റെയും വളര്‍ച്ചയുടെയും ഇതുവരെ കാണാത്ത ഗതിവേഗം അവരിലുണ്ടാക്കുന്നത് നിരാശയോ ഒറ്റപ്പെടലോ അല്ല, ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങള്‍ തങ്ങള്‍ക്കുമുന്നില്‍ തുറന്നുവയ്ക്കുന്ന ബഹുമുഖമായ അവസരങ്ങള്‍ നല്‍കുന്ന ശുഭപ്രതീക്ഷയാണ്. ഒറ്റപ്പെടലോ നിരാശയോ അല്ല ഇന്ത്യന്‍ മദ്ധ്യവര്‍ഗത്തിനിടയില്‍ ശക്തിപ്പെടുന്ന മതാത്മകയുടെ യാഥാര്‍ഥ കാരണം. പുത്തന്‍ സാധ്യതകളും അവയുപയോഗപ്പെടുത്തി സ്വരുക്കൂട്ടുന്ന സമ്പത്തും ചേര്‍ന്നു സൃഷ്ടിക്കുന്ന പുതിയ ലോകത്തിന്റെ വൈരുദ്ധ്യങ്ങളെ പഴയ ലോകത്തിന്റെ സങ്കല്‍പ്പങ്ങളുമായി സമന്വയിപ്പിക്കാനുള്ള വ്യഗ്രതയെന്ന നിര്‍വ്വചനമായിരിക്കണം ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ദ്ധിച്ചു വരുന്ന മതാത്മകതയെ കൂടുതല്‍ നന്നായി വിശദീകരിക്കുക.

ഈ അന്തസംഘര്‍ഷത്തെ അതിജീവിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന അഭിനവഗുരുക്കന്മാര്‍ പുത്തന്‍ സമ്പത്തിന് ദൈവികത്വത്തിന്റെ മുദ്രപതിച്ചു നല്‍കാനും തയ്യാറാണ്. " സമ്പന്നനായിരിക്കുകയെന്നത് ദൈവികമാണ്'' എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. ഉദാഹരണമായി, ചെന്നയിലെ ബിസിനസ്സുകാരുടെ കണ്‍കണ്ടഗുരുവായ സ്വാമി ദയാനന്ദ ഭഗവദ്ഗീതയെ വ്യാഖ്യാനിക്കുന്നത് ബിസിനസ്സ് ലോകത്തിന് സ്വീകാര്യമാകുമെന്നുറപ്പുള്ള രീതിയിലാണ്. ഒരു 'ജീവിതക്രമ'മായും ജീവിതപദ്ധതിയായും അദ്ദേഹം ഗീതാപാഠങ്ങളെ വിപണനം ചെയ്യുന്നു. ആഗ്രഹങ്ങള്‍ ഉപേക്ഷിക്കാനാണ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്. എന്നാല്‍ ജനങ്ങളെ കര്‍മ്മോത്സുകരാക്കുന്ന ദൈവികത്വത്തിന്റെ ആവിഷ്ക്കാരമാണ് ആഗ്രഹങ്ങളെന്ന് ദയാനന്ദ പഠിപ്പിക്കുന്നു. അദ്ദേഹം പഠിപ്പിക്കുന്ന "പ്രായോഗികമോക്ഷ''ത്തിന്റെ സാരം കിടക്കുന്നത് "ദൈവികമായ ദാനങ്ങള്‍'' പരിത്യജിക്കുന്നതിലല്ല, മറിച്ച് അവയെ മനുഷ്യന്റെ ഇച്ഛാശക്തിക്കു കീഴ്പ്പെടുത്തുന്നതിലാണ്. ദൈവവുമായുള്ള സാത്മീകരണത്തിന്റെ സാരമുപദേശിച്ച ഭഗവത്ഗീതയുടെ സന്ദേശമെന്നവകാശപ്പെട്ടുകൊണ്ട്, ഇത്തരം "ആധുനികഗുരുക്കന്മാര്‍'' പഠിപ്പിക്കുന്നത് കച്ചവടത്തില്‍ വിജയിക്കാനുള്ള മാര്‍ഗങ്ങളാണ്. അധ്യാത്മികലക്ഷ്യങ്ങള്‍ക്കും ഉപഭോഗസംസ്കാരത്തിനുമിടയില്‍ നില്‍ക്കുന്ന മതാത്മകരായ ഇന്ത്യക്കാരുടെ അന്തസ്സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ അവരെ സഹായിക്കുകയാണ് ഈ അഭിനവഗുരുക്കന്മാര്‍ ചെയ്യുന്നത്. പാശ്ചാത്യമായ ഉപഭോഗസംസ്കാരം ഇന്ത്യക്കാരിലേല്‍പ്പിക്കുന്ന കര്‍മ്മഭാരത്തെക്കുറിച്ച് സംസാരിക്കുന്ന മാതാ അമൃതാനന്ദമയിയെപ്പോലുള്ള ഗുരുക്കന്മാര്‍ അതില്‍നിന്നു കരകയറാനുള്ള പൂജകളും അധ്യാത്മവിധികളും നിര്‍ദ്ദേശിക്കുന്നു. ഷോപ്പിങ്ങിന്റെ കേടുതീര്‍ക്കാന്‍ കൂടുതല്‍ ഷോപ്പിങ്ങ് ! 'ഗുരുക്കന്മാരുടെ' സേവനമടക്കമുള്ള അധ്യാത്മികോല്പന്നങ്ങളാണ് വിറ്റഴിക്കപ്പെടുന്നത് എന്നുമാത്രം! എല്ലാവര്‍ക്കും വിജയിക്കാവുന്ന ഒരു കളിയാണിത്.

മതാത്മകതയുടെ പൊതുപ്രദര്‍ശനത്തിനു മേനിപകരുന്ന മറ്റൊരു ഘടകം മതാത്മകമായ ദേശീയവികാരവും ഇന്ത്യന്‍ സംസ്കാരം മറ്റു സമൂഹങ്ങളുടേതിനേക്കാള്‍ മികച്ചതാണെന്ന ധാരണയുമാണ്. 'ഗ്ലോബല്‍ ആറ്റിറ്റ്യൂഡ് സര്‍വേ'യുടെ റിപ്പോര്‍ട്ടനുസരിച്ച്, "നമ്മുടെ ജനത പൂര്‍ണ്ണരല്ലായിരിക്കാം, എന്നാല്‍ നമ്മുടെ സംസ്കാരം ലോകത്തിലേറ്റവും മികച്ചതാണ്'' എന്ന പ്രസ്താവത്തോട് ഏറ്റവും കൂടുതല്‍ യോജിച്ചത് ഇന്ത്യക്കാരാണ്, സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 93 ശതമാനത്തിനും അതേ അഭിപ്രായമായിരുന്നു. ചൈനയിലെയും ജപ്പാനിലെയും, അമേരിക്കയിലെ പോലും ജനങ്ങള്‍ സ്വന്തം സംസ്കാരത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ തയ്യാറായി. അവരാരും സ്വന്തം സംസ്കാരത്തെക്കുറിച്ച് ഇന്ത്യക്കാരെപ്പോലെ ഊറ്റം കൊള്ളുന്നില്ല.

മാധ്യമവ്യവഹാരങ്ങളിലും പൊതുജീവിതത്തിലും ഇന്ത്യന്‍ സംസ്കാരത്തിന്റെ സത്തയായി അവതരിപ്പിക്കപ്പെടുന്നത് ഹൈന്ദവമായ അടയാളങ്ങളും പ്രതീകങ്ങളുമാണ്. ഈ അന്തരീക്ഷത്തില്‍ വളര്‍ന്നുവരുന്ന വിദ്യാസമ്പന്നരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മതത്തേയും സംസ്കാരത്തേയും വേര്‍തിരിക്കുക എളുപ്പമല്ല. ആഗോളവിപണിയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുന്നതുപോലും ഹൈന്ദവമൂല്യങ്ങളുടെ മഹത്വംകൊണ്ടാണെന്നു കണക്കാക്കപ്പെടുന്നു. സ്വാമി രാംദേവ്, സ്വാമി ദയാനന്ദസരസ്വതി, സായിബാബ തുടങ്ങിയ ഗുരുക്കന്മാരും ഒരു പറ്റം ടെലിവിഷന്‍ യോഗിമാരും ഈ വികാരത്തെ പ്രോത്സാഹിപ്പിച്ച് വഷളാക്കിക്കൊണ്ടിരിക്കുന്നു. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള ആഗോളമത്സരത്തില്‍ കൂടുതല്‍ വിജയിക്കാനുള്ള മാര്‍ഗം കൂടുതല്‍ നല്ല ഹിന്ദുവാകുകയാണെന്ന സന്ദേശമാണ് എങ്ങും പ്രക്ഷേപണം ചെയ്യപ്പെടുന്നത്.

കാലത്തിനൊത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മതപാരമ്പര്യത്തിന്റെ മികച്ച ദൃഷ്ടാന്തമാണ് ഇന്നത്തെ ഹിന്ദുമതം എന്നു പറയേണ്ടിയിരിക്കുന്നു. ഹിന്ദുമതം അതിന്റെ സ്വാധീനശക്തിക്കു കോട്ടംവരാതെ സൂക്ഷിക്കുന്നത് ഈ സ്വയംപരിവര്‍ത്തനത്തിലൂടെയാണ്. കോര്‍പറേറ്റ് മുതലാളിത്തത്തിലേക്കു ചുവടുവയ്ക്കുന്ന പുതിയ ഹിന്ദുവിനു കൂടെ കൊണ്ടുപോകാന്‍ പറ്റുന്ന ഒരു വിശ്വാസപദ്ധതിക്കു വേണ്ടിയുള്ള ക്രിയാത്മകമായ അന്വേഷണത്തിലാണ് പുതിയ ആള്‍ദൈവങ്ങളും അമ്മദൈവങ്ങളും, പുതിയ ക്ഷേത്രങ്ങളും പുത്തന്‍ ആചാരങ്ങളും, രൂപപ്പെടുന്നത്.

ആഗോളവല്‍ക്കരണകാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശ്വാസത്തെയും ആചാരങ്ങളെയും നവീകരിക്കുന്ന ഈ പ്രവണതയുടെ അനഭിഷണീയമായ മറുവശമാണ് ആക്രമണോത്സുകമായ ഹിന്ദുമൌലികവാദം. ഇത് ഹിന്ദുക്കള്‍ക്കും അഹിന്ദുക്കുമിടയിലെ വിടവ് വര്‍ദ്ധിപ്പിക്കുന്നു. ശക്തിപ്പെട്ടുവരുന്ന ഹിന്ദുമതാത്മകതയില്‍നിന്നാണ് വിനാശകാരിയായ അഖണ്ഡ ഹൈന്ദവദേശീയത ഊര്‍ജ്ജം സ്വീകരിക്കുന്നത്. ഈ പുത്തന്‍ ദേശീയത ഫത്വകളില്‍ നിലനില്‍ക്കുന്നതോ രാഷ്ട്രീയപാര്‍ട്ടിയുടെ മാനിഫെസ്റ്റോകളിലൂടെ മുന്നോട്ടു വയ്ക്കപ്പെടുന്നതോ ആണെന്നു പറഞ്ഞുകൂടാ. സാധാരണക്കാരായ മനുഷ്യരുടെ സാമാന്യബോധത്തെ മാറ്റിമറിക്കാന്‍ കഴിയുന്നതിലാണ് ഇതിന്റെ യഥാര്‍ഥ ശക്തി കുടികൊള്ളുന്നത്.ജനങ്ങള്‍ക്കു പണ്ടേ പരിചിതമായ പാരമ്പര്യത്തില്‍നിന്നും ആചാരങ്ങളില്‍നിന്നും നിര്‍മ്മിക്കപ്പെടുന്ന പുതിയൊരുതരം ഹിന്ദുമതമാണ് ഇതിന്റെ ഉല്‍പ്പന്നം. ഈ ഹിന്ദുമതത്തിന് ഒരേസമയം രാഷ്ട്രീയവും മതപരവുമായ മാനങ്ങളുണ്ട്. ജനമനസ്സുകളില്‍ ആഴത്തില്‍ വേരുറപ്പിച്ച മതാത്മകതയിലാണ് ഈ ദേശീയത ഊന്നുന്നതെന്നര്‍ഥം. മുസ്ലീം വിരോധമോ ക്രിസ്ത്യന്‍വിരോധമോ പ്രകടിപ്പിക്കാത്തവരെപ്പോലും ആകര്‍ഷിച്ചെടുക്കാന്‍ ഇതിനുശേഷിയുണ്ട്. ഉത്സവങ്ങളും ക്ഷേത്രാചാരങ്ങളും മതപരമായ ചര്‍ച്ചകളുമെല്ലാം ഇന്ത്യയുടെ മഹത്വവും സാംസ്കാരികമഹിമയും ഉയര്‍ത്തിക്കാണിക്കാനുള്ള അനേകമാര്‍ഗങ്ങളില്‍ ഒന്നായിമാറുന്നു. ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ഔന്നത്യവും ഹൈന്ദവ അധ്യാത്മികതയുടെ സംഭാവനയാണെന്ന ധാരണ പ്രബലമാക്കുന്നു.

'ഹൈന്ദവദേശീയത' എത്രമാത്രം ആപല്‍ക്കരമാണെന്നു വ്യക്തമാക്കാനുള്ള മാര്‍ഗം അതു പ്രവര്‍ത്തിക്കുന്ന വിധം വിശദീകരിക്കുകയാണ്. 2006 ഫെബ്രുവരിയില്‍, ഗുജറാത്തിലെ പോര്‍ബന്തറില്‍ ഭക്തര്‍ക്കായി തുറക്കപ്പെട്ട 'ശ്രീഹരിമന്ദിറി'ന്റെ ഉദ്ഘാടനമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം സാന്ദീപനി വിദ്യാനികേതന്‍ എന്നുപേരുള്ള ഒരു പൌരോഹിത്യ പരിശീലനകേന്ദ്രംകൂടി മണല്‍ക്കല്ലില്‍ പണിതീര്‍ത്ത ഈ മനോഹരക്ഷേത്രത്തോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗുജറാത്ത് സര്‍ക്കാരും ബിസിനസ്സുകാരായ അംബാനിസഹോദരന്മാരും ആത്മീയഗുരുവായ രമേഷ്‌ ഭായി ഓഝയും ചേര്‍ന്നൊരുക്കുന്ന ഒരു സംയുക്തസംരംഭമാണിത്. ഹൈന്ദവദേശീയതയ്ക്കും ഹൈന്ദവമേല്‍ക്കോയ്‌മയ്‌ക്കും വേണ്ടി ഹിന്ദുദൈവങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ മികച്ച ദൃഷ്ടാന്തമായി ഈ ക്ഷേത്ര വിദ്യാലയസമുച്ചയത്തിന്റെ ഉദ്ഘാടന പരിപാടിയെ കണക്കാക്കാം.
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ ഭൈറോണ്‍സിങ് ഷെഖാവത്താണ് ഈ ക്ഷേത്ര വിദ്യാലയ സമുച്ചയം ഉദ്ഘാടനം ചെയ്തത്. കുപ്രസിദ്ധനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ധീരുഭായ് അംബാനിയുടെ വിധവയടക്കമുള്ള അംബാനികുടുംബം മുഴുവന്‍ ചടങ്ങില്‍ പങ്കെടുത്തു. അവര്‍ നല്‍കിയ ഉദാരമായ സംഭാവനകള്‍കൊണ്ടാണ് ക്ഷേത്രം പണികഴിച്ചിട്ടുള്ളതുതന്നെ. രാജ്യത്തിനകത്തും പുറത്തുമുള്ള അമ്പതിനായിരത്തോളം 'ഓഝ'ഭക്തര്‍ ചടങ്ങു വീക്ഷിക്കാനെത്തിയിരുന്നു.

"മതേതര'' ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഹൈന്ദവവിഗ്രഹങ്ങള്‍ക്കു മുന്നില്‍ പ്രാര്‍ഥിച്ചു. ആരിലും യാതൊരു പ്രതികരണവും ഉണര്‍ത്താത്തവിധം ഇന്ത്യയില്‍ ഇതൊരു സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ദൈവങ്ങള്‍ക്കുമുന്നില്‍ 'ദേശീയഗാനം' ആലപിക്കപ്പെട്ടു. തുടര്‍ന്ന് പൌരോഹിത്യപഠിതാക്കളുടെ വേദോച്ചാരണവും! അതിനെത്തുടര്‍ന്ന് ഒരു ഗുജറാത്തി നാടോടിനൃത്തം അരങ്ങേറി. ദൈവങ്ങള്‍ക്കും രാഷ്ട്രത്തിനുമിടയിലെ വേര്‍തിരിവുകളെ തെല്ലു ബഹുമാനിക്കാത്ത പ്രസംഗപരമ്പരയായിരുന്നു പിന്നീട്. 'ഹൈന്ദവശാസ്ത്ര'ത്തിന്റെ മഹത്വംപോലും അവരുടെ വാചാലമായ പ്രസംഗങ്ങളില്‍ കടന്നുവന്നു. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ നരേന്ദ്രമോഡിതന്നെ ഹിന്ദുമതത്തിന്റെ സഹിഷ്‌ണുതയെക്കുറിച്ചും 'മതേതരത്വ'ത്തെക്കുറിച്ചും ആവേശപൂര്‍വ്വം പ്രസംഗിച്ചു. ഹിന്ദുമതം അടിസ്ഥാനപരമായി പരിസ്ഥിതിസൌഹൃദ' പരമാണെന്നു വ്യക്തമാക്കിയ മോഡി, രാജ്യത്തെവിടെയായാലും, പുതിയ എടുപ്പുകളുടെ പണി ആരംഭിക്കുമ്പോള്‍ യജ്ഞങ്ങളും പൂജകളും വേണ്ടതാണെന്നു നിര്‍ദ്ദേശിക്കുകകൂടി ചെയ്തു. അടുത്തതായി സംസാരിച്ച അംബാനിയുടെ വിധവ ചൂണ്ടിക്കാട്ടിയത് വ്യവസായവും ആത്മീയതയും കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയാണ്. ഹൈന്ദവ ദൈവങ്ങളുടെ ആയുധങ്ങളെ ആധുനിക മിസ്സൈലുകളുമായും അവരുടെ വാഹനങ്ങളെ ഹെലികോപ്റ്ററുകളുമായും താരതമ്യപ്പെടുത്തിയ ഉപരാഷ്ട്രപതി ഹൈന്ദവപാരമ്പര്യത്തിന്റെ ശാസ്ത്രീയതയെക്കുറിച്ചും 'നിത്യ'തയെക്കുറിച്ചുമാണ് സംസാരിച്ചത്.

രാഷ്ട്രപതി അബ്ദുള്‍ കലാം, ഒരാഴ്ചയ്ക്കുശേഷം 'ക്ഷേത്ര ആശ്രമ സമുച്ചയം' സന്ദര്‍ശിച്ചപ്പോള്‍ ഹൈന്ദവശാസ്ത്രത്തിന്റെ മഹത്വമായിരുന്നു ഉയര്‍ത്തിക്കാണിച്ചത്. ജ്യോതിശാസ്ത്രത്തിലും (ജ്യോതിഷം) വൈദ്യശാസ്ത്രത്തിലും (ആയുര്‍വേദം) വാസ്തുകലയിലും പൌരാണിക ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന 'ശാസ്ത്രമ്യൂസിയം' ഉദ്ഘാടനം ചെയ്യാനാണ് കലാം എത്തിയത്. ഭൂകേന്ദ്രിതമായ പ്രപഞ്ചസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ആര്യഭട്ടന്റെ ജ്യോതിശാസ്ത്രത്തിന്, ജ്യോതിഷത്തിന് ആധുനികലോകത്തില്‍ എന്തു പ്രസക്തിയാണുള്ളത് എന്നു വിശദീകരിക്കാന്‍ മിനക്കെടാതെ, പൌരാണികമായ ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുക മാത്രമല്ല, ആധുനിക ജ്യോതിശാസ്ത്രത്തിന് അതില്‍നിന്ന് പലതും സ്വീകരിക്കാനുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു ആണവഭൌതികശാസ്ത്രകാരന്‍ കൂടിയായ അബ്ദുള്‍കലാം. തെറ്റാണെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു പ്രപഞ്ചസങ്കല്‍പ്പത്തെ ആധുനികശാസ്ത്രത്തിന്റെ മാര്‍ഗദീപമായി അവതരിപ്പിക്കുന്നത് എത്ര നിസ്സാരമായാണെന്നു നോക്കുക!
ഭരണകൂടവും ക്ഷേത്രവും വ്യവസായവും ചേര്‍ന്ന് ഒരു അച്ചുതണ്ടായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയില്‍. രാജ്യത്തിന്റെ ഹൈന്ദവമുഖവും അതിന്റെ മഹത്വവും ഉയര്‍ത്തിക്കാണിക്കാനുള്ള കരുക്കളായാണ് ദൈവങ്ങളും പൂജകളും ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ദൈവങ്ങള്‍ക്കുള്ള പൂജകള്‍ ഹൈന്ദവസംസ്കാരത്തില്‍നിന്നും ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ മഹത്വത്തില്‍നിന്നും വേര്‍തിരിക്കാനാവാത്ത ഒന്നായി മാറുന്നു. ദൈവത്തിനുള്ള സ്തുതിഗീതങ്ങള്‍ക്ക് കാതുകൊടുക്കുന്ന ഭക്തന്മാര്‍ സ്വയമറിയാതെ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും ആരാധകരുമായി മാറുന്നു. ഇതു രണ്ടും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു കഴിയാത്ത വിധത്തില്‍ രണ്ടും ഭംഗിയായി സമ്മേളിപ്പിക്കപ്പെടുന്നു. വസ്തുതാപരതയും വിമര്‍ശനാത്മകതയും നഷ്ടപ്പെട്ട ഒരു തരം 'ശാസ്ത്ര'ത്തോടുള്ള ആരാധന ഇതില്‍ നിന്ന് രൂപപ്പെട്ടു വരുന്നു.

രാജ്യത്തിന്റെ ഭൂമിശാസ്ത്രവും സംസ്കാരവുമായി ജനങ്ങളുടെ പ്രിയദൈവങ്ങള്‍ താദാത്മ്യം പ്രാപിക്കുന്നതോടെ, ഹൈന്ദവദേശീയത ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിമാറുന്നു. ഫത്വകളുടെയോ പശ്ചാത്യവല്‍ക്കരണത്തിനെതിരായ യുദ്ധോത്സുകമായ പ്രതികരണത്തിന്റെയോ ആവശ്യംപോലും വരുന്നില്ല. അത്തരം പരമ്പരാഗത സങ്കേതങ്ങളെ ആശ്രയിക്കാതെതന്നെ പ്രവര്‍ത്തിക്കാന്‍ ഹൈന്ദവ ദേശീയതാവാദികള്‍ക്ക് ഇന്നു കഴിയും.

ദൈവപൂജ രാഷ്ട്രപൂജയാക്കി മാറ്റുകയാണ് അവരുടെ സങ്കേതം. പശ്ചാത്യമായതിനോട് ഏറ്റുമുട്ടുകയല്ല, പശ്ചാത്യശാസ്ത്രത്തിന്റെ (ആധുനികശാസ്ത്രത്തിന്റെ) ശക്തികൂടി സംഭരിച്ച് കരുത്തരാവുകയാണ് ഇന്ത്യയിലെ ദൈവങ്ങള്‍. സാധാരണക്കാരായ ജനങ്ങളുടെ മതാത്മകതയിലാണ് അങ്ങേയറ്റം വിനാശകാരിയായ ഈ ഹൈന്ദവദേശിയത കെട്ടിപ്പടുക്കപ്പെടുന്നത് എന്നതാണ് അതിലെ ദുരന്തം. സാമ്പത്തിക ആഗോളവല്‍ക്കരണവും നവ ഉദാരീകരണ നടപടികളുമാണ് ഈ ഹൈന്ദവമതാത്മകതയുടെ വളര്‍ച്ചയ്ക്കുള്ള ഭൌതികവും പ്രത്യയശാസ്ത്രപരവുമായ പശ്ചാത്തലമൊരുക്കുന്നത്. ഇതേ മതാത്മകതതന്നെ ഹൈന്ദവദേശീയതയുടെയും ഹൈന്ദവമേല്‍ക്കോയ്മയുടെയും പ്രത്യയശാസ്ത്രമായി പരിവര്‍ത്തിപ്പിക്കപ്പെടുകയാണിവിടെ.

ഇന്ത്യന്‍ മതേതരത്വത്തിന്റെ ഗുരുതരമായ പരിമിതികളിലേക്കും പരാജയത്തിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും നിലനില്‍ക്കെത്തന്നെ എല്ലാ മതങ്ങളെയും ഒരുപോലെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനോ ഒരുപോലെ ആദരിക്കാനെങ്കിലുമോ ഇന്ത്യക്കു കഴിഞ്ഞില്ല. നേരെമറിച്ച് ഭൂരിപക്ഷമതത്തെ ഇന്ത്യന്‍ പൌരസമൂഹത്തിന്റെ യഥാര്‍ഥമതമായും സംസ്കാരമായും പരിഗണിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്തത്. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളെയും ഗ്രസിച്ച ഹൈന്ദവവല്‍ക്കരണമായിരുന്നു അതിന്റെ ഫലം. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി നിലവില്‍വന്ന പുതിയ സാഹചര്യങ്ങള്‍ ഈ പ്രവണതയെ കൂടുതല്‍ ശക്തിപ്പെടുത്തുകമാത്രമേ ചെയ്യുന്നുള്ളൂ.

*

മീരാ നന്ദ എഴുതിയ Rush hour of the gods എന്ന ലേഖനത്തിന്റെ പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് ഷിജു ഏലിയാസ്, കടപ്പാട്: യുവധാര.

അധികവായനയ്ക്ക്

മീരാ നന്ദയുടെ മറ്റു ലേഖനങ്ങള്‍

9 comments:

  1. ഇന്ത്യന്‍ മദ്ധ്യവര്‍ഗങ്ങളുടെ മതചിന്തകള്‍ മേല്‍ക്കുമേല്‍ ശക്തിപ്പെട്ടുവരികയാണ്

    "ലോകത്തിന്റെ മതബോധം എക്കാലത്തുമെന്നപോലെ ഇന്നും തീവ്രമായിത്തുടരുന്നു. രാഷ്ട്രീയനിരപേക്ഷമായ മതത്തിനുവേണ്ടിയുള്ള അന്വേഷണം പരാജയപ്പെട്ടു കഴിഞ്ഞു. പ്രതിലോമകാരിയായ പ്രകൃത്യാതീതവാദത്തില്‍ കുളിച്ചുനില്‍ക്കുന്ന ആശയങ്ങളും ആചാരങ്ങളുമായി മതപ്രസ്ഥാനങ്ങള്‍ എങ്ങും വിജയം നേടിയിരിക്കുന്നു.'' പീറ്റര്‍ ബെര്‍ഗര്‍

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോളമുതലാളിത്തത്തിന്റെ പതുങ്ങിക്കിടക്കുന്ന കടുവയെന്നാണ് ഇന്ത്യന്‍ മുതലാളിത്തം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ മതസാഹചര്യം അടുത്തറിയുന്ന ആര്‍ക്കും ബെര്‍ഗറുടെ നിഗമനത്തിന് തെളിവുകള്‍ തേടി അലയേണ്ടിവരില്ല.ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ശാസ്ത്രസാങ്കേതിക ശൃംഖലയില്‍ ആവേശപൂര്‍വ്വം കണ്ണിചേരുന്ന, വിദ്യാസമ്പന്നരും സാമ്പത്തികമായി ഭേദപ്പെട്ടവരുമായ, ദശലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. ജൈവസാങ്കേതികവിദ്യയും ഔഷധവ്യവസായവുമായി ബന്ധപ്പെട്ട അത്യാധുനിക ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയുന്നവിധത്തില്‍ ശാസ്ത്രീയവും വസ്തുതാപരവുമായ പ്രകൃത്യാവബോധം വളര്‍ന്നിട്ടുള്ള നാടാണിത്. എന്നിട്ടും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ ഗുണഭോക്താക്കളായ ഇന്ത്യന്‍ മദ്ധ്യവര്‍ഗങ്ങളില്‍നിന്നുവരുന്ന ബഹുഭൂരിപക്ഷം പേരും ആള്‍ദൈവങ്ങളിലും അമ്മദൈവങ്ങളിലും വിശ്വസിക്കുന്നവരും വിഗ്രഹങ്ങളെ പൂജിക്കുന്നവരുമായി തുടരുന്നു. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, നദികള്‍, വൃക്ഷങ്ങള്‍, വിശുദ്ധി കല്‍പ്പിക്കപ്പെടുന്ന മൃഗങ്ങള്‍ എന്നിവയുടെ പ്രകൃത്യാതീതശേഷിയിലുള്ള വിശ്വാസം അവരിന്നും മുറുകെപ്പിടിക്കുന്നു. പ്രകൃത്യാതീത ശക്തികളിലും സങ്കല്‍പ്പങ്ങളിലുമുള്ള വിശ്വാസത്തിലൂടെയും അവയോടുള്ള ആത്മാര്‍പ്പണത്തിലൂടെയും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാമെന്നു വിശ്വസിക്കുന്ന ഇത്തരക്കാര്‍ ഇവയെ അങ്ങേയറ്റത്തെ ഔത്സുക്യത്തോടെയാണ് ശരണപ്പെടുന്നത്.

    മീരാ നന്ദ എഴുതിയ Rush hour of the gods എന്ന ലേഖനത്തിന്റെ പരിഭാഷ.

    ReplyDelete
  2. ഗംഭീരം.ലേഖനത്തിനും പരിഭാഷക്കും പോസ്റ്റിനും അഭിവാദ്യങ്ങള്‍.

    ആള്‍ദൈവങ്ങള്‍,വര്‍ഗ്ഗീയവാദികള്‍,യുക്തിഹീനര്‍,കപടസ്വാമിമാര്‍(അങ്ങനെയല്ലാത്ത ഏതെങ്കിലും ഉണ്ടോ)ഇവരെ പിന്തുടരുന്ന ക്ഷിപ്രവിശ്വാസികള്‍,ഇവരൊക്കെ വിജയിക്കുമ്പോള്‍ തോല്‍ക്കുന്നതാരാണ്?

    ശാസ്ത്രലോകം,യുക്തിചിന്ത,ഇടതുപക്ഷം,മനുഷ്യത്വം.അതെ നമ്മളെല്ലാം തോറ്റുകൊണ്ടിരിക്കുകയാണ്.

    കിശോര്‍ കുമാറിന്റെ പാട്ട് ഉണ്ട്-“ജബ് പാനി കോ ആഗ് ലഗായേ തോ കോന്‍ ബുചായേ?” വെള്ളത്തിന് തന്നെ തീ പിടിച്ചാല്‍ തീ എങ്ങനെ അണയ്ക്കും എന്ന്-

    അബ്ദുള്‍ കലാം തന്നെ യുക്തിഹീനതയുടെ പ്രചാരകനാകുമ്പോള്‍ ശാസ്ത്രചിന്തയുടെ റോക്കറ്റ് തലയും കുത്തി കടലില്‍ വീഴുന്നതില്‍ എന്ത് അല്‍ഭുതം.

    ReplyDelete
  3. മതവിചാരത്തിണ്റ്റെ സ്ഥാനം
    മതവികാരം കയ്യടക്കുമ്പോള്‍ അവിടെ യുക്തിയ്ക്ക്‌സ്ഥാനമില്ലാതായിത്തീരുന്നു....
    ഹിന്ദു എന്ന്‌ പറയുന്നത്‌ഒരു മതമേയല്ല...
    അതൊരു സംസ്കാരം മാത്രമാണ്‌.... ഹൈന്ദവസംസ്കാരത്തെ - ഹൈന്ദവ ദേശീയതയെ അത്തരമൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല...

    എന്നാല്‍ ഹിന്ദു എന്ന ഒരു മതത്തിണ്റ്റെ
    ദേശീയതായി മാത്രം ഭാരതീയതയെക്കാണുമ്പോള്‍.... അതിന്‌ നാം കൊടുക്കേണ്ടി വന്ന- വരുന്ന
    വില ഒട്ടും തന്നെ ചെറുതല്ല....
    അതുപോലെ...
    ആള്‍ദൈവങ്ങളെ
    പൂവിട്ട്‌ പൂജിക്കുന്നവര്‍ പലപ്പോഴും മതത്തിണ്റ്റെ പേരില്‍ വിശ്വാസത്തിണ്റ്റെ പേരില്‍ ആത്മീയതയുടെ പേരില്‍ നടക്കുന്ന കാപട്യങ്ങളെപ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.... വികാരത്തിന്‌ മുന്നില്‍ വിവേകത്തിന്‌ സ്ഥാനമില്ലാതാവുമ്പോള്‍... തിരിച്ചറിവിനുള്ള കഴിവ്‌ഇല്ലാതാവുന്നു.....

    നല്ല ലേഖനം..ആശംസകള്‍....

    ReplyDelete
  4. എന്താണ് ഹിന്ദുത്വം.?അതറിയാത്തവരാണ്
    ഞാനോരു ഹിന്ദുവാണെന്നുള്ള പേരില്‍ വികാരം
    കൊള്ളുന്നത്.ഈ രാജ്യത്ത് പട്ടിണീ കിടന്ന്
    പാവപ്പെട്ട ഹിന്ദുകള്‍ എത്ര വേണമെങ്കിലും മരിക്കട്ടെ പക്ഷെ അവന്‍ മതം മാറാന്‍ പാടില്ല
    എതൊരു വ്യതിക്കും അവന് ഇഷടമ്മുള്ള മതത്തില്‍
    വിശ്വസിക്കാം
    ഞാനൊരു ഭാരതീയനാണെന്നു പറയുന്നതു പോലെ
    ഇഷടപെട്ട മതത്തെക്കുറിച്ചു പറയാനും വിശ്വസിക്കാനും ഒരുവന് അധികാരമുണ്ട്.
    അതിനെ തടയ്യാന്‍ ശ്രമിക്കുന്നത് മൂഡത്വമാണ്

    ReplyDelete
  5. ഈ സമയം ചര്‍ച്ചകള്‍ തുടങ്ങിവെക്കാന്‍ പറ്റിയ സമയം ആണ്. ആള്‍ ദൈവങ്ങളെകുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് അമൃതാനന്ദമയിയെപ്പോലുള്ളവര്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
    അവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണേങ്കില്‍ എഴുതുന്നത് നന്നായിരിക്കും.

    ReplyDelete
  6. ദൈവമാകാന്‍ ആര്‍ക്കും കഴിയും.മനുഷ്യനാവാനാണിത്തിരി ബുദ്ധിമുട്ട്.

    ReplyDelete
  7. www.marjaaran.blogspot.com
    ലെ ദൈവമാകാന്‍ ആര്‍ക്കും കഴിയും എന്ന പോസ്റ്റ് ഈ സമയത്ത് പ്രസക്തമാണ്.

    ReplyDelete
  8. നന്ദി അരുണ്‍
    തിരുത്തിയിട്ടുണ്ട്

    ReplyDelete