Friday, May 23, 2008

ദുരൂഹാനന്ദ!

നഗരത്തിലെ പൊലീസ് സ്റ്റേഷന്‍ ശാന്തിമന്ത്രം കേട്ടാണ് രാവിലെ ഉണര്‍ന്നത്.

ഓം ശാന്തി...ഓം ശാന്തി...

ആരെടാ .....മോനേ രാവിലെ സ്റ്റേഷനില്‍ പൂജക്ക് വന്നിരിക്കുന്നതെന്ന് എല്ലാ ആംഗ്യവിക്ഷേപങ്ങളോടെയും ആരാധ്യനായ എസ് ഐ ചോദിക്കാന്‍ ഒരുങ്ങും മുമ്പെ സ്വാമികളും പരിവാരങ്ങളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

കാഷായം കണ്ടപ്പോള്‍ കാക്കി ലേശം പരിഭ്രമിക്കാതിരുന്നില്ല.സ്വാമികളെ വരവേല്‍ക്കുന്നതിനെക്കുറിച്ച് പൊലീസ് മാന്വലില്‍ ഒന്നും പറയുന്നില്ല.

സംസ്കൃതത്തില്‍ അറിയാവുന്ന രണ്ട് വാക്ക് പറയാമെന്ന് വെച്ചാല്‍ അത് വിചാരിക്കുന്നത്ര നല്ലതുമല്ല.

പ്രജയുടെ പ്രതിസന്ധി മനസ്സിലാക്കിയ സ്വാമികള്‍ സ്വയം പരിചയപ്പെടുത്തി.

' നാം ദുരൂഹാനന്ദ സരസ്വതി'

'മനസ്സിലായില്ല.'

'മനസ്സിലാവില്ല കുഞ്ഞേ...പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ ഈ പ്രപഞ്ചത്തിന്റെ രഹസ്യം ആര്‍ക്കാണ് അറിയാവുന്നത്?.അത് അജ്ഞേയമാണ് കുഞ്ഞേ..നാമിങ്ങറിയുവത് അല്‍പ്പം മാത്രം. എന്നിട്ടും ജളന്മാരായ നാം എല്ലാം അറിയുന്നതായി ഭവിക്കുന്നു....ഓം പരബ്രഹ്മായ നമഃ.'

ഇതോടെ എസ് ഐ അദ്ദേഹത്തിന് അജ്ഞാനം മാറി. ജ്ഞാനക്കണ്ണ് തെളിഞ്ഞു.

കള്ളനോട്ടടി,പെണ്‍ വാണിഭം,ആയുധകള്ളക്കടത്ത് എന്നിവയ്ക്ക് പൊലീസ് തെരയുന്ന മുഖ്യപ്രതിയാണ് ഈ കാഷായവസ്ത്രദാരികന്‍.പൂര്‍വാശ്രമത്തില്‍ വെട്ടിരിമ്പ് ദാമു. രണ്ടു കൊലക്കേസില്‍ പ്രതിയായതോടെ ഗാര്‍ഹസ്ഥ്യം ഉപേക്ഷിച്ച് വാനപ്രസ്ഥം സ്വീകരിച്ചു.

എസ് ഐ അദ്ദേഹം ദുരൂഹാനന്ദസരസ്വതിയെ അടിമുടിയൊന്ന് വീക്ഷിച്ചു.

കൊള്ളാം മിടുക്കന്‍.

അല്‍ഭുതം സംഭവിച്ചാല്‍ മിസ് യൂണിവേഴ്സാകാന്‍ പരുവം. ശരീരത്തിനൊരു കടത്തനാടന്‍ അഴക്.കുണ്ടും കുഴിയുമില്ലാത്ത നീണ്ടിടതിങ്ങി വളരുന്ന മുടി,ഫ്ളാറ്റ്കെട്ടാവുന്ന ഫാലപ്രദേശം,കണ്ണില്‍ കല്ലുമ്മക്കായ, ദാ ഇപ്പ ചിരിക്കുന്ന ചുണ്ട്, കവിളില്‍ കുറ്റാലം കുളിരരുവി.

ആരും ശിഷ്യരായി വീണുപോകും.!

എസ് ഐ അദ്ദേം കാടുകയറുകയാണെന്ന് ത്രികാല ജ്ഞാനിയായ ദുരൂഹാനന്ദന്റെ അകക്കണ്ണില്‍ തെളിഞ്ഞു.

'നമ്മെ അന്വേഷിച്ചതായി അറിഞ്ഞു.നമ്മുടെ തപോവനത്തില്‍ വന്നതായും ശിഷ്യര്‍ നമ്മെ ഉണര്‍ത്തിച്ചു.എന്താണാവോ ദുഖകാരണം?.'

'സ്വാമികളേ.. താന്‍ ഒന്നാന്തരം കള്ളനാണല്ലേ? '

'മായാമയനായ ഭഗവാന്‍ കൃഷ്ണന്‍ കള്ളനായിരുന്നില്ലേ? ഭസ്മാസുരനെ വധിച്ച കൈലാസാധിപനായ പരമശിവന്‍ ശ്രീപാര്‍വതിയുടെ മുന്നില്‍ കളവുകാണിച്ചില്ലേ? സത്യത്തിനും ധര്‍മത്തിനും വേണ്ടി മാത്രം ജീവിച്ച ധര്‍മപുത്ര മഹാരാജാവ് കള്ളം പറഞ്ഞിട്ടില്ലേ? കളവ് ഒരു പാപമല്ല കുഞ്ഞേ..ഒരു പ്രവൃത്തിയാണ്...'

'പെണ്‍വാണിഭം, കള്ളനോട്ടടി, ആയുധകള്ളക്കടത്ത് എന്നീ മൂന്നു കുറ്റങ്ങളാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്.'

'അബദ്ധം പറയാതിരിക്കൂ കുഞ്ഞേ...സര്‍വമതങ്ങളുടെയും സാരാംശം ത്രിത്വമാണ്.ക്രിസ്ത്യാനികള്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു. നാം സൃഷ്ടി,സ്ഥിതി, സംഹാരത്തില്‍ വിശ്വസിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരെക്കുറിച്ച് കുഞ്ഞ് അജ്ഞാനിയാണ് അല്ലേ? പെണ്‍വാണിഭം ഒരു സൃഷ്ടിയാണ് കുഞ്ഞേ.കള്ളനോട്ടടി ഒരു ഉപസ്ഥിതിക്കു വേണ്ടിയല്ലയോ? സംഹരിക്കാന്‍ ആയുധങ്ങള്‍ അനിവാര്യമാണെന്നറിയില്ലയോ?. ഈ മൂന്നും നമ്മില്‍ ഏകീഭവിച്ചിരിക്കുന്നു.

'ഏകം സത് വിപ്രാ ബഹുധാ വദന്തി..

കേട്ടിട്ടില്ലായിരിക്കും.

കഷ്ടം!.'

'സ്വാമികള്‍ രണ്ടു പേരെ കല്യാണം കഴിച്ച് രണ്ടിനേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞില്ലേ?'

'മുഷിഞ്ഞ വസ്ത്രങ്ങള്‍ നാം കൊണ്ടുനടക്കാറില്ല.'

'സ്വാമികള്‍ തുണി ഉടുക്കാറുണ്ടോ ആവോ?'

'മഹാരാജാവായ നളന്‍ കാനനമധ്യത്തില്‍ വെച്ച് വിവസ്ത്രനായില്ലേ?. കുലീനയായ പാഞ്ചാലി കൌരവ സഭയില്‍ വെച്ച് വിവസ്ത്രയായില്ലേ? ഈശ്വരന്‍ മനുഷ്യനെയാണ് സൃഷ്ടിച്ചത്, വസ്ത്രത്തെയല്ല. ഈശ്വരസൃഷ്ടിയില്‍ മനുഷ്യന്റെ അഹങ്കാരം നടത്തിയ അതിര്‍ത്തിലംഘനമാണ് കുഞ്ഞേ.. വസ്ത്രങ്ങള്‍. നാം പൊരുളാണ് തേടുന്നത്, പകിട്ടല്ല.'

ആരാധ്യനായ എസ് ഐയുടെ അമ്പുകള്‍ മുഴുവന്‍ ഒടിയുന്നു. പിടിച്ചുനില്‍ക്കാനാവുന്നില്ല. കാക്കി കമണ്ഡലു എടുക്കേണ്ടി വരും. ഓര്‍ത്തപ്പോള്‍ കൈ തരിച്ചു.

പിന്നെ ഒന്നും ആലോചിച്ചില്ല.

ഉച്ചസ്ഥായിയില്‍ ആട്ടി.

'അടിച്ച് നിന്റെ പൊരുള് ഞാന്‍ തെറിപ്പിച്ചു കളയും.'

സ്വാമി ദുരൂഹാനന്ദന്‍ നിര്‍വികാരമായി ചിരിച്ചു.

'കുഞ്ഞേ.. ശാന്തമാവൂ..! ഓം ശാന്തി..! നാം കാണുന്നതിനപ്പുറത്തും കാഴ്ച്ചയുണ്ട്. നാം അറിയുന്നതിനപ്പുറത്തും അറിവുണ്ട്. നാം രുചിക്കുന്നതിനപ്പുറത്തും രുചിയുണ്ട്. ഈ യാഥാര്‍ഥ്യം മനസ്സിലായാല്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുവരുന്നതിനപ്പുറത്തെ പ്രാപഞ്ചിക സത്യത്തിലേക്ക് നമുക്ക് പ്രവേശിക്കാനാവും. കാണുന്നതല്ല പൊരുള്‍, കാണാത്തതാണ് പൊരുള്‍. അതിനെക്കുറിച്ച് ചിന്തിക്കു. ബ്രഹ്മസത്യം, ജഗന്മിഥ്യ.'

എസ് ഐ തളര്‍ന്നു പോയി . അതീവ രഹസ്യമായി രണ്ടു ഗ്ളാസ് വെള്ളം കുടിച്ചു.

ലേശം വീര്യം കിട്ടി.

' രണ്ട് പെണ്ണിനേം അതിലൊള്ള മക്കളേം വഴിയാധാരമാക്കി ഗള്‍ഫില് കള്ളക്കച്ചവടത്തിന് പോയ പെരുങ്കള്ളസ്വാമീ.. ഡയലോഗ് പൂശുന്നോ?'

'അതിര്‍ത്തികള്‍ നമ്മെ വിഭ്രമിപ്പിക്കുന്നില്ല. അതിര്‍ത്തികള്‍ക്കപ്പുറത്താണ് ഈശ്വരന്‍. സര്‍വം സഹയായ ഭൂമിയില്‍ ആരാണ് കുഞ്ഞേ അതിര്‍ത്തികള്‍ വരച്ചത്? വിത്തലാഭവും അധികാരമോഹവുമാണ് കുഞ്ഞേ അതിന്റെ മാനദണ്ഡം. ശരീരത്തിന്റെ ക്ഷണികമായ സുഖം ഉപേക്ഷിച്ച് പരം പൊരുള്‍ തേടിയലയുന്ന നമുക്കെന്ത് രാജ്യഭേദം? കുന്നുകള്‍ താണ്ടി,മലകള്‍ താണ്ടി, കടലുകള്‍ താണ്ടി നാം തീര്‍ഥയാത്രയിലാണ്.' വസുധൈവ കുടുംബകം. സര്‍വം ഖല്വിദം ബ്രഹ്മം.'

എസ് ഐ അലറി.

'ഇതിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടടോ..'

സ്വാമികള്‍ പെട്ടെന്ന് അര്‍ധനിമീലിത നേത്രങ്ങളോടെ ധ്യാനനിമഗ്നനായി.മുഖത്ത് ബളബളാന്ന് ഒരു ഓജസ്സ്.

സ്വയം ഒരശരീരിയായി സ്വാമികള്‍ മൊഴിഞ്ഞു.

'നീ മായക്കാഴ്ച്ചകളില്‍ വല്ലാതെ മോഹിച്ചുപോയിരിക്കുന്നു.സംസാരദു:ഖത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഈശ്വരപാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പിക്കു.ഭഗവല്‍പ്പാദങ്ങളില്‍ അര്‍ഘ്യപുഷ്പങ്ങളായി വീണ് നിന്റെ അഹങ്കാരത്തെ ശമിപ്പിക്കു.അപ്പോള്‍ നിന്റെ അകക്കണ്ണ് തെളിയും. നിന്റെ കൈയിലിരിക്കുന്ന വിലങ്ങ് ഒരു മായയാണെന്ന് മനസ്സിലാകും. അന്ധകാരത്തില്‍ അജ്ഞന്മാര്‍ കയറിനെ പാമ്പായി കരുതുന്നു. അന്ധകാരമകറ്റാന്‍ ഭഗവല്‍സേവ ചെയ്യു...'

'സ്വാമീ.. കഥ നിര്‍ത്ത്. നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.'

'നമ്മെയോ..? ഐഹികസുഖങ്ങളെല്ലാം ത്യജിച്ച് മനുഷ്യമോചനത്തിന്റെ മാര്‍ഗം തേടിയലയുന്ന നമ്മെയോ..? '

ദുരൂഹാനന്ദസരസ്വതി ഒന്നു നിര്‍ത്തി.

ഒന്നുകൂടി ധ്യാനത്തിലിരുന്നുകൊണ്ട് നീട്ടിവിളിച്ചു.

'ജാമ്യാനന്ദതീര്‍ഥരേ...'

കൂട്ടത്തില്‍ നിന്ന് വേറൊരിനം വിളികേട്ടു.

ജാമ്യാനന്ദതീര്‍ഥന്‍ മുന്നോട്ടു വന്നു.തോളത്തു നിന്ന് മാറാപ്പഴിച്ചു.

ഒരു കടലാസ് എസ് ഐക്ക് കൈമാറി.

എസ് ഐ വിളറിപ്പോയി.

മുന്‍കൂര്‍ ജാമ്യം!

സ്വാമി ദുരൂഹാനന്ദസരസ്വതികള്‍ എസ് ഐയെയും,പൊലീസുകാരെയും,പൊലീസ് സ്റ്റേഷനെ പൊതുവെയും അനുഗ്രഹിച്ച് തിരിച്ചുനടന്നു.

പരിവാരങ്ങള്‍ പിന്നാലെ കൂടി,പാടി...

'ഓം ശാന്തി...ഓം ശാന്തി....ഓം ശാന്തി..'

ശ്രീ എം എം പൌലോസ്

9 comments:

  1. നഗരത്തിലെ പൊലീസ് സ്റ്റേഷന്‍ ശാന്തിമന്ത്രം കേട്ടാണ് രാവിലെ ഉണര്‍ന്നത്.

    ഓം ശാന്തി...ഓം ശാന്തി...

    ആരെടാ .....മോനേ രാവിലെ സ്റ്റേഷനില്‍ പൂജക്ക് വന്നിരിക്കുന്നതെന്ന് എല്ലാ ആംഗ്യവിക്ഷേപങ്ങളോടെയും ആരാധ്യനായ എസ് ഐ ചോദിക്കാന്‍ ഒരുങ്ങും മുമ്പെ സ്വാമികളും പരിവാരങ്ങളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

    കാഷായം കണ്ടപ്പോള്‍ കാക്കി ലേശം പരിഭ്രമിക്കാതിരുന്നില്ല.സ്വാമികളെ വരവേല്‍ക്കുന്നതിനെക്കുറിച്ച് പൊലീസ് മാന്വലില്‍ ഒന്നും പറയുന്നില്ല.

    സംസ്കൃതത്തില്‍ അറിയാവുന്ന രണ്ട് വാക്ക് പറയാമെന്ന് വെച്ചാല്‍ അത് വിചാരിക്കുന്നത്ര നല്ലതുമല്ല.

    പ്രജയുടെ പ്രതിസന്ധി മനസ്സിലാക്കിയ സ്വാമികള്‍ സ്വയം പരിചയപ്പെടുത്തി.

    ' നാം ദുരൂഹാനന്ദ സരസ്വതി'

    ശ്രീ എം.എം.പൌലോസിന്റെ നര്‍മ്മലേഖനം.

    ReplyDelete
  2. കലക്കി !!!!!!!!!!!!!

    ReplyDelete
  3. Itha Human god's list

    http://www.karunama yi.org/News/ 2007-Amma- Sri-Karunamayi- Navaratri- Photos-Day1. shtml

    http://www.premahea ling.com/ 1.html

    http://www.aumamma. com/

    http://www.sivasakt hiammaiyar. com/about_ amma.html

    http://www.maitreyi amma.org/ maitreyi_ amma_english. htm

    http://radhekrishna satsang.tripod. com/bday. html

    http://mathayoganan damayi.org/ index.html

    http://www.theflame .dk/spiritual% 20inspirators/ amma.htm

    http://www.motherof all.org/introduc tion_0.html

    http://www.onenessm ovementkerala. org/index. htm

    http://www.motherof all.org/

    http://www.aumamma. com/jasmine/ jasmine.htm

    http://www.enlighte nment-online. com/Bhagavan_ Amma.html

    ReplyDelete
  4. ദുരൂഹാനന്ദ ആളു പുലിയായിരുന്നൂലേ :-)

    ReplyDelete
  5. പണ്ട് ദേശാഭിമാനിയില്‍ എഴുതിയിരുന്ന എം എം പൗലോസാണോ ഈ എം എം പൗലോസ്. സംഗതി ഗംഭീരം. അതി ഗംഭീരം. എന്നുവെച്ചാല്‍ പൗലോസ് സ്വാമി ഗംഭീരാനന്ദയായിരിക്കുണൂന്ന്....

    ReplyDelete
  6. "'അതിര്‍ത്തികള്‍ നമ്മെ വിഭ്രമിപ്പിക്കുന്നില്ല. അതിര്‍ത്തികള്‍ക്കപ്പുറത്താണ് ഈശ്വരന്‍. സര്‍വം സഹയായ ഭൂമിയില്‍ ആരാണ് കുഞ്ഞേ അതിര്‍ത്തികള്‍ വരച്ചത്?"

    ഹഹഹ തകര്‍ത്തു. അലക്കിപ്പൊള്‍ളിച്ചു. എന്തിനാ സ്വാമിക്കെതിരെ തെറിപറയുന്നത്? ഇതുപോലെ രണ്ടു പോസ്റ്റങ്ങിട്ടാപോരെ?!!:-)
    നന്നായിരിക്കുന്നു. അഭിനന്ദങ്ങള്‍

    ReplyDelete
  7. spritulity ,its own (soul) experience .beyond the words.it not depend on any name(like swami, saraswati)or any special dress.supreme truth always supreme truth.who can control their mind,they will enjoy THE BLISS.

    ReplyDelete
  8. INCARNATION OF SUPREME TRUTH


    GOD PARAMATHMA AUMKARAM


    “AUM AMMA


    The Mantra AUM (OM) appears shining on
    Aum Amma’s Forehead.


    A True Miracle in Tiruvannamalai TamilNadu INDIA.


    AUMKARAM AUM AMMA IS THE
    INCARNATION OF SUPREME TRUTH


    “The Whole World is the symbol of “AUM”[OM].
    The Past,Present,Future and that which is
    beyond(Paramatma), These three periods of
    time are also just “AUM”.”

    - Mandukya Upanishad


    www.aumamma.com
    youtube - Paramatma Aum Amma

    ReplyDelete
  9. എന്തോ ഈ ആള്‍ദൈവങ്ങളുടെയൊക്കെ പേരുകള്‍ മിക്കതും ആനന്ദത്തില്‍ അവസാനിക്കുന്നു. അമൃത്, പരമം , ചിന്മയം.... അങ്ങിനെ എത്രയോ ആനന്ദന്‍‌മാര്‍!ഇവരെയൊക്കെ നിഷ്കാസിതരാക്കേണ്ട കാലം കഴിഞ്ഞു. എന്തു ചെയ്യാം. മലയാളിമണ്ടന്‍‌മാര്‍ ഇവറ്റകളുടെ കാലു നക്കുന്നതല്ലേ നാം കാണുന്നത്. കഷ്ടം!

    ReplyDelete