Wednesday, March 25, 2009

ഇതാ രക്ഷകൻ.... തെങ്ങുപോലെ

കേട്ടിട്ടില്ലേ ഡാവോസിനെപ്പറ്റി. അങ്ങ് ആൽ‌പ്‌സ് പർവതനിരകൾക്കപ്പുറം മഞ്ഞണിഞ്ഞ മനോഹരമായ സുഖവാസകേന്ദ്രം. എല്ലാ കൊല്ലവും അവിടെയൊരു കാർണിവലുണ്ട്. മുതലാളിത്തലോകത്തിലെ വൻ പണചാക്കുകളും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമൊക്കെ അവിടെ ഒത്തുകൂടാറുണ്ടായിരുന്നു. പണ്ടവർ അവിടെ ഇരുന്ന് ആലോചിച്ചിരുന്നത് ഇന്ത്യയെ എങ്ങനെ സഹായിക്കാം എന്നായിരുന്നു. ആഗോളവൽക്കരണം കാറ്റു പിടിച്ചതോടെ അതൊന്നു പരിഷ്‌ക്കരിച്ചു. മുന്നാം‌ലോകരാജ്യങ്ങളിലെ പ്രമാണിമാർക്കും അവിടേക്ക് പ്രവേശനം നൽകി. സാമ്പത്തിക വിദഗ്ധർ എന്നു വിളിക്കപ്പെടുന്ന പണ്ഡിത ശിരോമണികളെയെല്ലാം കൂടെ കൂട്ടി. ശ്രീ ശ്രീ രവിശങ്കറും, മാതാ അമൃതാനന്ദമയിയും പിന്നെ അങ്ങനെ വേണ്ടപ്പെട്ടവർക്കെല്ലാം പോകാം. പേരും പരിഷ്‌ക്കരിച്ചു. ലോക സാമ്പത്തിക ഫോറം സമ്മേളനം. അജണ്ട ലോകവികസനം. സർക്കാർ ചിലവിൽ ഒരാഴ്ച കുളിയും, താമസവും, ഭക്ഷണവും. മഞ്ഞിൽ സ്കേറ്റ് ചെയ്യാം. ഓർമ്മയില്ലേ, നമ്മുടെ മുൻമുഖ്യമന്ത്രി അവിടെ മഞ്ഞിൽ തെറ്റിവീണ് കാലൊടിഞ്ഞ സംഭവം? കേരളത്തിൽ വികസനം കൊണ്ടുവരാൻ വേണ്ടി അതിവേഗം, ബഹുദൂരം അങ്ങോട്ടോടിയ പാവം ഉമ്മൻ ചാണ്ടി തിരിച്ചു മണ്ടിയത് മുടന്തി മുടന്തി. അതുകൊണ്ടു മാത്രമാണ് അന്നു കേരളത്തിന്റെ വികസനവും മുടന്തിപ്പോയത്. അതു പഴയ കഥ.

പക്ഷെ, ഇക്കൊല്ലം സുഖവാസത്തിന് മലമടക്കുകൾ താണ്ടാൻ മുൻ‌വർഷങ്ങളിലെപ്പോലെ തിരക്കില്ലായിരുന്നു. ഇന്ന് വികസനം ലോകമാകെ ഒരു കുണ്ടാമണ്ടിപ്പരുവത്തിലാണല്ലോ. ഫോർബ്‌സ് മാഗസിന്റെ കണക്കു നോക്കി ബില്യണയർ ക്ലബിൽ കയറിക്കൂടിയവരുടെ ലിസ്റ്റ് വായിച്ച് അഭിമാനം കൊള്ളാനും ജി.ഡി.പി വളർച്ച, IIP, FDI, SDR എന്നിങ്ങനെ 26 അക്ഷരം തിരിച്ചും മറിച്ചും ചേർത്തു നെടുനെടുങ്കൻ പ്രസംഗം നടത്താനും പറ്റുന്നില്ല. ആകെ തകർച്ചയാണ്. എന്തായിങ്ങനെയെന്നു ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാനാവുന്നില്ല. എന്നെങ്കിലും തകർച്ചയിൽ നിന്നു കരകയറുമോയെന്നും പറയാൻ കഴിയുന്നില്ല. എന്തിനു, അമേരിക്കൻ പ്രസിഡന്റ് ഒബാമ പോലും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല.

ചിലരൊക്കെ തലയിൽ മുണ്ടിട്ട് പോയി. നീയൊക്കെപ്പറഞ്ഞതുപോലെയെല്ലാം ചെ‌യ്തിട്ട് ഗതി ഇതായല്ലോ, എന്തെങ്കിലും പ്രതിവിധി പറയൂ എന്നായി ഭരണാധികാരികൾ. കുറിച്ചുകൊടുത്ത ഉത്തേജകമൊക്കെ വാങ്ങിക്കൊടുത്തു നോക്കി. ഒന്നും ഏശുന്നില്ല. ചീത്തവിളിക്കവസാനമില്ലെന്നു കണ്ടപ്പോൾ ഇറക്കത്തിനു ഏറ്റമുണ്ട്, ഏറ്റത്തിനിറക്കമുണ്ട് എന്ന് കാവ്യഭാഷയിൽ പറഞ്ഞുനോക്കി. ഫലമില്ല. അതു V പോലെ, ഇനിയും കയറുമെന്നു മറ്റുചിലർ, അതല്ലാ, U പോലെ പതുക്കെ കയറുമെന്ന് വേറെ ചിലർ; മലമുകളിൽ കയറിയതുപോലെ വളഞ്ഞു പുളഞ്ഞെന്നു ഇനിയും ചിലർ. പക്ഷെ അതൊന്നും കേട്ടിട്ടും സർക്കോസിയുടെയും എയ്‌ഞ്ചലാ മെർക്കലിന്റെയും, ഗോർഡൻ ബ്രൌണിന്റെയും ചീഞ്ഞ മുഖത്തിന് ഒരു മാറ്റവുമില്ല. അപ്പോഴാണ് അടുത്ത പണ്ഡിതശിരോമണി എഴുന്നേറ്റുനിന്നത്. അതാ ഇന്ത്യൻ സിംഹം. 1991 ൽ ഇന്ത്യ രാജ്യത്തെ ഉഴുതുമറിക്കാൻ തലയിൽകെട്ടും കെട്ടിയിറങ്ങിയ വലിയ സിംഹത്തിന്റെ അരുമ ശിഷ്യൻ ചെറിയ സിംഹം. മൻ‌മോഹനെപ്പോലെ മൊണ്ടെക്കും ഉലകം മുഴുവൻ ചുറ്റിയ സാമ്പത്തിക പണ്ഡിതനാണ്. IMF, ലോക ബാങ്ക് പരീക്ഷയെല്ലാം പാസായ അളാണ്. ഇപ്പോൾ പീ പീ പീ എന്ന് പിള്ളേരെപ്പോലെ വിളിച്ചുകൂവി നടക്കയാണെന്നൊന്നും കരുതേണ്ട. ഈ കേമൻ അപ്പോത്തിക്കരിയുടെ കുറിപ്പടി എഴുതിയെടുക്കാൻ പേനയും പേപ്പറുമായി എല്ലാവരും തയ്യാറെടുത്തു.

സുഹൃക്കളെ, ഞങ്ങളുടെ നാട്ടിൽ, ഗാന്ധിജിയുടെ ഇന്ത്യയിൽ (ഉദ്ദേശിച്ചത് മറ്റെ ഗാന്ധിയെയാവില്ല), എല്ലാം ഭദ്രമാണ്. ഒരു കുഴപ്പവുമില്ല. പിന്നെ ചെറിയൊരു കുലുക്കമുണ്ട്. വിമാനം എയർപോക്കറ്റിൽ വീഴുന്നതുപോലെ. അത് നിങ്ങൾ കുഴിയിൽ വീഴുമ്പോൾ ഉള്ള ഉലച്ചിൽ കൊണ്ടു വരുന്നതാണ്. കുഴപ്പം വരുന്നത് ഞങ്ങൾ മുൻ‌കൂട്ടികണ്ടു. അവിടെയാണ് ഞങ്ങടെ വലിയ സിംഹത്തിന്റെ കഴിവ്. ഞങ്ങൾ അതുകൊണ്ട് ബാങ്കും ഇൻഷുറൻസും പൊതുമേഖലയിൽ നിലനിർത്തി. കാപ്പിറ്റൽ അക്കൌണ്ട് കൺ‌വർട്ടിബിലിറ്റി ഏർപ്പെടുത്തിയില്ല. അരിയും, പയറും എണ്ണയും ഊഹക്കച്ചവടം നടത്തിയില്ല. മുതലാളിമാർക്ക് സോപ്പ് തേച്ചു കൊടുത്തതേയുള്ളു; കുളിപ്പിച്ചില്ല. അതുകൊണ്ട് അവർക്ക് ഞങ്ങളെ കുളിപ്പിച്ചു കിടത്താൻ കഴിഞ്ഞില്ല. അവരിപ്പോൾ തന്നെ കുളിക്കയാണ്. അവർക്ക് ഞങ്ങളെ വിശ്വാസമാണ്. ഞങ്ങൾക്ക് അവരെ അതിലും പെരുത്ത് വിശ്വാസമാണ്. ഇവിടെ ഞാൻ വിശ്വാസം കാണുന്നില്ല. ഞങ്ങളുടെ നാട്ടിൽ കേരളമെന്നൊരു സംസ്ഥാനമുണ്ട്. അവിടെ കേരം തിങ്ങും കേരള നാട്ടിൽ എന്നൊക്കെ ചിലർ മുഷ്‌ടി ചുരുട്ടി വിളിക്കുന്നത് നിങ്ങൾ ടി.വി. യിൽ കണ്ടിരിക്കും. അതിനെ അവർ തെങ്ങെന്നും വിളിക്കും. ഈ തെങ്ങുണ്ടല്ലോ ഒരു തൈ വച്ചാൽ നേരെ ഒറ്റ വളർച്ചയാണ്. ആകാശം നോക്കിയങ്ങനെ പോകും. ഇവിടെ പറഞ്ഞ U ഇല്ല, V ഇല്ല, വളവുതിരിവില്ല. ശാഖയില്ല, ശിഖരമില്ല. അതുപോലെയാണ് ഈ വിശ്വാസം. നമ്മൾ വളർച്ച 7, 8, 9, 10, 11, 12 എന്നിങ്ങനെ പറഞ്ഞ് കയറ്റിയപ്പോൾ ഈ വിശ്വാസം തെങ്ങുപോലെ കയറിപ്പോയി. പക്ഷെ, തെങ്ങിനു ഒരു കുഴപ്പമുണ്ട്. വീണാൽ അവൻ തലകുത്തി ഒറ്റ വീഴ്ചയാണ്. ഫ്ലാറ്റ്. ഇപ്പോ വീണുകിടക്കയാണ്. പോയത് പോകട്ടെ. ഒറ്റ പ്രതിവിധിയേയുള്ളു. നമുക്ക് വേറെ തെങ്ങ് നടാം. കോട്ടിന്റെ കീശയിൽ നിന്ന് ഉറുമാലെടുത്ത് കണ്ണു തുടച്ച് ഇത്രയും പറഞ്ഞവസാനിപ്പിച്ച് സിംഹം ഉപവിഷ്‌ഠനായി.

ഗംഭീരം കയ്യടി. എല്ലാവരും സിംഹത്തിനു ചുറ്റും കൂടി. ആഹ്ലാദചിത്തരായി നൃത്തം ചവിട്ടി. അവസാനം രക്ഷകനെ കണ്ടെത്തിയിരിക്കുന്നു. ഗാഗുൽത്താമലയിലല്ല. ഹിമാലയ സാനുക്കളിൽ ഉദയം ചെ‌യ്‌ത് ആൽ‌പ്‌സിന്റെ ഗിരിശൃംഗങ്ങളിൽ അവൻ എത്തിയിരിക്കുന്നു. അവനെ വാഴ്ത്തുക. ആമേൻ- എല്ലാവരും ഏറ്റു പറഞ്ഞു.

അനന്തരം അവർ തെങ്ങിൻ തൈകൾ തേടി മലയിറങ്ങി.

*
എ.സിയാവുദീന്‍
(ബെഫി കേന്ദ്രക്കമ്മറ്റി അംഗമാണ് ലേഖകന്‍‍)

3 comments:

  1. കേട്ടിട്ടില്ലേ ഡാവോസിനെപ്പറ്റി. അങ്ങ് ആൽ‌പ്‌സ് പർവതനിരകൾക്കപ്പുറം മഞ്ഞണിഞ്ഞ മനോഹരമായ സുഖവാസകേന്ദ്രം. എല്ലാ കൊല്ലവും അവിടെയൊരു കാർണിവലുണ്ട്. മുതലാളിത്തലോകത്തിലെ വൻ പണചാക്കുകളും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമൊക്കെ അവിടെ ഒത്തുകൂടാറുണ്ടായിരുന്നു. പണ്ടവർ അവിടെ ഇരുന്ന് ആലോചിച്ചിരുന്നത് ഇന്ത്യയെ എങ്ങനെ സഹായിക്കാം എന്നായിരുന്നു. ആഗോളവൽക്കരണം കാറ്റു പിടിച്ചതോടെ അതൊന്നു പരിഷ്‌ക്കരിച്ചു. മുന്നാം‌ലോകരാജ്യങ്ങളിലെ പ്രമാണിമാർക്കും അവിടേക്ക് പ്രവേശനം നൽകി. സാമ്പത്തിക വിദഗ്ധർ എന്നു വിളിക്കപ്പെടുന്ന പണ്ഡിത ശിരോമണികളെയെല്ലാം കൂടെ കൂട്ടി. ശ്രീ ശ്രീ രവിശങ്കറും, മാതാ അമൃതാനന്ദമയിയും പിന്നെ അങ്ങനെ വേണ്ടപ്പെട്ടവർക്കെല്ലാം പോകാം. പേരും പരിഷ്‌ക്കരിച്ചു. ലോക സാമ്പത്തിക ഫോറം സമ്മേളനം. അജണ്ട ലോകവികസനം. സർക്കാർ ചിലവിൽ ഒരാഴ്ച കുളിയും, താമസവും, ഭക്ഷണവും. മഞ്ഞിൽ സ്കേറ്റ് ചെയ്യാം. ഓർമ്മയില്ലേ, നമ്മുടെ മുൻമുഖ്യമന്ത്രി അവിടെ മഞ്ഞിൽ തെറ്റിവീണ് കാലൊടിഞ്ഞ സംഭവം? കേരളത്തിൽ വികസനം കൊണ്ടുവരാൻ വേണ്ടി അതിവേഗം, ബഹുദൂരം അങ്ങോട്ടോടിയ പാവം ഉമ്മൻ ചാണ്ടി തിരിച്ചു മണ്ടിയത് മുടന്തി മുടന്തി. അതുകൊണ്ടു മാത്രമാണ് അന്നു കേരളത്തിന്റെ വികസനവും മുടന്തിപ്പോയത്. അതു പഴയ കഥ.

    ReplyDelete
  2. "ഫോർബ്‌സ് മാഗസിന്റെ കണക്കു നോക്കി ബില്യണയർ ക്ലബിൽ കയറിക്കൂടിയവരുടെ ലിസ്റ്റ് വായിച്ച് അഭിമാനം കൊള്ളാനും ജി.ഡി.പി വളർച്ച, IIP, FDI, SDR എന്നിങ്ങനെ 26 അക്ഷരം തിരിച്ചും മറിച്ചും ചേർത്തു നെടുനെടുങ്കൻ പ്രസംഗം നടത്താനും പറ്റുന്നില്ല"

    മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയിലെ അബദ്ധ സൂചകങ്ങളെ എത്ര കൃത്യമായി വിലയിരുത്തിയിരിക്കുന്നു.

    ReplyDelete
  3. "അതു V പോലെ, ഇനിയും കയറുമെന്നു മറ്റുചിലർ, അതല്ലാ, U പോലെ പതുക്കെ കയറുമെന്ന് വേറെ ചിലര്‍........"

    ഹാ ഹാ V യും U യും ഒക്കെ ഇനീ സ്വപ്നം മാത്രം. യാഥാര്‍ഥ്യം L ആയിരിക്കും.

    ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തില്‍ പൊതുമേഖലയെ തീരെഴുതാന്‍ കഴിയാതിരുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ വെളിയില്‍ പോയി മേനി പറയുന്നൂ. കഷ്ടം!

    ReplyDelete