Wednesday, October 19, 2011

ഉത്തര്‍പ്രദേശില്‍ ആരോഗ്യമേഖലയില്‍ 8500 കോടി രൂപയുടെ അഴിമതി

അഴിമതി നമുക്ക് സുപരിചിതമായ ഒരു വാക്കായി മാറി. ഉത്തര്‍പ്രദേശില്‍ നടന്ന ഈ അഴിമതിക്കഥ വായിച്ചാല്‍ ഇങ്ങനെയും പണം തട്ടാമെന്ന് നമുക്ക് ബോധ്യപ്പെടും.
നാലുവര്‍ഷം മുമ്പാണ് സുഭദ്ര ചറാസിയ എന്ന സ്ത്രീയുടെ വലത് കണ്ണിന് തിമിരം ബാധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങുകയാണ്. 75 കാരിയായ ഈ സ്ത്രീക്ക് ഉടനെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടും. അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. രണ്ടുപേരും വിവാഹിതര്‍. ലഖ്‌നൗവില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് താമസം. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിമിതിയോടെ ഉപജീവനത്തിന് മാത്രമേ തികയൂ. തിമിരത്തിന് ഓപ്പറേഷന്‍ നടത്താന്‍ പണമില്ല. ഏകദേശം 15000 രൂപ വേണ്ടിവരും. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ സ്ത്രീയുടെ ഓപ്പറേഷന്‍ നടന്നുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ആ ഗ്രാമത്തിലെ 60 വയസ് കഴിഞ്ഞ എല്ലാവരുടെയും കണ്ണ് ഓപ്പറേഷന്‍ നടന്നു കഴിഞ്ഞു. പാവപ്പെട്ട ഗ്രാമീണര്‍ക്ക് കാഴ്ചശക്തി നല്‍കാനുള്ള പൊതുപണം സ്വകാര്യ ഏജന്‍സികളും ആശുപത്രികളും ഡോക്ടര്‍മാരും കീശയിലാക്കി. പദ്ധതി വളരെ എളുപ്പം. വോട്ടര്‍പട്ടികയില്‍ നിന്നും 60 വയസ് തികഞ്ഞവരുടെ പേരും വിലാസവും രോഗികളുടെ രജിസ്റ്ററില്‍ ചേര്‍ത്ത് ഓപ്പറേഷന്‍ നടത്തിയതായി രേഖയുണ്ടാക്കി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എന്‍ ആര്‍ എച്ച് എം) കീഴിലുള്ള ഈ പദ്ധതിയുടെ ബില്ലുകള്‍ മാറിയത് അനായാസം.

ഓരോ ഓപ്പറേഷനും സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 750 രൂപ. ലഖ്‌നൗ ജില്ലയില്‍ മാത്രം എന്‍ ആര്‍ എച്ച് എം പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ ആശുപത്രികളില്‍ 3000 - 5000 ഓപ്പറേഷനുകള്‍ നടത്തിയതായി രേഖകള്‍ ഉണ്ടാക്കി. ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസേനയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വളരെ പ്രധാനകാര്യങ്ങളാണ്. ലഖ്‌നൗവിലെ മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബി പി സിംഗ് ഏപ്രില്‍ രണ്ടാം തീയതി വധിക്കപ്പെട്ടു. അദ്ദേഹത്തിന് മുമ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന വിനോദ് ആര്യ 2010 ഒക്‌ടോബര്‍ 27-ാം തീയതി പ്രഭാത നടത്തത്തിനിടെ തന്റെ വീടിനടുത്ത് വച്ച് വധിക്കപ്പെട്ടു. ആര്യയും സിംഗും വധിക്കപ്പെട്ടത് ഒരേ തോക്ക് കൊണ്ടാണെന്ന് അന്വേഷണം തെളിയിച്ചു. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഡപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വൈ എസ് സചാന്‍ ആയിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് വധത്തിന് കാരണം. ഡോ വൈ എസ് സച്ചാന്‍ ജയിലിലായി. ജൂണ്‍ 22 ന് നാടകീയമാംവിധം അദ്ദേഹം ജയിലില്‍ തന്നെ വധിക്കപ്പെട്ടു. ഈ കൊലപാതകം ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയായിരുന്നു. എന്‍ ആര്‍ എച്ച് എം പദ്ധതികളിലൂടെ തട്ടിയ പണം ഉന്നതര്‍ക്ക് കൈമാറുന്ന പ്രധാന കണ്ണിയാണ് ഡോ വൈ എസ് സചാന്‍.

2005 ല്‍ എന്‍ ആര്‍ എച്ച് എം പദ്ധതി ആരംഭിച്ചതിനുശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് 8570 കോടി രൂപയാണ്. പാവപ്പെട്ട ഗ്രാമീണര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗജന്യചികിത്സ നല്‍കാനുള്ള പദ്ധതിയാണിത്. 2007 മുതല്‍ 2009 വരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ അധികാരപരിധിയില്‍ തന്നെയായിരുന്നു ഫണ്ടുകള്‍. അവര്‍ തന്നെയാണ് കുടുംബക്ഷേമം കൈകാര്യം ചെയ്യുന്ന മന്ത്രി. ജില്ലകള്‍ക്ക് ഫണ്ട് കൈമാറി കഴിഞ്ഞാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെ അധികാരപരിധിയിലാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ കുടുംബക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേക ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുകയാണ് മായാവതി ചെയ്തത്. അങ്ങിനെ എല്ലാ ജില്ലകളിലും മുഴുവന്‍ ഫണ്ടും തന്റെ പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ മായാവതിക്ക് സാധിച്ചു.

യു പിയിലെ ഖയ്തി എന്ന ഗ്രാമത്തിലെ 25 കാരിയായ ബില്‍സാവതി 12 കിലോമീറ്റര്‍ അകലെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പോകുന്നവഴിക്ക് റോഡരികിലാണ് തന്റെ കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ ആ സ്ത്രീക്ക് അര്‍ഹതപ്പെട്ട 1400 രൂപ ജനനി കല്യാണ യോജന നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്. ലഖ്‌നൗവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സെയ്ദ്പൂരില്‍ ഗര്‍ഭിണികള്‍ക്ക് പണം നല്‍കിയതിന്റെ വൗച്ചറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ഒരു സഹായവും ലഭിച്ചതുമില്ല. 2008 നുശേഷം ഒരു പ്രസവത്തിന് 2100 രൂപ (1400 രൂപാ പ്രസവിച്ച സ്ത്രീക്കും 700 രൂപാ മിഡ് വൈഫിനും) നല്‍കുന്ന പദ്ധതിയില്‍ 1.44 കോടി പ്രസവത്തിന് തുക ചെലവഴിച്ചതായി രേഖകളില്‍ കാണുന്നു. യഥാര്‍ഥജനനം ഇതിന്റെ 25 ശതമാനം മാത്രമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞവര്‍ഷം പ്രഭാത്കുമാര്‍ യാദവ് പശുപതി നേത്ര ചികിത്സാലയത്തില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായി. 15000 രൂപയോളം ഓപ്പറേഷന് ചെലവായി. ചെറിയ പെട്ടിക്കട നടത്തി ഉപജീവനം നയിക്കുന്ന പ്രഭാത്കുമാര്‍ കൂട്ടുകാരില്‍ നിന്നും ഒരു പലിശക്കാരനില്‍ നിന്നും കടം വാങ്ങിയാണ് ചെലവഴിച്ചത്. ഒരു വര്‍ഷം കൊണ്ട് 2000 രൂപാ മാത്രമേ വീട്ടാന്‍ സാധിച്ചുള്ളു. കടം തീരാന്‍ ചുരുങ്ങിയത് അടുത്ത അഞ്ചുവര്‍ഷം വേണ്ടിവരും. എന്നാല്‍ ഈ സ്വകാര്യ ആശുപത്രി ഈ വര്‍ഷം മാത്രം കള്ളക്കണക്കുകളിലൂടെ നേടിയത് 20 ലക്ഷം രൂപാ. ഈ ആശുപത്രിയുടെ സമീപപ്രദേശങ്ങളില്‍ 'തെഹല്‍ക' നടത്തിയ അന്വേഷണം ഗുരുതരമായ പല പ്രശ്‌നങ്ങളും പുറത്തുകൊണ്ടുവന്നു. ആശുപത്രിയുടെ ഏറ്റവും അടുത്ത മൂന്ന് ഗ്രാമങ്ങള്‍ ബിവേപൂര്‍, അബോരി, ബിഖാപൂര്‍വ. ഈ മൂന്ന് ഗ്രാമവാസികള്‍ക്കും പ്രസ്തുത ആശുപത്രി എന്‍ ആര്‍ എച്ച് എം ന് കീഴില്‍ ജില്ലാ അന്ധത നിയന്ത്രണ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതും സൗജന്യ ചികിത്സ നടത്താന്‍ ബാധ്യതപ്പെട്ട ആശുപത്രിയാണെന്നും ഒരാള്‍ക്ക് പോലും അറിവില്ലായിരുന്നു.

വിചിത്രമായ കാര്യങ്ങള്‍ ഏറെയുണ്ട്. 2010 ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫസ്റ്റ് റിഫോര്‍മല്‍ യൂണിറ്റ് കിറ്റ് വാങ്ങാന്‍ 32 കോടി രൂപാ ചെലവഴിച്ചു. ഇതിനായി ടെണ്ടറുകള്‍ ക്ഷണിച്ചപ്പോള്‍ ഒരു കിറ്റിന് 60,000 - 70,000 രൂപാ നിരക്കില്‍ ടെണ്ടറുകള്‍ ലഭിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ പരിഗണിക്കാതെ ഡല്‍ഹിയിലെ ഒരു കമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയത്. അവര്‍ വാങ്ങിയ വിലയോ - ഒരു കിറ്റിന് 5.89 ലക്ഷം രൂപ. അതേവര്‍ഷം എന്‍ ആര്‍ എച്ച് എം പദ്ധതിയുടെ പ്രചരണത്തിനായി 119 കോടി രൂപയാണ് ചെലവഴിച്ചത്. ഭരണകക്ഷിയോട് അടുപ്പമുള്ള ഒരു ലോക്കല്‍ ന്യൂസ് ചാനലിനാണ് ഇത് നല്‍കിയത്. കോണ്‍ട്രാക്ട് പ്രകാരം റോഡരികില്‍ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. എന്നാല്‍ തെഹല്‍ക സന്ദര്‍ശിച്ച ഒരു സ്ഥലത്തും ഒരു ബോര്‍ഡുപോലും കണ്ടില്ല. സാമൂഹ്യപ്രവര്‍ത്തകനായ സച്ചിദാനന്ദ ആണ് അലഹബാദ് ഹൈക്കോടതിയില്‍ ഈ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ഹര്‍ജി നല്‍കിയത്. 71 ജില്ലകളിലും വിശദമായ അന്വേഷണം നടത്തുന്നതിനു പകരം ലഖ്‌നൗവില്‍ മാത്രം സി ബി ഐ അന്വേഷണത്തിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഓപ്പറേഷന്‍ തിയേറ്ററിലെ ഉപകരണങ്ങള്‍ വാങ്ങിയതിലും പുതിയ ആംബുലന്‍സുകള്‍ വാങ്ങിയതിലും വന്‍ അഴിമതിയാണ് നടന്നത്.

അനീതിക്കെതിരെ കലാപം ഉയര്‍ത്തുന്ന ഒരു ജനതയായി നാം ഉണരണം. ചോദ്യം ചെയ്യുക എന്നത് നാം ഒരു ശീലമാക്കണം. പൊതുപണം കൊള്ളയടിക്കുന്നവരെ ജനമധ്യത്തില്‍ വിചാരണ ചെയ്യണം. പാവപ്പെട്ടവനുവേണ്ടി കൊട്ടിഘോഷിക്കുന്ന മുഴുവന്‍ പദ്ധതികളും അന്വേഷണത്തിന് വിധേയമാക്കണം.

*
കെ ജി സുധാകരന്‍ കരിവെള്ളൂര്‍ (തെഹല്‍കയോട് കടപ്പാട്) ജനയുഗം

1 comment:

  1. അഴിമതി നമുക്ക് സുപരിചിതമായ ഒരു വാക്കായി മാറി. ഉത്തര്‍പ്രദേശില്‍ നടന്ന ഈ അഴിമതിക്കഥ വായിച്ചാല്‍ ഇങ്ങനെയും പണം തട്ടാമെന്ന് നമുക്ക് ബോധ്യപ്പെടും.
    നാലുവര്‍ഷം മുമ്പാണ് സുഭദ്ര ചറാസിയ എന്ന സ്ത്രീയുടെ വലത് കണ്ണിന് തിമിരം ബാധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങുകയാണ്. 75 കാരിയായ ഈ സ്ത്രീക്ക് ഉടനെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടും. അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. രണ്ടുപേരും വിവാഹിതര്‍. ലഖ്‌നൗവില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് താമസം. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിമിതിയോടെ ഉപജീവനത്തിന് മാത്രമേ തികയൂ. തിമിരത്തിന് ഓപ്പറേഷന്‍ നടത്താന്‍ പണമില്ല. ഏകദേശം 15000 രൂപ വേണ്ടിവരും. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ സ്ത്രീയുടെ ഓപ്പറേഷന്‍ നടന്നുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ആ ഗ്രാമത്തിലെ 60 വയസ് കഴിഞ്ഞ എല്ലാവരുടെയും കണ്ണ് ഓപ്പറേഷന്‍ നടന്നു കഴിഞ്ഞു. പാവപ്പെട്ട ഗ്രാമീണര്‍ക്ക് കാഴ്ചശക്തി നല്‍കാനുള്ള പൊതുപണം സ്വകാര്യ ഏജന്‍സികളും ആശുപത്രികളും ഡോക്ടര്‍മാരും കീശയിലാക്കി. പദ്ധതി വളരെ എളുപ്പം. വോട്ടര്‍പട്ടികയില്‍ നിന്നും 60 വയസ് തികഞ്ഞവരുടെ പേരും വിലാസവും രോഗികളുടെ രജിസ്റ്ററില്‍ ചേര്‍ത്ത് ഓപ്പറേഷന്‍ നടത്തിയതായി രേഖയുണ്ടാക്കി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എന്‍ ആര്‍ എച്ച് എം) കീഴിലുള്ള ഈ പദ്ധതിയുടെ ബില്ലുകള്‍ മാറിയത് അനായാസം.

    ReplyDelete