Wednesday, October 19, 2011

വിപണിയുടെ അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയം

ഐക്യ ജനതാദള്‍ പാര്‍ട്ടി നേതാവ് ശരത്‌യാദവ് വളരെ അപൂര്‍വമായേ ഗൗരവമേറിയ കാര്യങ്ങള്‍ പറയാറുള്ളു. അത്തരത്തില്‍പ്പെടുന്നൊരു കാര്യം ഈ അടുത്തകാലത്ത് കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. ''ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ആരാണോ ഇംഗ്ലീഷ് സംസാരിക്കുന്നത് അവര്‍ക്കു കൂടുതല്‍ വകുപ്പുകള്‍ ലഭിക്കും''. ഉപരി-മധ്യവര്‍ഗങ്ങളുടെ സര്‍ക്കാരാണ് മന്‍മോഹന്‍സിംഗിന്റെതെന്നും അതുകൊണ്ടു തന്നെ അത്തരക്കാരുടെ ആവശ്യങ്ങളും ആവലാതികളുമാണ് അത് ചെവിക്കൊള്ളുന്നത് എന്നുമാണ് ശരത്‌യാദവ് ഭാംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തെ ദൃഢപ്പെടുത്തുന്നതാണ് കേന്ദ്ര പ്ലാനിംഗ് കമ്മിഷന്‍ ഈ അടുത്തകാലത്ത് സുപ്രിംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലം.

ദാരിദ്ര്യരേഖയാണ് വിഷയം. നഗരപ്രദേശങ്ങളില്‍ പ്രതിമാസം 4,324 രൂപയും ഗ്രാമങ്ങളില്‍ 3,905 രൂപയും വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍പെടുന്നവരാണെന്നാണ് സത്യവാങ്മൂലത്തില്‍ കമ്മിഷന്‍ എടുത്ത നിലപാട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നഗര-ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം യഥാക്രമം 32 ഉം 26 ഉം രൂപ വരുമാനമുള്ളവര്‍ ദരിദ്രരല്ല എന്നു സാരം! പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരത്തോടെയാണ് പ്രസ്തുത സത്യവാങ്മൂലം കമ്മിഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 2004-05 സാമ്പത്തിക വര്‍ഷത്തിലെ വിലനിലവാര പ്രകാരം ടെണ്ടുല്‍ക്കര്‍ കമ്മിറ്റി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്കൊപ്പം 2010-2011 വര്‍ഷങ്ങളിലെ വ്യവസായത്തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വിലസൂചിക കൂടി കണക്കിലെടുത്താണത്രെ ഇത്തരത്തിലൊരു നിഗമനത്തില്‍ കമ്മിഷന്‍ എത്തിച്ചേര്‍ന്നത്. ഇതിലും രസകരമാണ് അത് (കമ്മിഷന്‍) ഓരോ ഇനത്തിലും വകയിരുത്തിയിരിക്കുന്ന ചിലവിന്റെ തോത്. ചില ഉദാഹരണങ്ങള്‍ ഇതാ: ഭക്ഷ്യസാധനങ്ങള്‍-5 രൂപ, പരിപ്പുവര്‍ഗങ്ങള്‍-1 രൂപ, പച്ചക്കറി-1.8 രൂപ, പാല്-2-3 രൂപ, നഗരങ്ങളില്‍ പ്രതിമാസ വീട്ട് വാടക 49 രൂപ, വിദ്യാഭ്യാസ ചെലവ്-29.60 രൂപ! എത്ര ലളിതമാണ് കമ്മിഷന്റെ കണക്കുകൂട്ടല്‍. വിദ്യാഭ്യാസത്തിന് പ്രതിദിനം ഒരു രൂപ,. വീട്ടുവാടകയ്ക്ക് ഒന്നര രൂപ.
വിലക്കയറ്റം കത്തിക്കാളിനില്‍ക്കുന്ന ഈ സമയത്ത് 32/26 രൂപ കൊണ്ട് നാം എങ്ങനെയാണ് ദാരിദ്ര്യത്തെ അകറ്റിനിര്‍ത്തുന്നത്? 2004 മുതല്‍ 2011 വരെയുള്ള ഏഴ് വര്‍ഷക്കാലത്ത് പരിപ്പിന്റെ വില ഉയര്‍ന്നത് ഏതാണ്ട് 300 ശതമാനമാണ് - 34 രൂപയില്‍ നിന്നും 99 രൂപയിലേയ്ക്ക്. ഇത് അരിയുടെ കാര്യത്തില്‍ 44 ശതമാനവും ആട്ടയുടെ കാര്യത്തില്‍ 55 ശതമാനവും ഉപ്പിന്റെ കാര്യത്തില്‍ 42 ശതമാനവുമാണ്. എന്നിട്ടും നമ്മുടെ ആസൂത്രണ കമ്മിഷന്‍ പ്രധാനമന്ത്രിയുടെയും പരിവാരങ്ങളുടെയും മൗനാനുവാദത്തോടെ മൊഴി യുന്നു. 32/26 രൂപയുണ്ടെങ്കില്‍ നമുക്ക് ദാരിദ്ര്യത്തെ അകറ്റാമെന്ന്! വിലക്കയറ്റത്തെക്കുറിച്ച് കമ്മിഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്ക്‌സിങ് ആലുവാലിയയോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം ഇതിലും രസകരമാണ്. ''രാജ്യം കൈവരിച്ച സമൃദ്ധിക്ക് നാം നല്‍കുന്ന വിലയാണ് വിലക്കയറ്റം''. ഈ സമൃദ്ധിയുടെ പങ്ക് ആര് പറ്റുന്നു എന്ന ചോദ്യം തല്‍ക്കാലം നമുക്ക് ഉപേക്ഷിക്കാം.

സംഗതി വിവാദമായതോടെ, രാഷ്ട്രീയമായി ഉത്തരവാദിത്വം ഇല്ലാത്തവരാണ് സത്യവാങ്മൂലം തയ്യാറാക്കിയത് എന്നു പറഞ്ഞ് തടിതപ്പാനാണ് സര്‍ക്കാര്‍ തുനിഞ്ഞത്. പോരെങ്കില്‍ മൊണ്ടേക്ക്‌സിംഗ് ആലുവാലിയയേയും ജയ്‌റാംരമേഷിനെയും ഉള്‍പ്പെടുത്തി ഒരു പത്രസമ്മേളനവും നടത്തി. അതില്‍ ഇരുവരും പറഞ്ഞത് ഇങ്ങനെ - ''സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക്കപ്പെടുന്നത്!'' നമ്മുടെ ഭരണകൂടം എത്ര ഭംഗിയായാണ് നുണ പറയുന്നത്. വളരെ ചുരുക്കം ചില കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ - ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസാവകാശം, സംയോജിത ശിശുക്ഷേമ പദ്ധതി - ബാക്കി ഉള്ളവ എല്ലാ - റേഷന്‍വിതരണം ഉള്‍പ്പെടെ - ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത് എന്നു മനസിലാക്കുന്നവരാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍. ഭരണകൂടത്തിന് മാത്രം അത് അറിയില്ലെന്നു വരുമോ?
അപ്പോള്‍ പ്രശ്‌നം അറിവിന്റെതല്ല. വിവിധ സാമൂഹ്യവിഭാഗങ്ങളോടുള്ള ഭരണവര്‍ഗത്തിന്റെ സമീപനത്തിന്റേതാണ്. ദരിദ്ര്യരുടെ കാര്യം വരുമ്പോള്‍ സര്‍ക്കാരിന് നല്‍കാന്‍ കൈവശം പണമില്ല. അതേസമയം 60 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്യുന്നു. ഇതിന്റെ മറുവശമാണ് സമ്പന്നര്‍ക്ക് അത് നല്‍കുന്ന കരം ഇളവും മറ്റു കാര്യങ്ങളും കഴിഞ്ഞ ആറു ബജറ്റുകളിലായി ഇവര്‍ക്ക് കരം ഇളവായി മാത്രം നല്‍കിയത് 21 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇതേ കാലയളവില്‍ സാധാരണക്കാര്‍ക്കുള്ള ഭക്ഷ്യ സബ്‌സിഡി സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ബജറ്റില്‍ വ്യവസായ-വാണിജ്യ പ്രമുഖര്‍ നല്‍കേണ്ട നികുതി കുടിശ്ശിക എഴുതി തള്ളിയ വകയില്‍ പൊതുഖജനാവിന് ഉണ്ടായ നഷ്ടം 5 ലക്ഷം കോടി രൂപയാണെന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കുക. ഇതിന്റെ ഒരംശം മാത്രം മതി സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കാന്‍. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ പ്രശ്‌നം ഭരണകൂടത്തിന്റെ മനോഭാവമാണെന്ന് ഇത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഗവണ്‍മെന്റ് പ്രസംഗിക്കുമ്പോഴും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ തോത് കേവലം എട്ട് ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നത്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 'യഥാര്‍ഥ ജനകീയാസൂത്രണം' ആണെന്നാണ് പദ്ധതിയുടെ (പന്ത്രണ്ടാം പദ്ധതി) രൂപരേഖയില്‍ പറഞ്ഞിരിക്കുന്നത്. പദ്ധതിയുടെ മുദ്രാവാക്യം തന്നെ വേഗത്തിലുള്ളതും നിലനില്‍ക്കുന്നതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച എന്നാണ്. ഇത്രയുമൊക്കെ വാചകകസര്‍ത്ത് നടത്തുമ്പോഴാണ് അര്‍ഹതപ്പെട്ടവനെ പല ക്ഷേമ പദ്ധതികളില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി ആസൂത്രണകമ്മിഷന്‍ ശ്രമിക്കുന്നത് എന്ന വൈരുധ്യവുമുണ്ട് ഇവിടെ. സുപ്രിംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലം അനുസരിച്ചുതന്നെ ബി പി എല്‍ ലിസ്റ്റില്‍പ്പെടുത്തിയവരുടെ എണ്ണം കുറയ്ക്കുവാനാണത്രെ ഇത് ലക്ഷ്യമിട്ടിരിക്കുന്നത്. ദാരിദ്ര്യരേഖയുടെ പുത്തന്‍ നിര്‍വചനത്തെ ഇതിനുള്ള കുറുക്കുവഴിയായി വേണം കാണുവാന്‍.

നിലവിലുള്ള ബി പി എല്‍ പട്ടികയില്‍ ഒരാളെപ്പോലും അധികമായി ഉള്‍പ്പെടുത്താനാവില്ലെന്ന തിരിച്ചറിവും ഇത്തരുണത്തില്‍ നമുക്കുണ്ടാവണം. ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ദാമ്പ്‌ളു സിംഗിന്റെ കാര്യമാണ് പെട്ടെന്ന് മനസില്‍ ഓടിയെത്തുന്നത്. ചെറുപ്പക്കാരനായ ഈ ആദിവാസി പുരപ്പുറത്തു നിന്ന് വീണ് നട്ടെല്ല് ഒടിഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. അയാളെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നുവന്നു. അങ്ങനെ ചെയ്യുന്നപക്ഷം കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ മുപ്പത്തിയഞ്ച് കിലോ അരിക്ക് അദ്ദേഹം അര്‍ഹനാവും.

ജില്ലാ കലക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് യാഥാര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമാവുന്നത്. ഒരാളെപ്പോലും അധികമായി ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശം ഇല്ലത്രെ. ഒടുവില്‍ ലിസ്റ്റില്‍പ്പെട്ട ഒരാള്‍ മരിച്ച ഒഴിവിലാണത്രെ സിംഗിന്റെ പേര് ജില്ലാ ഭരണകൂടം എഴുതിച്ചേര്‍ത്തത്. വസ്തുത ഇതായിരിക്കെ, ദാരിദ്രരേഖയുടെ മാനദണ്ഡം പുനര്‍നിര്‍വചിക്കുവാന്‍ ആസൂത്രണ കമ്മിഷന്‍ എടുത്ത തീരുമാനത്തിന്റെ പിന്നിലെ രാഷ്ട്രീയം സുവ്യക്തമാണ്. വിപണിയുടെ അദൃശ്യകരങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.


*
ഡോ. ജെ പ്രഭാഷ് ജനയുഗം 19 ഒക്ടോബര്‍ 2011

1 comment:

  1. ഐക്യ ജനതാദള്‍ പാര്‍ട്ടി നേതാവ് ശരത്‌യാദവ് വളരെ അപൂര്‍വമായേ ഗൗരവമേറിയ കാര്യങ്ങള്‍ പറയാറുള്ളു. അത്തരത്തില്‍പ്പെടുന്നൊരു കാര്യം ഈ അടുത്തകാലത്ത് കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. ''ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ആരാണോ ഇംഗ്ലീഷ് സംസാരിക്കുന്നത് അവര്‍ക്കു കൂടുതല്‍ വകുപ്പുകള്‍ ലഭിക്കും''. ഉപരി-മധ്യവര്‍ഗങ്ങളുടെ സര്‍ക്കാരാണ് മന്‍മോഹന്‍സിംഗിന്റെതെന്നും അതുകൊണ്ടു തന്നെ അത്തരക്കാരുടെ ആവശ്യങ്ങളും ആവലാതികളുമാണ് അത് ചെവിക്കൊള്ളുന്നത് എന്നുമാണ് ശരത്‌യാദവ് ഭാംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തെ ദൃഢപ്പെടുത്തുന്നതാണ് കേന്ദ്ര പ്ലാനിംഗ് കമ്മിഷന്‍ ഈ അടുത്തകാലത്ത് സുപ്രിംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലം.

    ReplyDelete