മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു.
വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്.
ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി.
അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ .
ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി.
ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ.
പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്.
ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു.
സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്?
മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും.
ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.
"നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു.
പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു.
സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്.
മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ?
മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.
*****
എം എം പൗലോസ്, deshabhimani 281211
രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു.
ReplyDeleteസംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്.
മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ?
മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.