ഒടുവില്‍ ലോക്സഭ ലോക്പാല്‍ ബില്‍ പാസാക്കി. എന്നാല്‍ , ശക്തമായ ലോക്പാലിനായുള്ള പ്രതിപക്ഷഭേദഗതികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്ലിലെ ചട്ടങ്ങള്‍ പാസാക്കുന്നതിന് ആവശ്യമായ പിന്തുണ സമാഹരിക്കുന്നതിനും കോണ്‍ഗ്രസിനു കഴിഞ്ഞില്ല. യഥാര്‍ഥത്തില്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരുന്നതിനുള്ള ധാര്‍മികാവകാശമാണ് ഇതോടെ നഷ്ടമായത്.
ലോക്പാല്‍ സംവിധാനം സംബന്ധിച്ച ഗൗരവമായ വിമര്‍ശമുയര്‍ന്നത് അന്വേഷണ സംവിധാനത്തെക്കുറിച്ചാണ്. അതിനെപ്പറ്റി സിപിഐ എം മൂര്‍ത്തമായ ഭേദഗതികള്‍ ഇരുസഭയിലും നല്‍കുകയുണ്ടായി. ഇപ്പോള്‍ ലോക്സഭ പാസാക്കിയ നിയമപ്രകാരം ലോക്പാലിന് സ്വതന്ത്രമായ അന്വേഷണ സംവിധാനമില്ല. ഇതു മാറ്റി ലോക്പാലിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ള അന്വേഷണസംവിധാനം രൂപീകരിക്കണമെന്ന ഭേദഗതി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 1988ലെ അഴിമതി നിരോധനനിയമപ്രകാരം കുറ്റം ആരോപിക്കപ്പെട്ടാല്‍ അതുസംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനം മാത്രം അന്വേഷിച്ചാല്‍ യഥാര്‍ഥ ഫലമുണ്ടാകില്ലെന്ന വിമര്‍ശം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ , അത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
മറ്റൊരു പ്രധാന വിമര്‍ശം ലോകായുക്തയുടെ രൂപീകരണത്തെപ്പറ്റിയാണ്. ലോകായുക്ത സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. എന്നാല്‍ , ഇതുസംബന്ധിച്ച് പൊതുമാനദണ്ഡങ്ങള്‍ കേന്ദ്രം നിര്‍മിക്കുന്നതില്‍ തെറ്റില്ല. അതിനുപകരം ഏകപക്ഷീയമായ നിയമനിര്‍മാണത്തിനാണ് കേന്ദ്രം തുനിഞ്ഞത്. തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തിലൊന്നും ലോകായുക്ത രൂപീകരിക്കുന്നതിനു തയ്യാറാകാതിരുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയില്‍ പലരും ഉന്നയിക്കുകയുണ്ടായി. ഭരണഘടനയുടെ 253-ാം അനുച്ഛേദം അനുസരിച്ചുള്ള നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് അന്താരാഷ്ട്ര കരാറുകളുമായി ബന്ധപ്പെട്ട വകുപ്പാണ്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടന നല്‍കുന്നുണ്ട്. ഇതു നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തവുമുണ്ട്. അഴിമതി ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസമ്മേളനത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായതുകൊണ്ട് ഇങ്ങനെ ചെയ്യാമെന്ന വ്യാഖ്യാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ , യുഎന്‍ പ്രഖ്യാപനത്തില്‍ ഓരോ രാജ്യവും ചെയ്യേണ്ട നടപടികള്‍ വിശദീകരിച്ചിട്ടില്ല. അങ്ങനെ ചെയ്യാനുള്ള അധികാരം അന്താരാഷ്ട്ര കരാറുകള്‍ക്ക് ഇല്ലതാനും. അതുകൊണ്ട് ലോക്പാലും ലോകായുക്തയും രൂപീകരിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ്. അതുസംബന്ധിച്ച നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ഭരണഘടനയുടെ 252-ാം അനുച്ഛേദമാണെന്ന വാദമാണ് സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉയര്‍ത്തിയത്. ഇപ്രകാരമാണ് നിയമമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടേതായ അധികാരം ലഭിക്കും.
പ്രതിപക്ഷത്തിന്റെയും ഭരണമുന്നണിയിലെ തന്നെ ചില വിഭാഗങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വിജ്ഞാപനത്തിനു മുമ്പ് സംസ്ഥാനങ്ങളുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഈ നിയമം പാസായാല്‍ ആറുമാസത്തിനകം സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണമെന്ന ഭേദഗതിയാണ് സിപിഐ എം ഇരുസഭയിലും നല്‍കിയത്. അതോടൊപ്പം ലോക്പാല്‍ ബില്ലില്‍ ലോകായുക്തയെ സംബന്ധിച്ചു പറയുന്ന നാലാം ഭാഗം സംസ്ഥാന നിയമസഭകള്‍ മാര്‍ഗനിര്‍ദേശമായി കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ഈ ഭേദഗതികള്‍ ലോക്സഭയില്‍ അംഗീകരിക്കപ്പെട്ടില്ല. ഫെഡറല്‍ തത്വങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലും ശക്തമായ ലോകായുക്ത ഉണ്ടാകുന്നതിനുള്ള ഭേദഗതിയാണ് സ്വീകരിക്കപ്പെടാതെ പോയത്.
നിലവിലുള്ള നിയമത്തില്‍ കോര്‍പറേറ്റുകള്‍ നടത്തുന്ന അഴിമതി കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്ല. രാജ്യത്ത് അഴിമതി ഗൗരവമായ പ്രശ്നമായി ഇപ്പോള്‍ ഉയര്‍ന്നത് പ്രധാനമായും പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലാണ്. സ്പെക്ട്രം അഴിമതിയിലും കെ ജി ബേസിനിലും മറ്റും ഇതു പ്രകടമാണ്. സര്‍ക്കാരിന്റെ നയങ്ങളെയും മാനദണ്ഡങ്ങളെയും തീരുമാനങ്ങളെയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി മാറ്റിമറിക്കുന്നതിലും ദുരുപയോഗിക്കുന്നതിലും കോര്‍പറേറ്റുകള്‍ കാണിക്കുന്ന വഴിവിട്ട രീതി അവസാനിപ്പിക്കാതെ അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശ്രമം വിജയിക്കുകയില്ല. ഇതുസംബന്ധിച്ച് ഭേദഗതി ഇടതുപക്ഷം മാത്രമാണ് കൊണ്ടുവന്നത്. ഏതെങ്കിലും കോര്‍പറേറ്റ് സംവിധാനമോ അതിന്റെ പ്രൊമോട്ടര്‍മാരോ ഡയറക്ടര്‍മാരോ സര്‍ക്കാര്‍ ലൈസന്‍സോ കരാറോ ലഭിക്കുന്നതിനോ നയങ്ങളെ സ്വാധീനിക്കുന്നതിനോ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ അതുസംബന്ധിച്ച പരാതികളും അവര്‍ക്കെതിരായ അന്വേഷണവും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ , കോണ്‍ഗ്രസും ബിജെപിയും ഈ നിലപാടിന് എതിരായ സമീപനമാണ് സ്വീകരിച്ചത്.
ലോക്പാലില്‍ അംഗമായ വിശിഷ്ടവ്യക്തിയെ നോമിനേറ്റ് ചെയ്യുന്ന രീതിയിലും സിപിഐ എം വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ അഭിപ്രായത്തിനു മാത്രം ഫലത്തില്‍ പ്രാധാന്യമുള്ള നില മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷണറും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും യുപിഎസ്സി ചെയര്‍പേഴ്സനും ചേര്‍ന്നായിരിക്കണം വിശിഷ്ടവ്യക്തിയെ നിര്‍ദേശിക്കേണ്ടതെന്ന ഭേദഗതിയാണ് ഇടതുപക്ഷം നല്‍കിയത്. എന്നാല്‍ , അതും അംഗീകരിക്കപ്പെട്ടില്ല.
പ്രധാനമന്ത്രിക്കെതിരെയുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി ലോക്പാല്‍ സമിതിയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണമെന്ന അസാധാരണ വ്യവസ്ഥയാണ് ബില്ലിലുണ്ടായിരുന്നത്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുപോലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം മാത്രം ആവശ്യമായ രാജ്യത്ത് ഈ വ്യവസ്ഥ പൊതുവെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. ലോക്സഭയില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ മൂന്നില്‍ രണ്ടാക്കി മാറ്റുന്ന ഭേദഗതി സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുകയാണ് ഉണ്ടായത്.
അഴിമതി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ലോക്പാലിനു കഴിയില്ലെങ്കിലും ശക്തമായ ലോക്പാലിന് ഇതില്‍ നല്ല പങ്കുവഹിക്കാന്‍ കഴിയുന്നതാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന പലതരത്തിലുള്ള ഇടപെടലുകളാണ് ഇപ്പോള്‍ ഇങ്ങനെയൊരു ബില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ , ലോക്പാലിനെ ശക്തമായ ഒരു സംവിധാനമാക്കി മാറ്റുന്നതിന് രാഷ്ട്രീയസമൂഹം പാര്‍ലമെന്റിലും പൗരസമൂഹം പുറത്തും ഉന്നയിച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ലോക്പാലിന് ഭരണഘടനാ പദവി നല്‍കണമെന്ന് പാര്‍ലമെന്റില്‍ നേരത്തെ രാഹുല്‍ഗാന്ധി പ്രസംഗിച്ചെങ്കിലും ഇതിനായുള്ള ആത്മാര്‍ഥ ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇതുസംബന്ധിച്ച് സമവായത്തിന് ശ്രമിക്കുമായിരുന്നു. എന്നു മാത്രമല്ല, ആരും എതിര്‍ത്ത് വോട്ടുചെയ്തില്ലെങ്കില്‍ പോലും ഭരണഘടനാ ഭേദഗതിയിലെ ചട്ടങ്ങള്‍ പാസാക്കുന്നതിനുള്ള അംഗബലം ഒപ്പിക്കാന്‍ അവര്‍ക്കായില്ല. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ യുപിഎയിലെ നിരവധി എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തുപോലുമില്ല. യുപി തെരഞ്ഞെടുപ്പിനു മുമ്പ് അഴിമതിക്കെതിരെ തങ്ങള്‍ ചില ശ്രമങ്ങള്‍ നടത്തിയെന്നു സ്ഥാപിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന സ്ഥിരം തന്ത്രത്തിന്റെ പ്രയോഗം തന്നെ.
ലോക്സഭ പാസാക്കിയ ലോക്പാല്‍ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കുകയാണ്. ഇവിടെയും ഇടതുപക്ഷവും മറ്റു പ്രതിപക്ഷ പാര്‍ടികളും ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്സഭയിലെ അംഗബലം രാജ്യസഭയില്‍ യുപിഎക്ക് ഇല്ല. ബില്‍ ഇതേപടി തന്നെ പാസാക്കുന്നതിനുള്ള ശ്രമത്തിന് ഒരു രാത്രി കൂടി ഉപയോഗിക്കാമെന്നതുകൊണ്ടാണ് ബുധനാഴ്ച ഇതു ചര്‍ച്ചയ്ക്ക് കൊണ്ടുവരാതിരുന്നത്. ശക്തമായ ലോക്പാലിനായുള്ള പ്രതിപക്ഷ ഭേദഗതികള്‍ രാജ്യസഭ പാസാക്കിയാല്‍ അതു വീണ്ടും ലോക്സഭയിലേക്ക് അയക്കേണ്ടിവരും. ഇരുസഭയുടെയും സംയുക്ത സമ്മേളനം വിളിക്കുകയാണ് മറ്റൊരു വഴി. രാജ്യസഭ തള്ളിക്കളഞ്ഞ പോട്ട ബില്‍ അങ്ങനെയാണ് നിയമമാക്കിയത്. ലോക്സഭ പാസാക്കിയ ചില നിയമങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് അയച്ച ചരിത്രവുമുണ്ട്. രാജ്യസഭയില്‍ വ്യാഴാഴ്ച എട്ടുമണിക്കൂറാണ് ലോക്പാല്‍ ചര്‍ച്ചയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. അതിനെ തുടര്‍ന്നുള്ള വോട്ടെടുപ്പായിരിക്കും ലോക്പാലിന്റെ രൂപവും ഭാവിയും നിര്‍ണയിക്കുക.
അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ ജനങ്ങളെ പറ്റിക്കുന്നതിനുള്ള തന്ത്രം മാത്രമാണ്. സമഗ്രമായ നിയമനിര്‍മാണത്തിലൂടെ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിരുന്നത്. ഏറെ വിവാദമായ ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരമുള്ള സംവിധാനമായാണ് ജുഡീഷ്യല്‍ കമീഷനെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ , ഇപ്പോള്‍ കൊണ്ടുവന്ന ബില്‍ ജുഡീഷ്യറി തന്നെ അന്വേഷണവും പരിശോധനയും മറ്റും നടത്തുന്ന സമിതി രൂപീകരണം നിര്‍ദേശിക്കുന്നതാണ്. പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കാന്‍ ഇടയുള്ള ഒന്നാണ് ഇതെന്ന വിമര്‍ശം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന സന്ദര്‍ഭമാണ് ഇതെല്ലാം.
*****
പി രാജീവ്, കടപ്പാട് : ദേശാഭിമാനി
അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ ജനങ്ങളെ പറ്റിക്കുന്നതിനുള്ള തന്ത്രം മാത്രമാണ്. സമഗ്രമായ നിയമനിര്‍മാണത്തിലൂടെ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിരുന്നത്. ഏറെ വിവാദമായ ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരമുള്ള സംവിധാനമായാണ് ജുഡീഷ്യല്‍ കമീഷനെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ , ഇപ്പോള്‍ കൊണ്ടുവന്ന ബില്‍ ജുഡീഷ്യറി തന്നെ അന്വേഷണവും പരിശോധനയും മറ്റും നടത്തുന്ന സമിതി രൂപീകരണം നിര്‍ദേശിക്കുന്നതാണ്്. പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കാന്‍ ഇടയുള്ള ഒന്നാണ് ഇതെന്ന വിമര്‍ശം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന സന്ദര്‍ഭമാണ് ഇതെല്ലാം.
ReplyDelete