Sunday, December 12, 2010

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

കടും ചുവപ്പ്: അതാണ് ഈ ഓസ്‌ട്രേലിയന്‍ ഫെമിനിസ്‌റ്റിന്റെ പ്രിയപ്പെട്ട നിറം. അറുപത്തേഴ് വയസ്സായി. ഓസ്‌ട്രേലിയയിലെ ന്യൂസൌത്ത് വേല്‍സിലാണ് ജനനം. സിഡ്‌നി സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലണ്ടനിലെ പ്രസിദ്ധമായ പന്‍ഡോര പ്രസ്സിന്റെ സ്ഥാപകരില്‍ ഒരാളാണ്. പന്‍ഡോരയെ നാമോര്‍ക്കുന്നത് പെണ്ണെഴുത്തിന്റെ പ്രസിദ്ധീകരണശാല എന്ന നിലക്കാണ്; 'വിറാഗോ'യെപ്പോലെ Women's studies international Forum ആരംഭിച്ചതും ഡേല്‍സ്‌പെന്‍ഡര്‍ തന്നെ. പെന്‍ഗ്വിന്‍ ഓസ്‌ട്രേലിയന്‍ വിമന്‍സ് ലൈബ്രറിയുടെ എഡിറ്ററായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെമിനിസത്തോളം തന്നെ ഈ എഴുത്തുകാരിക്ക് പഥ്യമായ രണ്ടു വിഷയങ്ങളുണ്ട്; ബൌദ്ധികസ്വത്തും നവ സാങ്കേതികവിജ്ഞാനീയവും. വിവാഹം എന്ന ഏര്‍പ്പാടില്‍ വിശ്വാസമില്ലാത്ത ഡേല്‍ സ്‌പെന്‍ഡര്‍ നാലുപതിറ്റാണ്ടായി ടെഡ്ബ്രൌണ്‍ എന്ന കൂട്ടുകാരനുമൊത്ത് കഴിയുന്നു. Homeless women- വീടില്ലാത്ത വനിതകള്‍. അവരാണ് ഇപ്പോള്‍ ഡേല്‍ സ്‌പെന്‍ഡറെ അലട്ടുന്ന സാമൂഹ്യപ്രശ്‌നം. അവരുടെ അനാഥാവസ്ഥയിലേക്ക് ആഗോളശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഈ ഫെമിനിസ്‌റ്റ് യത്നിക്കുന്നത്.

1980-ല്‍, അതായത് മുപ്പത് കൊല്ലം മുമ്പ് പുറത്തുവന്ന 'Man made language' എന്ന സ്‌ത്രീപാഠമത്രെ ഡേല്‍ സ്‌പെന്‍ഡറെ വിളംബരംചെയ്‌തത്. ഈ പുസ്‌തകം ലോകമാസകലം ജൈത്രയാത്ര നടത്തി. നമ്മുടെ പ്രപഞ്ചവീക്ഷണത്തെ ചിട്ടപ്പെടുത്തുന്നത് ഭാഷയാണെന്ന വാദമാണ് ഡേല്‍ സ്‌പെന്‍ഡര്‍ ഈ ഗ്രന്ഥത്തില്‍ ഉയര്‍ത്തുന്നത്. ഇത് ഒരു 'ഡിറ്റര്‍മിനിസ്‌റ്റ്' (ഏത് ലോക വ്യവഹാരവും കാര്യകാരണങ്ങള്‍ക്ക് കീഴ്പ്പെട്ടിരിക്കുന്നുവെന്നതാണ് ഡിറ്റര്‍മിനിസ്‌റ്റ് തിയറി) സിദ്ധാന്തത്തിന്റെ മുഖച്ഛായയുള്ളതാണെന്ന് വ്യാഖ്യാനിക്കാം. കൂട്ടത്തില് ‍'Language is not neutral' -ഭാഷ നിര്‍ദോഷമല്ല / നിഷ്പക്ഷമല്ല - എന്നുകൂടി ഡേല്‍ സ്‌പെന്‍ഡര്‍ നിരീക്ഷിച്ചു. ഭാഷ ഒരു വാഹനം മാത്രമല്ല; അത് ആശയങ്ങളുടെ നിര്‍മാതാവ് കൂടിയാണ്. അതു മാനസിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയാണ്. ഭാഷ അന്നുമിന്നും പുരുഷാധിപത്യപരമാകുന്നു. പുരുഷാധീശതയുടെ വിശ്വവീക്ഷണം പ്രകാശിപ്പിക്കാനാണ് ഭാഷ സൃഷ്‌ടിക്കപ്പെട്ടത്. ഭാഷ ശക്തമായ ഒരു ഉപകരണമായി പ്രവര്‍ത്തിക്കുന്നു: പെണ്ണിനെ സാമൂഹ്യമായി, സാംസ്‌കാരികമായി ആണിന് കീഴ്പ്പെടുത്തി നിര്‍ത്താന്‍; അവളെ പ്രാന്തവല്‍ക്കരിക്കാന്‍.

'മാന്‍മേഡ് ലാങ്ഗ്വേജി'ന്റെ ആദ്യഭാഗം വിശദമായി അന്വേഷിക്കുന്നത് വര്‍ത്തമാന ഭാഷാ ഗവേഷണത്തിന്റെ അവസ്ഥയാണ്. കൂട്ടത്തില്‍ ഭാഷയിലെ പ്രബലമായ 'സെക്‌സിസ'ത്തെ (Sexism ലിംഗവിവേചനപരമായ കാഴ്‌ചപ്പാടും സമീപനവും) പരിശോധിക്കുന്നുമുണ്ട്. ഭാഷാഗവേഷണത്തില്‍ സെക്‌സിസം കിടന്നു കളിക്കുന്നു. ലിംഗവിവേചനം എല്ലാ ബുദ്ധിവ്യാപാരങ്ങളിലും ആശയവ്യവഹാരങ്ങളിലും പരോക്ഷമായി പ്രവര്‍ത്തിക്കുന്നു. ആണിന് അനുകൂലമായ ഒരു 'സ്‌റ്റാറ്റസ്‌കോ' (statesquo- പൂര്‍വസ്ഥിതി) നിലനിര്‍ത്താനാണ് പുരുഷാധീശ സമൂഹത്തിന്റെ അധ്വാനം. അതിന്റെ ഭാഗമായി 'ഫെമിനിസ്‌റ്റ് ഡിസ്‌കോഴ്‌സി'നെ -സ്‌ത്രീപക്ഷ സംവാദത്തെ -തന്ത്രപൂര്‍വം താഴ്ത്തിക്കെട്ടുന്നു. അത് male discourse ന് -പുരുഷസംവാദത്തിന് -താഴെയാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ഭാഷാ ഗവേഷണത്തിന്റെ രീതിശാസ്‌ത്രം തന്നെ ആണ്‍കോയ്‌മ സ്വഭാവം കലര്‍ന്നതാണ്.

പുരുഷപ്രമാണിത്തത്തിന്റെ നിഗമനങ്ങളെയും നിര്‍മിതികളെയും വിശ്വാസങ്ങളെയും ആഖ്യാനക്രമങ്ങളെയും ഫലപ്രദമായി വെല്ലുവിളിക്കുന്ന ഒരു സ്‌ത്രീപക്ഷ ഗവേഷണ സമ്പ്രദായത്തിനുവേണ്ടിയാണ് ഡേല്‍ സ്‌പെന്‍ഡര്‍ വാദിക്കുന്നത്. ആധിപത്യമാളുന്ന ആണ്‍സംവാദത്തെ ചോദ്യം ചെയ്യാന്‍ പെണ്ണിന്റെ ഗവേഷണബുദ്ധി ശേഷി സമ്പാദിക്കണം. ചുരുക്കത്തില്‍ തനതായൊരു മൂല്യസമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഒരു സ്‌ത്രീപക്ഷ വിമര്‍ശനപദ്ധതിയാണ്, ഗവേഷണരീതിയാണ്, ഭാഷാമാതൃകയാണ് ഫെമിനിസ്‌റ്റുകള്‍ സജ്ജമാക്കേണ്ടത്. എങ്കില്‍ മാത്രമേ സ്‌ത്രീയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട 'സൈലന്‍സി'നെ- നിശ്ശബ്‌ദതയെ - വലിച്ചെറിയാന്‍ കഴിയൂ. ഈ നാവനങ്ങായ്‌മ, ശബ്‌ദശൂന്യത: അതാണ് എല്ലാ ആശയ സംവാദങ്ങളിലേക്കും പെണ്ണിന് പ്രവേശം നിഷേധിക്കുന്നത്. അതിനാല്‍ ഒരു സ്‌ത്രീ കേന്ദ്രിത ഭാഷാ ബദല്‍ അനിവാര്യമാകുന്നു.

'Man made language'ന്റെ പിന്നീടുള്ള അധ്യായങ്ങളില്‍ നേരത്തെ പറഞ്ഞ സ്‌ത്രീനിശ്ശബ്‌ദത എങ്ങനെ സൃഷ്‌ടിക്കപ്പെടുന്നു എന്നതിനെ സംബന്ധിച്ച് ഡേല്‍ ഉപന്യസിക്കുന്നുണ്ട്. അത് വെറും ലിംഗ്വിസ്‌റ്റിക് ചര്‍ച്ചയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. പെണ്ണെഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന പല സവിശേഷ സര്‍ഗ പ്രശ്‌നങ്ങളിലേക്കും ഡേല്‍ സ്‌പെന്‍ഡറുടെ ആലോചന വഴി മാറുന്നുണ്ട്. ആധുനിക ഫെമിനിസം പല അവശതകളെയും അതിജീവിക്കുകയും വര്‍ധിച്ച പൊതുസമ്മതി കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നിരിക്കിലും വ്യത്യസ്‌തമായി എഴുതാന്‍ ഒരുമ്പെടുന്ന, അവകാശബോധമുള്ള പെണ്ണെഴുത്താളര്‍ക്ക് ഇപ്പോഴും അരോചകമായ ഒരു വാസ്‌തവത്തെ അഭിസംബോധന ചെയ്യേണ്ടിവരുന്നു: സംവാദത്തിന്റെ സദസ്സില്‍ ഇന്നും പെണ്ണിന് അനുവദിച്ചുകിട്ടുന്നത് ഒരു രണ്ടാം വിതാനമാണ് എന്ന വാസ്‌തവത്തെ. അവരുടേതായ 'female reality'യെ- പെണ്‍യാഥാര്‍ഥ്യത്തെ- ആവിഷ്‌കരിക്കരിക്കാന്‍ പ്രാപ്‌തമായ ഒരു പുതിയ സംവാദരീതിയും ഭാഷയും പരുവപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതൊരു പോരാട്ടമാണ്. ഒരോ എഴുത്തുകാരിയും ഈ പൊയ്‌ത്തില്‍ പങ്കുചേരേണ്ടതുണ്ട്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ പെണ്ണെഴുത്തിന് പറ്റില്ല.

ആണ്‍-പെണ്‍ പേച്ചുകളുടെ വ്യത്യാസങ്ങളെ നേരെ ചൊവ്വേ സാമൂഹ്യശാസ്‌ത്രപരമായി വിചാരണചെയ്യുന്ന ഒരു ശരാശരി ഗ്രന്ഥമായി 'Man made language' നെ അടയാളപ്പെടുത്തരുത്. തന്റെ വാദങ്ങള്‍ക്കിടയില്‍ സോഷ്യോ -ലിംഗ്വസ്‌റ്റിക് മോഡലുകളെ മുന്‍നിര്‍ത്തി 'speech' (പേച്ച് ) എന്നതിനെ ഡേല്‍ സ്‌പെന്‍ഡര്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ അടിസ്ഥാനപരമായി അവര്‍ ആലോചിക്കുന്നത് മറ്റു ചില സംഗതികളെക്കുറിച്ചാണ്; അര്‍ഥത്തെ, അറിവിനെ, യാഥാര്‍ഥ്യത്തെ ഭാഷ എവ്വിധം നിര്‍മിക്കുന്നു എന്നതിനെപ്പറ്റി. ഭാഷാപരമായ മേല്‍ക്കോയ്‌മ കൈയാളുന്ന വര്‍ഗം/ജെന്‍ഡര്‍, അര്‍ഥത്തിന്റെ ഉല്‍പ്പാദന പ്രക്രിയയെ നിയന്ത്രിച്ചുപോരുന്നു. തന്മൂലം ഭാഷയില്‍, സൃഷ്‌ടിയില്‍, അര്‍ഥത്തില്‍, വിചാരത്തില്‍ തഴയപ്പെടുന്നത്, പ്രാന്തവല്‍ക്കരിക്കപ്പെടുന്നത് പെണ്‍വര്‍ഗമാകുന്നു. 1983ല്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ഡേല്‍ സ്‌പെന്‍ഡര്‍, ഈ ഗ്രന്ഥത്തിലും തുടര്‍ന്നുള്ള തന്റെ എഴുത്തുകളിലും സ്വീകരിച്ച ആശയശാസ്‌ത്രപരമായ നിലപാട് വ്യക്തമാക്കുന്നുണ്ട്. നാളിതുവരെ അര്‍ഥനിര്‍മിതിയുടെ (Making of meaning) ഉത്തരവാദിത്തം പൂര്‍ണമായും പുല്ലിംഗത്തിനായിരുന്നു. ഈ അര്‍ഥനിര്‍മാണമാകട്ടെ, ഏകപക്ഷീയവും സ്വേച്ഛാപരവുമായി (arbitrary/one sided) പെണ്ണ് എന്ന വസ്‌തുവെ ഒരു നിഷേധാത്മകമായ വേഷത്തില്‍ കാണാനായിരുന്നു പുരുഷഭാഷയുടെ പരിശ്രമം. ആണാധിപത്യ വ്യവസ്ഥയില്‍, അതിന്റെ ഏക സ്വരഭാഷയില്‍, വിശദീകരിക്കപ്പെടാതെപോയ കാര്യങ്ങള്‍ വെളിവാകണമെങ്കില്‍ പുതിയൊരു പെണ്‍ സംവാദഭാഷ ഉരുത്തിരിയണം. അതിനുവേണ്ടിയാവും തന്റെ എല്ലാ അധ്വാനങ്ങളുമെന്ന് ഡേല്‍ സ്‌പെന്‍ഡര്‍ പ്രസ്‌താവിച്ചു. പെണ്ണെഴുത്തിന്റെ ഏതാണ്ട് വിസ്‌മൃതമായ പാരമ്പര്യത്തെ പുനരാനയിക്കുക; അതിന്റെ വെട്ടത്തില്‍ ഒരു പെണ്‍ കേന്ദ്രിത സംവാദഭാഷ പാകപ്പെടുത്തുക: ഇത്യാദിയാണ് ഡേല്‍ സ്‌പെന്‍ഡറുടെ പരന്നുകിടക്കുന്ന പാഠങ്ങളിലും നിബന്ധങ്ങളിലും പ്രതിപാദ്യങ്ങളായി വര്‍ത്തിക്കുന്നത്.

1986ല്‍ 'Mothers of the Novel' (നോവലിന്റെ തള്ളമാര്‍) എന്ന ഡേല്‍ കൃതി പുസ്‌തകച്ചന്തയിലെത്തി. പതിനെട്ടാം നൂറ്റാണ്ടിലെ പെണ്‍നോവലിസ്‌റ്റുകളുടെ പദവിയെ സംബന്ധിച്ച് പുലരുന്ന പൊതുധാരണകളെ പിഴുതെറിയാനാണ് ഈ പുസ്‌തകം ഉദ്യമിച്ചത്. പെണ്‍ കേന്ദ്രിത രചനാതന്ത്രത്തിന്റെ 'ഫ്രേംവര്‍ക്' - ഉപഘടന- ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തിന്റെ വിപുലീകരണമാണ് 'Mothers of the Novel' ല്‍ നാം കാണുന്നത്. പെണ്‍ നോവല്‍ പിറന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ജേന്‍ ഓസ്‌റ്റിന്‍ എന്ന പ്രതിഭയുടെ വരവോടുകൂടിയാണ് എന്ന രൂഢമൂലമായ സാമാന്യധാരണയുണ്ടല്ലോ: അതിന്റെ കടയ്‌ക്കലാണ് ഡേല്‍ സ്‌പെന്‍ഡര്‍ കത്തിവെക്കുന്നത്. ആദ്യമൊക്കെ അവരുടെ മനോഗതവും അതു തന്നെയായിരുന്നുപോല്‍. പക്ഷേ നോവലിന്റെ വേരുകള്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ ബോധ്യമായത്രെ ആ ധാരണ തികച്ചും വികലമാണെന്ന്. ജേന്‍ ഓസ്‌റ്റിന്‍ ഒരു നിലക്കും പെണ്‍ നോവലിന്റെ അമ്മച്ചിയല്ല. ഒരു നൂറ്റാണ്ട് പഴക്കംചെന്ന പെണ്‍ നോവല്‍ വഴക്കത്തിന്റെ സാമാന്യം തിളക്കവും മുഴുപ്പുമുളള കണ്ണിമാത്രമാണ് ഈ ഹാംപ്‌ഷയര്‍കാരി.

ഡേല്‍ സ്‌പെന്‍ഡര്‍ പെണ്‍നോവലിന്റെ തായമാരായി എണ്ണുന്ന എഴുത്തുകാരികളില്‍ ചിലരെക്കുറിച്ച് മാത്രമെ വര്‍ത്തമാന വായനസമൂഹം കേട്ടിരിക്കാനിടയുള്ളു. ഏറിയകൂറും തീര്‍ത്തും വിസ്‌മരിക്കപ്പെട്ട നിര്‍ഭാഗ്യജാതങ്ങളത്രെ. അവരുടെ മുഖങ്ങള്‍ പൊതുസ്‌മരണയുടെ ചിത്രച്ചുമരില്‍നിന്ന് പണ്ടേ മാഞ്ഞുപോയിരിക്കുന്നു. അഫ്രബെന്‍ (Aphra behn), ആന്‍ റാഡ്‌ക്ളിഫ് (Anne Radcliff)എന്നീ സ്‌ത്രീ നോവലിസ്‌റ്റുകള്‍ മുഴുവനായും മറക്കപ്പെട്ടിട്ടില്ല. അവരുടെ സമകാലീനകളായ നിരവധി പെണ്‍ നോവലിസ്‌റ്റുകള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ വായനയില്‍ നിറഞ്ഞുനിന്നിരുന്നുവെന്ന് ഡേല്‍ സ്‌പെന്‍ഡര്‍ നിരീക്ഷിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പില്‍ക്കാലത്ത് ഈ നാരീ നോവലിസ്‌റ്റുകളെല്ലാംതന്നെ വിസ്‌മൃതിയുടെ അന്ധകൂപത്തില്‍ നിപതിക്കുകയാണുണ്ടായത്. ആരും അവരെക്കുറിച്ച് തിരക്കാന്‍ മെനക്കെട്ടില്ല.

'Mothers of the Novel' എന്ന പാഠത്തില്‍ ഗ്രന്ഥകര്‍ത്രിക്ക് രണ്ട് ഉന്നങ്ങളാണുള്ളത്. (1) ഈ കാലം മറന്നുപോയ കഥാകാരികളെ പുനരാനയിക്കുക (അവരുടെ സംക്ഷിപ്‌ത ജീവചരിത്രം, അവരുടെ കൃതികളുടെ രത്നച്ചുരുക്കം എന്നിവകളിലൂടെ). (2) അവരെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ആണെഴുത്തിന്റെ ദുഷ്‌ടലാക്ക് തുറന്നുകാട്ടുക. ആണെഴുത്തിനെയും പെണ്ണെഴുത്തിനെയും വിലയിരുത്തുന്നതില്‍, മൂല്യ നിര്‍ണയം ചെയ്യുന്നതില്‍ ഒരു - 'double standard' - ഇരട്ടത്താപ്പ്- നിലനിന്നിരുന്നുവെന്ന് - ഇപ്പോഴും രഹസ്യമായി നിലനില്‍ക്കുന്നുവെന്ന് - ഡേല്‍ ആരോപിക്കുന്നു. പുരുഷാധീശ നിരൂപണവിദ്യയുടെ കള്ളക്കളി അതാണ്: ആണെഴുത്തിനെയും പെണ്ണെഴുത്തിനെയും വ്യത്യസ്‌തമായ കണ്ണടകളിലൂടെ കാണുക. ശൈലീപരമായിത്തന്നെ സ്‌ത്രീരചന രണ്ടാം കിടയാണെന്ന് ആണ്‍വിമര്‍ശനം വിധിച്ചു. സ്‌ത്രീ രചനകള്‍ ഏറ്റെടുത്ത വിഷയങ്ങള്‍, ഉപയോഗിച്ച ബിംബങ്ങള്‍, രൂപകങ്ങള്‍: ഇവയെല്ലാം തന്നെ ഗുണമേന്മ കുറഞ്ഞവയാണെന്ന് വരുത്തിത്തീര്‍ത്തു. വിവാഹം, കുടുംബം, റൊമാന്‍സ് തുടങ്ങിയ സ്‌ത്രൈണ പ്രതിപാദ്യങ്ങള്‍ ഉദാത്തതയിലേക്കുയരുന്നില്ലെന്ന് ആണ്‍വിമര്‍ശനം കുറ്റപ്പെടുത്തി. ആണെഴുതുന്നത് ഉത്കൃഷ്‌ടം; പെണ്ണെഴുതുന്നത് പൈങ്കിളി: ഈ അപകടകരമായ വിധിയെഴുത്ത് അക്ഷരലോകത്ത് നിലനിന്നു. അതുകൊണ്ട് ഇയാന്‍വാറ്റിനെ (Ian watt) പ്പോലുള്ള പക്വമതികളെന്നു കരുതപ്പെടുന്ന സാഹിത്യനിരൂപകന്മാര്‍പോലും പൊരുതിക്കയറുന്ന പെണ്ണെഴുത്തിനെ കണ്ടില്ലെന്ന് നടിച്ചു. നോവല്‍ പ്രസ്ഥാനത്തിന്റെ ഗുണപരമായ വളര്‍ച്ചക്ക് പെണ്ണെഴുത്തുകാര്‍ നല്‍കിയ സംഭാവനകളെ ഇക്കൂട്ടര്‍ അവഗണിച്ചു.

ആയതിനാല്‍ Mothers of the Novel എന്ന പുസ്‌തകത്തെ, മറക്കപ്പെട്ട പെണ്ണെഴുത്തുകാരുടെ ജീവിതങ്ങളെയും കൃതികളെയും പ്രത്യാനയിക്കാന്‍ പ്ളാനിട്ടുകൊണ്ടുള്ള ഒരു പുനരധിവാസ പ്രവര്‍ത്തനം മാത്രമായി ചുരുക്കിക്കാണരുത്. അതിന്റെ പര്യടനമേഖല വിപുലമാണ്. നോവലെന്ന മാധ്യമത്തിന് മുകളില്‍ പുരുഷനുറപ്പിച്ച ആഭാസമായ ആധിപത്യത്തെ 'സ്വാഭാവികം' എന്നു വെള്ളപൂശാനുള്ള വാസനയുണ്ടല്ലോ, അതിനെ വിവസ്‌ത്രമാക്കുക എന്ന നിയോഗംകൂടി ഈ ഗ്രന്ഥം നിര്‍വഹിക്കുന്നുണ്ട്. ഒരു സ്‌ത്രീകേന്ദ്രിത സാഹിത്യപുരാവൃത്തത്തിലേക്ക് വാതില്‍ തുറക്കുകയാണ് ഡേല്‍ സ്‌പെന്‍ഡര്‍ ചെയ്യുന്നത്. ചോദ്യംചെയ്യപ്പെടാതെ തടിതപ്പുന്ന ആണ്‍പക്ഷ വിമര്‍ശനസമ്പ്രദായത്തിനെതിരായി അവര്‍ കുറ്റപത്രം തയാറാക്കി. ഈ സമ്പ്രദായത്തിന് പിന്നില്‍ പതിയിരിക്കുന്ന 'മിസോജിനിസ്‌റ്റിക്' - സ്‌ത്രീവിരുദ്ധ/വിദ്വേഷ പക്ഷപാതം ഡേല്‍ പൊളിച്ചുകാട്ടുന്നു. ഈ സൈദ്ധാന്തികയുടെ മുഖ്യമായ വാദം ഇതാണ്: സ്‌ത്രീ ചിന്തിക്കുന്നത്, എഴുതുന്നത്, പുരുഷാധിപത്യം ചിട്ടപ്പെടുത്തിയ ഒരു സംവാദ ഘടനക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടാണ്. ഈ ഘടനയാണെങ്കില്‍ സ്‌ത്രീയുടെ സര്‍ഗാധ്വാനങ്ങളെ തമസ്‌കരിക്കാന്‍, തുടച്ചുമാറ്റാന്‍, തുടര്‍ച്ചയായി ഉദ്യമിക്കുകയുമാണ്. തന്താധിപത്യബിംബങ്ങള്‍ക്ക്, മാതൃകകള്‍ക്ക് മുന്‍തൂക്കമുള്ള ഒരു ചരിത്ര നിര്‍മാണമാണ് ആ 'ഡിസ്‌കോഴ്‌സ്- സംവാദം- ലക്ഷ്യംവെക്കുന്നത്. അതില്‍ സ്‌ത്രീക്ക് ഇരിപ്പിടമില്ല. ഈ അവസ്ഥയില്‍ പെണ്‍ചരിത്രത്തിന്റെ നഷ്‌ടപാരമ്പര്യം പെണ്ണുങ്ങള്‍ തന്നെ വീണ്ടെടുക്കണം. അതിന് അതിതീവ്രമായ ബൌദ്ധികപ്രവര്‍ത്തനം ആവശ്യമായി വരും.

1982 ലെഴുതിയ 'Women of Ideas' എന്ന കൃതിയില്‍ സാമ്പ്രദായിക സ്‌ത്രീ ചരിത്രത്തെ (conventional female history) പത്തൊമ്പതാം നൂറ്റാണ്ടിലെ വളരെ പരിമിതമായ ഒരു പ്രതിഭാസമെന്ന നിലയില്‍ ഡേല്‍ സ്‌പെന്‍ഡര്‍ വീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടുമുതല്‍ സാമൂഹ്യവും ധിഷണാപരവുമായ പെണ്‍ പാരതന്ത്ര്യത്തെ, കീഴൊതുങ്ങലിനെ, ചോദ്യംചെയ്‌ത ഒരു ചരിത്രം പാശ്ചാത്യവനിതക്കുണ്ടായിരുന്നു. ആ ചരിത്രം ഇന്ന് തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പുനരവതരണമോ പുനരാഖ്യാനമോ ആണ് ഡേല്‍ സ്‌പെന്‍ഡര്‍ തന്റെ നിയോഗമായെടുക്കുന്നത്. തന്റെ സ്വന്തം രചനകളെ പുരുഷാധിപത്യവിമര്‍ശനത്തിന്റെ 'സെന്‍സറിങ്ങി'ന് -ഗുണദോഷ പരിശോധനക്ക് -വിധേയമാക്കാന്‍ അവര്‍ തയാറല്ല. 1985 -ല്‍ ഡേല്‍ സ്‌പെന്‍ഡര്‍ എഴുതിയ'For the record ' എന്ന കൃതിയില്‍ ആധുനിക ഫെമിനിസ്‌റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തത്വവേദികളുടെ കാഴ്‌ചപ്പാടുകളെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്നുണ്ട്. സ്‌ത്രീകള്‍ അവരുടെ heritage നെ പൈതൃകത്തെ/ പാരമ്പര്യത്തെ-ക്കുറിച്ച് പരസ്‌പരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണമെന്നത്രെ ഈ എഴുത്തുകാരിയുടെ സുചിന്തിതമായ അഭിപ്രായം. അല്ലെങ്കില്‍ ആ പാരമ്പര്യം സ്‌ത്രീക്ക് നഷ്‌ടമായെന്ന് വരാം. സ്‌ത്രീസമൂഹത്തിന്റെ സ്‌മൃതിഭംഗത്തിന് സ്‌ത്രീതന്നെയാണ് പ്രധാനഹേതു. ഒരു ബുദ്ധിപരമായ ഇടം- space -സ്‌ത്രീക്ക് കൂടിയേ കഴിയൂ. ആ ഇടം സ്‌ത്രീതന്നെ നിര്‍മിക്കണം. ആ നിര്‍മാണം പലതരത്തില്‍ തടസ്സപ്പെടുത്തുന്നത് പാട്രിയാര്‍ക്കല്‍ ഡിസ്‌കോഴ്‌സ് -പുരുഷാധീശപരമായ സംവാദമാണ്.

കേറ്റ് മില്ലറ്റിനെപ്പോലെ, ഹെലന്‍ ഡിക്‌സൂസിനെപ്പോലെ, വെര്‍ജീനിയ വൂള്‍ഫിനെപ്പോലെ, മൌലികത അവകാശപ്പെടാന്‍ കോപ്പുള്ള ചിന്തകയാണോ ഡേല്‍ സ്‌പെന്‍ഡര്‍? അല്ലെന്നാവും ഉടനെ കിട്ടുന്ന ഉത്തരം. ഫെമിനിസ്‌റ്റ് വിചാരത്തിന് പുതിയ വീക്ഷാ ഗോപുരമൊന്നും അവര്‍ പണിയുകയുണ്ടായില്ല. അവര്‍ അവതരിപ്പിച്ച ആശയങ്ങള്‍, മറ്റു പല ഫെമിനിസ്‌റ്റുകളും അവരുടെതായ രീതിയില്‍ പറഞ്ഞിട്ടുള്ളതാണ്. സ്‌ത്രീ വിജ്ഞാനീയത്തിന്റെ വീണ്ടെടുക്കല്‍- reclamation of feminist knowledge -എന്ന അത്യാകര്‍ഷകമായ ആശയം ആഡ്രിയെന്റിച്ചും ജോനാറോസ്സും സമര്‍ഥമായിത്തന്നെ ആവിഷ്‌കരിച്ചതാണ്. 1986 ല്‍ ആണല്ലോ 'Mothers of the Novel' വെളിച്ചപ്പെട്ടത്. അതിനു മൂന്നുകൊല്ലം മുമ്പ് ജോനാ റോസ് How to suppress women's writing എന്ന പുസ്‌തകമെഴുതി. ഡേല്‍ സ്‌പെന്‍ഡര്‍ തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞ പല കാര്യങ്ങളും നമുക്ക് വായിക്കാം. ഡെബോറ ക്യാമറൂണ്‍ എന്ന ലിംഗ്വിസ്‌റ്റ് ഡേല്‍ സ്‌പെന്‍ഡര്‍ 'Man made language' ല്‍ പ്രയോഗിച്ച ലിംഗ്വിസ്‌റ്റിക് രീതിശാസ്‌ത്രം പൂര്‍വാപര വിരുദ്ധമാണെന്ന് വിമര്‍ശിക്കുകയുണ്ടായി.

എന്തെല്ലാം കുറവുകള്‍ ആരെല്ലാം കണ്ടാലും ഡേല്‍ സ്‌പെന്‍ഡര്‍ സാഹിത്യം ഇന്നും വിപുലമായി വായിക്കപ്പെടുന്നുണ്ട്. സാഹിത്യത്തില്‍, ഭാഷയില്‍ വിദ്യാഭ്യാസത്തില്‍ സ്‌ത്രീയുടെ സ്ഥാനമെന്തെന്ന എല്ലാ ഗൌരവമായ ആലോചനകളിലും അവരുടെ നാമം നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. പെണ്ണെഴുത്തിനെക്കുറിച്ചുള്ള പലരുടെയും പാഠങ്ങള്‍ ക്ളിഷ്‌ടാല്‍ ക്ളിഷ്‌ടതരമാവുമ്പോള്‍ ഡേല്‍ സ്‌പെന്‍ഡറുടെ എഴുത്ത് അക്ളിഷ്‌ടസുന്ദരമായി അനുഭവപ്പെടുന്നു. അവരുടെ രചനയില്‍ ഊഷ്‌മളമായ ഒരു വ്യക്തി സ്‌പര്‍ശമുണ്ട്.

*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അധിക വായനയ്‌ക്ക് :

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...

കറുത്ത കത്രീനയുടെ സംഘകഥ

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍

2 comments:

  1. Mothers of the Novel എന്ന പുസ്‌തകത്തെ, മറക്കപ്പെട്ട പെണ്ണെഴുത്തുകാരുടെ ജീവിതങ്ങളെയും കൃതികളെയും പ്രത്യാനയിക്കാന്‍ പ്ളാനിട്ടുകൊണ്ടുള്ള ഒരു പുനരധിവാസ പ്രവര്‍ത്തനം മാത്രമായി ചുരുക്കിക്കാണരുത്. അതിന്റെ പര്യടനമേഖല വിപുലമാണ്. നോവലെന്ന മാധ്യമത്തിന് മുകളില്‍ പുരുഷനുറപ്പിച്ച ആഭാസമായ ആധിപത്യത്തെ 'സ്വാഭാവികം' എന്നു വെള്ളപൂശാനുള്ള വാസനയുണ്ടല്ലോ, അതിനെ വിവസ്‌ത്രമാക്കുക എന്ന നിയോഗംകൂടി ഈ ഗ്രന്ഥം നിര്‍വഹിക്കുന്നുണ്ട്. ഒരു സ്‌ത്രീകേന്ദ്രിത സാഹിത്യപുരാവൃത്തത്തിലേക്ക് വാതില്‍ തുറക്കുകയാണ് ഡേല്‍ സ്‌പെന്‍ഡര്‍ ചെയ്യുന്നത്. ചോദ്യംചെയ്യപ്പെടാതെ തടിതപ്പുന്ന ആണ്‍പക്ഷ വിമര്‍ശനസമ്പ്രദായത്തിനെതിരായി അവര്‍ കുറ്റപത്രം തയാറാക്കി. ഈ സമ്പ്രദായത്തിന് പിന്നില്‍ പതിയിരിക്കുന്ന 'മിസോജിനിസ്‌റ്റിക്' - സ്‌ത്രീവിരുദ്ധ/വിദ്വേഷ പക്ഷപാതം ഡേല്‍ പൊളിച്ചുകാട്ടുന്നു. ഈ സൈദ്ധാന്തികയുടെ മുഖ്യമായ വാദം ഇതാണ്: സ്‌ത്രീ ചിന്തിക്കുന്നത്, എഴുതുന്നത്, പുരുഷാധിപത്യം ചിട്ടപ്പെടുത്തിയ ഒരു സംവാദ ഘടനക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടാണ്. ഈ ഘടനയാണെങ്കില്‍ സ്‌ത്രീയുടെ സര്‍ഗാധ്വാനങ്ങളെ തമസ്‌കരിക്കാന്‍, തുടച്ചുമാറ്റാന്‍, തുടര്‍ച്ചയായി ഉദ്യമിക്കുകയുമാണ്. തന്താധിപത്യബിംബങ്ങള്‍ക്ക്, മാതൃകകള്‍ക്ക് മുന്‍തൂക്കമുള്ള ഒരു ചരിത്ര നിര്‍മാണമാണ് ആ 'ഡിസ്‌കോഴ്‌സ്- സംവാദം- ലക്ഷ്യംവെക്കുന്നത്. അതില്‍ സ്‌ത്രീക്ക് ഇരിപ്പിടമില്ല. ഈ അവസ്ഥയില്‍ പെണ്‍ചരിത്രത്തിന്റെ നഷ്‌ടപാരമ്പര്യം പെണ്ണുങ്ങള്‍ തന്നെ വീണ്ടെടുക്കണം. അതിന് അതിതീവ്രമായ ബൌദ്ധികപ്രവര്‍ത്തനം ആവശ്യമായി വരും.

    ReplyDelete
  2. vaayichu. valare nalla ezhuth. aashamsakal.

    ReplyDelete