Sunday, September 26, 2010

ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും

1970ല്‍ തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍, അതുവരെ അജ്ഞാതനായ ഒരാള്‍ നാഗരികമായ ഒരു മലയാളത്തോടും മുന്‍പു സങ്കല്‍പിക്കാത്ത ഇന്ത്യന്‍ അനുഭവവിസ്‌തൃതിയോടുംകൂടി 'ആള്‍ക്കൂട്ടം' എന്ന വലിയ നോവലുമായി രംഗപ്രവേശം ചെയ്യുന്നു. അതിനുമുന്‍പ് അയാള്‍ ചില ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പ്രസിദ്ധീകരിച്ചുവന്നിട്ടില്ല. അതുകൊണ്ട് സാഹിത്യരംഗത്ത് അയാളെപ്പറ്റി ആരും കേട്ടിട്ടുതന്നെയില്ല. 'മാതൃഭൂമി' ആഴ്‌ചപ്പതിപ്പില്‍ ആദ്യം ചെറുകഥകള്‍ എഴുതി, ക്രമേണ ഒരു നോവല്‍ തുടര്‍ച്ചചെയ്‌ത്, പിന്നീടതു പുസ്‌തകമാക്കി, പടിപടിയായി വളര്‍ന്നുവരുന്ന 'സാഹിത്യകാരനെ' കണ്ടുശീലിച്ച അന്നത്തെ മലയാളികള്‍ക്ക്, സാഹിത്യത്തില്‍ ഭൂതകാലമേതുമില്ലാത്ത ഒരജ്ഞാതന്‍ ചെറുതല്ലാത്ത വലുപ്പത്തോടും അപൂര്‍വമായ ഗൌരവത്തോടും കൂടിയ ഒരു നോവലുമായി, ഇല്ലായ്‌മയില്‍നിന്ന് പൊങ്ങിവരുന്നത് അപ്രതീക്ഷിതമായ അനുഭവമായിരിക്കുമല്ലോ. വായനക്കാരുടെ കൈകളില്‍ എത്തുന്നതിനുമുന്‍പ് കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ പ്രസാധകര്‍ ഈ കൃതി തുപ്പണോ വിഴുങ്ങണോ എന്നറിയാതെ അന്തിച്ചുനിന്നു. അവസാനം പി.കെ. ബാലകൃഷ്‌ണന്‍ മുതല്‍പേര്‍ ഇടപെട്ടാണ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ആ പുസ്‌തകം പ്രസിദ്ധീകരിച്ചത്. പുസ്‌തകം പുറത്തുവന്നിട്ടും നിരൂപകരുടെ രജിസ്‌റ്ററില്‍ അതു വേണ്ടവിധം പതിഞ്ഞുവോ എന്നു സംശയമാണ്. ഉദാഹരണത്തിന് 1973-74 കാലത്ത് പുറത്തുവന്ന 'ഹരിശ്രീ' എന്ന ആധുനിക കവിതാസമാഹാരത്തിന് സച്ചിദാനന്ദന്‍ എഴുതിയ 'അവതാളിക'യില്‍ കാക്കനാടന്‍, എം. മുകുന്ദന്‍ തുടങ്ങി മിക്ക ആധുനികരുടെയും പേരുണ്ടെങ്കിലും ആനന്ദ് എന്ന പേര് ആ പട്ടികയില്‍ ഉള്‍പ്പെട്ടതായി കാണുകയില്ല - വെറും നോട്ടപ്പിശക് ആയിരുന്നിരിക്കണം.

'ആള്‍ക്കൂട്ട'ത്തിന്റെ വിച്‌ഛേദകമായ പുതുമയെ നിശ്ചയമായും സ്‌പര്‍ശിച്ചുകൊണ്ട് കെ.പി. അപ്പന്‍ എഴുതിയ പുസ്‌തകനിരൂപണത്തിലാകട്ടെ 'ആള്‍ക്കൂട്ടം' പല പുസ്‌തകങ്ങളില്‍ ഒന്നു മാത്രമായി - വാരികയിലെ സ്ഥലപരിമിതി മാത്രമായിരിക്കണം. അക്കാലത്ത് 'ആള്‍ക്കൂട്ട'ത്തെക്കുറിച്ച് വന്ന പൂര്‍ണലേഖനങ്ങളിലൊന്ന് എം.കെ. മേനോന്‍ എന്ന വിലാസിനിയുടേതായിരുന്നു. എന്നാല്‍ മികച്ച പഞ്ചവാദ്യം ആസ്വദിച്ചാലത്തെ അനുഭവം എന്നും മറ്റും പഴയ രുചിയുടെ വാക്കുകളേ ആ പുസ്‌തകത്തിന്റെ വിസ്‌മയാഘാതത്തെക്കുറിച്ചു പറയാന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. നോവലിന്റെ പുതുമയ്‌ക്കൊപ്പം നടക്കാന്‍ ക്ളേശിച്ച നിരൂപണത്തിന്റെ മുടന്ത് എങ്ങനെയായിരുന്നാലും വായനക്കാരുടെ ഭാവുകത്വത്തെ ആ കൃതി ഇളക്കിക്കഴിഞ്ഞിരുന്നു. ഓരോ ആശയവും ഓരോ ജീവന്മരണ പ്രശ്‌നമാകുന്ന മട്ടില്‍ പുറംലോകസമസ്യയും അകംലോക ദാഹവും ഉരുകി ഒന്നാവുന്ന അതിന്റെ രസജ്ഞാന തീവ്രത വായനക്കാര്‍ തിരിച്ചറിഞ്ഞും കഴിഞ്ഞിരുന്നു. ഇതാ എന്റെ എഴുത്തുകാരന്‍ എന്ന് കുറെപ്പേര്‍ ആ പുസ്‌തകകാരനെ മനസ്സിലാക്കി. എം.വി. ദേവന്‍ വരച്ച മുഖചിത്രവുമായി - മുഖമില്ലാത്ത മനുഷ്യരുടേത് - ഇന്ത്യാപ്രസ്സിലെ പന്ത്രണ്ട് പോയിന്റ് ലിപിയില്‍ ഇറങ്ങിയ ആ എസ്.പി.സി.എസ്. പതിപ്പ്, പിന്നീടെത്രയോ പതിപ്പുകള്‍ ആ നോവലിന് ഉണ്ടായിട്ടും, ഏറെപ്പേര്‍ക്ക് പ്രിയം നിറഞ്ഞ ആദ്യപുസ്‌തകസ്‌മരണയായും മാറി.

ആനന്ദ് എന്ന ഈ 'അജ്ഞാതനായ പ്രസിദ്ധനെ'ക്കുറിച്ചുള്ള ജിജ്ഞാസ തുടരവേയാണ് 1972-ല്‍ അദ്ദേഹത്തിന്റെ രണ്ടാമതത്തെ നോവലായ 'മരണസര്‍ട്ടിഫിക്കറ്റ് ' പുറത്തുവന്നത്. 'സമീക്ഷ'യുടെ 1972 സപ്‌തംബര്‍ ലക്കത്തിലായിരുന്നു അത്. ആ ലക്കം 'സമീക്ഷ'യ്‌ക്ക് പുതുമകള്‍ പലതുണ്ടായിരുന്നു. പത്രാധിപക്കുറിപ്പില്‍ എം. ഗോവിന്ദന്‍ വിശദമാക്കിയപോലെ 'സമീക്ഷ'യില്‍ ഒരു മലയാളചലച്ചിത്രത്തെപ്പറ്റി ആദ്യമായി ഒരു മുഖലേഖനം കൊടുക്കുന്നത് ആ ലക്കത്തിലായിരുന്നു - അടൂര്‍ ഗോപാലകൃഷ്‌ണന്റെ 'സ്വയംവര'ത്തെപ്പറ്റി. അല്ലന്‍ റോബേഗ്രിയേയുമായി നിര്‍മല്‍ വര്‍മ നടത്തിയ സംഭാഷണം, തമിഴിലെ ലിറ്റില്‍ മാഗസിനുകളെക്കുറിച്ചുള്ള നിരൂപണം, പിന്നീട് ഇരുപതുവര്‍ഷം കഴിഞ്ഞുമാത്രം തിരിച്ചറിയപ്പെട്ട കവി കെ.എ. ജയശീലന്റെ കവിതകള്‍, അക്കാല ചൈനീസ് കവിതകളുടെ പരിഭാഷ - ഇവയാണ് ആ ലക്കത്തിന്റെ ആദ്യഭാഗത്തില്‍ ചിലത്. പിന്നീടു വരുന്നു ആനന്ദ് എം. ഗോവിന്ദന് എഴുതിയ കത്തുകളും 'മരണസര്‍ട്ടിഫിക്കറ്റ് ' എന്ന നോവലും. ഇവയില്‍ കത്തുകള്‍ 'സമീക്ഷ'യുടെ 24 പേജും നോവല്‍ 82 പേജും വരും. 'സമീക്ഷ'യുടെ ആകെയുള്ള 176 പേജില്‍ പകുതിയും ആനന്ദിനായി നീക്കിവെച്ചിരിക്കുന്നു എന്നര്‍ഥം. മുഖചിത്രവും മുഖലേഖനവും 'സ്വയംവര'ത്തെക്കുറിച്ചാണെങ്കിലും, ഫലത്തില്‍ 'സമീക്ഷ'യുടെ ആനന്ദ് പതിപ്പുപോലെ തോന്നും ആ ലക്കം. വേറൊരു സമകാലിക എഴുത്തുകാരനെപ്പറ്റിയും 'സമീക്ഷ' ഇതുപോലൊരു പതിപ്പ് ഇറക്കിയിട്ടില്ല. രചനകളുടെ മാറ്റും ചരിത്രമൂല്യവും ഒരുപോലെ ചേര്‍ന്ന ഇത്തരം ലക്കങ്ങളും 'സമീക്ഷ'യ്‌ക്ക് അധികം ഉണ്ടായിട്ടില്ല.

ആ കത്തുകളോ? നാം പരിചയിക്കാത്ത ഒരെഴുത്തുകാരന്റെ ലോകബോധം, സ്വയംബോധം, രുചിബോധം എന്നിവയെ കാണിച്ചുതരുന്ന രേഖയാണത് - ആനന്ദിനെ കാണാന്‍ ലഭിച്ച ഒരു ജാലകം. തന്റെ കൃതിയെപ്പറ്റി പറയാന്‍ കുറച്ചുവാക്കുകളും തന്നെപ്പറ്റി പറയാന്‍ അതിലും കുറച്ചു വാക്കുകളും ലോകത്തെപ്പറ്റി പറയാന്‍ ഏറെ വാക്കുകളും ഉപയോഗിക്കുന്നു അവ. ആദ്യം ചെറുകുറിപ്പായി തുടങ്ങി പിന്നീട് ചര്‍ച്ചയോ ഉപന്യാസമോ ആയി വികസനിക്കുന്നു അവ- എസ്.ടി.ഡി.ക്കും മുന്‍പുള്ള ഒരു കാലത്തിന്റെ ഭാഗ്യം. 'ആള്‍ക്കൂട്ട'ത്തിന്റെ രചനയുടെയും പ്രകാശനതടസ്സങ്ങളുടെയും ഒരു ചരിത്രം ആ കത്തുകളില്‍ തെളിയുന്നുണ്ട്. 1969 ഫെബ്രുവരിയിലാണ് ആയിരത്തിലധികം മുഴുപേജ് വരുന്ന 'ആള്‍ക്കൂട്ട'ത്തിന്റെ കയ്യെഴുത്തുപ്രതിയുമായി മദിരാശിയിലെ ഹാരിസ് റോഡിലുള്ള ഗോവിന്ദന്റെ വസതിയില്‍ ആനന്ദ് എത്തുന്നത്. "ഒഴിവുസമയത്ത് ഇതു വായിച്ച് എനിക്ക് എഴുതിയാല്‍ നന്ന് '' എന്ന അഭ്യര്‍ഥനയോടെ, 'മടുപ്പുതോന്നിയാല്‍ തിരിച്ചയയ്‌ക്കുക' എന്ന കൂട്ടിച്ചേര്‍ക്കലോടെ. ഗോവിന്ദന്‍ അവിടെ ഇല്ലായിരുന്നു. പുസ്‌തകത്തിന്റെ പൊതി വീട്ടില്‍വച്ച് ആനന്ദ് മടങ്ങിപ്പോന്നു. അതേക്കുറിച്ച് ഗോവിന്ദന്‍ പിന്നീടു പറയും, വീട്ടിലെത്തുമ്പോള്‍ മേശപ്പുറത്ത് ഒരു പൊതിയിരിക്കുന്നു, അതിന്മേല്‍ ചായ കുടിച്ചുവെച്ച ഒരു ഗ്ളാസിന്റെ പാടും എന്ന്. അല്‍ഭുതം തോന്നാം, ആനന്ദിനെപ്പോലെ എഴുത്തിലേക്കു വരുന്ന ഒരു പുതുപ്രവേശകന്‍ തന്റെ ആദ്യനോവല്‍ പൂര്‍ത്തിയാക്കുമ്പോള്‍ സമീപിക്കുന്നത് ഏതെങ്കിലും വന്‍കിട പത്രാധിപരെയോ പ്രസാധകനെയോ അല്ല, മറിച്ച് സ്ഥാപനബലങ്ങള്‍ ഒന്നുമില്ലാത്ത ഗോവിന്ദന്‍ എന്ന 'ചെറുമനുഷ്യ'നെയാണ്. ('ലിറ്റില്‍ മാന്‍' എന്ന് ഗോവിന്ദന്‍ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ലിറ്റില്‍ മാഗസിനുകള്‍, ലിറ്റില്‍ യോഗങ്ങള്‍ എന്നിങ്ങനെ വന്‍കിടകളുടെ നടുവില്‍ ചെറുതിന്റെ ഒരു പ്രവര്‍ത്തകന്‍) കാരണം, ആനന്ദ് പറയും "എനിക്ക് നിങ്ങളെയല്ലാതെ മറ്റാരെപ്പറ്റിയും ആലോചിക്കാന്‍ കഴിഞ്ഞില്ല.'' ഒരു പുതിയ മലയാളി എഴുത്തുകാരന് മറ്റാരെപ്പറ്റിയും ആലോചിക്കാന്‍ കഴിയാതിരുന്നവിധം ഗോവിന്ദനുണ്ടായിരുന്ന പുതുരുചിക്കൂറിനെയാണ് ഇതു കാണിച്ചുതരുന്നത്. അതുകൊണ്ട് 1969-ല്‍ 'ആള്‍ക്കൂട്ടം' എന്നപോലെ മൂന്നുവര്‍ഷത്തിനുശേഷം 1972-ല്‍ 'മരണ സര്‍ട്ടിഫിക്കറ്റും' അതിനിടക്ക് 'പൂജ്യം' തൊട്ടുള്ള കഥകളും 'വിപ്ളവവും യുദ്ധവും' എന്ന നീണ്ട ലേഖനവും 'മുക്തിപഥം' നാടകവും ആനന്ദ് ഗോവിന്ദനെ ഏല്‍പിക്കുകയാണ് ഉണ്ടായത്. കൊള്ളാം എന്നു തോന്നിയാല്‍, തോന്നിയാല്‍ മാത്രം, എവിടെയെങ്കിലും പ്രസിദ്ധീകരിക്കാം എന്ന കുറിപ്പോടെ.

*****

കെ.സി. നാരായണന്‍

(കറന്റ് ബുക്സ് , തൃശൂര്‍ പ്രസിദ്ധീകരിച്ച 'ആനന്ദ് : കത്തുകള്‍, ശില്‍പങ്ങള്‍, കവിതകള്‍' എന്ന പുസ്‌തകത്തിന്റെ അവതാരികയില്‍ നിന്ന് )
കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

No comments:

Post a Comment