Sunday, September 26, 2010

ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍

മദ്രാസ്
10-2-1968

പ്രിയ സുഹൃത്തേ,

ഇന്നലെ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നു. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ അവിടെയുണ്ടായിരുന്നില്ല. കുറച്ചുദിവസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂവെന്നറിഞ്ഞു.

നേരില്‍കണ്ടു സംസാരിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതു സാധിക്കാതെവന്നതിനാല്‍ ഞാന്‍ ഈ പൊതി ഇവിടെ വെച്ചുപോവുകയാണ്. ഇത് ഞാനെഴുതിയതാണ്, അഥവാ എഴുതാനിടവന്നത്. ഏതെങ്കിലും തരത്തിലുള്ള ഒരു ജീവിതവൃത്തി എപ്പോഴും തേടേണ്ടിവന്ന ഒരു നാടോടിയാകയാല്‍, ഈ ആഖ്യാനം അവസാനിപ്പിക്കാന്‍ എട്ടുകൊല്ലം വേണ്ടിവന്നു. ഈ നീണ്ട കാലയളവു നിമിത്തം, ഇപ്പോള്‍ കൌതുകം നഷ്‌ടപ്പെട്ട ചില സംഭവങ്ങളുടെ ബന്ധം മുറിഞ്ഞ ആഖ്യാനമായിട്ടുണ്ട് ഇത്. എഴുതുകയെന്നുവരുമ്പോള്‍, എനിക്ക് ഏതെങ്കിലും ഭാഷയില്‍ വേണ്ടത്ര പിടിപാടില്ല. ഇക്കാരണങ്ങളാലെല്ലാം ഇതാരെയെങ്കിലും കാണിക്കാന്‍ എനിക്കു ഭയമായിരുന്നു. എന്നാല്‍, ഒടുവില്‍ ഈ ഭാരം എന്റെ മനസ്സില്‍നിന്നും മാറാപ്പില്‍നിന്നും ഇറക്കിവയ്‌ക്കണമല്ലോ? നിങ്ങളെയല്ലാതെ മറ്റാരെപ്പറ്റിയും എനിക്ക് ആലോചിക്കാന്‍ കഴിയില്ല. എനിക്ക് ആരെയും അറിഞ്ഞുകൂടാ.

ഒഴിവുസമയത്ത്, ഇതു വായിച്ച് അഭിപ്രായം എനിക്കെഴുതിയറിയിച്ചാല്‍ നന്ന്. ഞാനിപ്പോള്‍ അവധിയിലാണ്. മാര്‍ച്ച് അവസാനത്തിലേ നീഫയിലേക്ക് മടങ്ങുകയുള്ളൂ. മാര്‍ച്ച് ആരംഭം വരെ ഞാന്‍ വീട്ടിലായിരിക്കും; പിന്നീട് ബോംബെയ്‌ക്കും അവിടെനിന്നു ഭവനഗരിയിലേയ്‌ക്കും പോകാനുദേശിക്കുന്നു.

എന്നെ മുഴുവനായി പരിചയപ്പെടുത്തുവാനും ഞാനീ അവസരം ഉപയോഗിക്കട്ടെ. ഞാനൊരു എഞ്ചിനീയറാണ്, ഗ്രാഡ്വേറ്റ്. 1958 മുതല്‍ പല സ്ഥലങ്ങളിലായി ജോലി ചെയ്‌തുവരുന്നു. 1966-ല്‍ നാലുകൊല്ലത്തെ സേവനത്തിനായി എന്നെ പട്ടാളത്തിലേയ്‌ക്കെടുത്തു. ഞാന്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. എന്നെക്കുറിച്ച് എനിക്കിത്രയേ അറിയാവൂ.
ഞാന്‍ താങ്കളെ വിഷമിപ്പിക്കുകയാണോ എന്നറിഞ്ഞുകൂടാ. നിങ്ങള്‍ക്ക് മടുപ്പുതോന്നിയാല്‍ ഈ പൊതി എന്റെ വീട്ടുവിലാസത്തില്‍ അയച്ചുതരിക, അസൌകര്യങ്ങള്‍ക്ക് മാപ്പ്.

പി. സച്ചിദാനന്ദന്‍


*

ഇരിഞ്ഞാലക്കുട
29-02-1968

പ്രിയ സുഹൃത്തേ,

18/2 ലെ കത്തിന് നന്ദി.

'ആള്‍ക്കൂട്ട'ത്തെക്കുറിച്ച് അല്‍പം വിവരിച്ചെഴുതാം

ഏഴെട്ടു കൊല്ലംമുന്‍പ് തോന്നിയതാണ് ആശയം. എന്റെ തന്നെ അനുഭവങ്ങളേയും, പരിചിതമായ മറ്റുള്ളവരുടെ ജീവിതത്തേയും ആസ്‌പദമാക്കി ഇടത്തരക്കാരുടെ പുരോഗമനം ഏതുവഴിക്കാണെന്നു പഠിക്കുകയായിരുന്നു ഉദ്ദേശ്യം. എത്തിച്ചേര്‍ന്നതു സുഖകരമായ ഒരു നിഗമനത്തിലായിരുന്നില്ല. എല്ലാവരും അസുഖകരമായ വ്യാമോഹങ്ങളില്‍ക്കൂടി കടന്നുപോകുകയായിരുന്നു. അതില്‍നിന്ന് കൂടുതല്‍ ആത്മവീര്യത്തോടുകൂടി കുടഞ്ഞെണീറ്റുവരുന്നതിനു പകരം ബുദ്ധിജീവികളുടെ മനോഭാവം ചുമതലകളെയെല്ലാം ഉപേക്ഷിച്ച് ആള്‍ക്കൂട്ടത്തില്‍ അഭയം തേടുവാനായിരുന്നുവെന്നു തോന്നി. വ്യക്തികളുടെ സ്ഥാനത്ത് 'അച്ചു'കള്‍ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥ. ചിന്തിച്ചും തര്‍ക്കിച്ചും കാലം കഴിച്ചുകൊണ്ടിരിക്കെ 1962 വന്നു. അതിനെത്തുടര്‍ന്ന് പുറത്തുവന്ന 'ക്ഷാത്രവീര്യദേശീയത്വവും' അന്ധമായ ദേശാഭിമാനവുമെല്ലാം കണ്ടപ്പോള്‍ തോന്നി സ്‌തംഭനാവസ്ഥ ഏതാണ്ടു മുഴുവനുമായെന്ന്.

എഴുതുവാനിരുന്നു. കഥാതന്തു മെലിഞ്ഞാണെങ്കിലും അധികപങ്കും ഉണ്ടാക്കിയെടുത്തതാണ്. ഓരോ കഥാപാത്രത്തിന്റേയും താന്‍ വിശ്വസിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള പ്രയാണം, സമൂഹത്തിന്റേയും രാജ്യത്തിന്റേയും കൂടെത്തന്നെ ഒന്നിച്ച് ഒരു സ്‌തംഭവനാവസ്ഥയില്‍ നില്‍ക്കുന്നതായി കാണിക്കുവാനാണു ശ്രമിച്ചത്. ഇതു കൃത്രിമമായിരിക്കാം. പക്ഷേ, നാടകീയത കിട്ടുവാന്‍ അത് ആവശ്യമാണെന്നു തോന്നി.

ചില പ്രത്യേക പശ്ചാത്തലങ്ങളേയും, പ്രത്യേക വീക്ഷണങ്ങളേയും പ്രതിനിധീകരിക്കത്തക്കവണ്ണം പാത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്‌തത്. പക്ഷേ മുഴുമിച്ചുകഴിഞ്ഞപ്പോള്‍ സംശയം തോന്നി, അവരെല്ലാം സമുദായത്തിലെ ചില പ്രവണതകളുടെ സിംബലുകളായിത്തീര്‍ന്നിട്ടുണ്ടോ എന്ന്. ഇത് നല്ലതോ ചീത്തയോ എന്തോ.

ബുദ്ധിജീവികളുടെ വര്‍ഗം സാധാരണ ഇടത്തരക്കാരുടേതാകാറുള്ളതുകൊണ്ടാണ് അതിനെ പശ്ചാത്തലമാക്കിയത്. പക്ഷേ, എനിക്കു പരിചിതരായ മനുഷ്യരെല്ലാം അപ്രധാനരായ സാധാരണക്കാരായിരുന്നു. പശ്ചാത്തലം പരിമിതരായ ഒരു നഗരവും. ഇത്രയുംവെച്ച് ഒരു വലിയ രാജ്യത്തെയാകെ 'സാമാന്യപ്പെടുത്താന്‍' ശ്രമിക്കുന്നത് സാഹസമായേക്കാം. പക്ഷേ, പില്‍ക്കാലത്ത് ഉണ്ടായ സംഭവങ്ങളെല്ലാം തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു. ദുഃഖകരമായ കാര്യങ്ങളായിരുന്നു പ്രേരണ. സംഭവങ്ങള്‍ മറിച്ചായിരുന്നെങ്കില്‍ സന്തോഷത്തോടുകൂടിത്തന്നെ ഉപേക്ഷിച്ചേനെ.

വിചാരിച്ച ആശയം എത്രത്തോളം വ്യക്തമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. പല ഭാഗങ്ങളും വിഷമിച്ചാണ് എഴുതിത്തീര്‍ത്തത്. തൃപ്‌തികിട്ടാത്തവിധത്തില്‍ ഉപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്. എന്റെ കഴിവുകേടുതന്നെ പ്രധാന കാരണം - ഭാഷയും, ഭാവനയും. ചിലയിടത്തെല്ലാം മാറ്റിയെഴുതിയാല്‍ കൊള്ളാമെന്ന് ഇപ്പോഴും തോന്നുന്നുണ്ട്.

ഭാഷയെപ്പറ്റി ഒന്നുരണ്ടു കാര്യങ്ങള്‍കൂടി. ഒന്നാമതായി, മലയാളത്തിലെ സര്‍വനാമങ്ങളുടെ (പ്രോനൌണ്‍) പ്രയോഗം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍തന്നെ എനിക്ക് ഇവയുടെ പ്രയോഗത്തില്‍ പലപ്പോഴും അമ്പരപ്പ് അനുഭവപ്പെട്ടിട്ടുണ്ട്. മനുഷ്യരെ അവരുടെ പദവി അനുസരിച്ച് തരംതിരിക്കാതെ ഞാന്‍ ഉപയോഗിച്ച ലഘുവായ സമ്പ്രദായം ഇതാണ്:

First person singular -ഞാന്‍

-First person plural - ഞങ്ങള്‍, നാം

Second person singular & plural - നിങ്ങള്‍

Third person singular - അയാള്‍, അവള്‍

Third person plural - അവര്‍

എഴുതിയത് മലയാളത്തിലാണെങ്കിലും, പശ്ചാത്തലം മലയാളത്തിന്റേതല്ലാത്തതുകൊണ്ട് വ്യവഹാരഭാഷ ഗ്രാമ്യം ആകാതെയും 'ക്ളീഷേ' ഇല്ലാതെയും സ്വതന്ത്രമാക്കി നിറുത്തുകയായിരിക്കുമല്ലോ നല്ലത്.

രണ്ടാമതായി, മറ്റു ഭാഷകളില്‍നിന്നുള്ള വാക്കുകളും ഉദ്ധരണങ്ങളും. സ്വാഭാവികമായി മനസ്സില്‍വന്ന പല ഇംഗ്ളീഷ് വാക്കുകള്‍ക്കും മലയാള തര്‍ജമ കിട്ടിയിട്ടില്ല. കുറെയൊക്കെ ഇതര ഭാഷാപദങ്ങള്‍ ഭാഷയില്‍ സ്വീകരിക്കുകയും ട്രാന്‍സ്ളിറ്റ്റേറ്റ് ചെയ്യുകയും ചെയ്യാം. (മലയാളത്തില്‍ ഇറ്റാലിസിസ് ചെയ്യുന്ന സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.) അല്ലാത്തവയ്‌ക്ക് തര്‍ജമ കാണണം. ഇംഗ്ളീഷില്‍നിന്നുള്ള ഉദ്ധരണങ്ങള്‍ റോമന്‍ ലിപിയില്‍ത്തന്നെ കൊടുത്തിരിക്കുന്നു. ഒരേ അക്ഷരവ്യവസ്ഥ പിന്‍തുടരുന്നവയാക കൊണ്ട് മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ഉദ്ധരണങ്ങള്‍ ട്രാന്‍സ്ളിറ്റ്റേറ്റ് ചെയ്‌തിരിക്കുകയാണ്. എല്ലാ ഉദ്ധരണങ്ങള്‍ക്കും തര്‍ജമ അടിക്കുറിപ്പായി കൊടുക്കണമെന്നുണ്ട്. ഹിന്ദുസ്ഥാനിയിലെ ഒന്നുരണ്ടു കവിതാശകലങ്ങള്‍ വ്യാകരണപരമായി എത്രത്തോളം ശരിയാണെന്ന് അറിഞ്ഞുകൂടാ. ഇതെല്ലാം എപ്പോഴാണ്, എങ്ങനെയാണ് ചെയ്യുവാന്‍ സാധിക്കുക എന്ന് അല്‍ഭുതപ്പെടുകയാണ്.

ഇത്രയും അതിനെപ്പറ്റി.

ഞാന്‍ മാര്‍ച്ച് 9-ന് ബോംബെയ്‌ക്കും പിന്നീട് അവിടെനിന്ന് ഭവനഗറിലേക്കും പോകുകയാണ്. മാര്‍ച്ച് 30-തോടുകൂടി തിരിച്ച് ഫീല്‍ഡിലേക്കും പോകും. ഇക്കൊല്ലം ഇനി ലീവില്ലാത്തതുകൊണ്ട് ഒഴിവും കിട്ടുകയില്ല. ബാധ്യതകളില്‍നിന്ന് രക്ഷയില്ല! ഈ കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ പ്രസിദ്ധീകരണത്തിന് ധൈര്യപ്പെടാത്തത്. അതിനു പണച്ചെലവും കാണുമല്ലോ. പ്രസിദ്ധീകരിക്കുകയാണെങ്കില്‍ത്തന്നെ ഒരു തൂലികാനാമം കൊടുക്കുന്നതിനുപകരം, പേര്‍ ഒന്നും ഇല്ലാതെതന്നെ പുറത്തിറക്കരുതെ? ഒരു സാഹിത്യകാരനായിത്തീരുവാന്‍ സംരംഭമില്ല. പ്രസിദ്ധീകരണനിയമങ്ങളെപ്പറ്റി വലിയ അറിവില്ലാത്തതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

മാര്‍ച്ച് 8-ന് മുന്‍പ് എന്നെങ്കിലും മദ്രാസില്‍വെച്ച് കാണുവാന്‍ സൌകര്യമുണ്ടാകുമോ? ഇല്ലെങ്കില്‍ ദയവായി അഭിപ്രായം എഴുതി അറിയിക്കൂ.

പി. സച്ചിദാനന്ദന്‍

(കറന്റ് ബുക്സ് തൃശൂര്‍ പ്രസിദ്ധീകരിച്ച 'ആനന്ദ് : കത്തുകള്‍, ശില്‍പങ്ങള്‍, കവിതകള്‍' എന്ന പുസ്‌തകത്തില്‍ നിന്ന്)


അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

No comments:

Post a Comment