ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വീണ്ടും ശ്രദ്ധേയമാകുയാണ്.
പലിശനിരക്ക് വര്‍ദ്ധനയെക്കുറിച്ച് ഏതെങ്കിലും ബാങ്കിന്റെ ബഹുവര്‍ണ്ണ പരസ്യമില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. പ്രത്യക്ഷത്തില്‍ പലിശ കൂടുതലാണെന്നു തോന്നിപ്പിക്കുന്ന, ഒരു തരം മിഥ്യാധാരണ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുകയാണ്. നിരക്കുകള്‍ വ്യത്യസ്തമാണെന്നു പ്രഥമദൃഷ്ട്യാ തോന്നും, പക്ഷെ അന്തരം പേരിനു മാത്രം. മച്യൂരിറ്റി കാലാവധിയില്‍ വ്യത്യാസം, കാലാവധിയെത്തുന്നതിനു മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകളില്‍ വ്യത്യാസം ! അങ്ങനെ പലതും.
ചുരുക്കത്തില്‍ ഉപഭോക്താവ് കുഴങ്ങുന്നു.
ഏത് ബാങ്കാണ് നിക്ഷേപത്തിനു കൂടുതല്‍ ആദായം നല്‍കുന്നതെന്നോ, ഏത് നിരക്കാണ് കൂടുതല്‍ ലാഭകരമെന്നോ നിര്‍ണ്ണയിക്കാനാവാതെ ഇടപാടുകാര്‍ ആശയകുഴപ്പത്തിലാവുന്നു. പിന്നെ ബാങ്കുകളിലേക്കൊരു പരിഭ്രാന്തമായ പാച്ചിലാണ്. ചിലര്‍ കാലാവധി എത്തും മുന്‍പേ നിക്ഷേപം പിന്‍വലിക്കുന്നു, അതേ ബാങ്കിലോ മറ്റൊരു ബാങ്കിലോ പുതിയ നിക്ഷേപം തുടങ്ങുന്നു.
പലപ്പോഴും നഷ്ടമായിരിക്കും ഫലം. അങ്ങനെ അല്ലെങ്കില്‍ കൂടി ഇതു മൂലം വളരെ കുറഞ്ഞ വര്‍ദ്ധന മാത്രമേ ലഭിക്കൂ എന്നതാണ് വസ്തുത.
അപ്പോള്‍ സ്വാഭാവികമായും ഈ ചോദ്യമുയരുന്നു, എന്തിനാണീ അഭ്യാസമൊക്കെ?
ബാങ്കുകളുടെ നിക്ഷേപത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടാനുള്ള ഒരു ചെപ്പടി വിദ്യ? അതോ സമ്പദ് വ്യവസ്ഥയില്‍ നിലവിലുള്ള എക്സ്ട്രാ ലിക്വിഡിറ്റി ആഗികരണം ചെയ്യാനും, അതിലൂടെ ഡിമാന്‍ഡ് സൈഡിലുള്ള അധിക സമ്മര്‍ദ്ദം കുറച്ച് പണപ്പെരുപ്പം തടയുന്നതിനുള്ള രണ്ടും കല്‍പ്പിച്ചുള്ള ശ്രമമോ?
കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ നിരക്കുകള്‍
സത്യത്തില്‍, പലിശനിരക്ക് വര്‍ദ്ധിപ്പിക്കുക എന്നത് പരിഷ്കരണവാദികളായ വിദഗ്ദര്‍ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. കാരണം കുറഞ്ഞ പലിശനിരക്ക് എന്നത് സാമ്പത്തിക പരിഷ്കാരങ്ങളുടെ വിശുദ്ധ മന്ത്രമാണ്. പലിശനിരക്ക് കുറഞ്ഞ ഒരു സാമ്പത്തിക ക്രമം നടപ്പിലാക്കണമെന്ന് അവര്‍ ഉപദേശിക്കുകയും അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ നിന്നും വിമുക്തവും, കമ്പോളത്താല്‍ നയിക്കപ്പെടുന്നതും, യാതൊരു വിധ നിയന്ത്രണങ്ങള്‍ക്കും വിധേയമല്ലാത്തതുമായ ഒരു പലിശ നിരക്ക് ഘടനയാണ് നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ് .രാഷ്ട്രത്തിന്റെ സമഗ്രമായ സാമ്പത്തിക സ്ഥിതി (macro economic condition) അനുസരിച്ച് പലിശ നിരക്കിനെ പടി പടിയായി നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തമാക്കണം എന്നാണ് ഒന്നാം നരസിംഹം കമ്മിറ്റി മുന്നോട്ട് വെച്ചത്.
പരിഷ്കരണവാദികളുടെ അഭിപ്രായമിതാണ്.
“കുറഞ്ഞ പലിശനിരക്ക് വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും. പലിശ കുറവാണെങ്കില്‍ കോര്‍പ്പറേറ്റുകള്‍ (വന്‍കിട കമ്പനികള്‍) ബാങ്ക് വായ്പയെടുക്കാന്‍ സന്നദ്ധരാവും. ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ ജി.ഡി.പി. വളര്‍ച്ച മന്ദീഭവിക്കും."
2007 മാര്‍ച്ച് 3 മുതല്‍ കാഷ് റിസര്‍വ് റേഷ്യൊ(CRR) പടിപടിയയി വര്‍ദ്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും മാധ്യമപ്രഭുക്കളും അപലപിച്ചതിന്റെ പൊരുളിതാണ്. പക്ഷെ, സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും മുന്നില്‍ പലിശനിരക്ക് വര്‍ദ്ധന അനുവദിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു; കാരണം പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.73 ശതമാനത്തില്‍ എത്തിയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി ഇതൊരു താത്കാലിക പ്രതിഭാസമാണെന്നു കോര്‍പ്പറേറ്റുകളെ സമാശ്വസിപ്പിച്ചുവെങ്കിലും CRR ഇന്നും6.5% ആയി തുടരുന്നു.
1992ല്‍ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ബാങ്കു നിക്ഷേപങ്ങളുടെ പലിശനിരക്ക് 12 മുതല്‍ 15 ശതമാനം വരെ ആയിരുന്നു. നിക്ഷേപകരെ സംബന്ധിച്ചിടത്തോളംഅത് വളരെ ഗുണപ്രദമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപത്തുകഇരട്ടിക്കുമായിരുന്നു. പ്രൊവിഡന്റ് ഫണ്ടിനു 12 ശതമാനം വരെ പലിശ ലഭിച്ചിരുന്നതുകൊണ്ട് തൊഴിലാളികള്‍ക്കും ഇതിന്റെ മെച്ചം കിട്ടി.
എന്നാല്‍, നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതോടെ വിവിധ ഘട്ടങ്ങളിലായി സി.ആര്.ആര് 15 ശതമാനത്തില്‍ നിന്നും 5 ശതമാനം വരെയായി കുറക്കുകയും പലിശ നിരക്കുകള്‍ കൃത്രിമമായി വെട്ടിച്ചുരുക്കുകയും ചെയ്തു. റിസ്കെടുക്കാന്‍ മടിക്കുന്ന സാധാരണ നിക്ഷേപകര്‍ മാത്രമാണ് ബാങ്കുകളില്‍ ഉറച്ചു നിന്നത്. സ്റ്റോക്ക് മാര്‍ക്കറ്റുകളിലേക്കോ വസ്തുക്കച്ചവട( real estate) മേഖലയിലേക്കോ പോകുവാന്‍ അവര്‍ മടിച്ചു. പെന്‍ഷന്‍കാരും മുതിര്‍ന്ന പൌരന്മാരുമടങ്ങുന്ന ഈ “ഭീരുക്കളാണ്” ഈ പലിശ കുറക്കല്‍ നടപടിയുടെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയത്.
അതേ സമയം, വായ്പ നല്കല് പ്രക്രിയ കൂടുതല്‍ കൂടുതല്‍ ഉദാരമായി മുന്നേറി. വായ്പയെടുക്കുന്നവര്‍, പ്രത്യേകിച്ച് കോര്‍പ്പറേറ്റുകള്‍ സ്വന്തം വായ്പയുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്ന ഒരു തരം ` വാങ്ങുന്നവരുടെ കമ്പോളം ‘(buyer's market) നിലവില്‍ വന്നു. കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, ചെറുകിട കച്ചവടക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരെടുക്കുന്ന വായ്പകള്‍ക്ക് കോര്‍പ്പറേറ്റുകള്‍ നല്‍കുന്നതിലും ഉയര്‍ന്ന പലിശ നല്‍കണമെന്ന സ്ഥിതി ഉണ്ടായി. എന്നാല്‍ വന്‍കിട കമ്പനികളാവട്ടെ, ബാങ്കുകളുമായി വിലപേശി ഭവന വായ്പകളേക്കാള്‍ കുറഞ്ഞ പലിശനിരക്കില്‍ വന്‍ തുകയുടെ വായ്പകള്‍ കൈക്കലാക്കി.
ഇതു തന്നെയായിരുന്നു നരസിംഹം കമ്മിറ്റിയും ഇന്ത്യാ ഗവര്‍മ്മെന്റും ലക്ഷ്യമിട്ടത് -കോര്പ്പറേറ്റുകളിലൂടെയുള്ള ജി.ഡി.പി. വളര്‍ച്ച , സര്‍ക്കാരിന് സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന (facilitator)റോള്‍ മാത്രം...
ഇപ്രകാരം കുറഞ്ഞ നിരക്കിലുള്ള വായ്പാ സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിയതേയില്ല. ഉത്പന്നങ്ങളുടെ വില കുറയുകയോ, തൊഴിലാളികള്‍ക്ക് മതിയായ വേതനം ലഭിക്കുകയോ, ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും മെച്ചമുണ്ടാവുകയോ ചെയ്തില്ല. കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിലടക്കേണ്ട നികുതിപോലും ശരിയായി അടച്ചില്ല. കുറഞ്ഞ പലിശ നിരക്കുമൂലമുണ്ടായ അധിക ലാഭം കോര്‍പ്പറേറ്റുകളും അവരുടെ ഓഹരി പങ്കാളികളും ബലമായി വീതിച്ചെടുക്കുകയായിരുന്നു.
ബാങ്കുകള്‍ക്ക് വിഭവ ദാരിദ്ര്യം
ഇങ്ങിനെയിരിക്കെ, ബാങ്കുകള്‍ ഫണ്ടിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ഥിതിവിശേഷം സംജാതമായി. സ്ഥിരനിക്ഷേപങ്ങളും സേവിംഗ് , കറന്റ് നിക്ഷേപങ്ങളും കാലാവധിയെത്തുമ്പോള്‍ പണം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് പലപ്പോഴും 11 ശതമാനം പലിശനിരക്കില്‍ പണം കടമെടുക്കേണ്ട അവസ്ഥയുണ്ടായി.
ഇതിനു ഒന്നിലേറെകാരണങ്ങള് ഉണ്ട്. 32 ശതമാനം വരെ എത്തിയ ക്രെഡിറ്റ് വളര്‍ച്ച തീര്‍ച്ചയായും ഒന്നാമത്തെ ഘടകം തന്നെ. എങ്കിലും, ഗ്രാമീണ- അര്‍ദ്ധ നഗര ശാഖകളില്‍ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ സേവനം നല്കുന്നതില് വീഴ്ച്ച വന്നതിനാല്‍ ബാങ്കിങ്ങ് മേഖലയിലേയ്ക്കുള്ള ലഘു നിക്ഷേപ ഒഴുക്ക് കുറഞ്ഞു എന്നത് രണ്ടാമത്തെ ഘടകമാണ് .സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി (VRS), നിയമന നിരോധനം എന്നിവ മൂലം കൌണ്ടറുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.പലിശേതര വരുമാനത്തിലെ വര്‍ദ്ധനക്കായി ബാങ്കുകള്‍ നടത്തിയ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ തീവ്ര വിപണനം (aggressive marketing) ഇനിയുമൊരു കാരണം . കുറഞ്ഞ പലിശക്കുള്ള സേവിംഗ്സ് നിക്ഷേപങ്ങള്‍ പെട്ടെന്നുള്ള ലാഭം ലക്ഷ്യമാക്കി ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് തിരിച്ചു വിട്ടത് പ്രോത്സാഹനസമ്മാനങ്ങളുടെ പ്രലോഭനത്തില്‍പ്പെട്ട ബാങ്ക് മേലധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. ഇതുമൂലം ഹ്രസ്വകാലയളവില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ തിളങ്ങിയെങ്കിലും നാലോ അഞ്ചോ വര്‍ഷങ്ങളായതോടെ ബാങ്കുകളുടെ അടിത്തറ ഇളകിയിരുന്നു.
സൈദ്ധാന്തികമായി പറയുകയാണെങ്കില്‍, പലിശ എന്നത് വായ്പ വാങ്ങുന്നയാള്‍, ആ വായ്പ ഉപയോഗിക്കുന്നതിനായി, വായ്പ നല്കുന്നവനു നല്കുന്ന വിലയാണ്. നിക്ഷേപവും സമ്പാദ്യവുമാണ് പലിശ നിര്‍ണ്ണയിക്കുന്നതെന്ന് ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിശ്വസിച്ചു. പക്ഷെ, വിക്സെലും റോബര്‍ട്ട്സണും (Wicksel and Robertson) നേതൃത്വം കൊടുത്തിരുന്ന നിയോ-ക്ലാസിക്കല്‍ സ്കൂളിന്റെ വിലയിരുത്തല്‍ അനുസരിച്ച് ധന - ധനേതര ശക്തികളുടെ പ്രതിപ്രവര്‍ത്തനമാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് . ജെ.എം.കെയിന്‍സ് (John Maynard Keynes) ആകട്ടെ ധനത്തിനായുള്ള ആവശ്യകതയാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് എന്ന് സിദ്ധാന്തിക്കുന്നു. ഈ അവശ്യകതയെ അദ്ദേഹം “ലിക്വിഡിറ്റി പ്രിഫറന്‍സ്” (liquidity preference) എന്നു വിളിച്ചു. നസാവു സീനിയര്‍ (Nassau William Senior) ആണ് പണം വിട്ടുകൊടുക്കുന്നതില്‍ ഒരു ത്യാഗത്തിന്റെയോ ഉപേക്ഷയുടെയോ അംശമുണ്ടെന്ന് ഊന്നിപ്പറഞ്ഞത്. എന്നാല്‍ ധനികരുടെ സമ്പാദ്യത്തില്ഈ ത്യാഗത്തിന്റെ അംശമില്ലെന്ന് കാള്‍ മാര്‍ക്സ് (Karl Marx) നിരീക്ഷിച്ചു. അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത് ധനികര്‍ക്ക് ഉപഭോഗം ചെയ്യാന്‍ ഇനി മറ്റൊന്നും ശേഷിച്ചിട്ടില്ല എന്നതായിരുന്നു. പിന്നീട് മാര്‍ഷല്‍ (Alfred Marshall) ഉപേക്ഷ എന്ന പദത്തിനു പകരം കാത്തിരുപ്പ് എന്ന പദം ഉപയോഗിച്ചു.
എന്തായാലും, പലിശ നിരക്ക് തീര്‍ച്ചയായും ആദായകരമായിരിക്കണം. അനുദിനം പണത്തിന്റെ മൂല്യം കുറയുന്ന പണപ്പെരുപ്പാധിഷ്ഠിത സമ്പദ് വ്യവസ്ഥിതിയില്‍ പ്രത്യേകിച്ചും. ഒരു കൈയില്‍ നിന്നും പണം മറ്റൊരു കൈയ്യിലേക്ക് കൈമാറുമ്പോള്‍ അതില്‍ ത്യാഗമോ, ഉപേക്ഷയോ, കാത്തിരുപ്പോ ഉണ്ട്. കാലാവധിക്കുശേഷം അത് തിരിച്ചു കിട്ടുമ്പോള്‍ ഇക്കാലയളവില്‍ യഥാര്‍ത്ഥത്തിലുണ്ടായ മൂല്യശോഷണം നികത്തപ്പെടണം എന്നു മാത്രമല്ല നിക്ഷേപകന് ഒരല്പം വരുമാനം ഉണ്ടായി എന്നു തോന്നുക കൂടി വേണം. അങ്ങനെയല്ലായെങ്കില്‍ അത് നിക്ഷേപകനെ നിരുത്സാഹപ്പെടുത്തും.
വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍, അഭ്യന്തര സമ്പാദ്യം നിരുത്സാഹപ്പെടുത്തുക തന്നെയാണ് ഇപ്പോള്‍ ഗവര്‍മെന്റിന്റെ ഉദ്ദേശവും. നാടന്‍ സമ്പാദ്യത്തിനു പ്രാധാന്യം നല്കേണ്ടതിനു പകരം അവര്‍ വൈദേശികമായ ഫണ്ടുകളുടെ പിറകെ പോകുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപവും (FDI) ഫോറിന് ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപവും (FII) അഭ്യന്തര നിക്ഷേപത്തേക്കാള്‍ പ്രിയമേറിയതായി. ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടപ്പെടുന്നു. തൊഴില്‍ശക്തി വെട്ടിച്ചുരുക്കപ്പെടുന്നു. ഈയവസ്ഥയില്‍ സമ്പാദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് ക്രൂരമായ ഒരു ഫലിതം മാത്രമാകും.
വായ്പയെടുക്കുന്നവന്റെ ഉത്കണ്ഠകള്‍
ഉയര്‍ന്ന പലിശനിരക്ക് വായ്പയുടെ വില വര്‍ദ്ധിപ്പിക്കുന്നു. 1991 വരെ ഇതായിരുന്നു സ്ഥിതി. ആ സമയത്ത് പൊതുമേഖലാ ബാങ്കുകള്‍ കര്‍ഷകര്‍ക്കും മറ്റു മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കിയിരുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 4 ശതമാനം പലിശനിരക്കില്‍ ഇപ്രകാരം വായ്പകള്‍ നല്‍കിയിരുന്നു.
പക്ഷെ നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചത് ഈ മുന്‍ഗണനാ വിഭാഗത്തിനുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നാണ്.
എന്നിരുന്നാലും ഇത് പൂര്‍ണ്ണമായും സ്വീകരിക്കുവാന്‍ ഗവര്‍മ്മെന്റ് തയ്യാറായില്ല. അതിനു പകരമെന്നോണം ഈ മുന്‍ഗണനാ വിഭാഗത്തിന്റെ നിര്‍വചനത്തില്‍ വെള്ളം ചേര്‍ത്തു. പലിശനിരക്കില്‍ നല്‍കിയിരുന്ന ഇളവുകളും ഉപേക്ഷിച്ചു. പലപല ന്യായങ്ങളും പറഞ്ഞ് പാവങ്ങള്‍ക്കുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കി. എങ്കിലും കോര്‍പ്പറേറ്റുകള്‍ക്കായുള്ള സബ്സിഡികള്‍ വിവിധ രൂപങ്ങളില്‍ ഇന്നും തുടരുന്നു.
തീര്‍ച്ചയായും ഉയര്‍ന്ന പലിശനിരക്കിന്റേതായ ഒരു വ്യവസ്ഥ വായ്പയെടുക്കുന്ന ചെറുകിടക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം വൈഷമ്യമുളവാക്കുന്നതാണ്. അവരുടെ വൈഷമ്യങ്ങള്‍ മുന്‍ഗണനയും പ്രാധാന്യവും നല്കി പരിഹരിക്കപ്പെടേണ്ടതുമാണ്. ഉത്പാദന മേഖലകള്‍ക്കും മുന്‍ഗണനാ മേഖലകള്‍ക്കും വിവേചനപൂര്‍വം കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പ് വരുത്തേണ്ടതുണ്ട്. പക്ഷേ സമ്പദ് മേഖലയിലെ പരിഷ്കാരങ്ങള്‍ക്കായുള്ള ആഗോള കുറിപ്പടികള്‍ക്ക് എതിരാവും എന്നതിനാല്‍ സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ടു ഗവര്‍മെന്റും റിസര്‍വ് ബാങ്കും സാദ്ധ്യമായ ആദ്യ അവസരത്തില്‍ത്തന്നെ പലിശനിരക്ക് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് കരുതാവുന്നതാണ്.
ചുരുക്കത്തില്‍, വാര്‍ഷിക -അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിന്റെ അവസരങ്ങളില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു വശത്ത് ആത്മാര്‍ത്ഥതയില്ലാത്തതും മറുവശത്ത് വഞ്ചനാപരവുമാണ്. ഈ നടപടി ആഗോളവത്കരണത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ ആഗോള സംയോജനത്തിന്റേയും തത്വശാസ്ത്രങ്ങള്‍ക്ക് , താത്കാലികമായാണെങ്കിലും, ഒരു തിരിച്ചടിയാണ്. അത് കമ്പോളത്താല്‍ നിയന്ത്രിക്കപ്പെടുന്ന പലിശനിരക്ക് എന്ന സിദ്ധാന്തത്തിനെതിരെ കലാപമുയര്‍ത്തുന്നു. അതിനാല്‍ത്തന്നെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ എത്രയും വേഗം കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനുംമേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ട്. പലിശനിരക്ക് വര്‍ദ്ധനക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത് വാസ്തവത്തില്‍ (ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ വെളിവാക്കുന്നതിനുമപ്പുറത്തുള്ള ) അവശ്യസാധന വില വര്‍ദ്ധനയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി ഭാരതത്തിലെ ഇടതുപക്ഷവും മറ്റു ജനാധിപത്യ ശക്തികളും തൊഴിലാളി സംഘടനകളും പ്രകടിപ്പിച്ച നിതാന്ത ജാഗ്രതയേയും തുടര്‍ച്ചയായ പ്രക്ഷോഭപരിപാടികളേയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തേയും പറ്റി അവര്‍ക്ക് അഭിമാനിക്കാം. ഇനി വരുന്ന കാലയളവിലും ഈ ജാഗ്രത അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിലനിര്‍ത്തേണ്ടതുണ്ട്.
(ലേഖകന്‍: ശ്രീ. കെ.വി.ജോര്‍ജ്ജ്)