Wednesday, April 23, 2008

നാണയപ്പെരുപ്പം എത്രത്തോളം എന്തുകൊണ്ട്?

വര്‍ത്തമാനകാല ഇന്ത്യയിലെ ഒന്നാമത്തെ സാമ്പത്തികപ്രശ്നമാണ് നാണയപ്പെരുപ്പം. നിലനില്‍പ്പിന്റെ അഗ്രഭാഗത്തു നില്‍ക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും അത് കൂടുതല്‍ ഞെക്കിപ്പിഴിയുന്നു. എന്തെങ്കിലും സ്വത്തുക്കള്‍ ബാക്കിയുണ്ടെങ്കില്‍ അത് വില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. കൂടുതല്‍ കടത്തിലേക്കും പട്ടിണിയിലേക്കും അവര്‍ പതിക്കുന്നു. അടുത്തകാലത്തുണ്ടായ സാമ്പത്തികവളര്‍ച്ചയെ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നത് നിശ്ചിത വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും ഭാഗത്തുനിന്നുണ്ടായ വര്‍ധിച്ച ആവശ്യമായിരുന്നു. ഈ വിഭാഗത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ നാണയപ്പെരുപ്പം ചോര്‍ത്തിയെടുക്കുകയാണ്. അവസാനമായി, ആഗോളവിപണിയില്‍ ഇന്ത്യയുടെ വിജയത്തിലൂടെ നേട്ടം കൊയ്തിരുന്ന ഉല്‍പ്പാദകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കാനും നാണയപ്പെരുപ്പം ഇടയാക്കി.

ചുരുക്കിപ്പറഞ്ഞാല്‍, നാണയപ്പെരുപ്പം ദരിദ്രരുടെ ജീവിതമാര്‍ഗത്തിനു മാത്രമല്ല ഭീഷണി ഉയര്‍ത്തുന്നത്; ഗവമെന്റ് നേട്ടമായി കൊട്ടിഘോഷിക്കുന്ന ഉയര്‍ന്ന വളര്‍ച്ചനിരക്കിനും അത് തടസ്സമാകുന്നു. നിരവധി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് വിശാലമായ മേഖലയില്‍ ഫലങ്ങളുണ്ടാക്കുന്ന നാണയപ്പെരുപ്പമാണ് ഇന്നുള്ളത്. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ജനവിഭാഗങ്ങളെ ബാധിക്കുന്ന ഒന്നായി അത് മാറിയത്. എല്ലാ ഉല്‍പ്പന്നത്തെയും കണക്കിലെടുത്തുള്ള മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2007 ഡിസംബര്‍ അവസാനം നാലു ശതമാനത്തില്‍ താഴെയായിരുന്നത് 2008 മാര്‍ച്ച് രണ്ടാം പകുതിയായപ്പോള്‍ ഏഴുശതമാനത്തിലധികമായി ഉയര്‍ന്നു. നാണയപ്പെരുപ്പത്തിന്റെ നാലിലൊന്നിലധികം ധാന്യങ്ങളടക്കമുള്ള അടിസ്ഥാന വസ്തുക്കളുടെ വിലവര്‍ധനമൂലമാണ്. നാണയപ്പെരുപ്പത്തിന്റെ എട്ടിലൊന്ന് സംഭാവന ചെയ്യുന്നത് അന്താരാഷ്ട്രവിപണിയില്‍ പെട്രോളിയത്തിന്റെ ഉയര്‍ന്ന വിലയാണ്. നാണയപ്പെരുപ്പത്തിന്റെ 60 ശതമാനവും ഭക്ഷ്യഎണ്ണ (7.5 ശതമാനം), ഇരുമ്പ്-ഉരുക്ക് (17 ശതമാനം) തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍മൂലമാണ്. മൊത്തത്തിലുള്ള നാണയപ്പെരുപ്പം ഏഴു ശതമാനമാകുന്നത് ഏറ്റവും ഉയര്‍ന്നതാണെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയില്ല. വളരെ വിപുലമായ വിധത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളെ ബാധിക്കുന്ന നാണയപ്പെരുപ്പം ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കുകയും ഗവമെന്റിനുതന്നെ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതുകൊണ്ടാണ് ഇത് വളരെ ഉയര്‍ന്നതായി അനുഭവപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ തൊട്ടാല്‍ പൊള്ളുന്ന വിലക്കയറ്റത്തിന്റെ ഭാഗമായുള്ള നാണയപ്പെരുപ്പമായതുകൊണ്ടാണ് ഇതിന് കാര്യമായ ശ്രദ്ധ ലഭിച്ചത്.

നമ്മള്‍ ഒരു വര്‍ഷം പിന്നോട്ടുപോയാല്‍ അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍മൂലമുള്ള നാണയപ്പെരുപ്പനിരക്ക് ഇന്നുള്ളതിനേക്കാള്‍ കൂടുതലായിരുന്നെന്നു കാണാം. ഈ ഉല്‍പ്പന്നങ്ങളുടെ വാര്‍ഷിക നാണയപ്പെരുപ്പനിരക്ക് 2007ലെ ആദ്യത്തെ 15 ആഴ്ചയില്‍ 8.8 ശതമാനത്തില്‍നിന്ന് 12.2 ശതമാനമായി വര്‍ധിച്ചു. വര്‍ഷാവസാനമായപ്പോള്‍ നാലുശതമാനത്തിനു താഴേക്കു വരികയുംചെയ്തു. 2008ലെ ആദ്യത്തെ 14 ആഴ്ചയില്‍ അടിസ്ഥാനവസ്തുക്കളുടെ നാണയപ്പെരുപ്പനിരക്ക് 3.9 ശതമാനത്തില്‍നിന്ന് ഒമ്പതുശതമാനം വരെയെത്തി. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റംകൊണ്ടു മാത്രമുള്ള നാണയപ്പെരുപ്പമാണ് പ്രശ്നമെങ്കില്‍ ഒരു വര്‍ഷംമുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഗവമെന്റ്.

ഭക്ഷ്യധാന്യവില വര്‍ധനമൂലമുള്ള നാണയപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ രണ്ടു സംഗതിയുണ്ട്. ചില്ലറവില്‍പ്പനമേഖലയില്‍ ഭക്ഷ്യ എണ്ണ, അരി പോലുള്ള വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റമാണ് ഒരു പ്രശ്നം. ഏപ്രില്‍ ആദ്യം അരിയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.7 ശതമാനമായി വര്‍ധിച്ചു. കിലോയ്ക്ക് 12.50 രൂപയില്‍നിന്ന് 15.20 രൂപയായി വര്‍ധിച്ചു. ഇത് 2006 ഏപ്രില്‍ മാസത്തിലുള്ളതിനേക്കാള്‍ 2007 ഏപ്രിലില്‍ 5.4 ശതമാനം വര്‍ധിച്ചതുമായി താരതമ്യംചെയ്യുമ്പോള്‍ വന്‍ വര്‍ധനയാണ്. കൂടുതല്‍ അടിസ്ഥാനവസ്തുക്കളുടെ വിലയിലും വലിയ വര്‍ധനയുണ്ടായെന്നു കാണാം. 2008 ഏപ്രില്‍ നാലിന് അവസാനിച്ച ഒരു വര്‍ഷത്തില്‍ അരി, ഗോതമ്പ്, ആട്ട, പയര്‍ എന്നിവയുടെ വിലയില്‍ 4.2 ശതമാനംമുതല്‍ 21.7 ശതമാനംവരെ വില വര്‍ധിച്ചെന്നുകാണാം. 2008 ഏപ്രില്‍ നാലുവരെയുള്ള രണ്ടു വര്‍ഷത്തെ കണക്കെടുത്താല്‍ 21.1 ശതമാനംമുതല്‍ 29 ശതമാനംവരെയാണ് വിലക്കയറ്റം. ഈ നാലു വസ്തുവിന്റെ ശരാശരി വാര്‍ഷിക വിലവര്‍ധന 10 ശതമാനമാണ്. ഒറ്റപ്പെട്ട വസ്തുവിന്റെ വിലക്കയറ്റം വ്യാപകമായുണ്ടാകുമ്പോഴും അക്കാര്യം ശ്രദ്ധിക്കപ്പെടും. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ കുറച്ചുകാലമായി നമ്മള്‍ നാണയപ്പെരുപ്പത്തിന്റെ അന്തരീഷത്തിലാണെന്ന് അനുഭവപ്പെടും.

ഈ ഗുരുതരമായ നാണയപ്പെരുപ്പപ്രവണതയ്ക്ക് എന്താണ് കാരണം?

അവഗണിക്കാനാകാത്ത രണ്ട് ഘടകമുണ്ട്. ഒന്ന്, വളരെ വ്യക്തമായിത്തന്നെ തിരിച്ചറിയാവുന്ന, കാര്‍ഷികമേഖലയോടുള്ള ദീര്‍ഘകാലമായുള്ള അവഗണനയാണ്. കാര്‍ഷികമേഖലയിലുള്ള നിക്ഷേപം വന്‍തോതില്‍ കുറച്ചതും ഉല്‍പ്പാദനച്ചെലവിലുണ്ടായ വന്‍ വര്‍ധനയും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതിരുന്നതും ഇതിനു കാരണമാണ്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് കാര്‍ഷികോല്‍പ്പാദനം ഉണ്ടാകാതായി. തൊണ്ണൂറുകള്‍മുതല്‍ പ്രതിശീര്‍ഷ ഭക്ഷ്യോല്‍പ്പാദനം കുറയാന്‍ തുടങ്ങി. മറ്റൊരു അടിസ്ഥാനപ്രശ്നം ഭക്ഷധാന്യം, പയറുവര്‍ഗം എന്നിവയുടെ വില പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്ന ഗവമെന്റിന്റെ സംഭരണ, വിതരണ സംവിധാനം പരാജയപ്പെട്ടതാണ്. ഈ ഉല്‍പ്പന്നങ്ങളുടെ വാണിജ്യം കൂടുതല്‍ ഉദാരവല്‍ക്കരിച്ചതോടെ ബഹുരാഷ്ട്ര കമ്പനികള്‍ ഈ രംഗത്തേക്കു വരികയും വന്‍തോതില്‍ സംഭരണം നടത്തി ഗവമെന്റ് മേഖലയിലുള്ള എഫ്സിഐയുടെ സംഭരണശ്രമത്തെ ദുര്‍ബലമാക്കുകയുംചെയ്തു.

2006-07ല്‍ സംഭരണം 111 ലക്ഷം ട ആയിരുന്നു. മുന്‍വര്‍ഷത്തെ 92 ലക്ഷം ടണ്ണിനേക്കാള്‍ കൂടുതലാണ് ഇതെന്നു പറയാം. എന്നാല്‍, 2003-04ല്‍ 168 ലക്ഷം ടണ്ണും 2004-05ല്‍ 148 ടണ്ണും സംഭരിച്ചിരുന്നു എന്നോര്‍ക്കുക. പൊതുവിതരണസംവിധാനത്തിനായി മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 30 ശതമാനം 2001-02ല്‍ സംഭരിച്ച എഫ്സിഐ 2006-07ല്‍ 15 ശതമാനം മാത്രമേ സംഭരിച്ചുള്ളൂവെന്ന് എഫ്സിഐയുടെതന്നെ രേഖകളില്‍ കാണുന്നു.

വിദേശനാണയശേഖരം ഉപയോഗിച്ച് വിദേശത്തുനിന്ന് ഭക്ഷ്യധാന്യം ഇറക്കുമതിചെയ്ത് ഭക്ഷ്യശേഖരം സുരക്ഷിതമാക്കിയാല്‍ പോരേ എന്ന് ഉദാരവല്‍ക്കരണത്തിന്റെ വക്കാലത്തുകാര്‍ വാദിച്ചേക്കാം. ഇത്തരം നടപടി കര്‍ഷകരെ വീണ്ടും ബുദ്ധിമുട്ടിലാക്കുകയേ ഉള്ളൂവെന്ന് കേരളത്തിലെ അനുഭവം കാട്ടിത്തരുന്നുണ്ട്. കുറഞ്ഞ വിലയ്ക്കുള്ള പാമോയില്‍ ഇറക്കുമതി ചെയ്യുന്നതുമൂലം വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില ഇടിയുന്നത് കേരളത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്കും ചിലപ്പോള്‍ സബ്സിഡിയോടെയും ഇറക്കുമതിചെയ്ത് ആഭ്യന്തരശേഖരം വര്‍ധിപ്പിക്കുന്നത് ആഭ്യന്തര ഉല്‍പ്പാദനം വന്‍തോതില്‍ കുറയുന്നതിനും ഭക്ഷ്യസുരക്ഷയെ കൂടുതല്‍ ദോഷകരമായി ബാധിക്കാനും ഇടയാക്കും. ആഭ്യന്തര ഉല്‍പ്പാദനത്തെ നിരുത്സാഹപ്പെടുത്തിയല്ല, അതിനെ ശക്തിപ്പെടുത്തിയാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആഗോളവിപണിയുടെ ചാഞ്ചാട്ടത്തില്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറും. ഇപ്പോള്‍ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരമൊരു ആഘാതമാണ്.

കഴിഞ്ഞ മാസങ്ങളില്‍ ആഗോളവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ധാന്യങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഇതെല്ലാം ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കൊണ്ടുണ്ടാകുന്നതല്ല, എന്നാല്‍, ഭാഗികമായി ചരക്കുമേഖലയിലെ ഊഹക്കച്ചവടത്തിന്റെ ഫലമാണ്. ഇതുമൂലം, ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വില രാജ്യത്ത് കര്‍ഷകര്‍ക്കു നല്‍കുന്ന സംഭരണവിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും. ഇറക്കുമതിവിലയും ആഭ്യന്തരവിപണിവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സബ്സിഡി നല്‍കേണ്ടിവരും. അന്താരാഷ്ട്രവിപണിയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഭക്ഷ്യധാന്യത്തിനും ആഭ്യന്തര ഉല്‍പ്പാദകര്‍ക്കും നല്‍കുന്ന വിലയിലെ വ്യത്യാസത്തെ ന്യായീകരിക്കാന്‍ ഗവമെന്റ് ബുദ്ധിമുട്ടും. ആഗോളവിലയെയും ആഭ്യന്തരവിലയെയും ബന്ധിപ്പിക്കാന്‍ ഗവമെന്റ് നടത്തുന്ന ശ്രമം രാജ്യത്തെ ഊഹക്കച്ചവടക്കാര്‍ക്ക് പ്രചോദനമാകും. ഇത് ഭക്ഷ്യവില ഉയരാനും നാണയപ്പെരുപ്പ നിരക്ക് വര്‍ധിക്കാനും ഭാഗികമായി കാരണമാകുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിയംവില കൂടുന്നതിന്റെ ഫലമായി ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുന്നതും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനയുടെ മറ്റൊരു കാരണമാണ്. എണ്ണവിലവര്‍ധന നിരവധി ഉല്‍പ്പന്നങ്ങളുടെ വിലയിലും സേവനങ്ങളുടെ നിരക്കിലും പ്രത്യക്ഷമായോ പരോക്ഷമായോ വര്‍ധനയുണ്ടാക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെയും വില വര്‍ധനയിലൂടെയും ഗവമെന്റിന് വന്‍തോതില്‍ നികുതിവരുമാനം ലഭിക്കുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച് എണ്ണക്കമ്പനികള്‍ക്ക് വില കൂട്ടാന്‍ അനുവാദം നല്‍കാവുന്നതാണ്.

ഉപയോക്താവിന് കൂടുതല്‍ ഭാരം ഉണ്ടാക്കാത്ത ഈ സംവിധാനം നടപ്പാക്കാന്‍ ഗവമെന്റ് തയ്യാറാകുന്നില്ല. ഭാഗികമായ ഇറക്കുമതിയിലൂടെമാത്രം ചില വസ്തുക്കളുടെ ആവശ്യം നിറവേറ്റാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തരവില ആഗോളവിലയുമായി ബന്ധപ്പെട്ടിരിക്കണമെന്ന് ഉദാരവല്‍ക്കരണം ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും ഭാഗികമായി കയറ്റുമതി ചെയ്യുന്നതുമായ വസ്തുക്കളുടെ വിലയിലും ഇടപെടാന്‍ കഴിയണമെന്നാണ് ഉദാരവല്‍ക്കരണത്തിന്റെ ന്യായം. ഇരുമ്പ്, ഉരുക്ക്, മറ്റു ലോഹങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വന്‍ വര്‍ധനയ്ക്കു കാരണം ചൈനയില്‍ ഇവയുടെ ആവശ്യം വന്‍തോതില്‍ വര്‍ധിച്ചതാണ്. ഈ അന്താരാഷ്ട്രസാഹചര്യത്തില്‍ ആവേശപൂര്‍വം ഇടപെടുന്ന ഇന്ത്യന്‍ കമ്പനികളുടെ കയറ്റുമതിയും ഇവയുടെ വിലവര്‍ധനയ്ക്ക് കാരണമാണ്. ഇതാണ് വിലയിലും കയറ്റുമതിയിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗവമെന്റിനെ പ്രേരിപ്പിച്ചത്. ആഭ്യന്തര, ആഗോള വിപണികളെ കൂട്ടിയിണക്കുന്നത് ഉല്‍പ്പാദകര്‍ക്കല്ല, ഉപയോക്താക്കള്‍ക്കാണ് മെച്ചമുണ്ടാക്കുകയെന്ന വാദം പൊളിഞ്ഞിരിക്കയാണ്.

ഇപ്പോഴത്തെ നാണയപെരുപ്പ നിരക്കിന്റെ വര്‍ധനയ്ക്ക് പല കാരണമുണ്ടെന്നതാണ് ചുരുക്കം. ജലസേചനമേഖലയിലെ പൊതുനിക്ഷേപം കുറയുന്നതിന്റെയും ഗ്രാമീണമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള വകയിരുത്തല്‍ കുറയുന്നതിന്റെയും ഫലമായി കാര്‍ഷികവളര്‍ച്ച കുറയുന്നതാണ് കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പത്തിനു കാരണം. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി സംഭരിക്കുകയും ഉപയോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം വിതരണംചെയ്യുകയും ചെയ്തിരുന്ന സംവിധാനം ഇല്ലാതാക്കിയതിന്റെ ഫലമാണ് ഇത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത ഗവമെന്റ് നയമാണ് ആ മേഖലയുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പത്തിനു കാരണം. ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പത്തിനു കാരണം ആഗോളവിപണിയിലെ വ്യതിയാനങ്ങളില്‍നിന്ന് ഇന്ത്യയെ സംരക്ഷിക്കാനുള്ള കവചങ്ങള്‍ ഇല്ലാതാക്കിയതുമൂലമുള്ള വിലയിലെ മാറ്റമാണ്. ഇപ്പോഴത്തെ നാണയപ്പെരുപ്പത്തിനു കാരണമായ വിശാലമായ മേഖലകളെയും വൈവിധ്യമാര്‍ന്ന സ്രോതസ്സുകളെയും ലക്ഷ്യമാക്കിയുള്ള നയസമീപനങ്ങള്‍കൊണ്ടു മാത്രമേ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതിന് കഴിഞ്ഞ കുറെ വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെ പിന്‍വലിക്കേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങളെ കാണാന്‍ തയ്യാറാകാത്തതുകൊണ്ടാണ് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇപ്പോഴത്തെ ഗവമെന്റ് ബുദ്ധിമുട്ടുന്നത്.

സി പി ചന്ദ്രശേഖര്‍, കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ത്തമാനകാല ഇന്ത്യയിലെ ഒന്നാമത്തെ സാമ്പത്തികപ്രശ്നമാണ് നാണയപ്പെരുപ്പം. നിലനില്‍പ്പിന്റെ അഗ്രഭാഗത്തു നില്‍ക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും അത് കൂടുതല്‍ ഞെക്കിപ്പിഴിയുന്നു. എന്തെങ്കിലും സ്വത്തുക്കള്‍ ബാക്കിയുണ്ടെങ്കില്‍ അത് വില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. കൂടുതല്‍ കടത്തിലേക്കും പട്ടിണിയിലേക്കും അവര്‍ പതിക്കുന്നു. അടുത്തകാലത്തുണ്ടായ സാമ്പത്തികവളര്‍ച്ചയെ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നത് നിശ്ചിത വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും ഭാഗത്തുനിന്നുണ്ടായ വര്‍ധിച്ച ആവശ്യമായിരുന്നു. ഈ വിഭാഗത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ നാണയപ്പെരുപ്പം ചോര്‍ത്തിയെടുക്കുകയാണ്. അവസാനമായി, ആഗോളവിപണിയില്‍ ഇന്ത്യയുടെ വിജയത്തിലൂടെ നേട്ടം കൊയ്തിരുന്ന ഉല്‍പ്പാദകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കാനും നാണയപ്പെരുപ്പം ഇടയാക്കി.

ശ്രീ.സി.പി.ചന്ദ്രശേഖര്‍ എഴുതിയ ലേഖനം.

Anonymous said...

ഇത്‌ ഒന്നു നോക്കുമോ ?
http://sujithc.blogspot.com/2008/04/working-it-way.html