Saturday, February 2, 2008

കേരളവും പതിനൊന്നാം പദ്ധതിയും

പത്താം പഞ്ചവത്സര പദ്ധതിക്കാലം കേരളത്തിന്റെ ആസൂത്രണ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി ചരിത്രം രേഖപ്പെടുത്തും. പത്താം പദ്ധതിക്കാലത്ത് പദ്ധതി രൂപീകരണവും, നടത്തിപ്പും ഒരുപോലെ പ്രതിസന്ധിയില്‍ അകപ്പെട്ടു. മുന്‍കാല റെക്കാര്‍ഡുകള്‍ ഭേദിക്കുന്ന തരത്തില്‍ കടമെടുപ്പ് വര്‍ധിച്ചിട്ടും പദ്ധതി പ്രവര്‍ത്തനത്തിനു അവശ്യംവേണ്ട തുക കണ്ടെത്താനായില്ല. കടമെടുത്ത പണത്തില്‍ നിന്നുപോലും സിംഹഭാഗവും നീക്കിവെയ്ക്കപ്പെട്ടത് വികസനേതര / പദ്ധതിയേതര ചെലവുകള്‍ക്കാണ്. പദ്ധതിക്കായി നീക്കിവെച്ച തുക പോലും ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി. പദ്ധതിയടങ്കല്‍ വെട്ടിച്ചുരുക്കുന്നത് ഒരു സ്ഥിരം പ്രതിഭാസമായി മാറിയത് പത്താം പദ്ധതിക്കാലത്താണ്. വിദേശ സഹായത്തോടെയുള്ള പദ്ധതികള്‍ വഴിയില്‍ മുടങ്ങിക്കിടക്കാന്‍ തുടങ്ങിയതും, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് അനുവദിക്കപ്പെട്ട തുക വന്‍തോതില്‍ ലാപ്‌സായിപ്പോവാന്‍ ആരംഭിച്ചതും ഇക്കാലത്തുതന്നെ. ബജറ്റില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു വകയിരുത്തുന്ന തുക അവയ്ക്കു സമയത്തിനു ലഭിക്കാതിരിക്കുകയും പണം ചെലവഴിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന പ്രവണതയുടെ ഉത്ഭവവും പത്താം പദ്ധതിക്കാലത്തുതന്നെയാണ്.

പദ്ധതിയുടെ രൂപീകരണത്തിലും നടത്തിപ്പിലും ഉണ്ടായ ഈ വീഴ്ച സ്വാഭാവികമായും അതിന്റെ ഫലസിദ്ധിയിയിലും പ്രതിഫലിച്ചു. കൃഷി-അനുബന്ധ മേഖലകളിലും വ്യവസായത്തിലും വളര്‍ച്ച മുരടിച്ചു. വളര്‍ച്ച കേവലം സേവനങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടു സംഭവിക്കുന്ന ഒരു പ്രതിഭാസമായി മാറി. തുറമുഖങ്ങള്‍, വൈദ്യുതി, റോഡുഗതാഗതം, കുടിവെള്ളം തുടങ്ങിയ പശ്ചാത്തലമേഖലകളില്‍ വികസനം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, തൊഴിലാളിക്ഷേമം, സാമൂഹ്യക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ സേവനങ്ങളുടെ അളവിലും, ഗുണനിലവാരത്തിലും വലിയ ഇടിവുണ്ടായി. പട്ടിണി മരണങ്ങളും കര്‍ഷക ആത്മഹത്യകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഉച്ചനീചത്വം വര്‍ധിച്ചു. ഉന്മൂലനം ചെയ്യപ്പെട്ട പകര്‍ച്ച വ്യാധികള്‍ തിരിച്ചുവന്നു. സാമ്പത്തിക ദുരിതങ്ങള്‍ സാമൂഹ്യ അസ്വാസ്ഥ്യങ്ങളായി രൂപാന്തരപ്പെടാന്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വികസനാസൂത്രണത്തിന്റെ രംഗത്തുണ്ടായ ആഴമേറിയ ഈ പ്രതിസന്ധിയെ മുറിച്ചുകടക്കുന്നതിനും, ആസൂത്രണ പ്രവര്‍ത്തനങ്ങളെ അതിന്റെ ശരിയായ വഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവന്നു മുന്നോട്ടു നയിക്കുന്നതിനും, ഐശ്വര്യപൂര്‍ണ്ണമായ കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള സാമൂഹ്യ പരിപാടികളാണ് സംസ്ഥാനത്തിന്റെ പതിനൊന്നാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞകാലത്തു വന്നുപോയ വീഴ്ച പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഇനിപ്പറയുന്നവയാണ്.

ഒന്നാമത് വേണ്ടത് പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുകയാണ്. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലത്തില്‍ ഏറെയായി കേരളത്തിന്റെ പ്രതിശീര്‍ഷ നികുതിവരുമാനം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള അപേക്ഷിച്ചു കുറയുകയാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടു നികുതിച്ചോര്‍ച്ച പരമാവധി ഒഴിവാക്കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

രണ്ടാമത് വേണ്ടത് ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ട പരിധികള്‍ ലംഘിക്കാതെ സ്വീകാര്യമായ സ്രോതസ്സുകളില്‍ നിന്നും ആവശ്യമായ വായ്പ എടുക്കുകയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാസ്സാക്കിയ (കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കര്‍ക്കശമായ വ്യവസ്ഥകളുള്ള) ധനകാര്യ ഉത്തരവാദിത്വബില്ലില്‍ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ടു ന്യായമായ അളവില്‍ വായ്പ സ്വീകരിക്കാവുന്നതേയുള്ളു. അനാവശ്യവും, അസ്വീകാര്യവുമായ വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ടും, വായ്പാ പണത്തിന്റെ വിനിയോഗത്തിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുംവേണം വായ്പകള്‍ എടുക്കുവാന്‍. ഇത്തരം പരിഗണനകള്‍ ഇല്ലാതെ മുന്‍കാലത്ത് വാങ്ങിയ വായ്പകളുടെ വിപരീത ഫലങ്ങള്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു മാര്‍ഗദര്‍ശനം നല്‍കും.

പതിനൊന്നാം പദ്ധതിക്കാലത്ത് പദ്ധതിപ്പണത്തിന്റെ വിനിയോഗത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടാവേണ്ടതുണ്ട്. വിദേശവായ്പ ഉപയോഗിച്ചുള്ള പണികളുടെ കാര്യത്തിലും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കാര്യത്തിലും നടത്തിപ്പു ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തിനു അവകാശപ്പെട്ട പണവും പദ്ധതികളും കേന്ദ്രത്തില്‍ നിന്നും കാലവിളംബം കൂടാതെ അനുവദിച്ചു കിട്ടുന്നതിനും അത് സമയത്തുതന്നെ ചെലവഴിക്കുന്നതിനും വിവിധ വകുപ്പുകള്‍ തമ്മില്‍ സൌഹൃദ മത്സരം തന്നെ ഉണ്ടാവേണ്ടിയിരിക്കുന്നു.

വിഭവങ്ങള്‍ സമാഹരിക്കുന്നതിലും,സമാഹരിച്ചവ ചെലവഴിക്കുന്നതിലും മുന്‍പുണ്ടായ വീഴ്ച പരിഹരിക്കുന്നതോടെ ഒരു വലിയ കടമ്പ ഒഴിവായി കിട്ടും. പക്ഷെ, അതുകൊണ്ടു മാത്രമായില്ല. സമാഹരിച്ച വിഭവങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചുള്ള വിതരണവും ആസൂത്രണത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വിഭവസമാഹരണവും, വിനിയോഗവും കുത്തഴിഞ്ഞുപോയ പശ്ചാത്തലത്തിലാണ് പത്താംപദ്ധതിയിലെ മുന്‍ഗണനകള്‍ സംബന്ധിച്ച ചര്‍ച്ച അപ്രസക്തമായത്. എന്നാല്‍ ഇന്നു കാര്യങ്ങള്‍ മാറിയിരിക്കുന്നു.

വിഭവസമാഹരണത്തിന്റെ രംഗത്തും പദ്ധതിനടത്തിപ്പിലും ഉണ്ടായിരുന്ന അരാജകത്വം മാറിവരുന്ന മുറയ്ക്കു പണിയുടെ മുന്‍ഗണനാക്രമം സംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രാധാന്യം വര്‍ധിക്കും.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരെയാക്കാന്‍ ചെയ്യേണ്ട മൂന്നാമത്തെ കാര്യം ശരിയായ മുന്‍ഗണനാക്രമം ഉണ്ടാക്കിയെടുക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ പതിനൊന്നാം പദ്ധതി ഒരു ദ്വിമുഖ സമീപനമാണ് സ്വീകരിക്കുന്നത്. ഈ ദ്വിമുഖ തന്ത്രത്തിന്റെ ഒന്നാമത്തെ വശം കൃഷി-അനുബന്ധ മേഖലകളിലും, വ്യവസായത്തിലുമുള്ള ചെറുകിട ഉത്പാദകരെ ഭരണകൂടത്തിന്റെ ആസൂത്രിത ഇടപെടലുകളിലൂടെ സംരക്ഷിക്കുകയും സാമൂഹ്യസേവനമേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ്. കേരളത്തിന്റെ പതിനൊന്നാം പദ്ധതി സാമൂഹ്യനീതിയില്‍ ഊന്നുന്നു എന്നതാണ് ഇതിനു കാരണം. സാമൂഹ്യസേവനരംഗങ്ങളേയും, ചെറുകിട ഉത്പാദന മേഖകളേയും കമ്പോളത്തിന്റെ ദയാദാക്ഷണ്യത്തിനു വിട്ടുകൊടുക്കാനാവില്ല എന്നതുതന്നെയാണ് സമീപനം.

കൃഷിക്കാരേയും, ചെറുകിട വ്യവസായികളേയും മറ്റും കമ്പോളം രക്ഷിച്ചുകൊള്ളും എന്ന കേന്ദ്രത്തിന്റെ നിയോലിബറല്‍ നയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഇവിടെ മുന്നോട്ടുവെയ്ക്കുന്നത്. കൃഷി-അനുബന്ധന മേഖലകള്‍ക്കു നീക്കിവെയ്ക്കുന്ന പണംപോലും ചെറുകിട-ഇടത്തരം കൃഷിക്കാര്‍ക്കു നല്‍കാതെ കോര്‍പ്പറേറ്റു കുത്തകകള്‍ക്കു നല്‍കുന്ന കേന്ദ്രസമീപനത്തെ സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്. കേവലം ഉത്പാദനവര്‍ദ്ധനവും വളര്‍ച്ചയും മാത്രം പോരാ, മറിച്ചു യഥാര്‍ത്ഥ ഉത്പാദകരായ തൊഴിലാളികളുടെയും കൃഷിക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് കേരളത്തിന്റെ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

സംസ്ഥാന പദ്ധതിയുടെ ദ്വിമുഖ തന്ത്രത്തിലെ രണ്ടാമത്തെ വശം വിവരസാങ്കേതിക വിദ്യ, ജൈവസാങ്കേതികവിദ്യ, വിനോസഞ്ചാരം, നവവ്യവസായങ്ങള്‍ തുടങ്ങിയ നവവളര്‍ച്ചാ മേഖലകള്‍ക്കു നല്‍കുന്ന പ്രാധാന്യമാണ്. ഈ മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്നതിനര്‍ത്ഥം തീര്‍ച്ചയായും പ്രസ്തുത മേഖലകളിലെല്ലാം സര്‍ക്കാര്‍ നേരിട്ടു ഉത്പാദനം നടത്തുക എന്നതല്ല. ഇവിടെ വിഭാവനം ചെയ്യുന്നത് തന്ത്രപരമായ ഇടപെടലാണ്. ഭരണകൂടത്തിന്റെ ഇടപെടല്‍ ഏറെ ആവശ്യമായ രംഗങ്ങളില്‍ നേരിട്ടു ഇടപെടുകയും മറ്റു മേഖലകളില്‍ പരോക്ഷമായ സഹായം എത്തിക്കുകയുമാണ് നിര്‍ദ്ദേശിക്കുന്ന സമീപനം.

നവവളര്‍ച്ചാ മേഖലകളില്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിന് അവശ്യം വേണ്ടുന്ന ഒരു ഘടകം പശ്ചാത്തല സൌകര്യങ്ങളുടേതാണ്. ന്യായമായ വിലയ്ക്ക് ഭൂമി, മര്യാദ വാടക മാത്രം ഈടാക്കുനന കെട്ടിടം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍, അനിശ്ചിതത്വമില്ലാത്ത ഊര്‍ജലഭ്യത, ഗതാഗതസൌകര്യങ്ങള്‍ തുടങ്ങിയവയൊക്കെ ഏറെ പ്രധാനമാണ്. സര്‍ക്കാരിന്റെ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടും സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാവുന്ന തരത്തിലുള്ള പശ്ചാത്തല സൌകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും മൂലധനനിക്ഷേപവും, ഉത്പാദനവും, ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനാണു പരിപാടി.

പതിനൊന്നാം പദ്ധതിയുമായി ബന്ധപ്പെട്ടു ഇതുവരെ നടന്ന കാര്യങ്ങള്‍ ശുഭോദര്‍ക്കമാണ്. വിഭവസമാഹരണത്തിലെയും പദ്ധതി നിര്‍വ്വഹണത്തിലേയും നിശ്ചലാവസ്ഥ മുറിച്ചുകടക്കാന്‍ ഇതിനോടകം തന്നെ കഴിഞ്ഞിരിക്കുന്നു. വികസനതന്ത്രത്തില്‍ വിശേഷിച്ചും മുന്‍ഗണനാക്രമത്തില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങളും നല്ല ഫലങ്ങള്‍ തന്നു തുടങ്ങിയിരിക്കുന്നു. ഇന്നത്തെ നിലയ്ക്ക് മുന്നോട്ടുപോയാല്‍ പതിനൊന്നാം പദ്ധതിക്കാലം വീണ്ടെടുപ്പിന്റെയും പുത്തനുണര്‍വിന്റെയും പദ്ധതിയായി ഭാവിയില്‍ അറിയപ്പെടും.

(ഡോ. കെ.എന്‍. ഹരിലാല്‍ കേരള പ്ലാനിംഗ് ബോര്‍ഡംഗമാണ്)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പതിനൊന്നാം പദ്ധതിയെക്കുറിച്ച് കേരള പ്ലാനിംഗ് ബോര്‍ഡ് അംഗം ശ്രീ. കെ.എന്‍. ഹരിലാല്‍ എഴുതിയ ലേഖനം.