Friday, February 15, 2008

2007ലെ കേരളം-ഒരു ബാക്കിപത്രം

2007 കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഭരണമേറ്റതിന്റെ അമ്പതാം വാര്‍ഷികവും കേരളത്തിലെ ജന്മിത്വത്തിന്റെ അന്ത്യത്തിന് തുടക്കംകുറിച്ച കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിന്റെ അമ്പതാം വാര്‍ഷികവുമാണിത്. 2007ലെ സംഭവങ്ങള്‍ വിലയിരുത്തുന്നത് പല കാഴ്ചപ്പാടുകളിലൂടെയാകാം. ഒന്നുകില്‍, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ ചെയ്യുന്നതുപോലെ സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും വിവാദങ്ങളുടെയും പരമ്പരകളുടെ ആഖ്യാനമായി 2007നെ വിലയിരുത്താം. നായകന്മാരും നായികമാരും വില്ലന്മാരും കൊമേഡിയന്മാരും (കോമഡിക്ക് പ്രാധാന്യമുള്ള ഇന്നത്തെ കാഴ്ചകളില്‍ അവര്‍ക്കായിരിക്കും പ്രാമുഖ്യം) ഉള്ള ചൊല്‍ക്കാഴ്ചകളാകും അത്. അല്ലെങ്കില്‍ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് വിലയിരുത്താം. അവിടെ വില്ലന്മാര്‍മാത്രവും നായകര്‍ മാത്രവുമുള്ള കഥകള്‍ പ്രത്യക്ഷപ്പെടും. ഇതുമല്ലെങ്കില്‍ സംഭവങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താം.

കഴിഞ്ഞ ദശകം കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങളുണ്ടാക്കിയ വര്‍ഷങ്ങളായിരുന്നു. കാല്‍നൂറ്റാണ്ടിലധികംകാലം നീണ്ടുനിന്ന ഉല്‍പാദനരംഗത്തെ മുരടിപ്പില്‍നിന്ന് മുന്നേറ്റമുണ്ടാക്കിയ വര്‍ഷങ്ങളാണിവ. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ നേരിട്ടുള്ള സ്വാധീനത്തിന്റെ ഫലമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. പക്ഷേ, ഈ മുന്നേറ്റത്തിനുകാരണം കാര്‍ഷിക-വ്യാവസായികരംഗങ്ങളിലെ പുരോഗതിയല്ല, സേവനമേഖലയുടെ വ്യവസായവല്‍ക്കരണമാണെന്ന് വസ്തുതകള്‍ പരിശോധിക്കുന്നവര്‍ക്കറിയാം. നാണ്യവിള കൃഷിയില്‍ പുരോഗതിയുണ്ടായെങ്കിലും അത് കാര്‍ഷികവിളകളുടെ ദേശീയ-വിദേശ കമ്പോളത്തില്‍ അധിഷ്ഠിതമാണെന്ന് തെളിയിച്ചു. കമ്പോളത്തിന്റെ അനിശ്ചിതത്വം കര്‍ഷകരെ ആശങ്കാകുലരാക്കുന്നുവെന്നതും അതിന്റെ ഫലമായ ഊരാക്കുടുക്കുകള്‍ അവരുടെ ജീവിതംതന്നെ നശിപ്പിക്കുന്നുവെന്നും കര്‍ഷകരുടെ ആത്മഹത്യകള്‍ തെളിയിച്ചു.

വ്യവസായ രംഗം ഇന്ന് ഏതാണ്ട് പൂര്‍ണമായും നിലനില്‍ക്കുന്നത് ചെറുകിട ഉല്‍പാദനത്തിലൂടെയാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, മെഷീന്‍ടൂളുകള്‍, ഗാര്‍ഹികോപകരണങ്ങള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍, ആയുര്‍വേദ ഔഷധങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള പരിമിതമായ വളര്‍ച്ചയാണത്. പക്ഷേ, ഏറ്റവും വലിയ വികാസമുണ്ടായത് സേവനമേഖലയിലാണ്. സ്വാശ്രയ കോളേജുകള്‍, ആശുപത്രികള്‍, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍, ഐടി പാര്‍ക്കുകള്‍, കെട്ടിടനിര്‍മാണം, ഹോട്ടലുകള്‍, ബാറുകള്‍, റിസോര്‍ട്ടുകള്‍, പണവായ്പാസ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെ ഒഴുകുന്ന പണം സാമ്പ്രദായിക കാര്‍ഷിക-വ്യവസായ മേഖലകളുടെ എത്രയോ മടങ്ങാണ്. പുതിയ തൊഴില്‍മേഖലകളും വളര്‍ന്നുവരുന്നത് ഈ മേഖലകളിലാണ്. കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ മുതല്‍ ഐടി തൊഴിലാളികള്‍ വരെയുള്ള ഒരു പുതിയ തൊഴിലാളിവര്‍ഗം രൂപംകൊള്ളുകയാണ്. പുതിയ തൊഴില്‍മേഖലകളുടെ വളര്‍ച്ചമൂലം കേരളത്തിലെ തൊഴിലില്ലായ്മ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നുവെന്ന് സ്ഥാപിക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ വളര്‍ച്ചയ്ക്ക് ഒരു മറുവശമുണ്ട്. പരമ്പരാഗത തൊഴില്‍രൂപങ്ങളുടെ തകര്‍ച്ചയാണത്. നിലംനികത്തല്‍, കുന്നിടിക്കല്‍ മുതല്‍ നെല്‍വയലുകളുടെ നാശംവരുത്തുന്ന മാറ്റങ്ങള്‍ തൊഴില്‍രൂപങ്ങളെ മാത്രമല്ല, തൊഴില്‍സാധ്യതകളെപ്പോലും ഇല്ലാതാക്കുന്നു. തെങ്ങുകയറ്റംപോലുള്ള സാമ്പ്രദായിക തൊഴിലുകള്‍ക്കും ആളുകളെ കിട്ടുന്നില്ല. ഗ്രാമീണ തൊഴിലാളികളില്‍ നല്ലൊരുഭാഗം നഗരങ്ങളിലേക്ക് ചേക്കേറുകയോ പുറംനാടുകളിലേക്ക് പോവുകയോ ആണ്. വരുമാന സാധ്യതയുള്ള തൊഴിലാണ് ഏവരുടെയും സ്വപ്നം എന്നതുകൊണ്ട് കൃഷിപ്പണിപോലുള്ള അധികവരുമാനമില്ലാത്ത തൊഴിലുകളിലേക്ക് പോരുവാന്‍ ആളുകള്‍ തയ്യാറല്ല. തീരദേശവാസികളില്‍ നാടന്‍ വള്ളക്കാരുടെ തൊഴില്‍ മുഴുവന്‍ ഫിഷിങ്ബോട്ടുകാര്‍ കൈയ്യടക്കിയിരിക്കുന്നു. ആദിവാസികള്‍ക്ക് തൊഴിലും തൊഴില്‍സാധ്യതയുമില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ട് അവര്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുള്ള തോട്ടങ്ങളില്‍ അടിമപ്പണി ചെയ്യേണ്ടിവരുന്നു. അങ്ങനെ ഒരുവിഭാഗം തടിച്ചുകൊഴുക്കുമ്പോള്‍ മറ്റൊരു വിഭാഗം തകരുന്നു. ഇതിന്റെ ശരാശരിയെ നാം വളര്‍ച്ച എന്നുവിളിക്കുന്നു.

ഈ മാറ്റങ്ങളുടെ സ്വാധീനം നമ്മുടെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും സംഭവപരമ്പരകളിലും കാണുമെന്നതില്‍ അത്ഭുതപ്പെടാനില്ല. സ്വാശ്രയമുതലാളിമാര്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയവരെയുള്ള നവലിബറല്‍ ധനികവര്‍ഗത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുകളാണ് ഐക്യജനാധിപത്യമുന്നണി സ്വീകരിച്ചുപോന്നത്, ഇന്നും സ്വീകരിച്ചുവരുന്നത്. എന്നാല്‍, നവലിബറല്‍ നയങ്ങള്‍ക്കെതിരായ മാന്‍ഡേറ്റാണ് ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നല്‍കിയത്. പക്ഷേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണമേറ്റെടുക്കുമ്പോള്‍ത്തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. 1991നുശേഷം കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിന്റെ ഘടന നവലിബറല്‍ നയങ്ങള്‍ക്കനുസൃതമായി പാകപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുന്നത് സ്റ്റേറ്റിന്റെ റെവന്യൂ വരുമാനവും മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസമായ ധനക്കമ്മികൊണ്ടാണെന്നും, സ്റ്റേറ്റിന്റെ ചെലവ് വെട്ടിക്കുറയ്ക്കുകമാത്രമേ അതിന് പോംവഴിയുള്ളൂവെന്നും വാദിക്കുന്ന സാമ്രാജ്യത്വ നിര്‍മിതമായ 'ധനസിദ്ധാന്തം' അടിച്ചേല്‍പിക്കപ്പെട്ടതോടെ (ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന മന്‍മോഹന്‍സിങ്-എം എസ് അഹ്‌ലുവാലിയ-ചിദംബരം ത്രയം ഈ സിദ്ധാന്തത്തിന്റെ പ്രചാരത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്) സ്റ്റേറ്റിന്റെ റെവന്യൂ വരുമാനം വര്‍ധിപ്പിച്ചല്ലാതെ നിത്യനിദാനച്ചെലവുകള്‍പോലും നടത്താന്‍ കഴിയുകയില്ലെന്ന സ്ഥിതിവന്നു.

കൂടതെ സാധാരണ റെവന്യൂ മാര്‍ഗങ്ങള്‍ വഴിയല്ലാതെ സ്റ്റേറ്റിന് ജനങ്ങളുടെ ഇടയില്‍നിന്ന് കടമെടുക്കാന്‍ സാധിക്കുകയില്ലെന്ന നിബന്ധനയും അടിച്ചേല്‍പിക്കപ്പെട്ടു. സ്റ്റേറ്റിന് സ്വന്തം പ്രോജക്ടുകള്‍ നടപ്പാക്കണമെങ്കില്‍ എഡിബിയും വേള്‍ഡ് ബാങ്കും അടക്കമുള്ള ഏതെങ്കിലും ധനസഹായ ഏജന്‍സിയില്‍നിന്ന് വായ്പയെടുക്കണമെന്നതും നിര്‍ബന്ധിതമായി. മൂലധനനിക്ഷേപം ആവശ്യമുള്ള ഏതു പദ്ധതിയും സ്വകാര്യവല്‍ക്കരണത്തിനും ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യത്തിനും പ്രോത്സാഹനം നല്‍കുന്ന നിബന്ധനകളോടെമാത്രമേ നടപ്പാക്കാന്‍ കഴിയൂവെന്ന സ്ഥിതിയാണ് വന്നുചേര്‍ന്നത്. ഇതിന്റെ അകത്തുനിന്നുകൊണ്ട് ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികള്‍ പരമാവധി കുറയ്ക്കുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് എടുക്കാവുന്നത്. കേരള സ്റ്റേറ്റ് നഗരവികസന പരിപാടിക്ക് നല്‍കപ്പെട്ട എഡിബി ലോണിനെ സംബന്ധിച്ച് (ഐക്യജനാധിപത്യ മുന്നണി അംഗീകരിച്ച പദ്ധതിയായിരുന്നു ഇത്) ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും ഇതായിരുന്നു. അതേസമയം, കേന്ദ്രഗവണ്‍മെന്റ് നിര്‍ദേശിച്ച മറ്റു പല പദ്ധതികളും (ഉദാ: ജെഎന്‍എന്‍യുആര്‍എം) സംസ്ഥാന സര്‍ക്കാരിന്റെ റെവന്യൂ വരുമാനത്തിലേക്കുപോലും കൈകടത്തുന്ന പദ്ധതികളാണ്. അവയ്ക്ക് കേരള സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല.

ധനക്കമ്മി കുറയ്ക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നിബന്ധന അക്ഷരംപ്രതി പാലിച്ചാല്‍ സ്വാഭാവികമായും വികസനപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിര്‍ത്തിവെക്കേണ്ടിവരും. അതായത് 'ഭരണകൂടം വികസനത്തില്‍നിന്ന് പിന്‍വാങ്ങും'. അല്ലെങ്കില്‍, വ്യാപകമായി കടംവാങ്ങേണ്ടിവരും. അതുമല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തതുപോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ വിറ്റഴിക്കേണ്ടിവരും. എന്തായിരുന്നാലും നവലിബറല്‍ നയങ്ങള്‍ക്ക് കീഴടങ്ങുകയും ഉദാരവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരിക്കും ഫലം. റോഡുകള്‍ പണിയുന്നത് സര്‍ക്കാരാണ്. അവ നേരിട്ട് പണിയുകയോ കോണ്‍ട്രാക്ടര്‍മാരെ ഏല്‍പിക്കുകയോ ചെയ്യുന്നു. ഇവ രണ്ടും ഫലപ്രദമല്ലെങ്കില്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്ന കമ്പനികളെ കരാര്‍ ഏല്‍പിക്കുന്നു. എന്തായാലും റോഡുപണിക്കുള്ള വിഹിതം പദ്ധതിച്ചെലവുകളുടെയോ ആവര്‍ത്തനച്ചെലവുകളുടെയോ ഭാഗമായി സര്‍ക്കാരിന്റെ കൈയില്‍ വരണം. അത് റെവന്യൂ വരുമാനത്തിന്റെ ഭാഗമായി വരാതിരിക്കുകയും സര്‍ക്കാരിന് ആ സംഖ്യ മറ്റു രീതികളില്‍ (ഉദാ: കേന്ദ്രഗവണ്‍മെന്റിന്റെ മുതല്‍മുടക്ക്) സമാഹരിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ റോഡുകളുടെ പണിയും നടത്തിപ്പുംവരെ സ്വകാര്യവല്‍ക്കരിക്കേണ്ടിവരും. ഇവിടെയാണ് ബിഒടി, ബിഒഒടി വ്യവസ്ഥകള്‍ നിലവില്‍വരുന്നത്. ഇതൊരുദാഹരണം മാത്രമാണ്. നവലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുരോഗമന ഗവണ്‍മെന്റ് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടെ ചെറിയ സാമ്പിളാണിത്.

ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മറികടക്കും? ഒരു സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളി ഇവിടെയാണ്. ഒരുപക്ഷേ, സര്‍ക്കാരിന് മൊത്തം ജനങ്ങളുടെ പിന്തുണയും പ്രതിസന്ധികളെ മറികടക്കാന്‍ എന്തു ത്യാഗവും സഹിക്കാനുള്ള സന്നദ്ധതയുമുണ്ടെങ്കില്‍ നവലിബറലിസം ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാം. പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഹാല്‍ദിയാ പെട്രോകെമിക്കല്‍ കോംപ്ലക്സിന് കേന്ദ്രം പണം നല്‍കാതിരുന്നപ്പോള്‍ സ്വയം വിഭവസമാഹരണം നടത്തി പണിയുമെന്ന് ആ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് ഓര്‍ക്കുക. കേന്ദ്രഗവണ്‍മെന്റിന് അവസാനം മുട്ടുമടക്കേണ്ടിവന്നു. അത്തരം ഒരു സ്ഥിതി കേരളത്തില്‍ നിലവിലില്ല. തികച്ചും മുതലാളിത്തവികസനത്തിന്റെ കാഴ്ചപ്പാടില്‍ രൂപപ്പെടുത്തിയ കാര്‍ഷികബന്ധ ബില്ലിനെയും വിദ്യാഭ്യാസനിയമത്തെയുംപോലും ചെറുത്തുതോല്‍പിക്കാന്‍ ശ്രമിച്ച വലതുപക്ഷമുള്ള സംസ്ഥാനമാണിത്.

അതുപോലൊരു സ്ഥിതിയാണ് സ്വാശ്രയ വിദ്യാഭ്യാസനിയമത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ വളര്‍ന്നുവന്നത് സംസ്ഥാന വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായല്ല. കേരളത്തിലെ എയ്‌ഡഡ് സ്കൂളുകളെപ്പോലും സാമൂഹ്യനീതിയുടെയും അധ്യാപകരുടെ ജീവിതാവകാശങ്ങളുടെയും വെളിച്ചത്തില്‍ ശമ്പളമടക്കമുള്ള ധനസഹായം നല്‍കി സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേരളത്തില്‍ വന്‍തോതില്‍ വിദ്യാഭ്യാസനിലവാരം വളര്‍ന്നുവന്നത്. പക്ഷേ, അതേ തോതില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതികസ്ഥാപനങ്ങളും വളര്‍ത്താനുള്ള മുതല്‍മുടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. അനുവദിച്ചില്ലെന്ന് പറയുന്നതാകും ശരി. കാരണം നവലിബറല്‍ ധനസിദ്ധാന്തമനുസരിച്ച് വിദ്യാഭ്യാസമടക്കമുള്ള സേവനമേഖലയിലെ ചെലവുകള്‍ അനാവശ്യച്ചെലവുകളാണല്ലോ. ഇത്തരത്തില്‍ നെഞ്ചൂക്കുള്ള ഊഹക്കച്ചവടക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ കടന്നുവരികയും സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതില്‍ സമുദായത്തലവന്മാരും സഭാപിതാക്കന്മാരും പെടും. പുതിയ തൊഴില്‍മേഖലകളന്വേഷിക്കുന്ന രക്ഷിതാക്കള്‍ സ്വന്തം കിടപ്പാടംപോലും പണയംവെച്ച് ഊഹക്കച്ചവടക്കാരെ പോഷിപ്പിച്ചു. അങ്ങനെ പുതിയ മൂലധനനിക്ഷേപങ്ങള്‍ വളര്‍ന്നുവന്നു. ഇവരില്‍ നല്ലൊരു ശതമാനവും വളര്‍ന്നുവന്നത് ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ കാലത്തുമായിരുന്നു. ഇത്തരം സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതല്ല, മുതലാളിത്തവ്യവസ്ഥിതിയില്‍പോലും അത്യന്താപേക്ഷിതമായ ചില സാമൂഹ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനല്ല, സര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്. സ്വാശ്രയസ്ഥാപനങ്ങളുടെ അവകാശങ്ങളെ ലംഘിക്കാതെതന്നെ പ്രവേശനം, ഫീസ് നിരക്ക്, സംവരണതത്വം തുടങ്ങിയ ജനതാല്‍പര്യമുള്ള മേഖലകളില്‍ ചില പൊതുതത്വങ്ങള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുവേണ്ടി നിലവിലുള്ള കോടതിവിധികളെയും ഭരണഘടനയുടെ വ്യാഖ്യാനങ്ങളെയുംതന്നെയാണ് സര്‍ക്കാര്‍ ആശ്രയിച്ചതും.

ഈ ശ്രമങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഏവര്‍ക്കുമറിയാം. കോടതിവിധികളുടെ സഹായത്തോടെ, നിയമത്തിന്റെ സുപ്രധാനമായ വകുപ്പുകള്‍ അരിഞ്ഞുവീഴ്ത്തുന്നതില്‍ ഊഹക്കച്ചവടക്കാര്‍ വിജയിച്ചു. സ്വന്തം വിദ്യാഭ്യാസ ബിസിനസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഭരണഘടന അംഗീകരിച്ച സംവരണതത്വത്തെപ്പോലും വെല്ലുവിളിക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. സാമൂഹ്യനീതി സ്വന്തം ബാധ്യതയല്ലെന്നും അതുവേണമെങ്കില്‍ സര്‍ക്കാരിന് നിലനിര്‍ത്താമെന്നും വാദിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രവേശനം, ഫീസ് നിരക്കുകള്‍ തുടങ്ങിയവയിലും പൊതു മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നതിന്റെപേരില്‍ പുതിയൊരു വിമോചനസമരത്തിനുവരെ സഭാപിതാക്കള്‍ ആഹ്വാനംചെയ്തു. സ്വാശ്രയസ്ഥാപനങ്ങള്‍ തീവെട്ടിക്കൊള്ളയാണെന്ന് അറിയുന്ന ജനങ്ങള്‍ അതു ചെവിക്കൊള്ളാന്‍ തയ്യാറാവാത്തതുകൊണ്ടുമാത്രം അവര്‍ക്ക് സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളില്‍ വന്നിരിക്കേണ്ടിവന്നു. തന്നിഷ്ടപ്രകാരം മുന്നോട്ടുപോയ ചില മാനേജ്‌മെന്റുകള്‍ വീണ്ടും കോടതിയെ സമീപിച്ചുവെങ്കിലും അതുകൊണ്ട് പ്രയോജനമുണ്ടായില്ല. സ്വന്തമായി പ്രവേശനപരീക്ഷ നടത്തിനോക്കിയെങ്കിലും വേണ്ടത്ര പ്രതികരണമുണ്ടാകാത്തതുകൊണ്ട് അവര്‍ സ്വയം പരിഹാസ്യരായി. അവസാനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍തന്നെ അവര്‍ക്ക് പരീക്ഷ നടത്തേണ്ടിവന്നു. സ്വാശ്രയനിയമത്തിലെ വ്യവസ്ഥകളെ തടയുന്നതില്‍ കുറെയൊക്കെ വിജയിച്ചെങ്കിലും പൂര്‍ണവിജയം നേടാന്‍ കഴിയാത്തതുകൊണ്ട് മാനേജ്‌മെന്റുകളുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ സ്വാശ്രയ വിദ്യാഭ്യാസ നിയമം നിലവിലുള്ള ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ഒരു മേഖലയില്‍ അവര്‍ക്കനുകൂലമായ ചില മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമായിരുന്നു. എന്‍ആര്‍ഐ ക്വാട്ട, മെരിറ്റ് ക്വാട്ടയിലെ ഉയര്‍ന്ന ഫീസ്‌നിരക്കുകള്‍ തുടങ്ങി ഇന്നത്തെ വ്യവസ്ഥാപിതരൂപങ്ങള്‍ പിന്തുടര്‍ന്ന് നടപ്പിലാക്കിയ നിയമമാണ് മാനേജ്‌മെന്റുകള്‍ എതിര്‍ത്തത്. അതിന്റെ ഏറ്റവും രസകരമായ വശം നിയമസഭയില്‍ നിയമത്തെ പിന്തുണച്ചവര്‍പോലും പൊതുരംഗത്ത് നിയമത്തിനെതിരായ കാമ്പയിനില്‍ പങ്കെടുത്തുവെന്നതാണ്. ഇതിലൂടെ പ്രകടമായത് കേരളത്തില്‍ നവലിബറല്‍ ധനികപക്ഷത്ത് ആരുനില്‍ക്കുന്നുവെന്നും ജനപക്ഷത്ത് ആര് നില്‍ക്കുന്നുവെന്നുമുള്ള വസ്തുതയാണ്. പുറത്ത് മാധ്യമങ്ങളുടെ സഹായത്തോടെ അഴിച്ചുവിടുന്ന, പ്രത്യക്ഷമായി വര്‍ഗീയസ്വഭാവമുള്ള പ്രചരണത്തിലൂടെ ജനപക്ഷത്തുനില്‍ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ഇന്ന് സാധിക്കുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന മറ്റു പ്രശ്നങ്ങളിലും ഇതുതന്നെയാണ് കടന്നുവന്നത്. അവ മിക്കവാറും പ്രശ്നങ്ങളല്ല എന്നതാണ് വസ്തുത. 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ കരിക്കുലത്തിനനുരൂപമായി പാഠ്യപദ്ധതി പരിഷ്കരണം കേരളത്തില്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ തികച്ചും വര്‍ഗീയവും ലിംഗവിവേചനപരവുമായ പ്രചരണം നടത്താനുള്ള ശ്രമം ഉദാഹരണമാണ്. കേരളത്തിലെ പഠനസമയം എട്ടുമണിമുതല്‍ ഒരുമണിവരെയും ഉച്ചതിരിഞ്ഞുള്ള സമയം പ്രോജക്ടുകള്‍ക്കും മറ്റുമായി നീക്കിവെക്കണമെന്നുമുള്ള ഒരു പഠനഗ്രൂപ്പ് നിര്‍ദേശം സര്‍ക്കാര്‍ തീരുമാനമായി വ്യാഖ്യാനിക്കുകയും അതിനെതിരായി സമരങ്ങള്‍ അരങ്ങേറുകയും ചെയ്തു. അതുപോലെ ലിംഗവിവേചനം ഒഴിവാക്കിക്കൊണ്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരേ ക്ലാസിലിരുത്തി പഠിപ്പിക്കണമെന്ന നിര്‍ദേശവും എതിര്‍ക്കപ്പെട്ടു. പ്രൈമറി വിദ്യാഭ്യാസത്തിന്റെ മാനേജ്‌മെന്റ് ഗ്രാമപഞ്ചായത്തുകള്‍ക്കായിരിക്കണമെന്ന 1994ലെ പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥ കേരള വിദ്യാഭ്യാസ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മുറവിളി വിദ്യാഭ്യാസനിയമം പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട സി പി നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് രൂപംനല്‍കുന്നതിനുമുമ്പുതന്നെ ഉയര്‍ന്നുവന്നു. എയ്‌ഡഡ് സ്കൂള്‍ അധ്യാപകരെ 'തെരുവുവിചാരണ നടത്തുന്നതിന് പഞ്ചായത്തുകളെ കയറൂരിവിടുന്നു'വെന്നും ഒരു പത്രം എഴുതി. അത് സര്‍ക്കാരിന്റെ നവലിബറല്‍ പിന്മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കുന്ന 'ഇടതുപക്ഷ'ക്കാരും ഉണ്ടായിരുന്നു. ഇതെല്ലാംകൂടാതെ വിദ്യാഭ്യാസം നിരീശ്വരവാദികളും ഭൌതികവാദികളും കയ്യടക്കിയിരിക്കുന്നുവെന്ന് വാദിക്കുന്ന ഇടയലേഖനങ്ങളും പ്രത്യക്ഷപ്പെട്ടു. ചുരുക്കത്തില്‍ സ്വന്തം സ്ഥാപിതതാല്‍പര്യങ്ങള്‍ അപകടപ്പെടുത്തുന്ന ഒരു ചര്‍ച്ചപോലും സമൂഹത്തില്‍ അനുവദിക്കുകയില്ലെന്ന മത-വര്‍ഗീയ നവഫാസിസ്റ്റ് നീക്കങ്ങള്‍ ഇന്നത്തെ വലതുപക്ഷത്തിന്റെ മുഖമുദ്രയായി മാറുകയാണ്.

വിദ്യാഭ്യാസരംഗത്ത് പ്രകടമാകുന്ന നീക്കങ്ങളുടെ അടിത്തറ മറ്റു മേഖലകളില്‍ വളര്‍ന്നുവരുന്ന ചര്‍ച്ചകളില്‍ പ്രകടമാണ്. സ്വാശ്രയ കോളേജുകളും സ്കൂളുകളും നടത്തുന്നതുതന്നെ പുതിയ തൊഴില്‍ മേഖലകളിലേക്കുള്ള മാനവിക മൂലധനത്തിന്റെ ഉല്‍പാദനമെന്ന നിലയ്ക്കാണ്. ആ മേഖലകളില്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിവാദങ്ങളായിട്ടില്ല. എറണാകുളം കാക്കനാട്ടിലെ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ പുനഃപരിശോധിക്കുകയും ടീകോം ഗ്രൂപ്പ് പുതിയ സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് ഈ മേഖലയിലെ ഒരു വിജയമായിരുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും മറ്റ് ഐടി സംരംഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. പൊതുമേഖലാ വ്യവസായങ്ങള്‍ പലതും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായമന്ത്രി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതും ശ്രദ്ധിക്കേണ്ടതാണ്. വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനവും ഇത്തരത്തില്‍ പുരോഗമിക്കുന്നുണ്ട്. അവിടെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ച് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ട്രേഡ്‌യൂണിയനുകളുടെയും ജനകീയപ്രവര്‍ത്തകരുടെയും ഇടപെടലുകളോടെ പരിഹാരം സാധ്യമായിരിക്കുകയാണ്.

മുമ്പ് സൂചിപ്പിച്ചതുപോലെ, ഇത്തരം സംരംഭങ്ങളുടെ ദോഷവിചാരത്തിലല്ല വലതുപക്ഷം കേന്ദ്രീകരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ഉല്‍പാദനത്തിലും അടിസ്ഥാനസൌകര്യങ്ങളുടെയും വിനിമയസാങ്കേതികവിദ്യകളുടെയും നിര്‍മാണത്തിലുമാണ്. പക്ഷേ, കേരളത്തിലെ മൂലധനം പ്രധാനമായി കേന്ദ്രീകരിക്കുന്നത് റിയല്‍ എസ്റ്റേറ്റിലും ഫിനാന്‍സിലും ഉപഭോഗവ്യവസായങ്ങളിലുമാണ്. അവര്‍തന്നെയാണ് മാധ്യമങ്ങളടക്കമുള്ള പൊതു ഇടങ്ങളെ മുഴുവന്‍ നിര്‍ണയിക്കുന്നതും. സ്വാശ്രയവിദ്യാഭ്യാസവും 'ഇന്റര്‍നാഷണല്‍' സ്കൂളുകളും റിസോര്‍ട്ടുകളും സിനിമകളുമെല്ലാം അവര്‍തന്നെയാണ് നിയന്ത്രിക്കുന്നത്. വാര്‍ത്തകളും ഇവര്‍തന്നെ സൃഷ്ടിക്കും. മൂന്നാറില്‍ വര്‍ഷങ്ങളായി നടന്നുപോന്നിരുന്ന ഭൂമികൈയേറ്റം കണ്ടെത്തി കൈയേറിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരംഭിച്ചപ്പോള്‍ ഉണ്ടായ ബഹളം ഉദാഹരണമാണ്. ദശകങ്ങളായി നടക്കുന്ന വനഭൂമി കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ കുടികിടപ്പുനിയമമുപയോഗിച്ച് ഗവണ്‍മെന്റ് ഭൂമിയടക്കം ബിനാമി പട്ടയങ്ങളായി എഴുതിക്കൊടുത്തപ്പോള്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഈ പട്ടയങ്ങള്‍ കൈമാറിയത് കേരളത്തില്‍ വളര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് മാഫിയാസംഘങ്ങള്‍ ആയിരുന്നു. അവരുടെ ഒത്താശയോടെയാണ് പുഴവക്കും കായല്‍ഭൂമിയും വനപ്രദേശങ്ങളും ഇന്ന് ക്രയവിക്രയം നടക്കുന്നത്. ഇത് കണ്ടെത്തി നടപടിയെടുത്തതാണ് ഇവിടെ വലിയ വിവാദമായത്. ഇങ്ങനെ ഭൂമി പട്ടയം നല്‍കപ്പെട്ടവരില്‍ യഥാര്‍ഥ ഭൂവുടമകളും ഉണ്ടെന്നത് വസ്തുതയാണ്. അവരില്‍ രാഷ്ട്രീയപാര്‍ടികളും സംഘടനകളും ഉണ്ടാകാം. പക്ഷേ, ഭൂമികൈയേറ്റത്തിലൂടെ നടക്കുന്ന മൂലധനരൂപീകരണത്തിന്റെ യഥാര്‍ഥ സ്വഭാവം പുറത്തുകൊണ്ടുവരാതെ ചെറുകിടക്കാരടക്കം എല്ലാവരെയും ഭൂമികൈയേറ്റക്കാരായി ചിത്രീകരിക്കുകയും അതുവഴി റിയല്‍ എസ്റ്റേറ്റ് മാഫിയയെ സംരക്ഷിക്കുകയും ചെയ്ത വിവാദനാടകമാണ് അരങ്ങേറിയത്. ആദ്യഘട്ടത്തില്‍ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥസംഘത്തിനുവന്ന ചില പിഴവുകള്‍ ഈ പ്രക്രിയയെ സഹായിക്കുകയും ചെയ്തു. വീണ്ടും ഐഎസ്ആര്‍ഒയും മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റുടമയായ സേവി മനോ മാത്യുവും തമ്മിലുണ്ടായ ഭൂമിയിടപാട് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നതാണ്. പശ്ചിമഘട്ടങ്ങളിലെ നിരവധി വനപ്രദേശങ്ങളും അതിനോടനുബന്ധിച്ച പ്ലാന്റേഷന്‍ ഭൂമികളും പാരിസ്ഥിതികമായി ദുര്‍ബലമാണെന്ന് കണ്ടെത്തിയതാണ്. അങ്ങനെ കണ്ടെത്തപ്പെട്ടിട്ടും ധാരാളം ഭൂമി ഇടപാടുകള്‍ ഇവിടെയെല്ലാം തുടര്‍ന്നുപോരുകയും ഇവയ്ക്കെല്ലാം ഉദ്യോഗസ്ഥരുടെകൂടി ഒത്താശ ലഭിക്കുകയും ചെയ്തു. ഇവയില്‍ സാന്ദര്‍ഭികമായി കണ്ടെത്തിയതാണ് മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട്. ഇടപാടില്‍പെട്ട ഉദ്യോഗസ്ഥരെയും ഭൂമിയിടപാടുകാരെയും തുറന്നുകാണിക്കുന്നതിനുപകരം ഇടപാട് കണ്ടെത്തി നടപടിയെടുത്ത മന്ത്രിക്കെതിരെയാണ് വലതുപക്ഷം ശബ്ദമുയര്‍ത്തിയതെന്നത് ഇവരുടെ വര്‍ഗ നിലപാട് വ്യക്തമാക്കുന്നു.

സ്വന്തം മാഫിയാപ്രവര്‍ത്തനങ്ങള്‍ പുറത്തുവരുന്നതില്‍ വേവലാതിപൂണ്ട സംഘങ്ങള്‍ പിന്നീട് ചെയ്തത് ഇടതുപക്ഷക്കാരെ കൂട്ടുകച്ചവടക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ്. സ്വന്തം പത്രത്തില്‍ അഴിമതി നടത്തിയതിന് പുറത്താക്കപ്പെട്ട ഒരു ഫിനാന്‍സ് മാനേജര്‍ ഇതിന് നല്ലൊരു ആയുധമായിമാറി. ലോട്ടറിരാജാവായ സാന്‍ഡിയാഗോ മാര്‍ട്ടിനില്‍നിന്ന് ദേശാഭിമാനി പത്രം വായ്പയെടുത്തത് ഒരു വിവാദമായിത്തീര്‍ന്നത് ഇതിന്റെ ഭാഗമായാണ്. മാര്‍ട്ടിനില്‍നിന്ന് കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജരെ പുറത്താക്കുകയും അന്നത്തെ ദേശാഭിമാനി മാനേജരെ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിട്ടും പ്രചരണം തുടര്‍ന്നു. കണ്ണൂരിലെ നായനാര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഫാരിസ് അബൂബക്കര്‍ എന്ന വ്യവസായി നല്‍കിയ സംഭാവനയും വിവാദമായി. ഇവയെല്ലാം ഭൂമികൈയേറ്റത്തിനെ സംബന്ധിച്ച ഗവണ്‍മെന്റ് നടപടികളുണ്ടായതിനുശേഷമാണെന്നത് ശ്രദ്ധേയമാണ്. ഒരുവശത്ത് ഇത്തരം വിവാദങ്ങളെല്ലാം കേരളത്തിലെ മുതലാളിത്തത്തിന്റെ സ്വഭാവം പുറത്തുകൊണ്ടുവരുന്നതാണ്. മറുവശത്ത് ഇത്തരം മാഫിയാപ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടിയാല്‍പോലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ സൂചനയുമാണ്. സഭാപിതാക്കളും മാഫിയാസംഘങ്ങളുമെല്ലാം ഒരുമിച്ചുനിന്ന് ഇടതുപക്ഷത്തെ വേട്ടയാടുന്ന കാഴ്ചയാണ് നാമിതുവരെ കണ്ടത്.

ഇത്തരം വിവാദകോലാഹലങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെപോകുന്ന ഒട്ടനവധി വസ്തുതകളുണ്ട്. ഒട്ടനവധി പരിമിതികള്‍ക്കുള്ളിലും വ്യത്യസ്ത ധനവിനിമയരൂപങ്ങളുടെ പ്രലോഭനങ്ങള്‍ക്കുള്ളിലും സ്ത്രീകള്‍ക്ക് ഒരാശ്രയമായി നിലനിന്നുപോരുന്ന കുടുംബശ്രീ യൂണിറ്റുകള്‍ ഉദാഹരണങ്ങളാണ്. വയനാട്ടിലും പാലക്കാട്ടും പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക് (അവരില്‍ എഴുപതുശതമാനവും സ്ത്രീകളാണ്) വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുകയും മിനിമംകൂലി ഉറപ്പുവരുത്തുകയും ചെയ്യുന്ന തൊഴിലുറപ്പുപദ്ധതി മറ്റൊരുദാഹരണമാണ്. ജനകീയാസൂത്രണത്തിന്‍കീഴില്‍ ആരംഭിക്കുന്ന മാലിന്യസംസ്കരണത്തിന്റെയും നീര്‍ത്തടാസൂത്രണത്തിന്റെയും പദ്ധതികള്‍ മറ്റൊരുദാഹരണമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണമേറ്റെടുത്തപ്പോള്‍മുതല്‍ നടത്തിപ്പോന്ന കാര്‍ഷിക കടാശ്വാസപദ്ധതി ഇപ്പോള്‍ ഫലംകണ്ടുതുടങ്ങിയിരിക്കുന്നുവെന്ന് കര്‍ഷകരുടെ ആത്മഹത്യയിലുണ്ടായിരിക്കുന്ന വന്‍തോതിലുള്ള കുറവ് (ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുതന്നെയില്ല) വ്യക്തമാക്കുന്നുണ്ട്. ആറളം ഫാമിലെ വനഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനുള്ള തീരുമാനവും മറ്റു പ്രദേശങ്ങളില്‍ വനഭൂമി ആദിവാസികള്‍ക്കു നല്‍കാനുള്ള നീക്കവും മറ്റൊരുദാഹരണമാണ്. ഏറ്റവും അവസാനം ചെങ്ങറയിലെ ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രഗവര്‍മെന്റിന്റെ പരസ്യമായ നയപ്രകാരവും പൊതുവിതരണസമ്പ്രദായത്തിനുണ്ടായ നാശംകാരണവും ഉണ്ടായ വിലക്കയറ്റത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനായതാണ് മറ്റൊരു സൂചന. വലിയ വിവാദങ്ങള്‍ക്കിട സൃഷ്ടിച്ചുവെങ്കിലും ദേവസ്വങ്ങളില്‍ ഭരണക്കാരുടെ ഒത്താശയോടെ സാമുദായികശക്തികള്‍ നടത്തിപ്പോന്ന വന്‍ അഴിമതി തുറന്നുകാട്ടപ്പെട്ടതും ഇക്കാലത്താണ്. ഇവ പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച മന്ത്രിക്കുനേരെയാണ് വലതുമുന്നണിയും മാധ്യമങ്ങളും തിരിഞ്ഞിരിക്കുന്നത്.

പക്ഷേ, ഇവയെല്ലാം എന്തുകൊണ്ട് ചര്‍ച്ചകളിലും പരിഗണനകളിലും വരുന്നില്ല? അഥവാ വരുന്നുണ്ടെങ്കില്‍തന്നെ അവയില്‍ കടന്നുകൂടുന്ന പ്രശ്നങ്ങളില്‍ മാത്രമാണ് മാധ്യമങ്ങളുടെ ശ്രദ്ധപതിയുന്നത്. ഇവിടെയാണ് നാം കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെക്കുറിച്ച് സൂചിപ്പിക്കേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം വീഴ്ചകള്‍ക്കതീതമാണെന്ന് ആ സര്‍ക്കാരിന്റെ വക്താക്കള്‍പോലും അവകാശപ്പെടില്ല. പക്ഷേ, അവ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സൃഷ്ടിപരമായ സംവാദങ്ങള്‍ക്കല്ല മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കിയത്. പലപ്പോഴും നവലിബറല്‍ ഭരണകൂട ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് പുരോഗമന സ്വഭാവമുള്ള മുന്നണിഭരണം നേരിടാവുന്ന പ്രശ്നങ്ങളെന്താണെന്നുപോലും വിലയിരുത്താന്‍ മാധ്യമങ്ങളും ബുദ്ധിജീവികളും മെനക്കെടുന്നില്ല. അതിനുപകരം ഇടതുപക്ഷമുന്നണിയും സര്‍ക്കാരും വ്യക്തികളുടെ കൂട്ടങ്ങളാണെന്നും പ്രധാന പാര്‍ടിയായ സിപിഐ എമ്മിലെ പടലപിണക്കങ്ങളാണ് വീഴ്ചകള്‍ക്കെല്ലാം കാരണമെന്നുമുള്ള ബാലിശമായ വാദമുഖങ്ങളാണ് മാധ്യമങ്ങള്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചത്. പ്രതിപക്ഷത്തെ പ്രധാന കക്ഷിതന്നെയാണ് കേന്ദ്രം ഭരിക്കുന്നതെന്നതുകൊണ്ടാകാം, കേന്ദ്രഭരണത്തിലെ ഗൌരവമേറിയ ജനവിരുദ്ധ സ്വഭാവവും അവര്‍ അടിച്ചേല്‍പിച്ചുപോരുന്ന നിബന്ധനകളുടെ സ്വഭാവവും ഒരിക്കലും ചര്‍ച്ചചെയ്യപ്പെട്ടില്ല. ഈ നിബന്ധനകളുടെ ഏറ്റവും ശക്തമായ വിമര്‍ശകര്‍ കേരളമാണെന്ന വസ്തുതപോലും അവഗണിക്കപ്പെട്ടു. അതുകൊണ്ടുതന്നെ പ്രതിപക്ഷവിമര്‍ശനങ്ങളിലെ പരസ്യമായ കാപട്യത്തെ തുറന്നുകാണിക്കാനും ആരും ശ്രമിച്ചില്ല. ഇതിന്റെ ഫലമായി നവലിബറല്‍ ഭരണകൂടത്തെ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ സിപിഐ എമ്മിലെ വിഭാഗീയതയുടെ പ്രശ്നങ്ങളായി അവതരിപ്പിക്കപ്പെട്ടു. ആ പഴുതിലൂടെ രക്ഷപ്പെട്ടത് നവലിബറല്‍ ഭരണകൂടവും അവരുടെ ആശ്രിതരായ കേരളത്തിലെ മുതലാളിത്തവുമാണ്.

ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് എടുത്തുപറയണം. സാക്ഷരരായ മലയാളിജനത വിവരശേഖരണത്തിന് ആശ്രയിക്കുന്നത് പത്രങ്ങളെയും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളെയുമാണ്. രാഷ്ട്രീയപാര്‍ടികളുടെ പ്രചരണതന്ത്രങ്ങളെക്കാള്‍ പതിന്മടങ്ങ് സാധ്യതകളാണ് അവയ്ക്കുള്ളത്. മാധ്യമങ്ങളുടെ പങ്ക് ഇന്ന് സര്‍ഗാത്മകവും വിമര്‍ശനാത്മകവുമല്ല. റിയാലിറ്റി ഷോകളെയും കോമിക് ഷോകളെയും സിനിമകളെയുംപോലെ രാഷ്ട്രീയത്തെയും വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച് വിറ്റഴിക്കുമ്പോഴാണ് ചാനലുകള്‍ക്ക് പ്രേക്ഷകര്‍ വര്‍ധിക്കുക, പത്രങ്ങള്‍ക്ക് വായനക്കാരും. ഗോസിപ്പുകളോടുള്ള താല്‍പര്യം മനുഷ്യസഹജമാണ്. കിടപ്പറരഹസ്യങ്ങളെന്നപോലെ പാര്‍ടികളുടെ യോഗരഹസ്യങ്ങളും ഒളിഞ്ഞുനോക്കി അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ രംഗത്തെ ജേതാക്കള്‍. ഈ മാധ്യമതന്ത്രം തീരുമാനങ്ങള്‍ക്കുപകരം ഗോസിപ്പുകളെയും സംവാദങ്ങള്‍ക്കുപകരം വിവാദങ്ങളെയും പ്രതിഷ്ഠിക്കുന്നു. അതോടെ യഥാര്‍ഥ സംഭവങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വളര്‍ന്നുവരുന്ന നവഫാസിസ്റ്റ് രാഷ്ട്രീയവിരുദ്ധ സമീപനം ഏറ്റവും പ്രകടമായ അംഗീകാരം നല്‍കുന്നത് നവലിബറല്‍ മുതലാളിത്തത്തെതന്നെയാണ്. ഇടതുപക്ഷത്തിന്റെ തകര്‍ച്ച അവരുടെ ആവശ്യമാണ്.

കേരളത്തില്‍ കഴിഞ്ഞവര്‍ഷം വളര്‍ന്നുവന്ന വിവാദങ്ങളിലെല്ലാം ഈ മാധ്യമതന്ത്രം പ്രകടമായിക്കാണാം. അതേസമയം, ഈ വിവാദങ്ങളുടെയെല്ലാം അടിത്തറ കേരളത്തിലെ നവലിബറല്‍ മുതലാളിത്തവും തൊഴിലെടുക്കുന്ന സാമാന്യജനതയും തമ്മില്‍ വളര്‍ന്നുവരുന്ന വൈരുധ്യത്തിലാണ്. കേരളത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ നവലിബറല്‍ മുതലാളിത്തത്തിനെതിരായത് ഈ സംഭവപരമ്പരകള്‍ക്ക് അതിന്റേതായ സവിശേഷത നല്‍കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുരഞ്ജനത്തിന്റെ തലമുണ്ടോ എന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ സ്വാഭാവികമാണ്. ഉണ്ടാകാവുന്ന പാളിച്ചകള്‍ അനുരഞ്ജനമായി വ്യാഖ്യാനിക്കാനുള്ള നീക്കങ്ങളും മനസ്സിലാക്കാവുന്നതാണ്. പ്രശ്നങ്ങളുടെ ഗൌരവതരമായ വ്യാഖ്യാനങ്ങള്‍ക്കപ്പുറം വ്യക്തിനിഷ്ഠമായും വിഭാഗീയമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നവലിബറല്‍ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. നവലിബറലിസം തീരുമാനിക്കുന്ന അജണ്ട മുറിച്ചുകടക്കാനാവില്ലെന്ന ധാരണയും ശരിയല്ല. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യവും സ്വതന്ത്ര ക്രയവിക്രയവുമാണ് നവലിബറലിസത്തിന്റെ കാതല്‍. ഇവയിലെല്ലാ സമൂഹവിഭാഗങ്ങളെയും തൊഴില്‍മേഖലകളെയും ഉള്‍പ്പെടുത്തുന്നതിലാണ് അവരുടെ വിജയം. എന്നാല്‍, ഇതില്‍ അവര്‍ വിജയിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഫിനാന്‍സ് മൂലധനത്തിന്റെ കൂച്ചുവിലങ്ങുകളെ തകര്‍ത്തുകൊണ്ട് പ്രാദേശിക ധനസമാഹരണ രൂപങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നുകൂടെ? വിദേശധനസഹായ ഏജന്‍സികളെ ആശ്രയിക്കാതെ ആന്തരികവിഭവസമാഹരണം സഹകരണമേഖലയെ ഉപയോഗിച്ച് ശക്തിപ്പെടുത്തിക്കൂടെ? ഉല്‍പാദനമേഖലയില്‍ പരിമിതമായി കാണാവുന്ന ഉണര്‍വ് കൂടുതല്‍ ശക്തമായ നിലയില്‍ വളര്‍ത്തിക്കൊണ്ടുവന്നുകൂടെ? അതിനു സഹായകരമായ അധ്വാനരൂപങ്ങളും സംസ്കാരവും വളര്‍ത്തിക്കൊണ്ടുവന്നുകൂടെ?

കേരളത്തിലെ രണ്ടു ജില്ലയില്‍ നടപ്പിലാക്കുന്ന ദേശീയ തൊഴിലുറപ്പുപദ്ധതി ഒരുദാഹരണമാണ്. യുപിഎ ഗവണ്‍മെന്റ് നിലവില്‍വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദംമൂലമാണ് പൊതുമിനിമം പരിപാടിയുടെ ഭാഗമായി ദേശീയ തൊഴിലുറപ്പുപദ്ധതി നിലവില്‍വന്നത്. നിരവധി പരിമിതികള്‍ അതിനുണ്ട്. കൃഷിപോലുള്ള ഉല്‍പാദനമേഖലകളില്‍ തൊഴില്‍ ഇപ്പോഴും നല്‍കപ്പെടുന്നില്ല. അതിനുണ്ടായ വമ്പിച്ച ജനപങ്കാളിത്തം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സുസ്ഥിരമായ തൊഴില്‍ നല്‍കാന്‍ തയ്യാറാവുകയാണെങ്കില്‍ അധ്വാനിക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്നതാണ് ആ വസ്തുത. കേരളത്തിലെ ജനങ്ങള്‍ വരുമാനമുള്ള തൊഴില്‍ ആഗ്രഹിക്കുന്നവരാണ്. ആ ആഗ്രഹംതന്നെയാണ് കേരളത്തിന്റെ ഏറ്റവും പ്രധാന സമ്പത്തും. കാരണം അത്തരം തൊഴിലുകള്‍ക്കുള്ള പരിശീലനം നേടാന്‍ അവര്‍ തയ്യാറാണ്. മറ്റെന്നത്തേക്കാളുമധികം വിദഗ്ദതൊഴിലുകള്‍ക്ക് പരിശീലനം നേടാനുള്ള താല്‍പര്യം ഇന്നാണുള്ളത്. അതിനെ സ്വകാര്യലാഭത്തിനുവേണ്ടി ഉപയോഗിക്കുകയും അവരുടെ വിഭവങ്ങളും സമ്പത്തും കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാണ് കേരളത്തില്‍ തടിച്ചുകൊഴുക്കുന്നത് എന്നതാണ് കേരളത്തിലെ വൈപരീത്യം. അവരുടെ ഉപഭോഗസംസ്കാരമാണ് മലയാളി സ്വന്തം വിപണന സംസ്കാരമായി ആഘോഷിക്കുന്നത്. അതിനുപകരം, കേരളത്തില്‍ തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും അവര്‍ക്ക് വിഭവങ്ങളും ആവശ്യമായ ധനവും ഒരുക്കിക്കൊടുക്കുകയും ചെയ്താല്‍ ഒരു പുതിയ അധ്വാന സംസ്കാരത്തിന് തുടക്കം കുറിക്കാം. കര്‍ഷകരും ചെറുചരക്കുല്‍പാദകരും വിദഗ്ദ തൊഴിലാളികളും വളര്‍ത്തിക്കൊണ്ടുവരുന്ന പുതിയ സംസ്കാരമാണത്. അതിന്റെ പ്രധാന ഏജന്‍സികളായി നമ്മുടെ പഞ്ചായത്തുകളെ മാറ്റിക്കൊണ്ടുവരികയും ചെയ്യാം. നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പിന്റെ സൂചകങ്ങളായി ഇവയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും എന്നുതന്നെയാണ് ഇതുവരെ കേരളത്തില്‍ നടന്നിട്ടുള്ള ജനകീയാസൂത്രണത്തിന്റെയും സഹകരണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

-ശ്രീ.കെ.എന്‍.ഗണേശ്, പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2007 കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഭരണമേറ്റതിന്റെ അമ്പതാം വാര്‍ഷികവും കേരളത്തിലെ ജന്മിത്വത്തിന്റെ അന്ത്യത്തിന് തുടക്കംകുറിച്ച കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിന്റെ അമ്പതാം വാര്‍ഷികവുമാണിത്. 2007ലെ സംഭവങ്ങള്‍ വിലയിരുത്തുന്നത് പല കാഴ്ചപ്പാടുകളിലൂടെയാകാം. ഒന്നുകില്‍, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ ചെയ്യുന്നതുപോലെ സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും വിവാദങ്ങളുടെയും പരമ്പരകളുടെ ആഖ്യാനമായി 2007നെ വിലയിരുത്താം. നായകന്മാരും നായികമാരും വില്ലന്മാരും കൊമേഡിയന്മാരും (കോമഡിക്ക് പ്രാധാന്യമുള്ള ഇന്നത്തെ കാഴ്ചകളില്‍ അവര്‍ക്കായിരിക്കും പ്രാമുഖ്യം) ഉള്ള ചൊല്‍ക്കാഴ്ചകളാകും അത്. അല്ലെങ്കില്‍ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് വിലയിരുത്താം. അവിടെ വില്ലന്മാര്‍മാത്രവും നായകര്‍ മാത്രവുമുള്ള കഥകള്‍ പ്രത്യക്ഷപ്പെടും. ഇതുമല്ലെങ്കില്‍ സംഭവങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താം.
ശ്രീ.കെ.എന്‍.ഗണേശ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എഴുതിയ വിശദമായ ലേഖനം.