Wednesday, February 6, 2008

ഒ എന്‍ വി കുറുപ്പ് - മലയാണ്‍മയുടെ സുകൃതം‍

മലയാളകവിതയുടെ കുലപതിയായ എഴുത്തച്ഛന്റെ പേരിലുള്ള പുസ്കാരം കാവ്യയാത്രയില്‍ എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ പാഥേയമാണ്. ഇതിനു പകരം എന്തു നല്‍കുമെന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു. അതിന് ഒരു ഉത്തരമേയുള്ളൂ. ഒരു കവിയായിരിക്കാന്‍ ശ്രമിക്കാം. അല്‍പ്പംകൂടി വിശദമാക്കിയാല്‍, സ്വന്തം ഉല്‍ക്കണ്ഠകളാലും ഉത്തമ ബോധ്യങ്ങളാലും നയിക്കപ്പെടുന്ന കവിയായിരിക്കാം.''

-ഒ എന്‍ വി കുറുപ്പ് എഴുത്തച്ഛന്‍ സമ്മാനദാനവേളയില്‍

ആറു പതിറ്റാണ്ടായി മലയാളകവിതയുടെ ഗതിവിഗതികളെ അഗാധമായി സ്വാധീനിച്ചു വരുന്ന ഒ എന്‍ വി കുറുപ്പിന് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡായ എഴുത്തച്ഛന്‍ പുരസ്കാരം സമര്‍പ്പിച്ചു. ദര്‍ബാര്‍ ഹാളില്‍ സാംസ്കാരിക മന്ത്രി എം.എ.ബേബി അദ്ധ്യക്ഷനായി നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്ന് ഒ എന്‍ വി അവാര്‍ഡ് ഏറ്റുവാങ്ങി. നിസ്വവര്‍ഗത്തിന്റെ മോചനത്തിനായി ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന കവിതകള്‍ രചിക്കുന്ന ഒ എന്‍ വി എഴുത്തച്ഛന്റെ യഥാര്‍ഥ പിന്‍ഗാമിയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒ എന്‍ വി ആരംഭിച്ച കവിതാസപര്യ സാമൂഹ്യമാറ്റത്തിന് ഉജ്വലമായ സംഭാവനയാണ് നല്‍കിയത്. മഹാഭൂരിപക്ഷം വരുന്ന ജനതയുടെ മോചനത്തിന് സഹായകമാകണമെന്ന ഉദ്ദേശ്യവും നിശ്ചയദാര്‍ഢ്യവും ഒ എന്‍ വിയുടെ കവിതകളിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും പുരസ്കാരവുമടങ്ങുന്നതാണ് അവാര്‍ഡ്‌. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ അവാര്‍ഡ്, ആശാന്‍ പ്രൈസ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പത്മശ്രീ തുടങ്ങിയ ബഹുമതികള്‍ ഇതിനു മുന്‍പ്‌ ഒ എന്‍ വിക്ക് ലഭിച്ചിട്ടുണ്ട്.


ഭാഷയെയും ഭാഷാപിതാവിനെയും ആദരിക്കുന്നത് സംസ്കാരത്തെ തന്നെ ആദരിക്കലാണെന്ന് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ സാംസ്കാരിക മന്ത്രി പറഞ്ഞു. നമ്മുടെ മനസ്സിനെ കവിതകൊണ്ടും ഗാനങ്ങള്‍കൊണ്ടും നവീകരിച്ചുവരുന്ന ഒ എന്‍ വിയുടെ കൈകളിലേക്ക് ഇക്കൊല്ലത്തെ എഴുത്തച്ഛന്‍ പുരസ്കാരം എത്തിച്ചേരുന്നത് ഈ നാടിന്റെയും കാലത്തിന്റെയും ധന്യതയാണെന്ന് ശ്രീ ബേബി അഭിപ്രായപ്പെട്ടു. എക്കാലവും മനുഷ്യപക്ഷത്തു നിന്ന പ്രതിഭയാണ് ഒ എന്‍ വി കുറുപ്പെന്നും, മണ്ണിനെയും മനുഷ്യനെയും ഇനിയും സ്നേഹിച്ചു തീരാത്ത ഈ കവിയുടെ സര്‍ഗസംഭാവനകള്‍ നമ്മുടെ തെറ്റുകള്‍ തിരുത്താനും സമൂഹത്തിന് ആവശ്യമുള്ള സമയത്ത് വേണ്ട ഇടപെടല്‍ നടത്താനും കഴിയുംവിധം ഇനിയും ഏറെക്കാലം തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മലയാളകവിതയുടെ കുലപതിയായ എഴുത്തച്ഛന്റെ പേരിലുള്ള പുസ്കാരം കാവ്യയാത്രയില്‍ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ പാഥേയമാണെന്ന് ഒ എന്‍ വി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതിനു പകരം എന്തു നല്‍കുമെന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു. അതിന് ഒരു ഉത്തരമേയുള്ളൂ. "ഒരു കവിയായിരിക്കാന്‍ ശ്രമിക്കാം'' അല്‍പ്പംകൂടി വിശദമാക്കിയാല്‍, "സ്വന്തം ഉല്‍ക്കണ്ഠകളാലും ഉത്തമ ബോധ്യങ്ങളാലും നയിക്കപ്പെടുന്ന കവിയായിരിക്കാം''- ഒ എന്‍ വി പറഞ്ഞു.

"എഴുത്തച്ഛന്‍ കവിതയുടെ വിളക്കുവെട്ടത്തിലാണ് എന്റെ എളിയ കവിതാസപര്യ തുടങ്ങിയത്. ആദ്യമായി എന്റെ കവിത അച്ചടിമഷി പുരണ്ടത് 1946 ലാണ്. ജീവിതം നീളുമ്പോള്‍ കവിതയും ഒപ്പം വരുന്നു. ഇപ്പോള്‍ ആറില്‍പ്പരം പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ വയലേലകളുടെ നടുവിലൂടെ ഒരു വരമ്പുപോലെയാണ് കാവ്യപഥം. അവിടെനിന്ന് നോക്കുമ്പോള്‍ ഒന്നും അന്യമല്ല. നിസ്വപക്ഷത്താണ് എന്നും നിന്നിട്ടുള്ളത്. അവിടെനിന്ന് ഉള്‍ക്കൊണ്ടത് ഏതോചില നിമിഷങ്ങളില്‍ മുന്തിരിച്ചാറായി എന്നു മാത്രം. പ്രകൃതിയുടെ സ്തന്യം നുകര്‍ന്ന് മനുഷ്യാവസ്ഥകളെക്കുറിച്ച് പാടാന്‍ ഇനിയും ഏറെക്കാലം കിട്ടിയാല്‍ കൊള്ളാം എന്നാണ് ആഗ്രഹം. സന്തോഷം... എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് ഒരു സുകൃതമായി തോന്നുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവരുമായി ഈ സന്തോഷം പങ്കുവയ്ക്കുന്നു. മുമ്പേ കിട്ടേണ്ടതായിരുന്നുവെന്ന അഭിപ്രായമോ പരാതിയോ പരിഭവമോ ഇല്ല''

സമ്മാനം ലഭിച്ച വിവരമറിഞ്ഞപ്പോള്‍ ഒ.എന്‍.വി ഇങ്ങനെയായിരുന്നു പ്രതികരിച്ചത്.

ഞങ്ങള്‍ക്കു മുമ്പെ നടന്ന വലിയ കവിയും വഴികാട്ടിയായ ആചാര്യനും കണ്ണുതുറപ്പിച്ച അധ്യാപകനുമായിരുന്നു ഒ എന്‍ വി. മലയാളം അറിയാവുന്ന എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ഞാനുള്‍പ്പെടെയുള്ളവര്‍ ജീവിതത്തിലെ വെളിച്ചമായി കൊണ്ടു നടക്കുന്നു"

പുരസ്കാരനിര്‍ണ്ണയ സമിതി അംഗം സുഗതകുമാരിയുടേതാണീ വാക്കുകള്‍.

മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ചു തീരാത്ത മഹാപ്രതിഭയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ കേരളത്തിന് അഭിമാനിക്കാമെന്ന് പുരസ്കാരനിര്‍ണയസമിതി അധ്യക്ഷന്‍ പി. ഗോവിന്ദപ്പിള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരുന്നു.

സാഹിത്യത്തിലെ രണ്ടു ധാരകളായ മാനവികതയും സൌന്ദര്യാത്മകതയും ഒ എന്‍ വിയുടെ കവിതകളില്‍ ഒരുപോലെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് പുരസ്കാരനിര്‍ണയസമിതി അംഗംകൂടിയായ സാഹിത്യ അക്കാദമി അധ്യക്ഷന്‍ എം മുകുന്ദന്‍ പറഞ്ഞു. പ്രബുദ്ധത നമ്മുടെ സ്വത്വത്തിന്റെ ഭാഗമാണ്. ഇത് നിലനിര്‍ത്തിക്കൊണ്ട് നമ്മുടെ സ്വത്വനിര്‍മാണത്തില്‍ അദ്ദേഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളത്തിനു പുറത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന മലയാളകവിയാണദ്ദേഹം. 'ഉജ്ജയിനി' ന്യൂഡല്‍ഹിയിലും മറ്റും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. മഹാകവിയെ അവാര്‍ഡിന് തെരഞ്ഞെടുത്ത സമിതിയില്‍ അംഗമായത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും ഇനിയും ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

ഒ എന്‍ വിയുടെ 'സൂര്യഗീത'ത്തിലെ സ്വസ്തി ഹേ സൂര്യ തേ സ്വസ്തി എന്നു തുടങ്ങുന്ന വരികള്‍ പ്രൊഫ. വി മധുസൂദനന്‍ നായര്‍ ആലപിച്ചായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍ ആദരപ്രഭാഷണം നടത്തി. സച്ചിതാനന്ദന്‍, ഡോ. പുതുശേരി രാമചന്ദ്രന്‍ എന്നിവരും സംസാരിച്ചു. പ്രഭാവര്‍മ പ്രശസ്തിപത്രം വായിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഐ വി ദാസ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ പ്രൊഫ. വി എന്‍ മുരളി നന്ദിയും പറഞ്ഞു.

മലയാണ്‍മയുടെ സുകൃതമായ ഒ എന്‍ വി യെ ലോകമെങ്ങുമുള്ള മുഴുവന്‍ മലയാളികളോടുമൊപ്പം വര്‍ക്കേഴ്സ് ഫോറവും ആദരിക്കുന്നു. ഒ.എന്‍.വി കവിതകളെ വിലയിരുത്തിക്കൊണ്ട് ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കാവ്യാത്മകമായ ഒരു ആസ്വാദനക്കുറിപ്പ് ഇത്തരുണത്തില്‍ ഞങ്ങള്‍ പുന: പ്രസിദ്ധീകരിക്കുന്നു.

മണ്ണിന്റെയാത്മാവില്‍നിന്നും

ഒരുപൊന്‍മുത്തെടുത്തുതരാം ഞാന്‍'

അരനൂറ്റാണ്ടിനുമപ്പുറം അമ്പതുകളുടെ ആദ്യപാദങ്ങളില്‍ വിപ്ലവകവിയായ ഒ എന്‍ വി, കെപിഎസിയുടെ ഗാനരചയിതാവായി അരങ്ങേറ്റംകുറിക്കുമ്പോള്‍ മലയാളമനസ്സിന് നല്‍കിയ വാഗ്ദാനം ഇതായിരുന്നു. പ്രതിജനഭിന്നവിചിത്രമായ കര്‍മവഴികളിലൂടെ, ഇരുപക്കവും കരിന്തിരി കത്താനോങ്ങി നിന്ന മണ്‍ചെരാതുകളെ പിന്നെയും തെളിച്ച് അദ്ദേഹം ഇന്നിതാ 2007ന്റെ പടവില്‍ എത്തിനില്‍ക്കെ, കാതോര്‍ക്കുക.

ഒ എന്‍ വി പാടുന്നു.

'സ്നേഹിച്ചു നമ്മളനശ്വരരാവുക!

സ്നേഹിച്ചുതീരാത്തൊരാത്മാക്കളാവുക!'

കാവ്യജീവിതവും കവ്യേതരപ്പൊറുപ്പും തമ്മില്‍ ഇഴവിടര്‍ത്താനാകാത്തവിധം അത്രമേല്‍ ഇണങ്ങിക്കുരുങ്ങിയ ഒ എന്‍ വിയുടെ മഹനീയ ജീവിതവിപഞ്ചിക ഏതുനിമിഷവും വലിഞ്ഞുമുറുകി പ്രാണസ്വനങ്ങളെ സ്വീകരിക്കാന്‍ സന്നദ്ധതയാര്‍ന്നു നിലകൊള്ളുന്നു. അവിടെയാണ് ആശാനില്‍നിന്ന് ഒ എന്‍ വിയിലേക്കുള്ള മര്‍ത്യതയുടെ മൃണാളവളയത്തിളക്കം സമാനഹൃദയര്‍ കണ്ടെത്തുന്നത്. അഖിലസാരമായുള്ളത് സ്നേഹമാണെന്ന കുമാരദര്‍ശനത്തെ ആവര്‍ത്തിച്ചു പരത്തി വിരസം വിളമ്പുകയല്ല, മറിച്ച് സഹജാമലരാഗമെന്ന മനോഗുഹയിലെ പുതുരത്നത്തെ തിളക്കിമിനുക്കി അകമിഴിച്ചൂടാന്‍ ആര്‍ദ്രതയേറ്റി പുനഃപ്രതിഷ്ഠ നടത്തുകയാണ് മലയാണ്‍മയുടെ സുകൃതമായ ഒ എന്‍ വി.

അതിനാലാണ്

'വേദനിക്കിലും വേദനിപ്പിക്കിലും

വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍' (വാടകവീട്ടിലെ വനജ്യോല്‍സ്ന)

എന്ന വരികള്‍ വേറിട്ട ശോഭയോടെ, വ്യതിരിക്തഗരിമയോടെ നമ്മില്‍ പൂവും നീരും വീഴ്ത്തി അവരോധിതമാകുന്നത്.

'ഒരിക്കല്‍മാത്രം വന്ന് അനിശ്ചിതകാലം താമസിച്ചു മടങ്ങേണ്ട ഭൂമിയെന്ന ഈ വാടകവീട്ടില്‍നിന്ന് ഒരുനാള്‍ ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍, ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചുപോകുന്നു. അതാണെന്റെ കവിത, അത് മറ്റൊരാത്മാവിനു സന്തോഷമോ, സാന്ത്വനമോ പകരുമെങ്കില്‍, അതെന്റെ സുകൃതമെന്നുമാത്രം പറയട്ടെ'.

'ഞാനഗ്നി' എന്ന തന്റെ പുതിയ കവിതാസമാഹാരത്തിന് 'എന്റെ കവിത എന്റെ ജീവിതം' എന്ന തലക്കെട്ടില്‍ ചേര്‍ത്ത ആമുഖക്കുറിപ്പിലെ ഒടുവിലത്തെ വരികളാണ് മേലുദ്ധരിച്ച സത്യവാങ്മൂലം. അഗാധനീലിമയാര്‍ന്ന അനന്തവിഹായസ്സില്‍ ചിറകടിച്ചു പാറുമ്പോഴും വൃശ്ചികമഞ്ഞു വീണ് നനുത്ത തൂവലുകളൊക്കെ ഒട്ടിച്ചേര്‍ന്ന് കുളിര്‍ന്നുവിറയ്ക്കുമ്പോഴും മീനവേനലിന്റെ തീക്കനല്‍ പെയ്തിറങ്ങവേ നാട്ടുകുളക്കരയില്‍ ഇത്തിരിതണല്‍പ്പറ്റി തണ്ണീര്‍ക്കിനാവില്‍ ധ്യാനമൂകതയോലുമ്പോഴും, യന്ത്രനാഗരികതയും കാപാലിക സംസ്കൃതിയും പാഷാണച്ചിരിയോടെ നീട്ടിവിരിച്ച മുള്‍പ്പടര്‍പ്പില്‍ ചിറകുകള്‍ കുരുങ്ങി സ്നേഹകാതരയായി പിടയ്ക്കുമ്പോഴും രുദിതാനുസാരിയായ ഈ മനസ്സിന് പാടാതെ വയ്യ.

മുളയിലേതന്നെ ഈ അകംകിളിതോറ്റത്തിന്റെ വാസനാവഴിയേതെന്ന താന്‍പോരിമത്തീര്‍പ്പ് മലയാള സഹൃദയലോകം കണ്ടറിഞ്ഞതാണ്.

നിന്നിതള്‍ത്തുമ്പിലെ പുഞ്ചിരി മായുമ്പോള്‍

‍നിന്നെക്കുറിച്ചൊന്നു പാടാ‍ന്‍

എന്‍മണി വീണയില്‍ വീണ പൂവേ നിന്റെ

നൊമ്പരം നിന്നു തുടിപ്പൂ (വീണപൂവ്)

എന്ന അതിപ്രസിദ്ധമായ വരികള്‍ക്കുള്ളിലെ വിങ്ങലും തേങ്ങലുംതന്നെയാണ്, നീലക്കണ്ണുകളിലും മരുഭൂമിയിലും ഈ പുരാതന കിന്നരത്തിലും ഭൈരവന്റെ തുടിയിലും ഒക്കെ പിന്നെയും പിന്നെയും ഭിന്ന സ്വരൂപീകളായി വന്ന് ബലിനിയോഗങ്ങള്‍ പൂര്‍ത്തിയാക്കി നമ്മിലേക്ക് ഇതള്‍ വീഴ്ത്തുന്നത്. കനല്‍മിഴികള്‍ അകാലത്തില്‍ കെട്ടുപോയ ശ്യാമസൂര്യന്മാരുടെ കുരുതിച്ചോരയിലൂടെ ദുര്‍മ്മദാന്ധതയുടെ നീചരഥം ഉരുണ്ടുനീങ്ങവേ, സകലതിനെയും വെട്ടിമുറിച്ച് പങ്കുവച്ച് പുലികളാകാന്‍ തിരക്കേറ്റുന്ന കത്തിവേഷങ്ങള്‍ അലറിയാര്‍ക്കുമ്പോള്‍, ബാവുല്‍ഗായകനായി, ബഷീറിന്റെ തോളത്ത് കരംചേര്‍ത്ത്, സൂഫിയായി, ഓര്‍ഫ്യൂസിനെ കണക്കെ ഒ എന്‍ വി കത്തുന്ന വിരലുകള്‍ ചൂണ്ടുന്നത് എവിടേക്ക്?

ഒരുവരും കേള്‍ക്കുവാനില്ലെങ്കിലുമെന്റെ

അപരാഹ്നഗാനം ഞാന്‍ പാടി

ഉടലാകെ മുള്‍ച്ചട്ട മൂടിനില്‍ക്കും കള്ളി-

ച്ചെടിയൊരു പൂവിടര്‍ത്തുന്നു.

ചുടുചുടെ പൊള്ളുന്ന മണലിലും ഒട്ടക-

ച്ചുവടുകള്‍ക്കൊരു നൃത്തതാളം! (ഒരു മരപ്പച്ചയില്‍)

ഒ എന്‍ വിയുടെ ധ്യാനധന്യമായ അക്ഷരതപസ്യക്ക് അരനൂറ്റാണ്ടിലേറെ കാലപ്പഴക്കം. ഇപ്പോഴും നിസ്വജീവിത പാഴ്ച്ചെളിപ്പാതയില്‍ ഓരംചേര്‍ന്നു നിന്ന് സ്നേഹത്തോറ്റങ്ങള്‍ ഉതിര്‍ക്കലേ നിയോഗം എന്ന് തെല്ലൊരു പുരികച്ചുളിവോടെ ചില പൂര്‍വപക്ഷക്കാര്‍ അര്‍ഥബോധാവസ്ഥയില്‍ പുലമ്പുന്നത് കേള്‍ക്കായ്കയല്ല.

അമേരിക്കയുടെ വെളുത്ത പൊക്കച്ചമാം എടുപ്പുകള്‍മീതേ സംഹാരാത്മകതയുടെ യന്ത്രപ്പക്ഷികള്‍ ഹുങ്കാരത്തോടെ പറക്കുന്നതുംനോക്കി നിസ്സംഗതയും നിര്‍വികാരതയും നിഷ്പക്ഷതയുമാണ് തന്റെ കവചകുണ്ഡലങ്ങളെന്ന് നാഗകേതനന്മാര്‍ക്കുനേരെ പല്ലിളിക്കാന്‍ ഈ കവി ഒരുക്കമില്ലെന്ന് ദശകങ്ങള്‍ക്കു മുന്നമേ തന്നെ വ്യക്തമായതാണ്.

അനുശാസന ഗര്‍വുകള്‍ക്കുനേരെയും 'ഉപ്പു തൊട്ടുറിയിലെ ചെറുമണ്‍കലങ്ങള്‍ വരെ ഒക്കെയും വന്നപഹരിക്കുന്ന അധിനിവേശ സംസ്കൃതികള്‍ക്കെതിരെയും, തന്റെയും തന്റെ കുഞ്ഞാടിന്റെയും ആവിപാറുന്ന ചുടുനിണം ആവോളം പാനം ചെയ്ത് കിന്നരം വായിക്കുന്നവര്‍ക്കെതിരെയും കാലഭൈരവന്റെ പറയത്തുടിമുഴക്കമായി സഹ്യാദ്രിസാനുവില്‍ എത്രയോ ദശകമായി നാം ഈ 'മുര്‍പ്പോക്ക് എഴുത്താളര്‍കുലമാമണി'യെ പേരാറിന്‍ തിരകള്‍ തിരിച്ചറിഞ്ഞുവാഴ്ത്തുന്നു.

മണ്ണടരുകള്‍ക്കടിയിലേക്ക് ജന്മനിയോഗങ്ങള്‍ പൂര്‍ത്തിയാകും മുന്നമേ ഇടിഞ്ഞുമറയേണ്ടി വന്ന ചരിത്രനേരുകളെത്തേടിയും പാടിയുമുള്ള അനന്തസഞ്ചാരങ്ങള്‍ക്കിടയില്‍ എവിടെനിന്നോ താരസ്വരത്തില്‍ ഉയരുന്ന ഷട്ക്കാലഗോവിന്ദപല്ലവി ചവറയിലെ ലോഹമണല്‍വീര്യം പുണര്‍ന്ന ഏകതാരയുടെതാണെന്ന് അഭിമാനാഹ്ലാദങ്ങളോടെയാണ് നാം തിരിച്ചറിയുന്നത്. വഴിനടന്നു ചേക്കേറുന്ന നാട്ടുസത്രങ്ങള്‍ക്കരികിലെങ്ങും ഗുപ്തകീര്‍ത്തിതന്‍ മണ്ണടിഞ്ഞ മന്ദിരങ്ങള്‍ക്കരികിലും യക്ഷസാന്നിധ്യം തിരയുന്ന കവി കൊച്ചുദുഃഖത്തിന്‍ പച്ചത്തുരുത്തിലായാലും ഗാലവന്റെ കുതിരലായങ്ങള്‍ക്കരികിലായാലും ഹൈഗേറ്റ് സെമിത്തേരിയിലെ കല്ലറക്കരികിലായാലും മെറീന കടപ്പുറത്തായാലും സ്നേഹത്തിന്റെ നാനാര്‍ഥങ്ങള്‍ തിരയുകതന്നെയാണ് ഈ മഹാപ്രതിഭ.

അപ്പോഴൊക്കെ അമ്പേറ്റുപിടയുന്ന ആശ്രമ മൃഗങ്ങളെയും അവരുടെ കൊച്ചുദുഃഖങ്ങളെയും ആഗ്രയിലെ തോല്‍പ്പണിക്കാരെയും സാന്താള്‍ നര്‍ത്തകരെയും ഒക്കെ സാക്ഷിനിര്‍ത്തി വിനയപുരസരം എന്നാല്‍ അഭിമാനത്തോടെയും നടത്തുന്ന വിളംബരം ഇതാണ്.

'ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി-

യൊഴുകുന്നതോമനേയീ ഞാനല്ലോ!'

ചിന്താവിഷ്ടയായ സീതയില്‍ തുടങ്ങുന്നു നമ്മുടെ പെണ്‍പക്ഷിക്കവിത.

'നിനയാ ഗുണപുഷ്പവാടി

ഞാനിനിയാക്കാട്ടുകുരങ്ങിനേകുവാന്‍'

എന്ന് സീതയിലൂടെ കുമാരനാശാനെക്കൊണ്ടും, അമ്പിളിപ്പെണ്ണിനെ മുത്തുവാന്‍ മാനത്തു പൊന്‍പണംതൂകുന്നവര്‍ക്കെതിരെ ആയിഷയിലൂടെ വയലാറിനെക്കൊണ്ടും പറയിപ്പിച്ച അതേ ആര്‍ജവമാണ് ഒളപ്പമണ്ണയിലെത്തുമ്പോള്‍ നങ്ങേമ്മക്കുട്ടിയിലൂടെ പ്രതിഷേധരൂപിയായി ബഹിര്‍ഗമിക്കുന്നത്.

അവിടവും പിന്നീട് മലയാളകവിതയിലെ, സാഹിത്യത്തിലേതന്നെ എക്കാലത്തേയും ഉത്തമ പെണ്‍പക്ഷ രചനയായിട്ടാണ് ഒ എന്‍ വിയുടെ ഉജ്ജയിനി, സ്വയംവരം എന്നീ കഥാകാവ്യങ്ങളെ വിലയിരുത്തേണ്ടത്. നാടാകെ ഫെമിനിസ്റ്റുകള്‍ സന്ധിബന്ധങ്ങള്‍ ഉലയുംമട്ടില്‍ പലതിനെതിരെയും വലിയവായില്‍ നിലവിളിക്കുമ്പോഴും ഒ എന്‍ വി കവിത സാധിക്കുന്ന ഈ അങ്കച്ചമയച്ചുമപ്പ് പടര്‍ന്നേറുന്നത് നമ്മുടെ വികാരവിതാനങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ അവ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ഏറെനാള്‍ നിലനില്‍ക്കുകയുംചെയ്യും.

കഴിഞ്ഞ എത്രയോ ദശകങ്ങളായി മലയാളജീവിതത്തിനുമേല്‍ കന്നിനിലാവായി, പൊന്നരിവാളമ്പിളിയായി, മനസ്സിലെ താമരയില്‍വിരിയുന്ന സാരസ്വതസൌഭഗമായി, പെറ്റമണ്ണില്‍ വീണടിഞ്ഞ തലമുറകളിലെ അസ്ഥിസുമങ്ങളായി, ഹൃദയത്തിന്റെ ഗൃഹാതുരതാമൂലയില്‍ നില്‍ക്കുന്ന നെല്ലിമരത്തെ തലോടുന്ന മന്ദപവനനായി, ചിലമ്പൂരിയെത്തുന്ന കണ്ണകിയായി ഒക്കെ ഒ എന്‍ വിയുടെ കവിതയും പാട്ടും സര്‍ഗ്ഗസാന്നിധ്യമാകുന്നു.

പാട്ടുകളുടെ ആ മഹാപ്രപഞ്ചത്തെക്കൂടി ചേര്‍ത്തുവച്ചല്ലാതെ എങ്ങനെയാണ് ഈ വികാരസിംഫണി പൂര്‍ണമാവുക. ആണ്ടുകള്‍ക്കപ്പുറം ആദ്യകാല കവിതകളിലൊന്നില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കരയാതെ കരയാതെ കരളിന്റെ കരളേനിന്‍

കറയറ്റൊരഴകുകളുജ്വലിച്ചാല്‍

അരികളോടെതിരിട്ടുപൊരുതുമീത്തരുണന്റെ

കരവാളിനെന്തൊരുണര്‍വാണെന്നോ!

അരനൂറ്റാണ്ടു പിന്നിടുമ്പോഴും ഈ നേരിനുമുന്നില്‍ വ്രീളാവിവശയായി, എന്നാല്‍ വ്രതശുദ്ധിയോടെ ഒ എന്‍ വി കവിത നില്‍ക്കുകയാണ് അന്നത്തെ ആ മൊഴി വീണ്ടും ആവര്‍ത്തിക്കാന്‍. കൊട്ടും തുടിയും കുടവും കാട്ടുപുല്‍ത്തണ്ടിലൂറും ശ്രുതിയുമായി മലയാളത്തെ പോരിടങ്ങളിലേക്ക് പാടിയുണര്‍ത്താനും പ്രമദമുഗ്ദതകളിലൂടെ ഈണക്കളിത്വങ്ങളിണക്കി രാഗാതുരയാക്കാനും കാലാതീത ലാവണ്യത്തോടെ നില്‍ക്കുന്നു ഒ എന്‍ വി കവിത.

'ഹിമബിന്ദു മുഖപടംചാര്‍ത്തിയ പൂവിനെ

മധുകരം മുകരാതെയുഴറുംപോലെ,

അരിയ നിന്‍ കാലൊച്ച ചൊല്ലിയ

മന്ത്രത്തിന്‍ പൊരുളറിയാതെ ഞാന്‍ നിന്നു.

നിഴലുകള്‍ കളമെഴുതുന്നൊരെന്‍ ‍മുന്നില്‍

മറ്റൊരു സന്ധ്യയായി നീ വന്നു!'

(ചിത്രത്തിനു കടപ്പാട്: മലയാള മനോരമ)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

“മലയാളകവിതയുടെ കുലപതിയായ എഴുത്തച്ഛന്റെ പേരിലുള്ള പുസ്കാരം കാവ്യയാത്രയില്‍ എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ പാഥേയമാണ്. ഇതിനു പകരം എന്തു നല്‍കുമെന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു. അതിന് ഒരു ഉത്തരമേയുള്ളൂ. ഒരു കവിയായിരിക്കാന്‍ ശ്രമിക്കാം. അല്‍പ്പംകൂടി വിശദമാക്കിയാല്‍, സ്വന്തം ഉല്‍ക്കണ്ഠകളാലും ഉത്തമ ബോധ്യങ്ങളാലും നയിക്കപ്പെടുന്ന കവിയായിരിക്കാം.''
എഴുത്തച്ഛന്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഒ എന്‍ വി കുറുപ്പ് പറഞ്ഞു.

‍ആറു പതിറ്റാണ്ടായി മലയാളകവിതയുടെ ഗതിവിഗതികളെ അഗാധമായി സ്വാധീനിച്ചു വരുന്ന ഒ എന്‍ വി കുറുപ്പിന് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡായ എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിക്കുന്ന വേളയില്‍ അദ്ദേഹത്തെ ലോകമെങ്ങുമുള്ള മുഴുവന്‍ മലയാളികളോടുമൊപ്പം വര്‍ക്കേഴ്സ് ഫോറവും ആദരിക്കുന്നു.

ഒ.എന്‍.വി കവിതകളെ വിലയിരുത്തിക്കൊണ്ട് ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കാവ്യാത്മകമായ ഒരു ആസ്വാദനക്കുറിപ്പ് ഇത്തരുണത്തില്‍ ഞങ്ങള്‍ പുന: പ്രസിദ്ധീകരിക്കുന്നു.

Anonymous said...

'ഒരിക്കല്‍മാത്രം വന്ന് അനിശ്ചിതകാലം താമസിച്ചു മടങ്ങേണ്ട ഭൂമിയെന്ന ഈ വാടകവീട്ടില്‍നിന്ന് ഒരുനാള്‍ ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍, ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചുപോകുന്നു. അതാണെന്റെ കവിത, അത് മറ്റൊരാത്മാവിനു സന്തോഷമോ, സാന്ത്വനമോ പകരുമെങ്കില്‍, അതെന്റെ സുകൃതമെന്നുമാത്രം പറയട്ടെ'

vaasthavam,
nannaayirikkunnu eee post

കരീം മാഷ്‌ said...

“ഞങ്ങള്‍ക്കു മുമ്പെ നടന്ന വലിയ കവിയും വഴികാട്ടിയായ ആചാര്യനും കണ്ണുതുറപ്പിച്ച അധ്യാപകനുമായിരുന്നു ഒ എന്‍ വി. മലയാളം അറിയാവുന്ന എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ഞാനുള്‍പ്പെടെയുള്ളവര്‍ ജീവിതത്തിലെ വെളിച്ചമായി കൊണ്ടു നടക്കുന്നു"
Let Me repeat this words