Wednesday, June 4, 2008

എങ്കിലും എന്റെ ചൊവ്വേ...

അങ്ങനെ കുഞ്ഞൂട്ടിയെ അവസാനം ഭാര്യയും മക്കളും ബന്ധുമിത്രാദികളും ചേര്‍ന്ന് മനശ്ശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുവന്നു. തലേന്നുവരെ നോര്‍മ്മലായിരുന്ന കുഞ്ഞൂട്ടി ഒരാഴ്ചമുമ്പാണ് വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. കൃത്യം പറഞ്ഞാല്‍ മെയ് 27ാം തീയതി. രാവിലെ എന്നത്തേയും പോലെ തന്നെ ഉറക്കമുണര്‍ന്ന കുഞ്ഞൂട്ടി ഏതാനും സമയത്തിനകം പുതിയ കുഞ്ഞൂട്ടിയായി മാറുകയായിരുന്നു. കുഞ്ഞൂട്ടി പത്രത്തില്‍ ഏതോ ഒരു വാര്‍ത്തയും ചിത്രവും നോക്കിയിരിക്കുകയായിരുന്നു. ഭാര്യ ചായയുമായി ചെന്നു. 'ഇതാ ചായ' എന്ന് പരമ്പരാഗത ഭാരതസ്ത്രീശൈലിയില്‍ പറഞ്ഞു. "കൊണ്ടു പോടീ നിന്റെ ചായ'' എന്നും പറഞ്ഞ് ഒരൊറ്റ തട്ടായിരുന്നു മറുപടി. ചായാലങ്കരഭൂഷിതയായി ഭാര്യ ശ്യാമള നിലവിളിച്ചു. ഓടിവന്ന മക്കള്‍ക്കും കിട്ടി താതതാഢനം.

പകല്‍ മുഴുവന്‍ മുറ്റത്തുനിന്ന് ആകാശത്തേക്ക് നോക്കിനില്‍പ്പായിരുന്നു. വലതുകൈ കണ്ണിനു മുകളില്‍ ഷെയ്ഡാക്കി ആകാശത്തിലെന്തോ തിരഞ്ഞു. ആരോടൊക്കെയോ ഉള്ള അമര്‍ഷത്തില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞു.

സംഗതി ബാധോപദ്രവമെന്നാണ് കുടുംബത്തിലെ സീനിയര്‍ കാരണവരും വയസ് തൊണ്ണൂറ്റഞ്ചായിട്ടും ഒഴിയാബാധ പോലെ കുടുംബഭാരം കൂട്ടുന്ന ആളുമായ കുഞ്ഞൂട്ടിയുടെ ഗ്രാന്‍ഡ്ഫാദര്‍ അഭിപ്രായപ്പെട്ടത്. ബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദിയെ നോക്കി. ആരും സ്ഥലത്തില്ല. രോഗശാന്തിക്കോ ഉറുക്കുംനൂലിനുമോ ആളില്ല. വ്യാജനെന്ന് തെളിയിക്കാനുള്ള ശശെ മാര്‍ക്കിനും പരിശുദ്ധി തെളിയിക്കാനുള്ള 916 മുദ്രയ്ക്കും വേണ്ടിയുള്ള ഓട്ടത്തിലാണ് അവരൊക്കെ. അങ്ങനെയാണ് അവസാനം മനശാസ്ത്രജ്ഞന്റരികില്‍ കൊണ്ടുവന്നത്. കാട്ടാനയെ തളയ്ക്കുന്ന താപ്പാനകളെപ്പോലെ ഇടംവലം അളിയന്മാര്‍ കൊമ്പുകുലുക്കി നിന്നതുകൊണ്ടാണ് ആശാന്‍ വശപ്പെട്ടത്. എന്നാലും ഇടയ്ക്കൊന്ന് മദംപൊട്ടി ഓടാന്‍ നോക്കി. കാലുകൊണ്ട് മുതുകത്തൊരു മയക്കുവെടി കൊടുത്തു ഇളയ അളിയന്‍. പിന്നെ മനശ്ശാസ്ത്രജ്ഞനു മുന്നിലാണ് കണ്ണു തുറന്നത്.

കണ്ണിനു മുകളില്‍ മീശയും ഊശാന്താടിയുമായി നില്‍ക്കുന്ന രൂപത്തെകണ്ട് പേടിച്ച് കുഞ്ഞൂട്ടി ചോദിച്ചു:

ആരാണ്?

"ഞാന്‍ മനശാസ്ത്രജ്ഞന്‍..''

അതു കേട്ടതും കുഞ്ഞൂട്ടി വീണ്ടും വയലന്റായി.

"നിങ്ങള്‍ ശാസ്ത്രജ്ഞന്മാരാണ് ഈ ദ്രോഹമൊക്കെ ചെയ്തത്. എന്റെ മനസ്സമാധാനം കെടുത്തിയത് നിങ്ങളാണ്. ഞാന്‍ വിടില്ല''

കുഞ്ഞൂട്ടിയുടെ ഒച്ചവെക്കല്‍ പുറത്ത് അളിയന്മാരിലും ഭാര്യയിലും ഓവര്‍ലാപ് ചെയ്തു.

'ഞാനങ്ങോട്ടു വരണോ'' ഇളയ അളിയന്‍ വിളിച്ചു ചോദിച്ചു. നിശ്ശബ്ദത പുന:സ്ഥാപിക്കപ്പെട്ടു.

മനശാസ്ത്രജ്ഞന്‍ കുഞ്ഞൂട്ടിയെ ഹിപ്നോട്ടിക് നിദ്രയ്ക്ക് വിധേയനാക്കി. കുഞ്ഞൂട്ടി നിദ്രാധീനനായി.

"എന്താണ് പ്രശ്നം?'' ഡോക്ടര്‍ ചോദിച്ചു.

നിദ്രയുടെ കാണാച്ചുഴികളില്‍ നിന്ന് കുഞ്ഞൂട്ടി പറഞ്ഞു: "ചൊവ്വ''

"ചൊവ്വയോ?''

"അതെ ചൊവ്വ. കലണ്ടറിലെ ചൊവ്വയല്ല. അവിടെ ആകാശത്തിലെ ചൊവ്വ''.

"ചൊവ്വ നിങ്ങള്‍ക്ക് എന്തുപദ്രവം ചെയ്തു?''

"പറയാം. എന്റെ ബിസിനസ്സെന്താണെന്ന് ഡോക്ടര്‍ക്കറിയാമോ?'' ഉറക്കത്തില്‍ കിടന്ന് കുഞ്ഞൂട്ടി തന്റെ ബയോഡാറ്റ തുടങ്ങി. "ഞാന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണു ഡോക്ടര്‍. ഏക്കര്‍ കണക്കിന് ഭൂമിവാങ്ങി തുണ്ടുതുണ്ടായി വില്‍ക്കുക. അതാണു ജോലി. നല്ല ഭൂമി എവിടെക്കണ്ടാലും അത് പ്ളോട്ട് പ്ളോട്ടായി എന്റെ മനസ്സില്‍ കയറും. ശാസ്ത്രജ്ഞന്മാരെല്ലാം കൂടി നാസയില്‍ നിന്നോ കാസയില്‍ നിന്നോ ഒക്കെ കൂടി ഒരു വാഹനത്തിനെ ചൊവ്വയിലേക്ക് അയച്ചല്ലോ. രാവിലെ പത്രമെടുത്തുനോക്കിയപ്പോള്‍ വാര്‍ത്തയും പടവുമൊക്കെ കണ്ടു. സഹിച്ചില്ല ശാസ്ത്രജ്ഞന്‍ സാറെ സഹിച്ചില്ല. ഹൊ....ചൊവ്വയില്‍ ഭൂമി അങ്ങ് നെരന്നു കിടക്കുകയല്ലേ. നല്ല കരഭൂമി. ആ ഭൂമി ഇവിടെയായിരുന്നെങ്കില്‍ എന്റെ പൊന്നു ഡോക്ടറേ ദേ ചോദിക്കുന്ന വില കിട്ടും. വയലുനികത്തല്‍, ഗ്രീന്‍ബെല്‍റ്റ്, നദീതടം....അങ്ങനെയുള്ള പുലിവാലുകളൊന്നുമില്ലാത്ത ഭൂമി. അവിടെ മഞ്ഞുപാളികളോ ഐസ്പാളികളോ ഒക്കെ ഉണ്ടെന്നും വാര്‍ത്തയില്‍ കണ്ടു. അങ്ങനെയാണെങ്കില്‍ പ്ളോട്ട് തിരിച്ചിട്ട് "ഐസ് വ്യൂ ഫ്രണ്ടേജ് '' "സ്നോ ഫ്രണ്ടേജ്'' എന്നൊക്കെ അട്രാക്ഷന്‍ പരസ്യവും ചെയ്യാം. ഇപ്പൊ ഓടവെള്ളമായാലും ശരി വീട്ടിനു മുമ്പില് വെള്ളമുണ്ടെങ്കില്‍ റിയല്‍എസ്റ്റേറ്റില്‍ ഭൂമി വില ഡബിളാ ഡോക്ടറേ ഡബിള്‍''

"പക്ഷെ ശൂന്യമായ സ്ഥലത്തിന് എങ്ങനെ വില കിട്ടും കുഞ്ഞൂട്ടി'' ഡോക്ടര്‍ കുഞ്ഞൂട്ടിയോട് നിദ്രാസംവാദം നടത്തി.

"ഒരു പൊട്ടസ്ഥലത്തിനും തീപിടിച്ച വിലയുണ്ടാക്കാന്‍ എളുപ്പമാ ഡോക്ടറേ. ഇപ്പൊത്തന്നെ ഒരു ആളുകേറാ സ്ഥലത്ത് ഒരു പെട്രോള്‍ പമ്പ് വരുന്നെന്നിരിക്കട്ടെ. ഉടന്‍ വില കൂടും. രണ്ടായിരത്തി മുപ്പതില്‍ ഇതുവഴി ഒരു ബൈപ്പാസ് വരികയാണ് എന്നൊരാള്‍ പറയുന്നു. അടുത്ത ദിവസം മുതല്‍ വില കയറും. രണ്ടായിരത്തി അറുപതില്‍ ഇവിടെ ഒരു മെഡിക്കല്‍കോളേജ് തുടങ്ങാനുള്ള പ്രൊപ്പോസല്‍ അടുത്ത വര്‍ഷം കൊടുക്കാന്‍ വേണ്ടിയുള്ള ഒരു കമ്മറ്റിയെ നിയമിക്കാന്‍ സാധ്യതയുള്ളതായി പറഞ്ഞുകേള്‍ക്കുന്നു. മതി അത്രയും മതി പറഞ്ഞുകേട്ടാല്‍ മതി. വില കൂടും. സിനിമാതാരം അതാ അതിനപ്പുറത്തെ സ്ഥലം നോക്കാന്‍ വന്നു, ഷോപ്പിംഗ് കോംപ്ളക്സിന് കല്ലിട്ടു....ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ വച്ചാണ് സാറെ സ്ഥലവില കൂടുന്നതും കൂട്ടുന്നതും. നാലായിരമാണ്ടില്‍ ചൊവ്വയില്‍ എവിടേങ്കിലും ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരുന്നെന്ന് വെറുതെ ഒന്നു പറഞ്ഞിട്ടേച്ചാല്‍ മതി. പിന്നെ നമ്മള്‍ ഒന്നുമറിയേണ്ട. വില അതിന്റെ വഴിയ്ക്കങ്ങ് കയറിക്കൊള്ളും.''

"ചുരുക്കത്തില്‍ ചൊവ്വപോലൊരു ഗ്രഹത്തില്‍ ഇത്രേം റിയല്‍എസ്റ്റേറ്റ് സാധ്യത ഉണ്ടാവുകയും, പക്ഷെ കുഞ്ഞൂട്ടിയ്ക്ക് അതില്‍ ഇടപെടാന്‍ പറ്റാതിരിയ്ക്കുകയും ചെയ്യുന്നു. അതിന്റെ വിഹ്വലതയിലാ ഈ വെപ്രാളമത്രയും. അല്ലേ?''

"അതേ ഡോക്ടറേ അതേ. ശ്ശൊ-കണ്ണടച്ചാല്‍ മുമ്പില്‍ ചൊവ്വയുടെ കരഭൂമി പ്ളോട്ടുകളായി വന്നുനിന്ന് ഡാന്‍സുകളിക്കുകയാണ്. ജെസിബി ചൊവ്വ ഇളക്കിമറിക്കുന്നു. ടിപ്പറുകള്‍ തലങ്ങും വിലങ്ങും ചൊവ്വയിലൂടെ ഓടുന്നു. ഹൊ! ആ ഒരു വിഷ്വല്‍സ് കണ്ണീന്നുപോകുന്നില്ല ഡോക്ടറേ പോകുന്നില്ല...ആകെ അസ്വസ്ഥനാണ് ഞാന്‍.....ഈശ്വരാ ആ ചിത്രം എന്തിനു ഞാന്‍ കണ്ടു....''

വീണ്ടും വയലന്റാകാന്‍ തുടങ്ങിയ കുഞ്ഞൂട്ടിയെ മനശാസ്ത്രജ്ഞന്‍ ശക്തമായ നിദ്രയിലാക്കി. എന്നിട്ട് ബന്ധുക്കളെ വിളിച്ചു.

"ഈ കാലഘട്ടത്തില്‍ പലരിലും കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്. ഭൂമി കച്ചവട ഉല്‍പ്പന്നമാണെന്നങ്ങ് കരുതുക. ഊട്ടിയില്‍ ചെന്നാല്‍ വിശാലമായ പ്രകൃതിയെ അഞ്ചും ആറും സെന്റുള്ള പ്ളോട്ടുകളായിട്ടായിരിക്കും ഇക്കൂട്ടര്‍ കാണുക. മനോഹരമായ ഒരു പര്‍വതം കണ്ടാല്‍ അതിനെ ഒരു ജെസിബി ഇടിച്ച് മറിയ്ക്കുമ്പോഴുള്ള മനോഹാരിതയായിരിക്കും മനസ്സില്‍ കാണുന്നെ. ഇപ്പോള്‍ ചൊവ്വയുടെ പ്രതലമാണ് ഇയാളെ വേട്ടയാടുന്നത്. ചൊവ്വയിലെ വിശാലമായ ഭൂമി എന്നൊക്കെ ലോജിക്കലി തെറ്റായ പ്രസ്താവനകളും നടത്തുന്നു. ''

"ഇതിന് ചികിത്സയില്ലേ ഡോക്ടര്‍'' ഭാര്യ വിതുമ്പി.

"ഉണ്ട്'' ഡോക്ടര്‍ പറഞ്ഞു. "എത്രേം പെട്ടെന്ന് ഒരു റോക്കറ്റില്‍ കയറ്റി ബഹിരാകാശത്തേക്ക് വിടുക. അപ്പൊഴേ ഭൂമിയിലെ സൌന്ദര്യവും യഥാര്‍ത്ഥ'വില'യും മനസ്സിലാകൂ''

"അതു നടക്കാത്ത കാര്യമാ ഡോക്ടറേ....എന്നാലും ചൊവ്വ കാരണം ഓരോരുത്തര്‍ക്ക് മനപ്രയാസം ഉണ്ടാകുന്നല്ലോ. ശ്ശൊ..ചൊവ്വേടെ ഈ പടം ചേട്ടനെ കാണിക്കണ്ടായിരുന്നു. പെട്ടെന്ന് മൂത്ത അളിയന്‍ സ്വയം മറന്നതുപോലെ പറഞ്ഞു: അയ്യൊ.

"എന്താ? '' ഏവരും ഉത്കണ്ഠാകുലരായി.

"അല്ല ഞാനൊരു വാര്‍ത്ത വായിച്ചു. സൌരയൂഥത്തിലെ സകലഗ്രഹങ്ങളുടെയും പടമെടുക്കാന്‍ വേണ്ടി ഒരു വാഹനം അയക്കാന്‍ പോകുന്നെന്ന്. ഈശ്വരാ ബുധന്റെയും ശുക്രന്റെയുമൊക്കെ കൂടി പടം ഒരുമിച്ചിങ്ങുവന്നാല്‍......''

"പിന്നെ ചികിത്സ വേണ്ട....ആളങ്ങ് തട്ടിപ്പൊയ്ക്കോളും''

- ശ്രീ കൃഷ്ണപൂജപ്പുര. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു പൊട്ടസ്ഥലത്തിനും തീപിടിച്ച വിലയുണ്ടാക്കാന്‍ എളുപ്പമാ ഡോക്ടറേ. ഇപ്പൊത്തന്നെ ഒരു ആളുകേറാ സ്ഥലത്ത് ഒരു പെട്രോള്‍ പമ്പ് വരുന്നെന്നിരിക്കട്ടെ. ഉടന്‍ വില കൂടും. രണ്ടായിരത്തി മുപ്പതില്‍ ഇതുവഴി ഒരു ബൈപ്പാസ് വരികയാണ് എന്നൊരാള്‍ പറയുന്നു. അടുത്ത ദിവസം മുതല്‍ വില കയറും. രണ്ടായിരത്തി അറുപതില്‍ ഇവിടെ ഒരു മെഡിക്കല്‍കോളേജ് തുടങ്ങാനുള്ള പ്രൊപ്പോസല്‍ അടുത്ത വര്‍ഷം കൊടുക്കാന്‍ വേണ്ടിയുള്ള ഒരു കമ്മറ്റിയെ നിയമിക്കാന്‍ സാധ്യതയുള്ളതായി പറഞ്ഞുകേള്‍ക്കുന്നു. മതി അത്രയും മതി പറഞ്ഞുകേട്ടാല്‍ മതി. വില കൂടും. സിനിമാതാരം അതാ അതിനപ്പുറത്തെ സ്ഥലം നോക്കാന്‍ വന്നു, ഷോപ്പിംഗ് കോംപ്ളക്സിന് കല്ലിട്ടു....ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ വച്ചാണ് സാറെ സ്ഥലവില കൂടുന്നതും കൂട്ടുന്നതും....

ശ്രീ കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന...

Jayasree Lakshmy Kumar said...

ഹ ഹ. കൊള്ളാം. ഇങ്ങിനെയൊക്കെയാ ഇപ്പൊ റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ് അല്ലെ?

വര്‍ക്കേഴ്സ് ഫോറം said...

റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സില്‍ താല്‍പ്പര്യമുള്ള ഒരാളെങ്കിലും ഇതു വഴി വന്നതില്‍ സന്തോഷം..