Sunday, June 8, 2008

മാനന്തവാടിരൂപത കത്തോലിക്കാസഭയിലെ വെള്ളരിക്കാപ്പട്ടണമോ?

ആയിരത്തിതൊള്ളായിരത്തി അമ്പതുകളിലെ മക്കാര്‍ത്തിസം ഒരടഞ്ഞ അദ്ധ്യായമായിട്ടാണ് ആധുനിക ലോകം കാണുന്നത്. എന്നാല്‍ കേരളത്തിലെ കത്തോലിക്കാമെത്രാന്മാരില്‍ ഒരു വിഭാഗവും അവര്‍ക്കുപദേശം നല്‍കുന്ന വൈദികരില്‍ ചിലരും മക്കാര്‍ത്തിസത്തിന്റെ പ്രേതം ബാധിച്ചവരായി കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉറഞ്ഞു തുള്ളുകയാണ്.

കാമിലോ റ്റോറസിനെക്കുറിച്ച് കേട്ടിട്ടില്ലെ. രാഷ്ട്രീയമായ ഉറച്ച നിലപാടുകളുടെ പേരില്‍ പൌരോഹിത്യം ഉപേക്ഷിക്കേണ്ടി വന്നു. ദേശീയ വിമോചനപ്പടയില്‍ ചേര്‍ന്നു കൊണ്ടു കൊളംബിയായിലെ വിമോചനപ്പോരാട്ടത്തില്‍ മുന്‍നിര പോരാളിയായിരിക്കെ അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ചു. ഈ റോമന്‍ കത്തോലിക്കാ പുരോഹിതന്‍ കത്തോലിക്കാ സഭയുടെ കമ്മ്യൂണിസ്റ്റു വിരോധത്തെക്കുറിച്ച് പറയുന്നു.

“ഒരു പാലം നശിപ്പിക്കണമെങ്കില്‍ അതു പഴകി ദ്രവിച്ചതാണെന്നു പറഞ്ഞു പരത്തിയാല്‍ മതി. ഒരു പട്ടിയെ തല്ലിക്കൊല്ലണമെങ്കില്‍ അതെത്ര നല്ലയിനമാണെങ്കിലും അതിനു പേയുണ്ടെന്ന ധാരണ പരത്തിയാല്‍ മതി. ക്രൈസ്തവ സഭയുടെ ആരംഭ ദശയില്‍ ഒരുവനെ ഭീകരനെന്നു മുദ്രകുത്തണമെങ്കില്‍ അവനെ ക്രിസ്ത്യാനിയെന്നു വിളിച്ചാല്‍ ധാരാളം മതിയായിരുന്നു. പില്‍ക്കാലത്ത് ഒരു ക്രൈസ്തവനെ ക്രൂശിക്കുന്നതിനു ക്രൈസ്തവരായി തീര്‍ന്ന റോമാക്കാര്‍ അവനെ കിരാതനെന്നു വിളിച്ചിരുന്നു. ഫ്രഞ്ചുവിപ്ലവത്തിനു മുമ്പ് സ്വതന്ത്രചിന്താഗതിക്കാരായ എല്ലാവരെയും പീഡിപ്പിച്ചിരുന്നു. ഇന്നു ഭരണവര്‍ഗ്ഗത്തിനെതിരായി ശബ്ദമുയര്‍ത്തുന്നവനെ നശിപ്പിക്കണമെങ്കില്‍ അവനെ കമ്മ്യൂണിസ്റ്റെന്നു വിളിച്ചാല്‍ മതി.”

കമ്മ്യൂണിസത്തെ ക്രിസ്തുമതത്തിന്റെ മുഖ്യ ശത്രു എന്നു വിളിക്കുവാന്‍ കാരണമായി പറയുന്നവയൊന്നും ദൈവശാസ്ത്രപരമോ ശാസ്ത്രീയമോ അല്ല. ക്രൈസ്തവസഭ എന്തിനെങ്കിലും എതിരായി നില്‍ക്കുന്നതിനു പകരം മനുഷ്യ നന്മയ്ക്കു വേണ്ടി നിലകൊള്ളണമെന്നു പറയുന്ന കാമിലാ റ്റോറസിനെപ്പോലുള്ള ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കാ പുരോഹിതരില്‍ നിന്നു കേരളത്തിലെ പുരോഹിതര്‍ യാതൊരു പാഠവും പഠിക്കുമെന്ന പ്രതീക്ഷിക്കേണ്ടതില്ല.

“ഭൌതിക ഘടനകള്‍ മാറ്റാതെ മനുഷ്യനന്മ കൈവരിക്കുക സാദ്ധ്യമല്ലെങ്കില്‍ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം മാറ്റത്തിനെതിരായി നിലയുറപ്പിക്കുന്നത് പാപകരമാണ്. മനുഷ്യനന്മ ലാക്കാക്കി കമ്മ്യൂണിസത്തെ ക്രിയാത്മകമായ രീതിയില്‍ വിമര്‍ശിക്കുന്നത് ന്യായീകരിക്കാമെങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല.”

അദ്ദേഹം തന്റെ സഹപുരോഹിതന്മാരെ ആഹ്വാനം ചെയ്യുന്നു.

“മനുഷ്യരാശിയുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണ് ക്രിസ്ത്യാനികള്‍ വ്യഗ്രത കാട്ടേണ്ടത്. അല്ലാതെ കമ്മ്യൂണിസത്തിന്റെ നിരീശ്വര കാഴ്ചപ്പാടില്‍ നിന്നു മനുഷ്യരെ രക്ഷിക്കുന്നതിലല്ല. ദരിദ്രര്‍ക്കു ദാനധര്‍മ്മങ്ങള്‍ നല്‍കുക വഴി അവരുടെ അവകാശബോധം നശിപ്പിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കണം. എല്ലാ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും കാരണമായി നില്‍ക്കുന്ന ഭൌതിക ഘടനകളെ വേരോടെ പിഴുതു തല്‍സ്ഥാനത്ത് ചൂഷണ രഹിതമായ സാമൂഹ്യഘടന പടുത്തുയര്‍ത്താന്‍ ജനങ്ങളെ തയ്യാറാക്കുന്നതില്‍ പുരോഹിതര്‍ ശ്രദ്ധകേന്ദ്രീകരിക്കണം.” ( വര്‍ഗ്ഗരഹിത സമൂഹം -ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് - കറന്റ് ബുക്ക്സ് കോട്ടയം - 1995 പേജ് 21)

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ തോല്‍വിയടഞ്ഞ കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയക്കാര്‍ക്കു വേണ്ടി കത്തോലിക്കാ സഭ പ്രത്യക്ഷ രാഷ്ട്രീയം കളിക്കുകയല്ലേയെന്ന സംശയം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒരു ക്രൈസ്തവ ബിഷപ്പും പ്രമുഖ ഏഷ്യന്‍ ദൈവശാസ്ത്രജ്ഞനും ആയ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ പുസ്തകത്തില്‍ നിന്നും സുദീര്‍ഘമായ ഉദ്ധരണികള്‍ ഇവിടെ നിരത്തിയത്.

കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് ചില വൈദിക മേലദ്ധ്യക്ഷന്മാര്‍ക്കു സാമാന്യ ബുദ്ധി തന്നെ നഷ്ടപ്പെട്ടുവെന്നു തോന്നുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാനന്തവാടി രൂപത പുറത്തിറക്കിയ ഇടതുപക്ഷ വിരുദ്ധ പ്രതിജ്ഞാപത്രം. സാധാരണ വിശ്വാസികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനം തന്നെയാണിത്. ക്രൈസ്തവ സഭകളുടെ അടിസ്ഥാന ഘടകം ആണ് പ്രാദേശിക ഇടവകകള്‍ അഥവാ പാരിഷുകള്‍. കുറെയേറെ ഇടവകകള്‍ ഒന്നു ചേര്‍ന്ന് തൊട്ടടുത്തുള്ള പ്രധാന പട്ടണമാസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇടവക കൂട്ടായ്മകളാണ് രൂപതകള്‍, ഭദ്രാസനങ്ങള്‍ എന്നെല്ലാം അറിയപ്പെടുന്നത്. രൂപതകളുടെ അദ്ധ്യക്ഷന്‍ സഭയുടെ പരമാദ്ധ്യക്ഷനോടു വിധേയത്വമുള്ള ഒരു ബിഷപ്പായിരിക്കും. ഇടവകകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ അടങ്ങിയ ഉപദേശകസംഘത്തിന്റെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് മുഖ്യാദ്ധ്യക്ഷന്‍ ഭരണം നടത്തുക. സാധാരണ നിലയില്‍ ബിഷപ്പും അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികളും മാത്രം അടങ്ങുന്ന ഒരു കോക്കസ് ആയിരിക്കും രൂപതാ ഭരണം സ്വേച്ഛാനുസരണം നടത്തുന്നതും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതും. ഇതാണ് ഒന്നര സഹസ്രാബ്ദത്തിലേറെക്കാലമായി കേരളത്തില്‍ നിലവിലുള്ള പള്ളി ഭരണ സമ്പ്രദായം.

ജനാധിപത്യപരിവേഷമുള്ള ഈ ഭരണ സമ്പ്രദായം ഈയിടെയായി വല്ലാതെ അട്ടിമറിക്കപ്പെടുകയാണ്. റോമില്‍ നിന്നും നിയമിക്കപ്പെടുന്ന രൂപതാദ്ധ്യക്ഷന്‍മാര്‍, അവര്‍ക്കു താത്പര്യമുള്ള ഇടവക വൈദികര്‍, അവരുടെ ആജ്ഞാനുവര്‍ത്തികളായ ഇടവക കമ്മിറ്റി- ഇവര്‍ പള്ളികളും പള്ളിവക സ്വത്തുക്കളും തന്നിഷ്ട പ്രകാരം കൈയാളുകയാണ്. സഭയുടെ നട്ടെല്ലായിരിക്കേണ്ട സാധരണ വിശ്വാസികള്‍ വെറും വെള്ളം കോരികളും വിറകുവെട്ടികളും. ഇവരുടെ അവകാശ സംരക്ഷണാര്‍ത്ഥം ശബ്ദമുയര്‍ത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും പള്ളിഭ്രഷ്ടരാക്കപ്പെടുന്നു. പരമ്പരാഗതമായ കീഴ്വഴക്കങ്ങളും കാനോനിക ചട്ടങ്ങളും ബൈബിള്‍ പ്രമാണങ്ങളും യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലുകളും എല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഈ പള്ളി ഭരണം എത്ര പരിഹാസ്യമായ തരത്തില്‍ അധ:പതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്, മാനന്തവാടി രൂപതയിലെ ഇടവക കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ പത്രത്തിലെ വാചകങ്ങള്‍.

”യുക്തിവാദം, നിരീശ്വരവാദം, ഭൌതികവാദം, വര്‍ഗ്ഗസമരം, സായുധ വിപ്ലവം, ഏതെങ്കിലും വിഭാഗത്തിന്റെ സര്‍വാധിപത്യം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളില്‍ അടിസ്ഥാനമിട്ടിരിക്കുന്ന ഏതെങ്കിലും സംഘടനയിലോ പ്രസ്ഥാനത്തിലോ ഞാന്‍ അംഗമല്ലെന്നും അവയോട് അനുഭാവം പുലര്‍ത്തുന്നില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുന്നു.” ഇതാണ് പ്രതിജ്ഞാപത്രത്തില്‍ ഏറ്റു പറയേണ്ട പ്രധാന കാര്യങ്ങള്‍. മേല്‍പ്പറഞ്ഞ അഞ്ചുദര്‍ശനങ്ങളില്‍ ഒന്നിനെക്കുറിച്ചും യാതൊരു സാമാന്യ ധാരണയുമില്ലാത്ത ഏതൊ ഒരു വൈദികന്റെ മസ്തിഷ്ക്കത്തില്‍ നിന്നും പുറത്തു വന്നതാണ് ഈ വാചകം എന്നു വ്യക്തം.

മാനവികതയുടെ വികാസ പരിണാമത്തിന്റെ വിവിധഘട്ടങ്ങളില്‍ രൂപപ്പെട്ട ആശയങ്ങളാണ് മേല്‍പ്പറഞ്ഞവയെല്ലാം തന്നെ. സൂക്ഷ്മ പരിശോധനയില്‍ ഇവയില്‍പ്പലതും പള്ളി മതത്തില്‍ നിന്നു തന്നെ രൂപമെടുത്തതാണെന്നു കാണാം. ഇവയില്‍ പലതിന്റെയും ആദ്യകാലാചാര്യന്മാര്‍ പണ്ഡിതരായ വൈദികര്‍ തന്നെ ആയിരുന്നു. കത്തോലിക്കാ സഭയുള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളും മേല്‍പ്പറഞ്ഞ മാനവികതാദര്‍ശനങ്ങളുടെ അനുബന്ധം എന്ന നിലയില്‍ വളര്‍ന്നു വന്നതാണ്. ഏതെങ്കിലും മതേതര സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ നടത്തിപ്പുകാരായി നിയമിക്കപ്പെടുന്ന കത്തോലിക്കര്‍ മാര്‍പാപ്പായുടെ അപ്രമാദിത്തം - വിവാഹം - വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാസഭ പുലര്‍ത്തുന്ന വിശ്വാസപ്രമാണങ്ങളെ നിരാകരിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അതിനു വഴങ്ങാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. നമ്മുടേതുപോലുള്ള ഒരു ബഹുസ്വര - ജനാധിപത്യ - മതേതര സമൂഹത്തില്‍ വ്യക്തികള്‍ക്ക് ഇങ്ങനെ വെള്ളം കയറാത്ത അറകള്‍ നിര്‍മ്മിച്ച പരസ്പരബന്ധം കൂടാതെ പാര്‍ക്കാനാവുകയില്ല. വ്യക്തികള്‍ക്കെന്നതുപോലെ ആശയങ്ങള്‍ക്കും കൊണ്ടും കൊടുത്തും മാത്രമെ മുന്നോട്ടു പോകാനാകൂ. പള്ളികള്‍ക്കും മതസംഘടനകള്‍ക്കും ഒന്നും ഇത്തരം പ്രതിലോമ നടപടികളിലൂടെ ആശയ സംവാദങ്ങളുടെ വാതിലുകള്‍ മനുഷ്യര്‍ക്കു മുമ്പില്‍ ബലമായി അടച്ചിടാന്‍ അവകാശമില്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം വ്യക്തികളുടെ പള്ളി ബന്ധം, കേവലം വിശ്വാസാവിശ്വാസങ്ങളുടെ പ്രശ്നം മാത്രമല്ല, വ്യക്തികളുടെ സാമൂഹ്യബന്ധത്തിന്റെ പ്രശ്നം കൂടിയാണ്. പള്ളികളും പള്ളിവകസ്വത്തുക്കളും ഇവിടുത്തെ വിശ്വാസി സമൂഹത്തിന്റെ പൈതൃകസ്വത്തു കൂടിയാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഇവയൊക്കെ സ്വന്തം പാരമ്പര്യങ്ങള്‍ക്കു നിരക്കുന്നതരത്തിലും അന്തസ്സായും നിറവേറ്റാനാണ് അധികം പേരും പള്ളികളെ ആശ്രയിക്കുന്നത്. ഒരേ സമയം തനിക്കു പള്ളിയും വേണം, പാര്‍ട്ടിയും വേണം എന്ന അഭിപ്രായംവെച്ചു പുലര്‍ത്താനുള്ള ഒരു പൌരന്റെ സ്വാതന്ത്ര്യമാണ് ഇത്തരം പ്രതിജ്ഞാപത്രം മുഖേന തടയപ്പെടുന്നത്. മാനന്തവാടി രൂപതയുടെ മാതൃക താമസിയാതെ കേരളത്തിലെ മറ്റു കത്തോലിക്കാ രൂപതകളും നടപ്പിലാക്കിയെന്നുവരും. കേരളത്തില്‍ നിലവിലുള്ള സാമൂഹ്യാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനെ ഇത്തരം അസംബന്ധ നാടകങ്ങള്‍ സഹായകമാകൂ.

പ്രതിജ്ഞാപത്രത്തിലെ പ്രധാന പ്രഖ്യാപനങ്ങളുടെ അന്തസ്സാരശൂന്യത നമുക്കൊന്നു പരിശോധിക്കാം. യുക്തിവാദത്തോടാണ് ആദ്യത്തെ എതിര്‍പ്പ്. യുക്തി മനുഷ്യന്റെ ഒരുത്തമഗുണമായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. പ്രവാചകന്മാരും യേശുവും അപ്പോസ്തലന്മാരും പില്‍ക്കാലത്തു സഭയെ വളര്‍ത്തിയ സഭാ പിതാക്കന്മാരും വിവിധ ദൈവശാസ്ത്രധാരകള്‍ക്കു ശക്തി പകര്‍ന്ന തിയോളജിയന്മാരും എല്ലാം അവരുടെ യുക്തി എന്ന വിശിഷ്ട ഗുണത്തെ യഥാശക്തി ഉപയോഗിച്ചവരാണ്. യുക്തിയും ബുദ്ധിയും ഒക്കെ പള്ളിക്കു പുറത്തു വെച്ചിട്ട് പള്ളിയ്ക്കകത്തു പ്രവേശിച്ചാല്‍ മതിയെന്ന അഭിവന്ദ്യ ബിഷപ്പന്മാരുടെ മനസ്സിലിരുപ്പ് പള്ളിയും പള്ളിഭരണവും മന്ദബുദ്ധികള്‍ക്കായി സംവരണം ചെയ്യണമെന്നായിരിക്കുമോ. യുക്തിവാദിയായിരുന്ന ബര്‍ട്രാന്റ് റസ്സലിന്റെ ഗുരുവും ഗണിത ശാസ്ത്രജ്ഞനും ദാര്‍ശനികനും ആയിരുന്ന എ.എന്‍.വൈറ്റ് ഹെഡ് യുക്തിയില്‍ വിശ്വാസമില്ലാത്ത സമൂഹത്തില്‍ ശാസ്ത്രം വളരുകയില്ലയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ പലതും വളര്‍ന്ന് വികസിച്ചത് മദ്ധ്യകാല ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പരിസരത്തുനിന്ന് ഊര്‍ജ്ജം സംഭരിച്ചു കൊണ്ടാണെന്ന് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. വൈറ്റ് ഹെഡിന്റെ അഭിപ്രായത്തില്‍ വിജ്ഞാനം ദൈവത്തിന്റെ യുക്തിയെ അറിയലാണ്. പ്രപഞ്ചം ദൈവത്തിന്റെ യുക്തിയില്‍ നിന്ന് ഉണ്ടായതാണ്. അതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ യുക്തിയിലാണ് വിശ്വസിക്കുന്നത്. അടുത്തകാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെ യുക്തിയേയും വിശ്വാസത്തേയും ബന്ധപ്പെടുത്തി ഒരു ചാക്രിക ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.

നിരീശ്വരവാദം ഒരു മതമായി സ്വീകരിച്ചിരിക്കുന്ന യുക്തിവാദികളെയാണ് പ്രതിജ്ഞാപത്രത്തിലെ പ്രഥമവ്യവസ്ഥ ലക്ഷ്യമാക്കുന്നതെങ്കില്‍, അത് ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നതിനു തുല്യമാണ്. പള്ളിയും മതവും ഒന്നും തങ്ങള്‍ക്കാവശ്യമില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും പള്ളിയില്‍ കപ്യാരു പണിക്കോ മതാദ്ധ്യാപകജോലിക്കോ കൈക്കാരനോ കമ്മിറ്റിക്കാരനോ ഒന്നും ആകാന്‍ ശ്രമിക്കുകയില്ലല്ലൊ.

രണ്ടാമത്തെ എതിര്‍പ്പ് നിരീശ്വരവാദത്തോടാണ്. എന്താണ് ഈ സാധനം എന്ന കാര്യം ആര്‍ക്കും വലിയ പിടിയൊന്നും ഇല്ല. നിരീശ്വരവാദികളോട് മറ്റാര്‍ക്കൊക്കെ എതിര്‍പ്പുണ്ടെങ്കിലും സാക്ഷാല്‍ ഈശ്വരനു യാതൊരു വിരോധവും ഉണ്ടാകാനിടയില്ല. കാരണം അത്രമാത്രം നിര്‍ദോഷികളാണവര്‍. ബൈബിളോ പുരാണകഥകളോ ഒക്കെ പരിശോധിച്ചാല്‍ നിരീശ്വരവാദത്തിന്റെ പേരില്‍ ദൈവം ആരെയും ശിക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. എപ്പോഴും ഹിരണ്യായ നമഃ ഹിരണ്യായ നമഃ എന്നുച്ചരിച്ചു നടന്ന തീവ്ര നിരീശ്വരവാദിയായ ഹിരണ്യകശപുവിനു പോലും തൂണു തുറന്നു പുറത്തു വന്നു മോക്ഷം കൊടുത്തയാളായിട്ടാണ് ഈശ്വരനെ നമ്മുടെ പുരാണങ്ങള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ഈശ്വരവിശ്വാസികള്‍ എന്നറിയപ്പെടുന്നവര്‍ പലപ്പോഴും അത്രയൊന്നും നിഷ്ക്കളങ്കരല്ല. പലര്‍ക്കും ഇതൊരു മുഖംമൂടിയാണ്. പലരുടെയും ദൈവം, പണമാണ്. ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കരുതെന്ന യേശുവിന്റെ കല്പന മാമോനെ (പണം) തന്നെ ദൈവമാക്കി ആരാധിച്ചുകൊണ്ടു തിരുത്തിക്കുറിച്ചവരാണധികം പേരും. ദൈവവിശ്വാസവും ദൈവനിഷേധവും ഒക്കെ വ്യക്തിയുടെ സ്വകാര്യ ചിന്തകളുടെ ഉല്പന്നമാണ്. ഇതിന്റെ സ്വീകരണത്തിനൊ തിരസ്ക്കാരത്തിനൊ കാര്യമായ സാമൂഹ്യ ഇടപെടലുകളുടെയൊന്നും ആവശ്യമില്ല. ഇടപെടലുകള്‍ കൊണ്ടു പ്രയോജനവും ഇല്ല.

ഭൌതികവാദം, വര്‍ഗ്ഗസമരം തുടങ്ങിയവയോടുള്ള കത്തോലിക്കാ പള്ളിയുടെ സമീപനം തികച്ചും വ്യക്തമാണ്. എന്നാല്‍ ഈ വക കാര്യങ്ങളില്‍ കത്തോലിക്കരെല്ലാം പള്ളിയുടെ അതേനിലപാടുതന്നെ പിന്തുടരുന്നവരല്ല. ലോകത്തെവിടെയും ഇതാണ് സ്ഥിതി. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉല്പാദകരും ഉപഭോക്താക്കളുമാണ് ലോകകത്തോലിക്കാ ബഹുജനസഞ്ചയം. ഭൌതികവാദം എന്നാല്‍ ഭൌതികശാസ്ത്രത്തിന്റെ തന്നെ മറ്റൊരു പേരാണ്. ഭൌതികം എന്നതിന്റെ എതിരു പദമാണ് ആത്മീയം എന്ന മനസ്സിലാക്കല്‍ വികൃതവും വികലവുമാണ്. ഇന്നു നിലവിലുള്ള പ്രഖ്യാതമായ ദൈവശാസ്ത്രസിദ്ധാന്തങ്ങളൊന്നും ഇങ്ങനെയൊരു നിലപാടു മുന്നോട്ടു വെച്ചു കണ്ടിട്ടില്ല. ആത്മീയതയുടെ എതിര്‍ധ്രുവത്തില്‍ ഭൌതീകതയെ പ്രതിഷ്ഠിച്ച് ആളുകളെ ഭൌതീകവാദികളെന്നും ആത്മീയവാദികളെന്നും ചാപ്പകുത്തുവാന്‍ മതപൌരോഹിത്യത്തിനാരാണവകാശം നല്‍കിയത് ?

വര്‍ഗ്ഗസമരം, സായുധ വിപ്ലവം, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം തുടങ്ങിയ അവസാനത്തെ മൂന്നു വിഷയങ്ങളെക്കുറിച്ചു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പുലര്‍ത്തുന്ന ധാരണകളെക്കുറിച്ചു കേവലം കേട്ടറിവിനെ മാത്രം ആസ്പദമാക്കി തയ്യാറാക്കിയതാണ് ഈ പ്രതിജ്ഞാവാചകം എന്നു തോന്നുന്നു. വര്‍ഗ്ഗരഹിത സമൂഹം എന്നത് ഒരു ക്രൈസ്തവാദര്‍ശമാണ്. യേശുവിന്റെ പ്രസംഗങ്ങളില്‍ നിന്നും പഠിപ്പിക്കലുകളില്‍ നിന്നുമാണ് വര്‍ഗ്ഗരഹിത സമൂഹം എന്ന സങ്കല്പം തന്നെ ലോകത്ത് രൂപപ്പെടുന്നത് . കേരളത്തിലെ ദൈവശാസ്ത്ര ചിന്തകരില്‍ പ്രമുഖനും ആരോഗ്യപരമായ കാരണങ്ങളാല്‍ സഭാഭരണത്തില്‍ നിന്നും മാറി നിന്നു തിരുവല്ലായില്‍ വിശ്രമ ജീവിതം നയിക്കുന്ന ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തായുമായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ പുസ്തകത്തില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ ലേഖനം തുടങ്ങിയത്. അതേ പുസ്തകത്തില്‍നിന്ന് ഏതാനും ചില ഭാഗങ്ങളിലേക്കു കൂടി ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നതായിരിക്കും ഉചിതം.

“മാര്‍ക്സിനെക്കുറിച്ചൊരു പഠനം നടത്താതെയുള്ള ഒരു ദൈവശാസ്ത്രത്തിനും ഇന്നത്തെ തെക്കെ അമേരിക്കയില്‍ നിലനില്പില്ലെന്നാണ് വിമോചന ദൈവശാസ്ത്രജ്ഞനായ ഫ്രെഡറിക്ക് ഹെര്‍സോഗ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാവങ്ങളെ പരിഗണിക്കാത്ത ഒരു ദൈവശാസ്ത്രവും ക്രിസ്തീയ ദൈവശാസ്ത്രമായി കണക്കാക്കിക്കൂടാ. പാവപ്പെട്ടവന്റേയും അടിച്ചമര്‍ത്തപ്പെട്ടവന്റേയും ആഗ്രഹാഭിലാഷങ്ങള്‍ക്കൊത്തു ഉയരുകയും സ്വര്‍ഗ്ഗരാജ്യം നമ്മുടെയിടയില്‍തന്നെയാണ് എന്ന് അംഗീകരിക്കുകയും ചെയ്യുന്നപക്ഷം ഒരു കാലത്ത് സാങ്കല്പികവും വിചിത്രവുമായി കണക്കാക്കിയിരുന്ന വിമോചന ദൈവശാസ്ത്രത്തിന് അടുത്ത നൂറ്റാണ്ടിലെ മാര്‍ഗ്ഗരേഖയായി മാറുവാന്‍ സാധിക്കും.” (പേജ് 17)

“ക്രൈസ്തവരെ രാഷ്ട്രീയബോധമുള്ളവരാക്കുന്നതില്‍ സഭ താല്പര്യക്കുറവ് കാണിച്ചുകൂടാ. കാലാകാലങ്ങളില്‍ വന്നിട്ടുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് സഭ സാമ്രാജ്യ വ്യവസ്ഥിതിയോടും ജന്മിത്ത വ്യവസ്ഥിതിയോടും രാജവാഴ്ചയോടും മുതലാളിത്ത വ്യവസ്ഥിതിയോടും സഹകരണ മനോഭാവം കാണിച്ചിട്ടുണ്ട്. സോഷ്യലിസം ഒരു സര്‍വ്വരോഗസംഹാരിയാണെന്ന് ഞാന്‍ വാദിക്കുന്നില്ല. എന്നാല്‍ സോഷ്യലിസമാണ് മുതലാളിത്ത വ്യവസ്ഥിതിയേക്കാളും സമ്മിശ്ര സമ്പദ് വ്യവസ്ഥിതിയേക്കാളും കൂടുതല്‍ ക്രിസ്തീയമെന്ന് പറയാതിരിക്കുവാന്‍ വയ്യ. അധോലോക മാഫിയായുടേയും ഉപരിതല മാഫിയയാകുന്ന ചൂഷക മുതലാളിത്ത വ്യവസ്ഥിതിയുടേയും ഇരുമ്പു ചട്ടക്കൂടുകള്‍ പൊട്ടിക്കുക എളുപ്പമല്ല. എന്നാല്‍ നാം ഇതിനെപ്പറ്റി നിശബ്‌ദരായി ഇരുന്നുകൂടാ. നമ്മുടെ നിശബ്ദത ചൂഷക വര്‍ഗ്ഗത്തിന് തുണയായിക്കൂടാ. ആമോസിന്റെ പ്രവാചകശബ്ദം പൌരോഹിത്യ ശ്രേണി അടിച്ചമര്‍ത്തിക്കൂടാ. ക്രിസ്തീയതയില്‍ ദൈവവും മനുഷ്യനും ഉള്‍പ്പെടുന്നുവെങ്കില്‍ ക്രൈസ്തവര്‍ക്ക് മുതലാളിത്തത്തേക്കാള്‍ വളരെയേറെ അനുയോജ്യം സോഷ്യലിസമാണെന്ന് നിസംശയം പറയാം.” (വര്‍ഗ്ഗരഹിത സമൂഹം ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് - വിവര്‍ത്തനം: കെ.സി.വര്‍ഗീസ്; കറന്റ് ബുക്ക്സ് കോട്ടയം 1995 പേജ് 41)

-ശ്രീ കെ.സി.വര്‍ഗീസ്, കടപ്പാട്: ചിന്ത വാരിക

20 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു പാലം നശിപ്പിക്കണമെങ്കില്‍ അതു പഴകി ദ്രവിച്ചതാണെന്നു പറഞ്ഞു പരത്തിയാല്‍ മതി. ഒരു പട്ടിയെ തല്ലിക്കൊല്ലണമെങ്കില്‍ അതെത്ര നല്ലയിനമാണെങ്കിലും അതിനു പേയുണ്ടെന്ന ധാരണ പരത്തിയാല്‍ മതി. ക്രൈസ്തവ സഭയുടെ ആരംഭ ദശയില്‍ ഒരുവനെ ഭീകരനെന്നു മുദ്രകുത്തണമെങ്കില്‍ അവനെ ക്രിസ്ത്യാനിയെന്നു വിളിച്ചാല്‍ ധാരാളം മതിയായിരുന്നു. പില്‍ക്കാലത്ത് ഒരു ക്രൈസ്തവനെ ക്രൂശിക്കുന്നതിനു ക്രൈസ്തവരായി തീര്‍ന്ന റോമാക്കാര്‍ അവനെ കിരാതനെന്നു വിളിച്ചിരുന്നു. ഫ്രഞ്ചുവിപ്ലവത്തിനു മുമ്പ് സ്വതന്ത്രചിന്താഗതിക്കാരായ എല്ലാവരെയും പീഡിപ്പിച്ചിരുന്നു. ഇന്നു ഭരണവര്‍ഗ്ഗത്തിനെതിരായി ശബ്ദമുയര്‍ത്തുന്നവനെ നശിപ്പിക്കണമെങ്കില്‍ അവനെ കമ്മ്യൂണിസ്റ്റെന്നു വിളിച്ചാല്‍ മതി

Rajeeve Chelanat said...

കാത്തോലിക്കാസഭയും സംഘടിത മതസ്ഥാപനങ്ങളും ഒന്നടങ്കം കോമാളികളായി മാറിയിരിക്കുന്നു. ഇന്നലെ വന്ന ഒരു വാര്‍ത്ത, ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമാക്കുന്നതിനെക്കുറിച്ചുള്ളതായിരുന്നു. (വാര്‍ത്ത യു.എ.ഇ.യിലെ ഗള്‍ഫ് ന്യൂസില്‍). അതിന്റെ തിരക്കിലാണത്രെ ഉന്നതസഭയിലെ ഇടയന്മാര്‍. പഴയ ആ പിതാവിന്റെ കാരുണ്യത്താല്‍ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളുണ്ടായതായും, മദ്യപാനികള്‍ ആ ശീലം ഉപേക്ഷിച്ചതായുമൊക്കെ തെളിവുകള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്നുവത്രെ. ഇതിന്റെയൊക്കെ കണക്കെടുക്കുകയും ആ ‘ദിവ്യത്വ’ങ്ങളുടെ പേരില്‍ ആളുകളെ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമൊക്കെയാക്കുന്ന ഈ കോമാളിക്കൂട്ടങ്ങള്‍ ഇതും ഇതിലപ്പുറവുമൊക്കെ പുലമ്പുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. കൊടുങ്ങല്ലൂരിലെ ഡോക്ടര്‍ അഷറഫ് മുസ്ലീം സമുദാ‍യത്തില്‍ ജനിച്ചതുകൊണ്ട് രക്ഷപ്പെട്ടു.കാത്തോലിക്കാമതത്തിലോ മറ്റോ ആണ് ജനിച്ചിരുന്നതെങ്കില്‍, സാദാ വിശുദ്ധനല്ല, കര്‍ത്താവായി തന്നെ പ്രമോഷന്‍ കിട്ടുമായിരുന്നേനെ.

കാലം കഴിയുന്തോറും ഈ സംഘടിതമതങ്ങള്‍ കൂ‍ടുതല്‍ക്കൂടുതല്‍ ജീര്‍ണ്ണിക്കുകതന്നെയാണ്. അവ പ്രകൃതിവിരുദ്ധം കൂടിയാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

പ്രസക്തമായ ഈ ലേഖനത്തിന് അഭിവാദ്യങ്ങള്‍.

t.k. formerly known as thomman said...

അപ്പോള്‍ പറഞ്ഞുവരുന്നത് കമ്യൂണിസം ഒരു മഹനീയ ആശയമാണെന്നാണോ? നല്ല തമാശ; കേരളത്തില്‍ നിന്നേ ഇത്തരം റോമാന്റിക് ആശയങ്ങള്‍ വരൂ.

മനുഷ്യനെ സ്നേഹിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യാനും ക്രിസ്തുമതത്തിന് കമ്യൂണിസത്തിന്റെ ബലമൊന്നും (ആശയതലത്തില്‍) വേണ്ടായെന്ന് സുവിശേഷങ്ങള്‍ ഓടിച്ചുവായിച്ചിട്ടുള്ളവര്‍ക്ക് പോലും മനസ്സിലാകും.

പള്ളി സ്ഥാപനവല്‍ക്കരിക്കപ്പെട്ട് ദുഷിച്ചിട്ടുണ്ടെന്ന് ശരിതന്നെ. അതുകൊണ്ട് അവര്‍ നല്ലതൊന്നും ചെയ്യുന്നില്ല എന്ന് അര്‍ഥമില്ല. കേരളത്തില്‍ അവര്‍ മുന്‍‌കൈ എടുത്തിട്ടല്ലേ നാലുപേര്‍ കൂടുതല്‍ മറ്റു സംസ്ഥാനക്കാരെക്കാള്‍ പഠിക്കുന്നത്. അച്ചന്മാരും കന്യാസ്ത്രീകളും ഉയര്‍ത്തിക്കൊണ്ടുവന്ന ശാസ്ത്രസാഹിത്യപരിഷത്തിനെ രാഷ്ട്രീയപ്രചരണത്തിന് ഉപയോഗിക്കാന്‍ വേണ്ടി തട്ടിയെടുത്തതാണ് മാര്‍ക്സിസ്റ്റുകാര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചെയ്ത ഏക കാര്യമായി ഓര്‍മ വരുന്നത്.

ഏകാധിപതികളും അക്രമികളും അവരുടെ ദുഷ്‌കൃത്യങ്ങള്‍ ന്യായീകരിക്കാന്‍ ഉപയോഗിച്ച ഒരു ആശയസംഹിതയായേ കമ്യൂണിസം ഭാവിയില്‍ ഓര്‍മിക്കപ്പെടുകയുള്ളൂ. അതിന്റെ അവശേഷിക്കുന്ന അനുഭാവികള്‍ക്ക് കത്തോലിക്ക സഭയെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.

കമ്യൂണിസ്റ്റുകാര്‍ക്ക് ജോണ്‍ പോളിനോടുള്ള ദേഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കിഴക്കന്‍ യൂറോപ്പിലെയും റഷയിലെയും മര്‍ദ്ദകഭരണകൂടങ്ങളെ തകര്‍ക്കുന്നതില്‍ ഏറ്റവും പ്രധാനി അദ്ദേഹം ആയിരുന്നു. കത്തോലിക്ക സഭ പോകട്ടേ, ജനാധിപത്യത്തിലും പൌരാവകാശങ്ങളിലും വിശ്വസിക്കുന്ന ഏവര്‍ക്കും അദ്ദേഹം ഒരു വീരനാണ്.

Anonymous said...

അച്ചന്മാരും കന്യാസ്ത്രീകളും ഉയര്‍ത്തിക്കൊണ്ടുവന്ന ശാസ്ത്രസാഹിത്യപരിഷത്തിനെ ....

പാവം എം.പി.പരമേശ്വരന്‍..ബാര്‍ക്കിലെ ജോലിയും കളഞ്ഞ് വന്നത് വെറുതെയായി. അത് പോലെത്തന്നെ പരിഷത്തിനു വേണ്ടി സമയവും ആരോഗ്യവും കളഞ്ഞ അധ്യാപകരുടെ കാര്യവും.

t.k. formerly known as thomman said...

അനോനി - എം.പി.പരമേശ്വരന്‍ കേരളത്തിലൊട്ടുക്ക് സ്കൂളുകള്‍ കേറിയിറങ്ങി നടക്കുകയായിരുന്നില്ലേ. ഞാനുദ്ദേശിച്ചത് അധ്യാപകരായ അച്ചന്മാരെയും കന്യസ്ത്രീകളെയുമാണ്. അവരുടെ സ്കൂളുകളില്‍ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രചാരം കൊടുക്കാന്‍ അവര്‍ യത്നിച്ചതും. സംശയമുണ്ടെങ്കില്‍ 80-കളില്‍ അവരുടെ സ്കൂളുകളില്‍ പഠിച്ചിട്ടുള്ളവരോട് ചോദിക്കുക. എന്നിട്ടും സംശയം മാറിയില്ലെങ്കില്‍ അറിയിക്കുക; കുറെക്കൂടി ചരിത്രം വിളമ്പിത്തരാം. ശാസ്ത്രസാഹിത്യപരിഷത്ത് DYFI-യും CITU-വും ഏറ്റെടുക്കുന്നതിന്ന് മുമ്പാണ് അതൊക്കെ. അതുകൊണ്ട് “ചിന്ത”യിലൊന്നും തപ്പിയാല്‍ ചിലപ്പോള്‍ കിട്ടിയെന്നു വരില്ല.

Anonymous said...

കത്തോലിക്കന്‍മാര്‍ പണ്ടെന്നപോലെ അവരുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ ത്തനങ്ങളും നടത്തിവരുന്നു, അവരുടെ കോളേജില്‍ ആണു ഞാന്‍ പഠിച്ചിട്ടുള്ളതു ഒരു ഹിന്ദു വായ എനിക്കു അവരില്‍ നിന്നും ഒരു വേര്‍ ക്രുത്യമോ സപ്പോര്‍ട്ടു കുറവോ അനുഭവപ്പെട്ടിട്ടില്ല അതു മാത്രമല്ല പുരോഹിതന്‍മാര്‍ക്കും കന്യാ സ്ത്രീകള്‍ക്കും എല്ലാം കുട്ടികള്‍ നന്നാവണം അവര്‍ സമരം തുടങ്ങിയ കാര്യങ്ങളൂടെ പുറകേ പോയി പഠിത്തം ഉഴപ്പരുത്‌, കുട്ടികളെ വെറുതെ സമരത്തില്‍ തള്ളിവിടുന്ന എസ്‌ എഫ്‌ ഐയെ അവര്‍ ക്കു ഇഷ്ടം അല്ല പക്ഷെ എന്നു പറഞ്ഞു എല്ലാ കത്തോലിക്ക കോളെജീലും എസ്‌ എഫ്‌ ഐ ഉണ്ട്‌ ഇലക്ഷന്‍ ഉണ്ട്‌ എസ്‌ എഫ്‌ ഐയുടെ സ്വത സിധ്മായ ഗുണ്ടായിസം ഉണ്ട്‌ (എന്നു വച്ചാല്‍ എസ്‌ എഫ്‌ ഐ അല്ലാത്തവനെ വെച്ചു വ്വഴിക്കില്ല വേറെ ഒരു സംഘടന ഉണ്ടാക്കാന്‍ സമ്മതിക്കില്ല ഒക്കെ ശരീരികമര്‍ ദ്ദനത്താല്‍ ഇല്ലാതാക്കും) കേരളത്തില്‍ ഇപ്പോള്‍ സംഘടിതമായി ക്രിസ്ത്യന്‍ മതമേധാവികള്‍ക്കും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരെ ഒരു തരം ഭ്രാന്തമായ മഡ്‌ സ്ളിങ്ങിംഗ്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടി നടത്തുന്നു, എന്താനു ഇതിനു ഇവരെ പ്രകോപിപ്പിച്ചതെന്നു മനസ്സിലാകുന്നില്ല, ലോക്‌ സഭ ഇലക്ഷനില്‍ എല്‍ ഡീ എഫിനു വലിയ ഒരു തിരിച്ചടി ഉണ്ടാവണമെന്നും അതു ഉണ്ടായ ശേഷം അച്ചു താനന്ദനെ സീ എം കസേരയില്‍ നിന്നും മാറ്റണം എന്നും ഉള്ള ഒരു രഹസ്യ അജണ്ട ആണു ഈ അനാവശ്യമായി കത്തോലിക്കരെ തെറി വിളിക്കുന്നതിണ്റ്റെയും അവരെ എല്‍ ഡീ എഫിനെതിരെ തിരിക്കുന്നതിനും കാണുന്നതെന്നാണു എണ്റ്റെ ഊഹം. പതിനഞ്ചു വയ്സ്സില്‍ ആരെയാണൂ കന്യാസ്ത്രീ ആക്കിയത്‌, ദൈവ വിളി ഉണ്ടെങ്കില്‍ പോലും മാര്‍പ്പാപ്പാ പറയാതെ പതിനെട്ടു തികയാത്ത ഒരു സ്ത്രീ കന്യാ സ്ത്രീ ആകുന്നതിനു എടുക്കുന്നില്ല പക്ഷെ വെറുതെ അനാവശ്യമായ വിവാദം ഉണ്ടക്കി വിടുന്നു , നിഗൂഢമയ എന്തൊക്കെയോ ആണൂ കേരളത്തില്‍ നടക്കുന്നത്‌

t.k. formerly known as thomman said...

സംഘടിതമായ നുണപ്രചരണം ഫാഷിസത്തിന്റെ മുഖമുദ്രയാണ്. അതാണ് ഈ ബ്ലോഗിലൂടെ മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്നത്. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ളവര്‍‍ ഇത്തരം പരിശ്രമങ്ങളെ വാക്കുകൊണ്ടെങ്കിലും ചെറുക്കണം.

Anonymous said...

രണ്ടാം കമന്റിലെ വിശദീകരണത്തിനു ശുക്രിയ.‘അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് പൊക്കിക്കൊണ്ടു വന്ന‘ എന്നു പറഞ്ഞതിനെ മാത്രമാണ് തിരുത്താന്‍ നോക്കിയത്. അവരുടെ പങ്ക് നിഷേധിക്കുന്നില്ല. പക്ഷെ ആദ്യം പറഞ്ഞതും രന്റാമത് പറഞ ‘ഞാനുദ്ദേശിച്ചത് അധ്യാപകരായ അച്ചന്മാരെയും കന്യസ്ത്രീകളെയുമാണ്. അവരുടെ സ്കൂളുകളില്‍ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രചാരം കൊടുക്കാന്‍ അവര്‍ യത്നിച്ചതും‘ എന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. പങ്കുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കം നഹി.

പരിഷത്ത് തുടങുന്നത് 1962 ല്‍ ആണ്. 1957ല്‍ തുടങ്ങിയ സയന്‍സ് റൈറ്റെര്‍സ് ഫോറം വരെക്കും അതിന്റെ ചരിത്രം എത്തും. മലയാളത്തില്‍ ശാസ്ത്ര സംബന്ധിയായ കൃതികള്‍ രചിക്കുക എന്ന ഉദ്ദേശമായിരുന്നു ആദ്യം. 1974ല്‍ ആണ് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അവര്‍ സ്വീകരിക്കുന്നത്. പരിഷത്ത് പരിഷത്ത് എന്ന ആക്ടിവിസ്റ്റ് സംഘടന ആയത് ആ രീതിയിലാണ്.
ആ സമയത്ത് എം.പി.പരമേശ്വരന്‍ പരിഷത്തില്‍ സജീവമാണ്.

താങ്കള്‍ പറയാനാഗ്രഹിച്ച ചരിത്രം കേള്‍ക്കുവാന്‍ താല്പര്യമുണ്ട്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ടി.കെ,

വായനക്കും കമന്റുകള്‍ക്കും നന്ദി...

ഈ ബ്ലോഗില്‍ അങ്ങനെ സംഘടിതമായ നുണപ്രചരണം നടക്കുന്നു എന്ന ആരോപണത്തെ ശക്തിപൂര്‍വം നിഷേധിക്കുന്നു. പ്രസക്തമായ പോയിന്റുകള്‍ ഉന്നയിച്ചുകൊണ്ട് താങ്കള്‍ ആ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് തോന്നിപ്പോകുന്നു. ഇതിനു മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു പറ്റം തൊഴിലാളികള്‍ ആണ്. കക്ഷി രാഷ്ട്രീയം പ്രചരിപ്പിക്കുക ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യമല്ല. എങ്കിലും തൊഴിലാളി പക്ഷപാതം ഞങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ട്. അത് വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതും.

എല്ലാ പോസ്റ്റിലേയും എല്ലാ അഭിപ്രായങ്ങളോടും എല്ലാവര്‍ക്കും യോജിപ്പുണ്ടാകില്ല എന്ന് വ്യക്തമായി അറിഞ്ഞുതന്നെയാണ് പോസ്റ്റിടുന്നത്.എല്ലാവരേയും സുഖിപ്പിക്കണമെങ്കില്‍ മിണ്ടാതിരിക്കേണ്ടി വരില്ലേ? താങ്കളുടെ ഈ കമന്റില്‍ തന്നെ ഞങ്ങളെ ഫാസിസ്റ്റാക്കിയിട്ടുമുണ്ടല്ലോ? താങ്കള്‍ക്ക് അതിനു സ്വാതന്ത്ര്യമുണ്ടെന്നു തന്നെ ഞങ്ങള്‍ കരുതുന്നു.

എതിരഭിപ്രായങ്ങള്‍ പറയാന്‍ അനോണിമസ് ഓപ്ഷന്‍ ഉള്‍പ്പെടെ തുറന്നു വച്ചിട്ടുമുണ്ട്. അഭിപ്രായങ്ങള്‍ക്ക് സാഹചര്യങ്ങളുടെ പരിമിതിക്കകത്ത് നിന്ന് കൊണ്ട് മറുപടി നല്‍കുവാന്‍ എപ്പോഴും ശ്രമിക്കുന്നുമുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടുള്ള ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചാല്‍ ഇത് വ്യക്തമാകും എന്ന് വിശ്വസിക്കുന്നു.

അനോണിമസുമാര്‍ക്കും നന്ദി..

Anonymous said...

ഒരു ഇലക്ഷനിലും തോറ്റിട്ടില്ലത്ത സുധീരനെ ആലപ്പുഴ തോല്‍പ്പിക്കുവാന്‍ മനോജു കുരിശിങ്കല്‍ എന്ന ഡോക്ടറെ കെട്ടി എഴുനള്ളിക്കുമ്പോള്‍ മാര്‍ക്സിസ്റ്റു പാറ്‍ട്ടിക്കു ഭയങ്കര കത്തോലിക്ക പ്റേമം ആയിരുന്നു മനോജ്‌ എന്ന പേരു തന്നെ ചുവരെഴുത്തില്‍ മറച്ചു കുരിശിങ്കല്‍ ഡൊ. കുരിശിങ്കല്‍ എന്നൊക്കെ ആയിരുന്നു ചുവരെഴുതി കത്തോലിക്കറ്‍ സഹായിച്ചത്‌ കൊണ്ടു തന്നെ സുധീരന്‍ തോറ്റു, കേരളത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്ന ഒരു മന്ത്റി നഷ്ടപ്പെട്ടു ആലപ്പുഴക്കു ഒരു നല്ല എം പീ നഷ്ടപ്പെട്ടു , പാലം കടന്നപ്പോള്‍ കൂരായണ ഇപ്പോള്‍ കത്തോലിക്കന്‍മാറ്‍ മക്കാറ്‍ത്തികള്‍ നുണ പ്റചര്‍ണക്കാറ്‍ കത്തോകിക്കറ്‍ എത്റ വിചാരിച്ചാലും സീ പീ എം പരിഷത്തു എന്‍ ജീ ഓ യൂണിയന്‍ കേ ജീ ഓ എ ഡിഫി ഇവരുടെ നൂറയലത്തുപോലും വരില്ല

സജി said...

സഭയിങ്ങനെ ചവിട്ടി തേക്കപ്പെടുന്നതില്‍ ക്രിത്യാനി ആയ എനിക്കു ദു:ഖമുണ്ട്, പക്ഷേ, എന്തു ചെയ്യാം

എന്റെ സഭയോടുള്ള ആശയപരമാ‍യ വിയോചിപ്പ് ഈ കുറിപ്പിലും പിന്നെ ഈ കുറിപ്പിലും കാണാം

Anonymous said...

സഭയുടെ സ്കൂളുകളില്‍ പഠിക്കാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മക്കളും അഭിപ്രായം പറയട്ടെ.

Anonymous said...

കത്തോലിക്കന്‍ അച്ചന്‍മാരും കന്യാസ്ത്റീകളും കമ്യൂണിസം ഉണ്ടകുന്ന്തിനു മുന്‍പു തന്നേ കേരളത്തില്‍ ഉണ്ടായിരുന്നു, അവരുടെ മുഖ്യ വേല വിദ്യാഭ്യാസം പ്റചരിപ്പിക്കല്‍ തന്നെ ആയിരുന്നു അതുകൊണ്ടു തന്നെ ആണു ഇവിടെ ഇംഗ്ളീഷ്‌ വിദ്യാഭ്യാസവും പ്രോഫഷണല്‍ വിദ്യാഭ്യാസവും ഇത്റ ഉണ്ടായത്‌, അവരുടെ കോളീജില്‍ അച്ചടക്കം അല്‍പ്പം കൂടുതല്‍ ആണു സെണ്റ്റ്‌ ബറ്‍ക്കു മെന്‍സും അതിണ്റ്റെ തൊട്ടടുത്തുള്ള എന്‍ എസ്‌ എസ്‌ കോളേജും അവിടത്തെ പഠന നിലവാരം കോറ്‍സുകള്‍ എന്നിവ കമ്പയറ്‍ ചെയ്താല്‍ അറിയാം കത്തോലിക്കണ്റ്റെ മെച്ചം വാന്‍ ആസ്തികള്‍ ഉണ്ടായിട്ടും ഇതുവരെ ഒരു കോളേജോ സ്കൂളോ മാര്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടി തുടങ്ങിയിട്ടുണ്ടോ മൊത്തത്തില്‍ അവരെ വെറുതെ ആക്ഷേപിക്കുന്നു എന്ന ഒരു തോന്നല്‍ സഭക്കുണ്ട്‌ എക ജാലകം ആയാലും സ്വാശ്റയ കോളേജായാലും കത്തോലിക്കണ്റ്റെ പുറത്തോട്ടാണൂ കയറുന്നത്‌ , വനിതാ കമ്മീഷനു എവിടെ നിന്നാണു പരാതി കിട്ടിയത്‌? അതുോലെ മഠത്തില്‍ ചേറ്‍ന്ന കന്യാ സ്ത്റീക്കു ഷെയറ്‍ നിലനിറ്‍ത്തണം എന്നു പറയാന്‍ വനിതാ കമ്മീഷന്‍ ആരു? ഈ വനിതാ കമ്മീഷന്‍ വാചകം അടിക്കുന്നതല്ലാതെ വനിതകള്‍ക്കു എന്തെങ്കിലും ചെയ്യുന്നുണ്ടോ വല്ല തയ്യല്‍ പരിശീലനമോ , ഇതുവരെ കുഞ്ഞാലിക്കുട്ടിയുടെ പുറകെ ആയിരുന്നു ഒടുവില്‍ സുപ്റീം കോടതി അങ്ങേരെ വെറുതെ വിട്ടു, ആദറ്‍ശം പറഞ്ഞ അജിതയുടെ ഭറ്‍ ത്താവു സ്പിരിറ്റു കേസില്‍ പെടുകയും ചെയ്തു , ഇതൊക്കെ അല്ലാതെ എന്താണു വനിത കമ്മീഷന്‍ കേരളത്തിലെ വനിതകള്‍ക്കു നല്‍കിയത്‌? ആണും പെണ്ണും വറ്‍ഗ ശത്റുക്കള്‍ ആണെന്ന ഒരു നിലപാട്‌ വളറ്‍ത്താന്‍ വനിതാ കമ്മീഷന്‍ സഹായിച്ചിട്ടുണ്ട്‌, കല്യാണം കഴിച്ചെന്നു പറഞ്ഞാലും ഇണ ചേരാന്‍ മുന്‍ കൂറ്‍ അപേക്ഷ കൊടുത്തു ഇന്‍ഡണ്റ്റ്‌ റെയിസ്‌ ചെയ്ത്‌ വേണം ആണ്‍ സഹ ശയനത്തിനു വരാന്‍ എന്ന ഒരു നിയമം ഉണ്ടാക്കാനും വനിത കമ്മീഷന്‍ പറഞ്ഞേക്കു ജാഗ്രതൈ

t.k. formerly known as thomman said...

വര്‍ക്കേഴ്സ് ഫോറം - തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ ബ്ലോഗെങ്കില്‍ പിന്നെയെന്തിനാണ് സ്ഥിരമായി കത്തോലിക്ക സഭയ്ക്കെതിരെയുള്ള ലേഖനങ്ങള്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്? സഭ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും എതിരായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? നിങ്ങള്‍ക്ക് hidden agenda ഉണ്ടെന്ന് പറയാന്‍ അതാണ് കാരണം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ സജി

രണ്ട് കുറിപ്പുകളും ഒന്നിനൊന്ന് മെച്ചമാണ്. അതിന്റെ സ്പിരിറ്റിനെ അഭിനന്ദിക്കുന്നു.

പ്രിയ ടി.കെ

വര്‍ക്കേഴ്സ് ഫോറം ഇത് വരെ പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിക്കുക. ആരെയെങ്കിലും തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുക എന്നത് ഫോറത്തിന്റെ രീതിയല്ല എന്ന് താങ്കള്‍ക്ക് വ്യക്തമാകും. സാമ്പത്തിക, ബാങ്കിങ്ങ്, തൊഴില്‍ മേഖലയെ സംബന്ധിച്ച പോസ്റ്റുകളാണ് കൂടുതലായും കാണുക. വെള്ളം കടക്കാത്ത അറകളില്‍ നമുക്ക് ജീവിക്കാനാകില്ല എന്നത് കൊണ്ട് തന്നെ ചുറ്റുമുള്ള സംഭവങ്ങളോട് പ്രതികരിക്കുക എന്നത് ഒഴിവാക്കാനാവാത്ത സംഗതിയാണ്. തീര്‍ച്ചയായും എതിരഭിപ്രായങ്ങള്‍ ഉണ്ടാകും എന്നറിയാം. അത് പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.

ഈ പോസ്റ്റ് തന്നെ നോക്കൂ...മാനന്തവാടി രൂപത അത്തരം ഒരു ഇടതുപക്ഷ വിരുദ്ധ പ്രതിജ്ഞാപത്രം പുറത്തിറക്കി എന്നത് നിഷേധിക്കാനാവുമോ ? എന്നു മാത്രമല്ല മറ്റു രൂപതകളിലൊന്നും ഇത് നടപ്പിലാക്കത്തതെന്തുകൊണ്ട് എന്ന് ആരും ചോദിക്കുന്നുമില്ല. ഇത്തരുണത്തിലാണ് പ്രസ്തുത പ്രതിജ്ഞാപത്രപത്രത്തിന്റെ യുക്തിഹീനതയെയും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കളിയെയുംദൈവശാസ്ത്രജ്ഞന്മാരുടെ തന്നെ വാക്കുകളിലൂടെ തുറന്നുകാട്ടുന്ന ലേഖനം പോസ്റ്റ് ചെയ്തത്. ഇവിടെ വസ്തുതാവിരുദ്ധമായതെന്തെകിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക.

ഞങ്ങള്‍ ഇടുന്ന പോസ്റ്റുകളെക്കുറിച്ചുള്ള കമന്റുകള്‍ക്ക്, അത് സ്വന്തം രചന ആയിക്കോട്ടെ, പരിഭാഷ ആയിക്കോട്ടെ മറുപടി പറയാനുള്ള ബാദ്ധ്യത ഞങ്ങള്‍ക്കുണ്ട് എന്നു തന്നെ കരുതുന്നു.

പോസ്റ്റുമായി ബന്ധമില്ലാത്ത വിഷയങ്ങളിലെ അനോണിമസും സനോണിമസുമായ കമന്റുകള്‍ക്ക് മറുപടി പറയുവാന്‍. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം അനുവദിക്കുന്നില്ല എന്ന് ഖേദത്തോടെ പറയട്ടെ. വിഷയസംബന്ധിയായ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.

അരവിന്ദ് നീലേശ്വരം said...

തൊഴിലാളി പക്ഷപാതം ഉണ്ടെന്ന് അവകാശപ്പെടുന്ന വര്‍ക്കേര്‍സ് ഫോറത്തിന്റെ ഉദ്ദേശശുദ്ധി ഈ പോസ്റ്റിലൂടെ സംശയിക്കപ്പെടേണ്ടതായിരിക്കുന്നു. കത്തോലിക്കാസഭയിലെ പ്രശ്നങ്ങള്‍ ഏത് തരത്തിലാണ് തൊഴിലാളികളുടെ പ്രശ്നങ്ങളാകുന്നത് എന്ന് മനസ്സിലാകുന്നില്ല.

വ്യക്തമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് എഴുതപ്പെട്ടത്.

ഇത്തരത്തില്‍ ഒരു പ്രശ്നം ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രാധാന്യം അര്‍ഹിക്കുന്നില്ല.....

t.k. formerly known as thomman said...

അരവിന്ദ്,
നിങ്ങള്‍ പറഞ്ഞതാണ് ശരി. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അനൌദ്യോഗിക ജിഹ്വയാണ്. ഇവിടെ പ്രതികരണങ്ങള്‍ ഇടുന്നതില്‍ വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.

വര്‍ക്കേഴ്സ് ഫോറത്തിലെ സഹോദരങ്ങളെ,
വെബ്ബു പോലെ വിജ്ഞാനം സുലഭമായി ലഭിക്കുന്ന ഒരു ഇടത്ത് ‘ചിന്ത‘(മലയാള മാധ്യമരംഗത്തെ ഏറ്റവും വലിയ oxymoron)യിലെ ലേഖനങ്ങള്‍ പോസ്റ്റുന്നതിന്നു പകരം ആ സമയം കൊണ്ട് വേറെയെന്തെങ്കിലും വായിക്കൂ; തന്നെയിരിക്കുമ്പോള്‍ അമ്പേ പരാജയമടിഞ്ഞ ഒരു പ്രത്യശാസ്ത്രത്തിനു വേണ്ടി നിങ്ങളുടെ ജീവിതവും ധിക്ഷണയും അടിയറവ് വയ്ക്കണമോ എന്നും ചിന്തിക്കൂ. അല്ല, തൊഴിലാളികളെക്കുറിച്ചാണ് നിങ്ങളുടെ യഥാര്‍ഥ വിചാരമെങ്കില്‍ രാജ്യത്ത് അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന്നെപ്പറ്റിയും, അങ്ങനെ അവരുടെ ജീവിതസൌകര്യങ്ങളും options-ഉം വര്‍ദ്ധിപ്പിക്കുന്നതിന്നെപ്പറ്റിയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കൂ. അതു ചെയ്യാത്തിടത്തോളം കാലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്ലോഗ്-ബിനാമി ആയേ നിങ്ങളെ വായനക്കാര്‍ കരുതൂ.

Ciao!

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ അരവിന്ദ് നീലേശ്വരം

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
താങ്കള്‍ പറഞ്ഞുവല്ലോ, “തൊഴിലാളി പക്ഷപാതം ഉണ്ടെന്ന് അവകാശപ്പെടുന്ന വര്‍ക്കേര്‍സ് ഫോറത്തിന്റെ ഉദ്ദേശശുദ്ധി ഈ പോസ്റ്റിലൂടെ സംശയിക്കപ്പെടേണ്ടതായിരിക്കുന്നു.കത്തോലിക്കാസഭയിലെ പ്രശ്നങ്ങള്‍ ഏത് തരത്തിലാണ് തൊഴിലാളികളുടെ പ്രശ്നങ്ങളാകുന്നത് എന്ന് മനസ്സിലാകുന്നില്ല. വ്യക്തമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് എഴുതപ്പെട്ടത്.ഇത്തരത്തില്‍ ഒരു പ്രശ്നം ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രാധാന്യം അര്‍ഹിക്കുന്നില്ല ”എന്ന്.

താങ്കള്‍ക്ക് അങ്ങനെ ഒരു അഭിപ്രായം വച്ചു പുലര്‍ത്താന്‍ ഉള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. കത്തോലിക്കാ സഭയുടെ എന്നല്ല, എന്‍ എസ്സ് എസ്സിന്റെയും എസ് എന്‍ എന്‍ ഡി പി യുടെയും തുടങ്ങി ലോകത്തെവിടെയും നടക്കുന്ന ഏതു സംഭവവികാസങ്ങളിലും തൊഴിലാളികള്‍ക്ക് അഭിപ്രായം ഉണ്ട്, ഉണ്ടാവണം.

“യുക്തിവാദം, നിരീശ്വരവാദം, ഭൌതികവാദം, വര്‍ഗ്ഗസമരം, സായുധ വിപ്ലവം, ഏതെങ്കിലും വിഭാഗത്തിന്റെ സര്‍വാധിപത്യം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളില്‍ അടിസ്ഥാനമിട്ടിരിക്കുന്ന ഏതെങ്കിലും സംഘടനയിലോ പ്രസ്ഥാനത്തിലോ ഞാന്‍ അംഗമല്ലെന്നും അവയോട് അനുഭാവം പുലര്‍ത്തുന്നില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുന്നു.” എന്ന പ്രതിജ്ഞയെടുക്കാനാണ് രൂപത സര്‍ക്കുലര്‍. കേരളത്തിലെ മറ്റൊരു രൂപതയിലും ഇങ്ങനെ ഒരു സര്‍ക്കുലര്‍ ഇല്ലല്ലോ? യുക്തിപൂര്‍വം കാര്യങ്ങളെക്കാണാത്ത , ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും ഉണ്ടാകുന്ന വികാസങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന, അന്ധവിശ്വാസത്തിലധിഷ്ഠിതമായ ജീവിതവീക്ഷണം പുലര്‍ത്തുന്ന മന്ദബുദ്ധികള്‍ പലര്‍ക്കും ഒരാസ്തിയാണെങ്കിലും സമൂഹത്തിന്റെ പുരോഗതിക്കും തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ വിഘാതമാണ്. ധനവാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയില്‍ ക്കൂടിക്കടക്കുന്നതിനേക്കള്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ യേശുവിന്റെ പ്രസംഗങ്ങളില്‍ നിന്നും പഠിപ്പിക്കലുകളില്‍ നിന്നു കൂടിയാണ് വര്‍ഗ്ഗരഹിത സമൂഹം എന്ന സങ്കല്പം തന്നെ ലോകത്ത് രൂപപ്പെട്ടത് എന്നത് താങ്കള്‍ക്കറിയാം എന്നു കരുതുന്നു.

പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് എഴുതപ്പെട്ടത് എന്ന താങ്കളുടെ അഭിപ്രായത്തെക്കുറിച്ച്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ വിഷയത്തെക്കുറിച്ച് ഒരു നിലപാട് എടുത്തിട്ടുണ്ടോ? അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ തന്നെ, അത് ബോദ്ധ്യപ്പെടുന്നവര്‍ക്കോ അല്ലെങ്കില്‍ അതേ കാഴ്ചപ്പാട് സ്വതന്ത്രമായി ഉള്ളര്‍ക്കോ ആ വിഷയത്തില്‍ ഒരു പോസ്റ്റ് ഇട്ടു കൂടെ? പ്രസക്തമെന്ന് താങ്കള്‍ക്ക് തോന്നുന്ന വിഷയങ്ങളെക്കുറിച്ചല്ലേ താങ്കള്‍ പോസ്റ്റിടുന്നത്..ഏതൊരാളും ഇടുന്ന ഏതു പോസ്റ്റും ചിലര്‍ക്കെങ്കിലും ബോദ്ധ്യപ്പെടുന്നതും ചിലര്‍ക്ക് ഇഷ്ടമില്ലാത്തതുമാവില്ലേ?

വര്‍ക്കേഴ്‌സ് ഫോറത്തിന് ഇടത് ചിന്താഗതിക്കാരോട് ഉള്ള മമത മറച്ചുവച്ചിട്ടൊന്നുമില്ല. ആ മമത ഉണ്ടായതും ഉണ്ടാകുന്നതും തങ്ങളുടെ പ്രക്ഷോഭങ്ങളില്‍ കൂടെ നില്‍ക്കുന്നതാരാണ്? തങ്ങളെ ദ്രോഹിക്കുന്ന നയങ്ങള്‍ എടുക്കുന്നതാരാണ് എന്നനുഭവിച്ചറിഞ്ഞിട്ടാണ്. എന്നുവച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുബന്ധമല്ല, അങ്ങനെ ആകുകയുമരുത് തൊഴിലാളി സംഘടനകള്‍ എന്ന ഉറച്ച കാഴ്ചപ്പാട് ഞങ്ങള്‍ക്കുണ്ട് താനും.

ലേഖനത്തില്‍ നിന്നു ഉദ്ധരിക്കട്ടെ..“ഒരു പാലം നശിപ്പിക്കണമെങ്കില്‍ അതു പഴകി ദ്രവിച്ചതാണെന്നു പറഞ്ഞു പരത്തിയാല്‍ മതി. ഒരു പട്ടിയെ തല്ലിക്കൊല്ലണമെങ്കില്‍ അതെത്ര നല്ലയിനമാണെങ്കിലും അതിനു പേയുണ്ടെന്ന ധാരണ പരത്തിയാല്‍ മതി. ...................ഇന്നു ഭരണവര്‍ഗ്ഗത്തിനെതിരായി ശബ്ദമുയര്‍ത്തുന്നവനെ നശിപ്പിക്കണമെങ്കില്‍ അവനെ കമ്മ്യൂണിസ്റ്റെന്നു വിളിച്ചാല്‍ മതി.”

മാനന്തവാടി രൂപത ബോധപൂര്‍വം ചെയ്യാന്‍ ശ്രമിക്കുന്നത് ചിന്താശക്തിയുള്ള മനുഷ്യരെ പൊതുഇടം കൈകാര്യം ചെയ്യുന്നതില്‍ നിന്നും അകറ്റുക എന്നതാണ്. താങ്കള്‍ ഞങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ലേബല്‍ തന്നത് അതിനല്ല എന്നു വിശ്വസിക്കട്ടെ?

പ്രിയ ടി കെ

നേരത്തെ പറഞ്ഞതിലും അരവിന്ദിനോടിപ്പോള്‍ പറയുന്നതിലും കൂടുതലൊന്നും താങ്കളോട് പറയാനില്ല. അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

അരവിന്ദ് നീലേശ്വരം said...

പ്രിയ വര്‍ക്കേഴ്സ് ഫോറം

ഇത്രയും നീണ്ട ഒരു പ്രതികരണത്തിനു നന്ദി.

“കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ വിഷയത്തെക്കുറിച്ച് ഒരു നിലപാട് എടുത്തിട്ടുണ്ടോ? അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ തന്നെ, അത് ബോദ്ധ്യപ്പെടുന്നവര്‍ക്കോ അല്ലെങ്കില്‍ അതേ കാഴ്ചപ്പാട് സ്വതന്ത്രമായി ഉള്ളര്‍ക്കോ ആ വിഷയത്തില്‍ ഒരു പോസ്റ്റ് ഇട്ടു കൂടെ? പ്രസക്തമെന്ന് താങ്കള്‍ക്ക് തോന്നുന്ന വിഷയങ്ങളെക്കുറിച്ചല്ലേ താങ്കള്‍ പോസ്റ്റിടുന്നത്..ഏതൊരാളും ഇടുന്ന ഏതു പോസ്റ്റും ചിലര്‍ക്കെങ്കിലും ബോദ്ധ്യപ്പെടുന്നതും ചിലര്‍ക്ക് ഇഷ്ടമില്ലാത്തതുമാവില്ലേ?“

താങ്കള്‍ ഈ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. എനിക്ക് തോന്നുന്ന വിഷയത്തെക്കുറിച്ച്, ഞാന്‍ പോസ്റ്റിടുന്നത് എന്റെ പേരിലുള്ള ഒരു ബ്ലോഗിലായിരിക്കും. അത് ആളുകള്‍ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യട്ടെ.

തൊഴിലാളികളുടെ പ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന ഒരു പൊതു പോസ്റ്റില്‍ ഇത്തരം ഒരു വിഷയം ചര്‍ച്ച ചെയ്യപ്പേടേണ്ടതില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

(വി എം സുധീരനെ തോല്‍പ്പിക്കാന്‍ മനോജ് കുരിശിങ്കലിനെ മാത്രമല്ല സുധീരന്‍ എന്ന പേരില്‍ മറ്റൊരു ഡമ്മി സ്ഥാനാര്‍ത്ഥിയെക്കൂടി നിര്‍ത്തിയിരുന്നു സി പി എം. മനോജിനു കിട്ടിയ ഭൂരിപക്ഷത്തേക്കാള്‍ വോട്ടുകള്‍ ഈ ഡമ്മി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരുന്നു എന്ന് കൂടി ഓര്‍ക്കാം)

Anonymous said...

2004 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സുധീരനെതിരെ മാത്രമല്ല മറ്റു പലര്‍ക്കും എതിരെ സമാന നാമധാരികള്‍ ഉണ്ടായിരുന്നു.

കണ്ണൂരില് സി.പി.എമ്മിന്റെ അബ്ദുള്ളക്കുട്ടിക്കെതിരെ ഒരു അബ്ദുള്ള ഉണ്ടായിരുന്നു.കോഴിക്കോറ്റ് എം.പി.വീരെന്ദ്രകുമാറിനെതിരെ മറ്റൊരു വീരെന്ദ്രകുമാര്‍.പാലക്കാട് എന്‍.എന്‍.കൃഷ്ണദാസിനെതിരെ മറ്റൊരു കൃഷ്ണദാസ്. ഒറ്റപ്പാലത്ത് ബി.ജെ.പിയുടേയും ബി.എസ്.പിയുടേയും സ്ഥാനാര്‍ത്ഥിമാരുടെ പേരില്‍ വേലായുധന്‍ ഉണ്ടായിരുന്നു. മൂവാറ്റുപുഴയില്‍ 3 പി.സി തോമസും 3 ഇസ്മായിലും 3 മാണിയും ഉണ്ടായിരുന്നു. അതില്‍ ഒരു മാണിയുടെ പേരു കെ.എം.മാണി എന്നുതന്നെ ആയിരുന്നു. തിരുവനന്തപുരത്തും 2 രാജഗോപാല്‍ ഉണ്ടായിരുന്നു.

കണക്കു നോക്കിയാല്‍ ഇടത് പക്ഷത്തിനെതിരെയാണ് സമാന നാമധാരി ശല്യം കൂടുതല്‍.