Sunday, June 15, 2008

നൂറു റോജുല പണി

തനിക്ക് പ്രായം എഴുപതല്ലെന്ന് അദ്ദേഹം പറയുന്നു, വാസ്തവം പറയുകയാണെങ്കില്‍‍, “പ്രായമൊത്തിരി ആയി.”.”എന്തായാലും എനിക്കെങ്ങനെ കൃത്യമായി പറയാനാകും?”

പക്ഷെ നാല്‍ഗോണ്ടയിലെ 110 ഫാരന്‍‌ഹീറ്റിനു മുകളിലുള്ള പൊള്ളുന്ന ചൂടിലും കഠിനമായി അദ്ധ്വാനിക്കുന്നതില്‍ നിന്ന് പ്രായം ഗദസു രാമുലുവിനെ തടയുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏതാണ് അറുപതോളം പേര്‍ ഇവിടെ സൂര്യാഘാതം മൂലം മരണമടയുകയുണ്ടായി. ഈ വര്‍ഷം ആന്ധ്രപ്രദേശില്‍ ഇത്തരം മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് നാല്‍ഗോണ്ടയിലാണ്. തന്റെ ഗ്രാമമായ റ്റാറ്റികൊലുവില്‍ ദേശീയ ഗ്രാമീണ തൊഴില്‍ ദാന പദ്ധതി ആരംഭിച്ചതിനുശേഷം രാമുലു 39 ദിവസം അവിടെ ജോലി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കയ്യിലെ പാസ്‌ബുക്ക് പറയുന്നു. മറുവശത്താകട്ടെ, കൌമാരത്തിന്റെ ആദ്യപകുതി പിന്നിടാത്ത കുട്ടികള്‍ പ്രായപൂര്‍ത്തിയായതായി അഭിനയിച്ച് എന്തെങ്കിലുമൊക്കെ ജോലി തരപ്പെടുത്തി തങ്ങളുടെ കുടുംബത്തിനൊരു സഹായമാകാന്‍ ശ്രമിക്കുന്നു.

വിശപ്പും ഉയരുന്ന വിലകളും പ്രായമായവരേയും കൊച്ചുകുട്ടികളേയും തൊഴിലെടുക്കുവാന്‍ ഒരേപോലെ നിര്‍ബന്ധിതരാക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഗ്രാമീണ തൊഴില്‍ പദ്ധതിപ്രകാരമുള്ള ജോലിയാണ് അവരുടെ ജീവവായു.

ഗദസു രാമുലുവിന്റെ അഭിപ്രായത്തില്‍ ഇതൊരു നല്ല പദ്ധതിയാണ്. “ ഇത് തുടരണം” അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ അഞ്ജമ്മ കൂട്ടിച്ചേര്‍ക്കുന്നു, “ നോക്കൂ, ഇത് തികച്ചും അത്യാവശ്യമാണ്, ഇതില്ലെങ്കില്‍ ഞങ്ങള്‍ പട്ടിണികിടക്കേണ്ടി വരും.”

അങ്ങിനെയാണെങ്കില്‍ എന്തുകൊണ്ടാണ് കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ മൂന്നു ദിവസം മാത്രമേ അദ്ദേഹം ജോലി ചെയ്തിട്ടുള്ളൂ എന്ന് പാസ്‌ബുക്ക് കാണിക്കുന്നത്? “എന്നെ നോക്കൂ. ഇത് കഠിനമായ ജോലിയാണ്, പോരാത്തതിനു കടുത്ത ചൂടും. അതുകൊണ്ട് ഞാന്‍ നാലു ദിവസം ജോലി ചെയ്യുകയും പിന്നെ നാലു ദിവസം വിശ്രമിക്കുകയുമാണ് പതിവ്. ഒരാഴ്ച അടുപ്പിച്ച് ജോലി ചെയ്യാനൊന്നും എനിക്ക് കഴിയില്ല. ഇതിനേക്കള്‍ കൂലി കുറവാണെങ്കിലും ചിലപ്പോള്‍ ഇത്രയും ബുദ്ധിമുട്ടില്ലാത്ത മറ്റു ജോലികള്‍ കിട്ടും. സത്യത്തില്‍ രണ്ടും ചെയ്യണമെന്നെനിക്കുണ്ട്. ശരിക്ക് പറഞ്ഞാല്‍, നിങ്ങള്‍ക്ക് എന്ത് ജോലി കിട്ടുന്നോ അത് നിങ്ങള്‍ ചെയ്യുന്നു; ചെയ്യാന്‍ പറ്റുന്നതെന്തോ അത് ചെയ്യുന്നു.”

ഭര്‍ത്താവുപേക്ഷിച്ച മകളും കുഞ്ഞുങ്ങളും ഉള്‍പ്പെട്ടതാണദ്ദേഹത്തിന്റെ കുടുംബം. 65 വയസ്സ് കഴിഞ്ഞ അഞ്ജമ്മയടക്കം മുതിന്നവരെല്ലാവരും “എന്ത് ജോലി കിട്ടുന്നോ അത് ചെയ്യുന്നു.”

“ ഉള്ള ശക്തി അദ്ദേഹം ഉപയോഗിക്കുകയാണ്“ രാമുലുവിന്റെ ഭാര്യ പറയുന്നു. “ശരിക്ക് ഭക്ഷണമില്ലാത്തതിനാല്‍ അതത്ര നല്ലതല്ല. പക്ഷെ, ഞങ്ങള്‍ക്ക് വേറെന്ത് വഴിയാണുള്ളത? അതാണിടക്കിടെ അദ്ദേഹം ജോലിക്ക് പോക്ക് മുടക്കുന്നത്.”

ആ കുടുംബത്തിന് അന്ത്യോദയ കാര്‍ഡ് (ദരിദ്രരില്‍ ദരിദ്രര്‍ക്ക് നല്‍കുന്നത്) കിട്ടിയിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ കുറഞ്ഞ വിലക്ക് ഭക്ഷണസാധനങ്ങള്‍ ലഭിക്കുമായിരുന്നു. തൊഴില്‍ദാന പദ്ധതി സ്ഥലത്ത് രാമുലുവിനു ദിവസം 80രൂപ വരെ കിട്ടും. പഞ്ഞ സമയത്ത് ഒന്നുമില്ലാത്തതിനേക്കള്‍ നല്ലതല്ലേ എന്തെങ്കിലും ഉള്ളത് ? “അതുകൂടിയില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ സ്ഥിതി ഇതിലും മോശമായേനെ.” രാമുലുവിന്റെ ഭാര്യ കൂട്ടിച്ചേര്‍ക്കുന്നു.

ആന്ധ്രയില്‍ ദേശീയ ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയിന്‍ കീഴില്‍ ഏതാണ്ട് 30 ലക്ഷം പേര്‍ തൊഴില്‍ കണ്ടെത്തിയിട്ടുണ്ട്. ആ പേരിലല്ല അതിവിടെ അറിയപ്പെടുന്നത്. “നൂറു റോജുല പണി(നൂറു ദിവസത്തെ ജോലി) അല്ലെങ്കില്‍ സര്‍ക്കാര്‍ തൊഴില്‍.

ഇവിടെ ദേവര്‍കൊണ്ട മണ്ഡലില്‍ ഈ പദ്ധതിയുടെ സൈറ്റില്‍ ശരാശരി ദിവസക്കൂലി 84 രൂപയാണ്. ചിലദിവസങ്ങളില്‍ കൂടുതല്‍ കൂലി ലഭിക്കുന്ന സ്വകാര്യ ജോലികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്, കിട്ടുന്നത് അത്ര എളുപ്പമല്ലെങ്കിലും. പഴയൊരു തെലുങ്ക് പഴമൊഴി കടമെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ അയല്‍‌വാസി പറയുന്നു “പാലു കുടിക്കാന്‍ വേണ്ടി ഓടി നടക്കുന്നതിനേക്കാള്‍ നല്ലത് ഒരിടത്ത് അടങ്ങിയൊതുങ്ങി നില്‍ക്കുകയും പച്ചവെള്ളം കുടിക്കുകയും ചെയ്യുന്നതാണ്.”

അതൊരു തെറ്റായ താരതമ്യമാണെന്ന് തോന്നിയേക്കാം. കാരണം രാമുലുവും ഭാര്യയും മറ്റും തൊഴില്‍ദാന പദ്ധതി സ്ഥലത്ത് ചെയ്യുന്നത് അതികഠിനമായ ജോലിയാണ്. “എന്നാലും, കുറഞ്ഞപക്ഷം അതവിടെ ഉണ്ടല്ലോ.” രാമുലുവിന്റെ ഭാര്യ പറയുന്നു.

നാല്‍‌ഗോണ്ട, മഹ്‌ബൂബ് നഗര്‍ ജില്ലകളിലെ ഇത്തരം തൊഴില്‍ദാന പദ്ധതി സൈറ്റുകളിലുടനീളം 60 കഴിഞ്ഞ നിരവധി പേര്‍ തൊഴില്‍ തേടുന്നുണ്ട്. രാമുലുവിന്റെ അത്രയും പ്രായമുള്ള മൂന്നു പേരെയെങ്കിലും ഞങ്ങള്‍ ഇവിടെ കാണുകയുണ്ടായി; വിശപ്പടക്കാനായി തൊഴിലിലേക്ക് തിരിച്ചുവന്നവരായി. പോഷകാഹാ‍രക്കുറവുള്ളവരാകയാല്‍ ജോലി ഇവര്‍ക്ക് ബുദ്ധിമുട്ടേറിയതാകുന്നു.

വീട്ടിലും സ്ഥിതി കഷ്ടം തന്നെയാണ്. “കുട്ടികളെല്ലാവരും പാലു കുടിക്കാതെയാണ് ജീവിക്കുന്നത്”, റ്റാറ്റികൊലുവിലെ അനസൂയ പറയുന്നു. “ വിലയൊക്കെ കൂടിയത് കൊണ്ട് ഇക്കൊല്ലം അവര്‍ക്കത് കിട്ടാനും സാധ്യതയില്ല.” ആ പ്രദേശത്തെ തൊഴില്‍ദാനപദ്ധതി സൈറ്റില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ആണ് അവരുടെ ഭര്‍ത്താവ്.

“കുറഞ്ഞത് 40 കുട്ടികളെയെങ്കിലും ജോലിസ്ഥലത്തു നിന്ന് പറഞ്ഞയക്കേണ്ടി വന്നിട്ടുണ്ട്.” പറയുന്നത് ആ ദലിത് കോളനിയിലെ അനസൂയയുടെ അയല്‍‌വാസിയാണ്. “കുടുംബങ്ങളെല്ലാം കടുത്ത പട്ടിണിയിലാണ്. രണ്ടു രൂപക്ക് അരി ഉണ്ടെന്നുള്ളത് ശരി തന്നെ. പക്ഷെ അത് ഈയിടെയാണ് ആരംഭിച്ചത്. ലിറ്ററിനു 12 രൂപക്ക് കിട്ടിയിരുന്ന പാലിനു ഇപ്പോള്‍ 16-18 രൂപയാണ് വില. വിധവകളും അനാഥരുമുള്‍പ്പെടുന്ന വലിയ കുടുംബങ്ങളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. ചില ദിവസങ്ങളില്‍ ഭക്ഷണത്തിനായി ആളുകള്‍ക്ക് പണം കടം വാങ്ങേണ്ടി വരുന്നു. ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികള്‍ സാരിയൊക്കെ ഉടുക്കുകയാണ്, ഉള്ളതിലും കൂടുതല്‍ പ്രാ‍യം തോന്നിക്കുവാന്‍.”

“ആളുകള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും?” വിധവയായ ലക്ഷ്മണമ്മ ചോദിക്കുന്നു. സൈറ്റില്‍ വല്ലപ്പോഴുമൊക്കെ അവര്‍ക്ക് ജോലി കിട്ടും. “ഭൂമി കുഴിക്കുന്നത് എളുപ്പമാക്കുവാനായി വെള്ളം ഒഴിച്ചുകൊടുക്കലാണ് എന്റെ പണി.”

കൌമാരക്കാരനായ ദാമോദര്‍ ആദ്യമായി ഈ തൊഴില്‍ ചെയ്തത് 15 വയസ്സുള്ളപ്പോഴാണ്. അച്ഛന്‍ മരിച്ചപ്പോള്‍ പഠിപ്പ് നിര്‍ത്തിയതാണ് ദാമോദര്‍. ചില ദിവസം അമ്മയുമൊത്ത് ജോലിക്ക് പോകും. “ ഒരു വിധവയുടെ കൂടെ ആരെങ്കിലുമൊക്കെ വേണം. അല്ലെങ്കില്‍ പണി കിട്ടുവാന്‍ ബുദ്ധിമുട്ടായിരിക്കും.”അവന്റെ അമ്മ പറയുന്നു.

കിട്ടുന്ന ജോലി പലപ്പോഴും കഠിനമാണെന്ന് ഗ്രാമവാസികള്‍ പരാതിപ്പെടുന്നു. “ മണിക്കൂറുകളോളം ഈ ചൂടില്‍ നിന്ന് നിങ്ങളൊന്ന് കുഴിച്ച് നോക്കൂ.” വിലക്കയറ്റം സംഗതി കൂടുതല്‍ മോശമാക്കുകയാണ്. ആളുകള്‍ ഇപ്പോള്‍ വളരെ കുറച്ച് മാത്രമെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുള്ളൂ.

“ഞങ്ങളിപ്പോള്‍ പടിയിറങ്ങി താഴേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്.” കൃഷ്ണയ്യാ പറയുന്നു. “ ആദ്യം ആളുകള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വ്യത്യാസം വരുത്തുന്നു, പിന്നെ അത് കുറഞ്ഞ വിലയ്ക്കുള്ളതുമാക്കുന്നു. തുടക്കത്തില്‍ അവര്‍ വില കുറഞ്ഞ പച്ചക്കറിയിലേക്ക് മാറുന്നു, പിന്നെ പച്ചക്കറിയേ വേണ്ടെന്ന് വെക്കുന്നു. പിന്നെ പാല്‍ ഉപേക്ഷിക്കുന്നു. അങ്ങിനെയാണ് കാര്യങ്ങള്‍ മാറുന്നത്.” വയസ്സായവര്‍ക്ക്, പ്രത്യേകിച്ച്, വയസ്സായ വിധവകള്‍ക്ക്, വീട്ടിലേറ്റവും കുറച്ച് ഭക്ഷണമേ ലഭിക്കൂ എന്നതും ഈ മാറ്റങ്ങളില്‍ പെടുന്നു..

കൂട്ടത്തില്‍ ആരോഗ്യവാനും ഭാഗ്യശാലിയുമാണ് കൃഷ്ണയ്യാ. അയാള്‍ ഈ പണിക്കുപുറമെ മറ്റു സ്വകാര്യ തൊഴിലിടങ്ങളില്‍ കൂടുതല്‍ കൂലിക്ക് കല്ലുവെട്ടാന്‍ പോകുന്നുണ്ട്. “പക്ഷെ അത് എപ്പോഴും കിട്ടില്ലെന്നു മാത്രമല്ല, ബുദ്ധിമുട്ടേറിയതുമാണ്. കല്ലിനു നല്ല ചൂടായിരിക്കും. പണിയായുധങ്ങളും ചൂടുപിടിക്കും. നിങ്ങളുടെ കാല്‍ എപ്പോഴും ചുട്ടുപൊള്ളുകയായിരിക്കും,”കൃഷ്ണയ്യാ പറയുന്നു.

ഇതു തന്നെയാണെല്ലാവരുടേയും സ്ഥിതി എന്ന് മറ്റുള്ളവരും സാക്ഷ്യപ്പെടുത്തുന്നു. “വിശപ്പടക്കാനാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്, എങ്കിലും സംഭവിക്കുന്നത് ഇതാണ്, കഴിക്കുന്ന ഭക്ഷണം ജോലിയെടുത്ത് തീരുമ്പോഴേക്കും കത്തിത്തീരുന്നു.”

പരാതികള്‍ നിരവധിയാണ്, അവയൊക്കെ മിക്കപ്പോഴും ശരിയുമാണ്. തൊഴില്‍ദാന പദ്ധതി സംവിധാനത്തിന്റെ രീതി മൂലം പലപ്പോഴും ആളുകള്‍ രോഷാകുലരാകുകയാണ്. എങ്കിലും അതിന്റെ പ്രയോജനത്തെയും വിലയെയും കുറിച്ച് ഏകാഭിപ്രായമാണ് അവര്‍ക്കൊക്കെ. ഈ പദ്ധതി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും ഇത് നിര്‍ത്തണമെന്നും പറയുന്ന ഒറ്റ പാവപ്പെട്ടവനെപ്പോലും കാണാനാവില്ല.

“ഇത് കൊണ്ടാണ് ഞങ്ങള്‍ പിടിച്ച് നില്‍ക്കുന്നത്.” രാമുലു പറയുന്നു. “മാത്രമല്ല, അത് ഇവിടെത്തന്നെയാണ്, ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ. ഞങ്ങള്‍ക്കിത് ആവശ്യമുണ്ട്.”

*

ശ്രീ പി സായ്‌നാഥ് എഴുതിയ They lock on to the NREGA lifeline എന്ന കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: ദി ഹിന്ദു

P. Sainath is the rural affairs editor of The Hindu and is the author of Everybody Loves a Good Drought. He can be reached at psainath അറ്റ് vsnl ഡോട്ട് com

3 comments:

വര്‍ക്കേഴ്സ് ഫോറം said...

നാല്‍ഗോണ്ടയിലെ 110 ഫാരന്‍‌ഹീറ്റിനു മുകളിലുള്ള പൊള്ളുന്ന ചൂടിലും കഠിനമായി അദ്ധ്വാനിക്കുന്നതില്‍ നിന്ന് പ്രായം ഗദസു രാമുലുവിനെ തടയുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏതാണ് അറുപതോളം പേര്‍ ഇവിടെ സൂര്യാഘാതം മൂലം മരണമടയുകയുണ്ടായി. ഈ വര്‍ഷം ആന്ധ്രപ്രദേശില്‍ ഇത്തരം മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് നാല്‍ഗോണ്ടയിലാണ്. തന്റെ ഗ്രാമമായ റ്റാറ്റികൊലുവില്‍ ദേശീയ ഗ്രാമീണ തൊഴില്‍ ദാന പദ്ധതി ആരംഭിച്ചതിനുശേഷം രാമുലു 39 ദിവസം അവിടെ ജോലി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കയ്യിലെ പാസ്‌ബുക്ക് പറയുന്നു. മറുവശത്താകട്ടെ, കൌമാരത്തിന്റെ ആദ്യപകുതി പിന്നിടാത്ത കുട്ടികള്‍ പ്രായപൂര്‍ത്തിയായതായി അഭിനയിച്ച് എന്തെങ്കിലുമൊക്കെ ജോലി തരപ്പെടുത്തി തങ്ങളുടെ കുടുംബത്തിനൊരു സഹായമാകാന്‍ ശ്രമിക്കുന്നു.


ശ്രീ പി സായ്‌നാഥ് എഴുതിയ They lock on to the NREGA lifeline എന്ന കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ

പ്രിയ said...

"ഇതു തന്നെയാണെല്ലാവരുടേയും സ്ഥിതി എന്ന് മറ്റുള്ളവരും സാക്ഷ്യപ്പെടുത്തുന്നു. “വിശപ്പടക്കാനാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്, എങ്കിലും സംഭവിക്കുന്നത് ഇതാണ്, കഴിക്കുന്ന ഭക്ഷണം ജോലിയെടുത്ത് തീരുമ്പോഴേക്കും കത്തിത്തീരുന്നു.” "

Anonymous said...

ആ പാവങ്ങളെല്ലാം നേരെ കള്ളവണ്ടി കയറി ഇങ്ങോട്ടൂ ശബരി എക്സ്പ്റസില്‍ പോരാന്‍ പറയുക ഇവിടെ മൈക്കാടു ഇരുനൂറ്റി എഴുപത്തഞ്ച്‌ കൂലി ഒമ്പതു മണിക്കു വരണം കുറെ ചാന്തു കൂട്ടണം ചട്ടിയില്‍ ചുമന്നു കൊടുക്കണം പത്തു മണീക്കു ബ്റേക്ഫസ്റ്റു കഴിക്കാന്‍ പോകാം പിന്നെ ഒരു മണിക്കു ലഞ്ച്‌ ബ്റേക്‌ രണ്ടരകു പിന്നെയും അടുത്ത ചാന്തു കൂട്ടല്‍ അഞ്ചര ആറുമണിക്കു പോകാം (ഉടമയെ കാണിക്കാനാണേ അല്‍പ്പം ലേറ്റ്‌ ഔര്‍സ്‌) ആന്ധ്റയെക്കാള്‍ ചെലവു കുറഞ്ഞു നല്ല ലിക്കറ്‍ കിട്ടും പൊറോട്ട ബീഫ്‌ അടിപൊളി എങ്ങിനെ ആയാലും നൂറു രൂപ മിച്ചം വരും ദിവസേന. തെങ്ങില്‍ കേറാന്‍ അറിയാമെങ്കില്‍ തെങ്ങൊന്നിനു പത്തു രൂപ കിട്ടും ഇഷ്ടിക അടുക്കി കെട്ടാണ്‍ അറിഞ്ഞാല്‍ മുന്നൂറു മുതല്‍ മുന്നൂറ്റി അമ്പത്‌ രൂപ കൂലി പക്ഷെ ഇവിടെ ഇതു ചെയ്യാന്‍ ആളില്ല എല്ലാവര്‍കും എല്‍ ദീ സി ആയി ഏഴായിരം ശമ്പളം വാങ്ങി പണി എറ്റുക്കാതെ ചായ കുടിച്ചു മാസാവസാനമുള്ള പത്തു ദിവ്സം കടം വാങ്ങി കഴിയാന്‍ ആണു ഇഷ്ടം