Monday, February 2, 2009

ക്ട്...ക്ട്..ക്ട്

വേണ്ട എന്ന് കള്ളന്‍ കരുതിയതാണ്. പക്ഷേ കഴിയുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം. പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. കാറ്റിലെ തോണിപോലെ മനസ്സുലഞ്ഞു..

കള്ളന്‍ സ്വയം ഒരു ചോദ്യോത്തര പംക്തിയായി.

'ഞാന്‍ എന്തിനെഴുതണം?'

'എഴുതാന്‍ ഇനി ഞാന്‍ മാത്രമാണ് ബാക്കി.'

'എനിക്ക് എഴുതാനുള്ള അറിവുണ്ടോ?'

'അറിവും എഴുത്തും രണ്ടാണ് '

'മുഴുവന്‍ അക്ഷരങ്ങള്‍ പോലുമെനിക്കറിയില്ല.'

'എഴുതാന്‍ മുഴുവന്‍ അക്ഷരങ്ങളുമറിയണ്ട. പന്ത്രണ്ടെണ്ണം ധാരാളം. കാളിദാസന്‍ നിരക്ഷരനായിരുന്നെന്ന് കഥയുണ്ട്.'

'എനിക്ക് ഭാവനയില്ല. മുഖ്യതൊഴില്‍ കളവാണ്.'

'അതുതന്നെയാണ് വേണ്ടതും.'

'സര്‍ഗഭാവന..?'

'മണ്ണാങ്കട്ട.'

'ചിന്തിക്കാനറിയില്ല.'

'അതിന്റെ ആവശ്യമില്ല.'

'ഞാനിപ്പോള്‍ മാന്യമായ ഒരു ജോലി ചെയ്യുന്നുണ്ട്.'

'അതുപോര. സോഷ്യല്‍ ഓഡിറ്റിങ് നടക്കുമ്പോള്‍ ഒരു സോഷ്യല്‍ ഐഡന്റിറ്റി വേണം.'

'എനിക്ക് അറിയപ്പെടണ്ടവനാകണ്ട.'

'അറിയപ്പെട്ടതിനുശേഷം അങ്ങനെ ഭാവിച്ചാല്‍ മതി. അതാണ് ബുദ്ധി.'

'ഞാന്‍ ഇപ്പോള്‍ തൃപ്‌തനാണ്.'

'കൂടുതല്‍ തൃപ്‌തികള്‍ കാത്തിരിക്കുന്നു.'

'എനിക്കുയര്‍ന്ന് പോകണ്ട.'

'മേലോട്ട് കയറാതെ താഴേക്കിറങ്ങാനാവില്ല. മുകളിലെത്തിയാലേ മേല്‍ക്കൂര പൊളിക്കാനാവു.'

'എനിക്ക് ചവിട്ടിക്കയറണ്ട.'

'വേണ്ട. കാലു പിടിച്ചാല്‍ മതി. ചവിട്ടാതെ കയറാം'

'കയറിയാല്‍...'

'തോളിലെത്തിയാല്‍ ചെവി കടിക്കാം'

'അതിന്?'

'എഴുതുക.'

'എന്തെഴുതണം?'

'പോരടിച്ച് പേരെടുക്കുക.'

'എന്നിട്ട്?'

'അവസാനം സ്‌തുതി അല്ലെങ്കില്‍ ചതി. അതോടെ ഒരു നിലയിലാകും. പിന്നെ തിരിഞ്ഞു നോക്കണ്ട.'

കള്ളന്‍ സ്വന്തം പ്രജ്ഞക്ക് കീഴടങ്ങി. രാവിലെ എഴുന്നേറ്റ് ഓടാനും പിന്നെ എഴുതാനും തുടങ്ങി.

ആദ്യസൃഷ്‌ടി ലേഖനം.

വിഷയം: ആഗോളീകരണകാലത്തെ അര്‍ഥാന്തരന്യാസങ്ങള്‍.

രചന തുടങ്ങുന്നു.

'ഹെന്റി കൊയ്രാച്ചി ( പേര് സാങ്കൽ‌പികമാണ് ) ലംബമാനമായ അഭ്രപാളിയുടെ ഗുരുത്വാകര്‍ഷണത്തില്‍ തിരശ്ചീനമായി എഴുതിയ കാവ്യത്തില്‍ നായകന്‍ പാളവേഗതയില്‍(പാളത്തിലുള്ള വേഗത എന്ന് അര്‍ഥം) ചരിക്കുന്ന തീവണ്ടിയില്‍ യാത്ര ചെയ്യുന്ന രംഗമുണ്ട്. അനന്തമായ യാത്രയുടെ ആകുലസൂചകങ്ങള്‍ അടയാളപ്പെടുത്തുന്ന ബെര്‍ത്തുകളുടെ ഓരത്ത് പ്രാന്തീകരിക്കപ്പെട്ട ലഗേജുകളുടെ വിഹ്വലതകളിലേക്ക് സൈദ്ധാന്തികമായ ഉള്‍ക്കാഴ്‌ചയോടെ സ്വന്തം ദുരന്തത്തിലേക്ക് എന്നപോലെ നായകന്‍ നോക്കി നില്‍ക്കുന്നു.

നിക്കാചിയോ പുടിലോചി (ഈ പേരും സാങ്കല്‍പികം) എഴുതിയ 'ദ ലാസ്റ്റ് സ്റ്റോം' എന്ന കവിതയില്‍ 'നിന്റെ പ്രണയം എനിക്ക് തന്നതിനു ശേഷം അവശേഷിച്ച പാല്‍കട്ടി പൂച്ചകൊണ്ടുപോയി' എന്ന വരികളില്‍ കൊള്ളയടിക്കപ്പെട്ടു പോകുന്ന തീവ്രസ്വപ്‌നങ്ങളുടെ അണിയറകളില്‍ തിങ്ങിനിറയുന്ന അജ്ഞതകളുടെയും ദുരൂഹതകളുടെയും പരിപ്രേക്ഷ്യമുണ്ട്.

'ദ ബാക് ഗ്രൌണ്ട് ഓഫ് ഇന്റിമസി ഓഫ് ഇന്ററാക്ഷന്‍' എന്ന ഗ്രന്ഥത്തില്‍ (ഗ്രന്ഥം സാങ്കല്‍പികമാണ് ) ഫ്രഞ്ച് ചിന്തകന്‍ ദ്യൂമോ ദുറാങ്ങ് (പേര് സാങ്കൽ‌പികമാണ്) പുതിയ ആശയം വായനാ മണ്ഡലത്തിലെ പുതിയ സമ്മതിദായകര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുണ്ട്. ആശയങ്ങള്‍ മുലപ്പാല്‍ പോലെ സ്വീകരിക്കപ്പെടേണ്ടതല്ലെന്നും, സ്വീകര്‍ത്താവും ദാതാവും തമ്മിലുള്ള ആന്തരികമായ വൈരുദ്ധ്യത്തിന്റെ അകല്‍ച്ചാമുഖങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്ന ശരീരഭാഷയുടെ രതിരഥ്യകളില്‍ ആശ്ളേഷണ-വിശ്ളേഷണ സംഘര്‍ഷങ്ങളിലൂടെ ഉരുവപ്പെടേണ്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പ്രാചീന ദാമ്പത്യത്തിന്റെ തുറക്കാത്ത മധുവിധു മുറികള്‍ക്കകത്ത് നിറയുന്ന ഫോസിലുകളുടെ പരാങ്മുഖത്വത്തിന്റെ ഇണചേരലില്‍ നിന്നല്ല, കണ്ടുകെട്ടപ്പെട്ട സംവേദനക്ഷമതകളുടെ പ്രാകാരങ്ങള്‍ പൊളിച്ച് സ്വയം അനാവൃതമാകുന്ന ഉടലുകളുടെ കീഴടങ്ങാനാവാത്ത വാള്‍മുനത്തുമ്പുകളില്‍ പെയ്‌തിറങ്ങുന്ന ഋതുഭേദങ്ങളിലാണ് പുതിയ ഭാഷയുടെയും പുതിയ ചിന്തയുടെയും ആര്‍ത്തവചക്രങ്ങള്‍ തിരിഞ്ഞുകുത്തുന്നതെന്ന് മാഡ്രിഡ് സര്‍വകലാശാലയിലെ ബിരുദദാന സമ്മേളനത്തില്‍ ഡബ്ളിയു ഡബ്ളിയു ടി സരമാവോ (പേര് സാങ്കല്‍പികമാണ്) നവീന ആശയത്തിന് ഇടം നല്‍കി അവതീര്‍ണമാക്കുന്നുണ്ട്.'

കള്ളന്‍ സ്വയം കോരിത്തരിച്ച് ബോധരഹിതനായി. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവഹാനി ഉണ്ടായില്ല. എങ്കിലും സൂക്ഷിക്കണമെന്ന് ഡോൿടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇനി ഒരു കാരണവശാലും ലേഖനമെഴുതരുതെന്നും ഹെര്‍ണിയ വരാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു.

കള്ളന്‍ കരഞ്ഞു.

'എനിക്കെഴുതിയേ പറ്റൂ. വിങ്ങുന്ന ഒരു ഹൃദയമുണ്ടെനിക്ക് '

'നിര്‍ബന്ധമാണെങ്കില്‍ കഥയെഴുതിക്കോളൂ. ഒരു കായകല്‍പ ചികില്‍സയുടെ സുഖം കിട്ടും. ഗുണപാഠമുള്ളതാണെങ്കില്‍ ഗുണഭോക്താവുമാകാം.'- ഡോൿടര്‍ പറഞ്ഞു.

അങ്ങനെ കള്ളന്‍ കഥയെഴുതി.

'ആവശ്യരഹിതമായി ആ രാത്രിയില്‍ ആ കള്ളന്‍ അസ്വസ്ഥനായി. ചിന്തയുടെ കറുത്ത പാമ്പുകള്‍ ആ ശരീരത്തില്‍ ഇഴഞ്ഞുനടന്നു. അവയുടെ വിറയ്‌ക്കുന്ന ചുണ്ടുകളില്‍ ചുംബിക്കാന്‍ അയാള്‍ കൊതിച്ചു.

അയാള്‍ പെട്ടെന്ന് തന്റെ കാമുകിയെ ഓര്‍ത്തു. കാറ്റത്താടുന്ന അവളുടെ മുടിയില്‍ നൃത്തംവയ്‌ക്കുന്ന പാമ്പുകളെ അയാള്‍ സ്വപ്‌നം കണ്ടു. അയാള്‍ ആ പാമ്പുകളുടെ നിറുകയില്‍ തലോടി. അവ കിതയ്‌ക്കുന്ന സീല്‍ക്കാരം അയാളുടെ നെഞ്ചില്‍ വിതറി. അവളുടെ വിയര്‍പ്പിന്റെ ഗന്ധം അയാള്‍ ശ്വസിച്ചു. ഒരു തണുത്ത നിലാവായി അവളുടെ മടിയില്‍ മരിച്ച് കിടക്കാന്‍ അയാള്‍ കൊതിച്ചു.

ചുമരില്‍ പതിച്ച ഘടികാരത്തിന്റെ സൂചിയില്‍ നിന്നും കാലത്തിന്റെ നിമിഷങ്ങള്‍ ഇറ്റു വീണു.

കള്ളന്റെ അസ്വസ്ഥത മാറിയില്ല. അത് ചുര മാന്തി നിന്നു. അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. വാറ്റു ചാരായം ഒരു വെട്ടുഗ്ളാസ് കൂടി വെള്ളം ചേര്‍ക്കാതെ കുടിച്ചു. ബീഥോവന്റെ സംഗീതം കേട്ടു. ഖലീല്‍ ജിബ്രാന്റെ കവിത വായിച്ചു. എന്നിട്ടും പിറക്കാത്ത കുഞ്ഞായി അസ്വസ്ഥത മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍ തിടം വെച്ച് കൈകാലിട്ടടിച്ചു.

അസ്വസ്ഥതയുടെ പിന്നാലെ അങ്ങനെ സഞ്ചരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അധികം വൈകാതെ നേരം പുലരും.

ഇന്നത്തെ പണി ചെയ്‌തില്ലെങ്കില്‍ നാളെ അന്നമില്ല. അസ്വസ്ഥത മറ്റൊരു ദിവസത്തേക്ക് മാറ്റി അയാള്‍ കറുത്ത മുണ്ടും കറുത്ത ബനിയനുമിട്ടു. ബനിയനകത്ത് ഒരു നേരിയ ടോര്‍ച്ചും മടിക്കുത്തില്‍ ഒരു കത്തിയും തിരുകി.

അയാള്‍ ഇറങ്ങി. പുറത്ത് ആകാശത്തിന്റെ നിറുകയില്‍ നിന്നും ഒലിച്ചിറങ്ങിയ രാത്രി. കണ്ണുപൊട്ടിപ്പോയ നക്ഷത്രങ്ങള്‍. നാടുകടത്തപ്പെട്ട മിന്നാമിനുങ്ങുകള്‍. ഇരുട്ടില്‍ അയാള്‍ക്ക് പേടി തോന്നിയില്ല. അത് ഷട് ഡൌണ്‍ ചെയ്‌ത കംപ്യൂട്ടര്‍ സ്‌ക്രീന്‍ മാത്രം. അയാള്‍ക്കറിയാം മൌസ് എവിടെയാണെന്ന്.

ദൂരെ ഒരു പട്ടിയുടെ ക്ഷീണിച്ച കുര. മൂങ്ങയുടെ വികാരശൂന്യമായ കരച്ചില്‍.

പകല്‍ തന്നെ വീട് കണ്ടുപിടിച്ചതിനാല്‍ അലയേണ്ടി വന്നില്ല. ഗേറ്റ് അകത്തുനിന്ന് പൂട്ടിയിട്ടുണ്ട്.

പാവങ്ങള്‍!.

കള്ളന്‍ ശബ്‌ദമുണ്ടാക്കാതെ ഗേറ്റ് ചാടിക്കടന്നു.

പെട്ടെന്ന് ഒരു കോഴി കൂകി.

കള്ളന്‍ ശ്രദ്ധിച്ചു.

തന്നെ ആരെങ്കിലും തള്ളിപ്പറയുന്നുണ്ടോ?

ഇല്ല.

അല്ലെങ്കിലും വെളിച്ചത്തിന്റെ പ്രവാചകനെ ഇരുട്ടിന്റെ മറവില്‍ ആരു തള്ളിപ്പറയാന്‍?

വീട് സസൂക്ഷ്‌മം നിരീക്ഷിച്ചു. വാതിലും ജനലുമൊക്കെ ഭദ്രമായി അടച്ചിട്ടുണ്ട്. കനത്ത സുരക്ഷിതത്വബോധത്തിനകത്ത് സുഖനിദ്രയിലായിരിക്കും അവര്‍. സുരക്ഷിതത്വം മനസ്സിന്റെ തോന്നലാണെന്നറിയാത്ത ശുദ്ധാത്മാക്കള്‍!.

കള്ളന്‍ വാതിലിനടുത്തെത്തി. നല്ല ഉറപ്പുള്ള തേക്കുകൊണ്ടാണ് വാതില്‍.

വനഭംഗി ചെത്തിമിനുക്കി മനുഷ്യന്റെ സ്വാര്‍ഥതയുടെ ശവപ്പെട്ടി പണിതിരിക്കുന്നു.

കള്ളന് ദേഷ്യം വന്നു.

അയാളുടെ മനസ്സില്‍ ഒരു ഒറ്റയാന്‍ ചിന്നം വിളിച്ചു.

അയാള്‍ ചുറ്റും നോക്കി.

ഭാഗ്യം ആരും കേട്ടില്ല!

അയാള്‍ കത്തിയെടുത്ത് വാതില്‍ പഴുതിലൂടെ കടത്തി. പതുക്കെ സാക്ഷ നീക്കി.

ക്ട്..ക്ട്..ശബ്ദം.

കള്ളന്‍ മനസ്സില്‍ പറഞ്ഞു.

' സൈലന്‍സ് പ്ളീസ്..'

പക്ഷെ'ക്ട്..ക്ട്..' ശബ്ദം ഒഴിവാക്കാനായില്ല.

ശബ്ദം കേട്ട് അകത്താരോ ഉണര്‍ന്നപോലെ. കള്ളന്‍ പണി തല്‍ക്കാലത്തേക്ക് നിര്‍ത്തി.

കുറച്ച് നേരം ശ്രദ്ധിച്ചു. കുഴപ്പമില്ല. പണി തുടങ്ങി.

....ക്ട്..ക്ട്...

അകത്ത് അടക്കിപ്പിടിച്ച ശബ്ദം. ശബ്‌ദത്തിന് നല്ല പേടിയുടെ പനി.

ഭാര്യ ഭര്‍ത്താവിനെ വിളിച്ചു.

'..ഏയ്..ഏയ്..'

ഭര്‍ത്താവ് എഴുന്നേറ്റു.

'എന്താ..'

'ഒരു ശബ്‌ദം.'

'നിനക്ക് തോന്നിയതാവും'

'അല്ല'

'എന്ത് ശബ്‌ദം..?'

'..ക്ട്..ക്ട്..'

'..ഓ! അത് വല്ല പട്ടിയും വന്ന് വാതിലില്‍ മുട്ടിയതാവും..'

കള്ളന് സഹിച്ചില്ല.

പട്ടിയോ..താനോ..?

ഇന്നോളം ആരും അങ്ങനെ വിളിച്ചിട്ടില്ല.

കള്ളന് അരിശം സഹിച്ചില്ല.

അയാള്‍ ഉറക്കെപ്പറഞ്ഞു.

'..പട്ടി നിന്റെ തന്ത..'

അഭിമാനത്തോടെ കള്ളന്‍ ഗേറ്റ് ചാടി പുറത്തേക്ക് പോയി.

ഗുണപാഠം: പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം.

****

എം എം പൌലോസ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

'ദ ബാക് ഗ്രൌണ്ട് ഓഫ് ഇന്റിമസി ഓഫ് ഇന്ററാക്ഷന്‍' എന്ന ഗ്രന്ഥത്തില്‍ (ഗ്രന്ഥം സാങ്കല്‍പികമാണ് ) ഫ്രഞ്ച് ചിന്തകന്‍ ദ്യൂമോ ദുറാങ്ങ് (പേര് സാങ്കൽ‌പികമാണ്) പുതിയ ആശയം വായനാ മണ്ഡലത്തിലെ പുതിയ സമ്മതിദായകര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുണ്ട്. ആശയങ്ങള്‍ മുലപ്പാല്‍ പോലെ സ്വീകരിക്കപ്പെടേണ്ടതല്ലെന്നും, സ്വീകര്‍ത്താവും ദാതാവും തമ്മിലുള്ള ആന്തരികമായ വൈരുദ്ധ്യത്തിന്റെ അകല്‍ച്ചാമുഖങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്ന ശരീരഭാഷയുടെ രതിരഥ്യകളില്‍ ആശ്ളേഷണ-വിശ്ളേഷണ സംഘര്‍ഷങ്ങളിലൂടെ ഉരുവപ്പെടേണ്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പ്രാചീന ദാമ്പത്യത്തിന്റെ തുറക്കാത്ത മധുവിധു മുറികള്‍ക്കകത്ത് നിറയുന്ന ഫോസിലുകളുടെ പരാങ്മുഖത്വത്തിന്റെ ഇണചേരലില്‍ നിന്നല്ല, കണ്ടുകെട്ടപ്പെട്ട സംവേദനക്ഷമതകളുടെ പ്രാകാരങ്ങള്‍ പൊളിച്ച് സ്വയം അനാവൃതമാകുന്ന ഉടലുകളുടെ കീഴടങ്ങാനാവാത്ത വാള്‍മുനത്തുമ്പുകളില്‍ പെയ്‌തിറങ്ങുന്ന ഋതുഭേദങ്ങളിലാണ് പുതിയ ഭാഷയുടെയും പുതിയ ചിന്തയുടെയും ആര്‍ത്തവചക്രങ്ങള്‍ തിരിഞ്ഞുകുത്തുന്നതെന്ന് മാഡ്രിഡ് സര്‍വകലാശാലയിലെ ബിരുദദാന സമ്മേളനത്തില്‍ ഡബ്ളിയു ഡബ്ളിയു ടി സരമാവോ (പേര് സാങ്കല്‍പികമാണ്) നവീന ആശയത്തിന് ഇടം നല്‍കി അവതീര്‍ണമാക്കുന്നുണ്ട്.'

കള്ളന്‍ സ്വയം കോരിത്തരിച്ച് ബോധരഹിതനായി. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവഹാനി ഉണ്ടായില്ല. എങ്കിലും സൂക്ഷിക്കണമെന്ന് ഡോൿടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇനി ഒരു കാരണവശാലും ലേഖനമെഴുതരുതെന്നും ഹെര്‍ണിയ വരാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു.

എം എം പൌലോസിന്റെ നർമ്മ ഭാവന

Anonymous said...

ലാവ്ലിനെപ്പറ്റി എഴുതുന്നതു ഒഴിവാക്കാന്വേണ്ടി ഫോറം ഇട്ട ഈ പോസ്റ്റ് വളരെ പ്രസക്തമായി!
എന്തായാലും മൌനം പാലിച്ചാൽ അതു കുറ്റമാകുമായിരുന്നു.ഇത്രയും അടിയന്തരശ്രദ്ധ പതീയേണ്ട കാര്യങ്ങളിരിക്കുമ്പോൾ എന്തു ലാവ്ലിൻ?

Anonymous said...

"ലാവ്ലിനെപ്പറ്റി എഴുതുന്നതു ഒഴിവാക്കാന്വേണ്ടി ഫോറം ഇട്ട ഈ പോസ്റ്റ് വളരെ പ്രസക്തമായി!.."

ലാവ്‌ലിന്‍,വേണം വേണം ശരിക്ക് പിടിച്ചാ ആ കാര്‍ത്തികേയനെയും,ആന്തോണിയെയും കടവൂരാനെയും
പിടിക്കാം.പിന്നെ ദല്ഹിലെ 'പൂജനീയ' ഓഫീസ്സില്‍ അടിച്ച്ചുമാട്ടപ്പെട്ട 5 കോടിയെപ്പറ്റി എഴുതൂ ഫോറം(ഏയ് പോലിസ്നെ പോലും വിസ്വാസില്ല,പരാതി കൊടുത്തിട്ടില്ല,പ്രൈവറ്റ് ദിട്ടക്ടിവ് അന്വേഷിക്കും, ഏത് മഹാജനാ അടിച്ചു മാറ്റിയെന്നു അറിയാന്‍)പിന്നെ നമ്മുടെ പ്രണാബ് കുമാരന്‍ ലാവലിനുമായി ഒരാഴ്ചമുമ്പ് ആണവ റിയാക്ടോര്‍ ചര്‍ച്ചയെക്കുറിച്ചും എഴുതാം(എന്താ,സി.ബി.ഐ ക്ക് നേരിട്ടു അവരോടു കേരളത്തിലെ ഇടപാടിനെക്കുരിച്ച്ചു ചോദിച്ചൂടെന്നോ ,എന്താ ലാവലിന്‍ സി.ബി.ഐ കേസില്‍ പ്രതിയെന്നോ,കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞോ ലാവളിനോടു-അവരുടെ ഭാഗത്തുള്ള പ്രതിയെ വിട്ടു തരാന്‍.ഏയ്,അതൊക്കെ ഒരു അട്ജസ്റ്റ്മെന്റ് അല്ലെ,നമ്മക്ക് 'ചിലരെ' പ്രതിയാക്കണം..അത്രന്നെ).പിന്നെ ശവപ്പെട്ടിയെപ്പറ്റി,ബന്കാരുനെ,പെട്രോള്‍ പമ്പ്‌ അമുക്കല്‍ ഒന്നും മിണ്ടിപ്പോകരുത്‌, ഫോറം..