സംഭവം ഗംഭീരമായി.
ചാക്കാടുംപാറ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ശങ്കരങ്കുളങ്ങര കുട്ടികൃഷ്‌ണന്‍ വിരണ്ടു.
സംഗതി ലൈവായി.
ഇടന്തലയില്‍ ചാനല്‍സുന്ദരിയും (ഇനി മുതല്‍ ചാരി) വലന്തലയില്‍ ചാനല്‍ സുന്ദരനും (ഇനിമുതല്‍ ചാര) കൊട്ടിക്കയറി. മുറിയടന്തയിലായിരുന്നു വായന.
ചാരി തുടങ്ങി.
' ഇപ്പോള്‍ ഞങ്ങളുടെ ലേഖകന്‍ ചാര ലൈനിലുണ്ട്. ചാരാ എന്തൊക്കെയാണ് വിശേഷങ്ങള്‍..?'
ചാര: ചാരി, നല്ല വിശേഷങ്ങളാണ്. ക്ഷേത്രത്തില്‍ ഭഗവതിയുടെ തിടമ്പേറ്റി നില്‍ക്കുമ്പോഴാണ് ശങ്കരങ്കുളങ്ങര കുട്ടികൃഷ്‌ണന്‍ ഇടഞ്ഞത്. ഇടയാനുള്ള കാരണം അറിവായിട്ടില്ല. കുട്ടികൃഷ്‌ണന്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. പലവട്ടം നമ്മള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കുട്ടികൃഷ്‌ണന്‍ ഓടിമറയുകയാണ്.
പട്ടരുശ്ശേരി ഗോപാലനെ അടുത്ത് നിര്‍ത്തിയതാണ് കുട്ടികൃഷ്‌ണന്‍ ഇടയാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. പട്ടരുശ്ശേരിയും ശങ്കരങ്കുളങ്ങരയും ഉറച്ച മതേതര ജനാധിപത്യ വിശ്വാസികളാണെങ്കിലും കുട്ടികൃഷ്‌ണന് ഗോപാലനോട് നീരസമുണ്ട്. ഗോപാലന്‍ ജാതിയില്‍ താഴ്ന്നതാണെന്ന് കുട്ടികൃഷ്‌ണന്‍ ചില അടുത്ത സുഹൃത്തക്കളോട് പറഞ്ഞതായി ഉന്നതവൃത്തത്തെ ഉദ്ധരിച്ച് ഒരു ദീര്‍ഘചതുരം നമ്മളെ അറിയിച്ചു. ഗോപാലന്‍ അടുത്തു വരുമ്പോള്‍ ഒരു വൃത്തികെട്ട ചൂരുണ്ടെന്ന് കുട്ടികൃഷ്‌ണന്‍ കളിയാക്കാറുണ്ട്. കുട്ടികൃഷ്‌ണനെയും ഗോപാലനെയും ഒന്നിച്ച് എഴുന്നുള്ളിക്കാറില്ല. എന്നാല്‍ പുതിയ ഉത്സവകമ്മറ്റിക്കാര്‍ക്ക് ഇത് അറിയില്ലായിരുന്നു. അതാണ് കുഴപ്പത്തിന് കാരണമായത്, ചാരി.'
ചാരി: ചാര, ഉത്സവകമ്മറ്റിക്കാരെ ബന്ധപ്പെട്ടോ..?'
ചാര: ഉത്സവകമ്മറ്റിക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവര്‍ ഊണുകഴിക്കുകയാണ്. അതു കഴിഞ്ഞാല്‍ ബന്ധപ്പെടാം, ചാരി.
ചാരി: നന്ദി ശ്രീ. ചാര. ഇപ്പോള്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ശ്രീ. ഇളവേലില്‍ അരവിന്ദാക്ഷന്‍ നമ്മോടൊപ്പമുണ്ട്. ശ്രീ. ഇളവേലില്‍, ആനകള്‍ക്കിടയില്‍ ഇപ്പോഴും എന്താണ് അയിത്തം നിലനില്‍ക്കുന്നത്?. പ്രത്യേകിച്ച് കേരളത്തിലെപ്പോലെ ഒരു സംസ്ഥാനത്ത്..?'
ഇളവേലില്‍: കേരളത്തിലെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രത്യേകത അത് ജനങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്നു എന്നതാണ്. ആനകള്‍ക്കോ മറ്റ് ജന്തുക്കള്‍ക്കിടയിലേക്കോ അതിറങ്ങിച്ചെന്നില്ല. അതുകൊണ്ട് ആനകള്‍ പൊതുസമൂഹത്തില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി. ചുറ്റുമുള്ള സമൂഹം മാറിയതിനനുസരിച്ച് ആനകള്‍ മാറാതിരുന്നതിന്റെ പ്രശ്‌നം അതുനേരിടുന്നുണ്ടായിരുന്നു. പൊതുസമൂഹത്തെ നേരിടുമ്പോള്‍ ഈ അപകര്‍ഷതാബോധം ആനകളെ വേട്ടയാടുന്നുണ്ട്. ഈ അസ്വസ്ഥതയാണ് ഇടച്ചിലിനിടയാക്കുന്നത്.
ചാരി: ശ്രീ. ഇളവേലില്‍, എന്തുകൊണ്ടാണ് ആനകളില്‍ ഒരു നവോത്ഥാനപ്രസ്ഥാനം ഉണ്ടാകാതെ പോയത് ?
ഇളവേലില്‍: പത്തൊമ്പതാം നൂറ്റാണ്ടില്‍ ആനകള്‍ മുഖ്യധാരയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു.അവര്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. ക്രിസ്‌ത്യന്‍ മിഷണറിമാരും അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നില്ല. അതുകൊണ്ട് നവോത്ഥാന ചിന്തകള്‍ ആനകളിലേക്ക് എത്തിയില്ല.
ചാരി: നന്ദി, ശ്രീ ഇളവേലില്‍. നമുക്ക് ചാരനിലേക്ക് തിരിച്ച് ചെല്ലാം. ശ്രീ, ചാര, ഇടയുമ്പോള്‍ കുട്ടികൃഷ്‌ണന്‍ എന്തുചെയ്യുകയായിരുന്നു?.
ചാര: ഇടയുമ്പോള്‍ കുട്ടികൃഷ്‌ണന്‍ ഇടയുക തന്നെയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചാരി: എത്ര മണിയോടെയാണ് ഇടച്ചില്‍ തുടങ്ങിയത?.
ചാര: കൃത്യ സമയം അറിയാന്‍ കഴിഞ്ഞിട്ടില്ല. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ആരും സമയം നോക്കിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചാരി: കുട്ടികൃഷ്‌ണന്‍ ഇടയുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് മാത്രമുള്ള ദൃശ്യങ്ങളാണ്. ഇടഞ്ഞത് എങ്ങനെയാണെന്ന് ചുരുക്കി വിവരിക്കാമോ, ചാര?
ചാര: ഭഗവതിയുടെ തിടമ്പേറ്റി നിന്ന കുട്ടികൃഷ്‌ണന്‍ പെട്ടെന്ന് തിടമ്പ് കുടഞ്ഞെറിഞ്ഞ് അടുത്തുനിന്ന ഗോപാലനെ കുത്തുകയായിരുന്നു. പിന്നീട് ഒന്നാം പാപ്പാനെ തുമ്പിക്കയ്യിലെടുത്ത് ' ഓമനത്തിങ്കള്‍ കിടാവോ...നല്ല കോമളത്താമരപ്പൂവോ..എന്ന് പാടി എറിയുകയായിരുന്നു. ഏതാണ്ട് നാലുകിലോമീറ്റര്‍ പറന്ന് പാപ്പാന്‍ ഒരു കുളത്തില്‍ചെന്ന് വീഴുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചാരി: എങ്ങനെയാണ് അത് ?. വീണ് കുളമാവുകയായിരുന്നോ?, കുളമായി വീഴുകയായിരുന്നോ?.
ചാര: അതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ചാരി: ശ്രീ ഒന്നാം പാപ്പാന്‍ ഇപ്പോള്‍ നമ്മോടൊപ്പം കുളത്തിലുണ്ട്. ശ്രീ. ഒന്നാം പാപ്പാന്‍ സുഖമാണോ?
ഒന്നാം പാപ്പാന്‍: സുഖമാണ്.
ചാരി: ശ്രീ, ഒന്നാം പാപ്പാന്‍..കേള്‍ക്കാമോ..?.
ഒന്നാം പാപ്പാന്‍: പറഞ്ഞാല്‍ കേള്‍ക്കാം.
ചാരി: ശ്രീ ഒന്നാം പാപ്പാന്‍, എങ്ങനെയാണ് വീണത്..?
ഒന്നാം പാപ്പാന്‍: തലകുത്തിയാണ് വീണത്.
ചാരി: അപ്പോള്‍ കാല് മുകളിലായിരുന്നോ..?
ഒന്നാം പാപ്പാന്‍: അല്ല. സൈഡിലായിരുന്നു.
ചാരി: വീഴുമ്പോള്‍ ഉണ്ടായ അനുഭവം ഒന്ന് വിവരിക്കാമോ..?
ബ്ളും...ബ്ളും...എന്ന ശബ്ദം മാത്രം.
ചാരി: ഒന്നാം പാപ്പാന്‍ മുങ്ങിപ്പോവുകയാണെന്ന് തോന്നുന്നു. പൊങ്ങിവരുമ്പോള്‍ തിരിച്ചുവരാം. ശ്രീ ചാര, ഒന്നാം പാപ്പാനെ എറിഞ്ഞ ശേഷം കുട്ടികൃഷ്‌ണന്‍ എന്താണ് ചെയ്തത്..?
ചാര: ഒന്നാം പാപ്പാനെ എറിഞ്ഞശേഷം കുട്ടികൃഷ്‌ണന്‍ രണ്ടാം പാപ്പാനെ പിന്‍കാലുകൊണ്ട് തൊഴിക്കാന്‍ ശ്രമിക്കുകയായരുന്നു. എന്നാല്‍ രണ്ടാം പാപ്പാന്‍ നന്നായി മദ്യപിച്ചിരുന്നതിനാല്‍ കുട്ടികൃഷ്‌ണന്‍ ഉദ്ദേശിച്ച സ്ഥലത്ത് രണ്ടാം പാപ്പാനെ കിട്ടിയില്ല. അതോടെ കുട്ടികൃഷ്‌ണന്‍ കൂടുതല്‍ കുപിതനാവുകയാണ് ഉണ്ടായത്, ചാരി.
ചാരി: ഇപ്പോള്‍ ചാക്കാടും പാറ പഞ്ചായത്തിലെ മദ്യ നിരോധന സമിതി പ്രസിഡന്റ് പ്രൊഫ. അഴുതമ്പാറ സദാശിവന്‍ നമ്മോടൊപ്പമുണ്ട്. ശ്രീ. അഴുതമ്പാറ എന്താണ് അങ്ങേക്ക് പറയാനുള്ളത്. മദ്യം മനുഷ്യനെ നശിപ്പിക്കും എന്ന് പറയുമ്പോള്‍ തന്നെ ഇവിടെ മദ്യം രക്ഷകനായി മാറിയ സംഭവമാണ് നമ്മള്‍ കാണുന്നത്. എന്ത് തോന്നുന്നു?
അഴുതമ്പാറ: അങ്ങനെ പറയാനാവില്ല. മദ്യപാനിയായ പാപ്പാന്‍ പരിശീലിപ്പിച്ചതുകൊണ്ടാണ് കുട്ടികൃഷ്‌ണന്‍ അങ്ങനെയായത്. മദ്യപാനിയായ ഒരാള്‍ക്ക് എത്രയായാലും ശിഷ്യന്മാര്‍ക്ക് മാതൃകയാകാനാകില്ല. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഗുരുവിന്റെ ചില വിശേഷഗുണങ്ങള്‍ ശിഷ്യന്മാരും അനുകരിക്കുക സ്വാഭാവികം. നല്ല സാമൂഹ്യബോധമുള്ള ഒരധ്യാപകന്റെ പരിശീനത്തിലായിരുന്നു കുട്ടികൃഷ്‌ണനെങ്കില്‍ ഒരിക്കലും വഴിതെറ്റിപ്പോകുമായിരുന്നില്ല.മാത്രമല്ല, സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഉത്തമപൌരനായി മാറുകയും ചെയ്യുമായിരുന്നു.
ചാരി: ശ്രീ. അഴുതമ്പാറ, ആന എങ്ങനെയാണ് ഒരു ഉത്തമ പൌരനായി മാറുന്നത്?
അഴുതമ്പാറ: നമ്മുടെ ഉത്തമപൌര സങ്കല്‍പത്തിലേക്കാണ് ഈ ചോദ്യം എന്നെ നയിക്കുന്നത്. എങ്ങനെയാണ് ഒരു ഉത്തമപൌരന്‍ ഉണ്ടാവുന്നത്?. രാവിലെ എഴുന്നേല്‍ക്കുക, കുളിച്ച് വൃത്തിയാവുക, തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, മദ്യപാനം, പുകവലി, ചായകുടി എന്നിവ പൂര്‍ണമായും ഒഴിവാക്കുക. കഴിയുന്നത്ര അലക്കിത്തേച്ച വസ്ത്രം ധരിക്കുക. ഇങ്ങനെ പരിശീലിച്ചാല്‍ ആനക്ക് മാത്രമല്ല, ഏത് കാട്ടുപോത്തിനും ഉത്തമ പൌരനാകാം.
ചാരി: നന്ദി, ശ്രീ അഴുതമ്പാറ. ചാര, ഇപ്പോള്‍ എന്താണ് അവിടെ നടക്കുന്നത്?. കുട്ടികൃഷ്‌ണന്‍ എന്തുചെയ്യുന്നു?.
ചാര: ക്ഷേത്രമുറ്റത്തെത്തിയ കുട്ടികൃഷ്‌ണന്‍ ശ്രീകോവിലിന് മുന്നിലെത്തി ഭഗവതിയെ തൊഴുതശേഷം അടുത്ത പറമ്പിലേക്കാണ് ഓടിക്കയറിയത്. അവിടെയുള്ള രണ്ട് തെങ്ങുകള്‍ പിഴുതെടുത്തു. മൂന്നാമത്തെ തെങ്ങ് കുത്തിമറിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കുട്ടികൃഷ്‌ണന്‍, ചാരി.
ചാരി: ഇപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ പള്ളിച്ചല്‍ പത്മനാഭന്‍ നമ്മോടൊപ്പമുണ്ട്. ശ്രീ. പത്മനാഭന്‍, ആനകള്‍ ഇടയുമ്പോള്‍ തെങ്ങുകളോടാണ് സാധാരണ പരാക്രമം കാണിക്കുന്നത് എന്തുകൊണ്ടാണ് ഇത്?.
പത്മനാഭന്‍: ഭാരതം പ്രധാനമായും കാര്‍ഷികരാജ്യമാണ്. കേരളമാകട്ടെ കേരങ്ങളുടെ നാടുമാണ്. എന്നാല്‍ കേരളത്തിലെ പ്രധാന മൃഗമായ ആനക്ക് കൃഷിയില്‍ ഒരു റോളുമില്ല എന്ന ഒരു വിരോധാഭാസവുമുണ്ട്. ദൈനംദിന ജീവിതത്തില്‍ നമ്മോടൊപ്പമുള്ള എല്ലാ മൃഗങ്ങള്‍ക്കും രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ ചെറുതായെങ്കിലും ഒരു പങ്കുണ്ട്. പൂച്ചകള്‍ക്കു പോലുമുണ്ട് സൃഷ്‌ടിപരമായ ഒരു ചെറിയ റോള്‍. എന്നാല്‍ ആനകളാകട്ടെ ഇപ്പോഴും ഒരു കാഴ്‌ചവസ്‌തു മാത്രമാണ്. ചെയ്യുന്ന ജോലിയാകട്ടെ പരിസ്ഥിതിക്ക് ഭംഗം വരുത്തുന്നതും. കാട്ടില്‍ വെട്ടിയിടുന്ന മരങ്ങള്‍ വലിക്കലാണല്ലൊ അവര്‍ ചെയ്യുന്നത്.
തന്റെ വിഭവശേഷി ഉപയോഗിക്കാത്തതില്‍ ആനകള്‍ക്ക് സ്വാഭാവികമായും പകയുണ്ട്. അത്തരം പകകളാണ് ഇത്തരം സന്ദര്‍ഭത്തില്‍ പുറത്തു വരുന്നത്.
ചാരി: എന്നാല്‍ തെങ്ങിനോട് മാത്രം എന്താണ് പ്രത്യേകിച്ച് വൈരാഗ്യം?.
പത്മനാഭന്‍: ശക്തനായ പ്രതിയോഗിയെ കീഴ്പ്പെടുത്താനാവും ആര്‍ക്കും ഇഷ്ടം. പ്രബലനായ എതിരാളിയെ തന്നെയായിരിക്കും ആനയ്‌ക്കും താല്‍പര്യം. അതുകൊണ്ടാണ് ഉയരത്തിലെങ്കിലും തനിക്കൊപ്പം നില്‍ക്കുന്ന തെങ്ങിന് നേരെ ആന തിരിയുന്നത്. അല്ലാതെ ഇടഞ്ഞ ആന രണ്ട് ചെമ്പരത്തിക്കൊമ്പൊടിച്ചു, നാല് കുറുന്തോട്ടി പറിച്ചു എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ ഗൌരവം തോന്നുക?. ചിരിയല്ലേ വരൂ.
ചാരി: നന്ദി ശ്രീ പ്രൊഫസര്‍ പള്ളിച്ചല്‍ പത്മനാഭന്‍. നമുക്ക് ഇടഞ്ഞ ആനയിലേക്ക് പോകാം. ചാര, എന്താണ് ഇപ്പോള്‍ അവിടെ നടക്കുന്നത്?.
ചാര: ഇടഞ്ഞ ആന ഇപ്പോള്‍ ശാന്തനായി കാണപ്പെടുന്നു. ഉത്സവ കമ്മറ്റിക്കാര്‍ കൊടുത്ത ഒരു ഗ്ലാസ് നാരങ്ങനീര് കുട്ടികൃഷ്‌ണന്‍ കുടിച്ചു. ഒരു തെങ്ങില്‍ ചാരി നില്‍ക്കുകയാണ് ഇപ്പോള്‍ കുട്ടികൃഷ്‌ണന്‍. ആളുകള്‍ തിരിച്ചുവരുന്ന കാഴചയാണ് കാണുന്നത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാവുകയാണ്.
ചാരി: എന്താണ് കുട്ടികൃഷ്‌ണന്‍ ഇടയാനുള്ള കാരണം?.
ചാര: അത് ഇപ്പോഴും വ്യക്തമായിട്ടില്ല. രാത്രി എട്ടു മണിയോടെ കുട്ടികൃഷ്‌ണന്‍ വാര്‍ത്താലേഖകരെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ അപ്പോള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ.
*****
എം എം പൌലോസ്
Monday, February 23, 2009
Subscribe to:
Post Comments (Atom)
5 comments:
ചാരി: എന്നാല്‍ തെങ്ങിനോട് മാത്രം എന്താണ് പ്രത്യേകിച്ച് വൈരാഗ്യം?.
പത്മനാഭന്‍: ശക്തനായ പ്രതിയോഗിയെ കീഴ്പ്പെടുത്താനാവും ആര്‍ക്കും ഇഷ്ടം. പ്രബലനായ എതിരാളിയെ തന്നെയായിരിക്കും ആനയ്‌ക്കും താല്‍പര്യം. അതുകൊണ്ടാണ് ഉയരത്തിലെങ്കിലും തനിക്കൊപ്പം നില്‍ക്കുന്ന തെങ്ങിന് നേരെ ആന തിരിയുന്നത്. അല്ലാതെ ഇടഞ്ഞ ആന രണ്ട് ചെമ്പരത്തിക്കൊമ്പൊടിച്ചു, നാല് കുറുന്തോട്ടി പറിച്ചു എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ ഗൌരവം തോന്നുക?. ചിരിയല്ലേ വരൂ.
ചാരി: നന്ദി ശ്രീ പ്രൊഫസര്‍ പള്ളിച്ചല്‍ പത്മനാഭന്‍. നമുക്ക് ഇടഞ്ഞ ആനയിലേക്ക് പോകാം. ചാര, എന്താണ് ഇപ്പോള്‍ അവിടെ നടക്കുന്നത്?.
ചാര: ഇടഞ്ഞ ആന ഇപ്പോള്‍ ശാന്തനായി കാണപ്പെടുന്നു. ഉത്സവ കമ്മറ്റിക്കാര്‍ കൊടുത്ത ഒരു ഗ്ലാസ് നാരങ്ങനീര് കുട്ടികൃഷ്‌ണന്‍ കുടിച്ചു. ഒരു തെങ്ങില്‍ ചാരി നില്‍ക്കുകയാണ് ഇപ്പോള്‍ കുട്ടികൃഷ്‌ണന്‍. ആളുകള്‍ തിരിച്ചുവരുന്ന കാഴചയാണ് കാണുന്നത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാവുകയാണ്.
ചാരി: എന്താണ് കുട്ടികൃഷ്‌ണന്‍ ഇടയാനുള്ള കാരണം?.
ചാര: അത് ഇപ്പോഴും വ്യക്തമായിട്ടില്ല. രാത്രി എട്ടു മണിയോടെ കുട്ടികൃഷ്‌ണന്‍ വാര്‍ത്താലേഖകരെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ അപ്പോള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ.
എം എം പൌലോസിന്റെ നർമ്മഭാവന
പൗലോസുമാഷേ സംഗതി കലക്കി...കൂട്ടത്തിൽ ഒന്നുകൂടെ പറയട്ടെ ഇതുപോലെ ഉള്ള സംഗതികൾ ഇടാക്ക് ഞാനും പൂശാറുണ്ട്...
ഹഹഹ ആനച്ചന്തം തന്നെ
അച്ചുതാനച്ചന്തം!
ക്ഷമിക്കണം.
ഒരു പുതിയ കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്റർ പ്രവർത്തനക്ഷമമായിട്ടുണ്ട്. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്.
സ്നേഹപൂർവ്വം,
-സു-
Post a Comment