സത്യം കംപ്യൂട്ടര്‍ സര്‍വീസസിലെ കോര്‍പറേറ്റ് കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നുകിട്ടുന്ന പ്രാഥമിക കണ്ടെത്തലുകളില്‍നിന്ന് മനസ്സിലാവുന്നത് ഈ തട്ടിപ്പിന് വ്യത്യസ്ത തലങ്ങളുണ്ടെന്നാണ്. വിവിധ ആരോപണങ്ങളില്‍ രണ്ടെണ്ണത്തിനാണ് മാധ്യമങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഒന്ന്, പ്രമോട്ടര്‍മാര്‍ക്ക് നേട്ടമുണ്ടാക്കുന്നതിന് ഓഹരിയുടെ മൂല്യം അതിശയിപ്പിക്കുംവിധം പെരുപ്പിച്ചു കാണിക്കാന്‍ കമ്പനിയുടെ അക്കൌണ്ടില്‍ കൃത്രിമം കാണിച്ചു. രണ്ട്, വ്യാജ ശമ്പള അക്കൌണ്ടിലൂടെയും സഹോദര സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലൂടെയും പണം വഴിതിരിച്ചു വിട്ടു.
ഇതില്‍ ആദ്യത്തേത് സംഭവിക്കാമെന്നതിന് സാഹചര്യത്തെളിവുകള്‍ നിലനില്‍ക്കുന്നുണ്ട്. കമ്പനിയുടെ 25.60 ശതമാനം ഇക്വിറ്റി പ്രമോട്ടര്‍മാരുടെ കൈവശമായെന്ന സ്ഥിതി വന്ന 2001നുശേഷം പ്രമോട്ടര്‍മാരുടെ വിഹിതത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഇത് 2002 മാര്‍ച്ച് അവസാനത്തില്‍ 22.26 ശതമാനമായും 2003ല്‍ 20.74ഉം 2004ല്‍ 17.35ഉം 2005ല്‍ 15.67ഉം 2006ല്‍ 14.02ഉം 2007ല്‍ 8.79ഉം 2008 സെപ്തംബറില്‍ 8.65ഉം 2009 ജനുവരിയില്‍ 5.12ഉം ശതമാനമായും കുറഞ്ഞു. പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വിറ്റതായിരുന്നു ആദ്യഘട്ടങ്ങളിലെ തകര്‍ച്ചക്ക് ഭാഗികമായ കാരണം. സത്യം കമ്പനിയുടെ തട്ടിപ്പുകൊണ്ട് സൃഷ്ടിച്ച ബാലന്‍സ് ഷീറ്റിലെ ഓട്ടയടയ്ക്കുന്നതിന് പണം കണ്ടെ ത്താന്‍ പ്രമോട്ടര്‍മാര്‍ തങ്ങളുടെ ഓഹരികള്‍ വായ്പക്കാര്‍ക്ക് പണയംവച്ചിരുന്നു. ഈ ഓഹരി വായ്പക്കാര്‍ വിറ്റതാണ് അവസാനഘട്ടത്തിലെ തകര്‍ച്ചക്ക് കാരണമായത്. കമ്പനി ചെയര്‍മാന്‍ രാമലിംഗരാജുവിന്റെ നേതൃത്വത്തിലുള്ള പ്രമോട്ടര്‍മാര്‍ 2001 സെപ്തംബര്‍ മുതലുള്ള ഏഴുവര്‍ഷത്തിലേറെക്കാലം വിറ്റഴിച്ചത് നാലരക്കോടി രൂപയിലേറെ വരുന്ന ഓഹരികളാണെന്ന് കണക്കാക്കപ്പെടുന്നു. ഓഹരിവില്‍പ്പനയിലൂടെ പ്രമോട്ടര്‍മാര്‍ 2500 കോടി രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടാവാമെന്നാണ് മറ്റു ചില കണക്കുകള്‍ പറയുന്നത്. "ഞാനോ, എന്റെയും സഹോദരന്റെയും ഭാര്യമാര്‍ അടക്കമുള്ള മാനേജിങ് ഡയരക്ടര്‍മാരോ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചില ഭാഗം മാറ്റിവച്ചതൊഴിച്ചാല്‍ ഒരു ഓഹരിപോലും വിറ്റിട്ടില്ല'' എന്നാണ് രാജു കുറ്റസമ്മതത്തില്‍ പറഞ്ഞത്. രാജുവിന്റെ ഈ മൊഴിയാണ് അന്വേഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയത്.
സ്വന്തം നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള നിരവധി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി തങ്ങളുടെ സാമ്രാജ്യം വിപുലമാക്കാന്‍ പ്രമോട്ടര്‍മാര്‍ക്ക് ഈ ഓഹരി വില്‍പ്പനയിലൂടെ പണം ലഭിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല. രണ്ടു മയ്താസ്(SATYAM എന്ന വാക്ക് തിരിച്ചിട്ടതാണ് MAYTAS)കമ്പനികളും ഇതിലുള്‍പ്പെടും. റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസ്സുകളിലേര്‍പ്പെട്ട മെയ്താസ് കമ്പനികളെ സത്യം കംപ്യൂട്ടര്‍ സര്‍വീസസുമായി ലയിപ്പിക്കാന്‍ പ്രമോട്ടര്‍മാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
രണ്ടാമത്തെ ആരോപണം പരിശോധിക്കാം. പ്രമോട്ടര്‍മാര്‍ അവരുടെ കമ്പനികള്‍ക്കായി ഫണ്ട് തിരിച്ചുവിട്ടുവെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് കണ്ടെത്തിയെന്നാണ് 2009 ജനുവരി 21ലെ ബിസിനസ് സ്റ്റാന്‍ഡേഡ് പത്രം റിപ്പോര്‍ട് ചെയ്തത്. "നിക്ഷേപം, ആസ്തികളുടെയും മറ്റു വരുമാനമാര്‍ഗങ്ങളുടെയും വില്‍പ്പന എന്നിവ വഴി ഉപകമ്പനികളും ഗ്രൂപ്പില്‍പ്പെട്ട മറ്റു കമ്പനികളുമായി ഇടപാടുകള്‍ നടന്നുവെന്നാണ് സത്യത്തിന്റെ ബാലന്‍സ് ഷീറ്റില്‍നിന്ന് വെളിപ്പെടുന്നത്'' എന്നാണ് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് പറയുന്നത്. കമ്പനിയില്‍ വളരെക്കുറച്ചുമാത്രം ഓഹരി കൈവശം വയ്ക്കുന്ന പ്രമോട്ടര്‍മാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സത്യം കംപ്യൂട്ടര്‍ സര്‍വീസസിന്റെ ലാഭവും ഉപയോഗപ്പെടുത്തിയിരുന്നിരിക്കാം എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
വരുമാനമുണ്ടാക്കാനുള്ള കമ്പനിയുടെ ശേഷി റിപ്പോര്‍ട് ചെയ്യപ്പെട്ടതിനേക്കാള്‍ എത്രയോ കുറവാണെന്നാണ് അവകാശവാദമെന്നിരിക്കെ ഈ ആരോപണം രാമലിംഗരാജുവിന്റെ കുറ്റസമ്മതം തെറ്റാണെന്ന് മറ്റൊരര്‍ഥത്തില്‍ക്കൂടി തെളിയിക്കുന്നതാണ്. പ്രവര്‍ത്തനലാഭവും വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞതുകാരണം 2008-09ന്റെ രണ്ടാംപാദത്തില്‍ സത്യത്തിന്റെ ലാഭം, റിപ്പോര്‍ട് ചെയ്യപ്പെട്ടപോലെ 24ശതമാനമല്ല, വെറും മൂന്നു ശതമാനം മാത്രമാണെന്നാണ് രാമലിംഗരാജു പറയുന്നത്. ഈ അവകാശവാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. സമാനഘടനയുള്ള മറ്റ് ഐടി കമ്പനികളുടേതുപോലുള്ള പ്രവര്‍ത്തനങ്ങളിലാണ് സത്യവും ഏര്‍പ്പെട്ടിരുന്നത്. ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളുടെ ക്ളയന്റ് പട്ടികയില്‍ മികച്ച സ്ഥാനവുമുണ്ടായിരുന്നു. മറ്റ് കമ്പനികളെല്ലാം കാണിക്കുന്ന പ്രവര്‍ത്തനലാഭം രാജു കുറ്റസമ്മതം നടത്തിയപോലെ വെറും മൂന്നു ശതമാനമല്ല, 24 ശതമാനത്തിനോടടുത്താണ്. സത്യത്തിന്റെ ബാലന്‍സ് ഷീറ്റിലെ നഷ്ടം രാമലിംഗരാജു പെരുപ്പിച്ച് കാണിക്കുകയോ അല്ലെങ്കില്‍ ഐടി വ്യവസായത്തിലെ മറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ വരുമാനവും ലാഭവും ഊതിവീര്‍പ്പിച്ച് കാണിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കാനാവുക. ഓഹരിവിപണിയിലെ മൂല്യനിര്‍ണയത്തിന്റെ പ്രാധാന്യവും പെരുപ്പിച്ച വരുമാനവും ലാഭവും ഉയര്‍ന്ന നികുതിക്ക് കാരണമാവാത്ത ഐടി മേഖലയിലെ നികുതിഘടനയും കണക്കിലെടുക്കുമ്പോള്‍ കണക്കുകള്‍ അതിശയോക്തിപരമാവാനുള്ള സാധ്യത കുറച്ചുകാണാനാവില്ല. എഡ്യൂകോംപിനെതിരെ ഇപ്പോള്‍തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, ഈ വ്യവസായത്തിന്റെ നിലവാരംവച്ചു നോക്കുമ്പോള്‍ ഇരുപത്തിനാലു ശതമാനവും മൂന്നു ശതമാനവും തമ്മിലുള്ളത് വലിയ അന്തരമാണ്.
സത്യം കുംഭകോണത്തിന്റെ വൈപുല്യം കണക്കിലെടുക്കുമ്പോള്‍ ഈ ഇടപാടുകള്‍ യാതൊരു സംശയവും ഉയര്‍ത്തിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഗണ്യമായ നിക്ഷേപ പിന്തുണയുമായി സത്യം കംപ്യൂട്ടര്‍ സര്‍വീസസ് ഒരു പ്രധാന കമ്പനിയായി ഈ വ്യവസായത്തില്‍ നിലനിന്നു. ഉദാരവല്‍ക്കരണത്തിനുശേഷം കോര്‍പറേറ്റുകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുതന്നെയാണ് ഇത്രയും ബൃഹത്തായ ഒരു കുംഭകോണം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ആന്തരാര്‍ഥം. ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ നിറഞ്ഞ സ്വകാര്യസംരംഭക സംവിധാനത്തില്‍ മാനേജര്‍മാര്‍ക്കോ മാനേജിങ് പ്രൊമോട്ടര്‍മാര്‍ക്കോ മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഓഹരി ഉടമകള്‍ക്കോ മറ്റു തല്‍പ്പരകക്ഷികള്‍ക്കോ വ്യത്യസ്ത താല്‍പ്പര്യങ്ങളാണ് ഉണ്ടാവുക എന്നത് പകല്‍പോലെ വ്യക്തമാണ്. ഓഹരിഉടമകളും മറ്റ് സ്റ്റെയ്ക്ക് ഹോള്‍ഡര്‍മാരും നേടുന്ന വരുമാനം മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ മാനേജര്‍മാരോ പ്രൊമോട്ടര്‍മാരോ പ്രവര്‍ത്തിക്കുന്ന അപകടകരമായ അവസ്ഥാവിശേഷമാണ് ഇവിടെ കണ്ടത്.
ഈ സ്ഥിതി തടയുന്നതിനാണ് നിയന്ത്രണ സംവിധാനങ്ങള്‍. കോര്‍പറേറ്റ് നിയന്ത്രണങ്ങള്‍ക്കുള്ള മേല്‍നോട്ട-അച്ചടക്ക സംവിധാനം എന്ന നിലയ്ക്ക് ധനവിപണിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ഒരു മാര്‍ഗം. കഴിവുകെട്ട മാനേജര്‍മാര്‍ ഓഹരി വില കുറയ്ക്കുന്നത് നിലവിലുള്ള ഓഹരിഉടമകളുടെയോ കുറഞ്ഞ ഓഹരി മൂല്യം ചൂഷണംചെയ്ത് കമ്പനിയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന പുതിയ ഓഹരി ഉടമകളുടെയോ സമ്മര്‍ദഫലമായി മാനേജര്‍മാരെ മാറ്റുന്നതിലേക്ക് നയിക്കും. പക്ഷേ പ്രായോഗികതലത്തില്‍ ഇത്തരത്തിലുള്ള രണ്ടു നിയന്ത്രണസംവിധാനവും സാധ്യമാവില്ല. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, നിലവിലുള്ള മാനേജര്‍മാര്‍ ഭാഗികമോ അപൂര്‍ണമോ ആയ വിവരങ്ങള്‍ മാത്രമേ പുറത്തുവിടൂ. രണ്ട് കുറച്ചുമാത്രം ഓഹരിയുള്ളവര്‍ക്ക് കമ്പനിയുടെ വരുമാനവും ലാഭവും അപകടത്തിലാക്കിയ മാനേജര്‍മാരെ നിയന്ത്രിക്കുകയും അച്ചടക്കം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നത് ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണ്.
എല്ലാത്തിലുമുപരിയായി കമ്പനിയുടെ ഓഹരിവില ഉയരുന്നത് മികച്ച പ്രകടനത്തിന്റെയും മികച്ച മാനേജ്‌മെന്റിന്റെയും ദൃഷ്ടാന്തമാണെന്നുകണ്ട് ഓഹരി ഉടമകള്‍ മൂല്യം വര്‍ധിച്ചതില്‍ ആഹ്ളാദിക്കും. അക്കൌണ്ടുകളില്‍ കള്ളത്തരം കാട്ടുകയും വരുമാനവും ലാഭവും ഊതിവീര്‍പ്പിക്കുകയും ചെയ്യുകയാണെങ്കില്‍ കമ്പനിയുടെ ഓഹരിവിപണിയിലെ പ്രകടനം മെച്ചപ്പെടും. ഇതോടൊപ്പം പുരോഗമിക്കുന്ന തട്ടിപ്പുകളെ ഈ മെച്ചപ്പെട്ട പ്രകടനം മറച്ചുവയ്ക്കുകയും ചെയ്യും.
സുതാര്യതയും ആജ്ഞാനുവര്‍ത്തിത്വവും ഉറപ്പുനല്‍കുമെന്ന് വ്യക്തമായി ലക്ഷ്യമിട്ടുകൊണ്ടാണ് ഇങ്ങനെയൊരു നിയന്ത്രണസംവിധാനത്തിന് രൂപം നല്‍കിയതെന്നാണ് മുതലാളിത്തത്തിന്റെ അവകാശവാദം. ഭിന്നതലങ്ങളുള്ളതാണ് ഈ സംവിധാനം. കുറച്ചുമാത്രം ഓഹരി സ്വന്തമായുള്ളവരുടെയും സമൂഹത്തിന്റെയാകെയും താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്വതന്ത്ര ഡയരക്ടര്‍മാരടക്കമുള്ള ഡയരക്ടര്‍ബോഡുകള്‍, മാനേജര്‍മാരുടെ പ്രകടനവും കമ്പനിയുടെ സാമ്പത്തികസ്ഥിതിയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഓഡിറ്റര്‍മാര്‍, അക്കൌണ്ടിങ് നിലവാരവും സുതാര്യതയും മികച്ച മാനേജ്‌മെന്റ് സമ്പ്രദായങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കുന്ന റെഗുലേറ്റര്‍മാര്‍, സംശയിക്കത്തക്ക ഏതെങ്കിലും തട്ടിപ്പുകള്‍ അന്വേഷിക്കാനും കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും കഴിയുന്ന ഏജന്‍സികള്‍ എല്ലാം അടങ്ങിയതാണ് ഈ സംവിധാനം. ഈ സംവിധാനത്തോടൊപ്പം ഐടി കമ്പനികള്‍ വ്യക്തമായി പിന്തുടരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കൌണ്ടിങ്ങും സുതാര്യതാ വ്യവസ്ഥകളും ചേരുന്നതോടെ ഇത് തട്ടിപ്പുകള്‍ക്കെതിരെയുള്ള ഇന്‍ഷുറന്‍സായാണ് പരിഗണിക്കപ്പെടുന്നത്.
വരുമാനവും ലാഭവും പെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ കബളിപ്പിക്കാന്‍ സത്യം കംപ്യൂട്ടര്‍ സര്‍വീസസിന്റെ പ്രൊമോട്ടര്‍മാര്‍ കൈക്കൊണ്ട തീരുമാനം ഈ നിരീക്ഷണ സംവിധാനത്തിന്റെ ഒരു തലത്തിനും മണത്തറിയാനോ കണ്ടെത്താനോ കഴിഞ്ഞില്ലെന്നത് നിരീക്ഷകരെ അമ്പരിപ്പിച്ചിരിക്കയാണ്. ഈ വമ്പന്‍ പരാജയത്തിന് അടിവരയിടുന്ന നിരവധി ഘടകങ്ങളുണ്ട്. ബോർഡിന്റെയും ഓഡിറ്റര്‍മാരുടെയും തലത്തിലുള്ള സമ്പൂര്‍ണ പരാജയത്തില്‍നിന്ന് തുടങ്ങാം. വര്‍ഷങ്ങളായി തുടരുന്ന ഈ തട്ടിപ്പ് വളര്‍ന്ന് ഏഴായിരം കോടിയിലെത്തിയത് വമ്പന്മാര്‍ ഇരിക്കുന്ന ബോർഡ് കണ്ടില്ല. കമ്പനിയുമായി ബന്ധമില്ലാത്തതും പ്രൊമോട്ടര്‍മാര്‍ക്ക് കാര്യമായ പങ്കാളിത്തമുള്ളതുമായ രണ്ടു കമ്പനികള്‍ക്കായി സത്യത്തിന്റെ നിലനില്‍ക്കാത്ത കരുതല്‍ ശേഖരം ചെലവിടാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് അനുമതി നല്‍കിയതും ഇതേ ബോർഡ് തന്നെയാണ്. പേരുകേട്ട പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ടതാണ് ബോർഡ്. കമ്പനി അവകാശപ്പെട്ട ഭീമമായ പണശേഖരം നിലനില്‍ക്കുന്നില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോഴും കമ്പനിയുടെ നാല് ഓഡിറ്റര്‍മാരില്‍പ്പെട്ട പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സും അതിബൃഹത്തായ ഈ തട്ടിപ്പ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. പലരും ശരിയായി വാദിക്കുന്നതുപോലെ പണശേഖരം സംബന്ധിച്ച അവകാശവാദം തെറ്റാണെന്ന് തെളിയിക്കാന്‍ വളരെ കുറച്ചുമാത്രം കഠിനാധ്വാനം ചെയ്താല്‍ മതിയായിരുന്നു. അങ്ങനെ ഈ തട്ടിപ്പ് നേരത്തെ കണ്ടെത്തുകയും ചെയ്യാമായിരുന്നു.
സ്വയംനിയന്ത്രണം നഷ്ടമായത് ഈ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സത്യം കംപ്യൂട്ടര്‍ സര്‍വീസസ് പണം നല്‍കിയതുകൊണ്ടാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അമേരിക്കയില്‍ പണയവായ്പാ (സബ്പ്രൈം മോര്‍ട്ഗേജ്) പ്രതിസന്ധിയുണ്ടായപ്പോഴും ഇതേ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നു. റിസ്ക് നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂഡീസ്, സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ പോലുള്ള റേറ്റിങ് ഏജന്‍സികള്‍ റിസ്ക് കുറച്ചു കാണിക്കുകയും കൂടിയ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തത് അവര്‍ റേറ്റ് ചെയ്ത സെക്യൂരിറ്റികളുടെ ഉടമകളായ സ്ഥാപനങ്ങളില്‍നിന്ന് പണംവാങ്ങിയാണോ എന്ന് നിരീക്ഷകര്‍ ചോദിച്ചിരുന്നു. സത്യം കംപ്യൂട്ടര്‍ സര്‍വീസസിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ തങ്ങളുടെ പ്രൊഫഷണല്‍ സേവനത്തില്‍ കമീഷന്‍ ഇനത്തിലും സിറ്റിങ് ഫീസ് ഇനത്തിലും പ്രൊഫഷണല്‍ ഫീസ് ഇനത്തിലും 2006-07 വര്‍ഷത്തില്‍ 12.4 ലക്ഷം മുതല്‍ 99.48 ലക്ഷം രൂപവരെ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ടുകള്‍. സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് ആവശ്യംപോലെ പണം നല്‍കുന്ന മാനേജ്‌മെന്റുകളുടെ രീതി പ്രശ്നങ്ങളില്‍ മൃദുസമീപനമെടുക്കാനും നിരീക്ഷണത്തിലും തെറ്റുതിരുത്തലിലും ഉപേക്ഷ കാണിക്കാനും അവരെ പ്രേരിപ്പിക്കുമെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കക്ഷികളില്‍നിന്ന് ഓഡിറ്റര്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന് പരിധിവയ്ക്കാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഉയര്‍ന്ന ഫീസിനായുള്ള ഓഡിറ്റര്‍മാരുടെ അന്വേഷണങ്ങളും വിപണിവിഹിതം വര്‍ധിപ്പിക്കാനുള്ള ഓഡിറ്റര്‍മാരുടെ മത്സരങ്ങളും വമ്പന്‍ കക്ഷികളുടെ അവകാശവാദങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നതിന് ഓഡിറ്റര്‍മാര്‍ക്ക് പ്രോത്സാഹനമാകുന്നു. ചെറിയ പരിശോധനകള്‍പോലും അങ്ങനെ ഇല്ലാതാവുന്നു എന്നതിന്റെ തെളിവാണ് സത്യം കുംഭകോണം. നിരീക്ഷണത്തിന് വിധേയരാവുന്നവര്‍ നിരീക്ഷകര്‍ക്ക് പണം നല്‍കുന്നതാണ് പ്രശ്നങ്ങള്‍ക്ക് ആധാരമെന്ന് കാണാം.
കോര്‍പറേറ്റ് നിയന്ത്രണ സംവിധാനങ്ങളെ ബാധിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണത്തിനും ഈ പ്രശ്നങ്ങളുമായി ബന്ധമുണ്ട്. 'കാര്യക്ഷമതക്കും' പുതുമയാര്‍ന്ന നടപടികള്‍ക്കും ഉദ്യോഗസ്ഥ ഇടപെടല്‍ തടസ്സമാണെന്ന് കണ്ടതോടെ ഉദാരവൽകൃതമായ സ്വയംനിയന്ത്രണമാണ് ഈ രംഗത്ത് നടപ്പാക്കിയത്. ബോർഡുകള്‍, ഓഡിറ്റര്‍മാര്‍, ഓഹരി ഉടമകള്‍, വ്യവസ്ഥകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ മികച്ച സമ്പ്രദായങ്ങള്‍ ഉറപ്പാക്കണം. തട്ടിപ്പ് കണ്ടെത്തുമ്പോള്‍ അത് അന്വേഷിക്കാനും മാതൃകാപരമായി ശിക്ഷിക്കാനുംവേണ്ടി നിയന്ത്രണങ്ങള്‍ സുപ്രധാനമായി മുന്നോട്ടുവരികയും വേണം. ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ് വികസിതരാജ്യങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
അതുകൊണ്ടുതന്നെ സത്യം എപ്പിസോഡ് ഒറ്റപ്പെട്ടതല്ല. ഒറ്റപ്പെട്ട രീതിയിലല്ല അതിനെ കൈകാര്യം ചെയ്യേണ്ടതും. സത്യത്തിനും സത്യത്തെപ്പോലുള്ള മറ്റ് സത്യങ്ങള്‍ക്കും ഇടം നല്‍കിയ സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിയന്ത്രണസംവിധാനങ്ങളുടെ സൃഷ്ടിയാണ് ഈ കുംഭകോണം.
****
സി പി ചന്ദ്രശേഖര്‍
Subscribe to:
Post Comments (Atom)
3 comments:
2008-09ന്റെ രണ്ടാംപാദത്തില്‍ സത്യത്തിന്റെ ലാഭം, റിപ്പോര്‍ട് ചെയ്യപ്പെട്ടപോലെ 24ശതമാനമല്ല, വെറും മൂന്നു ശതമാനം മാത്രമാണെന്നാണ് രാമലിംഗരാജു പറയുന്നത്. ഈ അവകാശവാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. സമാനഘടനയുള്ള മറ്റ് ഐടി കമ്പനികളുടേതുപോലുള്ള പ്രവര്‍ത്തനങ്ങളിലാണ് സത്യവും ഏര്‍പ്പെട്ടിരുന്നത്. ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളുടെ ക്ളയന്റ് പട്ടികയില്‍ മികച്ച സ്ഥാനവുമുണ്ടായിരുന്നു. മറ്റ് കമ്പനികളെല്ലാം കാണിക്കുന്ന പ്രവര്‍ത്തനലാഭം രാജു കുറ്റസമ്മതം നടത്തിയപോലെ വെറും മൂന്നു ശതമാനമല്ല, 24 ശതമാനത്തിനോടടുത്താണ്. സത്യത്തിന്റെ ബാലന്‍സ് ഷീറ്റിലെ നഷ്ടം രാമലിംഗരാജു പെരുപ്പിച്ച് കാണിക്കുകയോ അല്ലെങ്കില്‍ ഐടി വ്യവസായത്തിലെ മറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ വരുമാനവും ലാഭവും ഊതിവീര്‍പ്പിച്ച് കാണിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കാനാവുക. ഓഹരിവിപണിയിലെ മൂല്യനിര്‍ണയത്തിന്റെ പ്രാധാന്യവും പെരുപ്പിച്ച വരുമാനവും ലാഭവും ഉയര്‍ന്ന നികുതിക്ക് കാരണമാവാത്ത ഐടി മേഖലയിലെ നികുതിഘടനയും കണക്കിലെടുക്കുമ്പോള്‍ കണക്കുകള്‍ അതിശയോക്തിപരമാവാനുള്ള സാധ്യത കുറച്ചുകാണാനാവില്ല. എഡ്യൂകോംപിനെതിരെ ഇപ്പോള്‍തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, ഈ വ്യവസായത്തിന്റെ നിലവാരംവച്ചു നോക്കുമ്പോള്‍ ഇരുപത്തിനാലു ശതമാനവും മൂന്നു ശതമാനവും തമ്മിലുള്ളത് വലിയ അന്തരമാണ്.
സി പി ചന്ദ്രശേഖറിന്റെ ലേഖനം
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി രാജുവും കുടുംബവും പതിനായിരത്തോളം ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടാനാണ് സത്യത്തിന്റെ പണം ഉപയോഗിച്ചത് എന്ന് കരുതുന്നു. അതുള്‍പ്പെടെ രാജുവിന്റെ എല്ലാ സ്വത്തുക്കളും കണ്ടു കെട്ടി സത്യം എന്ന കമ്പനിയുടെ നിലനില്‍പ്പിന് വേണ്ട കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ ഇവിടുത്തെ ഗവേന്മേന്റിനും കോടതിക്കും കഴിയുമോ?
ആന്ധ്ര മുഖ്യമന്ത്രി ഉള്പ്പെടെ രാഷ്ട്രീയക്കാരുമായി (ഹൈദരാബാദ് മെട്രോയെ പറ്റി ഇ ശ്രീധരന്‍ പറഞ്ഞത് ഓര്ക്കുക) അടുത്ത ബന്ധം പുലര്‍ത്തുന്ന രാജു അല്‍പ്പം പരിക്കുകളോടെ ആണെന്കിലും രക്ഷപെടു പോകാന്‍ വളരെ സാധ്യതകള്‍ ഉണ്ട്....സാധാരണക്കാര്‍ വീണ്ടും മണ്ടന്മാര്‍ ആകാനും.
സ്വതന്ത്ര കമ്പോളത്തിന്റെ ലോകവക്താക്കന്മാരെല്ലാം (ഒരു നാണവും ഇല്ലാതെ) ഇപ്പോള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നത് കേട്ടില്ലേ? ഗവണ്മെന്റിന്റെ ചില നിയന്ത്രണങ്ങള്‍ ഈ രംഗത്ത് ആവശ്യം ആണെന്ന്. അത്രേയെന്കിലും ആകട്ടെ.
ശരിയാണ്, ശരിയാണ്, ലാവ്ലിനും ആരും തിരിച്ചറിഞ്ഞില്ല. അതങ്ങനെ മ്യൂച്ച്ല് ഫണ്ടായും, പാര്‍ക്ക് വിസ്മയങ്ങളായും , ചാനലുകളായും മാറുമെന്ന് ആരറിഞ്ഞു
Post a Comment