യുദ്ധമുഖത്ത് ശത്രുക്കളെ നേരിടുന്ന സന്ദര്‍ഭത്തില്‍ സര്‍വസൈന്യാധിപന്‍ 'താന്‍ ബലത്തിനാളല്ല' എന്നു പ്രഖ്യാപിച്ച് പിന്‍തിരിഞ്ഞാലോ? നാടകീയത അല്‌പം കൂടിപ്പോയി എന്ന ആക്ഷേപം ഉണ്ടാകാമെങ്കിലും 2009- 10ലേക്കുള്ള ഇടക്കാല പൊതു ബജറ്റിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ, വിശേഷിച്ചും ധനമന്ത്രിയുടെ ഉത്തരവാദിത്വം വഹിക്കുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സമീപനത്തെ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
ഇടക്കാല ബജറ്റിന്റെ പരിമിതികള്‍ എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്. പുതിയ വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ഇടക്കാല ബജറ്റിലൂടെ ആ അധികാരം കവര്‍ന്നെടുക്കുന്നത് രാഷ്ട്രീയമര്യാദയ്‌ക്ക് നിരക്കുന്നതല്ല.
പക്ഷേ, അത്തരമൊരു കാഴ്‌ചപ്പാടാണോ പൊതുബജറ്റിനെ കേവലം ഒരു വഴിപാടാക്കി ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്? രണ്ട് ദിവസം മുമ്പ് ലോക്‌സഭയില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റ് പരിശോധിക്കുന്ന ആരും അത് സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല. വോട്ടുബാങ്കുകളെ ലാക്കാക്കിക്കൊണ്ടുള്ള ജനപ്രിയപ്രഖ്യാപനങ്ങളുടെ ധാരാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ റെയില്‍വേ ബജറ്റ്.
ഇടക്കാല ബജറ്റിന്റെ പരിമിതമായ ചട്ടക്കൂടിനപ്പുറം പോവാന്‍ പാടില്ല എന്ന് ശഠിക്കുന്നവര്‍ പോലും കേന്ദ്ര സര്‍ക്കാരില്‍നിന്നു കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വാസ്‌തവം. മാധ്യമങ്ങളിലും മറ്റും നടന്ന പ്രീ ബജറ്റ് ചര്‍ച്ചകള്‍ ഇതിനു തെളിവാണ്. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്നു സമ്പദ്‌ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. ഇടക്കാല ബജറ്റിന്റെ സാങ്കേതികത്വം മറയാക്കിക്കൊണ്ട് നടത്തിയ ഒരു പലായനമാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്.
ആഗോള സാമ്പത്തികത്തകര്‍ച്ചയ്‌ക്ക് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷകളുടെ മരണമാണ് ഭരണകര്‍ത്താക്കളെ ഏറ്റവും കൂടുതല്‍ കുഴക്കുന്നത്. ഭരണകൂടത്തോട് സ്വയം ചുരുങ്ങി അപ്രത്യക്ഷമാകാന്‍ ആജ്ഞാപിച്ചിരുന്ന യാഥാസ്ഥിതികര്‍ പോലും ഭരണകൂടത്തെ ഉറ്റുനോക്കുന്നത് പ്രതീക്ഷകളുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷത്തെ പുനര്‍നിര്‍മിക്കുന്നതിനാണ്. ധനകമ്മി കൂട്ടിക്കൊണ്ടാണെങ്കിലും പണം അച്ചടിച്ചിറക്കിക്കൊണ്ടാണെങ്കിലും വേണ്ടില്ല പൊതുനിക്ഷേപവും ഡിമാന്റും വര്‍ധിപ്പിച്ചുകൊണ്ട് വളര്‍ച്ചയ്‌ക്കു പറ്റിയ സാഹചര്യം പുനര്‍സൃഷ്‌ടിക്കണമെന്നാണ് എല്ലാവരും സര്‍ക്കാറിനോടാവശ്യപ്പെടുന്നത്. അത്തരമൊരു സമഗ്രവീക്ഷണം അവതരിപ്പിക്കുന്നതിനും പുതിയ സര്‍ക്കാര്‍ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെയുള്ള അഞ്ചാറു മാസക്കാലത്തേക്കുള്ള കര്‍മപരിപാടികള്‍ അവതരിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വത്തില്‍നിന്നാണ് ധനമന്ത്രി ഒഴിഞ്ഞുമാറിയിരിക്കുന്നത്.
അസാധാരണമായ സാഹചര്യം അസാധാരണമായ നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ, സാര്‍വദേശീയ സാഹചര്യങ്ങള്‍ അസാധാരണമാണ് എന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ അസാധാരണമായ നടപടികളിലേക്ക് കടക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. സമ്പദ്‌ഘടനകള്‍ ന്യൂനവളര്‍ച്ച രേഖപ്പെടുത്തുന്നതിന്റെയും സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറയ്‌ക്കപ്പെടുന്നതിന്റെയും തൊഴിലവസരങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്റെയും കണക്കുകള്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
ഐ.എം.എഫിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോക സമ്പദ്‌ഘടനയുടെ 2009ലെ വളര്‍ച്ചനിരക്ക് കേവലം 0.5 ശതമാനം ആയിരിക്കും. ഇത് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കായിരിക്കുമത്രേ. ഇന്ത്യയുടെ 2008-09 ലെ വളര്‍ച്ചനിരക്ക് 7.1 ശതമാനമായിരിക്കും എന്നാണ് ബജറ്റ് പ്രസംഗത്തിലെ അവകാശവാദം.
അവസാന മാസങ്ങളില്‍ വ്യവസായം ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ ഉണ്ടായ ഉത്‌പാദനച്ചുരുക്കം കൂടി പരിഗണിച്ചാല്‍ മേല്‍പ്പറഞ്ഞ അവകാശവാദത്തിന് അര്‍ഥമില്ലാതാവും. രാജ്യം അഭൂതപൂര്‍വമായ സാമ്പത്തികമാന്ദ്യത്തിലേക്കാണ് പോകുന്നത് എന്ന കാര്യം എന്തായാലും ഇപ്പോള്‍ തര്‍ക്കവിഷയമല്ല. ഈ അസാധാരണ സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ അസാധാരണ നടപടികളുടെ അഭാവമാണ് പല നിരീക്ഷകര്‍ക്കും അവിശ്വസനീയമായി തോന്നിയത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും. അത്രയുംകാലം കേന്ദ്രസര്‍ക്കാറിന് ഇതുപോലെയൊരു സാഹചര്യം ആവശ്യപ്പെടുന്ന ദിശാബോധം ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടിവരും. തിരഞ്ഞെടുപ്പുകളുടെയും അധികാരമാറ്റത്തിന്റെയും പരിമിതികളെ മറികടക്കാന്‍ ഇതരരാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം ഇന്ത്യയ്‌ക്കും മാതൃകയാക്കാവുന്നതായിരുന്നു.
അമേരിക്കയിലെ ബുഷ് ഭരണകൂടം ഉത്തേജകപാക്കേജുകള്‍ തയ്യാറാക്കിയത് പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതിന് ശേഷമായിരുന്നല്ലോ. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് നീങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കാന്‍ അവരുടെ സഹകരണവും ഉണ്ടാവുമായിരുന്നു.
മുന്‍പ് പ്രഖ്യാപിച്ച രണ്ട് ഉത്തേജക പാക്കേജുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നുകൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മുന്‍പു പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളുടെ പോരായ്‌മ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണെന്നു മാത്രമല്ല അവ ഉദ്ദേശിച്ച ഫലം സൃഷ്‌ടിച്ചില്ല എന്ന കാര്യവും വ്യക്തമാണ്. അതുകൊണ്ടുതന്നെ മുന്‍ പാക്കേജുകളുടെ പോരായ്‌മ പരിഹരിക്കാന്‍ ഉതകുന്നതും അതില്‍ വിട്ടുപോയ ജനവിഭാഗങ്ങളെയും മേഖലകളെയും പരിഗണിക്കുന്നതുമായ നിര്‍ദേശങ്ങള്‍ ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷ.
കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസിസമൂഹം നേരിടുന്ന പ്രതിസന്ധി ഇവിടെ പ്രസക്തമാണ്. ആഗോള സാമ്പത്തികത്തകര്‍ച്ച ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു മേഖലയാണിത്. ആദ്യ രണ്ടു പാക്കേജുകളില്‍ അവഗണിക്കപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനി ഏറെ വൈകും.
ബജറ്റ് പ്രസംഗത്തിന്റെ സിംഹഭാഗവും ധനമന്ത്രി ചെലവഴിച്ചത് യു.പി.എ സര്‍ക്കാറിന്റെ ആദ്യത്തെ നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനുവേണ്ടിയാണ്. ബജറ്റ് പ്രസംഗം ഇക്കണോമിക് സര്‍വേയെ അനുസ്‌മരിപ്പിച്ചു എന്നു പലരും നിരീക്ഷിച്ചതിന്റെ പശ്ചാത്തലം ഇതാണ്. യഥാര്‍ഥത്തില്‍ ധനമന്ത്രി - ഇക്കണോമിക് സര്‍വേയില്‍ ആണെങ്കില്‍പ്പോലും - അവലോകനം ചെയ്യേണ്ടിയിരുന്നത് യു.പി.എ.യുടെ അവസാനവര്‍ഷത്തെ പ്രകടനമാണ്. എന്നാല്‍ 2008 -09 ധനകാര്യവര്‍ഷത്തെ കാര്യങ്ങള്‍ അത്ര വിശദമായി പ്രതിപാദിച്ചുകണ്ടില്ല.
ധനമന്ത്രി എടുത്തുപറഞ്ഞ കാര്യങ്ങള്‍ പക്ഷേ, കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അത്ര അഭിമാനകരമല്ല. റവന്യൂകമ്മി പ്രതീക്ഷിച്ചിരുന്ന ഒരു ശതമാനത്തില്‍നിന്ന് 4.4 ശതമാനമായി വര്‍ധിച്ചു. ധനകമ്മി 2.5 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി ഉയര്‍ന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ നവ ഉദാരീകരണവാദികള്‍ നടത്തിക്കൊണ്ടിരുന്ന അവകാശവാദങ്ങളില്‍നിന്നുള്ള ഒരു തിരിച്ചുപോക്കാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആ നിലയ്‌ക്കു നോക്കിയാല്‍ ഇന്ത്യയുടെ സാമ്പത്തിക നയരൂപവത്‌കരണമേഖലയില്‍ നവ ഉദാരീകരണയുഗത്തിന്റെ അന്ത്യം കുറിക്കുന്ന ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ധനകാര്യ ഉത്തരവാദിത്വ ബില്ലിന്റെ ശില്‌പികള്‍ക്കുതന്നെ അതിലെ എല്ലാ വ്യവസ്ഥകളും ലംഘിക്കേണ്ടിവന്നിരിക്കുന്നു. എന്നുമാത്രമല്ല മാന്ദ്യത്തെ നേരിടാന്‍ 2009 -10ല്‍ ധനകമ്മി 5.5 ശതമാനമായെങ്കിലും നിലനിര്‍ത്തേണ്ടിവരും എന്നും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. അതെന്തായാലും നിയോലിബറല്‍ പ്രത്യയശാസ്‌ത്ര ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹമാണ്.
****
കെ എൻ ഹരിലാൽ, കടപ്പാട് : മാതൃഭൂമി
(സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവും സി.ഡി.എസ്സിലെ അസോസിയേറ്റ് ഫെലോവുമാണ് ലേഖകന്‍)
Subscribe to:
Post Comments (Atom)
1 comment:
ധനമന്ത്രി എടുത്തുപറഞ്ഞ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അത്ര അഭിമാനകരമല്ല. റവന്യൂകമ്മി പ്രതീക്ഷിച്ചിരുന്ന ഒരു ശതമാനത്തില്‍നിന്ന് 4.4 ശതമാനമായി വര്‍ധിച്ചു. ധനകമ്മി 2.5 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി ഉയര്‍ന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ നവ ഉദാരീകരണവാദികള്‍ നടത്തിക്കൊണ്ടിരുന്ന അവകാശവാദങ്ങളില്‍നിന്നുള്ള ഒരു തിരിച്ചുപോക്കാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആ നിലയ്‌ക്കു നോക്കിയാല്‍ ഇന്ത്യയുടെ സാമ്പത്തിക നയരൂപവത്‌കരണമേഖലയില്‍ നവ ഉദാരീകരണയുഗത്തിന്റെ അന്ത്യം കുറിക്കുന്ന ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ധനകാര്യ ഉത്തരവാദിത്വ ബില്ലിന്റെ ശില്‌പികള്‍ക്കുതന്നെ അതിലെ എല്ലാ വ്യവസ്ഥകളും ലംഘിക്കേണ്ടിവന്നിരിക്കുന്നു. എന്നുമാത്രമല്ല മാന്ദ്യത്തെ നേരിടാന്‍ 2009 -10ല്‍ ധനകമ്മി 5.5 ശതമാനമായെങ്കിലും നിലനിര്‍ത്തേണ്ടിവരും എന്നും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. അതെന്തായാലും നിയോലിബറല്‍ പ്രത്യയശാസ്‌ത്ര ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹമാണ്.
Post a Comment